ADVERTISEMENT

അമ്മ (അനുഭവം)

ചെറുതെങ്കിലും ഭൂമിയോളം വലുതാകുകയും അപാരതയുടെ ആഴമാവുകയും ചെയ്യുന്ന മറ്റൊന്ന് ലോകത്ത് ഉണ്ടാവില്ല. അതാണ് അമ്മ. വാത്സല്യത്തിന്റെ അധര മുദ്ര. എത്രയൊക്കെ ഭാവങ്ങൾ ഭൂമിയിലുണ്ടോ അതെല്ലാം അമ്മയിലും ഉണ്ട്. എല്ലാ വികാരങ്ങളുടെയും മൂർത്തിമദ്ഭാവം അമ്മ. പകരം വെക്കാനില്ലാത്ത രണ്ടക്ഷരം. ആ രണ്ടക്ഷരത്തിൽ എല്ലാമുണ്ട്. ഉയിരും ഉണർവും ജീവിതവുമെല്ലാം. 

ഇനി ഞാനെന്ന അമ്മയിലേക്ക് അമ്മയെന്ന മുകളിൽ പറഞ്ഞ നിർവചനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരമ്മ. ദൈവം  കനിഞ്ഞനുഗ്രഹിച്ച അമ്മയെന്ന തിലകമുദ്ര പറയാനും ഉണ്ട്. പ്രത്യേകമായ ഒരു സുഖം. കാരണം, വ്യത്യസ്തമായ കുരുന്നുകൾ ഉണ്ടാകുമ്പോൾ ദൈവം എന്നിലും വ്യത്യസ്തതകൾ കാണിക്കണമല്ലോ. 

പണ്ടാരോ പറഞ്ഞു കേട്ടത് പോലെ ഒരു തോളിന് ഭാരം കൂടുതൽ എന്ന് തോന്നിയാൽ മറ്റേ തോളിന് അത് ബാലൻസ് ചെയ്യാനുള്ള ശക്തിയും ജഗദീശ്വരൻ തരും. അതാണ് പരമമായ സത്യവും. മക്കളിൽ ഒരാൾക്ക് ഓട്ടിസം എന്ന് ഇതുവരെ കേട്ടുകേൾവിപോലുമില്ലാത്ത അവസ്ഥ. അറിഞ്ഞ അന്ന് മുതല്‍ ഒറ്റപ്പെടൽ,നിരാശ. എന്തു ചെയ്യണമെന്ന് അറിയാനാവാത്ത ഒരു നിശ്ചലാവസ്ഥ. എങ്കിലും കട്ടക്ക് കൂടെ നിന്ന് പൊരുതാൻ ജീവന്റെ പാതി കൂട്ടിനുണ്ടേൽ തളരാൻ ആർക്കുമാവില്ലല്ലോ. 

അങ്ങനെ ഉയർത്തെഴുന്നേൽപ്പ്. തനി നാട്ടുമ്പുറത്ത് ജീവിച്ചു ലോകം അറിയാത്ത ഞാനെന്ന കഥാപാത്രം പിന്നെ ജീവിച്ചത് മഹാനഗരമായ മുംബൈയിൽ. ഓട്ടിസം എന്നാൽ അസുഖമല്ല അവസ്ഥ എന്ന തിരിച്ചറിവിൽ തുടങ്ങിയ യാത്ര മോളെലും എന്നിലും മാറ്റത്തിന്റെ വേരുകൾ പടർത്തി തുടങ്ങി. 

 

ആരുമില്ലെന്ന തോന്നലിൽ വേറാരും ഇല്ലെങ്കിലും മോൾക്ക് ഞാൻ വേണം എന്ന തിരിച്ചറിവ്. തെറാപ്പി, സ്കൂൾ,പാർക്ക്, ബീച്ച് എന്നിവിടങ്ങളിലായി. കാലാന്തരത്തിൽ ദൈവം മോൾക്ക് തുണയായി ഒരു കുഞ്ഞനിയനെയും സമ്മാനിച്ചു. 

അതിലും ദൈവം ആർക്കും കൊടുക്കാത്ത ഒരു വ്യത്യാസം കാണിച്ചു. പണ്ട് എന്റെമാത്രം സംശയമായി തോന്നിയ കാര്യങ്ങൾ വളർച്ചാ ഘട്ടത്തിന്നിടയിൽ സത്യം ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചെങ്കിലും നടന്നില്ല. പഠന പിന്നോക്കാവസ്ഥ, അത് മകനിൽ ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നു. എല്ലാം ചെയ്യാനും മനസ്സിലാക്കാനും കഴിവുണ്ടെങ്കിലും പ്രവർത്തനത്തിൽ അത് കാണിക്കാൻ ആവാത്ത അവസ്ഥ. ഒരുതരത്തിൽ അല്ലെങ്കിലും രണ്ടും മനസ്സിന്റെ ഗതിയെ വ്യതിചലനത്തിലേക്ക് നയിക്കുന്ന അവസ്ഥാന്തരങ്ങൾ.സ്നേഹവും വാത്സല്യവും മാത്രം കൊടുത്താൽ പ്രതീക്ഷക്കപ്പുറം കിട്ടുമെന്ന ഉറപ്പ്. അതാണീ ജീവിതയാത്രയിലെ മികവാർന്ന സത്യം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന, ആ വികാരം മാത്രം തിരിച്ചറിയുന്ന എന്റെ മാലാഖ കുഞ്ഞുങ്ങള്‍. 

ജീവിതം അമ്മ എന്ന നിലയിൽ ധന്യം. എല്ലാവരെയും പോലെ, എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു അമ്മ ജീവിതം. 

 

English Summary : Amma Real Life Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com