ADVERTISEMENT

ഉണരുന്ന പ്രഭാതങ്ങൾ (കഥ)

അൽപം മാത്രം തണുപ്പുള്ള പ്രഭാതത്തിൽ മുറിയിലെ ജനലഴികളിൽ പിടിച്ച് ദൂരേക്ക് നോക്കി നിൽക്കും. ചിലപ്പോൾ മഴ പനിച്ചു പെയ്യുന്ന പുലരികളിലായിരിക്കും. ചെറു മഴത്തുള്ളികൾ ഇലകളിൽ വീണു താങ്ങാനാവാതെ, അവ നനുത്ത മണ്ണിലേക്ക് വീഴുന്നതും നോക്കി. മറ്റു ചിലപ്പോൾ തണുപ്പുള്ള പ്രഭാതത്തിൽ ഗുൽമോഹർ വീണുകിടക്കുന്ന വഴിത്താരയിലൂടെ കുറെ ദൂരം നടക്കും. ഉദയാംബരത്തിലേക്ക് കണ്ണുംനട്ട് സുഷുപ്തിയിൽ നിന്നുണരുന്ന പുലരിയിലേക്ക് നോക്കി അങ്ങനങ്ങിരിക്കും. 

 

സൂര്യന്റെ പ്രഭാതകിരണങ്ങൾ അവളുടെ തുടുത്ത കവിളുകളിൽ തട്ടി തിളങ്ങുമായിരുന്നു. പുറത്തേക്ക് പോകാത്ത പ്രഭാതത്തിൽ ജനലരികിലെ കട്ടിലിൽ കിടന്നു പുതപ്പിനെയും പുണർന്ന് തണുത്ത പ്രഭാതങ്ങളെ നോക്കി കാണും. ചില ദിവസങ്ങളിൽ പ്രഭാത രശ്മികൾ ജനലഴികൾക്കിടയിലൂടെ പുതപ്പിനുള്ളിലേക്ക് ഇറങ്ങുമ്പോഴായിരിക്കും ഉണരുക. നല്ല തണുപ്പുള്ള പുലരികളിൽ പുതപ്പിനുള്ളിൽ സ്വപ്നതൽപത്തിൽ ഉറങ്ങാൻ ഈ പ്രായത്തിലുള്ള ഏതൊരു പെൺകുട്ടിയും മോഹിക്കും. പക്ഷേ ഷാർലറ്റ് അതിലേറെ പ്രഭാതങ്ങളെ സ്നേഹിച്ചിരുന്നു. ചിത്രശലഭത്തിന്റെ ചുംബനം കൊതിക്കുന്ന പനിനീർ പുഷ്പത്തെപ്പോലെ ആ തരളിത മനസ്സിൽ പ്രഭാതങ്ങൾ നിറഞ്ഞു നിൽക്കും.

 

അങ്ങനെ ഒരോ പൊൻപുലരികളും അവൾ നോക്കി കാണും. ഒരോ പുൽക്കൊടിയിലും വൈര്യം പതിച്ചു കടന്നുപോകുന്ന സൂര്യാംശു. ഉദയസൂര്യൻ പല ഭാവങ്ങളിലായിരുന്നു ഷാർലറ്റിന്റെ മനസ്സിൽ ചിലപ്പോൾ രൗദ്രഭാവത്തിലും മറ്റൊരിക്കൽ വജ്ര ശോഭയോടുകൂടി പിന്നെ കുങ്കുമപ്പൊട്ടിന്റെ വിനയ ഭാവത്തിൽ മറ്റു ചിലപ്പോൾ കാർമേഘങ്ങളാൽ മൂടിയ വിഷാദഭാവ പശ്ചാത്തലത്തിൽ, അങ്ങനെ പ്രാഭാതങ്ങൾ അവൾക്കേറെ ഇഷ്ടമായിരുന്നു. മഞ്ഞുകണങ്ങളിൽ സൂര്യകിരണങ്ങളുടെ സ്പർശനത്താൽ ഉരുകി ഇല്ലാതാകുന്ന പോലെ അവളുടെ ദുഃഖങ്ങളെല്ലാം പ്രകൃതിയിൽ അലിഞ്ഞില്ലാതാകും. ശരിക്കും അങ്ങനെ തന്നെയായിരുന്നു അവളാഗ്രഹിച്ചതും. അവളുടെ മനസ്സും.

  

ഈ നീലഗിരിക്കുന്നിൽ തണുത്ത സായാഹ്നങ്ങളിലെ അസ്തമയങ്ങൾക്കും വല്ലാത്ത നിറക്കാഴ്ചയാണ്. കുളിച്ച് മുടികളിൽ ഈറനണിഞ്ഞ ശാലീന സുന്ദരിയെ പോലെ. മിഴികളെ അവിസ്മരണീയമാക്കുന്ന കാഴ്ച. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം. പ്രഭാതത്തിൽ വളഞ്ഞു കിടക്കുന്ന വഴികളിലൂടെ കുറെ ദൂരം നടന്ന് കുന്നിൻ മുകളിൽ പോയി ഇരുന്ന ശേഷം വീട്ടിലേക്ക് നടക്കും. നടന്നു പോകുന്ന വഴിയുടെ അങ്ങേയറ്റത്ത് മൈതാനത്തിൽ കുറേ ആൺകുട്ടികൾ ടീഷർട്ടും ബെർമുഡയുമിട്ട് പന്തുകളിക്കുന്നതു കാണാം. അൽപനേരം നിന്നുകാണും. അവിടമാകെ ആൺകുട്ടികളുടെ ഒച്ചയും ബഹളവും നിറഞ്ഞു നിൽക്കും. ഷാർലറ്റ് ഇന്നാകാഴ്ചകളെല്ലാം ആസ്വദിച്ചു തുടങ്ങി. മരങ്ങളോടും പൂക്കളോടും കുശലം പറഞ്ഞു തിരികെ വീട്ടിലേക്ക്നടന്നു പോകവേ പൂമണവും ഉള്ളിലൊതുക്കി എവിടെ നിന്നോ മന്ദമായി വന്നൊരു തെന്നൽ അവളുടെ ചെം ചൊടികളിൽ മുത്തമിട്ട് കടന്നുപോയി. 

 

സുഗന്ധവാഹിനിയായ ഇളം തെന്നൽ പോലും അവളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഷാർലറ്റ് വീട്ടിലെത്തിയാലും മെഴ്സിയാന്റി ഉറക്കമുണർന്നിട്ടുണ്ടാവില്ല. അല്ലേലും ആന്റി വൈകിയേ ഉണരുൂ. ഹോസ്പിറ്റലിലെ തിരക്കുകൾ കാരണം മിക്കപ്പോഴും വളരെ വൈകിയാണ് വീട്ടിൽ വരുന്നത്. നടന്നും ഓടിയും ഈ തണുപ്പത്തു പോലും വിയർപ്പു മണികൾ അവളുടെ മേനിയിൽ പറ്റിച്ചേർന്നിരുന്നു. കുളിച്ചു ഫ്രഷായി പുതിയൊരു പ്രഭാതത്തിന് സ്വാഗതമരുളിക്കൊണ്ട് കിച്ചണിലേക്ക് കയറും. ഷാർലറ്റ് കോഫി ഉണ്ടാക്കി ചെല്ലുമ്പോഴാണ് ആന്റി മിക്കപ്പോഴും ഉണരാറുള്ളത്. ശരിക്കും ആന്റിക്ക് ഈ ഭൂമിയിൽ ഞാൻ മാത്രമേയുള്ളു. ഷാർലറ്റ് ചിന്തിക്കും. ഹസ്ബൻഡ് ഡോ. തോമസ് മരിച്ചതിൽ പിന്നെ ആ വീട്ടിൽ രണ്ട് ജോലിക്കാർക്കൊപ്പമാണ് മേഴ്സിയാന്റി. അങ്ങനെ ഞാനും മേഴ്സിയാന്റിയൊടൊപ്പമായിട്ട് നാല് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

 

‘ഗുഡ്മോണിങ് ആൻറി’ പ്രഭാതത്തിൽ ആന്റിയെ വിഷ് ചെയ്തുകൊണ്ട് കട്ടിലിനരികിൽ ഇരിക്കും. അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം കേൾക്കാൻ ഡോക്ടർ മേഴ്സിക്ക് വളരെ ഇഷ്ടമാണ്.

 

‘‘ഇന്ന് എങ്ങോട്ടായിരുന്നു യാത്ര? നീലക്കുറിഞ്ഞികൾ പൂത്തു നിൽക്കുന്ന താഴ്‌വരയിലേക്കോ അതോ അരുവിക്കരയിലെ വെള്ളച്ചാട്ടങ്ങൾക്കരികിലൂടെ മാരിയമ്മൻ കോവിലിലേക്കോ...?” സ്നേഹത്തോടെ മേഴ്സിയാന്റി ചോദിക്കും.

 

‘‘ഇന്നു ഞാൻ അവടെയൊന്നുമല്ല ആന്റി പോയത്.ഇന്ന് കുറേ നടന്നു. തടാകക്കരയിലെ മൈതാനത്ത് കുറച്ചാൺകുട്ടികൾ പന്തു കളിക്കുന്നുണ്ടല്ലോ. അതും കണ്ട് കുറേ നേരം നിന്നു.” ഷാർലറ്റ് അൽപം കുസൃതി നിറഞ്ഞ ചിരിയോടുകൂടി പറഞ്ഞു. 

 

‘‘വളർന്നു വല്യ പെണ്ണായെന്നൊരു ചിന്തപോലുമില്ല. ഇങ്ങനെ കളിച്ചു നടന്നാ മതി ” മേഴ്സിയാന്റി പറയും.

 

‘‘മൈതാനത്ത് കളിക്കുന്ന കുട്ടികളിൽ സജിത്ത് ഉണ്ടായിരുന്നോ...?” മേഴ്സിയാന്റിയുടെ ആ ചോദ്യത്തിൽ ഷാർലറ്റിന്റെ മുഖത്ത് ലജ്ജകൾ നിഴലിച്ചു കാണാമായിരുന്നു. ഒരു പ്രണയത്തിലേക്ക് ഷാർലറ്റ് വഴുതി വീണിരുന്നോ എന്ന് ഡോക്ടർക്ക് തെല്ല് സംശയം. ഡോക്ടർ ജോർജ്ജിന്റെയും ശാലിനിയുടെയും കൂടെ സജിത്ത് പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ഡിഗ്രി പൂർത്തിയാക്കി പപ്പയുടെയും മമ്മിയുടെയും കൂടെ നിൽക്കുമ്പോഴാണ് ഷാർലറ്റിനെ പരിചയപ്പെടുന്നത്. ആ പരിചയമൊരു പ്രണയബന്ധത്തിലേക്ക് മാറുകയായിരുന്നു. ഷാർലറ്റിന്റെ കുസൃതി നിറഞ്ഞ ചിരി കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷമാണ് ഡോക്ടർ മേഴ്സിക്ക്. മുമ്പൊരിക്കലും അവളിങ്ങനെ ചിരിച്ചു കണ്ടിട്ടില്ല. ഈ ഏകാന്തതയിൽ നിന്ന് മാറി പ്രഭാതത്തിൽ ഇങ്ങനെയുള്ള നടത്തങ്ങൾ, ചില ശീലങ്ങൾ ഷാർലറ്റിനെ കൂടുതൽ കോൺഫിഡൻസ് വരുത്തും. ഡോക്ടറുടെ ഒരു ട്രീറ്റ്മെന്റിന്റെ ഭാഗവുമാണിത്. ദീർഘ കാലത്തെ ഒറ്റപ്പെടലും ഏകാന്തതയും, ആ അവസ്ഥയിൽ നിന്ന് മാറി വരാൻ അൽപം സമയം എടുക്കും. അത് ഡോക്ടർ മേഴ്സി മാത്യുവിന് നന്നായി അറിയാം. 

 

സ്നേഹിക്കാൻ മാത്രം അറിയാവുന്ന മേഴ്സിയാന്റി. അത്രയേറെ വാൽത്സല്യം നിറഞ്ഞ വാക്കുകളായിരുന്നു മേഴ്സിയാന്റിയുടേത്. മോളെ എന്നു മാത്രം എന്നെ വിളിക്കുന്ന മേഴ്സിയാന്റി. അങ്ങനൊരു വിളി കേൾക്കാൻ എത്ര നാളുകളായി ആഗ്രഹിക്കുന്നതായിരുന്നു. ഒഴിവു സമയങ്ങളിൽ ഷാർലറ്റ് ഓർക്കും. ഹോസ്പിറ്റലിൽ പോകുന്ന ദിവസങ്ങളിൽ ഷാർലറ്റ് വീട്ടിൽ തന്നെയായിരിക്കും. ഷാർലറ്റിനെ കൂട്ടി ഡോക്ടർ ഹോസ്പ്പിറ്റലിൽ പോകാൻ താൽപര്യപ്പെടില്ല. അവിടുത്തെ ഏകാന്തത ഷാർലറ്റിനെ ഒരിക്കലെങ്കിലും പിന്നോട്ടു കൊണ്ടുപോയാൽ, അങ്ങനൊരവസ്ഥ ഇനി ഓർക്കാൻ കൂടി വയ്യ. സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന ഇരുവരുടെയും ഇടയിൽ അഗാധമായ സ്നേഹബന്ധം നിലനിന്നിരുന്നു. 

 

ഒരിക്കൽ എല്ലാവരുമുള്ള സന്തുഷ്ട കുടുംബമായിരുന്നു ഡോക്ടർ മേഴ്സിയുടേത്. ഭർത്താവ് ഡോ. തോമസും ഏക മകൻ ജോയലുമായി സന്തോഷത്തോടെ കഴിഞ്ഞ നാളുകൾ. മകൻ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയതിൽ പിന്നാണ് അവരുടെ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചത്. പിച്ചവെച്ചു നടന്ന പ്രായം മുതൽ അമ്മയുടെ കൈയും പിടിച്ചു നടന്ന മകൻ. അവനിൽ പെട്ടന്നൊരു മാറ്റം അവർക്ക് ഉൾക്കൊള്ളുന്നതിലും അപ്പുറമായിരുന്നു. 

 

ഒരു അമേരിക്കകാരിയുമായി അടുത്തപ്പോഴും പിന്നീടവളെ വിവാഹം കഴിച്ചപ്പോഴുമൊക്കെ ഞങ്ങൾ എതിർപ്പുകളൊന്നും പറഞ്ഞില്ല. എന്നിട്ടും. എന്നിട്ടും. അവന്റെ ജീവിതത്തിൽ മാറ്റം വരുമെന്ന് ചിന്തകളിൽ പോലുമില്ലായിരുന്നു. പപ്പയെയും മമ്മിയെയും അവനു വേണ്ടാതെയായി. പിന്നെ അവൻ ഒരിക്കൽ പോലും ഈ നാട്ടിലേക്ക് വന്നില്ല. തനിച്ചായ ജീവിതം. ഏക മകൻ അതും ഇത്ര ചെറുപ്പത്തിൽ എന്തിനായിരിക്കും അവൻ ഞങ്ങളെ ഉപേക്ഷിച്ചത്.? അവന്റെതായ ലോകം തേടി. ഏങ്ങോട്ടോ. ലോകത്തിന്റെ വിശാലതയിൽ ബന്ധങ്ങൾക്ക് വിലയില്ലാതെയായി. പല ചോദ്യങ്ങളും ഞങ്ങളോട് തന്നെ ചോദിച്ചു തുടങ്ങി. ഒരു ചോദ്യചിഹ്നം പോലെയായി ഞങ്ങളുടെ ജീവിതം. ഈ തണുത്ത അന്തരീക്ഷത്തിൽ പോലും അവരുടെ മനസ്സുകൾ ഉരുകുകയായിരുന്നു, പുത്ര വിയോഗത്താൽ. അങ്ങനെ വർഷങ്ങൾ പലതു കഴിഞ്ഞു.

 

പതിയെ പതിയെ ഓർമ്മകളുടെ ഇതളുകൾ കൊഴിഞ്ഞു വീണിരുന്നു, പിന്നീടൊരിക്കൽ പോലും പുനർജനിക്കാനാകാതെ മണ്ണിൽ ലയിച്ചു ചേർന്നിരുന്നു. തമ്മിൽ തമ്മിൽ സാന്ത്വനിപ്പിച്ച് ദിവസങ്ങൾ കടന്നുപോയി. ഒരു സന്ധ്യാനേരത്തായിരുന്നു ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗം. ആ വിയോഗം ഡോക്ടർ മേഴ്സിയെ വല്ലാതെ തളർത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ശരിക്കും ശൂന്യതയിലൂടെയാണ് കടന്നുപോയത്. ഷാർലറ്റിന്റെ വരവോട് കൂടിയാണ് ഈ വീടൊന്ന് ഉണർന്നത്.

 

ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗം മേധാവിയായിരുന്നു ഡോക്ടർ മേഴ്സി മാത്യു. വിഭ്രാന്തിയുടെ ആദ്യ ഘട്ടങ്ങളിൽ ഡോക്ടർ മേഴ്സി മാത്യുവിന്റെ ട്രീറ്റ്മെന്റിലായിരുന്നു ഷാർലറ്റ്. മറ്റു രോഗികളോടൊന്നും തോന്നാത്ത സ്നേഹം എന്നോട് എങ്ങനെ തോന്നി. ഷാർലറ്റ് പലപ്പോഴും ചിന്തിക്കും. തന്റെ മനസ്സിനേറ്റ വൈകല്യങ്ങളിൽ മേഴ്സിയാന്റി എന്നും ഒരു തണലായിരുന്നു. ഒരു പക്ഷേ ഞാനിവിടെ എത്തിയില്ലായിരുന്നെങ്കിൽ ആ ഇരുണ്ട വീട്ടിൽ എന്നേക്കുമായി ഒടുങ്ങുമായിരുന്നു. അല്ലെങ്കിൽ മെന്റൽ ഹോസ്പിറ്റലിന്റെ ഏതെങ്കിലും അകത്തളങ്ങളിൽ നാൽപ്പതു പേരിൽ ഒരാളായി ജീവിതം മുഴുവനും.ഹൊ! ആലോചിക്കുമ്പോൾ പേടിയാകുന്നു. 

 

ജീവിതത്തിലെ അന്ധകാരത്തിൽ നിന്നായിരുന്നു ഷാർലറ്റ് ഇവിടേക്ക് എത്തപ്പെട്ടത്. ഭൂതകാലങ്ങളിൽ അവളുടെ ബാല്യവും കൗമാരവുമെല്ലാം ആഡംബരം മണക്കുന്ന അന്ധകാരത്തിലേക്ക് തള്ളപ്പെട്ടുപോയിരുന്നു. ശരിക്കും ആഡംബരം നിറഞ്ഞ ജീവിതം. പക്ഷേ അവിടൊരിക്കലും അവൾക്ക് സമാധാനമില്ലായിരുന്നു. ഏകാന്തതയുടെ ദിനരാത്രങ്ങളായിരുന്നു അവിടെ. പലപ്പോഴും അവ്യക്തമായൊരു ഭയം അവളെ പിന്തുടരുന്നുണ്ടായിരുന്നു. ആകുലപ്പെട്ട മനസ്സുമായി വീടിനുള്ളിൽ, ആ നിശ്ശബ്ദ ലോകത്ത് ഏകയായി. ചാറ്റൽ മഴയുടെ നനുത്ത ശബ്ദങ്ങളും നിലാവുളള രാവിന്റെ നിശ്ശബ്ദതയും പ്രഭാതത്തിലെ പക്ഷികളുടെ ആരവവും വീട്ടുമുറ്റത്തെ പനിനീർ ചാമ്പയുടെ ചുവട്ടിൽ മണ്ണിൽ പറ്റിച്ചേർന്നു കിടക്കുന്ന പർപ്പിൾ പൂക്കളുമൊന്നും അവളുടെ മനസ്സിൽ കൗമാരത്തിന്റെ വർണ്ണങ്ങൾ വിതറിയിട്ടില്ലായിരുന്നു. ഒരിക്കൽ പോലും ഇതിന്റെയൊന്നും മോഹിപ്പിക്കുന്ന സൗന്ദര്യം മനസ്സിൽ പതിഞ്ഞിട്ടില്ലായിരുന്നു. 

 

ഷാർലറ്റിന്റെ പ്ലസ് ടു കാലഘട്ടം. സാധാരണ പെൺകുട്ടികൾക്കുണ്ടാവുന്ന പ്രണയ ബന്ധങ്ങളൊന്നും ഷാർലറ്റിന്റെ ജീവിതത്തിൽ സ്പർശിച്ചിട്ടില്ലായിരുന്നു. ഷാർലറ്റ് പലപ്പോഴും മൂകമായാണ് കാണപ്പെട്ടത്. ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആഗ്രഹിക്കുന്ന പോലെ പല വർണ്ണങ്ങളുള്ള ഉടുപ്പുകളൊന്നും അവൾ ആഗ്രഹിച്ചിരുന്നില്ല. അവളുടെ വികാരങ്ങളെല്ലാം അന്ധകാരം നിറഞ്ഞ ആ ബംഗ്ലാവിൽ ഒരിക്കലും അഴിയാനാവാത്ത വിധം ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്നു. വീടിനുള്ളിലെ നാലു ചുവരുകളിൽ ആരോടും മിണ്ടാതെ ഏകയായി ഇരുന്ന് നിശ്ശബ്ദത ആസ്വദിക്കും.

 

വർഷങ്ങൾക്കു മുമ്പേ നാട്ടിലെ ആ വലിയ വീട്ടിൽ ഭയത്തോടിരുന്ന നാളുകൾ. ഓർത്തു പോയി എന്റെ കൗമാര കാലം. ദിവസവും മദ്യപിച്ചെത്തുന്ന പപ്പായുടെ കുത്തഴിഞ്ഞ ജീവിതം.മമ്മിയുമായി കലഹിക്കാത്ത ദിവസങ്ങൾ വിരളമായിരുന്നു. പാതിരാത്രിയിൽ കയറി വരുന്ന പപ്പ. ദേഷ്യത്തോടെ വാതിൽ തുറക്കുന്ന മമ്മി. പിന്നെയുണ്ടാകുന്ന വഴക്ക്. ഭയപ്പെടുത്തുന്ന ഏകാന്തതയിൽ എന്റെ മുറിയിൽ ഉറങ്ങാതെ കിടക്കുന്ന ഞാൻ. എനിക്ക് കൂട്ടായി മൗനവും പുറത്ത് കട്ടപിടിച്ച ഇരുട്ടും മാത്രം. ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു വാക്കുപോലും പപ്പായിൽ നിന്ന് ഉണ്ടായിട്ടില്ല. അന്യസ്ത്രീ ബന്ധത്തെപ്പറ്റി പപ്പായുമായി നിരന്തരം വഴക്കിടുന്ന മമ്മി.ഒരു നോവുന്ന ഓർമ്മയായി മാറിയിരുന്നു.

 

മദ്യപിക്കാത്ത നേരങ്ങളിൽ എസ്റ്റേറ്റിലെ കണക്കുകൾ നോക്കുകയായിരിക്കും പപ്പ. ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. ആ വലിയ വീട്ടിൽ ആഡംബരത്തിന്റെയും ഏകാന്തതയുടെയും തടവറയിൽ നീറുന്ന മനസ്സുമായി ഞാൻ. എന്റെ മനസ്സിൽ ഈ വീടൊരു ശവക്കല്ലറയായിരുന്നു. ശൂന്യതയിൽ ഏകരായ ആത്മാക്കൾ വസിക്കുന്ന ആഡംബരം മണക്കുന്ന ശവക്കല്ലറ. ഈ ചുവരുകൾ തീർത്ത ഏകാന്തതയിൽ, നിശ്ശബ്ദതയ്ക്ക് കനം കൂടി വന്നു. പ്ലസ്ടു കഴിഞ്ഞാണ് ഞാൻ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. പപ്പായുമായുള്ള കലഹത്തിൽ മമ്മി പലപ്പോഴും സമനിലവിട്ട് പെരുമാറുമായിരുന്നു. അമിതമായി മദ്യപിക്കുന്ന രാത്രികളിൽ വഴക്കിൽ കലാശിച്ച് മമ്മിയെ ഒരുപാട് തല്ലുമായിരുന്നു. ഒരോ രാത്രികളും മനസ്സിൽ ദുഃഖത്തിന്റെ നൂതന വിത്തുകൾ പാകിയായിരിക്കും അവസാനിക്കുക.

 

അങ്ങനെ ദിവസങ്ങൾ കഴിയും തോറും പപ്പായുടെ മദ്യപാനം കൂടി വന്നു. വീടിനു പുറത്തായിരുന്ന മദ്യപസദസ്സ് പിന്നെപ്പിന്നെ വീട്ടിൽ തന്നെയായി. വീട്ടുമുറ്റത്തിരുന്ന് സുഹൃത്തുക്കളുമൊത്ത് മദ്യപാനം. ഒരോ ദിവസങ്ങളിലും അട്ടഹാസവും അസഭ്യം പറച്ചിലും ഗ്ലാസ്സുകൾ പൊട്ടി ചിതറുന്ന ശബ്ദങ്ങളും, അങ്ങനെ പാതിരാത്രിയോളം നീണ്ടു പോകും. ഒഴിഞ്ഞ കുപ്പികളും പൊട്ടിയ ഗ്ലാസുകളും ചിതറിക്കിടക്കുന്ന ചിപ്സ്സുകളും. ഹോ...പലപ്പോഴും ബോധം മറയുന്നതുവരെ കുടിക്കുമായിരുന്ന പപ്പയെ താങ്ങി പിടിച്ചു കൊണ്ടാണ് മമ്മി വീടിലുള്ളിലേക്ക് കയറുന്നത്. പപ്പയുടെ ചില സുഹൃത്തുക്കളുടെ നോട്ടങ്ങൾ മമ്മിയിലും എന്നിലേക്കും ആയി തുടങ്ങി. അങ്ങനെ ദിവസങ്ങൾ പലതു കഴിഞ്ഞു. 

 

ഒരിക്കൽ മദ്യപസദസ് കഴിഞ്ഞ് പപ്പായുടെ സുഹൃത്ത് മമ്മിയെ കയറി പിടിച്ച സംഭവമുണ്ടായി. ആ സംഭവം മമ്മിയെ ഒരുപാട് തളർത്തിയിരുന്നു. സ്വന്തം വീടിന്റെ ഉള്ളകങ്ങളിൽ പോലും സുരക്ഷിതത്വമില്ലായ്മ. പലപ്പോഴും അവരുടെ അഭിമാനബോധം നശിക്കുന്നതായി തോന്നി. ജീവിതത്തിൽ ഈയൊരവസ്ഥ ഒരു സ്ത്രീകളിലും ഉണ്ടാകല്ലേ എന്നു പ്രാർത്ഥിച്ചു. ഒരോ ദിവസം കഴിയുമ്പോഴും കാര്യങ്ങൾ കൂടുതൽ വഷളായി വന്നു. ഒരു സന്ധ്യാനേരത്ത് പപ്പാ ഒരു സ്ത്രീക്കൊപ്പം വീട്ടിൽ വന്നു. ആ രാത്രിയിൽ പപ്പായും മമ്മിയും വളരെ നേരം വഴക്കിട്ടു. പിന്നീടുള്ള രാത്രിയിൽ പല തവണ ഇത്തരം അനുഭവങ്ങളുണ്ടായി. സ്വന്തം വീട്ടിൽ പോലും അന്യരായി മാറിയതു പോലെ. ഒരു രാത്രിയിൽ പതിവു പോലെ പപ്പായുമായുള്ള വഴക്കിന് ശേഷം ഉറങ്ങിയ മമ്മി പിന്നീടൊരിക്കലും ഉണർന്നില്ല. അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച് മമ്മി എന്നന്നേക്കുമായി ഈ ജീവിതം അവസാനിപ്പിച്ചു. ആ ദൃശ്യങ്ങൾ എന്റെ മനസ്സിൽ ഒരിക്കലും മായാത്ത മുറിവേൽപ്പിച്ചായിരുന്നു കടന്നു പോയത്. 

 

ഇരുട്ട് വ്യാപിച്ച ആ കാഴ്ചയിൽ നിന്ന് മുക്തി നേടാൻ ഷാർലറ്റിനു കഴിഞ്ഞില്ല. മഞ്ഞുമൂടിയ അവ്യക്തമായ കാഴ്ചകളായിരിന്നു പലപ്പോഴും. ആ കാഴ്ച പോലെയായിരുന്നു ഷാർലറ്റിന്റെ ഓർമ്മകൾ. ഷാർലറ്റ് കൂടുതൽ നേരവും മൗനത്തിലായിരിക്കും. ആ മൗനം മനസ്സിന്റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ട് ഇരുട്ടിന്റെ അടിത്തട്ടിലേക്ക് വീണു പോകുന്നതായിരുന്നു. ഒഴുക്കിൽപ്പെട്ട ആറ്റുവഞ്ചിയെ പോലെ ചിതറിപ്പോയ മനസ്സ് ദിശാബോധമില്ലാതെ എങ്ങോട്ടോ അലയുകയായിരുന്നു, ദിക്കറിയാതെ…

 

പിന്നെ ശൂന്യമായ ഒറ്റപ്പെട്ട ദിനങ്ങൾ, മനോനില തെറ്റിയ കുറെ ആളുകളുടെ കൂടെ ഷാർലറ്റും. ചിതറി കിടന്ന മനസ്സിനെ ഏകമായൊരു ബിന്ദുവിൽ കേന്ദ്രീകരിക്കാനുള്ള ശ്രമം. ആ ശ്രമം വിജയം കണ്ടെത്തുമോ എന്നു പറയാനാവില്ല. ഷാർലറ്റിനെ ഡോക്ടർക്ക് എന്തെന്നില്ലാതെ ഇഷ്ടമായിരുന്നു. താരുണ്യം തുളുമ്പിയ ശരീരം. ഏതൊരാളെയും മോഹിപ്പിക്കുന്ന സൗന്ദര്യം. നിറങ്ങളിൽ നീരാടുന്ന പ്രായത്തിൽ ഈ കുട്ടിക്ക് ഇങ്ങനൊരു അവസ്ഥ വരാൻ കാരണം...? ഷാർലറ്റിന്റെ കാര്യത്തിൽ ഡോ. മേഴ്സിക്ക് മറ്റു രോഗികളോടൊന്നും തോന്നാത്ത പ്രത്യേക താൽപര്യമായിരുന്നു. ഏറെ നാളുകളിലെ ട്രീറ്റ്മെന്റിന് ശേഷം ഷാർലറ്റിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടായി. പിന്നീടൊരിക്കലും ആ വീട്ടിലേക്ക് തിരികെ പോകാൻ തോന്നിയില്ല. മമ്മിയില്ലാത്ത വീട്ടിൽ എന്തിനു പോകണം…? ആ ഇരുണ്ട അകത്തളങ്ങളിൽ ഏകയായി…. ഇനി ഒരിക്കൽക്കൂടി എന്റെ മനസ്സിനെ…ആലോചിക്കുമ്പോൾ പേടിയാകുന്നു. ആരോരുമില്ലാത്ത ഡോക്ടർക്ക് ഷാർലറ്റ് ഒരു കൂട്ടായിരുന്നു. 

 

ജീവിതത്തിൽ മുമ്പുണ്ടായ സംഭവങ്ങൾ സജിത്തുമായി ഷെയറു ചെയ്യുമ്പോൾ പലപ്പോഴും ഷാർലറ്റിന്റെ മിഴികളിൽ ഈറനണിയും. സജിത്ത് കാണുന്നതിന് മുമ്പ് ഷാളുകൊണ്ട് മിഴികൾ തുടയ്ക്കുമായിരുന്നു. എങ്കിലും ആരോടെങ്കിലും ഒന്നു തുറന്നു പറയുന്നത് മനസ്സിനൊരാശ്വാസമായിരിക്കും, അതും ഹൃദയത്തിൽ ഇഷ്ടം തോന്നിയ ഒരാളോട് പറയുമ്പോൾ കൂടുതൽ. ആദ്യമായാണ് ഷാർലറ്റ് ഒരു പ്രണയ ബന്ധത്തിലൂടെ കടന്നുപോകുന്നത്. പ്രണയാർദ്രമായ ഒരോ നിമിഷങ്ങളും അവളാസ്വദിക്കുകയായിരുന്നു. പ്രഭാതത്തിലുള്ള അവരുടെ ഒത്തുചേരലുകൾ പലപ്പോഴും തടാകക്കരയിലും വഴിയരികിലെ മരച്ചുവട്ടിലുമായി നീണ്ടുപോകും. ഒരോ പ്രഭാതത്തിലും മൈതാനത്ത് കളിക്കുന്നവരുടെ കൂട്ടത്തിൽ സജിത്തിനായി അകലങ്ങളിലേക്ക് മിഴികൾ അയക്കും. ഒരോ നിമിഷവും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഇരുവരും വീണുപോയിരുന്നു. നീലഗിരിയുടെ തണുത്ത പ്രഭാതങ്ങൾ അവർക്കു വേണ്ടിയുള്ളതായി തോന്നിപ്പോകും. ഉദിച്ച സൂര്യനും വിടർന്ന പുഷ്പങ്ങളും കലപില ചിലയ്ക്കുന്ന കിളികളുമൊക്കെ അവരുടെ അഗാത പ്രണയത്തിൽ പലപ്പോഴും ലജ്ജിച്ചു പോകുമായിരുന്നു. ഒരു കൗമാരക്കാരുടെ പ്രണയ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുന്നതായിരുന്നു അവരുടെ പ്രണയം.

 

ഇരുവരുടെയും പ്രണയത്തെ അത്യന്തം ആശങ്കകളോടെയാണ് ഡോക്ടർ മേഴ്സി കണ്ടത്.  പലപ്പോഴും ചിന്തിക്കും. ഇവരുടെ ബന്ധത്തിന് ഒരു വിള്ളൽ വീണാൽ ഷാർലറ്റ് വീണ്ടും പഴയ ജീവിതത്തിലേക്ക് തള്ളപ്പെട്ടു പോകും, അതൊരിക്കലും ഓർക്കാൻകൂടി വയ്യ. ഭൂതകാല ജീവിതത്തിൽ കയ്പ്പേറിയ അനുഭവത്തിലൂടെയാണ് ഷാർലറ്റ് സഞ്ചരിച്ചിട്ടുള്ളത്. ഒരുപാട് അനുഭവിച്ചു. കൗമാരത്തിലെ നനുത്ത സ്വപ്നങ്ങളെല്ലാം ആഡംബരം നിറഞ്ഞ വീടിന്റെ അറകളിൽ അടക്കം ചെയ്തിരുന്നു. ഒരിക്കലും ഉണരാത്ത മോഹങ്ങളായി. ആ മോഹങ്ങളെയാണ് വീണ്ടും ഉണർത്തിയിരിക്കുന്നത്. 

 

കടുത്ത വേനലിൽ ഉണങ്ങി വാടി നിൽക്കുന്ന പൂച്ചെടി. പുതുമഴയിൽ മതി വരുവോളം നനഞ്ഞാസ്വദിച്ച് പുതിയ ലോകത്തിലേക്കുള്ള ഉയർത്തെഴുന്നേൽപ്പ്. പിന്നെ തുടരെത്തുടരെ പെരുമഴക്കാലം. വീണ്ടുമൊരു പൂക്കാലത്തിനായി കൊതിക്കുന്ന പൂച്ചെടി, മഴക്കാലം അവസാനിക്കുന്നത് ഒരു വസന്തകാലത്തെ വരവേറ്റുകൊണ്ടായിരിക്കും. ചിത്രശലഭങ്ങളുടെയും കരിവണ്ടുകളുടെയും സ്പർശനം ആവോളം ആസ്വദിച്ചു. പ്രകൃതിയിലെ സൗന്ദര്യവും സുഗന്ധവാഹിയായ ഇളം തെന്നലും വശ്യഗന്ധവുമെല്ലാം അനുഭവിച്ചു തീരുന്നതിന് മുമ്പ് ആ ചെടി വെട്ടിമാറ്റപ്പെട്ട അവസ്ഥ വന്നാൽ. പിന്നെ ദുഃഖത്തിന്റെ കാണാതീരങ്ങളിലേക്ക് ഒഴുക്കായിരിക്കും. ഒരിക്കൽ പോലും തീരത്തണയാതെ. എങ്ങോ പോയി മറയും. ഭാരമില്ലാതെ പ്രപഞ്ചത്തിലെ ജീവ വായുവിൽ അലിഞ്ഞു ചേരും. പിന്നീട് അനന്തതയിലേക്ക് മരണമില്ലാതെ യുഗങ്ങളോളം അനിർവചനീയമായ ആനന്ദം തന്നെയായിരിക്കും. ഷാർലറ്റിന്റെ ജീവതത്തിലെ വസന്തകാലം വിരിഞ്ഞിരിക്കുകയാണ്. പുലർകാലങ്ങളിൽ കൂടുതൽ ആവേശത്തോടെ ഉണരും. സജിത്തിനോടൊപ്പം നടന്ന് ഉണരുന്ന പ്രഭാതങ്ങളെ നോക്കി കാണും.

 

 

‘‘ഇവിടുത്തെ തണുത്ത സായാഹ്നങ്ങൾ പോലെ ശാന്തമായിരിക്കുന്നു ഇപ്പോഴെന്റെ മനസ്സ്. സജിത്ത് എന്നോടൊപ്പം ആയിരിക്കുമ്പോൾ കൂടുതൽ സുരക്ഷിതമായതു പോലെ. ഭൂതകാലത്തിന്റെ ഓർമ്മകളെല്ലാം ഈ പ്രകൃതിയിൽ അലിഞ്ഞില്ലാതാകുന്നു. ഈയൊരവസ്ഥ ഏതൊരാളിലൂടെയും കടന്നുപോകുമ്പോൾ എന്തെന്നില്ലാത്ത ഒരനുഭൂതി ആയിരിക്കും. അവാച്യമായ അനുഭൂതി...” തണുത്ത സായാഹ്നങ്ങളിൽ, നീലഗിരിയിലെ പച്ചപ്പട്ടു വിരിച്ച മൊട്ടക്കുന്നിൽ സജിത്തിന്റെ തോളത്തു ചാരിയിരുന്ന് കൊഴിഞ്ഞുവീഴുന്ന പൂക്കളെ നോക്കികൊണ്ട് ഷാർലറ്റ് പറയും.

 

നിശ്ശബ്ദമായി, നിശ്ചലമായി ഉറങ്ങുന്ന തടാകത്തിലേക്ക് ചെറിയ കല്ലുകൾ വീഴുമ്പോഴുണ്ടാകുന്ന നിഷ്കളങ്ക സ്വരം പോലെ സജിത്ത് എന്നിൽ പടർന്നിരുന്നു. എന്നിലെ ആഴങ്ങളിലേക്ക്... ആ നിമിഷങ്ങൾ ഒരിക്കലും മായാത്ത അനുഭൂതിയായി മാറും. ആ അനുഭൂതിയിൽ ഞാൻ ലയിച്ചു ചേരും. നീലഗിരിയുടെ ഹരിതഭംഗിയിൽ ഇരുവരും യുവത്വത്തിന്റെ പ്രസരിപ്പിൽ ഇണ പിരിയാത്ത കുരുവികളെ പോലെ പറന്നു നടന്നു. സുഹൃത്തുക്കൾ ഏറെയുള്ള സജിത്ത് പലപ്പോഴും അവരുമായി യാത്രയിലായിരിക്കും. മിക്കപ്പോഴും ലോങ്ങ് റൈഡിനും പോകുമായിരുന്നു. അതൊരു ഹരമായിരുന്നു സജിത്തിന്. അഞ്ചും ആറും ദിവസം കഴിഞ്ഞായിരിക്കും മിക്കവാറും വീട്ടിൽ വരുന്നത്. അത്രയും ദിവസങ്ങൾ വലിയൊരു കാലയളവായി ഷാർലറ്റിന് തോന്നും.

 

ഒരിക്കൽ സജിത്ത് പറഞ്ഞു. “ഇന്നു ഞാനൊരു നീണ്ട റൈഡിനു പോകുകയാണ്… ഒന്നു രണ്ടു സ്റ്റേറ്റുകൾ കടന്നുള്ള യാത്ര. ഒരാഴ്ച കഴിഞ്ഞേ ഇനി ഇവിടെ വരികയുള്ളു.” “ഒന്നു കാണണമെങ്കിൽ എത്ര നാൾ കാത്തിരിക്കണം.” നിറമിഴികളോടെ ഷാർലറ്റ് ചോദിക്കും. എങ്കിലും സജിത്തിന്റെ മുഖത്ത് ഒരു ചെറു ചിരി മായാതെ നിൽക്കും. സജിത്തിന്റെ മാറോടു ചേർത്തു നിർത്തുമ്പോൾ ഷാർലറ്റിന് അൽപം ആശ്വാസമാകും. സജിത്തിൽ നിന്നുള്ള സ്നേഹചുംബനങ്ങൾ അവളിൽ കൂടുതൽ കരുത്തേകും. 

 

ഒരു സായാഹ്നനത്തിൽ മുറ്റത്തൊരു കാർ വന്നു നിന്ന ശബ്ദം കേട്ടാണ് അൽപം മയങ്ങിപ്പോയ ഷാർലറ്റ് ഉണർന്നത്. നടന്ന് മുന്നിലെ ഹാളിലേക്ക് വന്നപ്പോൾ മേഴ്സിയാന്റിയുമായി സംസാരിച്ചിരിക്കുന്ന പപ്പായെയാണ് കണ്ടത്…! വർഷങ്ങൾക്കു ശേഷമുള്ള കാഴ്ച. നിർവികാര ഭാവമായിരുന്നു ഷാർലറ്റിന്റെ മുഖത്ത്. പപ്പ ഒരുപാട് മാറിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലുമെല്ലാം. അന്നത്തെ ആ സംഭവത്തിന് ശേഷം മദ്യപാനമെല്ലാം പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. ഷാർലറ്റിനെ കണ്ട മാത്രയിൽ കുറ്റബോധം ആ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു. കുത്തഴിഞ്ഞ ആ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമായിരുന്നു എനിക്കു സമ്മാനിച്ചത്. ജീവിതത്തിന്റെ വിലപ്പെട്ട സമയങ്ങൾ മൗനത്തിന്റെ തടവറയിലായിരുന്നു. നഷ്ടപ്പെട്ട ആ നിമിഷങ്ങൾ. ഒരിക്കലും തിരികെ വരാത്ത ആ നിമിഷങ്ങൾ. ഓർക്കുമ്പോൾ. 

ഹൊ! അന്നൊരുപാടു നേരം പപ്പ എന്നോട് സംസാരിച്ചു. ആദ്യമായാണ് പപ്പ എന്നോട് ഇത്രയും നേരം സംസാരിക്കുന്നത്.  സംസാരിക്കുന്നതിനിടയിൽ കണ്ണുകളിൽ കുറ്റബോധം കൊണ്ട് നീർത്തുള്ളികൾ നിറഞ്ഞു നിന്നു. മാനസാന്തരം വന്നൊരു പുതുമനുഷ്യനായ് മാറിയ പോലെ ഷാർലറ്റിന് തോന്നി. ഇനിയുള്ള കാലം മകളുടെ കൂടെ ജീവിക്കണമെന്നാണ് ആഗ്രഹം. എന്നെ കൂട്ടിക്കൊണ്ടു പോകുകയാണ് പപ്പയുടെ വരവിന്റെ ലക്ഷ്യം.

 

ഷാർലറ്റ് ശരിക്കും ധർമ്മസങ്കടത്തിലായി. ഒരു ഭാഗത്ത് അത്രമേൽ ഇഷ്ടപ്പെടുന്ന സജിത്തും മേഴ്സിയാന്റിയും മറുഭാഗത്ത് മകളുടെ സ്നേഹത്തിനായി കൊതിക്കുന്ന പിതാവ്. ഏതൊരു പെൺകുട്ടിയും പിതാവിന്റെ വാത്സല്യത്തിനായ് ഒരുപാട് കൊതിക്കും. എന്റെ ഭൂതകാലത്ത് അങ്ങനൊരു സ്നേഹം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും നടക്കാത്ത സ്വപ്നമായി മാറുകയായിരുന്നു. അടുത്താഴ്ച വന്നു കൊണ്ടുപോകുമെന്ന് പറഞ്ഞാണ് പപ്പാ അവിടെനിന്ന് പോയത്. ആ രാത്രിയിൽ ഷാർലറ്റിന് ഉറങ്ങാൻ കഴിഞ്ഞില്ല. സജിത്തിനോട് ഒരു വാക്കുപോലും പറയാതെ പോകണം എന്നറിഞ്ഞപ്പോൾ സങ്കടത്തിലായി. സജിത്തിനോടൊപ്പമുള്ള ഒരോ സുവർണ്ണ നിമിഷങ്ങളും ഓർമ്മയിൽ നിറഞ്ഞു നിന്നു. സജിത്തിനെ ആദ്യമായി കണ്ട നാളുകൾ. പ്രണയത്തിന്റെ ചുഴിയിൽപ്പെട്ട നിമിഷങ്ങൾ. 

 

പുലർകാലങ്ങളിൽ ഉണർന്ന്, ഏറെനേരം നടന്ന ശേഷം വിശ്രമിക്കാൻ വേണ്ടി ഞങ്ങൾ തടാകക്കരയിലേക്ക് പോകും. ബൊഗൈൻ വില്ലകളുടെ പൂക്കൾ വീണു നിറഞ്ഞ തടാകത്തിനരികിലെ നെല്ലിമരച്ചുവട്ടിൽ ഇരിക്കും. നീലിഗിരിയിലെ മഞ്ഞുമൂടിയ താഴ്വരയിലെ മനോഹരമായ തടാകം. ഞങ്ങളുടെ പ്രതിബിംബം തടാകത്തിലെ വെള്ളത്തിൽ തെളിഞ്ഞു കാണാം. ഇവിടെ വല്ലാത്തൊരു നിശ്ശബ്ദതയാണ്! ഉണരാത്ത നിശ്ശബ്ദത. തടാകത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പിൽ നിന്നും പഴുത്ത നെല്ലിയ്ക്കകൾ വെള്ളത്തിലേക്ക് വീണ് ഇടയ്ക്കൊക്കെ നിശ്ശബ്ദതയെ ഉണർത്തികൊണ്ടിരുന്നു. ഒരിക്കൽ മൾബറിച്ചെടിയുടെ അരികിൽ, നിറഞ്ഞു നിൽക്കുന്ന മൾബറിപ്പഴങ്ങളെ സാക്ഷി നിർത്തി മഞ്ഞുമേഘങ്ങൾ ഒഴുകിനടക്കുന്ന പ്രഭാതത്തിലായിരുന്നു സജിത്ത് എന്നെ ആദ്യമായി ചുംബിച്ചത്. മൾബറിപ്പഴങ്ങൾ ചൊടികളിൽ ചായം പുരട്ടിയതുപോലെ ആ ചുംബനങ്ങൾ എന്റെ അധരങ്ങളെ ചുവപ്പാക്കി മാറ്റി. അൽപം പരിഭ്രമിച്ചെങ്കിലും സജിത്തിലേക്ക് കൂടുതൽ ചേർത്ത് നിർത്തി എനിക്ക് ധൈര്യം പകർന്നു. പലപ്പോഴും സജിത്തിന്റെ പ്രണയചുംബനങ്ങൾ സിന്ദൂര കിരണങ്ങളായി എന്നെ തഴുകിയിരുന്നു. ആ ചുംബനങ്ങൾ സജിത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അങ്ങനെ എത്രയോ ദിനങ്ങൾ കടന്നുപോയി. അങ്ങനെ ഉറങ്ങാതെ ഒരോന്നും ഓർത്ത് പുലരാറായപ്പോൾ എപ്പഴോ ഉറങ്ങിപ്പോയി.

 

ദിവസങ്ങൾ പലത് കടന്നു പോയി. അന്നൊരു ശനിയാഴ്ചയായിരുന്നു. വീട്ടിലേക്ക് പോകാനായി തയാറെടുപ്പുകൾ നടത്തുകയായിരുന്നു ഷാർലറ്റ്. മേഴ്സിയാന്റിയെയും സജിത്തിനെയും വിട്ട് പോകുന്നതിൽ തെല്ലു സങ്കടം മുഖത്തു കാണാമായിരുന്നെങ്കിലും പിതാവിന്റെ സ്നേഹവാത്സല്യത്തിനു മുമ്പിൽ തോറ്റു പോകുന്ന മകളായി സ്വയം മാറിയിരുന്നു. ബ്രേക്ക്ഫാസ്റ്റിനായി ഭക്ഷണം കിച്ചണിൽ തയ്യാറാക്കുമ്പോഴായിരുന്നു ഒരു ഫോൺ കാൾ വന്നത്. മേഴ്സിയാന്റിയായിരുന്നു ഫോൺ എടുത്തത്. കൂട്ടക്കരച്ചിലായിരുന്നു അങ്ങേത്തലയ്ക്കൽ. റൈഡിനു പോയ അഞ്ചു സുഹൃത്തുകളിൽ രണ്ടു പേർ തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു എന്ന വാർത്ത. ആ രണ്ടു പേരിൽ സജിത്തുമുണ്ടായിരുന്നെന്ന് വളരെ ദു:ഖത്തോടെയാണ് അറിയാൻ കഴിഞ്ഞത്. ഡോക്ടർ മേഴ്സി ആ വാർത്തയിൽ സ്തബ്ദമായി നിന്നു. അപ്രതീക്ഷമായി കേട്ട വാർത്തയിൽ നിമിഷങ്ങളോളം ഷാർലറ്റ് തരിച്ചു പോയി. ആയിരം തീവണ്ടികളുടെ ഇരമ്പൽ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. കാതടപ്പിക്കുന്ന ആ ഇരമ്പലിൽ ചുറ്റിനുമുള്ള കാഴ്ചകൾ മങ്ങി വരുന്നതായി തോന്നി. ശരീരത്തിനു ഭാരമില്ലാത്ത അവസ്ഥ. ജനലഴികളിൽ പിടിച്ചിട്ടും കണ്ണിൽ ഇരുട്ട് വ്യാപിച്ച് ബോധം മറഞ്ഞു. ഡോക്ടർ മേഴ്സി താങ്ങി പിടിച്ച് ഷാർലറ്റിനെ ബെഡിലേക്ക് കിടത്തി.

 

ആർക്കും ഉൾക്കൊൾള്ളാൻ കഴിയാത്തതായിരുന്നു ആ ദു:ഖവാർത്ത. മകളെക്കൂട്ടി കൊണ്ടു പോകാൻ വന്ന പിതാവ് കണ്ടത് മെന്റൽ ഹോസ്പിറ്റലിന്റെ സെല്ലിൽ ആരോടും ഒന്നും മിണ്ടാതെ അലസമായി കിടക്കുന്ന മുടിച്ചുരുളുമായി ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ പറയുന്ന മറ്റൊരു ഷാർലറ്റിനെ ആയിരുന്നു. ആരെയും കണ്ടാൽ മനസ്സിലാക്കാൻ സാധിക്കാത്ത വിധമായിത്തീർന്നിരുന്നു. നിശ്ശബ്ദമായുള്ള ഷാർലറ്റിന്റെ ജീവിതത്തിൽ സജിത്തിന്റെ സാമീപ്യം സപ്തസ്വരങ്ങളായി തഴുകിയിരുന്നു. ഉണരുന്ന പ്രഭാതങ്ങളെ അവളേറെ സ്നേഹിച്ചിരുന്നു. ആ സ്വരങ്ങളെയും പ്രഭാതങ്ങളെയുമാണ് കാലം അവളിൽ നിന്നും അടർത്തിയെടുത്തിരിക്കുന്നത്. ഓർമ്മകളിൽ ഇരുട്ടു വീണ കുറെ മനുഷ്യരുടെ ഇടയിൽ ഏകയായി. മൂകമായി ഉറങ്ങുന്ന മനസ്സിൽ വർണ്ണങ്ങളില്ല, ഉണരുന്ന പ്രഭാതങ്ങളില്ല, നിലാവുള്ള സന്ധ്യകളില്ല. കനം പിടിച്ച അന്ധകാരം മനസ്സിന്റെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു. ആ മനസ്സിലേക്ക് പ്രകാശകണങ്ങൾ വീഴാൻ എത്ര നാൾ വേണം. ഇരുവരും കാത്തിരുന്നു. ഷാർലറ്റിന്റെ മനസ്സിൽ വീണ്ടും പ്രഭാതങ്ങൾ വിടരാൻ, ഉണരുന്ന പ്രഭാതങ്ങളായി.

 

English Summary : Unarunna Prabhathangal Short Story By Cicil Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com