നാട്ടിലെ ആൺപിള്ളേർക്കൊപ്പം വോളിബോൾ കളിക്കണം; ത്രികോണ പ്രണയത്തിൽ ജയിക്കാൻ അവൾ ചെയ്തത്...

Representative Image. Photo Credit: Regreto/ Shutterstock
Representative Image. Photo Credit: Regreto/ Shutterstock
SHARE

വോളിബോൾ കോർട്ടിലെ ഐശ്വര്യ കുമാരി ( കഥ)

എന്റെ പേര് കുമാരി. ഈ വരുന്ന നവംബർ 7 ന് പതിനേഴ് വയസിലേക്ക് കയറും. ഇത്രയും കാലത്തെ ജീവിതം ഞാൻ ആസ്വദിച്ചു. ആസ്വാദനം അധികമായാൽ അതും ഒരു വിരസതയാകുമെന്ന് എന്റപ്പൻ ചെത്തുകാരൻ തങ്കപ്പൻ തെങ്ങിൽനിന്ന് ഇറങ്ങുന്ന ഇടവേളകളിൽ പറയാറുണ്ട്. ഇപ്പൊ എനിക്കതിന്റെ അർഥം മനസ്സിലായി. കഴിഞ്ഞ പതിനാറ് വർഷക്കാലം നല്ലപോലെ ജീവിതം ആസ്വദിച്ചെങ്കിലും എതിരാളിയായ ശരണ്യയുമായി എനിക്കിനി ഇന്നാട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. എന്നേക്കാൾ സൗന്ദര്യം ആ മൂധേവിക്കാണെന്ന് സുമംഗലി ബസിലെ കിളി സുമേഷ് പലേടത്തും പറഞ്ഞത് എന്നെ തീരാ ദുഖത്തിലാഴ്ത്തുന്നു. ആ അപകർഷതാബോധംകൊണ്ട് ഞാൻ ഈ രാത്രിയിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതുവരെ എന്നെപ്പറ്റി പറഞ്ഞുനടന്ന അപവാദങ്ങൾ ഇനിയും തുടരണമേ എന്ന് താണുവീണ് കേണപേക്ഷിച്ചുകൊണ്ട് ഓലയിൽ തങ്കപ്പന്റെ മകൾ ഐശ്വര്യ കുമാരി.

ഓലത്തുമ്പത്തു അണ്ണാൻ കണക്കെ ബസിന്റെ ഡോറിൽ തൂങ്ങിനിന്ന് ആളുകളെ വിളിച്ചുകയറ്റുന്ന സുമേഷ് എന്നും നാട്ടുകാർക്കൊരു കൗതുകമായിരുന്നു. സുമേഷിന്റെ ബസ്സിൽ സ്ഥിരം സ്‌കൂളിൽ പോയിരുന്ന കുമാരിയും ശരണ്യയും അങ്ങനെ നാട്ടിലറിയപ്പെടുന്ന സുമേഷ് ഫാൻസായി. ആരാധന മൂത്ത ഇവരോട് സുമേഷിനെപ്പറ്റി ചോദിച്ചാൽ അവർ പറയും

‘കാൽപന്തുകളിക്കുന്ന മെസ്സിക്കും റൊണാൾഡോയ്ക്കും തുടങ്ങി ചുമ്മാ നിന്ന് കവലപ്രസംഗം പറയുന്ന രാഷ്ട്രീയക്കാർക്കുവരെ ഫാൻസുണ്ട്, പിന്നെ ഡോറിൻതുമ്പിൽ ജീവിതം അമ്മാനമാടുന്ന സുമേഷിന് ഫാൻസ്‌ ഉണ്ടാകാതിരിക്കുവോ?’

ചെറുപ്പം മുതൽ ആരാണ് തങ്ങളിൽ സുന്ദരിയെന്ന് തെളിയിക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടം കുമാരിക്കും ശരണ്യക്കും ഇടയിൽ നടക്കാറുണ്ടായിരുന്നു. ഇതുവരെ വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായിട്ടില്ല. ആകെ ഒരു പാളിച്ചപറ്റിയത് കുമാരിയുടെ പേരിൽ ആണ്. ഈ കാലത്തൊക്കെ ആരെങ്കിലും ഇങ്ങനത്തെ പേരിടുവോ? എന്നാൽ ഇടും. എന്നും തന്റെ പൊന്നോമനയെ കുമാരിയായി കാണാൻ ആഗ്രഹമുള്ള തങ്കപ്പനും ശ്യാമളയും കുട്ടിക്ക് ആ പേരിട്ടു. പക്ഷെ അന്നൊന്നും കുമാരിയെ ഇതുപോലെ വേദനിപ്പിച്ചൊരു സംഭവം ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഇടവപ്പാതിക്ക്‌ മണിമലയാറ്റിൽ ഒഴുകിവരുന്ന തേങ്ങാപിടിക്കാൻ തങ്കപ്പനൊപ്പം ഒരു കൈസഹായത്തിന് പോയതാണ് കുമാരി. ഒഴുക്കിനൊപ്പം വെള്ളത്തിൽ തുള്ളിചാടിവരുന്ന തേങ്ങാപിടിച്ചു കരയിലേക്കെറിയുന്ന തങ്കപ്പനെ നാട്ടുകാരൊക്കെ ആവേശത്തോടെ നോക്കിനിൽക്കുന്നതിനിടയിൽ അക്കരെനിന്ന പത്താം ക്ലാസിൽ പഠിക്കുന്ന മനു കുമാരിയെനോക്കി വിളിച്ചൊരു കൂവൽ.

‘അതെന്നാടി കുമാരി നീ കറത്തതുകൊണ്ടാണോ സുമേഷ് ശരണ്യയോട് ഇഷ്ടമാണെന്ന് പറഞ്ഞത്’എന്ന്.

ഇതിൽപ്പരം ഒരു നാണക്കേടുണ്ടോ? പണ്ട് മൈക്കുകെട്ടിവെച്ചു നാട്ടുകാരെ പഞ്ചായത്ത് വാർത്തകൾ അറിയിച്ചിരുന്ന ഗോപിയുടെ മകനാണ് മനു. അവൻ ആ കൊണമേ കാണിക്കൂ എന്ന് ചുറ്റും കൂടിനിന്ന മറ്റു കുമാരിമാർ സമാധാനിപ്പിക്കാൻ പറഞ്ഞെങ്കിലും യഥാർത്ഥ കുമാരിയുടെ ചങ്കിലൂടെ ഒരു ഇടിവാളാണ് കടന്നുപോയത്. ആ ഞെട്ടിക്കുന്ന വർത്തകേട്ട് കലിതുള്ളി കലങ്ങിമറിഞ്ഞൊഴുകുന്ന മണിമാലയർപോലും ഒരുനിമിഷം നിശബ്ദമായിപ്പോയി.

ദിവസങ്ങൾ കഴിഞ്ഞെങ്കിലും “മനു കുമാരിയോട് പറഞ്ഞ വർത്തകേട്ടാൽ നിങ്ങൾ ഞെട്ടും” എന്ന തലക്കെട്ടുമായി ഈ വർത്തമാനം റബ്ബർതോട്ടങ്ങളിൽ വെട്ടാൻപോകുന്ന കരക്കമ്പിക്കാരായ കാരണവന്മാർ പാടിനടന്നു. വെട്ടുകാരൻ ബെന്നിവഴിയാണ് ഈ വിവരം ശരണ്യയുടെ കാതിൽ എത്തുന്നത്. തന്നെക്കാൾ ഇരുണ്ടവളെങ്കിലും അഹങ്കാരിയും തനിക്കൊരു എതിരാളിയുമായ കുമാരിയുടെ പതനം അവൾ ആഘോഷമാക്കി. ലോകപ്രശസ്ത അരക്കനായ സുകുമാരന്റെ കീശയിൽനിന്നും 75 രൂപ മോഷ്ടിച്ച് ഓലപ്പടക്കം വാങ്ങി പൊട്ടിക്കണമെന്ന് ശരണ്യ വിചാരിച്ചതാണ്. പക്ഷെ നിർത്താതെ പെയ്യുന്ന മഴയിൽ എങ്ങനെ പടക്കം പൊട്ടിക്കും…? ഒടുക്കം അടച്ചിട്ട മുറിയിലെ കട്ടിൽ ക്രാസിൽ കാലുകയറ്റിവെച്ചു കണ്ണാടിയിൽനോക്കി, മുണ്ടക്കൽ ശേഖരൻ വീണുകിടക്കുന്ന നീലകണ്ഠന്റെ നെഞ്ചിൽ ചവിട്ടി പറയുന്നപോലെ നെടുനീളത്തിൽ ഒരു ഡയലോഗങ്ങു കാച്ചി. ഹല്ലപിന്നെ !

പിന്നീടങ്ങോട്ട് ഇന്നുവരെ ശരണ്യയുടെ ഒരു വിളയാട്ടമായിരുന്നു. തലയുയർത്തി നാട്ടിലിറങ്ങാൻ പറ്റാതെ പിന്നിൽ കയ്യുംകെട്ടി വീട്ടുമുറ്റത്തൂടെ കുമാരി തേരാ പാരാ നടന്നു. ചിട്ടിക്കമ്പനിനടത്തി നാട്ടുകാരെ പറ്റിച്ചു നാടുവിട്ട് ഗൾഫിനുപോയ ചെറ്റയാണ് സുകുമാരൻ. അയാളുടെ മകളായ ശരണ്യയുടെ കയ്യിൽ പൂത്തകാശുണ്ട്. തന്റെ അവസ്ഥ അതല്ല. നാട്ടിൽ ചെത്തിനടക്കുന്ന തങ്കപ്പന്റെ പേരിൽ മാത്രമേ ചെത്തുള്ളു. പാട്ടത്തിനിടുന്ന മരച്ചീനിത്തോട്ടത്തിലെ ഈർക്കിലിക്കോലുപോലത്തെ മരച്ചീനിയും കാന്താരിമുളകുചേർത്തു ചുട്ടിടിച്ച ഉണക്കമീനുമാണ് തന്റെ ആഹാരം. ആളുകൾക്കൊരു പരിഹാസമായി ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ഇതവസാനിപ്പിക്കുകയാണ്. അവൾ തീരുമാനിച്ചുറപ്പിച്ചാണ് ആ കത്തെഴുതി തീർത്തത്.

ചോർന്നൊലിക്കുന്ന ഓടിനുതാഴെ ദ്രവിച്ച കഴുക്കോലിൽ തങ്കപ്പന്റെ പണിയായുധമായ ചകിരിക്കയർ കെട്ടുമ്പോൾ കുമാരിയുടെ തലക്കുള്ളിൽ ലഡ്ഡു പൊട്ടി. താൻ ഇതിൽ തൂങ്ങിയാൽ ഉറപ്പായും കഴിക്കോൽ ഒടിഞ്ഞുവീഴും. അപ്പന്റെ കയറും പൊട്ടും. ആ മുടിഞ്ഞവൾ പോയപ്പോൾ കഞ്ഞികുടിക്കാനുള്ളതുംകൂടി കൊണ്ടുപോയല്ലോ ഭഗവാനെ എന്നുപറഞ്ഞു അയൽക്കൂട്ടത്തിൽ പോയി അമ്മ ശ്യാമള നെഞ്ച് തല്ലി കരയും. മുടിയാനായിട്ട് ആറ്റിൽ ചാടാമെന്നുവെച്ചാൽ വൻ സ്രാവുകൾ ആറ്റുങ്കരയിൽ കള്ളവാറ്റുനടത്തുന്നതിനാൽ അതും സാധ്യമല്ല. ഇനി ഇവിടെ ജീവിക്കണമെങ്കിൽ ശരണ്യയെ തറപറ്റിക്കാതെ നിവർത്തിയില്ല. തൽക്കാലം ഈ ഉദ്യമം ഉപേക്ഷിക്കുന്നതാണ് ബുദ്ധി. അല്ലെങ്കിലും ഞാൻ എന്തിന് ചാകണം...? ഉത്തരത്തിൽ കെട്ടിയ കയർ അഴിക്കുമ്പോൾ ഒരു പുത്തൻ ഐഡിയയും കുമാരിക്കുകിട്ടി. നാട്ടിലെ പേരുകേട്ട ഗുണ്ടയും കവലച്ചട്ടമ്പിയും ആയ അമ്മാവന്റെ മകൻ പ്രമാണി മനോജിന്റെ സഹായം തേടുക. 14 ൽ പരം കേസുകൾക്കൊണ്ട് പോലീസ് സ്റ്റേഷൻ അമ്മാനമാടുന്ന പ്രമാണിയെ വെച്ചൊരു കളി കളിക്കുകതന്നെ. അവൾ തീരുമാനിച്ചു. 

നേരം വെളുത്തതും തങ്കപ്പന്റെ സൈക്കിളുമെടുത്തു കുമാരി പോലീസിന്റെ കേഡിലിസ്റ്റിലെ ഒന്നാമനായി വിലസുന്ന മനോജിനടുത്തേക്കുപാഞ്ഞു. കൊച്ചുവെളുപ്പാൻകാലത്തു വെട്ടിനുപോകുന്ന ആളുകളെ വിരട്ടാൻ പഴം മുറിച്ചാൽ മുറിയാത്ത കത്തിയും തേച്ചുമിനുക്കി മനോജങ്ങനെ ധൃതംഗപുളകിതനായി നിൽക്കുമ്പോഴുണ്ട് കുടുംബത്തിലെ ഏക പെൺതരിയായ കുമാരി നൂറും ചില്ലറയുമായി ഫുൾ സൈക്കിളിൽ ചീറിപ്പാഞ്ഞുവരുന്നു. വളവുതിരിഞ്ഞുവരുന്ന KSRTC കണക്കെ വെള്ളവും തെറുപ്പിച്ചുള്ള അവളുടെ വരവുകണ്ടതേ മനോജിന്റെ കിളിപാറി. അടുത്തതവണ പോലീസ് ഓടിക്കുമ്പോൾ സൈക്കിൾ ചവിട്ടാൻ ഇവളെ വിളിക്കണം. അവൻ മനസ്സിൽ പറഞ്ഞു. ബ്രേക്കിട്ട സൈക്കിൾ തെന്നിനിരങ്ങി ഒരുവിധം ഒടിഞ്ഞുകിടന്ന ഒരു മടലിൽ തട്ടിനിന്നു. ചന്ത സിനിമയിൽ ബാബു ആൻറണി വരുന്നപോലെ കുമാരി സൈക്കിളും മറിച്ചിട്ട് മനോജിനോടൊരു ചോദ്യം.

“സിറ്റിസൺ ക്ലബിലെ കോർട്ടിൽ നാട്ടിലെ പ്രമുഖരായ വോളിബോൾ കളിക്കാരന്മാരുടൊപ്പം ഇന്നുമുതൽ തനിക്കും വോളിബോൾ കളിക്കണം. സാധിച്ചുതരാൻ പറ്റുവോ ?”

അമ്മായിയുടെ മകളായിപ്പോയി. അല്ലാരുന്നെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു.! ചെയ്തു കൊടുത്തില്ലെങ്കിൽ തെങ്ങുകയറാൻ പോകുന്നവഴി തങ്കപ്പനും തൊഴിലുറപ്പിനുപോകുന്നവഴി ശ്യാമളയും ഇക്കാര്യം നാടുമുഴുവൻ പറഞ്ഞുനടക്കും. എന്തായാലും പെണ്ണൊരു ആഗ്രഹം പറഞ്ഞസ്ഥിതിക്ക്‌ വൈകുന്നേരം കൃത്യം 5 മണിക്ക് ക്ലബിൽ എത്തണമെന്ന് പറഞ്ഞു അവളെ മടക്കി.

“എന്നാലും എന്തിനായിരിക്കും അവൾ നാട്ടിലെ ആൺപിള്ളേർക്കൊപ്പം വോളിബോൾ കളിക്കണമെന്ന് പറഞ്ഞത്.?”

ഞാനും പണ്ട് ആഗ്രഹിച്ചിട്ടുണ്ട് വോളിബോൾ കളിക്കണമെന്ന്. എത്തിവലിഞ്ഞു നെറ്റിനുമുകളിലൂടെ എതിരേനിൽക്കുന്നവന്റെ ഉച്ചിക്കിട്ടു അടിച്ചാലും പ്രോത്സാഹനം കിട്ടുന്ന കളിയല്ലേ…. പക്ഷെ എന്തുചെയ്യാം. അഞ്ചടി രണ്ടിഞ്ച് പൊക്കത്തിൽ തന്റെ വികസനം മുരടിച്ചുപോയി. കൂലംഘർഷമായി മനോജ് ആലോചനയുടെ മഹാ സാഗരത്തിലാണ്ടു. 

അലക്കുകല്ലിന്റെ പിന്നിൽനിന്ന മൂവാണ്ടൻ മാവിൽനിന്നും കിളികൊത്തിയൊരു മാമ്പഴം താഴെവീണതും എടുത്തു കടിച്ചങ്ങനെ നിൽക്കുന്നതിനിടയിൽ കുമാരി പുതിയ തന്ത്രങ്ങൾ ശരണ്യക്കെതിരെ മെനഞ്ഞു. ഈ നാട്ടിൽ ശരണ്യക്ക് എത്തിപ്പിടിക്കാൻ പറ്റില്ലാത്തൊരു മേഖലയാണ് വോളിബോൾ. സുമേഷും അവിടെ കളിക്കാനുണ്ട്. എങ്ങനെയും അവനെ തന്റെ വരുതിയിലാക്കണം. ഇതിലും നല്ലൊരു പണി അവൾക്കിട്ടു കൊടുക്കാനില്ല. കളർ ആണോ കഴിവാണോ വലുതെന്ന് ഞാൻ അവളെ കാണിച്ചുകൊടുക്കാം. ഈ നാട്ടിൽ ശരണ്യകൂടി പരാജയപ്പെട്ടാൽ പിന്നെ തന്നെ വെല്ലാൻ മറ്റാരുമില്ല. അവളെ അട്ടിമറിക്കാൻ ചട്ടമ്പി മനോജിനെ ട്രോജൻ കുതിരയാക്കുന്നതിൽ ഒരു തെറ്റുമില്ല. വൈകുന്നേരം കളിക്കളത്തിലേക്ക് നോക്കുന്ന ശരണ്യയുടെ നെഞ്ച് പിടയണം. ഊറി ഊറി ചിരിക്കുന്നതിനിടയിൽ കുമാരി തെല്ലൊരു അഹങ്കാരത്തോടെ തലയൊന്നുയർത്തി അരകല്ലിൽ മാങ്ങാ ചമ്മന്തി അരച്ചുകൊണ്ടിരുന്ന അമ്മയെ ഒന്ന് നോക്കി. ദിവാസ്വപ്നം കണ്ട് ഞെളിപിരി കൊള്ളുന്ന കൗമാരക്കാരിയായ കുമാരിയെനോക്കി അവർ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി. അമ്മക്കുണ്ടോ പോരാളികളെ മനസ്സിലാകുന്നു? 

കണ്ണിൽ എണ്ണയൊഴിച്ചു അഞ്ചുമണിയാകാൻ അവൾ കാത്തിരുന്നു. കവലക്കു സമീപമുള്ള വോളിബോൾ കോർട്ടിൽ കൂട്ടംകൂടിനിൽക്കുന്ന കാണികൾക്കിടയിലേക്കു നെഞ്ചുവിരിച്ചുവരുന്ന ചട്ടമ്പിമനോജിന്റെ പിന്നാലെ Z കാറ്റഗറി സുരക്ഷയിൽ പ്രധാനമന്ത്രി വരുന്നപോലെ കുമാരി രംഗ പ്രവേശനം ചെയ്തു. ആണുങ്ങൾ മാത്രമുള്ള കളിക്കളത്തിലേക്കുനോക്കി അരയിൽ തിരുകിയ പിച്ചാത്തിയുമെടുത്തു മനോജ് ഇങ്ങനെ പറഞ്ഞു

‘‘ഇന്നുമുതൽ ഈ നാടിന്റെറെ പൊന്നോമനയും ഞങ്ങളുടെ കുടുംബത്തിന്റെ തങ്കവും നാട്ടിലെ ഏക സുന്ദരിയുമായ കുമാരിയും വോളിബോൾ കളിക്കാനുണ്ടാകും. നിൽക്കണ്ടവർക്ക് നിൽക്കാം... പോകണ്ടവർക്ക് പോകാം.!’’

അളന്നുമുറിച്ചുള്ള മനോജിന്റെ ഡയലോഗിൽ പുളകംകൊണ്ടുനിൽക്കുന്ന കുമാരിയെനോക്കി ക്ലബിന്റെ പ്രസിഡന്റ് പൊടിമോൻ പറഞ്ഞു

‘‘ ഇന്നുമുതൽ വോളിബോൾ കളി ഇല്ല, കാറ്റടിക്കാൻ കൊടുത്ത പന്തുമായി ടീമിന്റെ ക്യാപ്റ്റൻ സുമേഷ് ഗൾഫുകാരൻ സുകുമാരന്റെ മകൾ ശരണ്യക്കൊപ്പം ഒളിച്ചോടി’’

വന്നവരവിൽ ഞെട്ടിക്കുന്ന ആ വാർത്തകേട്ട് മരവിച്ചുപോയ കുമാരിയുടെ തല വോളിബോൾ കണക്കെ കറങ്ങിക്കൊണ്ടിരുന്നു. ചുറ്റും കൂടിനിന്ന ആളുകൾക്കിടയിലൂടെ മനോജ് അവളെ താങ്ങിഎടുത്തുകൊണ്ട് തിരികെ നടക്കുന്നതിനിടയിൽ കുമാരിയിൽ ചെറിയൊരു ആശ്വാസം തോന്നി.

“ഒളിച്ചോടിയാണെങ്കിലും ആ തലതെറിച്ചവൾ പോയിക്കിട്ടിയല്ലോ... അതുമതി. എന്നാലും എന്റെ സുമേഷേ നീ എന്നോട്....!”

English Summary : Kumari Shortstory By Jewel Babu

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS