ADVERTISEMENT

ജീവിതത്തിൽ നിങ്ങൾക്ക് ആരെയെങ്കിലും വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ? ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ എപ്പോഴെങ്കിലും വാക്കുകൾ കിട്ടാതെ കുഴങ്ങിയിട്ടുണ്ടോ? എന്നാൽ കഴിഞ്ഞ ദിവസം എനിക്ക് ഇതുപോലൊരു അനുഭവത്തിലൂടെ കടന്ന് പോവേണ്ടി വന്നു. സ്വന്തം കുട്ടിയുടെ മരണത്തിന്റെ ഓർമ പങ്കുവെച്ചൊരാളോട് പറയാൻ വാക്കുകൾ തികയാതെ വന്നു. അവർ കടന്ന് പോയിട്ടുണ്ടായിരിക്കാവുന്ന മാനസികമായ ബുദ്ധിമുട്ടുകൾ എന്നിലെ അമ്മയിലും നിറഞ്ഞു നിന്നു. 

 

അവരുടെ സ്വകാര്യത മാനിച്ച് ഞാൻ പേര് വ്യക്തമാക്കുന്നില്ല. എന്നാലും ഈ ഒരനുഭവം എനിക്കിവിടെ പങ്ക് വെക്കണമെന്ന് തോന്നി. അമന്റെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഞാൻ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് എനിക്കവരെ ഫ്രണ്ട് ആയി കിട്ടിയത്. ഞാൻ അങ്ങോട്ട് റിക്വസ്റ്റ് കൊടുത്തതാണ്. എന്റെ അപേക്ഷ സ്വീകരിച്ചതിന് ശേഷം ഞങ്ങൾ മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാൻ തുടങ്ങി. ആ ചാറ്റിനിടയിലാണ് ഞാൻ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടിയത്.

 

ഒരേ വർഷമാണ് ഞാനും ആ ചേച്ചിയും ഞങ്ങളുടെ മക്കളെ ആശാകിരണിൽ ചേർത്തത്. സ്കൂൾ തുറന്ന ദിവസം നടത്തിയ പ്രവേശനോത്സവ പരിപാടിക്കിടെ സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് ഞാനാ ചേച്ചിയെ ആദ്യമായി കാണുന്നത്. പിന്നീട് തുടർന്നും സ്കൂളിലെ വിശേഷാവസരങ്ങളിലും മറ്റും ചേച്ചിയെ വീണ്ടും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലാണ് ചേച്ചിയുടെ കുട്ടി മരണപ്പെട്ട വാർത്ത എന്റെ മകന്റെ ക്ലാസ്സ്ടീച്ചർ പറഞ്ഞു ഞാനറിയുന്നത്.

 

പിന്നീടങ്ങോട്ടുള്ള അമന്റെ സ്കൂളിലേക്കുള്ള എന്റെ സന്ദർശനങ്ങളിൽ ഒന്നും അവരെ കണ്ടതായി ഞാൻ ഓർക്കുന്നില്ല.

എന്നാൽ ഇന്ന് ഫേസ്ബുക്കിൽ അവരുമായി വീണ്ടും പരിചയം പുതുക്കാൻ സാധിച്ചതിൽ സന്തോഷം തോന്നി. ബോധപൂർവം തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചും പറഞ്ഞും വീണ്ടും അവരെ വേദനിപ്പിക്കരുതെന്ന് കരുതിയിരിക്കുമ്പോൾ ചേച്ചി തന്നെ ‘എന്റെ കുട്ടി പോയിട്ട് നാല് വർഷമായി’ എന്ന് പറഞ്ഞു. പെട്ടെന്ന് ഞാൻ ഞെട്ടിപ്പോയി.

 

ഞാനെന്താണോ അവരോട് പറഞ്ഞ് അവരെ വ്യസനിപ്പിക്കരുതെന്ന് കരുതിയത്, അത് തന്നെ അവർ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു. എനിക്ക് വല്ലാതെ വിഷമം വന്നു.

 

ചാറ്റുകളിലൂടെയുള്ള സംസാരമായതിനാൽ തന്നെ, എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാനും വിഷമം ഒന്നും മനസ്സിൽ വെക്കരുതേയെന്നും ഞാനയച്ചു. പക്ഷേ ചേച്ചിയുടെ അടുത്ത മറുപടി എന്നെ വല്ലാതെ ഉലച്ചു. ‘എന്റെ കുട്ടിയെ ഓർമിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’ എന്നും സ്കൂളിൽ അതിന് ശേഷവും വന്നിരുന്നുവെന്നും ഓരോ പ്രാവശ്യവും വന്ന് പോകുമ്പോഴും കരഞ്ഞിട്ടാണ് പോയിരുന്നതെന്നുമായിരുന്നു എനിക്ക് കിട്ടിയ മറുപടി.

 

പിന്നെ ഞാൻ ചേച്ചിക്ക് മെസേജ് അയക്കുമ്പോൾ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. ഞാൻ ഫോണിൽ നോക്കി കണ്ണീർ വാർക്കുന്നത് കണ്ട എന്റെ ചെറിയ മോൻ എന്നോട് ചോദിച്ചത് ‘മ്മക്ക് എവിടേലും വേദന ണ്ടോ?’എന്നാണ്. സാധാരണയായി ചില ശാരീരിക വേദനകൾ അസഹ്യമായി തീരുമ്പോൾ ഞാൻ കരയുന്നത് അവൻ കണ്ടു കഴിഞ്ഞാൽ ഞാൻ അവന് കൊടുക്കുന്ന ഒരു വിശദീകരണമുണ്ട്. ഉമ്മയ്ക്ക് വേദന ആയിട്ടാണ് വാവേ എന്ന്. അതുകൊണ്ടാവാം അവൻ അങ്ങനെ ചോദിച്ചത്.

 

പക്ഷേ ഈ വേദനയുടെ ഉറവിടം അവന് മനസ്സിലാക്കിക്കൊടുക്കാൻ പറ്റാത്തതിനാൽ കണ്ണിൽ പൊടി പോയതാണെന്ന് പറഞ്ഞു ഞാൻ അവനെ സമാധാനിപ്പിച്ചു. അത് കേട്ടപ്പോഴേക്കും അവൻ വന്ന് എന്റെ കണ്ണിൽ ഊതി തരുകയും ചെയ്തു.

 

ചേച്ചിക്ക് എന്തു മറുപടിയാണ് കൊടുക്കാൻ പറ്റുക, എങ്ങനെ ആശ്വസിപ്പിക്കും? എന്റെ വാക്കുകൾ അവരെ പിന്നെയും വേദനിപ്പിക്കുമോ? അങ്ങനെ പലതും ഞാൻ സംശയിച്ചു. അടുത്ത് ഉണ്ടായിരുന്നുവെങ്കിൽ ഒന്ന് ചേർത്തുപിടിക്കുന്നതിനോളം പകരമാവില്ല ഏത് ആശ്വാസ വാക്കുകളും എന്നെനിക്കറിയാം.

 

പക്ഷേ എന്നിരുന്നാലും ഞാൻ ടൈപ്പ് ചെയ്ത് അയച്ചു. ദൈവത്തിന്റെ കുഞ്ഞുങ്ങൾ എന്നല്ലേ നമ്മുടെ മക്കളെ പറയുക. അതുകൊണ്ട് ദൈവത്തിന് കൂടുതൽ സ്നേഹം തോന്നിയത് കൊണ്ടാകാം വേഗം തിരിച്ചു വിളിച്ചത് എന്ന് നമുക്ക് വിശ്വസിക്കാം എന്ന് പറഞ്ഞ് ഞാൻ നിർത്തി. അപ്പോഴേക്കും ചേച്ചിയും മറുപടി നൽകി. അങ്ങനെ തന്നെയാണ് ചേച്ചിയും വിശ്വസിക്കുന്നതെന്ന്. അത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു.

 

ഇത്രയും പറയാൻ കാരണം ഇതേ പോലെ വേറെയും അനുഭവങ്ങൾ ജീവിതത്തിൽ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് അവരുടെ മകളെ നഷ്ടപ്പെട്ടപ്പോൾ, അവൾ കടന്നു പോയ വിഷമം ഒക്കെ ഞാൻ നേരിട്ട് കണ്ടതാണ്.

 

തങ്ങൾ അത്രയും പരിചരിച്ച് സ്നേഹിച്ചിട്ട് വളർത്തി വന്ന് മക്കൾ പെട്ടെന്നൊരു നാൾ നമ്മെ വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം അമ്മയ്ക്കും അച്ഛനും സഹിക്കാൻ കഴിയില്ല.

 

അമ്മമാരുടെ വേദന അത് ഒന്ന് അറിയണമെങ്കിൽ ഒരമ്മയാകണം. ജന്മം കൊണ്ട് മാത്രമല്ല കർമം കൂടി ആകുമ്പോഴേ അത് മനസ്സിലാവൂ. പ്രത്യേകിച്ച് ഞങ്ങളെപ്പോലെയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന മക്കളുടെ അമ്മമാരുടെ വികാരങ്ങൾ ഒന്ന് വേറെ തന്നെയാണ്. ഞങ്ങളെപ്പോലുള്ളവർക്ക് മാത്രമേ ഞങ്ങളുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും വ്യാപ്തി തിരിച്ചറിയാൻ കഴിയൂ. വേറൊരു കൂട്ടുകാർക്ക് കൂടി കഴിയും. അത് ഈ മക്കളെ കൂടെ ഇടപഴകുന്ന സ്പെഷ്യൽ എജ്യുകേറ്റർമാർ, തെറാപ്പിസ്റ്റുകൾ എന്നിവർക്കാണ്.

 

ആ ചേച്ചിക്ക് വേണ്ടിയും അതേ പോലെ തന്റെ മക്കളെ നഷ്ടപ്പെട്ട് അവരുടെ ഓർമയിൽ ജീവിക്കുന്ന മാതാപിതാക്കൾക്കും ഞാനീ എഴുത്ത് സമർപ്പിക്കുന്നു.

 

English Summary : Life Experience By Murshida Parveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com