ADVERTISEMENT

ഒരു കഥ സൊല്ലട്ടുമാ (കഥ)

വർഷങ്ങൾക്കു മുമ്പ് 1998 ൽ ഞാൻ ഗൾഫിൽനിന്ന് രണ്ടുവർഷങ്ങൾക്കുശേഷം  ആദ്യമായി ലീവിന് വന്നു. എല്ലാം പുതുമ ആളുകളെല്ലാം കൗതുകത്തോടെ വിശേഷങ്ങൾ തിരക്കുന്നു. വലിയ ഗാംഭീര്യത്തിൽ കൂളിംഗ് ഗ്ലാസ്സൊക്കെ പിടിപ്പിച്ചു സ്വർണവാച്ചൊക്കെ കെട്ടി ഫുൾകൈ ഷർട്ട്‌ തെറുത്തു വച്ച്, ഡബിൾ മുണ്ട് ചുറ്റി ലെതർ ചെരുപ്പിൽ ചുവന്ന ഉപ്പൂറ്റി കാട്ടിഞെളിഞ്ഞു നടന്ന ദിവസങ്ങൾ.

 

വീട്ടിൽ പുതുതായി വളർത്തുന്ന പട്ടി ജിമ്മിയും പറമ്പിലെ പുതിയ വാഴയും ഉയരം വെച്ച തെങ്ങും മാവിൽ പുതുതായി ചുറ്റി വളർന്ന പാഷൻ ഫ്രൂട്ട് പോലും ആശ്ചര്യമായ ദിവസങ്ങൾ. അങ്ങനെയൊരു ദിവസം ഒരു പൂതി തോന്നി. രണ്ട് വർഷം മുമ്പേ വരെ കാലത്ത് സ്ഥിരം കുളിക്കാൻ പോവാറുള്ള പാടത്തെ കുളത്തിൽ കുളിക്കണം.

 

ഗൾഫിൽ പോകുന്നതിനുമുമ്പ് സ്ഥിരമായി കുളിച്ചിരുന്നതാ.എന്തായാലും പോണം. ഇത് പറഞ്ഞപ്പോ അമ്മ തടഞ്ഞു. പരിചയമില്ലാതെ വല്ല നീർവീഴ്ചയും പിടിക്കും. സ്നേഹത്തോടെ ഉള്ള ഉപദേശം കേട്ടപ്പോൾ കുറച്ചു ദിവസം കഴിഞ്ഞു പോകാമെന്നു വച്ചു.അതിനിടയിൽ ജിമ്മിയുമായി സൗഹൃദമായി.

 

അങ്ങനെയിരിക്കെ ഒരീസം വൈകിട്ട് നാലുമണിയോടുകൂടി  പോകാൻ തന്നെ തീരുമാനിച്ചു. പണ്ടത്തെ ശീലം പോലെ. എണ്ണയൊക്കെ ദേഹത്തു തേച്ചുപിടിപ്പിച്ചു. തോർത്തുമുടുത്തു വീട്ടിൽനിന്നിറങ്ങി. അപ്പോഴാണൊരു കാര്യം ശ്രദ്ധിച്ചത്. എന്റെ കൂടെ ചെറിയ ഗ്യാപ്പിട്ടു ജിമ്മിയുമുണ്ട്. ‘വീട്ടിപ്പോടാ, വീട്ടിപ്പോടാ’ എന്ന എന്റെ ഉഗ്രശാസനകളൊന്നും വിലപ്പോയില്ല. എന്റെ കൽപനകൾക്കൊക്കെ അവനു പുല്ലുവില. അതുകേൾക്കുമ്പോ ഒരു കൽപനയ്ക്ക് നാലെണ്ണം എന്ന തോതിൽ അവൻ വാലാട്ടി എന്റെ കൂടെത്തന്നെ കൂടി. പറഞ്ഞുപറഞ്ഞു തോറ്റു. എന്റെ കമാന്റുകൾ  ഒരു പട്ടി പോലും വകവെക്കുന്നില്ലെന്നു മറ്റുള്ളവർ മനസ്സിലാക്കേണ്ടെന്ന് കരുതി ‘ആ നീയും കൂടെ വാടാ’ എന്നുറക്കെ പറഞ്ഞു അഭിമാനത്തോടെ എല്ലാവരെയും നോക്കി ഞാനൊരു വല്ലാത്ത ചിരി ചിരിച്ചു.

 

ഞാനും ജിമ്മിയും തോട്ടിൽ ആണുങ്ങളുടെ കുളിക്കടവിലെത്തി. തലേന്നത്തെ മഴയിൽ നല്ല ഒഴുക്കുണ്ട്.പെണ്ണുങ്ങളുടെ കുളിക്കടവ് ഒരു പത്തു മീറ്റർ മാറിയാണ്. അതിൽ രണ്ടുമൂന്നു പെണ്ണുങ്ങൾ തുണി അലക്കുന്നു. രണ്ടോ മൂന്നോ പേർ കുളിക്കുന്നു. ഏറുകണ്ണിട്ട് ഒന്നേ നോക്കിയുള്ളൂ. അങ്ങേതിലെ സുമ അൽപവസ്ത്രധാരിണിയായി നിന്ന് തുണി കഴുകുന്നു. ചാരുംമൂട്ടിലെ നൈല ഇരുന്ന് കാലിന്റെ ഉപ്പൂറ്റി ഉരച്ചുകഴുകുന്നു. ഇനിയും ഇനിയും നോക്കാനുള്ള മനസ്സിന്റെ പ്രേരണയെ മൂക്കുകയറിട്ടു സ്വയം പറഞ്ഞു. നീയിപ്പോ ആ പഴയ ഊരുതെണ്ടിയല്ല.ഗൾഫ്‌കാരനാ ഗൾഫ്‌കാരൻ. ആ നിലയും വിലയും കളഞ്ഞുകുളിക്കരുത്. ജാഗ്രതൈ. കണ്ണുകളെ മനസ്സില്ലാമനസ്സോടെ പിൻവലിച്ചു.

 

തോട്ടുകരയിൽ നിന്ന് ചുറ്റുമൊന്നു വീക്ഷിച്ചു . മഴ ചാറുമോ, ഹേയ് ഇല്ല. ജിമ്മി എന്റെ അടുത്ത് നിന്ന് അല്പം മാറി കണ്ടത്തിലേക്കിറങ്ങി എന്തോ തപ്പുന്നു. വല്ല എലിയെയോ പാമ്പിനെയോ മണത്തു പിടിക്കുവായിരിക്കും. എന്തായാലും ഇറങ്ങിയേക്കാം. തോർത്ത് മാത്രം ഉടുത്തു വെള്ളത്തിലേക്ക് പതുക്കെ ഇറങ്ങി. നല്ല ഒഴുക്കുണ്ട്. പണ്ട് പഠിച്ച നീന്തലൊക്കെ മറന്നുപോയിട്ടുണ്ടാവുമോ.എന്നാ ഒഴുകിച്ചെല്ലുന്നതു  ആ പെണ്ണുങ്ങളുടെ ഇടയിലേക്കായിരിക്കും.ഹേയ് നീന്തലൊന്നും അങ്ങനെ മറക്കുകയില്ല. ധൈര്യത്തോടെ പതുക്കെ ഇറങ്ങി. ഹോ എന്തൊരു തണുപ്പ് . കൊറേ നേരം വെള്ളത്തിൽ കഴുത്തിനൊപ്പം ഇറങ്ങിക്കിടന്നു.നല്ല സുഖം ഒന്ന് മുങ്ങിക്കുളിച്ചിട്ട് ഇപ്പൊ രണ്ടുകൊല്ലമാവുന്നു.

 

പെട്ടന്ന് തോട്ടുകരയിൽ എന്തോ ശബ്ദം കേട്ടു. തല പൊക്കി നോക്കിയപ്പോൾ ജിമ്മിയാണ്.എന്തോ കണ്ടിട്ടെന്നപോലെ ഭയങ്കര തിരയലും ഉച്ചത്തിലുള്ള കുരയും. എന്താണാവോ.അല്ലേലും അവന്‌ വല്ല  താവളയെയോ പഴുതാരയെയോ കണ്ടാൽ മതി ബഹളവും ഓട്ടവും ചാട്ടവും തുടങ്ങാൻ. എന്തായാലും ഒന്ന് കരക്ക്‌ കയറി നോക്കുക തന്നെ. അപ്പോഴാണത് നടന്നത്. കരയിലേക്കു കയറാൻ ഒഴുക്കിന് എതിർദിശയിലേക്ക് നടന്ന എന്റെ കാൽ ഒന്ന് വഴുതി. ഗ്രിപ്പിനു വേണ്ടി കയ്യൊന്നു വീശി തോട്ടരികിൽ വളർന്നുനിക്കുന്ന പുല്ലിൽ പിടിക്കാൻ എടുത്ത കയ്യിൽ തോർത്തിന്റെ അരിക് കൊളുത്തി.നിമിഷാർദ്ധത്തിൽ തോർത്തഴിഞ്ഞു ഒഴുക്കിൽ പെട്ട് ശ്ശൂ.ന്നൊരു പോക്ക് . ആ ഒഴുക്കിൽ സ്തബ്ധനായി  അത് നോക്കിനിക്കാനേ പറ്റിയുള്ളൂ.  തോർത്ത് ഒഴുകിച്ചെന്നു എവിടെയെങ്കിലും തങ്ങും അല്ലെങ്കിൽ അതിലേതെങ്കിലും ഒരുത്തിക്കു കിട്ടും എന്ന് മോഹിച്ചതെല്ലാം വൃഥാവിലായി. തോർത്തൊഴുകി അന്തമില്ലാതെ അറബിക്കടലും ലക്ഷ്യമാക്കി നീങ്ങി.നീങ്ങി കണ്ണിൽനിന്ന് മറഞ്ഞു.ഇനി എന്ത്. എന്ന് ചിന്തിച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്. 

 

 

അയ്യോ. ഞാൻ നൂൽബന്ധമില്ലാതെ തോട്ടിൽ ഇറങ്ങിനിക്കുന്നു. തൊട്ടപ്പുറത്ത് സ്ത്രീകളുണ്ട് .തലയിൽ വണ്ടുകൾ കൂട്ടമായി മുരളുന്നോ. എനിക്കാകെ പരിഭ്രമമായി എന്ത് ചെയ്യും? വരമ്പത്ത് അടിവസ്ത്രം ഭദ്രമായി ഇരിക്കുന്നുണ്ട്. പക്ഷെ അതൊന്നെടുക്കണമെങ്കിൽ... കുറച്ചു കഴിഞ്ഞാൽ ഇവളുമാർ അലക്കും കുളിയും കഴിഞ്ഞു പോവുമല്ലോ.അപ്പൊ കരക്ക്‌ കയറി അടിവസ്ത്രം എടുത്തു ധരിച്ച് ഇരുട്ടാവുമ്പോ വീട്ടിലേക്കു പോവാം എന്ന് കണക്കുകൂട്ടി ആ വെള്ളത്തിൽ തന്നെ കിടന്നു.

 

ഈ സമയത്തു മറ്റൊന്നുകൂടി സംഭവിച്ചു. ജിമ്മി നടത്തിയ ഡിറ്റക്റ്റീവ് പണി ഫലം കണ്ടു. വരമ്പിനരികിലെ ഏതോ മാളത്തിൽനിന്ന് ഒരു പന്നിയെലി പുറത്തേക്കുചാടി. ഇത് കണ്ടതും ജിമ്മി പൂർവാധികം ശൗര്യത്തോടെ അതിന്റെ പുറകെ പാഞ്ഞു. ആ പന്നിയെലി പ്രാണരക്ഷാർത്ഥം ഓടിക്കയറിയത് അടുത്ത് കണ്ട ഉണക്കപ്പുല്ലിലേക്കാണ്. അതിനു മുകളിലുള്ള  അടിവസ്ത്രം ഒളിക്കാൻ അതിനെ സഹായിക്കും എന്ന് കരുതിയാവും അത് ആ പുല്ലിൻകെട്ടിനടിയിലേക്ക് ഊളിയിട്ടു കയറി. പാഞ്ഞുവന്ന ജിമ്മി തോട്ടുവരമ്പത്തു സഡൻ ബ്രേക്ക് ചെയ്ത് വെള്ളത്തിൽ കിടക്കുന്ന എന്നെ ‘‘Dear മുതലാളീ where is  that rascal?’’ എന്ന ലൈനിൽ ഒന്ന് നോക്കി. എന്റെ ഈ വിഷമസന്ധിയിലും അവന്റെ നഷ്ടബോധം തിരിച്ചറിഞ്ഞ ഞാൻ എന്റെ അടിവസ്ത്രം വച്ചിരിക്കുന്ന പുല്ലുകെട്ടിലേക്കു ഒന്ന് നോക്കി. ‘Thanks’ എന്നവൻ പറഞ്ഞോ എന്തോ. ജിമ്മി നിമിഷാർദ്ധം പാഴാക്കാതെ ഞാൻ സ്വപ്നത്തിലുംകൂടി പ്രതീക്ഷിക്കാത്ത ഒരു പ്രവൃത്തി ചെയ്തു . ഒരുകൂട്ടം പുല്ലും എന്റെ അടിവസ്ത്രവും കൂട്ടി ആ പന്നിയെലിയെ കടിച്ചെടുത്തോണ്ട് അവൻ വീട് ലക്ഷ്യമാക്കിയാണെന്നു തോന്നുന്നു വച്ചുപിടിച്ചു. അപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ കിടപ്പ് ശരിക്കു മനസ്സിലായത് . അടിവസ്ത്രവും തോർത്തുമുടുത്തു ദേഹം മുഴുവൻ എണ്ണയും തേച്ചു വന്ന എനിക്ക് തിരിച്ചു പോവുമ്പോ ചുറ്റാൻ ഒരു നൂലുപോലുമില്ല. ത്രിശങ്കുസ്വർഗം എന്ന് കേട്ടിട്ടേയുള്ളു.

 

ഇതൊക്കെയാണെങ്കിലും. സംഭവത്തിന്റെ ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പന്നിയെലിയെ എന്റെ അടിവസ്ത്രം ഇടീച്ചു എവിടെയോ ഇരുത്തിയിട്ടു ജിമ്മി എന്റെ അടുത്തേക്ക് തിരിച്ചുവന്നു . ‘‘മുതലാളീ ആ ഫ്രോഡിനെ ഞാൻ ഒരു പാഠം പഠിപ്പിച്ചു സന്തോഷായില്ലേ’’ എന്ന റോളിൽ. പിന്നെ അവൻ അവന്റെ എല്ലാ സ്നേഹവും കാണിച്ചു. അവിടെയൊക്കെ പാഞ്ഞുനടന്ന് എങ്ങനെയോ ഞാൻ നിക്കുന്ന സ്പോട്ടിനു അരികിലുള്ള ഒരു മാളത്തിൽ മാന്തി മാന്തി ഒരു നീർക്കോലിയെ പുറത്തു ചാടിച്ചു . പേടിച്ചു വിറച്ച നീർക്കോലി മൂർഖൻപാമ്പ് ചാടുന്നപോലെ വെള്ളത്തിലേക്ക് ഉയർന്നു ചാടി. എന്റെ സമയദോഷംകൊണ്ടെന്നപോലെ പാമ്പ് ചാടിയത് എന്റെ തലയിലേക്ക്. പാമ്പിന്റെ വരവ് കണ്ട ഞാൻ ‘എന്റമ്മോ’  എന്നും വിളിച്ചുകൊണ്ട് ഒഴുക്കിലേക്കു ചാടി ഒഴുക്കിനൊപ്പം പാഞ്ഞു ഒന്ന് തിരിഞ്ഞുനോക്കിയപ്പോ പാമ്പുമുണ്ട് എനിക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ. ആ പരിഭ്രാന്തിയിൽ നാണം പോയിട്ട് ഈരേഴുലോകം തന്നെ മറന്ന ഞാൻ ഒഴുകിയെത്തിയത് പെണ്ണുങ്ങളുടെ കുളിക്കടവിൽ. ഇതൊന്നും ആ സമയത്തു എന്നെ അലട്ടിയില്ല . വെള്ളത്തിൽ എന്റെ തോളിനരികെ പാമ്പിനെക്കണ്ട ഞാൻ ‘ദേവ്യേ’ എന്ന് വിളിച്ചത് ‘കീ’ എന്നൊരു ശബ്ദമായിട്ടാണ് പുറത്തുവന്നത് എന്ന് പിന്നീട് അവിടെ കുളിച്ചുകൊണ്ടിരുന്ന സുമ പറഞ്ഞാണ് കേട്ടത്.

 

‘ദേവ്യേ’ എന്നൊരു വിളിയും വിളിച്ചു കരക്ക്‌ കയറി ഒറ്റ ഓട്ടം . കുളിച്ചുകൊണ്ടും അലക്കികൊണ്ടും തിരക്കിലായിരുന്ന ലലനാമണികൾക്കു ജീവിതത്തിൽ മറക്കാനാവാത്ത കാഴ്ച ഒരുക്കിക്കൊണ്ടാണ് ഞാൻ വെള്ളത്തിൽനിന്നു കയറിയത്. യുറേക്ക എന്ന് വിളിച്ചു കൊണ്ടോടി ആർക്കിമിഡീസിനെപ്പോലെ ഫേമസ് ആവാൻ  മനക്കട്ടിയില്ലാത്ത ഞാൻ ഏതോ ഒരുവൾ  അലക്കിപ്പിഴിഞ്ഞുവച്ച തുണിയിലൊന്നു കൈക്കലാക്കിയാണ് ഓടിയത്. അൽപദൂരം പാടത്തൂടെ ഓടിയ ഞാൻ ഒന്ന് നിന്ന് കയ്യിലുള്ള തുണി ഉടുക്കാൻ നോക്കിയപ്പോഴാണ് അത് ആരുടെയോ സാരി പ്പാവാടയാണെന്നു അറിഞ്ഞത് . അധികം ചിന്തിക്കാതെ അതുടുത്തു മടക്കിക്കുത്തി വീട്ടിലേക്കു പതുങ്ങിപ്പതുങ്ങി വച്ചുപിടിച്ചു. വീട്ടിലെത്തിയപ്പോഴുണ്ട്. ഞാൻ ഗൾഫിൽനിന്ന് വന്നതറിഞ്ഞു കാണാൻ അമ്മാവനും അമ്മാവിയും പൊടിപിള്ളേരും വന്നേക്കണ്. എന്നെക്കണ്ട അമ്മാവി ‘ഇതെന്തു വേഷമാടാ’എന്നത്ഭുതം കൂറി .

 

English Summary : Oru kadha Sollattuma Short Story By Dileepshal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com