സ്കൂൾ വീണ്ടും തുറക്കുമ്പോൾ, വിദ്യാർഥികൾക്കു പറയാനുള്ളത്

teacher
Representative Image. Photo Credit: AJP/Shutter Stock
SHARE

ഭാരതീയ വിദ്യാഭവൻ ചേവായൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ രജനി സുരേഷ്, ഓൺലൈൻ ക്ലാസ്സ് ചർച്ചയിലൂടെ കണ്ടെത്തിയ സ്കൂൾ തുറക്കുന്നതു സംബന്ധിച്ചുള്ള കുട്ടികളുടെ അഭിപ്രായം പങ്കുവയ്ക്കുന്നു.

പതിനൊന്നാം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൽ പഠിക്കുവാനുള്ള, കാഴ്ചയുടെ സംസ്കാരത്തെ നവീകരിക്കുന്ന, 25 മിനുട്ട് ദൈർഘ്യമുള്ള ചിത്രം.

ഗീതു മോഹൻദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രം ഞാനും പ്രിയ വിദ്യാർഥികളും ഓൺലൈൻ ക്ലാസ്സിൽ കണ്ണിമ ചിമ്മാതെ കാണുകയാണ്.

കാഴ്ചശക്തി തീരെയില്ലാത്ത ഹസ്നയെന്ന കുട്ടിയുടെ ഉൾക്കണ്ണിലൂടെ കടന്നുപോവുന്ന ചിത്രം.

സ്കൂൾ യൂണിഫോമുമിട്ട് ശുഭപ്രതീക്ഷകളുടെ അനന്ത വിഹായസ്സിലേക്ക് ഉറ്റുനോക്കുന്ന ഹസ്നയെ കേന്ദ്രീകരിച്ചാണ്  ‘കേൾക്കുന്നുണ്ടോ?’ അവസാനിക്കുന്നത്.

പ്രത്യാശ പകരുന്ന ദൃശ്യങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട ചിത്രം കണ്ടു കഴിഞ്ഞു.

ഷോർട്ട് ഫിലിം വിശകലനത്തിനു ശേഷം ഹരിപ്രിയ സംസാരിച്ചു തുടങ്ങി. ‘‘ടീച്ചർ ... സ്കൂൾ തുറക്കണമെന്നും തുറക്കേണ്ട എന്നും ഉണ്ട്. ഞങ്ങൾ ഈ രീതിക്ക് അടിമകളായോ എന്ന് സംശയം. സ്കൂൾ തുറന്നാൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ആശങ്കയുണ്ടേ.’’

ഹരിപ്രിയ തുടക്കം കുറിച്ചപ്പോൾ ഓരോരുത്തരായി തല പൊക്കിത്തുടങ്ങി.

ഞാൻ പറഞ്ഞു. ‘ഇന്ന് നമുക്കിനി ഈ വിഷയത്തെ ആസ്പദിച്ച്  ചർച്ച നടത്താം.’

എല്ലാവരും കൈ ഉയർത്തി, തപ്പുകൊട്ടി സന്തോഷപ്രകടനങ്ങൾ നടത്തി.

‘പഠിക്കാൻ നല്ലത് സ്കൂൾ തുറക്കുന്നതു തന്നെ. ഓൺലൈൻ ക്ലാസ്സ് ഞങ്ങളെ മടിയൻമാരാക്കി. പക്ഷേ ഈ മാസ്കും സാമൂഹിക അകലവും ഒക്കെ എത്രകണ്ട് ... അല്ല ടീച്ചറേ... എന്നെപ്പോലുള്ളവരുടെ കാര്യം പറഞ്ഞതാണേ.’’ പ്രണവ് അവന്റെ മനസ്സിലുള്ളത് വെളിപ്പെടുത്തിക്കഴിഞ്ഞു.

‘‘സ്കൂൾ തുറന്ന് ടീച്ചർമാർ ക്ലാസ്സിൽ വന്നാൽ എഴുന്നേറ്റു നിന്ന് ‘നമസ്തെ’ പറയാൻ മറന്നു പോകുമോ എന്നതാണ് എന്റെ പേടി.’’ മറിയ റജി അവളുടെ സന്ദേഹം തുറന്നടിച്ചു.

‘‘പത്താം ക്ലാസ്സു വരെ ഒപ്പം പഠിച്ചവർ മാത്രമല്ല, പതിനൊന്നിൽ പുതിയ കുട്ടികളും വന്നു ചേർന്നിട്ടുണ്ട്. ഇവരൊക്കെ ആയി ഒന്നിടപഴകി വരാൻ.. പിന്നെ സ്കൂളിൽ നിന്നു പോയ എന്റെ പ്രിയസുഹൃത്തുക്കളെയൊക്കെ കാണാനോ സംസാരിക്കാനോ പറ്റാതെ പോയി. അങ്ങനെ കുറേ ടെൻഷൻ.’’ ദേവനന്ദന തന്റെ സ്കൂൾ സങ്കടങ്ങൾ മറയില്ലാതെ വ്യക്തമാക്കി.

‘‘ഒന്നര വർഷം അകന്നിരുന്ന്, ഇനി നേരിട്ട് സംസാരിക്കുമ്പോൾ ... സംസാരിക്കാൻ പറ്റുമോ എന്നാ എന്റെ ഭയം. മെസേജ് ആണെങ്കിൽ എത്ര വേണേലും ചെയ്യാം.’’ ഗോപുവും ഉത്കണ്ഠ പ്രകടമാക്കി.

‘‘അല്ല, നമ്മൾ എങ്ങനെ ബഞ്ചിൽ അടങ്ങിയിരിക്കും? വീട്ടിലിരുന്ന് വീട്ടിലിരുന്ന് സ്കൂൾ സാഹചര്യങ്ങളുമായി ഇടപഴകി വരണമെങ്കിൽ കുറച്ച് സമയമെടുക്കും ടീച്ചറേ...’’ അനൈകയും തന്റെ തുറന്ന അഭിപ്രായം പറഞ്ഞു.

‘‘ഓൺലൈൻ ക്ലാസ്സിന്റെ ഇടയിൽ വാട്സാപ്പ് നോക്കാം. മെസേജ് ചെയ്യാം. അതൊക്കെ മാറണമെങ്കിൽ സ്കൂൾ തുറന്നോട്ടെ ടീച്ചർ. പെട്ടെന്നു വേണമെന്നില്ല. പതുക്കെപ്പതുക്കെ ..സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസ്സുകളും തുടരുമല്ലോ.’’ പ്രണവിന്റെ സത്യസന്ധമായ പറച്ചിൽ കേട്ട് കാര്യം പുറത്തായല്ലോ എന്ന് ശങ്കിച്ച് ധ്വനി, നന്ദന അരവിന്ദൻ, കൃപ തുടങ്ങിയവർ കണ്ണടച്ചു ക്യാമറ ഓഫാക്കി.

‘‘ഇതൊക്കെ തന്ന്യാ എനിക്കു പറയുവാനുള്ളത്. ക്യാമറ ഓൺ ചെയ്യാൻ പറഞ്ഞാൽ മുടിയൊന്ന് റെഡിയാക്കി വന്നാൽ മതി. ഇനി യൂണിഫോം മുതൽ എന്തെല്ലാം ഒരുക്കണം ടീച്ചറേ...’’ പ്രാർത്ഥനയുടെ പരിദേവനം എല്ലാവരിലും ചിരിയുണർത്തി.

‘‘ഓൺലൈൻ ക്ലാസ്സിന്റെ റെക്കോഡ് വേർഷൻ കേട്ടാലും മതി. നോട്ട് പിന്നീട് എഴുതിയാലും മതി. ഇനി സ്കൂൾ തുറന്നാൽ അതൊന്നും പറ്റില്ല. ക്ലാസ്സിൽ നിന്നു തന്നെ എഴുതണം. ’’ ശ്രീലക്ഷ്മി പറഞ്ഞത് ദിയ ശരിവെച്ചു.

‘‘ഓൺലൈൻ ക്ലാസ്സിനുള്ള ചില സമ്മർദ്ദങ്ങൾ നമുക്ക് സ്കൂളിൽ പോയാലില്ലല്ലോ. ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കേണ്ടവരാണല്ലോ നമ്മൾ. ആ ഗ്രൗണ്ടിലൂടെ ഒന്ന് ഓടി നടക്കണം. ആ സ്കൂൾ വരാന്തയിലൂടെ സുഹൃത്തുക്കളോടൊപ്പം ചിരിച്ചു കളിച്ചു നടന്നിട്ട് കാലമെത്രയായി ! ഇടവേളകളിൽ കൂട്ടം കൂടുന്നത് നടക്കില്ല എന്നറിയാം ടീച്ചർ. എന്നാലും പരസ്പരം കാണാലോ. ഓൺലൈൻ ആയാലും ഓഫ് ലൈൻ ആയാലും നമ്മള് തരണം ചെയ്യും. അല്ലെ ടീച്ചർ. സ്കൂൾ തുറക്കലിന് കരട് മാർഗനിർദേശങ്ങൾ ഉണ്ടല്ലോ. അതൊക്കെ പാലിക്കണം.’’

ഗായത്രിയുടെ ഉപസംഹാരത്തോടുകൂടി ചർച്ച അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തി ഞാൻ പറഞ്ഞു. ‘‘ചുണക്കുട്ടികൾ.. പുലിക്കുട്ടികൾ.’’

‘‘വിശേഷണം മുഴുവനായില്ല ടീച്ചറേ...’’

ഗോപു പറഞ്ഞതിന്റെ അർഥം പെട്ടെന്ന് ഗ്രഹിച്ചു ഞാൻ പറഞ്ഞു.

‘‘സുന്ദരികളും സുന്ദരൻമാരും .’’

ടീനേജ് ഇടയ്ക്കിടയ്ക്ക് കേൾക്കാനാഗ്രഹിക്കുന്ന വിശേഷണം കേട്ടതോടെ എല്ലാവരും ക്യാമറ ഓൺ ചെയ്തു. തുറന്നു ചിരിച്ചു.

ഒരു ദിവസത്തെ ഓൺലൈൻ ക്ലാസ്സ് അവിടെ അവസാനിച്ചു.

Content Summary: What the students look forward to when the schools reopen 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA