ADVERTISEMENT

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ  (കഥ)   

ഒരു അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് രാമകൃഷ്ണൻ ആ നാട്ടിൽ എത്തിയത്. ഏതൊരു അന്വേഷണവും അന്ത്യഘട്ടത്തിൽ ഒരാളിൽ മാത്രം വന്നു ചേർന്നിരിക്കുന്ന നിർവൃതി അയാളുടെ മുഖത്തു കാണാമായിരുന്നു. ഒരു പക്ഷേ അയാളുടെ ചോദ്യങ്ങൾക്കെല്ലാം അന്തിമമായ ഉത്തരങ്ങൾ നൽകുന്ന ഇടമായി തോന്നിയതുകൊണ്ടാവാം ഇവിടെത്തന്നെ എത്തിയതും മുഖത്തു മറ്റൊരിക്കലും കാണാത്ത പ്രസന്നഭാവം വന്നതും. കഴിഞ്ഞ പത്തു വർഷമായി ഊണിലും ഉറക്കത്തിലും ഒരോ രോമകൂപത്തേയും അലട്ടുന്നത് അനിയന്റെ മരണത്തെപ്പറ്റിയുള്ള ദുരൂഹതയായിരുന്നു. വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ എത്തിയപ്പോഴും അയാളുടെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതു വിധേനയും അനിയന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കുക. ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയെങ്കിലും ആ സ്ഥാനത്തുനിന്ന് അവന്റെ കാര്യങ്ങളെല്ലാം നോക്കിയത് രാമകൃഷ്ണനായിരുന്നു. ആ സ്നേഹ വാത്സല്യത്തിന്റെ തണലിലായിരുന്നു അനിയനായ ബാലചന്ദ്രനും അനിയത്തി കൗസല്യയും വളർന്നത്. 

 

സംഗീതാധ്യാപകനായി പലയിടത്തും പോയിട്ടുണ്ടെങ്കിലും അവസാനം ജോലി ചെയ്തത് ഈ ഗ്രാമത്തിലെ ചെറിയ വിദ്യാലയത്തിലായിരുന്നു. വിളിക്കുമ്പോൾ പലപ്പോഴും പറയുമായിരുന്നു ഈ നാടിനെപ്പറ്റിയും ഈ നാട്ടിലെ ആളുകളെപ്പറ്റിയുമെല്ലാം. ഒരിക്കലും ഈ നാട് വിട്ടുപോകാൻ തോന്നുന്നില്ല എന്നൊക്കെ പറയുമായിരുന്നു. ഈ നാടിനോട് അത്രമേൽ ഇഷ്ടം ബാലചന്ദ്രന് തോന്നിയത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതിന്റെ കാരണങ്ങളെപ്പറ്റി ഒരിക്കൽ പോലും ബാലചന്ദ്രൻ എന്നോട് പറഞ്ഞിരുന്നില്ല. ഒരുപാട് ഇഷ്ടപ്പെട്ട നാട്ടിൽ തന്നെ അനിയന് ഇങ്ങനൊരവസ്ഥ വരാൻ കാരണം..? ഓരോ നിമിഷവും ചിന്തകൾ കാടുകയറി.

 

ബാലചന്ദ്രൻ ഇവിടെവെച്ച് കൊല്ലപ്പെടുമ്പോൾ രാമകൃഷ്ണൻ ഗൾഫിലായിരുന്നു. മരണ വാർത്തയറിഞ്ഞ് നാട്ടിൽ വന്നുവെങ്കിലും ശവസംസ്ക്കാരം കഴിഞ്ഞ് ഉടനെ മടങ്ങേണ്ടി വന്നു. പിന്നീട് അവിടുന്ന് വിളിക്കുമ്പോഴൊക്കെ അന്വേഷണം നടക്കുന്നു എന്നു പറയുന്നതല്ലാതെ ഒരു പുരോഗതിയും കണ്ടില്ല. പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് രാമകൃഷ്ണൻ നാട്ടിലേക്ക് വന്നത്.

 

അങ്ങനെ ബാലചന്ദ്രനില്ലാതെ പത്തു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈശ്വരൻ കനിഞ്ഞു തന്നതായിരുന്നു അവന്റെ സംഗീതം. തിരിഞ്ഞു നോക്കുമ്പോൾ ജീവിതം മുഴുമിക്കാത്ത രാഗം പോലെയായി തീർന്നിരിക്കുന്നു. ആ ദുരന്തത്തിന് ശേഷം ഒരിക്കൽ പോലും അമ്മ എഴുന്നേറ്റിട്ടില്ല. എപ്പോഴും കിടപ്പു തന്നെ. ആരോടും ഒരു തെറ്റും ചെയ്യാതെ ജീവിതം സംഗീതത്തിലും ഈശ്വരനിലും മാത്രം സമർപ്പിച്ച അനിയന് എങ്ങനെ ഇതു സംഭവിച്ചു..? ആരാണ് ഈ ക്രൂരത ചെയ്തത്..? പ്രതികാരത്തിന് വേണ്ടി ഒന്നുമല്ല. എങ്കിലും സത്യമറിയുക, അത്രമാത്രം. അതു മാത്രമായിരുന്നു രാമകൃഷ്ണന്റെ മനസ്സിൽ.

 

ആ നാട്ടിൽ പലയിടത്ത് അന്വേഷിച്ചിട്ടും വാടകയ്ക്ക് ഒരു വീടു കിട്ടാതെ വന്നപ്പോഴാണ് വർഷങ്ങളായി താമസമില്ലാത്ത ആ വലിയ ഇല്ലത്ത് താമസമാക്കിയത്. ഇല്ലം നോക്കാൻ ഏൽപ്പിച്ച രാമൻനായര് തന്നെയായിരുന്നു ഇത് ഏർപ്പാടാക്കി തന്നത്. പലപ്പോഴും വാടകയ്ക്ക് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആരും തന്നെ താമസിക്കാൻ ധൈര്യപ്പെട്ടില്ല. കാരണം മറ്റൊന്നുമല്ലായിരുന്നു. അനേകം മുറികളുള്ള വലിയൊരു നാലുകെട്ടിൽ ഒരു കുടുംബത്തിന് താമസിക്കുന്നതിന് അധികമായിരുന്നു. 

 

പക്ഷേ രാമകൃഷ്ണൻ മറ്റൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അയാളുടെ ചിന്തകൾ ഏകമായ ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്നു. മനസ്സിൽ വർഷങ്ങൾ കൊണ്ട് സംജ്ഞാതമായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. അതെത്ര തന്നെ കഠിനമായിരുന്നെങ്കിലും നേടിയെടുക്കുക എന്ന ദൃഢനിശ്ചയം. ഒരിക്കലും മായാത്ത മഷി പോലെ തലച്ചോറിൽ ഉറങ്ങിക്കിടന്ന സ്മരണകൾ സ്ഫുരണങ്ങളായി ഒരോ നിമിഷങ്ങളിലും ചിന്തകളെ ഉണർത്തിക്കൊണ്ടിരുന്നു. 

 

വിദേശത്ത് ഫ്ലാറ്റുകളിൽ താമസിച്ച അയാൾക്ക് ആ വലിയ വീടൊരു അദ്ഭുതമായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പേയുള്ള വെട്ടുകല്ലുകളും കുമ്മായവും കൊണ്ട് പണിത കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞ നിലയിലായിരുന്നു. പോയ കാലത്തു പ്രതാപത്തിൽ കഴിഞ്ഞതിന്റെ അടയാളങ്ങൾ ഒരിക്കലും മായാതെ നാലുകെട്ടിന്റെ അകത്തളങ്ങളിൽ പലയിടത്തും ദർശിക്കാനാവും. ആരുടെയൊക്കെയോ കണ്ണുകളിൽ നിന്ന് ഉതിർന്നു വീണ ജലകണങ്ങൾ ഇവിടുത്തെ ചുവരുകളെ ദു:ഖസാന്ദ്രമാക്കിയിരുന്നു. കോണിപ്പടികളിലൂടെ മുകളിലേക്ക് കയറിയാൽ ചിത്രപ്പണിയോടു കൂടിയുള്ള വശ്യസുന്ദരമായ നർത്തകിയുടെ ചിത്രമുള്ള മറ്റൊരു മുറി. ഒരു കന്യകയുടെ നൈർമല്യത്തോടെ ആരെയും മോഹിപ്പിക്കുന്ന  നർത്തകിയുടെ പൂർണ്ണരൂപം. പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്ന ചിത്രം ശ്രദ്ധാപൂർവം നോക്കിയാൽ കണ്ണുകളിൽ മറഞ്ഞു നിൽക്കുന്ന ശോകഭാവം. ചിത്രകാരന്റെ ഭാവനയോ..! അതോ ജീവനുറ്റ സൗന്ദര്യരൂപമോ...! ഒരു നിമിഷം ചിന്തകളെ തടയാൻ അയാൾക്ക് കഴിഞ്ഞില്ല. 

 

നിറം മങ്ങിയ കണ്ണാടിയിൽ പതിഞ്ഞ തന്റെ അവ്യക്തമായ മുഖഭാവത്തെ ജിജ്ഞാസയോടെ ഉപമിക്കാമെന്ന് സ്വയമേ വിചാരിച്ചു. മറ്റു മുറിയിലേക്ക് പോകുമ്പോഴും അജ്ഞാത തീരങ്ങളിൽ നിന്നുള്ള ശക്തി വീണ്ടും അവിടേയ്ക്ക് തന്നെ ആകർഷിക്കുന്നതായി തോന്നി. തടുക്കാനാവാത്ത അതീന്ദ്രിയ ശക്തിയായി. മറ്റുമുറികളിലൊന്നും ദർശിക്കാനാകാത്ത കലാവൈഭവം അയാളെ അമ്പരപ്പിച്ചു. ആരെയും മോഹിപ്പിക്കുന്ന തരുണികളുടെ ചിത്രങ്ങൾ മറ്റൊരിടത്തും കണ്ടില്ല. കര സ്പർശനത്താൽ മോഹിച്ച തുരുമ്പു വന്ന വീണ കമ്പികളിൽ അയാളുടെ കൈ വിരലുകളാൽ ഉത്ഭവമായ ശബ്ദവീചികൾ നാലുകെട്ടാകെ പ്രതിധ്വനിച്ചു. അതൊരു വിഷാദ രാഗമായിരുന്നു. 

 

കരാണവന്മാരുടെ പ്രവൃത്തിദോഷം കാരണം നാലുകെട്ടിലെ സന്തതി പരമ്പരകൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ മരണങ്ങൾ. ദുരൂഹമായി മരണങ്ങൾ കഴിഞ്ഞ പത്തു വർഷമായി തുടരുന്നു. അവസാനം മരണപ്പെട്ട ഗോവിന്ദ തമ്പുരാൻ ഉൾപ്പെടെയുള്ളവർ. ഒരു കാലത്തിന്റെ ആഢ്യതയുടെ പര്യായം പോലെ, സ്മാരകമായി ആ നാലുകെട്ട് തലയുയർത്തി നിൽക്കുന്നു. പകൽ നേരങ്ങളിൽ പ്രാവുകളുടെ ചിറകടി ശബ്ദങ്ങൾ, പക്ഷികളുടെ ആരവം, അടുത്തുള്ള സ്കൂളിൽ നിന്ന് വരുന്ന മണിയടിയൊച്ചകളും, കുട്ടികളുടെ ബഹളവുമെല്ലാം...

 

മധ്യാഹ്നത്തിൽ പോലും ഇരുട്ടുവന്നു കവർന്നെടുക്കുന്ന നാലുകെട്ടിലെ അകത്തളങ്ങൾ. വെളിച്ചത്തേക്കാൾ ഇരുട്ടിനെ സ്നേഹിച്ച് അകത്തളങ്ങളിൽ കഴിഞ്ഞവർ. കോണിപ്പടികൾ കയറി മുകളിൽ ചെന്നാൽ വടക്കിനിയിലെ മുറി. ആ ഒരുമുറി മാത്രം, എന്തോ വ്യത്യസ്ഥ അനുഭവം തോന്നി. സൂര്യന്റെ പ്രഭാത കിരണങ്ങൾ കയറി വരുന്ന, കിഴക്കോട്ട് ദർശനമുള്ള നിരവധി ജനാലകൾ. ഒരു പക്ഷേ പ്രഭാതത്തിൽ സൂര്യ ഭഗവാന്റെ ദർശനം ആദ്യമെത്തുന്നത് ഇവിടേയ്ക്കായിരിക്കും. ഇവിടെ കിളിവാതിൽ പോലെ ചെറിയ ജാലകം തുറന്നാൽ സുന്ദരമായ ദൃശാനുഭവമാണ്. കിഴക്കിനിയിലെ നടുമുറ്റം. തടികൾ കൊണ്ടുണ്ടാക്കിയ വലിയ ജനലഴികൾക്കിടയിലൂടെ അരുണകിരണങ്ങൾ സൂചി മുനകളായി പതിക്കുന്നു. സുന്ദരകാവ്യം പോലെ തോന്നിയ ആ മുറി തന്നെ അയാൾ തെരഞ്ഞെടുത്തതും അതുകൊണ്ടായിരിക്കാം.    

 

മഴ തിമിർത്തു പെയ്യാൻ തുടങ്ങിയിരിക്കുന്നു. നാലു ഭാഗത്തുമുള്ള ഓടിൽ നിന്നൊഴുകിയ മഴ വെള്ളം ശക്തിയായി നടുമുറ്റത്തു വീണു കൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുമ്പേ ജീവിച്ച സുന്ദരിയുടെ കരസ്പർശനമേറ്റ കട്ടിലിൽ പലതും ചിന്തിച്ച് ആ രാത്രിയിൽ കിടന്നു. ഇപ്പോൾ പുറത്ത് മഴ ചാറി പെയ്യുന്നുണ്ട്. മഴച്ചാറ്റലുകളുടെ നേർത്ത ശബ്ദം കേട്ട് അയാൾ മയങ്ങിപ്പോയി.

 

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ ഒരു പെൺകുട്ടിയുടെ പദനിസ്വനങ്ങൾ കാതുകളിൽ മുഴങ്ങി. ചിലപ്പോൾ ഗദ്ഗദങ്ങളായിരിക്കും. ആ രോദനം അയാളിൽ ഭയത്തിന്റെ അലയൊലികൾ ഉണർത്തി. ഉണർന്ന് ചുറ്റിനും കണ്ണുകൾ പരതി. എങ്ങും നിശ്ശബ്ദം. വീണ്ടും നിദ്രയിലേക്ക്… ആദ്യ ദിനങ്ങളിലെ രാത്രികൾ അങ്ങനെ കടന്നു പോയി. പല രാത്രികളിലും ഇതു പോലെയുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങി. പകൽ സമയങ്ങളിൽ കൂടുതൽ സമയം വീട്ടിൽ നിൽക്കാറില്ല. ബാലചന്ദ്രന്റെ ഈ നാട്ടിലെ സുഹൃത്തുകളെ തേടിയുള്ള അന്വേഷണമായിരിക്കും. അതിനായുള്ള യാത്രകൾ കഴിഞ്ഞ് മിക്കവാറും എത്തുമ്പോൾ രാത്രിയാവും. കച്ചേരികൾക്കായ് പല ക്ഷേത്രങ്ങളിലും പോകുമായിരുന്ന ബാലചന്ദ്രൻ അവസാന കാലങ്ങളിൽ, ഈ നാട്ടിലായിരുന്നു കൂടുതൽ കാലവും. 

 

ഒരോ ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ നിദ്രകൾക്കായി മാത്രം അയാൾ നാലുകെട്ടിന്റ അകത്തളങ്ങളിലേക്ക്. ഉദയാസ്തമയങ്ങൾ പലതു കഴിഞ്ഞു. ബാലചന്ദ്രനെപ്പറ്റി കാര്യമായതൊന്നും രാമകൃഷ്ണന് അറിയാൻ കഴിഞ്ഞില്ല. കാലങ്ങൾ ഏറെ കഴിഞ്ഞതു കൊണ്ടാവണം, ആളുകൾ ഇതൊക്കെ മറന്നിരുന്നു. ബാലചന്ദ്രന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ തന്റെ ചോദ്യങ്ങൾക്ക് പൂർണ്ണ വിരാമമാകണം. താൻ വീട് വിട്ടിറങ്ങുമ്പോൾ അമ്മയ്ക്ക് നൽകിയ വാക്ക്. അതൊരു വെറും വാക്കായിരുന്നില്ല. ജീവന്റെ വിലയുള്ള വാക്കായിരുന്നു. പൂർണ ചന്ദ്രന്റെ നിലാവുള്ള രാത്രിയിൽ ദൂരെ എവിടെ നിന്നോ തിരുവാതിരപ്പാട്ട് കേൾക്കാം. അയാൾ പൊടുന്നനെ ഓർത്തെടുത്തു. ധനു മാസത്തെ തിരുവാതിര. തിരുവാതിരനാളായിരുന്നു അന്ന്. ചെറുപ്പത്തിൽ മുത്തശ്ശി പറയുന്നത്  കേട്ടിട്ടുണ്ട്. ഇല്ലത്തെ കന്യകമാരായ പെൺകുട്ടികൾ വേളി നടക്കാനായി തിരുവാതിര വ്രതം എടുക്കുന്നത്. 

 

അന്നേനാളിൽ സൂര്യോദയത്തിന് മുമ്പേ തറവാട്ടുകുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ചു കുളിക്കും. രാത്രിയിൽ തിരുവാതിരകളി, പാതിരാ പൂച്ചൂടൽ അങ്ങനെ നീണ്ടു പോകും. ഇല്ലങ്ങളിൽ ഒരുത്സവഛായ തന്നെയാണ് അന്നാളിൽ. തന്റെ വീട്ടിലെ കാര്യങ്ങളെപ്പറ്റിയെല്ലാം അയാൾ ഓർത്തു. അനിയൻ ബാലചന്ദ്രന്റെ ദുഃഖ സ്മൃതികളിൽ കലുക്ഷിതമായ മനസ്സോടെ കിടന്നുറങ്ങിയ രാമകൃഷ്ണൻ മറ്റൊരിക്കൽ പോലുമില്ലാത്ത വിചിത്രമായ ചില അനുഭൂതിയിലൂടെ കടന്നുപോയി. 

 

തന്നെ അജ്ഞാതമായ ഒരു ശക്തി എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോകുന്നു. വർഷങ്ങളായി അടച്ചിട്ട നാലുകെട്ടിന്റെ വടക്കേ കോണിലുള്ള മുറിയിലേക്ക്. മുന്നോട്ട് നടക്കും തോറും അയാളിൽ ഭീതി വർദ്ധിച്ചു വന്നു. പിന്തിരിയാനാകാതെ മുന്നോട്ട് തന്നെ നടത്തി ഒരു മുറിയിലേക്ക് തള്ളിയിട്ടു. എവിടെയാണെറിയാതെ അയാൾ പരതി. ഭയം ഒരോ നിമിഷങ്ങളിലും അയാളെ മദിച്ചു കൊണ്ടിരുന്നു. എങ്ങനെയോ ആ രാത്രിയിൽ അവിടെ കിടന്നുറങ്ങി. പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ പൊളിഞ്ഞ ജനൽപ്പാളികൾക്കിടയിലൂടെ വടക്കിനിയിലുള്ള ആ മുറിയിലേക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അയാൾക്ക് എല്ലാം കാണാൻ കഴിഞ്ഞത്. വലിയ മുറിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കളുടെ ഇടയിൽ, തൂക്കുവിളക്കുകൾ, ഓട്ടുപാത്രങ്ങൾ, നിലവിളക്കുകൾ, കുത്തുവിളക്കുകൾ, കൽഭരണികൾ, അമൂല്യമായതും വിശേഷപ്പെട്ടതുമായാ ആഭരണങ്ങളും ഉടയാടകളും. ഈ വലിയ ഇല്ലത്ത് ഇത്രയും വിലപിടിപ്പുള്ള അമൂല്യ ശേഖരങ്ങൾ എങ്ങനെയാണ് ആരുടെയും കണ്ണുകളിൽപെടാതെ പോയത്. ഒരു പക്ഷേ ഇല്ലത്ത് വർഷങ്ങൾക്കു മുമ്പേ താമസിച്ചവരുടെ ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടി ഇട്ടതായിരിക്കാം. അയാൾ ഊഹിച്ചു. 

 

പൊടിയും, മാറാലകളും പറ്റിപ്പിടിച്ചു കിടക്കുന്ന ഒരുകൂട്ടം വസ്തുക്കൾക്കിടയിൽ ചെമ്പു തകിടിൽ ചിത്രപ്പണികളോടു കൂടിയുള്ള ചെറിയ പെട്ടി അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ക്ലാവു പിടിച്ചു മങ്ങിപ്പോയ ചിത്രപ്പണികളോടു കൂടിയ ആമാടപ്പെട്ടി അയാളിൽ കൗതുകമുണർത്തി. വിലപിടിപ്പുള്ള മറ്റു പലതും ശ്രദ്ധയിൽപെട്ടെങ്കിലും ചിത്രപ്പണിയുള്ള പെട്ടി അയാളിൽ കൂടുതൽ താൽര്യം ജനിപ്പിച്ചു. ഒരിക്കൽ നിധി പോലെ ആരോ കാത്തുവച്ചതായിരിക്കാം. രാമകൃഷ്ണനങ്ങനെ തോന്നാൻ മറ്റു കാരണങ്ങളൊന്നും ഇല്ലെങ്കിൽ കൂടി ഒരു നിമിഷം അങ്ങനെ തോന്നി. അജ്ഞാതമായ എന്തോ ഒന്ന് ചിലപ്പോൾ അയാളിൽ ചിന്തകൾ ഉണർത്തിയതായിരിക്കും. അരികിൽ വച്ചിരുന്ന താക്കോൽ എടുത്ത് തുറന്നപ്പോൾ കണ്ടത് മനോഹരമായ ഒരു ഡയറിയായിരുന്നു. സുന്ദരമായ കൈപ്പടയിൽ, നിറയെ എഴുതിയ താളുകൾ. ഓരോ താളുകളിലും പെൻസിൽ ഡ്രോയിങ്, ചിലയിടങ്ങളിൽ കളർ പെൻസിലും ഉപയോഗിച്ചിരുന്നു. അയാൾ വളരെ ആവേശത്തോടെ വായിച്ചു തുടങ്ങി.

 

വിരസമായ പകലുകൾക്കു ശേഷം നല്ലൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു. നിലാവുള്ള രാത്രിയിൽ ഞാനിതെഴുതുമ്പോൾ ഒരുപാട് സുഖമുള്ള മുഹൂർത്തങ്ങളാണ് ഇന്നെനിക്ക് സമ്മാനിച്ചത്. പാലപ്പൂക്കൾ സുഗന്ധം പരത്തുന്ന രാത്രി. അനുരാഗത്തിന്റെ തീഷ്ണതയിൽ പാലപ്പൂക്കളുടെ ഗന്ധത്തിന് എന്തന്നില്ലാത്ത വശ്യത. വളരെ നാളുകൾക്കു ശേഷമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മൂന്നാം ദിനമായിരുന്നു ഇന്ന്. കൈയിൽ മൈലാഞ്ചി പതിപ്പിച്ച്, കുപ്പിവളകടകളിലും ചിന്തിക്കടയിലും അനിയത്തിയോടും കൂട്ടുകാരികളുമൊത്ത് കണ്ടു നടക്കുമ്പോഴായിരുന്നു, ക്ഷേത്രാങ്കണത്തിലെ ആലിലകളിൽ തട്ടി വരുന്ന സ്വരവീചികൾ കാതുകളിൽ പതിച്ചത്. ആ സപ്ത സ്വരങ്ങളിൽ മതിമറന്ന് അൽനേരം നിന്നു.

 

‘മീനാക്ഷി... മീനാക്ഷി... നീ അവിടെ എന്തെടുക്കാ... കിനാവു കണ്ടു നിക്കാണോ പോണ്ടേ... ഇല്ലത്തൂന്ന് പോന്നപ്പോൾ പറഞ്ഞതാ നേരത്തെ വരണമെന്ന്... അമ്മ ഇപ്പോ അന്വേഷിക്കണുണ്ടാവും...” സൂര്യയുടെയും ആതിരയുടെയും വിളി കേട്ടാണ് ഒരു സ്വപ്നാടനത്തിലെന്ന പോലെ നിന്ന ഞാൻ ഉണർന്നത്. അൽപനേരം മറ്റൊരു ലോകത്തായതു പോലെ... ആ രാഗോന്മാദത്തിൽ ഏതൊരു പെൺകുട്ടിയും അനുരാഗ വിലോലയാകും. ആരുടെയും ഹൃദയം മോഷ്ടിക്കുന്ന സംഗീതം... ആ സ്വരങ്ങൾ എന്നിൽ മോഹനരാഗമായി മാറിയിരുന്നു.

 

“എടീ, നമ്മുക്ക് അവിടെ വരെയൊന്ന് പോകാം. ആ കച്ചേരി ഒന്നു കണ്ടിട്ടു പോകാം’’. ‘‘ഇല്ലത്തു ചെല്ലുമ്പോൾ അമ്മേടെ വഴക്ക് നീ കേട്ടോണം.” അൽം നീരസത്തോട് കൂടി സൂര്യ പറഞ്ഞു. ആതിരയെയും സൂര്യയെയും കൂട്ടി അമ്പലമുറ്റത്തേക്ക് നടന്നു. ആസ്ഥാനമണ്ഡപത്തിൽ സംഗീതാർച്ചന നടക്കുകയാണ്. നിറഞ്ഞ സദസ്സ്. അൽപനേരം കണ്ടു നിന്നു. അവിടെവെച്ചായിരുന്നു ബാലചന്ദ്രനെ ആദ്യമായി കാണുന്നത്.

 

പൊടുന്നനെ അതിലെ വരികൾ അഗ്നിഗോളങ്ങളായി രാമകൃഷ്ണന്റെ ഹൃദയത്തിലേക്ക് വന്നു വീണു. “ബാലചന്ദ്രൻ...” രാമകൃഷ്ണന്റെ മനസ്സിൽ മൗനം നിറഞ്ഞു. ഡയറിത്താളുകൾ മടക്കി വെച്ച് അയാൾ അൽനേരം കസേരയിൽ ചാരിയിരുന്നു ചിന്തകളിലേക്ക് മുഴുകി. ഒരു പക്ഷേ ഡയറിത്താളിൽ എഴുതിയ ബാലചന്ദ്രൻ തന്നെയാകുമോ ഞാൻ അന്വേഷിക്കുന്ന അനുജൻ ബാലചന്ദ്രൻ...? പിന്നീടയാൾ ഒട്ടും താമസിച്ചില്ല. ഓർമ്മക്കുറിപ്പിലെ ഒരോ വരികളും സശ്രദ്ധം വായിച്ചു. 

 

ആ സംഗീതാർച്ചന അൽപനേരമേ കേട്ടുവെങ്കിലും ആ സ്വരങ്ങൾ എന്റെ ഹൃദയത്തിൽ തഴുകിയായിരുന്നു കടന്നുപോയത്. താമസിച്ചു പോയതോർത്ത് ധൃതിയിൽ വീട്ടിലേക്ക് നടക്കുമ്പോഴും ആ ശബദ്ത്തിനുടമ ആരായിരുന്നു എന്നറിയാൻ ഏറെ മോഹിച്ചു. ഈ രാത്രിയിൽ ഞാനീ ഡയറി എഴുതുമ്പോൾ ആദ്യമായി കണ്ട മാത്രയിൽ അനുരാഗം നിറയുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു.

 

പിന്നീടൊരിക്കൽ അച്യുതമാമന്റെ കൂടെ ബാലചന്ദ്രൻ ഇല്ലത്തു വന്നു. കൂടെ മാമന്റെ മകൻ ശേഖരനും ഉണ്ടായിരുന്നു. പൂമുഖത്തിരുന്നവർ സംസാരിക്കുകയായിരുന്നു. അവരുടെ സംസാരങ്ങൾ അകത്തെ മുറിയിലിരുന്നു ഞാൻ കേട്ടു. 

‘സ്കൂളിലെ പുതിയ സംഗീതാധ്യാപകനാ ബാലചന്ദ്രൻ’ അച്ഛനെ പരിചയപ്പെടുത്തി.“ നമ്മുടെ വടക്കേ പുറത്തുള്ള ഒഴിഞ്ഞ വീട്ടിലാ ഇപ്പോ താമസം.”കാണാൻ ഒന്നു പൂമുഖത്തേക്ക് വരണമെന്നുണ്ടായിരുന്നു. പക്ഷേ ആണുങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ഇല്ലത്തെ സ്ത്രീകൾ ആരും അങ്ങോട്ടു പോകില്ല. എങ്കിലും അവരുടെ സംസാരങ്ങൾക്കായി കാതുകൾ കൂർപ്പിച്ചിരുന്നു.

 

തിരികെ പോയപ്പോൾ വടക്കിനിയിലെ മുറിയിൽ ജനലഴികൾക്കിടയിലൂടെ കണ്ടു. പടിപ്പുരയ്ക്കരികിൽ ചെമ്പകപ്പൂക്കൾ വീണു കിടക്കുന്ന വഴിത്താരയിലൂടെ നടന്നു നീങ്ങുന്ന ബാലചന്ദ്രനെ. ചെമ്പകപ്പൂക്കൾക്ക് ഇത്രയേറെ മനോഹാരിത മറ്റൊരിക്കൽ പോലും കണ്ടിരുന്നില്ല. പിന്നീട് പലപ്പോഴും ഞാൻ ചെമ്പകച്ചുവട്ടിൽ പോയി ചെമ്പകപ്പൂക്കളെ നോക്കി നിൽക്കും. നിലത്തു വീണ ചെമ്പകപ്പൂക്കൾ പെറുക്കിയെടുക്കും.

 

ഇല്ലവുമായി കുറച്ചു ദൂരമേ ഉള്ളൂ വടക്കേപുറത്തേ വീടുമായി. രാത്രികാലങ്ങളിൽ കീർത്തനങ്ങൾ പാടുന്നതു കേൾക്കാം. ഇരുത്തം വന്ന ഭാഗവതരുടെ സ്വരശുദ്ധി, രാത്രിയുടെ നിശ്ശബ്ദതയിൽ ശുദ്ധ സംഗീതം എനിക്കെന്നും കൂട്ടായിരുന്നു. സപ്ത സ്വരങ്ങളിൽ ലയിച്ച് ഉറങ്ങി പോകും. 

 

വീണ്ടും ഞങ്ങൾ പലയിടത്തും കണ്ടു മുട്ടി, ബസ്സിൽ വച്ചും പാതയോരത്തും അമ്പല മുറ്റത്തുമൊക്കെ. പതിയെപ്പതിയെ എന്റെ മനസ്സിൽ അനുരാഗം ഉണർന്നു. പ്രണയത്തെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും പലപ്പോഴും സാഹിത്യ ഭംഗിയിൽ ബാലചന്ദ്രൻ വർണ്ണിക്കുമായിരുന്നു. കവിഭാവന പോലെ... കാവ്യാത്മകമായി... ആ ഭാവനയിൽ ഞാൻ ലയിച്ചു ചേരും. 

‘പ്രണയിക്കുന്നിന്നു ഞാൻ നിന്നെ

ഒരോ നിമിഷങ്ങളിലും കൊതിയോടെ

നിന്റെ കണ്ണുകൾക്കുമുണ്ടൊരു വശ്യത 

ആരെയും മോഹിപ്പിക്കും വശ്യത’

 

‘പ്രത്യുഷ നിദ്രയിൽ നിന്നുടെ മേനിയിൽ 

ഒരു വർണ്ണ പതംഗമായി 

പറ്റിപ്പിടിച്ചിരിക്കാൻ 

നിന്നുടെ മുകുളങ്ങളിൽ തൊട്ടുരുമാൻ ’

 

‘ഇതളുകളിൽ തലോടി പോകുന്ന

കരിവണ്ടായി മാറാൻ

മോഹിക്കുന്നിന്നു ഞാൻ

ആ സ്വപ്ന മുഹൂർത്തത്തിനായി’ 

 

എഴുതിയ കവിതകൾ ബാലചന്ദ്രൻ ഭാവസാന്ദ്രമായി ചൊല്ലുന്നത് കേട്ടിരുന്നുപോകുമായിരുന്നു. എനിക്കു തന്ന പ്രണയ ലേഖനങ്ങളെല്ലാം ഇതുപോലെ കവിത തുളുമ്പുന്ന വരികളായിരുന്നു കൂടതലും. അതിലെ വരികൾ വീണ്ടും വീണ്ടും വായിക്കും. ഋതുക്കൾ പലതു കഴിഞ്ഞു. പുമുഖത്ത് ചെമ്പകത്തിന് കൂടുതൽ ശിഖരങ്ങളും അവയിലെല്ലാം പൂക്കളും വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ പ്രണയവും കൂടുതൽ തീവ്രമായിക്കൊണ്ടിരുന്നു. അതിനിടയിൽ  അച്ഛൻ കൊണ്ടുവന്ന പല ആലോചനകളും അമ്മയും അമ്മാവൻമ്മാരും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. കുറെ കഴിഞ്ഞായിരുന്നു ഇതിന്റെ കാരണം മനസ്സിലായത്. അച്യുതമാമ്മന്റെ മകൻ ശേഖരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം. അതായിരുന്നു അവരുടെ ഉദ്ദേശം. ബന്ധം കൊണ്ട് മീനാക്ഷിയുടെ മുറച്ചെറുക്കനായിരുന്നു ശേഖരൻ. കൈയിൽ നിറയെ ദുഷ്പ്രവർത്തികളായിരുന്നു. പലപ്പോഴും അയാളുടെ പ്രവൃത്തികൾ  മീനാക്ഷിക്ക് അരോചകമായി തോന്നും. ഇതിനോടകം തന്നെ ഞങ്ങളുടെ ബന്ധത്തെപ്പറ്റി എല്ലാവരും അറിഞ്ഞിരുന്നു.

 

സ്വത്തുക്കൾ അന്യരുടെ കൈകളിൽ പെടാതിരിക്കാൻ അമ്മാവന്മാർ ഞങ്ങളുടെ ബന്ധത്തെ എതിർത്തു. ശേഖരൻ പലപ്പോഴും ബാലചന്ദ്രന് നേരെ ഭീഷണി വാക്കുകൾ ഉയർത്തി. ഒരിക്കൽ ബാലചന്ദ്രനെ അക്രമിച്ച്  ഇല്ലാതാക്കാൻ പദ്ധതി ഇട്ടു.ദൂരെയെവിടെയോ പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് ഇരുട്ടിന്റെ മറപറ്റി പാടവരമ്പും കഴിഞ്ഞ് ഇടവഴിയിൽ കൂടി വീട്ടിലേക്ക് പോകുകയായിരുന്നു ബാലചന്ദ്രൻ. പൊന്തക്കാട്ടിൽ നിന്ന് ഇലയനക്കം കേട്ടാണ് നിന്നത്. ചുറ്റുപാടും പരതി. പൊടുന്നനെ കത്തിയുമായി രണ്ടു പേർ ബാലചന്ദ്രന്റെ നേരേ പാഞ്ഞടുത്തു. ഇടത്തോട്ട് ഒഴിഞ്ഞു മാറിയതു കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീണ്ടും ഇരുവരും പാഞ്ഞുവന്ന് ചാടിച്ചവിട്ടിക്കൊണ്ട് ബാലചന്ദ്രനെ നിലത്തിട്ടു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരു നിമിഷം പതറിയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ബാലചന്ദ്രൻ തയാറായി. വീണ്ടും അവർ ബാലചന്ദ്രന്റെ നേരെ അടുത്തു. മുഷ്ടി ചുരുട്ടി വന്ന അവരിൽ നിന്ന് ഒഴിഞ്ഞു മാറി കൈമുട്ടു കൊണ്ട് നെഞ്ചോട് ചേർത്ത് ശക്തമായി ഇടിച്ചു. ആ ശക്തിയിൽ ഇരുവരും പൊന്തക്കാട്ടിലേക്ക് തെറിച്ചു വീണു. 

 

ഇവരെ കൂടാതെ വീണ്ടും രണ്ടുപേർ ഇരുട്ടിന്റെ മറയിൽ നിന്ന് ബാലചന്ദ്രന്റെ നേരേ തിരിഞ്ഞു. വടി കൊണ്ട് ആക്രമിക്കാൻ ഓങ്ങിവന്ന അവരുടെ വടി രണ്ടും പിടിച്ച് ബാലചന്ദ്രൻ അവർക്കു നേരേ അടുത്തു. അൽനേരം സംഘർഷം നടന്നു. വടി കൊണ്ടുള്ള പ്രത്യാക്രമണത്തിൽ മീനാക്ഷിയുടെ അമ്മാവനയച്ച ഗുണ്ടകൾ നാലുപാടും ചിതറിയോടി. 

 

അതൊരിക്കൽ. അതിനുശേഷം എവിടെ പോയാലും കൈയിലൊരു കത്തി കരുതുമായിരുന്നു. ആത്മരക്ഷയ്ക്കായി. പിന്നീട് പല തവണ അമ്മാവമ്മാരുടെ ആളുകളെ കൊണ്ട് ഇങ്ങനെയുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായി. ഒരോ അക്രമണത്തിൽ നിന്നും ബാലചന്ദ്രൻ സാഹസികമായി രക്ഷപെട്ടുകൊണ്ടിരുന്നു. 

 

ബാലു എല്ലാ കാര്യവും എന്നോട്  തുറന്നു പറയുമായിരുന്നു. എന്തു സംഭവിച്ചാലും മീനാക്ഷിയുടെ ജീവിത്തിൽ കൂടെയുണ്ടാകുമെന്ന് ഉറപ്പുതരും. ആ ധൈര്യം എന്റെ മനസ്സിന് പ്രണയത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി. അനിഷ്ട സംഭവങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാൻ ഭഗവാനൊരു പുഷ്പാജ്ഞലി കഴിക്കും. ചുറ്റമ്പലത്തിൻ അരികിലൂടെ നടക്കുമ്പോൾ, ഒരോ മൺചിരാതുകളുടെ ദീപനാളങ്ങളിലും ബാലുവിനെ ഞാൻ കാണുമായിരുന്നു. ആ സ്വരങ്ങൾ എന്റെ കാതുകളിലായിരുന്നില്ല പതിച്ചത് മനസ്സിലായിരുന്നു. മനസ്സിന്റെ ആഴങ്ങളിലേക്ക്....

 

വീണ്ടും അമ്മാവനും മകൻ ശേഖരനും ബാലചന്ദ്രൻനോട് ലോഹ്യം നടിച്ചു തുടങ്ങി. ഒരിക്കൽ അമ്മാവന്റെയും ശേഖരന്റെയും കൂടെ ഇല്ലത്തു വന്നു. ഏറെ സന്തോഷത്തോടെയാണ് അന്ന് കണ്ടത്. പിണക്കങ്ങളെല്ലാം മാറിയല്ലോ... എന്റെയും ബാലചന്ദ്രന്റെയും കാര്യത്തിൽ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കുകയാണന്നാ എന്റെ മനസ്സ് പറഞ്ഞത്. ആ സ്നേഹം ഒരു നാടകം മാത്രമെന്ന് അറിയാൻ ഏറെ വൈകിയിരുന്നു.

 

അന്നായിരുന്നു അവസാനമായി കണ്ടത്. ആ ദിവസത്തിന് ശേഷം പിന്നീടൊരിക്കലും ബാലചന്ദ്രനെ ആരും ഈ നാട്ടിൽ കണ്ടിട്ടില്ല. രണ്ടു ദിവസത്തിന് ശേഷം കോളേജിൽ പോയി വരുമ്പോഴാണ് പുഴയിൽ ഒരു ജഡം പൊങ്ങിയ വിവരം അറിയുന്നത്. അത് ബാലചന്ദ്രൻ മാഷിന്റേതാണെന്ന് അറിഞ്ഞപ്പോൾ തകർന്നു പോയി. വ്യസനപ്പെട്ട മനസ്സുമായിട്ടാണ് കോളേജിൽ നിന്ന് ഇല്ലത്തേയ്ക്ക് വന്നത്. ആ കണ്ഠത്തിൽ നിന്ന് വരുന്ന സ്വരങ്ങൾ ഒരിക്കൽ കൂടി കേൾക്കാൻ കഴിയില്ലല്ലോ എന്നോർത്ത് കിടന്നു. ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങളിലൂടെയായിരുന്നു ഞാൻ കടന്നുപോയത്.

 

ഞാനിന്നീ ഡയറി താളുകളിൽ എഴുതുമ്പോൾ മനസ്സിന്റെ സഞ്ചാരങ്ങൾ ആർത്തലച്ചു വരുന്ന സമുദ്രത്തിലെ തിരമാല പോലെയായിരുന്നു. ബാലചന്ദ്രനെ കണ്ട നാൾ മുതൽ മറ്റേതോ ലോകത്തായിരുന്നു ഞാൻ. എന്നിലെ മിഴിനീർകണങ്ങൾ ഉതിർന്ന് വീണ് ഡയറി താളുകളിൽ മഷി പടർത്തിയിരുന്നു. ഇപ്പോൾ തോന്നും എന്തിനാണ് ഞാൻ ബാലചന്ദ്രനിലേക്ക് അടുത്തത്. എന്നിൽ നിന്ന് അകറ്റാനാണ് നിയോഗമെങ്കിൽ, ഈശ്വരാ എന്തിനായിരുന്നു... എന്തിനായിരുന്നു ഇതെല്ലാം... എന്റെ മോഹങ്ങൾ ബാലചന്ദ്രനുമായി പങ്കുവച്ചത്. ഡയറി താളുകളിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. ആലോചിക്കുമ്പോൾ ഒന്നിനും ഒരുത്തരവും ഇല്ല. ചോദ്യങ്ങൾ മാത്രം. ജീവിതം അർത്ഥശൂന്യമായ നിമഷങ്ങളിലൂടെയായിരുന്നു കടന്നുപോയത്. ഡയറി അടച്ചുവെച്ച് ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ പൂമുഖത്ത് ചെമ്പകത്തിന്റെ ഇലകളെല്ലാം പൊഴിഞ്ഞു നിൽക്കുന്നു. വസന്തകാലം അടർന്നു വീണ പോലെ… 

 

ഡയറിയിലെ ആ വാക്കുകൾ രാമകൃഷ്ണന്റെ കണ്ണുകൾ സജലങ്ങളാക്കി. താൻ എന്തിന് വേണ്ടിയായിരുന്നോ ഈ നാട്ടിൽ വന്നത് അതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു. ആ ഉത്തരം കണ്ണുകളിൽ ഈറനണിയിക്കുന്നതായിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്ക് അയാൾ ചാരി ഇരുന്നു. ബാലചന്ദ്രൻ മരണപ്പെട്ടു എന്നല്ലാതെ എങ്ങനെ മരിച്ചു എന്ന് അതിൽ കണ്ടില്ല. വീണ്ടും അയാൾ വായിച്ചു തുടങ്ങി.

 

വീട്ടുകാരെല്ലാവരും ചേർന്ന് അമ്മാവന്റെ മകൻ ശേഖരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അച്ഛന് ഈ ബന്ധത്തിന് ഒട്ടും തന്നെ താൽര്യമില്ല. ഒരിക്കലും ഇഷ്ടം തോന്നാതെ മനസ്സിൽ എന്നും വെറുപ്പോടെ മാത്രം കണ്ടിരുന്ന ആളോടൊപ്പം ജീവിതകാലം മുഴുവനും കഴിയുക എന്നു വെച്ചാൽ ചിന്തിക്കാൻ പോലും എനിക്കാവുന്നില്ല. ഇല്ലത്തെ സ്വത്തിലും എന്റെ ശരീരത്തിലുമാണ് അയാളുടെ കണ്ണ്. അയാൾക്ക് വേണ്ടതും അതു തന്നെ. വാര്യത്തെ ജാനകിയുമായി ചില രഹസ്യ ബന്ധങ്ങളുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നുമൊക്കെ നാട്ടിൽ പരക്കെ സംസാരം ഉണ്ട്. അയാളെപ്പറ്റി ഓർക്കുന്നതു തന്നെ വെറുപ്പാണ്. എന്തെല്ലാം വൃത്തികേടുകളാണ് കാണിച്ചു കൂട്ടിയത്.

 

ബാലചന്ദ്രൻ ഇല്ലാത്ത നാൾ മുതൽ എഴുതിക്കൊണ്ടിരിക്കുന്ന ഈ ഡയറിയിൽ കണ്ണുനീർ വീഴാത്ത ഒരു താളു പോലും ഉണ്ടായിരുന്നില്ല. ഇന്നാണ് ധനു മാസത്തെ തിരുവാതിര. ബാലചന്ദ്രൻ ഇല്ലാതെ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. നിറയെ ദീപാലകൃതമാക്കിയ ഇല്ലത്തെ പൂമുഖം. ദൂരെ നിന്ന് വന്ന ബന്ധുക്കളും കുട്ടികളുമായി നിറയെ ആളുകൾ. തിരുവാതിര നാളിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയോടടുത്തിരുന്നു. വെണ്ണക്കൽ ശിൽപം പോലെയുള്ള ശരീരത്തിൽ പച്ചനിറമുള്ള പട്ടുടയാടകളും വിലപിടിച്ച ആഭരണങ്ങളും അണിഞ്ഞ്  മീനാക്ഷി സുന്ദരിയായി മാറി. ഏറെ നാളുകൾക്കു ശേഷമാണ് മീനാക്ഷി ഇത്രയും ഭംഗിയായി അണിഞ്ഞൊരുങ്ങിയത്. 

 

സന്ധ്യയ്ക്ക് വിശേഷപ്പെട്ട തിരുവാതിരകളി കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴാണ് പൂമുഖത്ത് അച്ഛന്റെയും അമ്മാവൻമ്മാരുടെയും മദ്യപസദസ്സ് നടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇല്ലത്തെ സ്ത്രീകളെല്ലാം നിദ്രയിലാണ്ടു. ഉറങ്ങാൻ കിടന്നെങ്കിലും ഓർമ്മകൾ വീണ്ടും വീണ്ടും എന്റെ ഹൃദയത്തിന്റെ വാതിലിൽ മുട്ടി വിളിക്കുന്നു. ബാലചന്ദ്രനെപ്പറ്റിയോർത്തപ്പോൾ കണ്ണുകളിൽ നനവു പടർത്തി. പൂമുഖത്ത് ഉച്ചത്തിലുള്ള സംസാരവും അട്ടഹാസവുമായി എല്ലാവരുമുണ്ട്. പലതും ഓർത്ത് കിടന്നപ്പോഴാണ് പൂമുഖത്തെ അവരുടെ സംസാരം ശ്രദ്ധയിൽപ്പെട്ടത്. അവരുടെ സംസാരങ്ങളിൽ കാതുകൂർപ്പിച്ചിരുന്നു.

“ഏതായാലും ഒരുത്തന്റെ ശല്യം തീർന്നു. ഭാഗവതര് വല്ലോം ഇവിടെ വന്നു സംബന്ധം കൂടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ..” 

 

“ഏതായാലും ഗോവിന്ദേട്ടൻ അങ്ങനെ ചെയ്തതു നന്നായി. എവിടുന്നോ വന്നവനൊക്കെ ഇവിടുത്തെ സ്വത്ത് കൊണ്ടോന്നു വച്ചാൽ എന്താ ചെയ്ക. ഇല്ലത്തെ കുട്ടിയെ തന്നെ മോഹിച്ചുള്ളു... അതിമോഹമല്ലാതെന്തു പറയാൻ.. അവസാനം അവളുടെ കൈ കൊണ്ടു തന്നെ മരിക്കാനായിരുന്നു അവന്റെ യോഗം...”എല്ലാവരും ഉച്ചത്തിൽ അട്ടഹസിച്ചു.

“അന്ന് ലോഹ്യത്തിൽ ബാലചന്ദ്രനെ ഇവിടെ വിളിച്ചു വരുത്തിയത് നന്നായി. ആഹാരം വിളമ്പി, ബാലചന്ദ്രനായി മാത്രം മാറ്റിവച്ച മദ്യത്തിൽ വിഷം കലർത്തിയതു ഞാനായിരുന്നു.” 

 

ഗോവിന്ദമാമന്റെ ആ വാക്കുകൾ ഇടിത്തീ പോലെ മീനാക്ഷിയിൽ തറച്ചു. 

“മീനാക്ഷിയെ വിളിച്ച് അവളെ കൊണ്ട് തന്നെയാണ് ബാലചന്ദ്രന് കൊടുത്തത്. അങ്ങനെ മീനാക്ഷിയുടെ കൈകൊണ്ട് തന്നെ മരിക്കാനായിരുന്നു അവന്റെ യോഗം.” 

 

അവരുടെ സംസാരം കേട്ട മീനാക്ഷി ഒരു വേള സ്തബ്ധയായി. കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയപ്പോഴേക്കും ജനലഴികളിൽ പിടിച്ച് നിന്നു. ഏറ്റവും സ്നേഹിക്കുന്നയാളെ കൊടും ചതിയിലൂടെ ഇല്ലാതാക്കാൻ താനൊരു നിമിത്തം ആയല്ലോ ഈശ്വരാ... സ്വയമെ ശാപ വാക്കുകൾ ചൊരിഞ്ഞ് കട്ടിലിൽ കിടന്ന് പൊട്ടിക്കരഞ്ഞു. 

 

ഡയറിയിലെ ഒരോ താളുകൾ മറിക്കുമ്പോഴും രാമകൃഷ്‌ണന്റെ കണ്ണുകൾ ഈറനണിയിച്ചു കൊണ്ടിരുന്നു. മീനാക്ഷിയുടെ പിന്നീടുള്ള ഒരോ വാക്കുകളും എന്തോ ഒന്നുറപ്പിച്ച പോലെയായിരുന്നു. എന്നിലെ സ്നേഹത്തെ അടർത്തിയെടുത്തവർക്ക് ഞാൻ തന്നെ ശിഷ വിധിക്കും. എന്റെ ശരീരവും മനസ്സും ഒരിക്കലും ഇനി അവർക്കു കിട്ടുകയില്ല. ഈ തിരുവാതിരനാളിൽ ഏല്ലാവർക്കുമുള്ള എന്റെ സമ്മാനം. ഒരിക്കലും തിരിച്ചു വരാതെ ഞാൻ പോകുകയാണ്. എല്ലാവരോടുമുള്ള എന്റെ പ്രതികാരം. എന്നിലെ ജീവൻ ഈ രാത്രിയിൽ സുന്ദരമായ മുറിയ്ക്കുള്ളിൽ ഈ മുണ്ടിന്റെ തുമ്പിൽ ജീവിതം അവസാനിപ്പിക്കുന്നു. 

 

ഒരു ദീർഘ നിശ്വാസത്തിന് ശേഷം ഡയറി മടക്കുമ്പോൾ, താൻ ഒരിക്കലും കണ്ടില്ലെങ്കിൽ കൂടി, മീനാക്ഷി തന്റെ കുഞ്ഞനുജത്തിയെ പോലെ ആത്മബന്ധം  ഉടലെടുത്തിരുന്നു. കന്യകയുടെ ശാപം പേറി അനാഥമായിത്തീർന്ന നാലുകെട്ട്. രാമകൃഷ്‌ണൻ വീടു വിട്ടിറങ്ങുമ്പോൾ തന്നോട് തന്നെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാത്ത ബാലചന്ദ്രന്റെ ശബ്ദം സ്വരങ്ങളായി മുഴങ്ങിയ ക്ഷേത്രാങ്കണം. ഒരിക്കൽക്കൂടി അവിടേയ്ക്ക് പോകണമെന്ന് തോന്നി. തന്റെ അനുജന്റെയും മീനാക്ഷിയുടെയും ജീവിതം തകർത്ത ഈ നാട്ടിലേക്ക് ഇനിയൊരിക്കലും ഇല്ലെന്ന് നിശ്ചയിച്ച് അയാൾ യാത്ര തിരിച്ചു. ഒരായിരം ഓർമ്മകൾ ഉള്ളിലൊതുക്കി.

 

English Summary : Diary Kuruppukal Kadha parayumbol Short Story By Cecil Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com