അതിജീവിക്കാനാവാതെ മഹാമാരിക്ക് കീഴടങ്ങുന്നവർ....

sad-old-man
Representative Image. Photo Credit: Photographee.eu / Shutter Stock
SHARE

സവാരി ഗിരിഗിരി (കഥ)

വൈകുന്നേരം അഞ്ചര മണി. മാത്യൂസ് ഗേറ്റിന് പുറത്ത് റോഡില്‍ വന്ന് നിന്നു. എന്നത്തെയും പോലെ ഗേറ്റിനു മീതെ വീടിന്‍റെ സിറ്റൗട്ടിലേക്ക് നോക്കി. ഞാന്‍ പതിവുപോലെ ഇറങ്ങിച്ചെന്നു. ഇനി ഒരുമിച്ച് നടത്തം. അധികമൊന്നുമില്ല. കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍. അതുതന്നെ ബുദ്ധിമുട്ടായി തുടങ്ങി. രണ്ടു പേരും എഴുപത് കഴിഞ്ഞവരാണ്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും വഴിയിലുണ്ട്. കാക്കനാട്ടെ കുന്നിന്‍പ്പുറമാണ്. ചുറ്റുമെങ്ങും വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും. അവശേഷിക്കുന്ന കുറച്ച് കാട് നിര്‍മ്മിതിവക സര്‍ക്കാര്‍ ഭൂമിയാണ്. അത് മതിലുകെട്ടി സംരക്ഷിച്ചിട്ടുണ്ട്. കാടിന്‍റെ മതിലരിക് പിടിച്ചാണ് ഞങ്ങളുടെ നടത്തം. മതില്‍ക്കെട്ടിനകത്ത് കൊഴുത്ത കാട്; അതിന്‍റെ നിറവ്. ഞങ്ങള്‍ മുന്നോട്ട് പോയി. മതിലും, ചേര്‍ന്നുളള വഴിയും തിരിയുന്നിടത്ത് മാത്യൂസ് നിന്നു, ഒപ്പം ഞാനും. കുന്നിന്‍പ്പുറത്തെ പഴയ തോടിപ്പോള്‍ ഓടപോലെ. ഇറക്കമിറങ്ങുന്ന വെളളത്തിന്‍റെ ശബ്ദം. 

ഒഴുക്കുവെളളത്തില്‍ തുമ്പുമുട്ടിയിളകുന്ന ചേമ്പിലക്കൂട്ടങ്ങള്‍ നോക്കി ഞങ്ങള്‍ നിന്നു. വീണ്ടും നടന്നു തുടങ്ങി. ഞങ്ങള്‍ ഈ നടപ്പ് തുടങ്ങിയിട്ട് എത്ര കൊല്ലായി? ഓര്‍മ്മയില്ല. കുട്ടിയൊക്കെയായി ഗള്‍ഫില്‍ കഴിയുന്ന ഇളയ മകളുടെ കോളജ് കാലത്തിന്‍റെ പഴക്കം കൂട്ടാം. ഞങ്ങളുടെ നടത്തത്തിന് പേരിട്ടത് അവളാണ്. സവാരി ഗിരിഗിരി ! വാട്സാപ്പില്‍ കിട്ടുന്ന ലാബ് റിപ്പോര്‍ട്ടുകളില്‍ കുഴപ്പങ്ങള്‍ കണ്ടാല്‍ അവളുടെ വിളിവരും. എന്താ ഉദ്ദേശം? സവാരി ഗിരിഗിരി ഒന്നും ഇല്ലേ ഇപ്പൊ? കൂട്ടുകാരനെന്തിയേ ? നടന്നൊ, കേട്ടോ..... ഞങ്ങളുടെ നടപ്പ് പല കാലത്തും പലവട്ടം മുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ വീണ്ടും വീണ്ടും തുടങ്ങി. മാത്യൂസ് ട്രഷറിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ നടപ്പിന് ഒരു ചിട്ട വന്നു. ഞാന്‍ ബിസിനസ്സ് വിട്ടതോടെ നടത്തം പതിവായി. രസമായി. ശീലമായി. ഞങ്ങളായി പിന്നെ മുടക്കാതിരിക്കാന്‍ നോക്കി. മഴയത്ത് പോലും കുടപിടിച്ച് നടന്നു. ആദ്യമൊക്കെ രാവിലെ നടന്നിരുന്നെങ്കില്‍ പിന്നീട് അത് വൈകുന്നേരമാക്കി. 

ഇന്നത്തെ നടപ്പിന് പ്രത്യേകതയുണ്ട്. ഏഴ് മാസം കഴിഞ്ഞുളള ഞങ്ങളുടെ ആദ്യ നടത്തം. കോവിഡ് മുടക്കിയതാണ്. ഒന്നാംതരംഗം ഒന്നടങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും തുടങ്ങിയിരുന്നു. പക്ഷേ നീണ്ടില്ല. രണ്ടം തരംഗം ആഞ്ഞടിച്ചതോടെ നിന്നു. രണ്ടാം വരവില്‍ തുടക്കത്തില്‍ തന്നെ മാത്യൂസിന് കിട്ടി. തീരെ വയ്യാതായി. മൂന്നാഴ്ച്ച ഐസിയു. കുറച്ചുദിവസങ്ങള്‍ വഷളായി വെന്‍റിലേറ്ററില്‍. പോയെന്ന് തന്നെ കരുതി. നേര്‍ത്ത ശ്വാസം അവശേഷിച്ചു. വിടാതെ പിടിച്ചുനിന്നു. പിന്നെ പതുക്കെ പതുക്കെ പിടിച്ചു കയറി. വീട്ടിലെത്തിയിട്ടും മാത്യൂസ് കിടപ്പ് തുടര്‍ന്നു. സമയമെടുത്തെങ്കിലും അവന്‍ മെച്ചപ്പെടുന്നുണ്ടായിരുന്നു. ഇടയ്ക്ക് രണ്ടു തവണ ഫോണില്‍ കിട്ടി. മാത്യൂസിപ്പോള്‍ നോര്‍മലാണ്. പഴയതുപോലെ നടന്ന് തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത് ഡോക്ടറാണ്. മാത്യൂസിന് താല്പര്യമില്ല. നിര്‍ബന്ധം മുറുകിയപ്പോള്‍ ഇന്ന് തുടങ്ങിയതാണ്. നന്നായി. ബൈപ്പാസ് കഴിഞ്ഞവനാണ്. ദിവസം കുറച്ചെങ്കിലും കൃത്യമായി നടക്കണം. ഞങ്ങള്‍ പതുക്കെയാണ് നടക്കുന്നത്. പതിവിലും പതുക്കെ. 

തിരിച്ചെത്തിയപ്പോള്‍ ആറേമുക്കാല്‍. മാത്യൂസ് ഗേറ്റ് കടന്ന് അപ്പാര്‍ട്മെന്‍റിലേക്ക്. അവന്‍ നടന്ന് മറയുന്നതു വരെ ഞാന്‍ കാത്തുനിന്നു. സ്ട്രീറ്റ് ലൈറ്റുകള്‍ മിന്നിമിന്നി കത്തിത്തുടങ്ങുന്നു. പ്രധാന നിയോണ്‍ ലാമ്പ് എരിഞ്ഞുതുടങ്ങിയതിന്‍റെ മഞ്ഞവെളിച്ചം. അതിന്‍റെ കാലില്‍ പൊതിഞ്ഞു പടര്‍ന്നുകയറിയ നാലഞ്ചുമൂട് കാട്ടുവളളികള്‍ മുകളില്‍ കേബിളുകളുമായി കൂട്ടുപിണഞ്ഞ് കുരുങ്ങിക്കിടന്നു. ഞാന്‍ വീട്ടിലേക്ക് നടന്നു. നീല മതിലുളള വീട്. കാര്‍പോര്‍ച്ചിലെ സെന്‍സര്‍ ലൈറ്റ് ഞാനെത്തിയിട്ട് തെളിഞ്ഞില്ല. പടിയിലെ ദേഹം മിനുക്കുന്ന ചാരപ്പൂച്ച തലപൊക്കി നോക്കിയില്ല. നിന്തുരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ ബന്ധമറ്റീടും വണ്ണം... അകത്ത് രാമായണം ചൊല്ലുന്നുണ്ട്. തളര്‍ന്ന ശബ്ദം. ഞാന്‍ പോര്‍ച്ചില്‍ വെറുതെ നിന്നു. സന്ധ്യയാണ്. ഇന്ന് നടക്കുമ്പോള്‍ മാത്യൂസ് ഒന്നും മിണ്ടിയില്ല. അവന്‍റെ മനസ്സ് നിറയെ ഞാനായിരുന്നു. പലപ്പോഴും അവന്‍ കിതച്ചു. നിന്നു. തൊണ്ടയടഞ്ഞു. ഒരുവട്ടം കണ്ണുകള്‍ നിറഞ്ഞു. മഹാമാരി ഞാന്‍ അതിജീവിച്ചില്ല. അവനതില്‍ വലിയ വിഷമമുണ്ട്. വിഷമിക്കരുതെന്ന് അവനോട് പറയണമെന്നുണ്ട്.

Content Summary: Savari Girigiri, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA
;