ADVERTISEMENT

അവധിക്കാലം (കഥ)

നല്ല പൂഴിമണ്ണ് നിറഞ്ഞ വിശാലമായ മുറ്റം. ചുറ്റും വരാന്തകളാൽ ചുറ്റപ്പെട്ട നൂറിലധികം വർഷം പഴക്കമുള്ള ഓടിട്ട വീട്. തിളക്കമാർന്ന കറുപ്പ് നിറത്തോടു കൂടിയ നിലം. തുറക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കുന്ന വാതിലുകൾ. അതിൽ വസിക്കുന്ന സ്നേഹ മൂർത്തികളായ രണ്ടുപേർ പേർ അച്ചാച്ചനും അമ്മമ്മയും. അവരുടെ ഇടയിലേക്ക് സ്കൂൾ അവധിക്കാലം ചിലവഴിക്കാൻ എത്തുന്ന എട്ട് വയസ്സുകാരിയായ അമ്മു.

 

ഒരു സ്വപ്നത്തിലെന്ന പോലെ വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങൾ അമ്മുവിന്റെ മനസ്സിനെ തരളിതമാക്കി. മുല്ല പൂക്കളെ പറ്റി ചിന്തിച്ചപ്പോഴാണ് ആ പഴയ ബാല്യകാലം അമ്മുവിന്റെ മനസ്സിലേക്ക് ഓടി വന്നത് ആ ഓർമകളിലൂടെ ഒന്നു സഞ്ചരിക്കാം എന്ന് അമ്മുവിന്റെ മനസ്സ് പറഞ്ഞു.

 

രാവിലെ അമ്മു ഉണർന്നെഴുന്നേറ്റാൽ ഉടനെ അമ്മാമ്മ ഉമിക്കരി പാത്രത്തിൽ നിന്ന് ഉമിക്കരിയും ഉപ്പും കൂട്ടിക്കലർത്തിയ മിശ്രിതം എടുത്ത് അമ്മുവിന്റെ ഇടതു കൈ വെള്ളയിലേയ്ക്കിട്ടു കൊടുക്കും. എന്നിട്ട് അമ്മാമ്മ - നന്നായി അമർത്തി തേക്കണം എങ്കിലേ പല്ല് വെളുക്കൂ. ഈ മൊഴി കേട്ടു ഉം, എന്ന് അമർത്തി മൂളികൊണ്ട് പല്ലുകളെ ശക്തമായി കുഞ്ഞുവിരൽ കൊണ്ട് വൃത്തിയാക്കി പോന്ന ദിനങ്ങൾ.

 

ആ വീടിന്റെ മുറ്റത്ത് മാവിൻചുവട്ടിൽ ഒരു പശുവും അതിന്റെ കിടാവും ഉള്ള തൊഴുത്ത്, രാവിലെ പശുവിനെ കറന്നു പാൽ തിളപ്പിച്ച് മധുരം ചേർത്ത് അമ്മാമ്മ അമ്മുവിന് കൊടുക്കും. അതിനുശേഷം  അമ്മുവിന്റെ തലയിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കും. പിന്നെ അമ്മു മുറ്റത്തേക്ക് ഒരു ഇറക്കമാണ്. അവിടെ നല്ല ആഴമുള്ള കിണർ ആണ്. അതിലേക്ക് ഒന്ന് എത്തി നോക്കാൻ അമ്മുവിന് ഒരു രസം. ഉടനെ പുറകിൽ നിന്ന് അമ്മാമ്മയുടെ അലർച്ച കേൾക്കാം ‘മോളെ എത്തി നോക്കരുത് അതിലേക്ക് മറിഞ്ഞുവീഴും’, എന്നും പറഞ്ഞ് അമ്മാമ്മ ഓടി അണയും.

 

അവിടുത്തെ വീടും മുറ്റവും കിണറും എല്ലാം ഒരു തട്ടിൽ ആണെങ്കിൽ അതിനു താഴെ വേറൊരു തട്ട്, അതിലാണ് അവിടുത്തെ തെങ്ങ്, പുളി, ചെത്തി എന്നിവ നിൽക്കുന്നത്. ചെത്തിപഴം പഴുത്തതുണ്ടോ എന്നാണ് അമ്മു ആദ്യം നോക്കുന്നത്. പിന്നെ പഴുത്ത ചെത്തി പഴങ്ങൾ പറിച്ച്  കൊറിച്ച് അങ്ങനെ നടക്കും. മുറ്റത്തെ പേരമരത്തിൽ പഴുത്ത പേരയ്ക്ക ഉണ്ടോയെന്ന് നോക്കി വെക്കലാണ് അടുത്ത പരിപാടി. ഇത്രയും ആകുമ്പോഴേക്കും കുളിക്കാനായി അമ്മാമ്മയുടെ നീട്ടിയുള്ള വിളി കേട്ട് അമ്മു ചെല്ലുമ്പോൾ വെള്ളം എല്ലാം തയാറാക്കി, തോർത്തും ആയി നിൽക്കുന്ന അമ്മാമ്മയെ കാണാം. കുളിക്കാൻ ലൈഫ് ബോയ് സോപ്പാണ് അന്നുണ്ടായിരുന്നത്. എങ്കിലും അവിടെ തൊട്ടടുത്തുതന്നെ സോപ്പിൻ കായയുടെ മരമുണ്ടായിരുന്നു അതിൽനിന്ന് സോപ്പിൻ കായ തേച്ചാണ് അമ്മുവിനെ കുളിപ്പിക്കുന്നത്. സോപ്പ്പോലെ പതഞ്ഞു വരുന്ന ഒരു കായയാണത്. ഉണങ്ങിയ പീച്ചിങ്ങയിൽ ഈ കായതേച്ച് പതപ്പിച്ചാണ് അമ്മാമ്മ വിശാലമായി കുളിപ്പിക്കുന്നത്. വൃത്തിയായി അമ്മുവിനെ തുവർത്തി രാസ്നാദി പൊടി നെറുകയിൽ തിരുമ്മികൊടുക്കും. പിന്നെ അമ്മു ഉടുപ്പൊക്കെ ഇട്ട് വരുമ്പോഴേക്കും അമ്മാമ്മ ഭക്ഷണം തയ്യാറാക്കി വച്ചിരിക്കും. ഡൈനിങ്ങ് ടേബിളൊക്കെ ഉണ്ടെങ്കിലും അമ്മാമ്മ അമ്മുവിനെ മുട്ടിപലക എന്നതിലിരുത്തും ശേഷം മറ്റൊരെണ്ണത്തിൽ  അഭിമുഖമായി അമ്മാമ്മയും ഇരിക്കും. നല്ല ചൂടുള്ള കഞ്ഞിയിൽ വീട്ടിൽ കടഞ്ഞെടുത്ത വെണ്ണ കൂട്ടി കഞ്ഞി കോരി കൊടുക്കും. അമ്മു - ‘അമ്മാമ്മേ ...,വയറ് നിറഞ്ഞു മതി.’

അമ്മാമ്മ - ‘കുറച്ചുകൂടി കഴിക്കൂ ഇത് മുഴുവനും കഴിക്കണം’ എന്ന് മറുപടി ലഭിക്കും .

അമ്മുവിന്റെ വയറുനിറയെ ഭക്ഷണം ആയി എന്ന് ഉറപ്പു വരുത്തിയിട്ടേ അവിടുന്ന് എഴുന്നേൽക്കാൻ സാധിക്കൂ. പക്ഷേ അമ്മാമ്മയുടെ വലതുകൈയിലെ പെരുവിരലിന്റെ ഒരു ഭാഗം പ്രമേഹം വന്ന് മുറിച്ചു കളയേണ്ടി വന്നിട്ടുണ്ട്. ഭക്ഷണം  കഴിക്കുമ്പോഴെല്ലാം അമ്മുവിന്റെ ശ്രദ്ധ ആ വിരലുകളിൽ ഉടക്കി ഇരിക്കും. വിരലിനെ വേദനയോടെ നോക്കിയിരിക്കും. അതേസമയം തന്നെ അച്ചാച്ചൻ നിശബ്ദനായി മേശമേൽ ഇരുന്ന് പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുന്നുണ്ടാകും. കറി, അച്ചാർ, പപ്പടം ഇവയ്ക്കെല്ലാം ഓരോരോ പിഞ്ഞാണ പാത്രവും കാണും. നല്ല രസമാണ് ഓരോന്നിൽ നിന്നും പ്ലാവില കൊണ്ട് എടുത്തു കഴിക്കുന്നത് കാണാൻ.

 

ഭക്ഷണശേഷം അച്ചാച്ചൻ പപ്പടത്തിന്റെ നിറമുള്ള ഷർട്ടും, വെളുത്ത മുണ്ടും, കുടയുമേന്തി പുറത്തേയ്ക്ക് പോകും. അമ്മാമ്മ കുളി കഴിഞ്ഞു വന്നു നല്ല വൃത്തിയുള്ള സെറ്റുമുണ്ട് ഉടുത്ത്, മുഖത്ത് പൗഡർ പൂശി,  നെറ്റിയിൽ ചന്ദനക്കുറി വരച്ച് നിൽക്കുന്നത്  കുലീനത്വം നിറഞ്ഞു നിൽക്കുന്ന ഒരു കാഴ്ചയാണ്. ഏകദേശം പതിനൊന്നു മണി കഴിഞ്ഞാൽ അമ്മു വഴിയിലേക്ക് അച്ചാച്ചനെ പ്രതീക്ഷിച്ചിരിക്കും . വീട് നിൽക്കുന്നത് കുറച്ച് ഉയർന്ന ഭാഗത്താണ്, അപ്പോൾ അവിടെയിരുന്ന് നോക്കിയാൽ തന്നെ അകലെ നിന്ന് ആരും വരുന്നത് കാണാം.  അച്ചാച്ചൻ വരുന്നത് കണ്ടാൽ ഉടനെ, 

അമ്മു - , ‘‘അമ്മാമ്മേ ... അച്ഛച്ചൻ വരുന്നുണ്ട് . ഉടനെ അകത്തുള്ള അമ്മാമ്മയും ഉമ്മറത്തേയ്ക്ക് വരും. അച്ഛാച്ചൻ വരുമ്പോൾ കൈയിൽ കൊച്ചുബിസ്ക്കറ്റ്, മുറുക്ക്, റെസ്ക് ഇവയിലേതെങ്കിലും രണ്ടുതരം അമ്മുവിന് കരുതിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്.

 

പതിനൊന്നര ആകുമ്പോഴേക്കും പടിഞ്ഞാറ് ഭാഗത്ത് വിശാലമായ വരാന്തയിലിരുന്ന് അമ്മാമ്മ ഉണ്ടാക്കി വെച്ചിരിക്കുന്ന അച്ചപ്പം, ഉപ്പേരി, അവിലോസ്പൊടിയും പഞ്ചസാരയും, കിണ്ണത്തപ്പം ഇവയിലേതെങ്കിലുമൊന്ന് കയ്യിലേന്തി ദൂരക്കാഴ്ചകൾ നോക്കിയിരുന്നു കഴിക്കുന്നത് അമ്മുവിന് ഒരു രസമായിരുന്നു.

 

ഉച്ചയ്ക്ക് അമ്മുവിനെ മേശമേൽ ഇരുത്തി അമ്മാമ്മ ചോറ് വാരി കൊടുക്കും. കറിയും കൂടെ വീട്ടിൽ ഉണ്ടാക്കിയ കയ്പ്പക്ക കൊണ്ടാട്ടവും അവിടുത്തെ പ്രത്യേകതയാണ്. ഓരോരോ ഉരുളകൾ അമ്മാമ്മ ഉരുട്ടുമ്പോഴും അമ്മു പറയും- ‘അമ്മാമ്മേ... ഈ ഉരുളയിൽ പപ്പടം മതി.’ അടുത്ത ഒരു ഉരുള എടുക്കുമ്പോൾ  അമ്മാമ്മ  - ‘മോൾക്ക് ഈ ഉരുളയിൽ എന്താ വയ്ക്കണ്ടേ?’

അമ്മു - 

 

 

അമ്മാമ്മേ... ഇതിൽ കയ്പക്ക കൊണ്ടാട്ടം മതി. മഞ്ഞൾ, ചേന, ചേമ്പ്, കാവത്ത്, കൈതചക്ക, തുടങ്ങിയവയെല്ലാം അവിടെ വീട്ടിൽ തന്നെ ഉണ്ടാക്കുമായിരുന്നു. അമ്മാമ്മ വളരെ നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളും, മറ്റുള്ളവർക്ക് കൊടുക്കാൻ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു.

 

ഭക്ഷണശേഷം  പുൽപായയുമായി തെക്കേ പുറത്തെ വിശാലമായ വരാന്തയിൽ പത്രവും കണ്ണടയും എടുത്തു, മുടിയെല്ലാം അഴിച്ചിട്ട് അമ്മാമ്മയുടെ ഒരു ഇരിപ്പുണ്ട്. അമ്മാമ്മ ഉറക്കെയാണ് പത്രം വായിക്കുന്നത് . അത് കേട്ട് അമ്മു തൊട്ടടുത്ത് തന്നെ ഇരിക്കും. കൂടെ തന്നെ ചാരുകസേരയിൽ അച്ചാച്ചനും ഇരിക്കുന്നുണ്ടാകും. വാർത്താ വായനയ്ക്കിടയ്ക്ക് രണ്ടുപേരും വാർത്താവലോകനവും നടത്താറുണ്ട് . കുറേ കഴിയുമ്പോൾ , അച്ചാച്ചൻ ചാരുകസേരയിലിരുന്ന് ഉറങ്ങുന്നത് കാണാം. അവസാന പേജ് ആകുമ്പോഴേക്കും അമ്മാമ്മയും ഉറക്കം തൂങ്ങി വീഴുന്നുണ്ടാകും. പത്രം അതുപോലെതന്നെ  ഉയർത്തിപ്പിടിച്ച് ഇരിക്കുന്നുണ്ടാകും. അമ്മു - അമ്മാമ്മേ... എന്ന് പറഞ്ഞ് തട്ടി വിളിച്ചാൽ വീണ്ടും വായന തുടരും. പിന്നെ കണ്ണടയൊക്കെ മാറ്റിവെച്ച് അമ്മുവിനേയും കിടത്തി ഉച്ചയുറക്കത്തിലേക്ക് പ്രവേശിക്കും.

 

ഉച്ചമയക്കം കഴിഞ്ഞാൽ അമ്മാമ്മ മുറ്റ ടിയിലേയ്ക്ക് ഇറങ്ങും. നാലുപാടും, വിശാലമായ മുറ്റം ആണ്. അമ്മാമ്മയുടെ കയ്യിൽ നിന്നും ചൂല് വാങ്ങി അമ്മു പറയും .... ‘അമ്മാമ്മേ .... എനിക്കും മുറ്റം അടിക്കണം.’ അമ്മാമ്മ -  ‘അമ്മാമ്മ ഒരു ചെറിയ ചൂല് മോൾക്ക് ഉണ്ടാക്കിത്തരാം അപ്പോൾ മുറ്റം അടിച്ചാൽ മതി.’

 

പൂഴിമണ്ണിലൊരു ഇല വീണാൽ പോലും, അച്ചാച്ചൻ പെറുക്കിനടക്കുന്നത് കാണാം, ചിലപ്പോഴത് ഒരു കൂർത്ത കമ്പുകൊണ്ട്  ഇലകളിൽ കുത്തി കോർത്തെടുത്തിട്ടുമാകാറുണ്ട് . എന്തു തന്നെയായാലും, രാവിലെയും വൈകിട്ടും മുറ്റമടിച്ച് വീടും പരിസരവും വൃത്തിയാക്കി വയ്ക്കുന്നതിൽ അവരുടെ നിഷ്കർഷത ആദരണീയമാണ്. അതുപോലെതന്നെ വസ്ത്രധാരണത്തിലും രണ്ടുപേരും ശുഷ്കാന്തിയുള്ളവരാണ്.

 

വൈകീട്ടായാൽ അമ്മാമ്മ മേൽ കഴുകി വിളക്ക് വെച്ച്, തൂക്കിയിട്ടിരിക്കുന്ന ഭസ്മ കൂടയിൽ നിന്ന് ഭസ്മം എടുത്തു നെറ്റിയിൽ ചാർത്തും, കൂടെ അമ്മുവിനും ചാർത്തി കൊടുക്കും. എന്നിട്ട് നിലവിളക്കിനു മുമ്പിൽ ഇരുന്ന് ഉറക്കെ നാമം ജപിക്കും . 

അമ്മാമ്മ - ‘മോൾ ഇവിടെ വന്നിരിക്ക്; കൈകൂപ്പി സന്ധ്യ നാമം ചൊല്ലുന്നത് അസുഖങ്ങൾ വരാതിരിക്കാൻ നല്ലതാ. നാമം ജപിക്കൽ അമ്മുവും, അനുകരിക്കും .....രാമ രാമ രാമ രാമ രാമ രാമ പാഹിമാം

 

അതിനുശേഷം റേഡിയോ വയ്ക്കും. ഉറക്കെ ആണ് റേഡിയോ വയ്ക്കുന്നത്. അപ്പുറത്തെ വീട്ടിൽ നിന്നും ഇതുപോലെതന്നെ റേഡിയോയുടെ ശബ്ദം കേൾക്കാം. ഏഴുമണി കഴിഞ്ഞേ വാതിലുകളെല്ലാം അടയ്ക്കൂ. ശേഷം അത്താഴം കഴിക്കൽ ആണ്. അമ്മു, അത്താഴം എങ്ങാനും കുറച്ചു കഴിക്കുന്നത് കണ്ടാൽ അമ്മാമ്മ പറയും, ‘ഒരു അന്തി ഭൂതം ഉണ്ട്, അത് എല്ലാ വീട്ടിലും വന്നു നോക്കും, ഏതു കുട്ടികളാണ് ഭക്ഷണം വയറുനിറയെ കഴിക്കാതെ ഉറങ്ങുന്നതെന്ന്. പേടികൊണ്ട്, അമ്മു പറഞ്ഞു: ‘വയറുനിറയെ ഭക്ഷണം കഴിച്ചേ ഞാൻ ഉറങ്ങൂ .’

 

ഉറങ്ങുന്നതിനു മുൻപ് അമ്മാമ്മ, അമ്മുവിന്റെ മുടി ചീകി, അച്ചാച്ചൻ കൊണ്ടുവന്ന വയറവള്ളി എന്നു വിളിക്കുന്ന വള്ളി കൊണ്ട് മുടി വലിച്ചു കെട്ടും. 

അമ്മു - ‘അമ്മാമ്മേ ....എന്തിനാണ് ഈ വള്ളികൊണ്ട് മുടി കെട്ടുന്നത് ?’ 

അമ്മാമ്മ - മോളെ, ഇതുകൊണ്ട് മുടി കെട്ടിയാൽ മുടി വലുതാകും എന്നാണ് വിശ്വാസം . ഇത് അച്ഛാഛൻ ഇന്ന് വരുമ്പോൾ കൊണ്ടുവരാൻ അമ്മാമ്മ പറഞ്ഞേല്പ്പിച്ചതാണ് . പുറത്തു പോകുന്ന വഴിയിൽ വേലിയരികിൽ നിൽക്കുന്നതാണ്. ഇത്രയും പറഞ്ഞ് അമ്മാമ്മ മുടി മുറുക്കി കെട്ടി. 

 

അമ്മു ... ‘അമ്മാമ്മേ വേദനിക്കുന്നു’ അമ്മാമ്മ ... ‘ഇങ്ങനെ മുടി മുറുക്കി കെട്ടി വച്ചാലേ, മുടി വലുതാകൂ’ മുടി വലുതാകാനുള്ള മോഹം കൊണ്ട്, വലിച്ചിൽ സഹിച്ച് അമ്മു മിണ്ടാതിരിക്കും.

 

ഉറങ്ങുന്നതിനു മുൻപ് അമ്മുവിന് കഥകൾ പറഞ്ഞു കൊടുക്കും അമ്മാമ്മ. സ്ഥിരം അഞ്ചാറ് കഥകൾ ഉണ്ട്, അതിൽ ഏതാണ് പറയേണ്ടതെന്ന് അമ്മുവിന്റെ ഇഷ്ടമാണ് .

അമ്മാമ്മ - മോളെ  നിനക്കിന്ന് ഏത് കഥയാണ്  കേൾക്കേണ്ടത് ?

അമ്മു - ‘ചണ്ണക്കാലുള്ള ആടിൻറെ കഥ മതി.’ ഇങ്ങനെ കഥകൾ കേട്ടു ഉറങ്ങുന്നത് അമ്മുവിന്റെ ഒരു പതിവാണ്.

 

അമ്മാമ്മ പഠിക്കുന്ന സമയത്ത്  നല്ല മിടുക്കിയായിരുന്നു എന്നു അമ്മുവിനോട് പറഞ്ഞിട്ടുണ്ട് . 

അമ്മാമ്മ - അമ്മാമ്മ മോൾക്ക് ഒരു ഇംഗ്ലീഷ് പദ്യം ചൊല്ലി തരാം. അമ്മാമ്മ ചൊല്ലുന്നത് കേട്ട് അമ്മു അത്ഭുതത്തോടെ നോക്കി .

അമ്മു - ഇപ്പോഴും പദ്യം ഓർമ്മയുണ്ടോ ? എത്ര നന്നായി ആണ് അമ്മാമ്മ ചൊല്ലുന്നത്! 

 

വല്ലപ്പോഴും ബാഗും തൂക്കി ഒരാൾ അവിടേക്ക് വരാറുണ്ട് . ജുബ്ബയും, മുണ്ടും ധരിച്ച്, വലിയ ചന്ദനക്കുറിയുമായി വരുന്ന ആളെ ഗുരുനാഥൻ എന്നാണ് അച്ഛാച്ചനുമമ്മാമയും വിളിക്കാറ്. കുറച്ചു സംസാരിച്ചിരുന്ന തിനുശേഷം ,അമ്മാമ്മ ആൾക്ക് കഞ്ഞി കൊടുക്കും. അപ്പോൾ അമ്മുവിൻറെ ചുമലിൽ തട്ടി 

ഗുരുനാഥൻ ചോദിക്കും മോള് കഴിച്ചോ, ? എന്ന്.

അമ്മു - ഉം മറുപടി പറയും. 

കഞ്ഞിയൊക്കെക്കുടിച്ച് ആളു വിശാലമായി ഇരുന്ന് എന്തൊക്കെയോ ശ്ലോകങ്ങൾ ചൊല്ലി സംസാരിക്കാറുണ്ട്.

 

മാമ്പഴക്കാലം ആയാൽ എപ്പോഴും മാമ്പഴം കഴിക്കാം. മുറ്റത്ത് തന്നെ ഒരു മാവ് ഉണ്ട്, പിന്നെ കുറച്ചകലെയായി വേറെ രണ്ടെണ്ണം കൂടിയുണ്ട്. മാങ്ങ വീഴുന്ന ശബ്ദം കേട്ടാൽ ഉടനെ 

അമ്മാമ്മ - അമ്മൂ.. മാവിൻ ചുവട്ടിൽ നിന്ന് ആ മാമ്പഴം എടുത്ത് കൊണ്ടുവരൂ. 

..കേട്ടയുടനെ അമ്മു ഓടിപ്പോയി മാമ്പഴം എടുത്ത് അമ്മാമ്മയുടെ കയ്യിൽ കൊണ്ടു കൊടുക്കും. അമ്മാമ്മ അത് കഴുകി മുറിച്ച് അമ്മുവിന് കൊടുക്കും.

അമ്മാമ്മ - മാങ്ങ എങ്ങനെയുണ്ട്, രസം ണ്ടോ? 

അമ്മു ചിരിച്ച്- ഉം, നല്ല രസോംണ്ട്.

ചില സമയത്ത് അച്ചാച്ചൻ മാവിൻ ചുവട്ടിൽ നിന്ന് കൈനിറയെ മാമ്പഴവുമായി വരുന്നത് കാണാം .

അച്ഛാച്ചൻ - മോള് ... ഈ .. മാമ്പഴം കൊണ്ടുപോയി അമ്മാമ്മയ്ക്ക് കൊടുക്ക്. എന്ന് പറഞ്ഞ് തിണ്ണ മേൽ മാമ്പഴങ്ങൾ വയ്ക്കും.

 

അച്ചാച്ചൻ്റെ കൈപിടിച്ച് വലിച്ച് കൊണ്ടുപോയി പേരയുടെ ചുവട്ടിൽനിന്ന് പഴുത്ത പേരക്കകൾ അമ്മു ചൂണ്ടി കാണിച്ചുകൊടുക്കും. അച്ഛാച്ഛൻ തോട്ടിയെടുത്ത് ചോദിക്കും - ഏത് ഭാഗത്താണ് മോള് പേരക്കായ കണ്ടത്? അമ്മു കൈ ചൂണ്ടി - ദേ! ആ ചില്ലയ്ക്ക് മുകളിൽ ഒരെണ്ണം മഞ്ഞ കളർ ആയിട്ടുണ്ട്.

അച്ചാച്ചൻ - ഇപ്പോൾ പൊട്ടിച്ചു തരാം, മൂത്ത് പഴുത്ത് നിൽക്കുന്നുണ്ട്. വവ്വാലുകൾ കാണാത്തത് ഭാഗ്യം ഇല്ലെങ്കിൽ അവരിത് കൊണ്ടു പോയേനെ എന്നു പറഞ്ഞ് അമ്മുവിന് പൊട്ടിച്ച് കൊടുക്കും.

 

അമ്മുവിന് അച്ചാച്ചൻ മുറ്റത്തു നിൽക്കുന്ന മാവിൽ ഊഞ്ഞാൽ കെട്ടി കൊടുക്കും . പിന്നെ പതുക്കെ ഊഞ്ഞാലാട്ടി കൊടുക്കും.

അച്ചാച്ഛൻ പറയും- അമ്മൂ... പിടിച്ചിരിക്കണേ, കൈവിടരുത് !

അമ്മു സന്തോഷത്തോടെ - ഹായ് എന്ന് പറഞ്ഞു ഊഞ്ഞാലാടും. അമ്മാമ്മയാണ് ഊഞ്ഞാലാട്ടി കൊടുക്കുന്നതെങ്കിൽ, അമ്മുവിനെ ഉയരത്തിൽ ആട്ടികൊടുക്കും. അമ്മാമ്മയുടെ ഉയരത്തിൽ ഊഞ്ഞാൽ പൊക്കി പിടിച്ചു പറയും പിടിച്ചിരുന്നോ ഞാനിപ്പോൾ കൈവിടും. അമ്മു -ശരി ,  ഒന്ന് രണ്ട് മൂന്ന് .... ഓ.... തണുക്കുന്നേ! അടുത്തതവണ ആടുമ്പോൾ, എനിക്ക് കാല് അപ്പുറത്തെ മരച്ചില്ല വരെ തൊടണം .

അമ്മാമ്മ പറയും - ശരി പിടിച്ചിരുന്നോ?

അമ്മു - ഹേ! ....തൊട്ടല്ലോ!  

 

ആരും ഊഞ്ഞാലാട്ടി കൊടുത്തില്ലെങ്കിൽ അമ്മു കാലുകുത്തി പിടിച്ച് സ്വയം വട്ടംകറങ്ങി ഊഞ്ഞാലിൽ കളിക്കാറുണ്ട് .

 

ഏതോ ഒരു ഒഴിവ് കാലത്ത് അമ്മുവിന്റെ കൂടെ അഞ്ചുവയസ്സുകാരൻ അനിയനും ഉണ്ടായിരുന്നു. ഒരു ദിവസം അച്ചാച്ചൻ അവരെ വിളിച്ച് പേരമരച്ചോട്ടിൽ കൊണ്ടുപോയി കുഞ്ഞു വീടുവയ്ക്കാൻ ആരംഭിച്ചു. 

അമ്മു - അച്ഛാച്ചൻ ശരിക്കും വീട് വച്ച് തരാൻ പോവാണോ?

അച്ഛാച്ചൻ - ആ ,ഒരു കുഞ്ഞു പുര വച്ച് തരാം. അതിനുള്ളിൽ പായയിട്ട് കളിക്കാൻ ഇരുന്നാൽ മതി. അല്ലെങ്കിൽ മേല് മുഴുവൻ ചൊറിഞ്ഞു നടക്കേണ്ടി വരും. കുഞ്ഞു വീടുണ്ടാക്കി കഴിഞ്ഞപ്പോൾ അമ്മു പറഞ്ഞു - അച്ഛാ ഛാ... നല്ല ഭംഗിയുള്ള വീട്. അച്ചാച്ചൻ - ഇനി ഇരുന്ന് കളിച്ചോളൂ

 

ആ കുടിലിൽ വലിയ ആളുകളെ അനുകരിച്ച്, പലചരക്ക് കടക്കാരെ പോലെ ,ചിരട്ടയും ,ചാക്ക് ചരടും, വടിയും ഉപയോഗിച്ച് തുലാസ് ഉണ്ടാക്കി .പരിസരത്തുള്ള ഇലകൾ പറിച്ച് സാധനങ്ങൾ ആക്കി, പൂഴിമണ്ണ് അരിയാക്കി അമ്മുവും, അനിയനും കളിച്ചു. പേരമരത്തിന്റെ ചാഞ്ഞകൊമ്പിൽ കയറിയിരുന്ന്, മരത്തെ ബസ്സ് ആക്കി ,ബസ്സിലെ ഡ്രൈവർ ആയി അനിയനും ബ്ർ ....ബ്ർ...; കണ്ടക്ടറായി അമ്മുവും :ണിം ണിം .... ആളിറങ്ങാൻ ഉണ്ട്  എന്നുപറഞ്ഞ് അഭിനയിച്ചു കളിച്ചു രസിച്ചു.

 

വല്ലപ്പോഴും അപ്പുറത്തെ വീട്ടിലെ നീന എന്ന കുട്ടിയുമായി അമ്മു കളിക്കും .

അമ്മു - എന്താ നമുക്ക് ഇപ്പോൾ കളിക്കുക?

നീന - 'നമുക്ക് അപ്പുറവും ഇപ്പുറവും ഓരോ അടുപ്പുണ്ടാക്കി ഉണ്ടാക്കി കളിക്കാം. എന്നിട്ട് മുള്ളുവേലിയുടെ അപ്പുറവും ഇപ്പുറവും ഇരുന്ന് മണ്ണുകൊണ്ടുള്ള ചിരട്ടപുട്ടും, വട്ടത്തിലുള്ള ഇലകൊണ്ടുള്ള പപ്പടവും പുളിങ്കുരു കൊണ്ടുള്ള കറിയും വിഭവങ്ങളാക്കി കളിച്ചു.

 

അമ്മുവിന്റെ അമ്മ, വീട്ടിൽ വന്നു ,ജോലിക്ക് പോകുന്ന ദിവസം, മാറ്റിയിട്ട സാരി ചുറ്റി, തലയിൽ തോർത്തുമുണ്ട് ചുറ്റി അത് മുടിയാക്കി, വലിയ ആളായി ചമയുന്നതും ചിലപ്പോഴൊക്കെ അമ്മുവിന്റെ പതിവായിരുന്നു .സാരി ചുറ്റി നടക്കുന്നത് കണ്ട് അമ്മാമ്മ ചിരിച്ചുകൊണ്ട് പറയും - ‘അതുടുത്ത് കട്ടില [കട് ല)പടി കയറുമ്പോൾ വീഴാതെ നോക്കണേ.’

അമ്മു - കുറച്ചുകഴിഞ്ഞ് സാരി മാറ്റി തരാം. എന്നിട്ട് കണ്ണാടിയുടെ മുൻപിൽ നിന്ന് തോർത്തു കൊണ്ടുള്ള മുടിയുടെ ഭംഗി നോക്കി മാറ്റിമാറ്റി കെട്ടി സമയം ചിലവഴിക്കും.

 

കശുമാങ്ങ ഉണ്ടാകുന്ന സമയത്ത്, കശുമാങ്ങ പൊട്ടിച്ച്, അമ്മു കശുവണ്ടി പിഴുതുമാറ്റി, അതിന്റെ മാങ്ങ കഴിക്കുമായിരുന്നു. കശുവണ്ടി വറുക്കാൻ അവിടെ ഒരു പ്രത്യേക ചട്ടി തന്നെ ഉണ്ടായിരുന്നു. വറുക്കുന്നതു കണ്ടിരിക്കാൻ അമ്മുവിന് വലിയ കൗതുകമാണ്. അമ്മാമ്മ മുറ്റത്തുതന്നെ പൂഴിമണ്ണിൽ 3 ഇഷ്ടിക കൊണ്ട് അടുപ്പുണ്ടാക്കി അതിൽ മൺച്ചട്ടി വച്ച് വറുക്കും .

അമ്മാമ്മ - മോളെ പൊട്ടിത്തെറിക്കും, അടുത്തേക്ക് വരരുത്. ചട്ടിക്കുളളിൽ നിന്ന്  കറുത്ത നിറവും , പുകയും വരുന്നതു നോക്കിനിൽക്കെ, അമ്മാമ്മ ചട്ടി നേരെ പൂഴി മണ്ണിലേക്ക് കമിഴ്ത്തും. കുറച്ചുകഴിഞ്ഞ് മണ്ണിൽ നിന്നെല്ലാം കശുവണ്ടി പെറുക്കിയെടുത്തു, ഉരലിൻമേൽ വച്ച് പുത്തൻ ചിരട്ട കൊണ്ട് തല്ലിപ്പൊട്ടിച്ചു പരിപ്പ് എടുത്ത് അത് അമ്മുവിന് കഴിക്കാൻ കൊടുക്കും. അമ്മാമ്മ - മോളെ.. തോലുകളഞ്ഞ് കഴിക്ക്. അമ്മു -പൊട്ടാതെ എങ്ങിനെയാ ഇതിന്റെ ഉള്ളിൽ നിന്ന് പരിപ്പ് എടുക്കുന്നത് ?

 

അമ്മാമ്മ - അതിന് കശുവണ്ടിയുടെ കട്ടിയുള്ള ഭാഗത്ത് നോക്കി അടിക്കണം അപ്പോൾ അത് ഇങ്ങനെ പൊളിഞ്ഞു പോരും. കുട്ടികൾ ഇതൊന്നും തൊടരുത് ,കയ്യിൽ പശ ആയാൽ കയ്യിലെ തൊലി പൊളിഞ്ഞു പോരും. എന്തു തന്നെയായാലും വറുത്ത ഉടനെ കഴിക്കുന്ന കശുവണ്ടിയുടെ ആ മണവും രുചിയും വല്ലാത്തൊരു അഭിനിവേശമാണ്.

 

അമ്മുവിനെ കൂട്ടിക്കൊണ്ടുപോകാൻ അച്ഛൻ വരുന്ന ദിവസങ്ങളിൽ, ചിലപ്പോൾ അവരെല്ലാം സംസാരിക്കാനായി മുറ്റത്തേക്കിറങ്ങി , നടന്നു നടന്നു പടിക്കൽ വരെയെത്തി നിൽക്കാറുണ്ട് . അവിടെ, പത്തിലധികം പടികൾ കയറി വേണം മുറ്റത്തെത്താൻ . അവർ സംസാരിക്കുന്നതിനിടയിൽ അമ്മുവിന് പടികളെല്ലാം ചാടികളിക്കുന്നത് ബഹുരസമായിരുന്നു. ഇടയ്ക്ക് കാലിടറി വീണപ്പോൾ,

അച്ഛൻ പറഞ്ഞു -അമ്മൂ കളി മതിയാക്ക്. ഇനിയും ചാടിയാൽ കാല് പൊട്ടും.

 

മഴക്കാലത്ത് അടുത്തുള്ള കുളം നിറഞ്ഞ്  റോഡിന് അരികിലൂടെ തോട് പോലെ വെള്ളം പോകുമായിരുന്നു. അത് കാണാൻ പോകാൻ അമ്മു അച്ചാച്ചനെ കൂട്ടുപിടിക്കുമായിരുന്നു. വെള്ളത്തിലൂടെ പോകുന്ന പൊടിമീനുകളെ കൈ കുമ്പിളിലാക്കി കുറച്ചുനേരം പിടിച്ചു തിരിച്ചുവിട്ടു കളിക്കുന്നതും അമ്മുവിന് വലിയ കൗതുകമായിരുന്നു. 

അമ്മു - അച്ചാഛാ ഈ വെള്ളത്തിൽ പാമ്പ് ഉണ്ടാവോ?

അച്ചാച്ചൻ -വെള്ളം ഇനിയും ശക്തമായി ഒഴുകിയാൽ പാമ്പും, ചെറിയ ആമകളും ഒക്കെ ഇതിലൂടെ ഒഴുകി വരും.

 

അവിടുത്തെ പടിമുതൽ മുറ്റം വരെ അശോകച്ചെത്തിമരം - ഒരാൾ പൊക്കത്തിൽ മേൽ നിരന്നു നിന്നിരുന്നു. നിറഞ്ഞ ചുവന്ന ചെത്തിപൂങ്കുലകൾ, രണ്ടുഭാഗത്തും നിരനിരയായി നിറഞ്ഞ് നമ്മെ ആ വീട്ടിലേക്ക് സ്വാഗതം ചെയ്യുമായിരുന്നു. അവിടെ തന്നെ ചെത്തിമരത്തിനടുത്തായി നല്ല ഒരു കുങ്കുമമരവും ഉണ്ടായിരുന്നു. കുലകുലയായ് നിൽക്കുന്ന കുങ്കുമക്കായകൾ അമ്മുവിന്റെ ഹരമായിരുന്നു . ഒരു ദിനം മരം കുലുക്കി ആ കുലകൾ വീഴ്ത്താൻ അമ്മു ശ്രമിച്ചു . ഇത് കണ്ടു വന്ന അച്ചാച്ചൻ, ഒരു തോട്ടി കൊണ്ടുവന്നു അമ്മൂ ....ഇതിൽ നിന്ന് ഒരു കുല പൊട്ടിച്ചു തരാം. എന്നു പറഞ്ഞു ഒരു കുല അമ്മുവിന് പൊട്ടിച്ചു കൊടുത്തു .

അച്ഛാച്ഛൻ - അമ്മൂ.... ഉടുപ്പിലൊന്നും നിറം ആകാതെ നോക്കണം ട്ടോ.

അമ്മു - ശരി.

ഹോ !...അതിന്റെ ആവരണം തുറന്ന് ഉള്ളിലുള്ള ചുവന്ന കുരുക്കളുടെ ഭംഗി കണ്ടു അമ്മു അറിയാതെ പറഞ്ഞു പോയി . ആ കുങ്കുമക്കുരുവിന് ഒരു പ്രത്യേക മണവും ഉണ്ടായിരുന്നു. അതുപയോഗിച്ച്, അമ്മു പൊട്ടുതൊട്ടു, കൈവെള്ളയിൽ പൂക്കളം തീർത്തു ,പിന്നെ കുറച്ചെടുത്ത് അത് കാതിലും , കമ്മലിന് പകരമായ് തേച്ചു പിടിപ്പിച്ചു. കാതു കുത്താതിരുന്ന അമ്മുവിന് അത് കമ്മലുകളായി മാറി.

 

മുല്ലവള്ളികളിൽ പൂവിടുന്ന കാലം ,രാവിലെ  എഴുന്നേറ്റു വന്നാൽ , മുറ്റം നിറയെ മുല്ലപ്പൂ, പൂമെത്ത തീർത്തതു കണി കാണാം. ആ മുല്ലപ്പൂക്കളോടുള്ള ഇഷ്ടം കൊണ്ട് അമ്മു പറ്റാവുന്ന പൂക്കളെല്ലാം പെറുക്കി പെറുക്കി കൈകളിലൊതുക്കും, കൈ നിറയുമ്പോൾ തിളക്കമുള്ള കറുത്ത നിലത്ത് അവ കൂട്ടി വയ്ക്കും. കുറേ കഴിയുമ്പോൾ അമ്മാമ്മ ചൂലുകൊണ്ട് അവയെ നീക്കം ചെയ്യുന്നത് അമ്മുവിന് സഹിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു.  അമ്മു - അമ്മാമ്മേ ... പൂ... കളയല്ലേ!

അമ്മാമ്മ -  ഈ വാടി തുടങ്ങിയ പൂക്കളെ കൊണ്ട് എന്താ കാര്യം? ഇനിയും പൂക്കൾ ഉണ്ടാവും ല്ലോ?

 

വൈകിട്ട് നാലു മണി ആകുമ്പോഴേക്കും വീണ്ടും കുറേ പൂക്കൾ മുറ്റത്ത് കൊഴിഞ്ഞിട്ടുണ്ടാകും. ഒരു കുട്ട നിറയെ പൂക്കൾ ഉണ്ടാകും ഓരോ നേരവും. ചിലപ്പോൾ മുല്ലവള്ളിയുടെ താഴെ നിൽക്കുമ്പോൾ , ചെറിയ കാറ്റിൽ പൂക്കൾ അമ്മുവിന്റെ ദേഹത്തേയ്ക്ക് വീഴും. അമ്മു അവയെ കയ്യിൽ പിടിച്ച് കവിളത്തു വെറുതെ ചേർത്തുപിടിക്കും! സന്ധ്യകഴിഞ്ഞ് പുറത്ത് ഇരിക്കുമ്പോൾ , രാത്രിയുടെ അന്ധകാരവും ,ചെറിയ ചാറ്റൽ മഴയും, വള്ളികളിൽ നിറയെ വെളുത്ത മിഴിവാർന്ന മുല്ലപ്പൂക്കളും, അവയിൽ നിന്നുയരുന്ന ആ പൂമണവും, അമ്മുവിന്റെ നാസാഗ്രങ്ങളെ കോരിത്തരിപ്പിച്ചിരുന്നു.

 

Content Summary: Avadhikkalam, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com