പൊട്ടക്കിണറ്റിലെ പടുമരണം; അബദ്ധം ചെയ്ത കാലുകൾ ആരുടേതാണെന്ന് അമ്മ ആരോടും പറഞ്ഞില്ല...

Representative Image. Photocredit: Richard Peterson/ Shutterstock
Representative Image. Photocredit: Richard Peterson/ Shutterstock
SHARE

ദിഗംബരൻ (കഥ) 

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സൂര്യന് നേരത്തെ ഉറങ്ങുന്ന  പതിവുണ്ട്. പാതിരാ വണ്ടിയിൽ വന്നിറങ്ങിയ  പലരും പാലത്തിനടിയിൽ മയക്കം തുടങ്ങിക്കഴിഞ്ഞു. അക്ഷരങ്ങളിലൂടെ മാത്രം കേട്ടറിവുള്ള ഹൗറാ പാലം അൽപമൊന്നുമല്ല അയാളെ അദ്ഭുതപ്പെടുത്തുന്നത്. കാഴ്ചകൾ കണ്ടുള്ള അലച്ചിലായിരുന്നു ആദ്യത്തെ കുറേ ദിവസങ്ങൾ. നിശബ്ദമായ് ഒഴുകുന്ന ഗംഗയുടെ കരയിലിരുന്ന് കുറേ മനുഷ്യർ കഞ്ചാവ് വലിക്കുന്നു. മീശ മുളയ്ക്കാത്ത തന്നെ കണ്ട്  ‘അപനാരാ ബയസാ കാട്ടാ’(നിനക്കെത്ര വയസ്സുണ്ട്? )എന്നാരോ ചോദിച്ചത് മാത്രം അവനോർമ്മയുണ്ട്. സൽക്കാരം സ്വീകരിച്ച് മണലിൽ മലർന്ന് കിടന്നുറങ്ങുമ്പോൾ ആകാശത്തിന് മുഷിഞ്ഞ നിറമായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ ആരെയോ ഭയപ്പെട്ട് അപരിചിതമായ ഒരു സ്ഥലത്തെത്തിയ ചെറുപ്പക്കാരൻ. മഞ്ഞ വെളിച്ചത്തെ പുതച്ചു കിടന്നവനെ ഉണർത്തിയത് ഭക്തിയുടെ ഭ്രാന്തമായ കുറേ ഒച്ചപ്പാടുകളാണ്. ചെറിയൊരു ജനക്കൂട്ടം നദി ലക്ഷ്യമാക്കി നീങ്ങുകയാണ്.  മുന്നിൽ പോകുന്ന പരികർമ്മിയുടെ കൈയ്യിലെ മൺകുടത്തിൽ മനുഷ്യ ഭസ്മമാവണം. ശൂന്യതയെ കെട്ടിപ്പിടിച്ച് കൊണ്ട് പുറകിൽ നടക്കുന്ന സ്ത്രീയുടെ കൈക്കുള്ളിൽ അവരുടെ മരണപ്പെട്ട മകനാവാം.ഒരു നിമിഷം അയാൾക്ക്‌ തന്റെ അമ്മയെ ഓർമ്മ വന്നു. തന്നെ ഒന്ന് പുണരണമെന്ന് തോന്നുമ്പോൾ അമ്മ ഇനിയെന്ത് ചെയ്യും?.

ഒരുപാട് പുഴകളും പൂക്കളും പൊട്ടക്കിണറുകളുമുള്ള ഒരു ഗ്രാമമായിരുന്നു അയാളുടേത്. തപാലാപ്പീസിലെ താൽക്കാലിക ജീവനക്കാരനായിരുന്നു കൃഷ്ണനുണ്ണിയുടെ അച്ഛൻ കുമാരൻ. വാർദ്ധക്യത്തിലും ആരോഗ്യവാനായിരുന്ന മുത്തച്ഛൻ പൊട്ടക്കിണറ്റിൽ മരിച്ചു കിടന്നതാദ്യം കണ്ടത് കൃഷ്ണനുണ്ണിയാണ്. അമ്മ അറപ്പോടെ മാത്രം നോക്കി കണ്ടിരുന്ന ആ മനുഷ്യന്റെ മരണത്തെ കാലബദ്ധമായി പോലീസ് എഴുതിത്തള്ളി. അബദ്ധം ചെയ്ത കാലുകൾ ആരുടേതാണെന്ന് മാത്രം അമ്മ ആരോടും പറഞ്ഞില്ല. കാരണം അതിന് കെട്ടുതാലിയുടെ കരുത്തുണ്ടായിരുന്നു. കുളക്കടവിൽ മറഞ്ഞിരുന്ന് സ്വയംഭോഗം ചെയ്യുന്ന നമ്മുടെ മകൻ നിങ്ങളുടെ അച്ഛന്റെ പ്രേതമാണെന്ന് ഭാര്യ പറയുമ്പോൾ കുമാരന് മറുപടിയൊന്നുമില്ല. അയൽവീടുകളിലെ പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങൾ    മകന്റെ മെത്തയ്ക്കടിയിൽ നിന്നും കണ്ടെടുത്തത് അവരുടെ ജീവിതത്തിലെ രണ്ടാമത്തെ വലിയ രഹസ്യമായി. 

പൊട്ടകിണറ്റിൽ ശവമായി പൊങ്ങുന്നതിന് മുൻപ് നാട് വിട്ടോളാൻ അവനോട് പറഞ്ഞത് അമ്മ തന്നെയാണ്. നാണം കെടുന്നതിന് മുൻപ്  നാട്  വിടേണ്ടി വന്നവന്റെ മനോരോഗം ചികിൽസിക്കാനുള്ള വെളിവ് മാതാപിതാക്കൾക്കില്ലാതെ പോയി. ഒരുപക്ഷേ അവരത്  ഒഴിവാക്കിയതു മാവാം കാരണം അവന്റെ ഇളയത്തുങ്ങൾ രണ്ടുപേരും പെൺകുട്ടികളായിരുന്നു. കാണാതായപ്പോൾ അന്വേഷണ ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് കാലം കുഴിച്ചു മൂടിയ അധ്യായമായി അയാളും മാറുകയായിരുന്നു.

അനാഥരുടെ പരിവേഷമുള്ള പലരും ആരുമില്ലാത്തവർ ആവണമെന്നില്ല. അകലെയൊരിടത്ത് അവരുടേതായ സ്വാതന്ത്ര്യത്തിൽ തൃപ്തരാകുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കുകയാണവർ. വേഷങ്ങൾ മാറിമാറിയണിഞ്ഞ് അഭിനയിച്ച് ജീവിക്കുകയാണ് മനോരോഗികളായ മനുഷ്യരെല്ലാവരും. കാഴ്ച്ചയ്ക്ക് സുമുഖനായവന് കല്യാണം കഴിക്കാനൊന്നും താൽപ്പര്യമില്ല. പ്രണയാഭ്യർത്ഥനയുമായി വരുന്നവരെ രഹസ്യമായി ഭോഗിച്ച് വിടും. ഭവാനിത്തെരുവിൽ മൂന്നാം നിലയിലൊരു കുടുസ്സ് മുറിയിലായിരുന്നു അയാളുടെ താമസം. വന്നിട്ട് വർഷം ഇരുപത് കഴിഞ്ഞിട്ടും അയാളുടെ കണ്ണിൽ കൊൽക്കത്തയ്ക്ക് മാറ്റങ്ങളൊന്നുമില്ല. മുഷിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളും, വഴിയിലിരുന്ന് ക്ഷൗരം ചെയ്യുന്നവരും മനുഷ്യനെ മനുഷ്യൻ വലിച്ചു കൊണ്ട് പോകുന്ന റിക്ഷകളും  ഇന്നുമവിടെയുണ്ട്.

ഏത് പണിയും ചെയ്യാൻ തയാറുള്ളവനെ തെരുവിനും ഇഷ്ടമായിരുന്നു. അനിർബാന്റെ ചായപ്പീടികയിൽ അയാളടിക്കുന്ന സമോവറിനായി ആളുകൾ കാത്ത് നിൽക്കും. തിളയ്ക്കുന്ന പാലിനുള്ളിലെ  നാണയത്തുട്ട് എപ്പോഴോ അയാളിട്ടതാണ്. തകരത്തിലെ താളത്തിൽ തട്ടുന്ന ശബ്ദം അയാളുടെ ഹൃദയത്തുടിപ്പാവണം.

ഉദ്ധാരണ ശേഷി നഷ്ടമായെന്നറിഞ്ഞപ്പോഴാണ് അയാൾ വൃദ്ധനായത്. പുറത്തെ നിറമുള്ള കാഴ്ച്ചകളിലെ നനവ് ശരീരത്തിന് നഷ്ടമായിരിക്കുന്നു. കുടവയറോ, എന്തിന് നാഭി രോമങ്ങളിലെ നരപോലും അയാളെ ഇത്രയധികം വിഷമിപ്പിച്ചിട്ടില്ല. അസുഖങ്ങളെന്ന ആയുസ്സിന്റെ ഇറക്കു പടികൾ മുന്നിൽ തന്നെയുണ്ട്. നാറുന്ന തന്റെ പഴയ  പ്രണയങ്ങളെ ഓർമ്മകളിൽ ഇപ്പോൾ ഓക്കാനിക്കുകയാണാ മനുഷ്യൻ. ഇന്നലത്തെ സുഗന്ധങ്ങൾക്കൊന്നും ഇന്ന് മണമില്ല. തന്നിലെ തന്നെ തിരിച്ചറിയുമ്പോൾ തല പെരുക്കുന്നത് പോലെ.പെണ്ണിന്റെ മണമില്ലാത്ത മണ്ണിനോടും വിണ്ണിനോടും വെറുപ്പ്‌ തോന്നുന്നവന്റെ പേരാവണം പുരുഷൻ. 

കരിമരുതിന്റെ ചില്ലയിൽ മറഞ്ഞിരിക്കുന്ന പരുന്ത് അയാളെ നോക്കി ചിരിക്കുന്നുണ്ട്. തറയിൽ പൊഴിഞ്ഞു കിടക്കുന്ന തൂവലുകൾ അയാൾ മണത്ത് നോക്കി. കാലം കറുപ്പിച്ച തന്റെ  തൊലിക്കും അതേ മണം തന്നെ. വളർച്ചയുടെ പടവുകളിലെ ഇരുട്ടായിരുന്നു അയാൾക്കച്ഛൻ. വെളിച്ചം തേടിയുള്ള യാത്രകളിലെ വിശപ്പാണ് ഇപ്പോൾ അണഞ്ഞിരിക്കുന്നത്. പശ്ചാത്താപമില്ലാത്ത ഇന്നലകളുടെ മധുരം അയാളെ എഴുന്നേൽപ്പിക്കുന്നില്ല. കാലം ഷണ്ഡനാക്കിയ കൃഷ്ണനുണ്ണിയെന്ന ഒരു മനുഷ്യൻ.

തല പെരുക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ പുറത്തേക്കിറങ്ങിയത്. വന്ന നാൾ മുതൽ കാണുന്ന മഞ്ഞ അംബാസിഡർ കാറുകൾ ഇന്നും വഴിയിലുണ്ട്. വഴിമൂലകളിൽ രൗദ്ര ഭാവത്തിൽ നാക്കും നീട്ടി നിൽക്കുന്ന കാളീരൂപങ്ങളെ അയാൾ ദയനീയമായി നോക്കി. ഇത് കാളീഘട്ടിലേക്കുള്ള വഴി. ഇടത്തേയ്ക്കുള്ള രണ്ട് വളവുകൾ കൂടി കഴിഞ്ഞാൽ പൊതു ശ്മശാനമായി. ഇതുവരെ തോന്നാത്ത ചിന്തയാണ് ഇപ്പോൾ മനസ്സ് നിറയെ. നാട്ടിലൊന്ന് പോയി വരണം. അച്ഛനും അമ്മയ്ക്കുമൊക്കെ വയസ്സായിക്കാണണം. അനിയത്തിമാർ അടുത്ത് തന്നെ സുഖമായി ജീവിക്കുന്നുണ്ടാവും. ആരോഗ്യം ആസ്വദിക്കുമ്പോൾ ഇവരെയൊന്നും താൻ ഓർത്തിരുന്നില്ല. ഏതോ അനാഥ പ്രേതത്തിന് തീ കൊളുത്തിയിട്ട് മുനിസിപ്പാലിറ്റിക്കാർ മടങ്ങുന്നു. ചിതയ്ക്കഭിമുഖമായി ഒരു സന്യാസിയെപ്പോലെ അയാളിരുന്നു.വായുവിലുയരുന്ന പുകച്ചുരുളുകൾക്ക് അയാളുടെ അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു. അല്ലെങ്കിലും ആത്മാക്കൾക്കെല്ലാം ഒരേ മുഖമാണല്ലോ.ചാറ്റൽ മഴയ്ക്കൊപ്പം അയാൾ തിരികെ നടക്കുകയാണ്. കൂട്ടായി മുബാറക്ക് ഹോട്ടലിലെ മധുരമുള്ള മീൻ കറിയുടെ മണവും.

English summary : Digambaran Shortstory By Dr. Aby Lukose

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA