ADVERTISEMENT

ദാസന്റെ പരിണാമം (കഥ)  

മരക്കസേരയിലിരുന്നപ്പോഴാണ് വേദന കലശലായത്. സോഫയിലിരുന്നപ്പോഴൊന്നും ദാസന് അത്ര ബുദ്ധിമുട്ട് തോന്നിയില്ല. അരയുടെ പിൻഭാഗത്ത് താഴെയായി ചെറിയ വേദന തോന്നിയിട്ട് കുറച്ചുദിവസങ്ങളായി. അവിടം എല്ലുതന്നെയാണ്. ബലമുള്ള ഒന്നുതന്നെ. ഇത് അധിക വളർച്ചയാണോയെന്ന സംശയമാണ് ആദ്യം അയാൾക്ക് തോന്നിയത്. വെറുമൊരു സംശയമായി അതിനെ അപ്പോൾ തന്നെ പൊതിഞ്ഞുവെച്ചു. ഇടയ്ക്കിടെയെങ്കിലും വേദന സഹിക്കാതായപ്പോൾ പ്രയാസമായി.

 

 പിറ്റേന്ന് ഡോക്ടറെ സന്ദർശിച്ചു – ‘സ്കാനിങ്ങിന് എഴുതിയിട്ടുണ്ട്, ഡോണ്ട് വറീ.. എന്നിട്ട് നോക്കാം’ ഡോക്ടറുടെ മറുപടി കേട്ടിട്ടും വെറുതെ കുറേയേറെ ഊഹിച്ചെടുത്ത് വായിച്ചും കേട്ടും അറിഞ്ഞത് ഓർമ്മയിലെത്തിയതും ചേർത്തുവെച്ച് അയാൾ ഉള്ളിലെ കരച്ചിൽ ഗദ്ഗദമായി ഒതുക്കിവെച്ചു.

 

‘സാറിന് ഭയപ്പെടാനൊന്നുമില്ല... മുറിവോ പഴുപ്പോ ഒന്നും’ സ്കാനിങ് ഫലം വിശകലനം ചെയ്ത കൂടിക്കാഴ്ചയിൽ ഡോക്റുടെ മറുപടി കേട്ട് ദാസൻ ആശ്വാസത്തോടെ ഇരുന്നു. അടുത്ത വാചകം കേൾക്കുന്നതുവരെ.

‘ഇത് വളർച്ച തന്നെയാണ്. പക്ഷേ ഉപദ്രവമില്ലാത്ത ഒരു വളർച്ച. താങ്കൾ അതുൾക്കൊള്ളണം. സാറിത്ര എജ്യുക്കേറ്റഡായതുകൊണ്ട് തുറന്നു പറയുകയാണ്’

 

‘ഡോക്ടർ കാര്യം പറയൂ.കാൻസറല്ലല്ലൊ. വേറെയെന്തും ഞാൻ സഹിച്ചോളാം എന്തും കേൾക്കാൻ റെഡിയാ സാർ.

‘താങ്കൾക്ക്’ ഡോക്ടർ നിശ്ശബ്ദമായി.

‘സാർ, കേൾക്കുന്ന എനിക്കില്ലാത്ത പേടി ഡോക്ടർക്കെന്തിന്’

‘മിസ്റ്റർ ദാസൻ, താങ്കളുടെ കൂടെ ആരും വന്നില്ലേ’

‘ഡോക്ടർ ഞാനിപ്പോൾ നോർമലാണ്. സസ്പെൻസ് വെച്ച് ദയവായി എന്നെ ഭ്രാന്തനാക്കരുത്’.

‘ങ്ഹാ, ഞാൻ ഒളിച്ചുവെയ്ക്കുന്നില്ല. താങ്കളുടെ പിൻഭാഗത്ത് ഉപദ്രവമില്ലാത്ത ഒരു വളർച്ച. യെസ്. ‘ഒരു വാൽ’

 

‘ഡോക്ടർ’ ദാസൻ അന്താളിപ്പോടെ വിളിച്ചു.

‘യെസ്.ഇത് ഇനിയും വളരും. ഒരു പക്ഷേ വളരെ വളരെ... സ്കാനിങിൽ അത് വ്യക്തമാണ്’

‘ഒാക്കെ’ കിതപ്പോടെതന്നെ അയാൾ കസേരയിലമർന്നു. വേദനിച്ചപ്പോൾ അൽപം മുന്നോട്ടാഞ്ഞിരുന്നു. തുടയിൽ കൈകൾ കുത്തി താടിയിൽ താങ്ങുകൊടുത്ത് അയാൾ ഡോക്ടറെ നോക്കി. പിന്നെ പതുക്കെ ഇടതു കൈ കൊണ്ട് പിൻഭാഗത്ത് തടവി ശരിയാ അതിന് ഇന്നലത്തേക്കാളും വളർച്ച തോന്നുന്നു.

 

‘ഓ.. ഗോഡ്.. ഡോക്ടർ.. സാർ.. സാറിത്.. ഓപ്പറേഷൻ ചെയ്ത് നീക്കിക്കൂടെ’

‘താങ്കൾ ഒന്നു ശാന്തമാകൂ.. ഒന്നു പഠിക്കട്ടെ.. എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കട്ടെ’

‘സാർ, വേറെ ഏതെങ്കിലും സ്പെഷ്യലിസ്റ്റിനെ സജസ്റ്റ് ചെയ്യാമോ...സാർ ഇത്  വളരെ വേഗം വളര്വോ’

‘സീ, താങ്കളുടെ വിഷമം മനസ്സിലാക്കുന്നു. ഓർത്തോ സ്പെഷ്യലിസ്റ്റിനെ കാണാം.. മികച്ച ഡോക്ടറെതന്നെ സജസ്റ്റ് ചെയ്യാം’

‘സാർ സർജ്ജറി തന്നെ ചെയ്യാം’

‘ചെയ്യാം.. പക്ഷേ ഈ സ്റ്റേജിൽ വേണ്ട..ഇത് ഒന്ന് പഠിക്കാൻ കുറച്ചുനാൾ തരണം’

‘ഡോക്ടർ.. ഇതിന്റെ ഗ്രോത്ത് വേഗത്തിലായിരിക്കുമോ.. വളരെ വേഗത്തിൽ’

‘ഇപ്പോഴത്തെ ഗതിയനുസരിച്ച് മാസത്തിൽ അരയിഞ്ച് വർദ്ധനയ്ക്കാണ് സാധ്യത... പക്ഷേ, ചിലപ്പോൾ തോത് കൂടാം’

‘സാർ– ഒരപേക്ഷ.. ഇതാരോടും പറയരുതേ..ആളുകളുടെ മുൻപിൽ ഞാൻ’. ഒരു പക്ഷേ  കാൻസർ എന്ന കൊലയാളിയേക്കാൾ അയാളതിനെ ഭയപ്പെട്ടു.

 

‘താങ്കൾ സംയമനം പാലിക്കൂ.. ഏത് രോഗത്തിനുമെന്നതുപോലെ മനസ്സാന്നിധ്യമാണ് ഇവിടെയും ആവശ്യം. സർജറി ആവാം– ഞാനൊന്ന് ഉപദേശം തേടട്ടെ’

അയാൾക്ക് ശ്വാസം മുട്ടി. തന്റെ പിൻഭാഗത്ത് വളരുന്നത്...

അയാൾ കിടക്കയിൽ ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം കഴിക്കുവാൻ പ്രയാസപ്പെട്ടു.

പിൻഭാഗത്ത് വാൽ വളർന്നുവരികയാണെന്നു തന്നെ അയാൾക്കു തോന്നി.

രാത്രിയുടെ  യാമത്തിൽ ഭാര്യയെ വിളിച്ചുണർത്തി,

‘നീ.. നീ ഒര് ടേപ്പ് കൊണ്ടുവാ.. വേഗം’. ഒന്നും മനസ്സിലാകാതെ  ഭാര്യ തയ്പ്പു മെഷീനടുത്ത് വെച്ച ടേപ്പ് എടുത്തുകൊടുത്തു.

‘ഇതൊന്നളന്നു നോക്ക്’ അയാൾ  ചെരിഞ്ഞ് തന്റെ പിൻഭാഗം കാണിച്ച് ഭാര്യയോട് പറഞ്ഞു.

‘െഛ!’– ഭാര്യ ടേപ്പ് വാങ്ങി മുഖം ചുളിച്ചു.

‘അതല്ല. ഞാനിന്ന് രാവിലെ ഡോക്ടറെ കണ്ടു’ പിന്നെ പതുക്കെ പറഞ്ഞു.‘എനിക്ക്.. എനിക്കൊരു വാൽ വളര്ന്നുണ്ട്’

‘ഏയ് തമാശിക്കല്ലേ’– അവൾ കളിയാക്കി തിരിഞ്ഞുകിടന്നു. ‘കൊറേക്കാലം അനങ്ങാതിരുന്നാൽ ആർക്കായാലും വാല് മുളയ്ക്കും.. ലോക്ക്ഡൗൺ തുടങ്ങിയ അന്നുമുതലുള്ള ഈ ഇരിപ്പല്ലേ...ഹൊ, യീ മനുഷ്യൻ. മിറ്റത്ത് പണിയെടുക്കുന്നതിന് സർക്കാർ തടസ്സം പറഞ്ഞിട്ടില്യാട്ടോ.’

 

അയാൾ അവൾക്കരികിലേക്ക് കൈമുട്ടിൽ കുത്തി നീങ്ങി  ചാഞ്ഞിരുന്ന് പറഞ്ഞു.

‘അല്ലെടി– അതാണ്.. സ്ഥിരീകരിച്ചു.. ഇനി വേറൊരു ഡോക്ടറെ കൂടി കാണിക്കണം’

‘ഡോക്ടറെ മാറ്റാം’ ഗൗരവം മനസ്സിലാക്കാതെ പാതി ഉറക്കത്തിൽ അവൾ പിറുപിറുത്തു.

പിന്നെ എന്തോ മനസ്സിലാക്കി ഭർത്താവിന്റെ ആശങ്കകളെ ചേർത്തുവെച്ച് ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു കൊണ്ടിരുന്നു.

 

‘നിങ്ങളൊറങ്ങ്, നമുക്ക് നാളെ തീരുമാനിക്കാം’ പിറ്റേന്ന് പ്രഭാതത്തിൽ  ഭാര്യ ഉണരും മുമ്പേ അയാൾ എഴുന്നേറ്റു.

മുറ്റത്തിറങ്ങി അയാളെ തിരയുന്ന അവളുടെ തലയിൽ ഒരു പേരയ്ക്ക വന്നു വീണു. അവളെ നോക്കി പേരയ്ക്ക കടിച്ച് കഴിക്കുന്ന  അയാൾ പേര മരത്തിൽ ഇരിക്കുന്നത് കണ്ണീരിനിടയിലും അവൾ കണ്ടു.

 

‘ആളുകൾ കൂടുമ്പോഴേക്കും ഒന്നിറങ്ങിവായോ മനുഷ്യാ’  ഭാര്യ സങ്കടമൊതുക്കി ദേഷ്യത്തിൽ പറഞ്ഞു.

പേരമരത്തിൽ നിന്നും  അയാൾ താഴെയെത്തി രണ്ടു പേരയ്ക്ക അവൾക്ക് നീട്ടി. അത് വാങ്ങി അവൾ പറഞ്ഞു –‘ ചായ കഴിച്ചിട്ടു കഴിക്കാം.നേരത്തെ എണീറ്റോ’

 

‘ഒറങ്ങിയിട്ടു വേണ്ടെ’ അയാൾ പരിഭവിച്ചു ‘ശരിക്കും അത് വാലാകുമെടീ...ഞാൻ മുമ്പൊക്കെ എത്ര പ്രയാസപ്പെട്ടാ ഇതീന്ന് പേരയ്ക്ക പൊട്ടിച്ചിരുന്നത്.ഇന്നിപ്പോ എളുപ്പത്തിൽ തന്നെ എനിക്ക് കയറാനും പേരയ്ക്ക പൊട്ടിയ്ക്കാനും കഴിഞ്ഞു. കാലിനും കൈക്കുമൊക്കെ ഒരു വ്യത്യാസം പോലെ’

 

ഭാര്യ എങ്ങനെ പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ അങ്കലാപ്പിലായി. ‘ഡോക്ടറ്‍ ഒറപ്പിച്ചൊന്നും പറഞ്ഞതല്ലാലോ.അത് അവരുടെ ഊഹങ്ങൾ മാത്രമായിരിക്കും. നിങ്ങള് അത് തന്നെ ഓർത്തിരിക്കാതെ വന്ന് വല്ലതും കഴിക്ക്’

ഇവൾക്ക് ഞാൻ കൊരങ്ങനായാലും മനുഷ്യനായാലും എന്ത് എന്ന ഭാവമാണല്ലോയെന്ന ആത്മഗതത്തോടെ  ആശങ്കകളോട്ടും കുറയാതെ അയാൾ അവളെ പിന്തുടർന്നു.

 

കണ്ണാടിയിൽ പ്രതിബിംബത്തെ നോക്കുവാൻ അയാൾ  മടിച്ചു. മുടി നീണ്ട, താടി നീണ്ട കറുത്ത രൂപത്തെ അയാൾ അതിൽ കണ്ടു. വിക‍ൃതമായ മുഖം കാണാനാകാതെ കൈകൾ കൊണ്ടു മുഖം മറച്ചു. വിരലുകൾക്കിടയിലൂടെ നോക്കുമ്പോൾ കറുത്ത രോമങ്ങൾക്കിടയിൽ പിങ്ക് കലർന്ന ഗോതമ്പ് നിറത്തോടെ കൈകൾ കണ്ടു അതിലെ കൂർത്ത നഖങ്ങൾ....

 

കരച്ചിൽ പോലും ഉയരുന്നില്ല. തീക്ഷ്ണമായ ഒരു ചൂട് ദേഹമാസകലം തോന്നി.

‘ഭക്ഷണം മേശപ്പുറത്തുണ്ട്..കഴിക്ക്’

‘വരട്ടെ, ഒന്നു കുളിക്കട്ടെ..വല്ലാത്ത ചൂട്’ അയാളുടെ നിരാശാഭാവം അൽപം  ഉഷ്ണമേറ്റെടുത്തു. 

 

അയാൾ ഡോക്ടറെ കാണുവാൻ  കാത്തിരിക്കുമ്പോൾ അകത്ത് രണ്ട് ഡോക്ടർമാർ തമ്മിൽ സംസാരിക്കുകയായിരുന്നു: ‘ഡോക്ടർ, താങ്കളോട് ഞാനെങ്ങനെയാണ് നന്ദി പറയേണ്ടത്‘– ഡോ.രാജേന്ദ്രൻ വല്ലാതെ ആവേശഭരിതനായി.‘പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ വേളയിലാണ് ഞാൻ. അതിന്റെയൊരു റിവേഴ്സ് ഞാനാലോചിക്കുകയായിരുന്നു. അത് റിവേഴ്സായി പരിണമിക്കുന്നുവെന്ന എന്റെ വിചാരത്തെ ബലപ്പെടുത്തുന്നതാണ് ഇദ്ദേഹത്തിന്റെ കേസ്. എന്റെ വിചാരത്തെ പ്രായോഗികമായി തെളിയിക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇയാൾ നിങ്ങളിലൂടെ എനിക്ക് മുമ്പിലെത്തുന്നത്. വാസ്തവത്തിൽ ഇപ്പോൾ ഇയാൾ സാധാരണ നിലയിലായി. ഒരു പരിധിക്കപ്പുറം പോകുമെന്ന് തോന്നിയപ്പോൾ ഞാനിയാളെ ഒരു മെന്റൽ തെറാപ്പിക്ക് വിധേയനാക്കി. ഇപ്പോൾ തോന്നൽ മാത്രമായി മാറിയിട്ടുണ്ട്’

 

‘ഡോക്ടർ ഉറപ്പിച്ച ശേഷമല്ലേ ഇയാൾ വിശ്വസിച്ചത്. സാർ, യൂ ആർ സോ ക്രൂവൽ’

‘ഒരു പഠനത്തിനുവേണ്ടി എനിക്കതു ചേയ്യേണ്ടി വന്നു. പക്ഷേ എനിക്കയാളെ തിരികെ കൊണ്ടുവരാനാകും’

‘ഒരു മനോരോഗിയായി അല്ലേ. നമ്മുടെ എത്തിക്സ് സാർ മറക്കുന്നു’

‘‘അല്ല, തീർത്തും മനുഷ്യനായി’’

‘അങ്ങനെ എനിക്ക് മുമ്പിൽ എത്തിച്ച ശേഷം നമുക്കിനി കാണാം’ ഡോക്ടർ ജോസഫ് ഗുഡ്ബൈ എന്ന ആംഗ്യത്തോടെ അവിടം വിടാനൊരുങ്ങി.

‘തീർച്ചയായും ഞാൻ ആത്മവിശ്വാസത്തിലാണ്’

‘മാസങ്ങളോളം ഭ്രാന്തമായി അലഞ്ഞുതിരിയുന്ന അദ്ദേഹത്തെ പൂർവസ്ഥിതിയിലാക്കുമെന്നോ’

‘നിശ്ചയമായും.. സാർ ഇതിൽ എന്റെ നിഗമനങ്ങൾ  ശരിയായേക്കും’ ഡോക്ടർ രാജേന്ദ്രൻ പ്രത്യാശയോടെ പറഞ്ഞു

‘അയാളുടെ ഉറ്റവർ താങ്കൾക്ക് മാപ്പുതരുമോ’

‘ഇതിന് ശാസ്ത്രീയമായി ഒരുത്തരം കൊടുക്കുവാനാണ് ഞാൻ വൈകുന്നത് സാർ. പരിണാമ സിദ്ധാന്തത്തിലെ ഒരു തലം.ചരിത്രം അതത് കാലത്തിൽ ഓരോ അടയാളങ്ങൾ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നു. സിദ്ധാന്ത പരമായും ശാസ്ത്രീയമായും. അടയാളങ്ങൾ കാണാം. തെളിവുകൾ പിൻബലമാവുമ്പോൾ അവയൊക്കെ ശാസ്ത്രസത്യങ്ങളാകുന്നു. പക്ഷേ മുളച്ചുവരുന്നത് തടയാതെ അതിനെ വളരാൻ അനുവദിക്കുക, എങ്കിൽ മാത്രമേ ഈ പരിണാമത്തെ ശാസ്ത്രനീതിയോട് ചേർത്തുവെയ്ക്കാനാവൂ’

 

‘ജീവശ്വാസത്തിന് യന്ത്രം വെച്ചെന്ന് പറഞ്ഞ് രോഗിയുടേയും കൂടെയുള്ളവരുടെയും കീശയുടെ വലുപ്പം നോക്കി രോഗം കുറഞ്ഞില്ലെങ്കിലും കീശയുടെ കനം കുറയ്കുന്ന സ്ഥിരം ‘നാടക‘ത്തിനേക്കാൾ ഏറെ പണിപ്പെട്ടാണ് സാർ ഞാനിതിന് തുനിയുന്നത്.’ ‘ശരിയാ. നാടകം തുടരണം ഇവിടെ പണവും പ്രചാരവുമാണ് എനിക്ക് നോട്ടം.ഡോക്ടർ താങ്കൾക്കും ഇതിൽ നേട്ടമുണ്ടാകും’ എങ്ങുനിന്നോ അവിടെയെത്തിയ എംഡി അതിനോട് കൂട്ടിചേർത്തു. എന്നും കാഷ്വാലിറ്റിവഴി  ആശുപത്രിയിലേക്ക് പ്രവേശിക്കുകയാണ് അയാളുടെ രീതി. അവിടുത്തെ രോഗികളുടെ ശ്വാസോച്ഛാസങ്ങൾ തന്റെ പണപെട്ടിയിലാക്കുവാൻ തന്റെ സ്റ്റാഫുകൾക്ക് നിർദ്ദേശങ്ങൾ ചിലപ്പോളോക്കെ താക്കീതും നൽകി പതിവു തുടരുന്നു.

‘അടുത്തയാഴ്ചയാണ് നമ്മുടെ എക്സ്റ്റൻഷൻ ബിൽഡിങ്ങിന് ഫൗണ്ടേഷനിടുന്നത്’ എംഡി ഡോക്ടർ രാജേന്ദ്രന്റെ തോളിൽ തട്ടി. ‘ഇന്നത്തെ കാലത്ത് ഹോസ്പിറ്റലിലൊക്കെകടുത്ത മത്സരമാണ്. എത്തിക്സ് എന്ന ഉണ്ടയില്ലാ വെടി ഇടയ്ക്കിടെ മുഴങ്ങുമെന്ന് മാത്രം. നമ്മുടെ മാനുഷിക പ്രയത്നത്തിൽ മാത്രമാണ് സേവനം മറ്റുള്ളവയും കൂടി ചേരുമ്പോഴാണ് ചികിത്സ പൂർണ്ണമാവുക. അപ്പോൾ ചിലവ് കൂടുക സ്വാഭാവികം. പിന്നെ ഇത്തരം വിചിത്രമായവ വരുമ്പോൾ അതിനെ എല്ലാതരത്തിലും യൂട്ടിലൈസ് ചെയ്യാനും നോക്കണം.’

 

അവരുടെ വർത്തമാനങ്ങൾ കേട്ടു പുറത്ത് നിന്നിരുന്ന ദാസൻ അകത്തേക്ക് കയറി വന്നു.

‘സാർ..സഹായിക്കണം. എനിക്കു വയ്യാ. വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ, ആളുകളെ കാണാതിരിക്കാതെ വയ്യ സാർ.. സഹായിക്കണം.. എന്നെ വച്ചു പരീക്ഷണം നടത്താം. പക്ഷേ വല്ലാതെ വേദനിപ്പിക്കരുതേ സാർ’

‘സീ, ദാസൻ. ഇതിന്റെ വളർച്ച നോക്കട്ടെ.അതു കഴിഞ്ഞ് നമുക്ക് പരിശോധിക്കാം. ഇപ്പോൾ തൽക്കാലം ഇവിടെയിരിക്കൂ’ ഡോക്ടർ അയാളെ അടുത്ത ബെഞ്ചിൽ പിടിച്ചിരുത്തി.

 

‘സാർ എനിക്ക് ഇരിക്കാനാവുന്നില്ല’

‘എഴുന്നേൽക്കൂ, ഞാനൊരു കൂഷ്യനിട്ടു തരാം’

കുഷ്യനിട്ട ഭാഗത്ത് ദാസൻ ഇരുന്നു.

‘തൽക്കാലം ഇങ്ങിനെയിരിക്കൂ’

‘സാർ, എത്ര കാലത്തേക്ക്’ ദാസന് അറിയാതെ വന്ന ചോദ്യം.

‘മിസ്റ്റർ ദാസൻ, താങ്കൾക്ക് ഒരു വാൽ വളരുന്നു. സ്ഥിരീകരിച്ച ഒരു കാര്യം തന്നെ. പരിണാമത്തിന്റെ തിരിച്ചുപോക്കിലേക്ക് ആരംഭം. നിങ്ങൾ ചരിത്രത്തിന്റെ ഭാഗമാകാൻ പോവുകയാണ്. അതിന് നമുക്കിതിന്റെ വളർച്ച നിരീക്ഷിക്കേണ്ടതുണ്ട്. താങ്കൾക്ക് ഒന്നും സംഭവിക്കില്ല’

 

‘ഒന്നും സംഭവിക്കില്ലെന്നോ. ഡോക്ടർ സാറെ, എനിക്ക് പുറത്തിറങ്ങാൻ പറ്റ്വോ, എന്റെ ഭാര്യക്ക് പുറത്തിറങ്ങാൻ പറ്റ്വോ.. ഇത് വളരുകയാവില്ലേ.. സാർ ദയവായി ഇത് മുറിച്ചുകളയാൻ സഹായിക്കൂ–വിശ്വവിഖ്യാതമാകാതെ.. ഈ വാൽ, അപമാനത്തേക്കാൾ വലുതല്ലെനിക്ക് വേദന’

‘പക്ഷേ, ദാസൻ ഇവിടെ സർജറി പരിഹാരമല്ല, ഒരു പക്ഷേ അതിനിയും വേറൊന്നായി വളരും’

‘എന്റെ മനസ്സിനെ പാകപ്പെടുത്താൻ എനിക്കാവുന്നില്ല സാർ. മുറിച്ചേക്കൂ.. ഇതിന്റെ ഭവിഷ്യത്ത് ഞാൻ തന്നെ ഏറ്റെടുത്തോളാം.’

 

‘മിസ്റ്റർ ദാസൻ, ദയവായി സഹകരിക്കണം. നിങ്ങളുടെ ബന്ധങ്ങളെ മുറിച്ചുനീക്കുന്നതിനേക്കാൾ സങ്കീർണ്ണമാണിത്. മാത്രവുമല്ല ശാസ്ത്രരംഗത്ത് ഒട്ടേറെ പഠനങ്ങൾക്ക് വിധേയനാവാൻ നിങ്ങൾ സഹകരിക്കണം. വൈകാതെ രാജ്യം നിങ്ങളുടെ സുരക്ഷയ്ക്കായുള്ള ഏർപ്പാടുകൾ ചെയ്യുന്നതാണ്.’

‘ഡോക്ടർ ഞാനൊരു കുടുംബസ്ഥനാണ്. എന്റെ ഭാര്യയ്ക്കിത് മൂന്നാം മാസമാണ്.ഞങ്ങൾക്ക് ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ സമ്മാനം’

 

‘യെസ്, ദാസൻ അതൊക്കെ ഞങ്ങളറിഞ്ഞു. തീർച്ചയായും നിങ്ങളുടെ കുടുംബം നിരീക്ഷണത്തിലാണ്. താങ്കളുടെ പിറക്കാൻ പോകുന്ന കുഞ്ഞും. പ്രസവാനന്തരം കുഞ്ഞിന് സംഭവിക്കുന്നത് പരിശോധിക്കേണ്ടുണ്ട്.എല്ലാറ്റിനും നിങ്ങൾ സഹകരിക്കണം’

 

‘ഡോക്ടർ’ ദാസൻ കണ്ണീരൊഴുക്കി. ‘ഇത് മുറിച്ചു കളയൂ, ശരീരത്തിലെ വേണ്ടാത്ത ഒരെല്ലിൻ തുണ്ട്– അതിനെയങ്ങട് ഒഴിവാക്കിക്കൂടെ?.’

 

‘മിസ്റ്റർ ദാസൻ’ ഡോക്ടർ ദേഷ്യപ്പെട്ടു‘ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടും ഒന്നും മനസ്സിലാകത്തതുപോലെ പെരുമാറരുത്. നിങ്ങൾ മുറിയിൽ വിശ്രമിക്കൂ. നാളെ വിദഗ്ദസംഘം പരിശോധനയ്ക്കായി എത്തും’

‘സാർ, ഞാൻ വീട്ടിലേക്ക് പോകട്ടെ?.’ ഒരു കുഞ്ഞിനെപോലെ ദാസൻ തേങ്ങി.

‘സോറി, ദാസൻ ഇത് ഇവർ ടേക്കപ്പ് ചെയ്തു കഴിഞ്ഞു. ആശുപത്രി അധികൃതർ നിങ്ങൾക്കാവശ്യമുള്ളതു തരും’

‘നരവംശശാസ്ത്രഞ്ജർ നാളെ എത്തും’

‘വേണ്ട സാർ എന്നെ വിട്ടേക്കൂ, നിങ്ങളുടെ പരീക്ഷണ ശാലയിലേക്ക് എന്നെ ക്ഷണിക്കരുതേ.’

ആശുപത്രി ജീവനക്കാർ അയാളെ ബലമായി ചേർത്തുപിടിച്ചു. അവർ അയാളെ മുറിയിലേക്ക് കൊണ്ടുപോയി.

 

ദാസനിരിക്കൂ.. ഇത് സങ്കീർണ്ണമാണ്. ഒരു ഓപ്പറേഷൻ തന്നെയാണ് നല്ലത്. പക്ഷേ അത് പിന്നീട് പ്രശ്നമായിവരും. അതുകൊണ്ട് ഓപ്പറേഷനല്ല ഞാൻ നിർദ്ദേശിക്കുക. ഒരു നിരീക്ഷണം. ഇതിന്റെ ജനിതകമാറ്റം പരിശോധിക്കണം.. ഇവിടെ സജ്ജീകരണമുണ്ടല്ലൊ. ദാസൻ സഹകരിക്കണം.’ ദാസൻ ഡോക്ടറെ തുറിച്ചുനോക്കി. ശരിക്കും കണ്ണിൽ തറയ്ക്കുന്ന നോട്ടം. ഡോക്ടർ  ചിരിച്ചു. അത്യധികം സന്തോഷത്തോടെ. മാസ്ക് മുക്കാലും അതിന് മറയായി. ബാക്കിവന്ന കാൽഭാഗത്തെ ദാസന് കണ്ടെത്താനുമായില്ല. കാരണം ദാസന്റെവികാരം വിഷാദത്തിന്റെ ധാരാളിത്തത്തിലാണ്. എങ്കിലും മാസ്കിനെ കടന്നും തന്റെ ചിരിയെ കണ്ടുവെന്ന പരുങ്ങലിൽ ഡോക്ടർ കണ്ണുകളടച്ചു. ദാസന്റെ നോട്ടം പക്ഷേ ആ കണ്ണിമകളിൽ തട്ടി തിരിച്ചുപോകാതെ നിന്നു.ഡോക്ടർ ദാസനെ കസേരയിൽ  മുറിവിട്ടു.

 

ദാസൻ ടെലിവിഷൻ ചാനലുകൾ മാറ്റി മാറ്റി നോക്കി. അതിൽ ആയുർവേദ ഡോക്ടർമാരുടെ ശസ്തക്രിയാനുമതിക്ക് വേണ്ടി ഒരു കൂട്ടരും അതിനെതിരെ അലോപ്പതി ഡോക്ടർമാരും അവിടെയും ബഹളം. ശരീരം മുറിച്ചും മുറിക്കാതെയും  ആളുകളുടെ പണത്തിന് നല്ലൊരു ചലനാത്മകത സൃഷ്ടിക്കുവാൻ ആതുര ശുശ്രൂഷകർ മെനക്കെടുകയാണ്. ഹൃദയമിടിപ്പിന്റെ താളവ്യതിയാനങ്ങൾ സൂക്ഷമതയോടെ ശ്രദ്ധിച്ച് കിടക്കുകയാണ് ദാസൻ. തന്റെ ശരീരോഷ്മാവ് മുതൽ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകളിലൂടെ നിരീക്ഷിക്കുവാൻ അവരെത്തും. പിന്നെ  ദേഹത്തിലൂടെ അവരുടെ ഉപകരണസഞ്ചാരം.  

 

ദാസൻ മുഖകണ്ണാടിയിൽ, തന്നെ നോക്കി. മുഖത്തെ താടിരോമങ്ങൾ വശങ്ങളിലേക്ക് വലുതായി നിൽക്കുന്നു. ബ്രൗൺ നിറം ചേർന്ന  കറുത്ത മുടിയുടെ നീളവും വർധിച്ചുവരുന്നു. ചുണ്ടുകൾക്ക് വലിച്ചിൽ അനുഭവപ്പെടുന്നു. മേൽചുണ്ടിന്മീതെ രോമങ്ങൾ കാണാതെയായിരിക്കുന്നു.  നീണ്ട നാസികയുടെ അറ്റം ചതച്ചുവെച്ചതുപോലെ. രൂപത്തിന് ആകെയൊരു വ്യതിയാനം സംഭവിക്കുന്നു . കണ്ണാടിയിലെ വൈരൂപ്യമാർന്ന ദാസന്റെ പ്രതിബിംബം അവനുനേരെ വാൽസല്യ ചിരിയുതിർക്കുന്നു.ആ ചിരിയെ നേരിടാനാവാതെ, സ്വയം തിരിച്ചറിയാനാവാതെ  ദാസൻ നിന്നു കിതച്ചു. വന്യമാർന്ന പച്ചപ്പിൽ തൂങ്ങിക്കിടക്കുന്ന വള്ളികളിൽ ഊഞ്ഞാലുകയാണോയെന്ന് പോലും അയാളോർത്തുപോയി. പിന്നെ, പതുക്കെ കിടക്കയിലേക്ക്  ചരിഞ്ഞിരുന്നു പിന്നെ, നല്ല പതുപതുത്ത കിടക്കയിൽ   അയാൾ  ചെരിഞ്ഞുതന്നെ കിടന്നു.. തിരിഞ്ഞുനോക്കി.  ആ എല്ലിൻ വരവിനെ സ്നേഹത്തോടെ  പരിലാളിക്കണോ വെറുപ്പോടെ  ഒടിച്ചുകളയണോയെന്ന അങ്കലാപ്പോടെ സാവകാശം തലോടിക്കൊണ്ടിരുന്നു. ചീവീടുകളുടെ ശബ്ദഘോഷം അയാളുടെ വിചാരങ്ങൾക്ക് തുണയായി.

 

Content Summary : Dasante Parinamam Short Story By Roy Karathra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com