ചതിച്ച സുഹൃത്തിനോട് ഒരു മധുര പ്രതികാരം,വിലപിടിച്ച കാറുകൾ ദൗർബല്യം; കാലം കാത്തുവച്ച കാവ്യ നീതി

Representative Image. Photo Credit: Light-Studio / Shutterstock
Representative Image. Photo Credit: Light-Studio / Shutterstock
SHARE

ഇന്നലെകൾ (കഥ)

‘‘മോനെ എന്തിനാടാ ഇങ്ങനെ കാറുകൾ വാങ്ങി കൂട്ടുന്നത് ?’’അച്ഛൻ തുടർന്നു‘‘ ഇതിപ്പോ  അഞ്ചാമത്തേത് ആല്ലേ. എന്നിട്ടോ നാട്ടിൽ വരുമ്പോൾ ഇതൊന്നും ഉപയോഗിക്കാതെ പഴയ മാരുതി തന്നേ ഓടിക്കുള്ളൂ?

പിന്നെ എന്തിനാ ഇങ്ങനെ കാറുകൾ വാങ്ങി മുറ്റം നിറക്കുന്നത്’’? അച്ഛന്റെ ചോദ്യത്തിന് മുന്നിൽ വിഷ്ണു ചിരിക്കുക മാത്രമേ ചെയ്തുള്ളു.‘‘നിനക്കാണെങ്കിൽ നാട്ടിൽ നിൽക്കാൻ സമയവും ഇല്ല. ഞങ്ങൾ രണ്ടാളും അഞ്ചു കാറുകളും. ഇടക്ക് ഒരു ദിവസം നാരായണൻ മാഷ് വന്നപ്പോൾ കളിയാക്കി. നിങ്ങൾക്ക് പേടിക്കാതെ കിടന്നുറങ്ങാലോ കാവലിന് വീടു ചുറ്റും കാറുകളല്ലേ’’ തമാശ രൂപത്തിൽ ആണ് പറഞ്ഞതെങ്കിലും അച്ഛന്റെ ശബ്ദത്തിൽ വിഷമം ഉണ്ടായിരുന്നു.

പെട്ടന്ന് ഫോൺ ബെല്ലടിച്ചു. സെക്രട്ടറി ആണ് പ്രസന്ന.

 ‘‘സാർ എന്നാണ് തിരിച്ചു വരുന്നത് എന്നു ഗായത്രി മാം  ചോദിച്ചിരുന്നു’’

 ‘‘മൂന്ന് അല്ലെങ്കിൽ നാലു ദിവസം. ഞാൻ ഫ്രീ ആവുമ്പോൾ ഗായുവിനെ വിളിച്ചോളാം എന്നു പറയൂ. നീ മെയിലുകൾ ചെക് ചെയ്തിട്ട് വളരെ അത്യാവശ്യം ഉള്ളവ മാത്രം എന്റെ പഴ്‌സണൽ മെയിലിലോട്ടു ഫോർവേർഡ് ചെയ്താൽ മതി’’

 ‘‘ശരി സർ.പിന്നെ നാളെ ഞാൻ ലീവ് എടുത്തോട്ടെ’’

‘‘ Any thing important? നീ ഗായുവിനോട് പഞ്ഞില്ലേ?’’

‘‘ മാഡം സാറിനോട് കൂടി ചോദിക്കാൻ പറഞ്ഞു .പിന്നെ സാർ പരാഗിന്റെ birthday ആണ് നാളെ’’

‘‘കാമുകന്റെ പിറന്നാളിന് ലീവ്  അനുവദിച്ചിരിക്കുന്നു. പക്ഷേ ഞാൻ വരുന്ന അന്ന് രണ്ടാളും കൂടെ പാർട്ടി നടത്തേണ്ടി വരും’’

‘‘പാർട്ടി റെഡി സർ’’ അവൾ മണി കിലുങ്ങുമ്പോലെ ചിരിച്ചു കൊണ്ടു ഫോൺ കട്ടു ചെയ്തു.

‘‘എടാ ദാസൻ വന്നിട്ടുണ്ട്.’’അമ്മ വിളിച്ചു പറഞ്ഞു. ദാസൻ സ്കൂളിൽ കൂടെ പഠിച്ചതാണ്. ഇപ്പൊ അച്ഛനും അമ്മയ്ക്കും ഒരു സഹായത്തിനു അവൻ ആണുള്ളത്. പിന്നെ എന്നും കാറുകൾ എല്ലാം സ്റ്റാർട്ട് ചെയ്തു നോക്കുക. ഇടയ്ക്ക് അച്ഛനും അമ്മയും എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അവരെ കാറിൽ  കൊണ്ടു പോവുക. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരിക എല്ലാം അവനാണ് ചെയ്യാറ്. 

‘‘ദാസാ എന്തൊക്ക ഉണ്ട് വിശേഷം’’

‘‘നീ ഇന്നലെ വന്നപ്പോൾ വൈകിയോ’’ എന്ന മറുചോദ്യം ആണ് അവൻ ചോദിച്ചത്.

‘‘എയർ പോർട്ടിൽ കാറുമായി വരണ്ട എന്നു  അച്ഛൻ പറഞ്ഞതു കൊണ്ടാ ഞാൻ വരാതിരുന്നത്’’

‘‘എന്റെ ഒരു കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്നു. അവൻ എന്നെ ഇവിടെ വിട്ടിട്ടാണ്  പോയത്’’

‘‘ഇനി ഇന്നുതന്നെ പോകുന്നുണ്ടോ അതോ നാളെയോ’’

‘‘ഇല്ല മൂന്നു നാലു ദിവസം ഉണ്ടാകും’’

‘‘അദ്ഭുതം ആണല്ലോ.വീണമോളുടെ കല്യാണത്തിനു വന്നു പോയതിനു ശേഷം നിന്നെ അടുപ്പിച്ചു രണ്ടു ദിവസം കണ്ടിട്ടില്ല എന്ന് അമ്മ എന്നും പറയാറുണ്ട്’’

‘‘അരി വാങ്ങിക്കണ്ടേ ദാസാ’’

‘‘നീ അരി വാങ്ങിക്കണ്ടേ എന്നല്ല കാറു വാങ്ങിക്കേണ്ടേ എന്നു പറ’’

അവൻ പൊട്ടിച്ചിരിച്ചു.

‘‘ബെൻസ്,പോർഷെ,വോൾവോ, ബിഎംഡബ്ലൂ. ഒക്കെയുണ്ട് എന്നിട്ടും യാത്ര പഴയ  മാരുതിയിലും ശരിക്കും നിനക്ക് വട്ടുണ്ടോ’’

‘‘എടാ മാരുതി ആൾട്ടോ എനിക്ക് ഉപയോഗിക്കാൻ എന്റെ അച്ഛൻ സ്നേഹത്തോടെ വാങ്ങിത്തന്നതാണ്.അതിൽ അച്ഛന്റെ ഒരുപാട് കഷ്ടപ്പാടും,വിയർപ്പും ഒക്കെ ഉണ്ട്. അതുകൊണ്ടാ നാട്ടിൽ വരുമ്പോൾ ഞാൻ അതു മാത്രം  ഉപയോഗിക്കുന്നത്. മറ്റേതൊക്കെ എന്റെ ഈഗോയെ തൃപ്തി പെടുത്താനായിട്ടു ഞാൻ വാങ്ങുന്നതാണ്.അതിനൊക്കെ പൊങ്ങച്ചത്തിന്റെ വില മാത്രമേ ഉള്ളു മനസ്സിലായോ’’

 ‘‘പശുവും ചത്തു മോരിലെ പുളിയും പോയി. ഇനിയും ഈഗോ’’ദാസൻ ചിരിച്ചു

 ‘‘അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല’’. വിഷ്ണു മറുപടി പറഞ്ഞു.

 ‘‘എടാ നമുക്കൊന്നു പുറത്തോട്ടിറങ്ങാം’’

‘‘ കാറെടുക്കണോ’’

‘‘വേണ്ടെടാ നടക്കാം കവല വരെ.നമ്മുടെ ക്ലബും മൂസാക്കയുടെ കടയും ഒക്കെ ഇപ്പൊ ഉണ്ടോ’’

‘‘മൂസാക്കയുടെ കട ഉണ്ട്. നീ പോയതിനു ശേഷം ഞാൻ ക്ലബ്ബിലേക്കു പോയിട്ടേ ഇല്ല. ഇപ്പോൾ പുതിയ പയ്യന്മാരെ ഒക്കെ അവിടെ കാണാം.എന്നാലും പഴയ ആവേശം ഒന്നും കാണാറില്ല’’

‘‘സുരേട്ടൻ ഇപ്പൊ ക്ലബ്ബിൽ വരാറില്ലേ’’ ‘‘ആ  ഇടക്കൊക്കെ. സുജ ചേച്ചിയുടെ മരണത്തിനു ശേഷം മൂപ്പർ ആകെ തകർന്ന പോലെ ആണ്.രണ്ടു ചെറിയ കുട്ടികളും സുരേട്ടനും മാത്രമല്ലേ ഉള്ളൂ.’’ അപ്പോഴേക്കും അവർ  കവലയിൽ എത്തിയിരുന്നു.വിഷ്ണുവിനെ  ദൂരെനിന്നു കണ്ടപ്പോഴേ മൂസാക്ക വിളിച്ചു കൂവി ദാസാ അന്റെ കൂടെ ആരാ ഒരു പരിചയം ഇല്ലാത്ത ആൾ.എന്നാലും ഇന്റെ വിഷ്ണൂട്ട നീ ഞങ്ങളെ ഒക്കെ മറന്നല്ലോ’’ ‘‘മൂസാക്ക ഞാൻ ആരെയും മറന്നതൊന്നും അല്ല. പിന്നെ ജോലിയുടെ തിരക്ക് കാരണം എനിക്ക് നാട്ടിൽ വന്നു നിൽക്കാൻ പറ്റുന്നില്ല എന്നു മാത്രം. എനിക്ക് നിങ്ങളെ ഒക്കെ മറക്കാൻ കഴിയുമോ’’‘‘ഇങ്ങളെ അച്ഛനെ കാണുമ്പോൾ ഒക്കെ പറയും മൂസ അവൻ വലിയ വീടുണ്ടാക്കി. വീടിന്റെ മുറ്റം നിറയെ കാറും വാങ്ങി നിറച്ചിട്ടുണ്ട്. എന്നിട്ടെന്താ കാര്യം ഒരു രണ്ടു ദിവസം തികച്ചു വീട്ടിൽ നിൽക്കാൻ കൂടിയിട്ടില്ല എന്ന്’’ മറുപടി ഒന്നും പറയാതെ വിഷ്ണു ഒന്നു പുഞ്ചിരിച്ചു. അപ്പോഴേക്കും വിഷ്ണുവിനെ കണ്ടു പഴയ പരിചയക്കാരും കൂട്ടുകാരും ഒക്കെ ആയി കുറച്ചു പേർ അവിടെ ഒത്തു കൂടിയിരുന്നു.

‘‘ഇങ്ങൾക്കു ചായ എടുക്കട്ടേ’’ ‘‘എനിക്ക് മാത്രമല്ല ഇക്ക ഇവർക്കെല്ലാം ചായ വേണം‘‘എല്ലാവരെയും പേര് വിളിച്ചു സംസാരിച്ചപ്പോൾ മില്ലു നടത്തുന്ന ശങ്കരേട്ടൻ ചോദിച്ചു ‘‘അപ്പൊ ആരെയും മറന്നിട്ടില്ല അല്ലെ’’ ‘‘ഇങ്ങളെ ഒക്കെ മറന്നാൽ ഞാൻ ഉണ്ടോ ശങ്കരേട്ടാ, ഈ ചായക്കടയും ക്ലബും പാർട്ടി ഓഫീസിലും ഒക്കെ ആയി വളർന്നതല്ലേ ഞാൻ’’

‘‘ക്ലബ്ബിൽ ആരും ഇല്ലെ’’ ‘‘ആ ബഷീറും കുറച്ചു പയ്യന്മാരും അവിടെ ഉണ്ടായിരുന്നു.ഇങ്ങള് പോയതിൽ പിന്നെ കളിയുടെ  ഉഷാർ ഒക്കെ പോയില്ലേ. ഇപ്പൊ ആ ബഷീര് ഇങ്ങളെ പോലെ നന്നായി കളിക്കും.നമ്മുടെ അഹമ്മദിന്റെ മോനാ’’മൂസാക്ക പറഞ്ഞു. ‘‘അപ്പു, ദാസാ വാടാ നമുക്ക് ക്ലബ്ബിൽ ഒന്നു കയറാം. അപ്പു നീ ഇപ്പൊ കളിക്കാറുണ്ടോ’’

‘‘ഇല്ല. പണ്ടത്തെ പോലെ അല്ല. വൈകുന്നേരം വരെ കല്ല് പൊട്ടിച്ചു വന്നാൽ പിന്നേ കളിക്കാനൊന്നും തോന്നില്ല’’

ക്ലബ്ബിൽ കാരംസ്ബോഡിന് മുന്നിൽ നാലുപേരുണ്ടായിരുന്നു.ഒന്നു രണ്ടു പേർ കളികണ്ടു നിൽക്കുന്നും ഉണ്ട്’’

‘‘ആ വിഷണുവേട്ടനോ’’ ആരാ എന്ന ഭാവത്തിൽ നോക്കിയപ്പോൾ പറഞ്ഞു ‘‘ഞാൻ ബഷീർ. അഹമ്മദിന്റെ മകനാണ്’’

‘‘നീ ചെറിയ കുട്ടി ആയിരിക്കുമ്പോൾ കണ്ടതാണ് ഞാൻ ക്ലബ്ബ് ഒക്കെ എങ്ങനെ പോകുന്നു’’ അയാൾ അവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ട്രോഫികളിലേക്കു നോക്കി. അധികവും തങ്ങൾ കളിച്ചു നേടിയവതന്നെ.‘‘ഇങ്ങള് പോയതിനു ശേഷം പിന്നെ കഴിഞ്ഞ കൊല്ലം നമുക്ക് രണ്ടു ട്രോഫി കിട്ടി അത്രയേ ഉള്ളു.‘‘വേറെ ഒരു പയ്യൻ ആണ് പറഞ്ഞതു

‘‘ഇപ്പൊ സുരേട്ടനും അങ്ങിനെ ഒന്നും വരാറില്ല. അതുകൊണ്ടു ക്ലബ്ബിന്റെ കാര്യങ്ങൾ അൽപം ബുദ്ധിമുട്ടിൽ ആണ്’’ അപ്പു പറഞ്ഞു.‘‘ഇപ്പൊ നല്ലവണ്ണം കളിക്കുന്ന കുറച്ചു പയ്യന്മാർ ഒക്കെ ഉണ്ട്’’‘‘നിങ്ങൾ ഒരു കാര്യം ചെയ്യൂ. ഉച്ച കഴിഞ്ഞു വീട്ടിലേക്കു വാ ക്ലബ്ബ് ഒന്നു ഉഷാർ ആക്കാനുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് ചെയ്യാം. അപ്പു നീയും അവരുടെ കൂടെ വാ. നമ്മൾ എല്ലാവരും ചേർന്നു  തുടങ്ങിയതല്ലേ അതു നന്നായി നടക്കണം’’

‘‘ദാസാ എനിക്ക് പാർട്ടി ഓഫീസിൽ ഒന്നു കയറണം’’‘‘വിഷ്ണുവോ നീ എന്നാ വന്നത്’’ കണ്ട ഉടനെ ഹംസ സഖാവ് കെട്ടിപിടിച്ചു. ‘‘ഇന്നലെ വൈകിട്ട്,എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ഹംസക്ക’’‘‘നന്നായി പോണ്‘‘‘‘എന്തൊക്കെ ഉണ്ട് മെംബറെ വിശേഷം’’ ‘‘വിഷണുവേട്ടാ സുഖം.രണ്ടു ദിവസം മുൻപ് ഞാൻ അച്ഛനെ കണ്ടിരുന്നു’’

മെമ്പർ സെബിൻ കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു. അവിടെ എല്ലാവരോടും സംസാരിച്ചു പുറത്തിറങ്ങുമ്പോൾ ആണ് ‘‘മോനെ’’ എന്നൊരു വിളി കേട്ടത്.‘‘ആ ആരിത് ശാന്തേച്ചിയോ’’‘‘അച്ചുവേട്ടനു എങ്ങിനെ ഉണ്ട് ചേച്ചി ഇപ്പോൾ’’

‘‘ഒരു കുറവും ഇല്ല മോനെ. മരുന്നുണ്ട് ഇപ്പോഴും’’ ‘‘അച്ഛൻ വിശേഷങ്ങൾ ഒക്കെ പറയാറുണ്ട്.മോൾക്ക് ഒരു കല്യാണം വന്നിട്ടുണ്ട് അല്ലെ’’ ‘‘കല്യാണം വന്നിട്ടൊക്കെ ഉണ്ട് പക്ഷേ ഇപ്പോഴത്തെ അവസ്‌ഥ വെച്ചു അതു വേണ്ട എന്നു വെക്കാൻ തീരുമാനിച്ചു.അച്ചുവേട്ടന്റെ ചികിത്സയും എല്ലാം കൂടെ ഒത്തുപോവില്ല മോനേ’’ ‘‘അതു നല്ലതാണെങ്കിൽ വേണ്ട എന്നു വെക്കേണ്ട ചേച്ചി.ഞാൻ അച്ഛനോട് പറയാം.വേണ്ടത് എന്താണ് എന്നു വെച്ചാൽ നമുക്ക് ചെയ്യാം’’ ‘‘പോകുന്നതിനു മുൻപ് ഞാൻ അച്ചുവെട്ടനെ വന്നു കാണാം’’ എന്നു പറഞ്ഞു. ഇപ്പൊ കരഞ്ഞു പോകും എന്ന ഭാവത്തിൽ നിന്ന ചേച്ചിയെ വിട്ടു വിഷ്ണു പെട്ടന്ന് കടയിലേക്കു കയറുമ്പോൾ അവിടെ നിന്നും പെട്ടന്ന് ഒരു താടിക്കാരൻ ഇറങ്ങി പോയി.

‘‘ദാസാ അതു നമ്മുടെ ശബരി അല്ലെ’’‘‘എന്താ അവന്റെ കോലം ഇങ്ങനെ?. ഖദർ ഇട്ടിട്ടല്ലാതെ അവനെ ഞാൻ കണ്ടിട്ടേ ഇല്ലല്ലോ’’ ‘‘അവന്റെ കഥ ഒന്നും നിനക്കു അറിയില്ല ഇപ്പൊ രാഷ്ട്രീയം ഒന്നും ഇല്ല.അവന്റെ കുട്ടിക്ക് തീരെ സുഖം ഇല്ല. കിഡ്നിക്ക് എന്തോ പ്രശനം ആയിരുന്നു. വീടൊക്കെ വിറ്റു കിഡ്നി മാറ്റി  വച്ചു. ഇനിയും എന്തൊക്കെയോ ചികിത്സ കൂടി ആവശ്യം ഉണ്ട് അതിനു അഞ്ചുലക്ഷം വേണം. ഇപ്പൊ നാട്ടുകാർ ഒരു സഹായ സമിതി ഒക്കെ തുടങ്ങി പിരിക്കാൻ തുടങ്ങിയിട്ടുണ്ട്.നിന്നോട് ചെയ്ത് ചതിയുടെ ഫലം ആണെന്നാണ് ഞങ്ങൾ പറയാറ്’’ മറുപടി ഒന്നും പറയാതെ വിഷ്ണു ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘‘ദാസാ നമുക്ക് തിരിച്ചു പോകാം. മൂസാക്ക ഇനി പിന്നെ കാണാം പോകുന്നതിനു മുൻപ് സമയം കിട്ടിയാൽ വീണ്ടും വരാം’’ എന്നു പറഞ്ഞു അവിടെ ഉള്ളവയോടെല്ലാം യാത്ര പറഞ്ഞിറങ്ങി. വീട്ടിൽ എത്തിയപ്പോൾ പ്രിയ ആണ് വന്നു വാതിൽ തുറന്നത്. ‘‘ആ നീ എപ്പോ വന്നു അമ്മയുടെ അസിസ്റ്റന്റിനെ കണ്ടില്ലല്ലോ എന്നു ഞാൻ വിചാരിക്കുകയും ചെയ്തു. അതോ ഇനി ഇപ്പൊ വല്ലവനും കെട്ടി കൊണ്ടു പോയോ എന്നും കരുതി’’ ‘‘ഞാൻ രാവിലെ അച്ഛനെ ഡോക്ടറെ കാണിക്കാൻ പോയിരുന്നു.പിന്നെ കെട്ടിപോകാൻ മിസ്റ്റർ ചൊവ്വ കനിയണം‘‘.എന്നും പറഞ്ഞു അവൾ ചിരിച്ചു. അവരുടെ അടുത്ത വീട്ടിലെ സുന്ദരൻ മാഷുടെ നാലു പെണ്മക്കളിൽ മൂത്തവൾ ആണ് പ്രിയ.അമ്മ ചെറുപ്പത്തിലേ മരിച്ച പ്രിയയും അനിയത്തിമാരും ചെറുപ്പം മുതലേ ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരുന്നു. പി ജി കഴിഞ്ഞ പ്രിയക്കു ഇതുവരെ ജോലി ഒന്നും ശരിയായിട്ടില്ല.മാത്രവുമല്ല ജാതകത്തിൽ ചൊവ്വ ദോഷം ഉള്ളത് കാരണം കല്യാണവും ശരിയായിട്ടില്ല.അതുകൊണ്ടു തന്നെ വിഷമത്തോടെ ആണെങ്കിലും രണ്ടു അനിയത്തിമാരുടെ കല്യാണം സുന്ദരൻ മാഷിന് നടത്തേണ്ടി വന്നു. ഇപ്പൊ മിക്കവാറും പ്രിയ അമ്മയുടെ കൂടെ വീട്ടിൽ പകലൊക്കെ ഉണ്ടാവാറുണ്ട്. വീണ കല്യാണം കഴിഞ്ഞു പോയതിനു ശേഷം പ്രിയ ഉള്ളതാണ്  ഞങ്ങൾക്കൊരു ആശ്വാസം എന്നു അച്ഛനും അമ്മയും എപ്പോഴും പറയാറുമുണ്ട്.

 അകത്തു പോയ വിഷ്ണു ഡ്രസ്സ് മാറ്റി പുറത്തേക്കു വന്നു ‘‘ദാസാ വാ നമുക്കൊന്നു പുറത്തുപോകാം  നീ ഓടിച്ചോ’’എന്നു പറഞ്ഞു.‘‘എവിടേക്കാ എന്ന ദാസന്റെ ചോദ്യത്തിന് ‘‘നിനക്കു ശബരിയുടെ വീട് അറിയാമോ

 അവനെ ശരിക്കൊന്നു കണ്ടിട്ടു ഒരുപാട് നാള് ആയില്ലേ’’

‘‘ നീ അതൊന്നും ഇനിയും വിട്ടില്ലെ’’

‘‘അതൊക്കെ അങ്ങിനെ മറക്കാനും വിടാനും പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ’’

‘‘എന്നാലും അവന്റെ ഈ അവസ്ഥയിൽ’’

‘‘അന്ന് എന്റെ അവസ്‌ഥ മോശം ഇന്ന് അവന്റെ മോശം അപ്പൊ ഒരു കാവ്യ നീതി ഇല്ലേ അതിൽ’’പിന്നീട് ശബരിയുടെ

വീട് എത്തുന്നത് വരെയും ദാസൻ ഒന്നും സംസാരിച്ചില്ല. കാറു നിർത്തി പുറത്തിറങ്ങി കോളിങ് ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ ആണ് വന്നു വാതിൽ തുറന്നത്.

‘‘ശബരി ഇല്ലേ’’

‘‘ചേട്ടൻ ഉണ്ട് ഇപ്പൊ വിളിക്കാം’’

‘‘ആരാ വന്നത് ’’എന്നു ചോദിച്ചു കൊണ്ടു പുറത്തേക്കു വന്ന ശബരി തന്നെ കണ്ടു നടുങ്ങുന്നത് വിഷ്ണു കണ്ടു.

‘‘നീ എന്താ കവലയിൽ വെച്ചു എന്നെ കണ്ടപ്പോൾ പെട്ടന്ന് പോയത്’’ അവൻ ഒന്നും പറയാതെ പകച്ചു നിൽക്കുകയാണ്. വാതിലിന് മുന്നിൽ നിൽക്കുന്ന ശബരിയെ വകഞ്ഞു മാറ്റി വിഷ്ണു വീടിനകത്തേക്ക് കയറി.

എന്തു ചെയ്യണം എന്നറിയാതെ ദാസനും ഒന്നു പകച്ചു. ഉള്ളിൽ കയറിയ വിഷ്ണു  ശബരിയുടെ ഭാര്യയുടെയും മകളുടെയും മുഖത്തു ഭയം കണ്ടു.ശബരിയും ദാസനും അപ്പോഴും പകച്ചു നിൽക്കുക ആയിരുന്നു.

മുന്നിൽ ഭയന്നു നിൽക്കുന്ന ആറു വയസ്സുകാരിയെ ബലമായി എടുത്തുയർത്തി.വിഷ്ണുവിന്റെ കയ്യില്നിന്നും കുതറി ഇറങ്ങാൻ ശ്രമിച്ച കുട്ടിയോട്  പറഞ്ഞു ‘‘മോള് പേടിക്കണ്ട മോളുടെ അച്ഛന്റെ ഒരു പരിചയക്കാരൻ ആണ് അങ്കിൾ

എന്താ മോളുടെ പേര്?‘‘അവൾ മടിച്ചു മടിച്ചു പറഞ്ഞു ‘‘സത്യ’’ ‘‘സത്യ നല്ല പേര് ആ പേരു അങ്കിളിനു വലിയ ഇഷ്ടമായിരുന്നു ട്ടോ.അതു മോളുടെ അച്ഛന് അറിയാം.’’അങ്കിൾ മോൾക്ക് ഒരു സമ്മാനം തരാൻ വന്നതാണ് എന്നു പറഞ്ഞു പോക്കറ്റിൽ.നിന്നും ഒരു കവർ എടുത്തു അവളുടെ കയ്യിൽ കൊടുത്തു ഒന്നും പറയാതെ പുറത്തേക്കു ഇറങ്ങി.

ദാസൻ വണ്ടി തിരിച്ചെടുക്കുന്നതിനു മുൻപേ ശബരി പുറത്തേക്കു ഓടി വന്നു.വിഷ്ണു എന്നു പറഞ്ഞു കരഞ്ഞുകൊണ്ട് കാലിലേക്ക് വീഴാൻ തുടങ്ങിയ ശബരിയെ അയാൾ പിടിച്ചുയർത്തിയപ്പോഴേക്കും

അവന്റെ ഭാര്യയും കണ്ണീരൊലിപ്പിച്ചുകൊണ്ടു പുറത്തേക്കു വന്നു.വിഷ്ണുവിന്റെ മുന്നിൽ കൈകൂപ്പി കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു ‘‘മാപ്പു വിഷ്ണു മാപ്പ് ചെയ്തതിനൊക്കെയും’’ ശാന്തനായി വിഷ്ണു പറഞ്ഞു ‘‘നീ മാപ്പൊന്നും പറയേണ്ട. ശബരി അതൊക്കെ എന്നോ കഴിഞ്ഞ കാര്യങ്ങൾ അല്ലേ. അതൊക്ക മറന്നേക്കൂ. ഇപ്പൊ നിന്റെ മകളുടെ ചികിത്സ നടക്കട്ടെ ഇനിയും പൈസ ആവശ്യം ഉണ്ടെങ്കിൽ നീ ദാസന്റെ അടുത്തു പറഞ്ഞാൽ മതി’’

‘‘ചായ കുടിച്ചിട്ട് പോകാം‘‘ എന്നു പറഞ്ഞ അവന്റെ ഭാര്യയോട് ‘‘ചായ അല്ല ബിരിയാണി തിന്നാൻ തന്നെ ഞാൻ വരാം പക്ഷേ അടുത്ത വരവിൽ അപ്പോഴേക്കും മോളുടെ അസുഖവും സുഖമാവട്ടെ’’

വണ്ടിയിൽ വെച്ചു ദാസൻ ചോദിച്ചു ‘‘പത്തു ലക്ഷം രൂപ വെറുതെ കൊടുത്തിട്ടാണോ പക വീട്ടുന്നത്?’’

‘‘ഇങ്ങനെയും പക വീട്ടാം ദാസാ.അവന്റെ ശരീരത്തിൽ ഏൽക്കുന്ന വേദന പെട്ടന്ന് മാറില്ലേ? ഇതിപ്പോ അവൻ അവന്റെ  മോളെക്കുറിച്ചു ഓർക്കുമ്പോൾ മുഴുവൻ അവനു കുറ്റബോധം തോന്നും.അവൻ മരിക്കുന്നത് വരെ ആ വേദന അവനെ പിന്തുടരും.ഇതിലും വലിയ എന്തു ശിക്ഷയാ ഞാൻ അവനു കൊടുക്കേണ്ടത്.’’

‘‘എന്തോ എനിക്ക് നിന്നെ തീരെ മനസ്സിലാവുന്നില്ല വിഷ്ണു’’

ശബരിയുടെ മോളുടെ പേര് വീണ്ടും  ചിന്തകൾ  സത്യയിലേക്ക് എത്തിച്ചു.

ഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം.അവൾ വിടാതെ പിന്നാലെ കൂടുക ആയിരുന്നു.കോളേജിൽ  രാഷ്ട്രീയത്തിലും സ്പോർട്ട്സിലും ഒക്കെ തിളങ്ങി നിൽക്കുന്ന ആളോട് തോന്നിയ ഒരു ആകർഷണം എന്നെ ആദ്യം കരുതിയുള്ളൂ.പക്ഷേ കോളേജ് ജീവിതം കഴിഞ്ഞു അതു തുടർന്ന് കൊണ്ടേ ഇരുന്നു.ഒരേ പ്രായക്കാർ ആയതുകൊണ്ട് തന്നെ അവൾക്കു കല്യാണ ആലോചനകൾ വരാൻ തുടങ്ങിയപ്പോൾ അച്ഛനെ താൻ പോയി കാണണം എന്ന നിർബന്ധം ആയി.കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു മാസ്റ്റർ ഡിഗ്രി ഉണ്ടെന്നല്ലാതെ ജോലി ഒന്നും ആയിട്ടില്ല.വില്ലേജ് ഓഫീസിലെ റിട്ടയേർഡ് പ്യൂണിന്റെ മകന് സാമ്പത്തികമായും ഒന്നും അവകാശപ്പെടാനില്ലാത്ത സമയം.

ഏതായാലും അവളുടെ നിർബന്ധപ്രകാരം അവളുടെ അച്ഛൻ ബിൽഡർ സദാനന്ദൻ നായരെ പോയികണ്ടു.വളരെ സ്നേഹപൂർവം ആയിരുന്നു സംസാരം.കാര്യങ്ങൾ എല്ലാം കേട്ട് ശേഷം കൂടെ വരാൻ പറഞ്ഞു.ഓഫീസിന്റെ പാർക്കിങ് ഏരിയായിലേക്കു ആണ് കൊണ്ട് പോയത്.അവിടെ കുറെ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണിച്ചു കൊണ്ടു പറഞ്ഞു.

‘‘അവിടെ നിർത്തിയിട്ടിരുന്ന പോർഷെ കാറു കണ്ടോ അതു എന്റേതാണ്‌.ഏകദേശം ഒന്നരക്കോടി രൂപവരും അതിനു.ആ ബെൻസ്,ബി എം ഡബ്ല്യൂ, ടയോട്ട ഒക്കെ എന്റെ സ്റ്റാഫുകളുടെ കാറുകൾ ആണ്. ഇപ്പൊ വിഷ്ണുവിന് ഞാൻ എന്താണ് പറഞ്ഞു വരുന്നത് എന്നു മനസ്സിലായല്ലോ.അർഹിക്കുന്നതേ ആശിക്കാവൂ’’. എന്നൊരു ഉപദേശവും തന്നു യാത്രയാക്കി.അച്ഛൻ എന്താണ് പറഞ്ഞതു എന്നറിയാൻ ആകാംഷയോടെ കാത്തിരുന്ന അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയില്ലാത്ത തന്നെ അച്ഛൻ പൊന്നുപോലെ ആണ് നോക്കി വളർത്തുന്നത് അതുകൊണ്ടു അച്ഛന് ഇഷ്ടമില്ലാത്തത് ഒന്നും താനും ചെയ്യില്ല അതുകൊണ്ടു നമുക്ക് പിരിയാം എന്നു അവളും പറഞ്ഞു.

രാത്രി വളരെ വൈകുന്നത് വരെ ലക്ഷ്യമില്ലാതെ കറങ്ങിയ താൻ ലാസ്റ്റ് ബസ്സിൽ നാട്ടിൽ വന്നിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ ആണ് ശബരിയും വേറെ രണ്ടുപേരും കൂടെ പിറകിൽ നിന്നും കുത്തി വീഴ്ത്തിയത്.നട്ടെല്ലിന്റെ ഭാഗത്തു കുത്തേറ്റു വീണു ചോര ഒലിപ്പിച്ചു കിടന്ന തന്നെ നാട്ടുകാർ ആരൊക്കെയോ സമയത്തു കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.പിറ്റേന്ന് പത്രത്തിൽ നിന്നാണ് താൻ അറിഞ്ഞത് രാഷ്ട്രീയസംഘർഷത്തിൽ ആണ് തനിക്കു കുത്തേറ്റത് എന്നും തന്റെ ആക്രമണത്തിൽ പരിക്ക് പറ്റിയ ശബരിയും ആശുപത്രിയിൽ അഡ്മിറ്റാണ് എന്നും ഒക്കെ.

അന്നത്തെ രാഷ്ട്രീയ കാലാവസ്‌ഥ വെച്ചു അക്രമരാഷ്ട്രീയക്കാർ എന്നൊരു തൂവൽ തന്റെ പ്രസ്ഥാനത്തിന് അന്നത്തെ ഭരണകൂടവും മാധ്യമങ്ങളും എല്ലാം ചർത്തിയിരുന്നതിനാൽ കാര്യങ്ങൾ എല്ലാം എളുപ്പവും ആയി.

നട്ടെല്ലിന് കുത്തേറ്റ് എനിക്കു കാലുകൾ അനക്കാൻ ബുദ്ദിമുട്ടുണ്ടായിരുന്നു.രണ്ടു മാസത്തോളം  ആശുപത്രിയിൽ കിടന്നു.അതിനു ശേഷം മാസങ്ങൾ നീണ്ട ഫിസിയോ തെറാപ്പി.അതിനു ഓട്ടോയിലോ ബസിലോ പോകാനുള്ള എന്റെ ബുദ്ധിമുട്ടു കണ്ടിട്ടാണ് അച്ഛൻ വളരെ ബുദ്ദിമുട്ടി ഒരു കാറു വാങ്ങിയത്. ഏതായാലും ആരോഗ്യം പൂർവസ്ഥിതിയിൽ എത്താൻ ഒരു വർഷത്തോളം എടുത്തു.അതിനിടക്ക് കേസ് മുന്നോട്ടുപോയാൽ കുടുങ്ങും എന്നു മനസ്സിലാക്കിയ ശബരി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കേസ് ഒത്തു തീർപ്പാക്കിയിരുന്നു.എന്നാലും എന്തിനാണ് അവൻ തന്നെ കുത്തിയത് എന്നു മാത്രം തനിക്കു മനസ്സിലായതേയില്ല.അന്നൊരു ദിവസം അച്ചുവേട്ടൻ വന്നു പറയുന്നയത്‌ വരെ.

സത്യയുടെ അച്ഛന്റെ ഡ്രൈവർ ആയിരുന്നു അച്ചുവേട്ടൻ.തന്റെ എതിർപ്പ് കൂസാതെ മകൾ എങ്ങാനും എന്റെ കൂടെ ഇറങ്ങിവന്നാലോ എന്ന ഭയം കാരണം സദാനന്ദൻ നായർ കൊടുത്ത കൊട്ടേഷൻ ആയിരുന്നത്രെ ശബരിക്കു.രാഷ്ട്രീയ സംഘർഷം എന്ന രീതിയിൽ നടപ്പിലാക്കാം എന്നത് അവന്റെ ബുദ്ധിയും.

വീട്ടിൽ എത്തി അൽപസമയം കഴിഞ്ഞപ്പോഴേക്കും വീണയും ഭർത്താവും എത്തി.

‘‘അളിയൻ ഇങ്ങനെ നടന്നാൽ മതിയോ ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ’’സുധീർ വീണയുടെ ഭർത്താവ് വിടാൻ ഉള്ള ഭാവം ഇല്ല. ‘‘അതു തന്നെ ഏട്ടാ ഏതോ ഒരു കാലത്തു ഒരു പെണ്ണ് ചതിച്ചു എന്നു വെച്ചു ഇനിയും കല്യാണമേ വേണ്ട എന്നു വെച്ചു നടക്കണോ?’’ അനിയത്തിയുടെ വക. ‘‘അളിയൻ ഒരു വാക്ക് പറഞ്ഞാൽ മതി നല്ല മണി മണി പോലത്തെ കുട്ടികളെ കിട്ടും’’‘‘ഓരോ ദിവസം കഴിയും തോറും പ്രായം കൂടി വരികയാണ് എന്നൊരു ബോധം വേണം’’അനിയത്തി 

‘‘ഇനി നീ വേറെ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ.ഉണ്ടെങ്കിൽ അതു ആരാണെന്നു മാത്രം പറഞ്ഞാൽ മതി ജാതിയും മതവും ഭാഷയും ഒന്നും ഞങ്ങൾക്ക് പ്രശ്നമേ അല്ല.അമ്മയുടെ വകയാണ്’’ ‘‘അങ്ങനെ ഒന്നും ഇല്ല അമ്മേ തൽക്കാലം ഇങ്ങനെ അങ്ങു പോട്ടെ’’ എന്നും പറഞ്ഞു അവിടെ നിന്നും എണീക്കാൻ തുടങ്ങിയപ്പോൾ അതുവരെ മിണ്ടാതെ ഇരുന്ന് അച്ഛൻ പറയാൻ തുടങ്ങി‘‘മോനേ നീയും ഗായത്രിയും തമ്മിൽ ഉള്ള ബന്ധം എന്താണ് എന്നു എനിക്കറിയില്ല.ഇനി നിന്റെ മനസ്സിൽ അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനും ഞങ്ങൾക്ക് വിഷമം ഇല്ല,നിന്റെ സന്തോഷം മാത്രം കണ്ടാൽ മതി ഞങ്ങൾക്ക്.ആ കുട്ടികളും നീയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോകൾ ഒക്കെ ഫേസ്ബുക്കിൽ ഞാനും കണ്ടിരുന്നു.മാത്രവുമല്ല നല്ല സ്‌നേഹം ഉള്ള കുട്ടിയാണ് അവൾ.ഞങ്ങൾ അന്ന് വന്നപ്പോൾ കണ്ടതല്ലേ’’

‘‘അച്ഛൻ എന്താണ് ഈ പറയുന്നത് ഗായു, ഗായത്രി  എന്റെ ബോസ് ആണ്.ഞങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്ഷിപ് ഉണ്ട് എന്നത് ശരിതന്നെ.അച്ഛനില്ലാത്ത ആ കുട്ടികൾ എന്നോട് നല്ല അടുപ്പത്തിൽ ആണെന്നതും ശരിയാണ്.പക്ഷേ അതിന്റെ അർത്ഥം ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്നല്ല.അവൾ ഇപ്പോഴും അവളുടെ ഭർത്താവിന്റെ പേരന്റെസിന്റെ ഒപ്പം ആണ് താമസിക്കുന്നതും.പിന്നെ എന്നെ അവരുടെ വീട്ടിൽ ഒരാളെ പോലെ കരുതുന്നതു അവരുടെ നല്ല മനസ്സു’’

എന്നും പറഞ്ഞുകൊണ്ട് വിഷ്ണു അവിടെ നിന്നും എണീറ്റു പോയി. റൂമിൽ എത്തിയ വിഷ്ണു വീണ്ടും ഓർമകളിലേക്ക് വഴുതി വീണു. ആരോഗ്യം മെച്ചപ്പെട്ടത്തിനു ശേഷം നാട്ടിൽ നിൽക്കാൻ വലിയ വിഷമം ആയിരുന്നു.അതുകൊണ്ടു തന്നെ അച്ഛന്റെയും അമ്മയുടെയും അനുവാദത്തോടെ ജോലി അന്വേഷിച്ചു മുംബൈയിലേക്ക്‌ ട്രെയിൻ കയറി.

കുറെ അലഞ്ഞെങ്കിലും മനസ്സിന് ഇണങ്ങിയ ഒരു ജോലി കിട്ടിയില്ല തിരിച്ചു പോരണോ എന്നു സംശയിച്ചു  നിൽക്കുന്നതിനിടക്കാണു ആരോ രാജ് ഐടി സൊല്യൂഷൻസ് എന്നൊരു സ്ഥാപനത്തിനെ കുറിച്ചു പറഞ്ഞതു.

അഡ്രസ് തപ്പി കയറി ചെന്നപ്പോൾ കുറച്ചു ആശ്ചര്യം തോന്നി വലിയ ഒരു ഓഫീസിൽ ആകെ മൂന്നു നാലു സ്റ്റാഫുകൾ മാത്രം.എംഡി യെ ഒന്നു കണമോ എന്നു ചോദിച്ചപ്പോൾ  ഗായത്രി മൽഹോത്ര എന്നു നെയിം ബോർഡ് വെച്ച ഒരു ക്യാബിനിലേക്കു കൈചൂണ്ടി. ഉള്ളിൽ കയറിയപ്പോൾ ഏകദേശം തന്റെ പ്രായത്തിൽ ഉള്ള ഒരു യുവതി ഇരിക്കുന്നു.സിവി കൊടുത്തു ഒരു ജോലി അന്വേഷിച്ചു വന്നതാണ് എന്നു പറഞ്ഞപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ടു പൂട്ടാൻ തീരുമാനിച്ച ഒരു സ്ഥാപനത്തിൽ എന്തു ജോലി എന്ന മറു ചോദ്യം ആണ് ഉണ്ടായത്

ഇത്രയും പേരുള്ള ഒരു സ്ഥാപനം പൂട്ടുകയോ എന്നു അത്ഭുദം കൊണ്ടപ്പോൾ നിങ്ങൾക്ക് കഥ കേൾക്കാൻ ഇഷ്ടം ആണോ എന്ന മറുചോദ്യം ആണുണ്ടായത്.

ഗായത്രിയുടെ ഭർത്താവ് രാജ് മൽഹോത്ര ഉണ്ടാക്കിയതാണ് സ്ഥാപനം വളരെ ചുരുങ്ങിയ സമയംകൊണ്ടു  തന്നെ പേരും പ്രശസ്തിയും നേടി.പക്ഷേ ആറുമാസം മുൻപോരു കാർ ആക്സിഡന്റിൽ രാജ് മരണപ്പെട്ടു.അതിനു ശേഷം ആണ് ഗായത്രി ചുമതല എല്ക്കുന്നത്.എന്നാൽ രാജിന്റെ വിശ്വസ്തർ എന്നു കരുതിയിരുന്ന കുറച്ചു പേര് ചേർന്നു  അവരുടെ മുഴുവൻ ബിസിനസും മിക്കവാറും എല്ലാ സ്റ്റാഫുകളെയും കൂടെ ചേർത്തു ഒരു പുതിയ സ്ഥാപനം തുടങ്ങി.അതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ഗായത്രി പറഞ്ഞു നിർത്തി.

‘‘അപ്പോ അവരുടെ മുന്നിൽ തോറ്റു പോകാൻ തീരുമാനിച്ചു അല്ലെ മാം ?’’എന്തോ അങ്ങനെ ചോദിക്കാൻ ആണ് അപ്പോൾ തോന്നിയത്.‘‘അല്ലാതെ എന്റെ മുന്നിൽ വേറെ മാർഗം ഒന്നും കാണുന്നില്ല’’ ‘‘നിങ്ങളുടെ ഭർത്താവ് ഇതായിരിക്കുമോ ആഗ്രഹിക്കുന്നത്.അദ്ദേഹം ഉണ്ടാക്കി എടുത്ത ഒരു സ്ഥാപനം ഇങ്ങനെ നിസ്സാരമായി ഉപേക്ഷിക്കുന്നത്’’ ‘‘അടുത്ത മാസം ഇപ്പോൾ ഉള്ളവർക്ക് ശമ്പളം കൊടുക്കാനുള്ള പൈസ പോലും കയ്യിൽ ഇല്ല.പിന്നെ എന്തു ചെയ്യാൻ കഴിയും’’എന്നു പറയുമ്പോൾ  തീരെ അപരിചിതാനായ തന്റെ മുന്നിൽ പോലും അവരുടെ ശബ്ദം ഇടറുന്നത് അറിയാൻ പറ്റി.

‘‘മാം നമുക്കൊരു മൂന്നു മാസം കൂടി ശ്രമിച്ചു നോക്കിയാലോ’’

‘‘യാതൊരു എക്സ്‌പീരിയൻസും ഇല്ലാത്ത തന്നെ വിശ്വസിച്ചോ’’ അവരുടെ സ്വരം അല്പം ഉയർന്നിരുന്നു.

‘‘മാം ഈ മൂന്നു മാസം എനിക്ക് ശമ്പളം ഒന്നും വേണ്ട’’ എന്തോ തന്റെ ആത്മവിശ്വാസം കണ്ടിട്ടായിരിക്കും‘‘ നിങ്ങൾ കുറച്ചു സമയം പുറത്തിരിക്കു.ഞാൻ മറ്റുള്ളവരോട് ഒന്നു ചോദിക്കട്ടെ’’  പുറത്തിരുത്തി അവർ ഏകദേശം അരമണിക്കൂർ സമയം അവിടെ അവശേഷിച്ചിരുന്ന സ്റ്റാഫുകളും ആയി സംസാരിച്ചു. അതിനു ശേഷം  വിളിച്ചിട്ട് പറഞ്ഞു. ‘‘നിങ്ങൾ പറഞ്ഞതു പോലെ നമ്മൾ തോൽവി ഒഴിവാക്കാനുള്ള അവസാന ശ്രമം നടത്തുന്നു’’

അന്ന് മുതൽ ഒരു ടീം ആയി തുടങ്ങിയ പരിശ്രമങ്ങൾ ആദ്യത്തെ ഒരു വർഷം ഒരുപാട് ബുദ്ധിമുട്ടി ശരിക്കും ഭക്ഷണവും ഉറക്കവും ഇല്ലാതെ ഉള്ള ദിവസങ്ങൾ പല ദിവസങ്ങളിലും  ഗായത്രിയോ മറ്റേതെങ്കിലും സ്റ്റാഫുകളോ കൊണ്ടുവരുന്ന ടിഫിനിലെ ഒരു പങ്കു മാത്രമായിരുന്നു തന്റെ ഭക്ഷണം. ഏതായാലും രണ്ടു വര്ഷത്തിനുള്ളിൽ തങ്ങൾ ചെറിയ ലാഭത്തിലേക്ക് എത്താൻ തുടങ്ങി.സ്റ്റാഫുകളുടെ എണ്ണം കൂടാൻ തുടങ്ങി,ക്ലയന്റുകൾ കൂടാൻ തുടങ്ങി.

അഞ്ചു വർഷം ആയപ്പോഴേക്കും രാജ് ഐടി സൊല്യൂഷൻസ് പഴയതിലും പേരും പ്രശസ്തിയും നേടിയിരുന്നു.

അതിനിടയിൽ മാഡം എന്ന വിളി ഗായത്രി എന്നും ഇപ്പൊ ഗായു എന്നും വിളിക്കാനുള്ള അത്രയും അടുപ്പമായിരിക്കുന്നു.രാജിന്റെ അച്ഛനും അമ്മയും തന്നെ അവരുടെ മകനെ പോലെ തന്നെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.

സ്ഥാപനത്തിന്റെ ലാഭം ശതകോടികളിൽ എത്തി. ഒരു ഞായറാഴ്ച്ച വീട്ടിൽ എത്താൻ ഗായത്രി പറഞ്ഞതനുസരിച്ചു എത്തിയ തനിക്കു ഗായത്രി ഒരു കവർ തന്നു തന്നെ ഇപ്പോൾ ഉള്ള എല്ല ചുമതലകളില്നിന്നും പുറത്താക്കിയിരുന്നു എന്ന ഓർഡർ ആയിരുന്നു അതിൽ.ഒന്നും പറയാൻ കഴിയാതെ ഷോക്കിൽ നിന്ന തന്റെ മനസ്സിലേക്ക് പലരും പലപ്പോഴും  പറഞ്ഞിരുന്ന വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു.പ്രൈവറ്റ് സ്ഥാപനം ആണ്  ഇത്ര ആത്മാർത്ഥത കാണിക്കേണ്ട.ഒരു സ്റ്റേജ് കഴിഞ്ഞാൽ അവർ തന്നെ കറിവേപ്പില പോലെ എടുത്തു പുറത്തിടും എന്നു.വിഷമിച്ചിരിക്കുന്ന തന്റെ അടുത്തേക്ക് രാജിന്റെ അച്ഛനും അമ്മയും കൂടെ വന്നു. വേറെ ഒരു കവർ ഗായത്രിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ‘‘ഇതും നീ തന്നെ കൊടുക്കു മോളെ’’ എന്നു എന്റെ ഏറ്റവും പ്രിയപെട്ട സഹോദരന് എന്നു പുറത്തു എഴുതിയ ആ കവറിൽ കമ്പനിയുടെ പകുതി ഷെയർ തന്റെ പേരിൽ ആക്കിയ ഡോക്‌മെന്റ്‌സ് ആയിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ഉള്ള ഗായുവിനെ കുറിച്ചു ഇവർക്ക് എങ്ങിനെ മനസ്സിലാക്കി കൊടുക്കും എന്ന വിഷ്ണുവിന് അറിയില്ലായിരുന്നു. ഏതായാലും ആ തവണ മുംബൈയിലേക്കു പോകുന്ന അന്ന് വിഷ്ണു അച്ഛനോടും അമ്മയോടും പറഞ്ഞു.‘‘സുന്ദരൻ മാഷോട് ചോദിച്ചു നോക്കൂ ചൊവ്വാദോഷത്തിൽ വിശ്വാസം ഇല്ലാത്ത ഒരാൾക്കു പ്രിയയെ കെട്ടിച്ചു കൊടുക്കാൻ തയാറുണ്ടോ എന്ന്.’’

English Summary : Innalekal Short Story By Rajesh V R

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA