ADVERTISEMENT

സിനിമ (കഥ)

‘‘എടാ ദേവാ’’

അടുത്തുവന്നു നിർത്തിയ കാറിൽനിന്ന് ആരോ വിളിക്കുന്നത് കേട്ട് ദേവദാസ് നടത്തം നിർത്തി നോക്കി. ശശിയാണ് ഡിഗ്രിക്ക് ഞങ്ങൾ ഒന്നിച്ചു പഠിച്ചതായിരുന്നു.

 

‘‘നിന്നെ കണ്ടിട്ടു ഒത്തിരി നാൾ ആയല്ലോ.നീ സിനിമ എന്നും പറഞ്ഞു വീട്ടിൽ നിന്നും വിട്ടു നാടൊട്ടുക്കും അലയുകയാണെന്ന് കഴിഞ്ഞ തവണ കണ്ടപ്പോൾ നിന്റെ ചേട്ടൻ പറഞ്ഞിരുന്നു’’

 

ദേവദാസൻ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു.

 

‘‘ഞാൻ കാണുന്ന സിനിമകളിൽ ഒക്കെ നിന്റെ മുഖവും തിരായറുണ്ട്’’ അവൻ കളിയാക്കിയതായിരിക്കുമോ.

 

‘‘നീ എന്താ ഇവിടെ’’

 

‘‘കമ്പനിയുടെ ഒരു മീറ്റിങ് ഉണ്ടായിരുന്നു ഇന്നലെ. നിനക്കറിയാലോ ഞാൻ എംഡിയുടെ അടുത്തയാളാണെന്ന്. അതുകൊണ്ടു ഇന്നലെ മീറ്റിങ് കഴിഞ്ഞിട്ടും എംഡി വിട്ടില്ല. ഉച്ചക്ക്  ഇവിടുത്തെ ഓഫിസിൽ ഒന്നു പോയതിനു ശേഷം നാട്ടിൽ പോകണം’’

 

‘‘അതേയോ ശരി എന്നാൽ പിന്നെ കാണാം ’’ ദേവൻ യാത്ര പറഞ്ഞു.

 

‘‘നീ അങ്ങനെ പോകല്ലേ.എനിക്ക് ഇവിടുത്തെ ഹോട്ടലുകൾ ഒന്നും അത്ര പരിചയം ഇല്ല. നമുക്ക് ഭക്ഷണം കഴിച്ചു പോവാം’’

 

‘‘കുറച്ചു മുന്നോട്ടു പോയാൽ ഒരു നല്ല ഹോട്ടലുണ്ട്. നീ പോയി കഴിക്കൂ. എനിക്കൽപം ധൃതി ഉണ്ട്’’

 

‘‘അതൊന്നും പറ്റില്ല നീയും കൂടെ വാ’’ അവൻ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി.

 

ഹോട്ടലിൽ എത്തിയയുടൻ അവൻ രണ്ടു ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു സംസാരം തുടങ്ങി. സംസാരം അല്ല ഉപദേശം. ദേവൻ മടുപ്പോടെ കേട്ടു കൊണ്ടിരുന്നു. ഇതിനിടയിൽ വന്ന ബിരിയാണി കഴിച്ചു തീരുന്നതിനു മുൻപ് അവനു ഒരു ഫോണ് വന്നു. ഫോണ് അറ്റൻഡ് ചെയ്ത് ‘‘ ദേവാ എനിക്ക് അത്യാവശ്മായിട്ട് ഒന്നു ഓഫിസിൽ എത്തണം നീ മുഴുവൻ കഴിച്ചിട്ട് ഇറങ്ങിയാൽ മതി’’ എന്നു പറഞ്ഞു ധൃതിയിൽ ഇറങ്ങി പോയി.

 

അല്ല ബില്ല് കൊടുക്കൂ എന്നു പറയാനുള്ള സമയം പോലും ദേവന് കിട്ടിയില്ല. അപ്പോഴേക്കും വെയിറ്റർ ബില്ല് കൊണ്ട് വന്നു മുന്നൂറുരൂപ ദേവന്റെ കണ്ണു തള്ളി. പോക്കറ്റിൽ പൈസ ഇല്ല എന്നറിയാമെങ്കിലും വീണ്ടും പേഴ്‌സ് എടുത്തു തുറന്നു നോക്കി.അതിൽ നാട്ടിൽ നിന്നും പോരുന്ന സമയത്തു ഏട്ടത്തിയമ്മ  ഊരിക്കൊടുത്ത വള വിറ്റു കിട്ടിയതിൽ ബാക്കി ഉള്ള നൂറു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി ഇപ്പൊ താൻ എന്തു ചെയ്യും ഇവർ ദേഹോപദ്രവം വല്ലതും ചെയ്യുമോ അതോ എച്ചിൽപാത്രം കഴുകിക്കുമോഎന്തായാലും ഈ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ മുന്നിൽ അപമാനിതനാവും ദേവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. പെട്ടന്നാണ് എതിർ വശത്തുള്ള മേശക്ക് മുന്നിൽ തന്നെയും നോക്കി കൊണ്ടിരുന്ന  താടിക്കാരൻ ആയ യുവാവ്  തന്റെ പരവേശം കണ്ടിട്ടാണെന്നു തോന്നുന്നു  അരികിലേക്ക് വന്നു.

 

‘‘എന്തു പറ്റി ബ്രോ’’ എന്നു പുഞ്ചിരിയോടെ ചോദിച്ചു. കാര്യം പറയാൻ താൻ മടിക്കുന്നത് കണ്ടിട്ടാവും ‘‘ബ്രോയുടെ കയ്യിൽ എത്രയുണ്ട്’’ ?എന്നു ചോദിച്ചു. ആകെ ഉള്ള നൂറു രൂപ നോട്ട് കാണിച്ചു. അയാൾ പോക്കറ്റിൽ കയ്യിട്ടു ഉള്ള ചില്ലറ നോട്ടുകൾ എല്ലാം എണ്ണി ഇരുന്നൂറു രൂപ കൂടി ചേർത്തു ബില്ല്‌ കൊടുത്തു.

 

പുറത്തിറങ്ങിയത്തിനു ശേഷം പറഞ്ഞു.‘‘ബ്രോ എന്റെ പേര് ഷാജഹാൻ. കൂട്ടുകാർ ഷാജി എന്നു വിളിക്കും. ബ്രോയെ ഞാൻ പല ലോക്കേഷനുകളിലും ചാൻസ് ചോദിച്ചു വരുന്നതു കണ്ടിട്ടുണ്ട്.’’

 

‘‘സാർ ഫിലിം ഫീൽഡിൽ ആണോ’’

 

‘‘സാർ എന്നൊന്നും വിളിക്കേണ്ട ഞാനും നിങ്ങളെപ്പോലെ തന്നെയാണ് ബ്രോ. ഒരു സിനിമ സംവിധാനം ചെയ്യാൻ പ്രൊഡ്യൂസറെ തേടി നടക്കുകയാണ്.ആട്ടെ എന്താ ബ്രോയുടെ പേര്’’

 

‘‘ദേവദാസ്’’

‘‘ആട്ടെ ബ്രോ എവിടെ ആണ് താമസം’’?

 

‘‘രണ്ടു ദിവസം മുൻപ് വരെ ഇവിടെ ഒരു ഹോസ്റ്റലിൽ ആയിരുന്നു. പൈസ തീർന്നപ്പോൾ അവിടെ നിന്നും ഇറങ്ങി. ഇന്നലെ റെയിൽവേ സ്റ്റേഷനിൽ കിടന്നു’’.

 

‘‘എന്റെ കൂടെ പോരുന്നോ ഞങ്ങളുടെ അവസ്ഥയും ഏതാണ്ട് ഇതു പോലെ ഒക്കെത്തന്നെയാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ ഇതേ പോലെ സിനിമ ഭ്രാന്തു തലക്ക് പിടിച്ച വേറെ രണ്ടുപേര് കൂടെ ഉണ്ട്. ഞങ്ങൾ ഇവിടെ ഒരു പഴയ വീട് വാടകക്ക് എടുത്തു കഴിയുക ആണ്. ബ്രോക്കും കൂടെ കൂടാം’’

 

‘‘അതിനു എന്റെ കയ്യിൽ പൈസ ഒന്നും’’

 

‘‘എന്താ നാട്ടിൽ തിരിച്ചു പോകാനുള്ള പരിപാടി ആണോ’’

 

‘‘അയ്യോ നാട്ടിൽ ഈ അവസ്ഥയിൽ തിരിച്ചു പോകാൻ കഴിയില്ല’’

 

‘‘എന്നാ പിന്നെ ഒന്നും ആലോചിക്കേണ്ട കൂടെ വാ ബ്രോ വീട്ടുടമസ്ഥൻ ഇറക്കി വിടുന്നത് വരെ നമുക്ക്‌ അവിടെ കൂടാം’’ഷാജഹാൻ നിർബന്ധിച്ചു ബൈക്കിൽ കയറ്റി.

 

വീട്ടിൽ എത്തിയപ്പോൾ ഈ നഗരത്തിനുള്ളിൽ ഇങ്ങനെ ഒരു പഴയ വീട് ഇപ്പോഴും ഉണ്ടാവുമോ എന്നു തോന്നി ദേവന്. ഒരു ഹാളും ഒരു അടുക്കളയും പുറത്തു ഒരു കിണറും ബാത്റൂമും കക്കൂസും ഏകദേശം അഞ്ചു സെന്റ് സ്ഥലത്ത്‌. റൂമിൽ മറ്റു രണ്ടു പേരും ഉണ്ടായിരുന്നു. റൂമിൽ പ്രവേശിച്ച ഷാജഹാൻ നാടകീയമായി തന്നെ പരിചയപ്പെടുത്തി.

 

‘‘അപ്പൊ കൂട്ടുകാരെ നമ്മുടെ ഈ സിനിമ തറവാട്ടിലേക്ക് ഇതാ ആദ്യമായി ഒരു സൂപ്പർസ്റ്റാർ പ്രവേശിക്കുന്നു. അഭിമാന പൂർവം സ്വാഗതം ചെയ്യുവിൻ. ഇതു ഭാവി സൂപ്പർസ്റ്റാർ ദേവദാസ്’’

 

‘‘പേരിനു ഒരു പഞ്ച് ഇല്ലല്ലോ ഭായ്’’ എന്നു പറഞ്ഞു കറുത്തു തടിച്ച ഒരാൾ സ്വയം പരിചയപ്പെടുത്തി. ഞാൻ ശിവകുമാർ തിരക്കഥാകൃത്താണ്.താങ്കൾക്ക് എന്നെ ശിവ എന്നു വിളിക്കാം’’.

 

‘‘ഞാൻ റജി ജോസ്‌. മ്യൂസിക് ഡയറക്ടർ ആവാനുള്ള ശ്രമത്തിൽ ആണ്’’. രണ്ടാമൻ വെളുത്തു നീണ്ട ആൾ പരിചയപ്പെടുത്തി. ഇല്ലായ്മയിലും വല്ലായ്മയിലും സന്തോഷം കണ്ടെത്താനുള്ള ഷാജഹാന്റെ കഴിവ് തന്നെ ആയിരുന്നു മുന്നോട്ടുള്ള ദിവസങ്ങളെ ഉത്സാഹഭരിതമാക്കിയത്. ഒരു യാഥാസ്ഥിക  സമ്പന്ന മുസ്ലിം കുടുംബത്തിൽ ജനിച്ച ഷാജിയുടെ സിനിമ മോഹം അവന്റെ കുടുംബത്തിന് സങ്കൽപ്പിക്കാനേ കഴിയില്ലായിരുന്നു.അതുകൊണ്ടു തന്നെ തന്റെ ആഗ്രഹം സഫലമാക്കാൻ വീടും കുടുംബവും ഉപേക്ഷിച്ചു ഇറങ്ങിയതാണ് അവൻ.

 

 അമ്മ മാത്രമുള്ള ശിവ അമ്മയെ അവന്റെ അമ്മാവന്റെ വീട്ടിൽ ആക്കിയിട്ടാണ് സിനിമ എന്നു പറഞ്ഞു ഇറങ്ങി തിരിച്ചിരിക്കുന്നത്. ഒരു റിട്ടയേർഡ് അധ്യാപകന്റെ മകനായ റജിക്കു അവന്റെ അപ്പൻ പെൻഷൻ കിട്ടുമ്പോൾ അയച്ചു കൊടുക്കുന്ന നിസ്സാര തുകയും ഷാജഹാന്റെ ഉമ്മ വീട്ടുകാർ അറിയാതെ വല്ലപ്പോഴും അയച്ചു കൊടുക്കുന്ന പൈസയും കൊണ്ടു അരിഷ്ടിച്ചു ജീവിക്കുന്ന സമയം. എല്ലാ ദിവസവും ഷൂട്ടിങ് ലൊക്കേഷനുകളും റിക്കാർഡിങ് സ്റ്റുഡിയോകളും നിർമാതാക്കളുടെ വീടുകളും കയറി ഇറങ്ങി നടക്കുന്നതിനിടയിൽ അവർ ഒരു തീരുമാനം എടുത്തിരുന്നു അവസരം കിട്ടിയാൽ  നാലുപേരും ഒന്നിച്ചു ഒരു സിനിമ. ശിവയുടെ സ്ക്രിപ്റ്റിൽ ഷാജഹാൻ സംവിധാനം ചെയ്തു ദേവദാസ് അഭിനയിച്ചു റജി മ്യൂസിക് ഡയറക്ടർ ആവുന്ന ഒരു പടം അവരുടെ ഡ്രീം പ്രോജക്ട്.

 

 

 ഒരു ദിവസം രാവിലെ വീട്ടുടമസ്ഥൻ വന്ന് ചീത്ത പറയുന്നതും കെട്ടുകൊണ്ടാണ് നാൽവർ സംഘം എണീറ്റത്.

 ‘‘എന്റെ മക്കളെ ഈ ഒൻപതു മണി വരെ ഒക്കെ കുടന്നുറങ്ങാതെ രാവിലെ എന്തെങ്കിലും പണിക്കു പോയി എന്റെ വാടക തരാൻ നോക്കൂ.നാലു മാസം ആയി ഇപ്പോ ഒരു പൈസ കിട്ടിയിട്ടില്ല. ഈ വറീച്ചനു വേറെ വരുമാനം ഒന്നും ഇല്ല. പെൻഷൻ കാശും ഈ വാടകയും കൂട്ടിയാൽ ഒന്നും ഇക്കാലത്തു ഒരു കുടുംബം കഴിഞ്ഞു കൂടില്ല മക്കളെ. സിനിമാക്കാർ ആണെന്ന് പറഞ്ഞപ്പോൾ വാടക കറക്റ്റ് ആയി കിട്ടുമല്ലോ എന്നു വിചാരിചിട്ടാണ് വീട് തന്നത്. ഇതിപ്പോ വാടകയും ഇല്ല വീടും ഒഴിയില്ല.രണ്ടു ദിവസം കഴിഞ്ഞു ഞാൻ വരും അപ്പോഴേക്കും ഒന്നുകിൽ വാടക അല്ലെങ്കിൽ വീട്  ഒഴിഞ്ഞു തരിക. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടാ മക്കളെ’’ എന്നും പറഞ്ഞു പുറത്തൊട്ടിറങ്ങിയ വറീച്ചൻ ‘‘വാടക ഞാൻ തന്നാൽ മതിയോ’’ എന്നൊരു സ്ത്രീ ശബ്ദം കേട്ടു നിന്നു. മുന്നിൽ നിർത്തിയിട്ട സ്കൂട്ടിക്ക് അരികിൽ ഒരു യുവതി നിൽക്കുന്നു. ഒന്നു പകച്ചു നോക്കിയ വറീച്ചൻ മറുപടി പറഞ്ഞു ‘‘എനിക്ക് ആരുതന്നാലും വേണ്ടില്ല പൈസ കിട്ടിയാൽ മതി കുഞ്ഞേ’’ ‘‘ എന്നാൽ അങ്കിൾ ഉച്ചക്ക് ഇവിടെ  എസ് ബി ഐ ബാങ്കിൽ വന്നോളു.ഞാൻ തരാം’’.

 

ഇതാര സ്കൂട്ടിയിൽ ഒരു രക്ഷക അവതരിച്ചത്  എന്നു അദ്ഭുതത്തോടെ നോക്കുമ്പോൾ ശിവയെ നോക്കി അവൾ വിളിച്ചു ‘‘എടാ ഉണ്ടപ്പക്രു നിനക്കു എന്നെ മനസ്സിലായില്ലേ’’ ഒരു നിമിഷം കണ്ണുരുട്ടി നോക്കി അവൻ വിളിച്ചു ‘‘എടീ അഭി നീ എന്താ ഇവിടെ’’ ‘‘ഞാൻ ഇവിടെ എസ് ബി ഐ ലേക്ക് ഒരാഴ്ച്ച മുൻപാ സ്ഥലം മാറ്റം കിട്ടി വന്നത്. രണ്ടു സ്റ്റോപ്  അപ്പുറത്ത് ആണ് എന്റെ ഹോസ്റ്റൽ. ഇന്നലെ രാവിലെ മഴ കാരണം സ്കൂട്ടി എടുക്കാതെ ആണ് ഞാൻ വന്നത്. ബസ്സിൽ പോകുമ്പോൾ നീ ഇവിടെ നിൽക്കുന്നത് കണ്ടു. അപ്പൊ രാവിലെ നിന്നെ ഒന്നു നോക്കാം എന്നു കരുതി കുറച്ചു നേരത്തെ ഇറങ്ങിയതാ’’ പെട്ടന്ന് തന്നെ ശിവ അവളെ പരിചയപ്പെടുത്തി.

 

‘‘ഇത് അഭിരാമി ഞങ്ങൾ ഒന്നിച്ചാണ് കോളേജിൽ പഠിച്ചത്. അവൾക്ക് ഡിഗ്രി കഴിഞ്ഞു അധികം വൈകാതെ ബാങ്കിൽ ജോലി കിട്ടി.പിന്നെ ഇപ്പോഴാണ് ഞാൻ കാണുന്നത്’’

 

‘‘നിങ്ങൾ അവളുടെ കണ്ണിലേക്ക് നോക്കൂ അതിൽ എന്നോടുള്ള പ്രണയം പൂത്തിറങ്ങുന്നത് കാണുന്നില്ലേ ‘‘ശിവ ചോദിച്ചു.

 

‘‘കണ്ണു മാത്രം അല്ല എന്റെ മൂക്കും പ്രവത്തിക്കുന്നുണ്ട് പോയി പല്ലുതേച്ചു കുളിച്ചു വാടാ എന്തൊരു നാറ്റം ആണിത്’’ അവൾ തിരിച്ചടിച്ചു.

 

‘‘ഞാൻ തമാശ പറഞ്ഞതാ ഇവൾ എന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു’’ ശിവ   കണ്ണിറുക്കി. അന്ന് മുതൽ അവരുടെ നാൽവർ സംഘത്തിൽ ഒരാൾ കൂടെ ആയി അല്ലെങ്കിൽ അവർക്ക് ഒരു സ്പോൺസറെ കിട്ടി എന്നു പറയാം. പണം ഉള്ള വീട്ടിലെ കുട്ടി ആയതു കൊണ്ട് അവൾക്ക് പ്രാരാബ്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.അവളുടെ ഭാഷയിൽ പറഞ്ഞാൽ കല്യാണം കഴിയുന്നത്‌ വരെ അടിച്ചു പൊളിച്ചൊരു ജീവിതം. ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് സ്ഥലം മാറി വന്ന അവൾക്ക് ഇവിടെ വേറെ കൂട്ടുകാർ ഒന്നും ഉണ്ടായിരുന്നതും ഇല്ല. രാവിലെ ബാങ്കിൽ പോകുന്നതും തിരിച്ചു ഹോസ്റ്റലിൽ പോകുന്നതും അവരുടെ വീട് വഴിയായി. വാടക കറക്റ്റ് ആയി കിട്ടുന്നത് കൊണ്ടു വറീച്ചനും ഹാപ്പി.

 

പൈസ ഇല്ലാത്തതു കൊണ്ടു അവർ കട്ട് ചെയ്‌തിരുന്ന തിയേറ്റർ സന്ദർശനങ്ങളും ഹോട്ടൽ ഭക്ഷണവും ഒക്കെ ഇടക്കിടക്ക്  ഒഴിവ് ദിവസങ്ങളെ സമ്പന്നമാക്കി. ഇതിനിടയിലും അവർ അശ്രാന്ത പരിശ്രമം തുടർന്ന് കൊണ്ടേ ഇരിന്നു. ഇപ്പോൾ മനസ്സ് തളരുമ്പോൾ പ്രോത്സാഹിപിക്കാൻ ഒരു സുഹൃത്ത് കൂടി ഉള്ള ആശ്വാസം വേറെയും.

ഒരു  ദിവസം ദേവദാസ് ബീച്ചിൽ ഒരു പടത്തിന്റെ ലോക്കേഷനിൽ പോയി മടങ്ങുമ്പോൾ അഭി ഉണ്ട് ആ വഴിക്ക് വരുന്നു. അവൾ അവിടെ ഒരു സൈറ്റ് വിസിറ്റ് ചെയ്തു മടങ്ങുക ആയിരുന്നു.

 

‘‘കയറൂ ദേവാ’’ അവൾ പറഞ്ഞു.‘‘അല്ലെങ്കിൽ നീ ഓടിച്ചോ’’ അവൾ പിറകോട്ടിരുന്നു’’ ദേവനെ പറ്റി ഒന്നും എന്നോടു പറഞ്ഞിട്ടില്ലല്ലോ ‘‘ അവൾ ചോദിച്ചു. ‘‘എന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനും. പിന്നെ അച്ഛന്റെ ചെറിയ പ്രസ്സ് നടത്തിക്കൊണ്ടു ഏട്ടൻ എന്നെ പഠിപ്പിച്ചു. ഡിഗ്രി കഴിഞ്ഞു ഒരു ജോലി കിട്ടുന്നത് വരെ ഏട്ടന്റെ കൂടെ പ്രസ്സിൽ സഹായി ആയി കൂടാൻ പറഞ്ഞു. പക്ഷേ അപ്പോഴേക്കും സിനിമ മോഹം തലയിൽ കയറിയിരുന്നു. ഞങ്ങളുടെ നാട്ടിൽ ചില സിനിമകളിൽ ഒക്കെ സഹ സംവിധായകൻ ആയി ജോലി ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു. ഞങ്ങളുടെ സിനിമ മോഹം കണ്ടിട്ടു എല്ലാവർക്കും കൂടെ ഒരു ചെറിയ പടം ചെയ്യാം എന്നു അയാൾ പറഞ്ഞതു പ്രകാരം ഞങ്ങൾ ഏഴെട്ടു കൂട്ടുകാർ മൂന്ന് ലക്ഷം രൂപ വെച്ചു എടുത്തു അയാളുടെ കയ്യിൽ കൊടുത്തു. ആ പൈസയും കൊണ്ടു കഥയും പേരും രജിസ്റ്റർ ചെയ്തു വരാം എന്നു പറഞ്ഞു പോയ അയാളെ പിന്നീട് ഞങ്ങൾ കണ്ടിട്ടില്ല. പൈസ പോയതോടെ കുറച്ചു കാലം ഏട്ടന്റെ കൂടെ പ്രസ്സിൽ കൂടി. പിന്നീട് എന്റെ സിനിമ മോഹം അടക്കി വെക്കാൻ കഴിയാതെ ആയപ്പോൾ വീണ്ടും പലയിടത്തും കറങ്ങിയെങ്കിലും ഒന്നും ശരിയായില്ല. സഹികെട്ടു ഏട്ടൻ പ്രസ്സിൽ നിന്നും ഇറക്കി വിട്ടു. എന്റെ ദുഃഖം കണ്ടു മനസ്സലിഞ്ഞ ഏട്ടത്തിയമ്മ കയ്യിൽ കിടക്കുന്ന വള ഏട്ടൻ അറിയാതെ ഊരി തന്നു.അതു വിറ്റു കിട്ടിയ പണം തീരുന്നത് വരെ പലയിടത്തും അലഞ്ഞു ഒന്നും ശരിയായില്ല.അതിനിടക്ക് ഷാജി എന്നെയും കൂടെ കൂട്ടി.’’

 

‘‘പിന്നീട് വീട്ടിൽ പോയിട്ടെ ഇല്ലേ?’’ ‘‘ഇല്ല ആ വളയുടെ ഇരട്ടി തൂക്കത്തിൽ അല്ലെങ്കിൽ ആ തൂക്കത്തിലെങ്കിലും ഒരു വള വാങ്ങിയിട്ടേ ഇനി നാട്ടിലേക്കുള്ളൂ.‘‘പതുക്കെ പതുക്കെ ദേവന്റെ മനസ്സു അവളോട്‌ അടുക്കുന്നുണ്ടായിരുന്നു.അതു അവൾക്കും അറിയാം എന്നാണ് അവന്റെ വിശ്വാസം. ഇതിനിടയിൽ ഒരു ദിവസം ഷാജിയും ദേവനും കൂടെ ഒരു ലൊക്കേഷനിൽ പോയി മടങ്ങുന്ന സമയത്തു റോഡരികിൽ ഒരാൾ കിടക്കുന്നുണ്ട്. ആളുകൾ അതു ശ്രദ്ദിക്കാതെ നടന്നുപോകുന്നുമുണ്ട്.ബൈക്ക് നിർത്തിയ ഷാജി ആ വൃദ്ധനെ സൂക്ഷിച്ചു നോക്കി പറഞ്ഞു ‘‘എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ’’‘‘ഇയാളെ ഏതൊക്കെയോ പടങ്ങളിൽ ചെറിയ ചെറിയ വേഷത്തിൽ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു പേരോർക്കുന്നില്ല‘‘ദേവൻ പറഞ്ഞു.അവർ അയാളെയും ബൈക്കിൽ കയറ്റി റൂമിലേക്ക് പോന്നു.

 

വീട്ടിൽ എത്തി അൽപം ഭക്ഷണം ഒക്കെ കഴിച്ചു തളർച്ച മാറിയ അദ്ദേഹം നന്ദി പറഞ്ഞു പോകാൻ തുടങ്ങി.

‘‘വീട് എവിടെ ആണെന്ന് പറഞ്ഞാൽ അവിടെ ആക്കാം‘‘ എന്നു പറഞ്ഞ ഷാജിയോട് അയാൾ പറഞ്ഞു ‘‘മോനെ വീടൊന്നും ഇല്ല. ഉണ്ടായിരുന്നു. പണ്ട് വീടും കാറും ഒക്കെ. ഇപ്പൊ ഒരു വൃദ്ധസദനത്തിൽ ആണ് താമസം.വല്ലപ്പോഴും സിനിമയിൽ ചെറിയ വല്ല വേഷങ്ങളും കിട്ടും.അങ്ങനെ ജീവിച്ചു പോകുന്നു’’

 

‘‘അപ്പോൾ വീട്ടുകാർ ഒന്നും ഇല്ലേ’’

 

‘‘ഉണ്ടായിരുന്നു. ഞാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഒരു നിർമ്മാതാവായിരുന്നു. ആദ്യമൊക്കെ സിനിമകൾ വിജയങ്ങൾ ആയിരുന്നു. പിന്നീട് പടങ്ങൾ പൊളിയാൻ തുടങ്ങി. വീടും കാറും മുതലും ഒക്കെ നഷ്ടമായി. എന്നിട്ടും സിനിമയോടുള്ള ആവേശം തീർന്നില്ല. കയ്യിലുള്ളതെല്ലാം നഷ്ടമായപ്പോൾ ഭാര്യക്കും മക്കൾക്കും ഒക്കെ ഞാൻ ഒരു ഭാരമായി.പിന്നീട് അലച്ചിൽ തന്നെ വല്ലപ്പോഴും ചെറിയ ചെറിയ വേഷങ്ങൾ കിട്ടും അതും ആയി ജീവിച്ചു പോകുന്നു’’

 

‘‘ചേട്ടൻ ഞങ്ങളുടെ കൂടെ കൂടുന്നോ ഇവിടെ ഉള്ള കഞ്ഞിയും കുടിച്ചു നമുക്ക് ജീവിക്കാം ഞങ്ങൾക്ക് ചേട്ടന്റെ അനുഭവങ്ങൾ ഒരു പാഠവും ആവും’’. എല്ലാവരുടെയും നിർബന്ധം കൊണ്ട് ഗോപാലകൃഷ്ണൻ എന്ന അയാൾ അവരുടെ ഗോപാൽജി ആയി മാറി. അദ്ദേഹം ആണ് ദേവനോട് പറഞ്ഞതു ‘‘തന്റെ പേരു മാറ്റണം ഈ ദേവദാസ് എന്നതൊന്നും ഒരു ഹീറോക്ക് ചേർന്ന് പേരല്ല. പോരാത്തതിന് ഇന്ത്യൻ സിനിമയിലെ ഒരു ദുരന്ത കഥാപാത്രവും’’

ശിവയും കൂടെ കൂടി ‘‘ഞാൻ ആദ്യം കണ്ടപ്പോഴേ പറഞ്ഞതല്ലേ’’അങ്ങനെ ദേവന്റെ പേരു മാറ്റണം എന്നു എല്ലാവരും പറഞ്ഞെങ്കിലും അച്ഛനും അമ്മയും ഇട്ട പേരു മാറ്റുന്നത് ദേവന് വലിയ വിഷമം ആയിരുന്നു. ഒരു പാട് പേരുകൾ അവർ  ചർച്ച ചെയ്തെങ്കിലും എല്ലാവർക്കും ഒരുപോലെ ഇഷ്ടമായ ഒരു പേരു കണ്ടെത്താൻ കഴിഞ്ഞില്ല.

 

പിറ്റേന്ന് അഭി വന്നപ്പോൾ ഗോപാൽജി കാര്യം അവതരിപ്പിച്ചു.‘‘എന്നാൽ അച്ഛനും അമ്മയും ഇട്ട പേരിൽ നിന്നും അധികം മാറ്റം ഇല്ലാത്ത ഒരു പേര് നോക്കാം ‘‘എന്നു പറഞ്ഞു അവൾ ചോദിച്ചു. ‘‘ശ്രീദേവ് എന്ന പേര് എങ്ങനെ ഉണ്ട്’’.അടിപൊളി റെജി പറഞ്ഞു. എല്ലാവർക്കും ഇഷ്ടമായ പേരു മൂന്നു പ്രാവശ്യം ഗോപാൽജി അവന്റെ ചെവിയിൽ വിളിച്ചു.‘‘ഏതായാലും ഒരു സൂപ്പർ സ്റ്റാറിന് പേരിട്ട ആദ്യ ബാങ്ക് ജോലിക്കാരി എന്ന ക്രഡിറ്റ് എനിക്കിരിക്കട്ടെ’’ അഭിരാമി പറഞ്ഞു.

 

ഇതിനിടയിൽ ഷാജിക്ക് ഒരു നിർമ്മാതാവിനെ കിട്ടിയിരുന്നു.അവരുടെ ആഗ്രഹം പോലെ തന്നെ  എല്ലാവരും ഉൾപ്പെടുന്ന ഒരു സിനിമ. മൂന്ന് മാസം കഴിഞ്ഞു ഷൂട്ടിങ് തുടങ്ങാൻ തീരുമാനിച്ചു. സന്തോഷത്തിന്റെ ദിനങ്ങൾ .റജി വീട്ടിൽ ഒന്നു പോയി വന്നു റ്റ്യൂണുകൾ പരീക്ഷിക്കാൻ തുടങ്ങി. ശിവ തിരക്കഥയിൽ അവസാന മിനുക്ക് പണികൾ നടത്തിക്കൊണ്ടിരുന്നു. ഷാജിയും ഗോപാൽജിയും പറ്റിയ ലൊക്കേഷനുകൾ തപ്പി ഇറങ്ങി. ദേവന് മാത്രം തിരക്ക് ഉണ്ടായിരുന്നില്ല. ഇവരുടെ എല്ലാവരുടെയും കൂടെ സഹായി ആയി കൂടിയാലും സമയം ബാക്കി ആയിരുന്നു.ആ സമയം അവനും അഭിയും കൂടി കറങ്ങി നടന്നു. അതിനിടക്ക് ഒരു ദിവസം ശിവയുടെ അമ്മക്ക് അസുഖം കൂടുതൽ ആണെന്ന് പറഞ്ഞു ഫോൺ വന്നു.നാട്ടിൽ പോകാൻ പൈസ ഇല്ലാതെ വിഷമിച്ച അവനു ആവശ്യത്തിനുള്ള പൈസ പെട്ടന്ന് തന്നെ അഭി എത്തിച്ചു കൊടുത്തു.താനും കൂടെ വരാം എന്നു ദേവൻ പറഞ്ഞെങ്കിലും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം എന്നു പറഞ്ഞു ശിവ നാട്ടിലേക്ക് പോയി.

 

അവൻ അവിടെ എത്തിയതിന്റെ പിറ്റേ ദിവസം രാത്രി അവന്റെ അമ്മ മരിച്ചു. ഫോണിലൂടെ പൊട്ടിക്കരയുന്ന അവനെ അവർക്ക് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.പിറ്റേന്ന് രാവിലെ അവർ അഞ്ചുപേരും അവിടെ എത്തിച്ചേരുന്നതിനു മുൻപേ തന്നെ ഒരു മുഴം കയറിൽ ശിവയും അവന്റെ എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി അമ്മയുടെ പിറകെ യാത്ര ആരംഭിച്ചിരുന്നു. കൂട്ടുകാർക്ക് എഴുതിവെച്ച കത്തിൽ എല്ലാവരോടും ക്ഷമ ചോദിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട്  കഷ്ടപ്പെട്ട് വളർത്തിയ അമ്മയെ അവസാനകാലത്ത് നന്നായി നോക്കാം എന്നു കരുതിയാണ് അവൻ ഈ കഷ്ടപാടെല്ലാം സഹിച്ചത്. ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ. എന്നാലും കൂട്ടുകാർ തളരാതെ അവരുടെ സ്വപ്നങ്ങൾ പൂർണമാക്കണം എന്ന അപേക്ഷയും.

 

ആ ഷോക്കിൽ നിന്നും അവർ മോചിതരാവൻ ആഴ്ചകൾ എടുത്തു. തിരക്കഥാകൃത്തിന്റെ ആത്മഹത്യ വാർത്ത കേട്ടു നിർമാതാവ് ആ പ്രോജക്റ്റിൽ നിന്നും പിന്മാറുകയും ചെയ്തു. ശിവയുടെ മരണം അഭിരാമിയെയും തളർത്തിയിരുന്നു.‌ പിന്നീട് നിരന്തര പരിശ്രമം കൊണ്ടു അവർക്കൊരു നിർമാതാവിനെ കൂടെ കിട്ടി. വീണ്ടും പ്രതീക്ഷകൾക്ക് ചിറക് വിരിയാൻ തുടങ്ങി. ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം ഉമ്മയെ കാണാൻ പോയ ഷാജി തിരിച്ചു വരുന്ന വഴിക്ക് ബൈക്ക് ഒരു ലോറിയും ആയി ഇടിച്ചു. രണ്ടു ദിവസം ആശുപത്രിയിൽ ഐസിയുവിൽ മരണത്തോട് മല്ലടിച്ചു കിടന്നു. ഒടുവിൽ കയറി കണ്ട റജി നോക്കി നിൽക്കെ ദേവന്റെ കയ്യിൽ പിടിച്ചു കൊണ്ടു  ‘‘നമ്മളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാതെ എനിക്കും നിങ്ങളെ വിട്ടു പോവാനുള്ള സമയം ആയി പക്ഷേ നിങ്ങൾ തളരരുത്‘‘ എന്നു മന്ത്രിച്ചു കൊണ്ടു അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനും അവരുടെ ജീവിതം ശ്യൂന്യമാക്കി കൊണ്ടു കടന്നു പോയി.

 

ഷാജി ഇല്ലാത്ത വീട്ടിൽ ജീവിക്കുക എന്നത് ദേവനും റജിക്കും സങ്കൽപ്പിക്കാൻ പോലും പറ്റാത്തത് ആയിരുന്നു.പക്ഷേ ശിവയുടെയും ഷാജിയുടെയും   സ്വപ്നങ്ങൾ നിങ്ങളിലൂടെ എങ്കിലും സഫലമാവണം എന്ന അഭിയുടെയും ഗോപാൽജി യുടെയും നിർബന്ധത്തിനു അവർ വഴങ്ങി. മാസങ്ങളുടെ പരിശ്രമങ്ങൾക്കൊടുവിൽ റജിക്കൊരു പടം കിട്ടി.എന്നാൽ ദേവനും കൂടെ ചാൻസ് കിട്ടാതെ അവൻ പോകുന്നില്ല എന്നു വാശി പിടിച്ചെങ്കിലും ദേവനും ഗോപാൽജി യും കൂടെ അവന്റെ മനസ്സ് മാറ്റി.നീ എങ്കിലും രക്ഷപെട്ടാൽ പിന്നെ എനിക്കൊരു ചാൻസ് എളുപ്പം അല്ലേ എന്ന ദേവന്റെ ചോദ്യത്തിൽ അവൻ വഴങ്ങി.

 

ആ സിനിമയുടെ ആവശ്യങ്ങൾക്കായി റജി ചെന്നൈയിലേക്ക് വണ്ടി കയറി.നാലു കൂട്ടുകാരിൽ താൻ മാത്രം ഒറ്റപ്പെട്ടതായി ദേവന് തോന്നി.തന്റെ ഭാഗ്യത്തെ പഴിച്ചു ജീവിതം തള്ളി നീക്കുന്ന ദിനങ്ങൾ.അഭിയുടെ സഹായം കൊണ്ടു മാത്രം ഭക്ഷണം കഴിച്ചു മുന്നോട്ടു പോകുന്ന ദിവസങ്ങൾ അതിനിടക്ക് അവനു ഒന്നു രണ്ടു സിനിമകളിൽ ചെറിയ വേഷങ്ങൾ കിട്ടിയെങ്കിലും അവ ചെയ്യാൻ ഗോപാൽജി സമ്മതിച്ചില്ല.മോനെ ഇപ്പൊ നീ ആ വേഷങ്ങൾ ചെയ്താൽ ജീവിത കാലം മുഴുവൻ നീയും എന്നെ പോലെ എക്സ്ട്ര നടൻ ആയി ജീവിതം തീർക്കേണ്ടി വരും അദ്ദേഹം പറഞ്ഞു.

 

ഇതിനിടയിൽ ഗോപാൽജി പണ്ട് നിർമ്മാതാവായിരുന്ന സമയത്തു അവതരിപ്പിച്ച ഒരു സംവിധായകൻ പുതിയ പടം തുടങ്ങിയ അവസരത്തിൽ അതിൽ ഒരു റോള് ഗോപാൽജി നേരിട്ടു പോയി ചോദിച്ചു.അദ്ദേഹത്തിനൊടുള്ള കടപ്പാട് കാരണം സംവിധായകൻ ഒരു നല്ല വേഷം ദേവന് കൊടുക്കാം എന്നേറ്റു.ഷൂട്ടിങ്ങിന് പോകാനുള്ള ദിവസം ദേവനും ഗോപാൽജി യും അഭിയെ കണ്ടു യാത്ര പറഞ്ഞു പിരിയുമ്പോൾ ഗോപാൽജിക്കൊരു ഫോണ് വന്നു.ഫോണ് അറ്റൻഡ് ചെയ്ത ഗോപാൽജി ദേഷ്യത്തോടെ മൊബൈൽ നിലത്തെറിഞ്ഞു ഉടച്ചു.എന്നിട്ടു ദേവനെ കെട്ടിപിടിച്ചു പറഞ്ഞു മോനെ ഈ സിനിമ ഫീൽഡ് എന്നു പറഞ്ഞാൽ അന്ധവിശ്വാസവും നെറികേടും നിറഞ്ഞതാണ്.നായകനായി അഭിനയിക്കാൻ തീരുമാനിച്ച ആദ്യ രണ്ടു പടങ്ങളും തിരക്കഥാകൃത്തും സംവിധായകനും മരിച്ച കാരണം പ്രോജക്ട് മുടങ്ങിപ്പോയ ഒരാളെ വെച്ചു സിനിമ ചെയ്യാൻ നിർമ്മാതാവ് സമ്മതിക്കുന്നില്ല എന്ന്.

 

 

വീണ്ടും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദേവൻ നാട്ടിൽ തിരിച്ചു പോയി ഏട്ടന്റെ കൂടെ പ്രസ്സിൽ ജോലി ചെയ്താലോ എന്നാലോചിക്കാൻ തുടങ്ങി.താൻ പടം തീർത്തു തിരിച്ചു വരുന്നത് വരെ കാത്തിരിക്കാൻ റജി പറഞ്ഞു.

ഇടക്കൊരു ദിവസം അഭിരാമി വന്നു അവന്റെ കയ്യിൽ കുറച്ചു പൈസ പിടിപ്പിച്ചിട്ടു പറഞ്ഞു ഞാൻ ഒന്നു നാട്ടിൽ പോയി വരാം ഒരാഴ്ച്ച കഴിയും തിരിച്ചു വരാൻ. അവൾ പോയി പതിനഞ്ചു ദിവസം കഴിഞ്ഞിട്ടാണ് തിരിച്ചു വന്നത്. അന്ന് വൈകിട്ട് ബാങ്കിൽ നിന്നും തിരിച്ചു വരുമ്പോൾ  അവൾ ദേവനോട് പറഞ്ഞു.

 

‘‘നാളെ ഞാൻ തിരിച്ചു പോകും’’

 

‘‘എന്തേ ഇത്ര പെട്ടന്ന്’’

 

‘‘എന്റെ കല്യാണം തീരുമാനിച്ചു’’

 

‘‘കല്യാണമോ’’ ആരോ ഒരു കൂടം കൊണ്ടു തന്റെ തലക്ക് അടിച്ചത് പോലെ ദേവന് തോന്നി.

 

‘‘അപ്പൊ അഭി നമ്മൾ തമ്മിൽ’’

 

‘‘നമ്മൾ തമ്മിലോ നമ്മൾ തമ്മിൽ എന്താ’’

 

‘‘എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് അറിയില്ലേ’’

 

‘‘ഞാൻ നിന്നെ എനിക്ക് ഇഷ്ടം ആണെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ’’

 

‘‘അഭി ഞാൻ’’

 

‘‘നിങ്ങൾ ഈ ആണുങ്ങളുടെ പ്രശ്നം ഇതാണ്  ഏതെങ്കിലും ഒരു പെൺകുട്ടി അൽപം അടുപ്പം കാട്ടിയാൽ അതു പ്രേമം ആണെന്ന് കരുതും. അല്ലെങ്കിൽ തന്നെ നീയും ഞാനും തമ്മിൽ ചേരും എന്നു തോന്നുന്നുണ്ടോ. എന്നെ കെട്ടാൻ എന്തു യോഗ്യത ആണ് നിനക്കു ഉള്ളത്.’’ശരിയാ അഭി നിന്റെ ഔദാര്യത്തിൽ ജീവിക്കുന്ന ഞാൻ അതിമോഹം ആണ് കാണിച്ചത് എന്നോട് ക്ഷമിക്കൂ. ഇനി ഒരിക്കലും നിന്റെ ജീവിതത്തിൽ ഒരു അപശകുനം ആയി ഞാൻ വരില്ല’’ എന്നു പറഞ്ഞു കൊണ്ടു അവൻ അവിടെ നിന്നും നടന്നു നീങ്ങി....

 

മൂന്നു വർഷത്തിന് ശേഷം

 

‘‘ഗോപാൽജി ശ്രീ ദേവ് എത്തിയോ’’

 

നിർമ്മാതാവ് സണ്ണിച്ചൻ കാവുംപാടം ആണ്.

 

‘‘ദേവ് ന്യൂയോർക്കിൽ നിന്നും ഇന്നലെ രാത്രി എത്തി. ഇപ്പൊ വീട്ടിൽ ഉണ്ട്’’

 

‘‘ഏതാ അടുത്ത പടം’’ ലാൽ ജോസ് സാറിന്റെ പടം. അതു കഴിഞ്ഞാൽ ആർ പി യുടെ പടം’’

 

‘‘വന്നാൽ കാണാൻ പറ്റുമോ’’ ‘‘എന്തെങ്കിലും പരിപാടി ഉണ്ടോ എന്നറിയില്ല. ദേവിന്റെ ഏട്ടനും ഫാമിലിയും ഒക്കെ ഇവിടെ ഉണ്ട്.പ്രോഗ്രാം ഒന്നും എന്നോട് പറഞ്ഞിട്ടില്ല’’

 

‘‘ഞാൻ ഉടനെ വരാം’’

സണ്ണിച്ചൻ എത്തിയപ്പോൾ ദേവ് ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു’’

 

‘‘ആ അച്ചായനോ വരൂ. ഗോപാൽജി അച്ചായന് ഫുഡ് എടുക്കാൻ പറ’’

 

‘‘ഫുഡ് ഒന്നും വേണ്ട മോനെ’’

 

‘‘കഴിക്കു അച്ചായാ’’

 

‘‘മോനെ, നമുക്ക് പെട്ടന്നൊരു പടം ചെയ്യാൻ കഴിയുമോ അല്ലെങ്കിൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല’’

 

‘‘അതെന്താ സണ്ണി കഴിഞ്ഞ പടം ഭയങ്കര ഹിറ്റ് അല്ലായിരുന്നോ 250 കോടി കളക്ടറ്റ് ചെയ്തു എന്നാണല്ലോ കേൾക്കുന്നത്’’ഗോപാൽജി ആണ്.

 

‘‘എന്റെ പൊന്നു ഗോപാൽജി കലക്ഷന്റെ കാര്യം നിങ്ങൾക്ക് അറിയാവുന്നതല്ലേ നാൽപതു കോടിക്കു തീരും എന്നു പടഞ്ഞിട്ടു തീർന്നപ്പോൾ അൻപത്തി അഞ്ചായി.പരസ്യം പ്രമോഷൻ ഒക്കെ കൂടി വേറെ ഒരു അഞ്ചും മൊത്തം അറുപതു കോടി. സാറ്റലൈറ്റ് ആമസോണ്  പ്രൈം എല്ലാം കൂടി ഇരുപതു കിട്ടി. ബാക്കി എല്ലാ റൈറ്റും കൂടി പതിമൂന്ന്. പിന്നേം കിടക്കുന്നു ഇരുപത്തി ഏഴു ഇവിടെ എല്ലാം കൂടി ഓടി കിട്ടിയത് അമ്പതും. ടാക്‌സ് തിയേറ്റർ ഷെയർ ഒക്കെ കഴിഞ്ഞു എനിക്ക് ഇപ്പൊ ഒരു എട്ട് നഷ്ടമായി. കേരളത്തിന് പുറത്തു എന്തു കിട്ടിയാലും അതൊന്നും നമുക്ക് വരില്ല. പിന്നേ അവര് പറയുന്ന കളക്ഷൻ അല്ലെങ്കിൽ ഫാൻസുകാർ പറയുന്ന കളക്ഷൻ എല്ലാം കൂടെ കൂട്ടി നൂറ്റമ്പത്, ഇരുന്നൂറു ഒക്കെ അങ്ങോട്ടു പറയും എന്നിട്ടെങ്കിലും ഇവിടെ ഒരു നാലാള് കയറിയാലോ എന്നു വെച്ചു. കഴിഞ്ഞ രണ്ടു പടം കൂടി എനിക്കൊരു പതിനഞ്ചു പോയി കിടക്കുവാ. മോനെ അതു കൊണ്ടു അച്ചായനു പിടിച്ചു നിൽക്കണമെങ്കിൽ പെട്ടന്നൊരു പടം ചെയ്തെ പറ്റൂ.’’

 

‘‘കഥ ഉണ്ടോ’’

‘‘ആയിട്ടില്ല’’

‘‘അച്ചായാ എന്റെ അടുത്തു രണ്ടു പയ്യന്മാർ ഒരു കഥയും ആയി വന്നിരുന്നു. നല്ലൊരു ലൗ സ്റ്റോറി ആണ്.വലിയ ബഡ്‌ജറ്റ്‌ ഒന്നും ആവില്ല. നല്ല പാട്ടുകൾ വേണ്ടി വരും. അതു പിന്നെ റജി നോക്കിക്കോളും. അച്ചായനു താൽപര്യം ഉണ്ടെങ്കിൽ ഞാൻ അവരെ അങ്ങോട്ടു വിടാം’’ ‘‘മോന് ഇഷ്ടപ്പെട്ട കഥ അല്ലെ.എന്നാ പിന്നേ ഒന്നും നോക്കണ്ട നമുക്ക് എന്നു തുടങ്ങാം’’ ‘‘ഞാൻ ഇപ്പൊ ചെയ്യാൻ പോകുന്നത് ലാൽ ജോസ് സാറിന്റെ പടം ആണ് അതിനൊരു മാസം വേണം അതു കഴിഞ്ഞാൽ രാജ് പ്രതാപ് സാറിന്റെ പടം അതു രണ്ടു ഷെഡ്യൂൾ ആണ്. ഒരുമാസം കഴിഞ്ഞാൽ അടുത്ത ഷൂട്ട് ഒരുമാസം കഴിഞ്ഞേ ഉള്ളു ഇടക്ക് നമുക്കിത് തീർക്കാം’’

 

‘‘ഇപ്പോഴാ എന്റെ ശ്വാസം ഒന്നു വീണത് നന്ദി മോനെ നന്ദി’’

 ‘‘ആ പയ്യന്മാർ നാളെ വന്നു കാണും’’

 നന്ദി പറഞ്ഞു കൊണ്ട് സണ്ണിച്ഛൻ പോയി

‘‘ ഗോപാൽജി എനിക്ക് ഒന്നു പുറത്തു പോണം’’

‘‘എവിടെക്കാ’’

‘‘നമ്മുടെ അജയേട്ടൻ അറ്റാക്ക് ആയി കിടപ്പിൽ അല്ലെ അവിടെ വരെ’. ദേവിന്റെ ആദ്യ സിനിമ നിർമ്മിച്ചത് അജയ് പിള്ള ആയിരുന്നു. ദേവും ഗോപാൽജി യും എത്തുമ്പോൾ അജയ് പിള്ള പേപ്പർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.ദേവിനെ കണ്ടപ്പോൾ അജയ്‌ പിള്ളക്ക് വലിയ സന്തോഷം ആയി. ഇപ്പോഴും ആദ്യ നിർമ്മാതാവിനോട് വലിയ സ്നേഹവും ബഹുമാനവും ആണ് ദേവിന്. അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവിടെ ഇരുന്നിരുന്ന ആൽബം ദേവ് മറിച്ചു നോക്കി. അതിൽ ഒരു ഫോട്ടോയിൽ ദേവിന്റെ കണ്ണുകൾ ഉടക്കി. ആ ഫോട്ടോ കാണിച്ചു ചോദിച്ചു ‘‘അജയേട്ടനു ഈ കുട്ടിയുടെ  ഫോട്ടോ ഇവിടെ?’’ 

 

‘‘ഇതു അഭിരാമി അല്ലേ. എന്റെ കൂട്ടുകാരന്റെ മകൾ. അവൾ പറഞ്ഞിട്ടല്ലേ ഞാൻ നിനക്ക് റോൾ തന്നത്’’

‘‘അഭി പറഞ്ഞിട്ടോ’’

‘‘അതേഡോ.നിനക്ക് അറിയാലോ ഞാൻ അതിനു മുമ്പ് ചെയ്ത് രണ്ടു പടങ്ങളും ഫ്ലോപ്പ് ആയിരുന്നു.എന്റെ ഭാവി ഇരുളടഞ്ഞ സമയം.ആയിടക്കാണ് മമ്മൂക്ക വിവരങ്ങൾ ആരോ പറഞ്ഞറിയുന്നത്.എന്നെ ഒരു ദിവസം വീട്ടിലേക്കു വിളിച്ചു ഡേറ്റ് തന്നു. പടം ഇറങ്ങിയത്തിനു ശേഷം പ്രതിഫലം കൊടുത്താൽ മതി എന്നു പറഞ്ഞു.എന്തായാലും പടം തുടങ്ങണമെങ്കിൽ കയ്യിൽ എന്തെങ്കിലും വേണ്ടേ .അഭിയാണ് പെട്ടന്ന് തന്നെ ലോൺ ശരിയാക്കി തന്നത്.അതിനു നന്ദി പറയാൻ ചെന്നപ്പോൾ അവൾ ഒരു കാര്യം ചോദിച്ചു അവളുടെ ഒരു കൂട്ടുകാരന് ഒരു റോൾ കൊടുക്കാമോ എന്നു.ഞാൻ ഓകെ പറഞ്ഞു.അവൾ ആണ് എനിക്ക് നിന്റെ നമ്പർ തന്നത്.പിന്നെ എന്നോട് പ്രത്യേകം പറഞ്ഞു അവൾ പറഞ്ഞിട്ടാണ് ഈ റോൾ നിനക്ക് തരുന്നത് എന്നു ഒരിക്കലും നീ അറിയരുത് എന്നു.ഉണ്ണി മുകുന്ദൻ ചെയ്യാനിരുന്ന റോൾ ആണ് അന്ന് നിനക്ക് തന്നത് .പിന്നെ നിന്റെ ഭാഗ്യത്തിന് മമ്മൂക്കക്ക് നിന്നെ ഇഷ്ടമായി മൂപ്പരുടെ പാടങ്ങളിൽ റോളുകൾ കിട്ടി നിന്റെ വളർച്ച പിന്നെ വളരെ വേഗത്തിൽ ആയി നിന്റെ കഴിവും നന്മയും നിന്നെ സൂപ്പർസ്റ്റാർ പദവിയിലും എത്തിച്ചു അല്ലേ?’’

 

‘‘അഭി ഇപ്പൊ എവിടെ ഉണ്ട്’’ ‘‘അപ്പൊ അവളുടെ കാര്യം ഒന്നും നിനക്കറിയില്ലേ .ഞാൻ നിന്നെ വിളിക്കുന്നതിന്‌ രണ്ടു ദിവസം മുൻപ് ആണ് അവൾ ട്രീറ്റ്മെന്റിനായി അവിടെ നിന്നും വന്നത്’’‘‘ട്രീറ്റ്മെന്റിനോ അവളുടെ കല്യാണം നിശ്ചയിച്ചു എന്നാണ് എന്നോട് പറഞ്ഞതു’’‘‘അവൾക്ക് എല്ലുകളെ ബാധിക്കുന്ന ഒരു അപൂർവ തരം കാൻസർ ആയിരുന്നു. പാവം ഒരുപാട് ട്രീറ്റ്‌മെന്റ്കൾ ചെയ്തു. എല്ലുകൾ ബലം കുറയുന്നത് കാരണം നടക്കാൻ ഒന്നും കഴിയില്ല. ഇപ്പൊ കുറച്ചു സീരിയസ് ആണ് ഇവിടെ ലോങ് ലൈഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്’’ അവിടെ നിന്നും ഓടി ഇറങ്ങിയ ദേവ് നേരെ ആശുപത്രിയിലേക്ക് കാറു വിട്ടു.

 

തീരെ അപ്രതീക്ഷിതമായി സൂപ്പർ സ്റ്റാറിനെ ആശുപത്രിയിൽ കണ്ടപ്പോൾ രോഗികളും കൂട്ടിരുപ്പുകാരും ഒക്കെ ഓടിക്കൂടി. അവരുടെ ഇടയിൽ കൂടെ ഒരുപാട് ബുദ്ധിമുട്ടി ആണ് ദേവിന് അഭി കിടക്കുന്ന ഐസിയു വിനു മുന്നിൽ എത്താൻ കഴിഞ്ഞത്. റൂമിന്റെ മുന്നിൽ അഭിരാമിയുടെ ഫാമിലി എല്ലാവരും ഉണ്ടായിരുന്നു.ദേവിനെ അവിടെ കണ്ടപ്പോൾ അവർക്ക് അദ്ഭുതം ഒന്നും തോന്നിയില്ല.

 

‘‘മോന്റെ സിനിമകൾ ഒക്കെ  അവൾ കണ്ടിട്ടുണ്ട്.‘‘ അവളുടെ അമ്മ പറഞ്ഞു തുടങ്ങി. ‘‘തീയേറ്ററിൽ പോയി മോന്റെ സിനിമ കാണണം എന്നു വലിയ മോഹം ആയിരുന്നു അവൾക്ക് പക്ഷേ ഇതു വരെ അതു മാത്രം നടന്നില്ല. ഇപ്പൊളൊക്കെ  വേദന കൂടുതൽ ഉള്ള ദിവസങ്ങളിൽ  മോന്റെ ഏതെങ്കിലും സിനിമ ഇട്ടു കൊടുക്കാൻ പറയും അതു കണ്ടങ്ങിനെ എന്റെ കുട്ടി കിടക്കും’’ എന്നു പറഞ്ഞപ്പോഴേക്കും അവർ കരഞ്ഞു പോയി.

 

‘‘ഞാൻ ഒന്നു കയറി കണ്ടോട്ടെ’’

അവളുടെ അച്ഛനോട്  അനുവാദം ചോദിച്ചു അവൻ ഉള്ളിലേക്ക് കയറി.

പെട്ടന്ന് ഉള്ളിലേക്ക് കയറി വരുന്ന ദേവിനെ കണ്ടു അഭിരാമി ഒന്നു ഞെട്ടിയോ? മിഴികൾ ഇടറിയോ?

പെട്ടന്ന് തന്നെ അവൾ സമനില വീണ്ടെടുത്തു.

 

‘‘ഹായ് സൂപ്പർസ്റ്റാർ ശ്രീദേവ് ഈ പേരിട്ട ബാങ്ക് ഉദ്യഗസ്ഥയെ ഓർക്കുന്നുണ്ടോ’’ മറുപടി ഒന്നും പറയാതെ ദേവ് അവളുടെ അടുത്തുരുന്നു കയ്യിൽ മുറുകെ പിടിച്ചു.വേദനകൊണ്ട് അവളുടെ മുഖം ചുളിഞ്ഞു.

‘‘ഇപ്പൊ ആരെങ്കിലും തൊട്ടാൽ തന്നെ ഭയങ്കര വേദന ആണ്. ’’ ഞെട്ടലോടെ ദേവ് അവളുടെ കൈകൾ വിട്ടു.

എന്നിട്ട് ചോദിച്ചു ‘‘എന്തിനാ എന്നോട് നുണ പറഞ്ഞത്.

 

‘‘അന്ന് അജയ് അങ്കിളിനോട് പറഞ്ഞു നിനക്ക് റോൾ ശരിയാക്കിയ കാര്യം പറയാൻ സന്തോഷത്തോടെ നിന്റെ അടുത്തോട്ട് വരാൻ ഇരിക്കുന്ന സമയത്തു ആണ് ആശുപത്രിയിൽ നിന്നും എന്റെ ടെസ്റ്റുകളുടെ റിസൾട്ട് വന്നു എന്നും ഭയപ്പെട്ടത് തന്നെ സംഭവിച്ചു എന്നു പറഞ്ഞു കൊണ്ടു ഫോണ് വന്നത്.അതു നിന്നോട് പറഞ്ഞാൽ നീ നിന്റെ ജീവിതാഭിലാഷം നിന്റെ സ്വപ്നങ്ങൾ എല്ലാം മാറ്റി വെച്ചു എന്റെ അസുഖം ഓർത്തു ഉരുകിത്തീരും എന്നു എനിക്കറിയാമായിരുന്നു.നീ ആഗ്രഹിച്ച രീതിയിൽ എത്തിച്ചേരണമെങ്കിൽ എന്നെ വെറുക്കുന്നതാണ് നല്ലതു എന്നു എനിക്ക് തോന്നി’’

 

‘‘ഞാൻ നേടിയതൊന്നും നീ ഇല്ലാതെ പൂർണമാവില്ല അഭി’’ അവൾ സ്നേഹ പൂർവം അവന്റെ കയ്യിൽ തലോടി കൊണ്ടു പറഞ്ഞു‘‘ നീ എനിക്കൊരു വാക്കു തരണം ദേവ്’’

‘‘പറ അഭി’’

‘‘വാക്കു തരും എന്നു സത്യം ചെയ്യൂ’’

‘‘സത്യം’’

‘‘നീ ഒരു വിവാഹം കഴിക്കണം’’

‘‘അഭി...’’ അവൻ കരഞ്ഞു പോയി.

 

‘‘നിന്നെ അവസാനമായി ഒന്നു കാണാതെ മരിക്കേണ്ടി വരും എന്നാണ് കരുതിയിരുന്നത്’’

പെട്ടന്ന് ഒരു ആവേശത്തിൽ ‘‘നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ‘‘എന്നു പറഞ്ഞു അവൻ അവളുടെ ശരീരത്തിൽ തെരു തെരെ ചുംബിച്ചു.

 

അവന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു കൊണ്ട് അവൾ പറഞ്ഞു 

‘‘എനിക്ക് പോകാനുള്ള സമയം ആയി.പേടിക്കേണ്ട ദേവ് അവിടെ ഞാൻ ഒറ്റയ്ക്കല്ല. ശിവയും ഷാജിയും എന്നെ കാത്തിരിക്കുന്നുണ്ട്. എനിക്ക് തന്ന വാക്കു നീ തെറ്റിക്കരുത്’’ എന്നു പറഞ്ഞു  അഭിരാമി കണ്ണുകൾ ഇറുക്കി അടച്ചു എന്നെന്നേക്കുമായി.

 

English Summary : Cinema Short Story By Rajesh V.R 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com