ADVERTISEMENT

വാടക വീട് (കഥ)

മഞ്ഞ ടാക്സിയുടെ പിൻ സീറ്റിലിരിക്കുമ്പോഴത്രയും അവൾ ചെന്നു കയറുന്ന വീടിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അവിടുള്ളവരെ കുറിച്ച് ചിന്തിക്കുകയായിരുന്നുന്നു. നിറയെ ഗർഭിണികളുളള വീട്. അവിടെ ഇരിക്കുന്ന , നടക്കുന്ന, കിടക്കുന്ന, ചിരിക്കുന്ന  വയറുകാരികൾ. എല്ലാ വയറ്റിലും എന്റേതു പോലെ ഒരു കുഞ്ഞായിരിക്കുമോ? അതോ രണ്ടും മൂന്നുമൊക്കെയുള്ളവർ ഉണ്ടാകുമോ? ഇവരെല്ലാം ഒരേ ദിവസം പെറ്റുകൂട്ടി, നമ്മുടെ നാടിന്റെ ജനസംഖ്യയ്ക്കു നൽകാനിരിക്കുന്ന സംഭാവനയെ കുറിച്ചോർത്ത് അവൾക്ക് ചിരി വന്നു.   

    

അവൾക്കിതു നാലാം മാസമാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ നാലു മാസം ഏഴ് ദിവസം. ഈ ആഴ്ച തന്നെ കൂട്ടാൻ വരുമെന്നവർ നേരത്തേ പറഞ്ഞിരിന്നു. സാധാരണ ഗതിയിൽ മാസം രണ്ടു തികയുമ്പോൾ മറ്റൊരിടത്തേക്ക് മാറ്റാറാണ് പതിവ്. തനിക്കെന്തോ ഒരിളവ് കിട്ടിയതാണ്. ഡോക്ടറുടെ ഔദാര്യം. അല്ലെങ്കിലും ഈയിടെയായി മറ്റുള്ളവരുടെ ഔദാര്യങ്ങളുടെ പറ്റുകാരാണ് ഞാനും ദായും. ദായ്ക്ക് ജോലിയുണ്ടായിരുന്നപ്പോൾ പട്ടിണി കൂടാതെ കഴിഞ്ഞു പോകുമായിരുന്നു. അതില്ലാതായതിൽ പിന്നെ ഇങ്ങനെയാണ്.ഒരു കണക്കിന് ഇവിടുന്നു മാറുന്നതാണ് നല്ലത്. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുഖം കൊടുക്കണ്ട , മറുപടി പറയണ്ട. 

 

പുതിയ ജോലി തരപ്പെട്ടെന്നോ മറ്റോ ഒരു കളളം. പൊളിഞ്ഞാൽ മറ്റൊരണ്ണം. പക്ഷേ ദായെ തനിച്ചാക്കി പോകുന്നതാണ്.വർഷത്തീയതി അടുത്തു വരുന്നുണ്ട്. ദായ്ക്ക് ശ്രദ്ധ വേണ്ട സമയമാണ്. കാലിലെ മുറിവ്  പിന്നെയും പഴുത്തു പൊട്ടാം. വരണ്ട, പാമ്പിൻ പടം പോലാകും മേലാസകലം. പാടുകൾ തിണത്തു കയറാൻ തുടങ്ങും പുണ്ണുകൾ പടർന്നെന്നു വരാം.അന്നേരങ്ങളിലെ വേദന അസഹ്യമാണ്. ചിലപ്പോഴോർക്കാറുണ്ട്. ഇങ്ങനെ വേദനയുടെ ജീവിക്കുന്ന സ്മാരകമായി പുണ്ണും പഴുപ്പും ചുമക്കാതെ അന്നു കടിയേറ്റപ്പോൾ തന്നെ മരിച്ചു പോയിരുന്നെങ്കിലെന്ന്.ഇവിടെ അടുത്ത് ഹിന്ദുക്കളുടെ ഒരു ശ്മശാനത്തിലെ ജോലിക്കാരനായിരുന്നു ദാ. മഞ്ചമേറി വരുന്ന ശവങ്ങളെ കുളിപ്പിച്ച് പട്ടട വയ്ക്കുന്നതും തീ കെടാതെ മുഴുവൻ വെന്തു ചാരമാകുന്നതു വരെ കൂട്ടിരിക്കുന്നതുമെല്ലാം ദായാണ്.

 

ഒരിക്കൽ ചിത കൂട്ടാനുള്ള വിറകുമെടുത്തു മടങ്ങുമ്പോഴാണ് ദായെ പാമ്പു കടിക്കുന്നത്. കടിച്ചത് അണലിയായിരുന്നു. മുറിവ് പഴുക്കാൻ തുടങ്ങി. കുറേക്കാലം ചികിത്സിച്ചു.ഭേദപ്പെട്ട് തുടങ്ങിയതുമായിരുന്നു. പക്ഷേ, അടുത്ത കൊല്ലം വീണ്ടും അതേ സമയമായപ്പോൾ പിന്നെയും പുണ്ണു പഴുക്കാൻ തുടങ്ങി.ഇപ്പോൾ വർഷങ്ങളായി ചികിത്സയിലാണ്. ദാ യെ തനിച്ചാക്കി വരാൻ മനസിലായിരുന്നു. പക്ഷേ മറ്റൊരു വഴിയുമില്ലാഞ്ഞിട്ടാണ്. അവശ്യം ചില തുണിയും സാമാനങ്ങളും മാത്രമെടുത്താണിറങ്ങിയത്. ബാക്കിയൊന്നിനും കുറവു വരാതെയിവർ നോക്കിക്കോളും. കൂട്ടി പോകുന്നിടത്ത് ഞാനല്ലാതെ പത്തു പേരു കൂടിയുണ്ട്. എല്ലാവരും ഇങ്ങനെ വന്നവരാണ്. മാസം തോറും നാലായിരം രൂപ കിട്ടും. 

 

വേണോ എന്നാദ്യം എന്നോടു തന്നെ പലയാവർത്തി ചോദിച്ചു. കല്യാണം കഴിയാത്തൊരു പെണ്ണിന്റെ വയറിനു വലിപ്പം വച്ചാൽ കഥകളെത്രയുണ്ടായേക്കാമെന്നതോർത്തു. പിന്നെ ആരുടെയും കഥയിൽ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാത്ത, എന്തിന് ജീവിക്കുന്നു എന്നൊരടയാളവും അവശേഷിപ്പിക്കാത്ത  എന്നെപ്പോലുള്ളവർ എന്തിനെ പേടിക്കണം.ദയാ ബായാണ് കിഷനെ പരിചയപ്പെടുത്തിത്തന്നത്. ബായ്ക്ക് ഇതേ പറ്റി നന്നായറിയാം. ഇങ്ങനെ മൂന്ന് പെറ്റതുമാണ്. ബായിയായിരുന്നു എനിക്കു ധൈര്യം. എന്റെ കുഞ്ഞിന്റെ അച്ഛനമ്മമാരെ ഞാൻ കണ്ടിട്ടില്ല. കണ്ടിട്ടും കാര്യമൊന്നുമില്ല. കുഞ്ഞിനെ നിർത്തിപ്പോരാനുള്ള ഒരു വാടക വീടാണവർക്കു ഞാൻ. വാടകയ്ക്കെടുത്ത മുറിയൊഴിയുമ്പോൾ കരാറു തീരുന്നു. കുടിശ്ശിക തീർക്കുന്നു, വീടൊഴിയുന്നു.

 

ടാക്സിയിലെന്നെ കൂട്ടാൻ വന്നത് കിഷനാണ്. ആദ്യം ഡോക്ടറെ കാണണം. കുഞ്ഞിന്റെ വളർച്ച നോക്കണം. എന്നിട്ടാകും പുതിയ  വീട്ടിലേക്ക് പോവുക. ആശുപത്രി കടന്നു ചെല്ലുമ്പോൾ  ഇടനാഴിൽ ഇരിക്കാനായി കസേരകൾ നിരത്തിയിട്ടുണ്ട്. ഞാൻ അവിടെയിരുന്നു. ടോക്കൺ നമ്പർ വിളിക്കുമ്പോൾ  ഉള്ളിലേക്കു ചെന്നാൽ മതി. ചുറ്റും എന്നെപ്പോലെ കുറേ വയറുകാരികൾ. മാസം തികഞ്ഞതും പുതുതായി വന്നവരുമെല്ലാമുണ്ട് കൂട്ടത്തിൽ.

 

‘ബിമലാ’ എന്റെ പേരു വിളിച്ചു. ഡോക്ടറെ എനിക്കിപ്പോൾ പരിചയമാണ്. കിഷനോട് സമ്മതിച്ചപ്പോൾ എന്നെ ആദ്യം കൊണ്ടുവന്നതിവരുടെ അടുത്തേക്കാണ്. ഞാൻ മതിയെന്നു തന്നെയായിരുന്നു അവർക്കും. ഇളം പ്രായം. കാണാനും തരക്കേടില്ല. പിന്നെന്തു നോക്കാനാണ്. അകത്തു കയറിയവരെ കണ്ടതും ഞാൻ ചിരിച്ചു. തിരികെ ചിരിക്കാറാണ് പതിവ് പക്ഷേ എന്തോ അതുണ്ടായില്ല.ഞാൻ അടുത്തു കണ്ട കട്ടിലിൽ കിടന്നു. ചുരിദാറിന്റെ തുമ്പു പിടിച്ചുയർത്തി. ഇപ്പോൾ രോമങ്ങളിൽ പൊതിഞ്ഞ ചുഴി പോലെന്റ പൊക്കിൾകൊടി കാണാം. അതിന്റെ സ്ഥാനം കഴിഞ്ഞ മാസത്തേക്കാൾ മുകളിലായിരിക്കുന്നു. കഴുത്തിലെ സൂത്രം ചെവിയിൽ ഘടിപ്പിച്ച് അതിന്റെയൊരറ്റം അവരെന്റെ വയറ്റത്തു വച്ചു. എല്ലാം ശരിയെന്ന മട്ടിൽ പരിശോധന കഴിഞ്ഞതു തിരിച്ചെടുത്തു. അവരുടെ മുഖത്ത് പതിവില്ലാത്ത ഭാവ വ്യതിയാനങ്ങൾ ഞാൻ ശ്രദ്ധിച്ചു.

 

‘ഏജന്റ് വന്നിട്ടുണ്ടോ കൂടെ ?’

 

‘പുറത്തുണ്ട്’ ഞാൻ പുറത്തേക്കു വിരലു ചൂണ്ടി. ഡോക്ടർ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. ഞാൻ കട്ടിലിൽ നിന്നു സാവധാനം എഴുന്നേറ്റു. അവരിപ്പോൾ പുറത്ത് കിഷനുമായി സംസാരിക്കുകയാണ്. എന്തായിരിക്കാം? അറിയില്ല.

കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ ഡോക്ടർ അകത്തേക്കു പോയി. കിഷൻ മടങ്ങിയെത്തി.

 

‘നമുക്കു പോകാം’

 

ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അയാൾക്കു പിന്നാലെ നടന്നു. ഞങ്ങൾ തിരികെ ടാക്സിയിൽ കയറി. അതു വന്ന വഴിയേ തിരിച്ചു പോകുകയാണ്.

 

‘നമുക്ക് വഴി തെറ്റിയോ? ഇത് വന്ന വഴിയാണ്’

 

അയാൾ ഒന്നും മിണ്ടിയില്ല. കയറിയിടത്തു വണ്ടി ചെന്നു നിന്നു. എന്റെ ചോദ്യങ്ങൾക്കു സാവകാശം തരാതെ അയാൾ പറഞ്ഞു.

 

‘ഈ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും  ഇപ്പോൾ കുഞ്ഞിനെ വേണ്ടെന്ന്. അലസിപ്പിക്കാനാണ് പറഞ്ഞത്. പക്ഷേ ഈ നാലാം മാസത്തിൽ ഇനിയതു പറ്റില്ല. ഞാനെന്താണിനി ചെയ്യേണ്ടത് ? നിശബ്ദമായി എന്റെ ചോദ്യം അയാളിൽ ചെന്നു പതിച്ചു. അയാൾ മിണ്ടിയില്ല.കുടിശ്ശിക തികച്ചില്ലെങ്കിലും വാടകയിനത്തിൽ കുറച്ചു നൂറു രൂപ നോട്ടുകൾ അയാളെന്റെ ഉള്ളം കൈയ്യിൽ തിരുകി വെച്ചു. എനിക്കു കരയാൻ തോന്നി. ഉറക്കെ ഉറക്കെ നിലവിളിക്കാൻ തോന്നി. പക്ഷേ അയാളൊന്നു തിരിഞ്ഞു പോലും നോക്കാതെ ആ ടാക്സിയിൽ കയറി വാതിലടച്ചു. അത് മുന്നോട്ടു നിരങ്ങി.

എല്ലാം ഒരു സ്വപ്നമായിരിക്കണേ, അവൾ കണ്ണുകൾ മുറുക്കിയടച്ചു .... അവിടെ ഇരിക്കുന്ന , നടക്കുന്ന, കിടക്കുന്ന, ചിരിക്കുന്ന  വയറുകാരി(കൾ).

 

English Summary : Vadakaveedu Short Story By Thapasya Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com