ADVERTISEMENT

തെറ്റാലി (കഥ)

ചില ആളുകൾ  നമ്മുടെ സമ്മതം കൂടാതെതന്നെ പലപ്പോഴും അവിചാരിതമായി മനസിലേക്ക് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെ നിന്നോ പാഞ്ഞെത്തും. അതിനു പ്രത്യേക സമയമോ കാലമോ നേരമോ ആവശ്യമുവില്ല.

ഒരുപക്ഷേ തെറ്റിദ്ധരിച്ച് പിന്നീട് ഇതുവരെ തിരുത്താൻ കഴിയാതെ പോയവർ എത്രയുണ്ടാകും. വാക്കുകൾകൊണ്ടും പ്രവർത്തികൊണ്ടും ഉള്ള്നീറ്റി വേദനിച്ചവർ,ചെറിയ വീഴ്ചകളിൽ കൈകൊട്ടിച്ചിരിച്ചവർ, ഇല്ലായ്മകളെ പരിഹസിച്ചു ആനന്ദം കണ്ടെത്തിയവർ. അത്തരത്തിലുള്ള  നിരവധിയാളുകൾ അയാളുടെ മനസിലൂടെ  കടന്നുപോയി. കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതുപോലെ ഒന്നിന് പിറകെ ഒന്നായി അയാളുടെ മനസിലേക്ക് ചിറകടിച്ചു പറന്നു കയറിക്കൊണ്ടിരുന്നു.

സ്കൂളിൽ പോകുമ്പോൾ നല്ല ഒഴുക്കുള്ള കടവ് സുരക്ഷിതമായി കടത്തി മറുകരയെത്തിച്ചിരുന്ന കൂനുള്ള ഭാസ്കരൻ, അയലത്തെ പറമ്പിലെ നീറുള്ള മാവിന്റെ ഉയരങ്ങളിൽ നിന്നും പുളിയില്ലാ മാങ്ങാ പറിച്ചു തരുന്ന മാധവൻ, കുട്ടികളെ നന്നായി പഠിപ്പിക്കുന്ന ജെയിംസ് സർ ,കള്ളം പറഞ്ഞു മറിയ ടീച്ചറിന്റെ കൈയിൽ നിന്നും തല്ലു വാങ്ങിത്തരുന്ന  പല്ലൻ മമ്മൂഞ്ഞ് അങ്ങനെ എത്രയോ ആളുകൾ.

 

സൈക്കിൾ കയറാൻ പഠിപ്പിച്ച  സാബുച്ചേട്ടനും ക്ലാസ്സിൽ നിന്നും കട്ട് ചെയ്യാൻ പ്രചോദനം നൽകിയ വിരുതൻ തോമ , കള്ളം പറഞ്ഞു അകലെയുള്ള സിനിമ ടാക്കീസിൽ പോകാൻ പ്രചോദിപ്പിച്ച മുകുന്ദനുണ്ണി. മഴവെള്ളം വീഴാതെ സുരക്ഷാ കവചം ഒരുക്കി ചേർത്തുപിടിച്ചു നടത്തിയ മാലിനിചേച്ചി. അവരുടെ തുളസിയിലയുടെ പരിമളം ഇപ്പോഴും  അനുഭവപ്പെട്ടു. ആശാൻ പള്ളിക്കൂടത്തിൽ തന്നെ അക്ഷരങ്ങൾ പഠിപ്പിച്ച എഴുത്താശാന്റെ പരുപരുത്ത  ശബ്ദം കാതിൽ ഇത്രയും വർഷങ്ങൾക്കു ശേഷവും മുഴങ്ങുന്നതായി അയാൾക്ക്‌ തോന്നി.ഗതകാല ഓർമ്മകളുടെ തുടിമേളം അയാളുടെ മനസിലേക്ക് ആർത്തലച്ചു കടന്നു വന്നു.അവിടെ പച്ചപ്പ്‌ നിറഞ്ഞ പാടവും ആ പാടത്തിനപ്പുറത്തെ വല്യച്ഛന്റെ ഓടിട്ട വലിയ വീടും അവിടുത്തെ തൊടിയിൽ നിറഞ്ഞു നിൽക്കുന്ന ജമന്തിപ്പൂക്കളും എല്ലാം.

 

കുട്ടിക്കാലത്തു റേഡിയോ ചുരുക്കം ചില വീടുകളിലെ ഉണ്ടായിരുന്നുള്ളു വൈദ്യുതിയും. എരിയുന്ന മണ്ണെണ്ണ വിളക്കിന്റെ പുകച്ചുരുളുകളിൽ കൂട്ടം കൂടിയിരുന്നു കണക്കും മലയാളവും ഒക്കെ പഠിക്കുമ്പോൾ ഏക ആഗ്രഹം പുല്ലിട്ട വീടിന്റെ മുകളിൽ നിന്ന് വീഴുന്ന  പൊകേറ വീഴാതെ  ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ ഒരിക്കലെങ്കിലും ഇരുന്നു പഠിക്കണെമെന്നായിരുന്നു. അവധി ദിനങ്ങളിൽ റേഡിയോ കേൾക്കാനായിട്ടു അടുത്ത മലയിറങ്ങി വലിയച്ഛന്റെ വീട്ടിലേക്ക്.അദ്ദേഹം പുതു പുത്തൻ പോലെ സൂക്ഷിക്കുന്ന ഒരു റേഡിയോ ഉണ്ടായിരുന്നു.അതിൽ പുതിയ ബാറ്ററി ഇട്ട് അദ്ദേഹം ഇരിക്കുന്ന വെളുത്ത പ്‌ളാസ്റ്റിക് കെട്ടിയ  ഇരുമ്പു കസേരയിൽ ഇരുന്നു  സമീപമുള്ള ആരഭിത്തിയിൽ വെച്ചിട്ടു നല്ല ശബ്ദത്തിൽ വാർത്തയും ചലച്ചിത്ര ഗാനവും കേൾപ്പിക്കും.ചില ദിവങ്ങളിൽ തിരികെ മലകടന്നു തിരികെ പ്പോകാനുള്ള മടികാരണം അവിടെ കൂടും.അപ്പോൾ നാടകവും ചിലപ്പോൾ കേൾക്കും.കൂടാതെ വൈകിട്ട് നല്ല ഗന്ധമുള്ള തൈരും ചമ്മന്തിയും  കൂട്ടിയുള്ള ഊണും കഴിക്കും.

 

അച്ഛമ്മയെക്കാണാൻ നല്ല ഭംഗിയായിരുന്നു.നല്ലപോലെ ചുളിവ് വീണ മുഖവും കൈകാലുമുള്ള വെളുത്ത കോലുപോലെയുള്ള അധികം ഉയരമില്ലാത്ത അച്ഛമ്മ .പ്രായം ഒരുപാടായെങ്കിലും പല്ലുകൾ കുറെയൊക്കെ ഇപ്പോഴും ഉണ്ട്.അസുഖങ്ങളും ഇല്ലായിരുന്നു.ഇടക്കിടയ്ക്ക് മുറുക്കാനിടിക്കുന്ന കല്ലിൽ വെറ്റയും പാക്കും ഒരുമിച്ചു വെച്ച് ഇടിച്ചു ചതച്ചു അത് വായ്ക്കകത്തേക്കിടും ഇടും.പിന്നെ കുറെ പോയിലെ എടുത്തു അതിനെ കലാപരമായി കത്തി കൊണ്ട് മുറിച്ചു അതും വായിക്കകത്തേക്ക്. അണയിൽ  അതൊരു ചെറിയ പന്തുപോലെ . വെറ്റിലമുറുക്കാൻ ചവക്കൽ എത്രയോ തവണ അയാൾ നോക്കി നിന്നിരിക്കുന്നു അത് കണ്ടു കൊതി സഹിക്കാതെ അച്ഛമ്മയോടു ചോദിച്ചു.

 

‘അച്ഛമ്മേ എനിക്കും മുറുക്കണം’ മുരണ്ട സ്വരത്തിൽ അവർ പറഞ്ഞു

 

‘കൊച്ചുങ്ങളാണോ വെറ്റില ചവയ്ക്കുന്നത്. വെറ്റയും പാക്കും തീരാറായും ആയി’ കാലിയായിക്കൊണ്ടിരിക്കുന്ന വെറ്റില ചെല്ലത്തെ നോക്കി  അവർ ആവലാതി പറഞ്ഞു.

 

പിന്നെയും അവൻ വിട്ടില്ല.

 

‘അച്ഛമ്മേ’

 

‘എടാ ചെറുക്കാ, വെറ്റില ചവക്കാൻ നിനക്ക് അത്ര കൊതിയാണെങ്കിൽ കുറെ കോഴിക്കാട്ടം എടുത്തു ചവക്ക് .അല്ല പിന്നെ’ - അതോടെ വെറ്റില ചവക്കുന്നതിനുള്ള മോഹം അവസാനിപ്പിച്ചു . പിന്നീടൊരിക്കലും അവൻ അച്ഛമ്മയുടെ വെറ്റില മുറുക്കുന്നതിനെ ക്കുറിച്ചു ചോദിച്ചിട്ടേയില്ലായിരുന്നു. കഥ പറയാൻ അറിയാത്ത ലോകത്തിലെ ഏക അമ്മൂമ്മ തൻറെ അച്ഛമ്മ യായിരിക്കുമെന്നവൻ പലപ്പോഴും സങ്കടത്തോടെയോർത്തിരുന്നു.സാബുവിന്റെയും അജിയുടെയും രവിയുടെയും ഒക്കെ അച്ഛമ്മമാർ കഥപറഞ്ഞു കൊടുക്കും എന്ന് പറയുമ്പോൾ അവനും കൊതിയായിരുന്നു കഥ കേൾക്കാൻ. ഓർമ്മകളുടെ കുത്തൊഴുക്കിലേക്കു അയാൾ ആണ്ടു പോയി. അവിടെ ആഴക്കടലിൽ തെന്നിനീങ്ങുന്ന മത്സ്യങ്ങളും മരതകവും മാണിക്യവും അയാൾ കണ്ടു. വടക്കേപ്പറമ്പിലെ തേൻ മാവിന്റെ കൊമ്പത്തായിയിരുന്നു ഞങ്ങൾ കുട്ടികളുടെ അവധിക്കാലം അധികവും.

 

‘ചാടി വീണു കാലൊടിഞ്ഞിട്ടു ഇങ്ങോട്ടു വന്നേരെ.നിന്റെ മറ്റേ കാലൂടെ ഓടിച്ചു വിടും’

 

അച്ഛമ്മയുടെ വാക്കുകൾ ഇടതടവില്ലാതെയെത്തിക്കൊണ്ടിരുന്നു.

 

അച്ഛമ്മയെന്തേ ഇങ്ങനെ?

 

ഒരു പക്ഷേ ഒരു പാട് ചെറുമക്കൾ ഉള്ളത് കൊണ്ടായിരിക്കും.അവൻ അങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു. ഉച്ചയ്ക്ക് കാലമാകുമ്പോൾ അവർ വിളിക്കാറുണ്ട്. വേണമെങ്കിൽ വന്നു കഴിക്കിനെടാ പിള്ളേരെ. സ്നേഹം ഇങ്ങനെ മാത്രമേ കാണിക്കാൻ അവർക്കു കഴിഞ്ഞിരുന്നുള്ളൂ.

 

കൂട്ടുകാർ ഓരോന്നു കാണിക്കുമ്പോൾ ഓരോ ആഗ്രഹം മുള പൊട്ടുകയായിരുന്നു അവന്റെ മനസ്സിൽ. തെറ്റാലിയുമായി വന്നു മോഹിപ്പിച്ചത് വടക്കേ വീട്ടിലെ അജിയായിരുന്നു. ഊണിലും ഉറക്കത്തിലും ഒരു തെറ്റാലി സംഘടിപ്പിക്കുന്നതിലായിരുന്നു. അമ്മയോട് പറഞ്ഞു നോക്കി.അമ്മ ഒട്ടും ശ്രദ്ധിക്കാതെ  ചെയ്യാതെ അകത്തെ പണിത്തിരക്കിലായിരുന്നു.അവൻ വെറുതെ വീടിന്റെ പിന്നാമ്പുറത്തേക്കു നടന്നു.അവിടെ പടർന്ന് നിൽക്കുന്ന കിളിച്ചുണ്ടൻ മാവിൽ വന്നിരിക്കുന്ന മൈനകളെ അവൻ നോക്കി. ചിലപ്പോഴൊക്കെ തത്തകളും വരാറുണ്ടായിരുന്നു.

അജി കഴിഞ്ഞ ദിവസം പറഞ്ഞത് അവന്റെ മനസ്സിലേക്കോടിയെത്തി.തെറ്റാലി കൊണ്ട് അവൻ മൂന്ന് മൈനകളെ പിടിച്ചത്രേ.തനിക്കും ഒരു തെറ്റലിയുണ്ടായിരുന്നെങ്കിൽ. 

 

പടർന്നു  നിൽക്കുന്ന ഉയരങ്ങളിൽ എല്ലാം നിറയെ മാങ്ങകളാണ്.വിളഞ്ഞതും പഴുത്തു പാകമായതുമായി. മാങ്ങാ കൊത്തിത്തിന്നാൻ എത്തുന്ന മൈനയെ പിടിക്കാൻ അവൻ പലപ്രാവശ്യം അതിന്റെ ഉയരങ്ങളിൽ  കയറിയതാണ്. പക്ഷേ അവറ്റകൾ കൊഞ്ഞനം കാട്ടി പറന്നു പോയി . പ്രാതലും കഴിഞ്ഞു വല്യച്ഛന്റെ കൈയിൽ നിന്നും ഇരുപത്തിയഞ്ചു പൈസയും തരമാക്കി. അവിടെ നിന്നും ഇറങ്ങും. മോഹനേട്ടന്റെ കടയിൽ നിന്നും പുളി മിട്ടായി വാങ്ങിക്കഴിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്. കടയിലെ ചില്ലു പത്രത്തിലെ നാരങ്ങാ മിട്ടായി കണ്ടു ഉമിനീര് കുടിച്ചിറക്കി. പക്ഷേ  അവൻ അവനെത്തന്നെ നിയ്രന്തിച്ചു.വൈകിട്ട് കുന്നിൽ മുകളിലുള്ള മൂർത്തിയുടെ മുന്നിൽ കാണിക്കയിട്ടു തൊഴാൻ.അതെ രണ്ടു കവണയുള്ള ഒരു തെറ്റാലിക്ക് വേണ്ടി . അതവന്റെ ഒരു സ്വപ്നമായിരുന്നു. അങ്ങനെയിരിക്കെയാണ് സുകുവിന്റെ കൈയിലുള്ള ഒരു തെറ്റാലി അവനു കുറച്ചു ദിവസത്തേക്ക് കിട്ടിയത് .നിധികിട്ടിയ അമിതാഹ്‌ളാദത്തോടെ പടർപ്പൻ മാവിന്റെ ചുവട്ടിലേക്ക്.

 

അമ്പെയ്യുന്ന ലാഘവത്തോടെ  തെറ്റാലി കുലച്ചു . മാവിന്റെ ഉയരങ്ങളിൽ വിശ്രമിക്കുന്ന മൈനയാണ് ലക്‌ഷ്യം .

ചാട്ടുളിപോലെ പാഞ്ഞു വന്ന ചെറു കല്ല് ശരീരത്തിൽ പതിച്ചു പക്ഷി താഴേക്ക്. മുതുകത്ത്‌  ചുള്ളിക്കമ്പുകൊണ്ടുള്ള പിന്നിൽ നിന്നുള്ള പ്രഹരമേറ്റു അവൻ പുളഞ്ഞു പോയി. അച്ഛമ്മ .പിന്നെയും തല്ലാൻ ഒരുങ്ങിയപ്പോൾ അവൻ ഓടിയിരുന്നു. എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ട് അച്ഛമ്മ താഴെ വീണു കിടക്കുന്ന കിളിയെയും എടുത്തുഅകത്തേക്ക്. മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാവിന്റെ കൊമ്പിൽ ഒറ്റക്കാലിൽ  തത്തി നടക്കുന്ന മൈനയെ അവൻ കണ്ടു. താൻ തെറ്റാലികൊണ്ടു മുറിവേൽപ്പിച്ച മൈന. അവൻ കയ്യിലിരുന്ന തെറ്റാലി ദൂരേക്ക് വലിച്ചെറിഞ്ഞു

 

ഗതകാല സ്മരണകളിൽ ഒരിക്കലും മായാത്ത അനുഭവങ്ങളായി  ഇന്നും അയാളുടെ മനസ്സിൽ ഒന്നൊന്നായി തെളിയുമ്പോൾ പൂമുഖത്തെ വെളുത്ത കുമ്മായം തേച്ച ഭിത്തിയിൽ മാലയിട്ടിരിക്കുന്ന അച്ഛമ്മയുടെ  ഫോട്ടോയിൽ നോക്കുമ്പോൾ അയാൾ ഇപ്പോൾ അയാൾ തിരിച്ചറിയുന്നു. അച്ഛമ്മ മാത്രമായിരുന്നു എല്ലാവരെയും സ്നേഹിച്ചിരുന്നതെന്ന്.

 

English Summary : Thettali Short Story By Punthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com