ADVERTISEMENT

ഞാൻ അവനെ പ്രതീക്ഷിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അവന്റെ സാമീപ്യത്തിന് വേണ്ടി മാത്രം കൊതിച്ചു കൊണ്ടിരുന്ന സമയങ്ങൾ. ഏതു നേരത്തും എവിടെയും അവനെ മാത്രം ഞാൻ അന്ന് പ്രതീക്ഷിച്ചു. പക്ഷേ അവൻ എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടതേയില്ല. കാലം മായ്ക്കാത്ത ഓർമകൾ ഇല്ല എന്നല്ലേ പറയാറ്. എന്റെ മനസും ശരീരവും മാറാൻ തുടങ്ങിയപ്പോൾ പതുക്കെ പതുക്കെ ഞാൻ അവനെ മറന്നു തുടങ്ങി. ശിശിരവും വസന്തവും വർഷവും കടന്നു പോയി. 

 

മഴയുള്ള രാത്രിയിൽ എന്റെ കിടപ്പറയുടെ വാതിൽ തുറന്ന് അവൻ എന്റെ അടുത്ത് എത്തി.അവനെ കാണുമ്പോൾ ഒരിക്കലും ഭയക്കില്ല എന്ന് തീരുമാനിച്ച എന്റെ മനസ്സിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെട്ടു. എനിക്ക് ഭയം തോന്നി കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങി. ഞാൻ അവനോട് പറഞ്ഞു. ഇപ്പോ ഇവിടെ നിന്ന് പോയില്ലെങ്കിൽ ഞാൻ ഒച്ചവെച്ച് ആളെ കൂട്ടും.

 

ഒരു പരിഹാസച്ചിരിയോടെ കൂടെ അവൻ അതിനുള്ള മറുപടിയും എനിക്ക് തന്നു. ‘നിനക്ക് പറ്റുന്ന ശബ്ദത്തിൽ നീ ഉറക്കെ അലറി വിളിച്ചോളൂ എത്ര ആളുകളെ വേണമെങ്കിലും കൂട്ടിക്കോളൂ പക്ഷേ ഞാൻ ഇവിടെ നിന്ന് പോകില്ല’ കാരണം ഈ നിമിഷവും ഈ ദിവസവും എന്റേതാണ്. നീയും ഞാനും ഈ നിമിഷവും ഈ ദിവസവും ഒരിക്കലും മറക്കുകയില്ല.

 

കുഞ്ഞുങ്ങൾ മുട്ടിലിഴഞ്ഞു നടക്കുന്നതുപോലെ അവൻ അവന്റെ രണ്ടു കൈകളും അവന്റെ മുട്ടു കാലും എന്റെ കട്ടിലിൽ വച്ച് കഴിഞ്ഞു അവൻ പതുക്കെ എന്റെ അടുത്തേക്ക് ഇഴഞ്ഞു വരുവാൻ ആരംഭിച്ചു.

കടുംചുവപ്പ് നെയിൽ പോളിഷ് പുരട്ടിയ, സ്വർണ്ണ നിറമുള്ള മിഞ്ചി അണിഞ്ഞ  എന്റെ  കാൽവിരലുകളിൽ അവൻ ഒന്നു തൊട്ടു. ആ ക്ഷണം തന്നെ ഞാൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി. അവൻ   കട്ടിലിൽ നിന്നും താഴേക്ക് വീണു. ഞാൻ ആ കട്ടിലിൽ നിന്നും ആ മുറിയിൽ നിന്നും രക്ഷപ്പെടുവാൻ ആഗ്രഹിച്ചു. പക്ഷേ ഞാൻ ബന്ധനസ്ഥ ആണ്. കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങുവാൻ എനിക്ക് സാധിക്കുന്നില്ല. ഇനി ആകെയുള്ള രക്ഷ ആരെങ്കിലും വിളിച്ച് അറിയിക്കുക എന്നതാണ്. ഒച്ച എടുക്കുക. ഉറക്കെ ഒച്ചവെച്ച് സഹായത്തിന് അപേക്ഷിക്കുക മാത്രമാണ് ഇനി മുൻപിൽ ഉള്ള ഏക പോംവഴി എന്ന് ഞാൻ തിരിച്ചറിഞ്ഞു.

 

ഞാൻ ഉറക്കെ കരയാൻ ശ്രമിച്ചു. താടിയെല്ലുകളുടെ ചലനം ഞാൻ തിരിച്ചറിഞ്ഞു. എന്റെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദവും മാത്രമേ എനിക്ക് പുറപ്പെടുവിക്കാൻ ആയുള്ളൂ. അവൻ എഴുന്നേറ്റ് വെള്ള പെയിന്റടിച്ച് ആ ഭിത്തിയിൽ ചാരി നിൽക്കുന്നു. ഇപ്പോഴത്തെ ഫ്രീക്കൻ പയ്യന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ നിൽക്കുന്നതുപോലെ. വലതു കാൽ തറയിൽ ഉറപ്പിച്ച് ഇടതുകാൽ മടക്കി ഭിത്തിയിൽ ഉറപ്പിച്ച് വിരലുകൾ കൊണ്ട് മുടി മാടിയൊതുക്കി അവൻ അവിടെ തന്നെ നിൽക്കുന്നു. ചെറുപുഞ്ചിരിയോടെ കൂടി നിനക്ക് രക്ഷപ്പെടാനാകില്ല അവൻ പറഞ്ഞു. നിസ്സഹായ ആണെന്ന് ഞാനും തിരിച്ചറിഞ്ഞു. തോറ്റു കൊടുക്കുക അല്ലാതെ മറ്റൊരു പോംവഴിയും മുമ്പിലില്ല. കട്ടിലിൽ നിവർന്നു കിടന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,. അവൻ കട്ടിലിലേക്ക് കയറി ആദ്യം കയറി വന്നതുപോലെ തന്നെ മുട്ടിലിഴഞ്ഞ് എന്റെ അടുത്തേക്ക് വന്നു ഒരു കള്ളച്ചിരിയോടെ കൂടെ. എനിക്ക് നേരെ മുകളിൽ വന്നു നിൽക്കുകയാണ്, അവന്റെ ചുണ്ടുകൾ എന്റെ മുഖത്തേക്ക് അടുക്കുന്നു, ചുണ്ടുകൾ എന്റെ കാതിൽ മന്ത്രിച്ചു. ‘നിന്നെ ഞാൻ വേദനിപ്പിക്കില്ല’ അവന്റെ മൃദുലമായ കൈ എന്റെ നെഞ്ചിൽ അമർന്നു. എന്റെ മെയ് ആകെ ഉലഞ്ഞു. നീണ്ട ഒരു ശ്വാസം ഞാനെടുത്തു. എന്റെ ദൃഷ്ടി പുറകിലേക്ക് പോയി.

 

‘കഴിഞ്ഞു’ അവൻ പറഞ്ഞു. അതിൽ കിടക്കുന്ന എന്റെ ജീവനില്ലാത്ത ശരീരത്തെ നോക്കി. ആത്മാവും ശരീരവും രണ്ടായി വിഘടിച്ചിരിക്കുന്നു. ഞാൻ പുകച്ചുരുൾ ആകുന്നു. അവൻ എന്റെ തൊട്ടരികിൽ ഉണ്ട്. ഞാൻ അവന്റെ ചെവിയിൽപറഞ്ഞു. ‘നീയൊരു കള്ളൻ ആണ്. മരണമെന്ന കള്ളൻ നിന്നെ പ്രതിക്ഷിച്ച സമയത്തു നീ വന്നില്ല…

അവൻ പറഞ്ഞു. ‘ഞാൻ അങ്ങനെയാണ്. പ്രതീക്ഷിക്കുന്ന സമയത്ത് വരില്ല. എനിക്കത് ഇഷ്ടമല്ല.

അപ്പോഴേക്കും ഞാൻ അന്തരീക്ഷത്തിലെ പുകച്ചുരുളുകൾ ആയി മാറിയിരുന്നു.

 

English Summary : Kallan. Short Story By Nimmy Baiju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com