ADVERTISEMENT

ഇങ്ങനെയും ചിലർ (കഥ)

ഈശ്വരാ, സ്വന്തം മകളുടെ പ്രായം പോലുമില്ലല്ലോ എന്നിട്ടും അയാൾക്ക് ആ പെൺകുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ തോന്നിയല്ലോ. പീഡന കഥകൾ ഓരോന്നായി വായിച്ചു നെഞ്ചു വെണ്ണീർ ആക്കുന്ന അമ്മയെ നോക്കി മകൾ ചിരിച്ചു. അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു സ്വന്തം മുറിയിലേക്ക് പോയി. മൂന്ന് മാസം പ്രായം ആകാത്ത കുഞ്ഞിനെ പീഡിപ്പിക്കാം എങ്കിൽ പിന്നെ പന്ത്രണ്ട് വയസ്സുകാരിയുടെ കഥയിൽ എന്ത് അത്ഭുതമാണ് ഉള്ളത്. ഓരോ മനുഷ്യരും ഓരോ ദിനവും ചിന്തിക്കുന്ന ദുഷ്ടതകൾ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ നാട്ടിലെ തിന്മകളെല്ലാം ഇല്ലാതാക്കാൻ നമ്മുടെ നിയമപാലകർക്ക് എന്നേ കഴിയുമായിരുന്നു.

 

ഇനിയും ഇതെല്ലാം ഇവിടെ തുടർന്നും നടക്കും, പെൺകുഞ്ഞുങ്ങൾ പിറക്കുന്നതു പോലും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായി കാലം വൈകാതെ തന്നെ മാറ്റും. എല്ലാം കാണാൻ ചിലർ എല്ലാം ബാക്കിയുണ്ടാകും. അറിയുന്ന കഥകളെക്കാൾ ഏറെ അറിയാത്ത കഥകൾ ആണ്. ആരും വെളിപ്പെടുത്താൻ ഇഷ്ടം ഇല്ലാതെ മറച്ചു വച്ച ഒരുപാട് കഥകൾ. താനും ആ കഥകളിൽ ഒരു ഭാഗം ആണ് എന്നത് ആണ് ഏറെ ദുഖകരമായ കാര്യം.

 

പാവം തന്റെ അമ്മ ഒന്നും തന്നെ അറിയുന്നില്ല. ഈ മകൾ സ്വന്തം വീട്ടിൽ തന്നെ ഇതെല്ലാം അനുഭവിക്കുന്നത് അമ്മ അറിയുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ആദ്യം പ്രതികരിക്കേണ്ടത് അമ്മ സ്വന്തം ഭർത്താവിനോട് തന്നെയല്ലേ. അച്ഛൻ എന്ന് ചെറുപ്പം മുതലേ അയാളെ വിളിച്ചു പോയി. സ്വന്തം അച്ഛൻ ഒരു മകളോട് കാണിക്കുന്ന സ്നേഹത്തിന് വാത്സല്യം എന്ന് അല്ലാതെ വേറൊരു പേരിടാൻ ഒരു മക്കളും ഒരിക്കൽ പോലും ആഗ്രഹിക്കുന്നില്ല എന്നിട്ടും അച്ഛന്റെ പെരുമാറ്റം തന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിൽ ആയി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞു. തന്നെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന അച്ഛന്റെ പെരുമാറ്റം ഓരോ ദിനവും മാറി വന്നു. തന്റെ ശരീരത്തിൽ ആ കൈവിരലുകളുടെ തെറ്റായ സ്പർശനത്തെ ഒരു ഞെട്ടലോടെ തന്നെ മനസ്സിലാക്കി. ആ കൈ തട്ടി മാറ്റി ഓടുമ്പോൾ പിടിക്കപ്പെട്ട അവസ്ഥയിൽ അയാൾ ഒന്ന് അമ്പരന്നത് ഓർക്കുന്നു. 

 

അന്ന് ആരോടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഈ ഭൂമിയുടെ ഏറ്റവും അടിയിലേക്ക് ആരും കാണാതെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആശിച്ച നിമിഷം. എങ്കിലും ഒരിക്കൽ മാത്രം മുറിയിൽ കയറി കതകടച്ചു കിടന്ന് ഒരുപാട് കരഞ്ഞു. യാതൊരു വിധ പിണക്കങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ഇത്ര നല്ല കുടുംബം എങ്ങനെ എല്ലാം പറഞ്ഞു താൻ നാശമാക്കും. അത് കൊണ്ട് തന്നെ അമ്മയിൽ നിന്നും എല്ലാം ഒളിച്ചുവെച്ച് മുഖം കൊടുക്കാതെ കുറെ നടന്നു.

 

ഒരിക്കൽ അമ്മ അമ്പലത്തിൽ പോയപ്പോൾ ആരും ഇല്ലാത്ത സമയം നോക്കി അച്ഛനോട്  താൻ സംസാരിച്ചു. സ്ത്രീയുടെ നേരെയുള്ള അതിക്രമത്തിനും മോശമായ ഇടപെടലുകൾക്കും എതിരെ പോരാടുന്നവരുടെ കൂട്ടത്തിൽ തെളിവ് സഹിതം പോകാൻ തനിക്ക് അറിയാം എന്ന് പറഞ്ഞപ്പോൾ അയാൾ വല്ലാതെ ഭയന്നു. പിന്നീട് അയാൾ തന്റെ നേരെ നോക്കുക പോലും ചെയ്തിട്ടില്ല. ഇനി അങ്ങനെ ഒരു നീക്കം ഉണ്ടാവില്ലെന്ന് പറയുവാൻ കഴിയുമോ? ഒരിക്കലും ആരോടും താൻ ഒന്നും പറയില്ലെന്ന അമിത വിശ്വാസമായിരിക്കും അച്ഛൻ തികച്ചും ശാന്തൻ ആണ്. ഇപ്പോൾ ഒരു കുറ്റബോധം പോലും ഇല്ലാതെ അച്ഛൻ വീട്ടിൽ തന്നെ നല്ലവരിൽ നല്ലവനായി ജീവിക്കുന്നു. പക്ഷേ ആ മുഖം കണ്ടു കൊണ്ട് ഏറെ നാൾ ഇവിടെ തുടരാൻ കഴിയില്ല. അതിനുമുൻപ് വീടുവിട്ട് എങ്ങോട്ടെങ്കിലും പോയേ മതിയാകൂ ആരും ഒന്നും അറിയാൻ ഇട വരരുത്. ഈ വീട്ടിൽ പൊന്നുപോലെ തന്നെ സ്നേഹിക്കുന്ന ചേട്ടൻ ഉണ്ട്, മോളു എന്ന് വിളിച്ചു പുറകെ നടക്കുന്ന ഒരു അമ്മയുണ്ട്,  ഇവരെയൊക്കെ എങ്ങനെ ഉപേക്ഷിക്കും എന്നുമാത്രം ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എങ്കിലും ഇവിടെ നിന്ന് പോകുന്നതാണ് നല്ലത്.

 

ഈയിടെയായി ശ്രീക്കുട്ടിയുടെ ഏകാന്തത ശ്രദ്ധിച്ച അമ്മ കാര്യം മനസിലാകാതെ വല്ലാതെ ആശയക്കുഴപ്പത്തിൽ ആയി. ഒരു പക്ഷേ തന്റെ തോന്നൽ ആകും അല്ലെങ്കിൽ പഠിത്തം കഴിഞ്ഞു സൗഹൃദങ്ങളിൽ നിന്നും എല്ലാം പിരിഞ്ഞു പോകുന്നതിനുള്ള സങ്കടം ആകാം എന്ന് അമ്മ കരുതി. ജോലിയിൽ നിന്നും വിരമിച്ച ഭർത്താവ് ഏത് സമയവും ടെലിവിഷൻ പരമ്പരകളിലും മറ്റും മുഴുകി ഇരിക്കുന്നു. വീട്ടിൽ ഉള്ള മനുഷ്യരെ കാണാൻ അയാൾക്ക് ഇപ്പോൾ സമയം ഇല്ല.. മകൻ ആണെങ്കിൽ രണ്ട് ആഴ്ചയിൽ ഒരിക്കൽ ആണ് വരുന്നത്. ആളുകൾ ഉണ്ടായിട്ടും വീട്ടിലെ ഒറ്റപ്പെടൽ വല്ലാതെ വീർപ്പുമുട്ടിച്ചപ്പോൾ അമ്മ മകൾ അറിയാതെ അവളുടെ മുറിയിൽ കയറി. അവർ ആ മുറി മുഴുവനും പരിശോധിച്ചു.  ഒന്നും തന്നെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അവളുടെ മേശവലിപ്പ് തുറന്ന് അതിൽ നിന്നും അവളുടെ ഡയറി അമ്മ വലിച്ചെടുത്തു അടുത്ത ദിവസങ്ങൾ എഴുതിയ വരികളിലൂടെ അമ്മയുടെ കണ്ണുകൾ പാഞ്ഞു.

 

 

‘അയാൾ ആരാണ്? തന്റെ പിതാവോ, 

അതോ തികഞ്ഞ കാമഭ്രാന്തനോ 

സ്വന്തം മകളേ തിരിച്ചറിയാൻ

കഴിയാതെ പോയ രക്തദാഹിയോ’

 

ഇവൾ എന്താണ് ഇങ്ങനെ എല്ലാം എഴുതിയിരിക്കുന്നത്. കവിത എഴുതുന്നത് അവളുടെ ശീലമാണ് പക്ഷേ ഇത് വെറും നാലു വരിയിൽ ഒതുക്കിയിരിക്കുന്നു.. ചുമന്ന മഷിയിൽ ആ നാല് വരികൾ മാത്രം കോറിയിട്ടിരിക്കുന്നു. ഒന്നും അറിയാത്ത പോലെ അവർ ഡയറിയെടുത്ത് ധൃതിയിൽ മേശയിൽ തന്നെ വെച്ചു തിരിഞ്ഞുനടന്നു.

 

പക്ഷേ എന്തോ അവളോട് മിണ്ടാതെ ഇരിക്കുന്നത് ശരിയല്ലെന്ന് അവർക്ക് തോന്നി. കുളി കഴിഞ്ഞ് ശ്രീകുട്ടി മുറിയിലേക്ക് വന്നയുടനെ അമ്മ മകളുടെ അടുത്തെത്തി. എന്താണാവോ, അമ്മ കുറെ നാളായി തന്റെ മുറിയിലേക്ക് ഒന്നും വരാറില്ല. മുകളിലെ മുറി ആയതിനാലും അമ്മയ്ക്ക് കാലു വയ്യാത്തതിനാലും താൻ തന്നെയാണ് മുറി വൃത്തിയാക്കുന്നതും.

 

ശ്രീക്കുട്ടി അമ്മയെ കണ്ടപ്പോൾ വല്ലാതെ പരിഭ്രമിച്ചു. മോളെ നിനക്ക് എന്തുപറ്റി. ഒരു സംസാരവും ഇല്ലല്ലോ. സത്യം പറയൂ എനിക്ക് നിന്റെ മൗനം വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നു. എനിക്ക് ഈ വീട് ഇപ്പോൾ മടുത്തു തുടങ്ങി. പതിയെ പതിയെ അമ്മയുടെ സ്വരം അമ്മ കരഞ്ഞു തുടങ്ങി. ഒടുവിൽ ആ സ്വരം ഉയർന്ന് വന്നപ്പോൾ, അത് കരച്ചിലിന്റെ വക്കെത്തിയപ്പോൾ അവൾ അമ്മയുടെ വായപൊത്തി. ‘അയ്യോ അമ്മേ കരയല്ലേ,  മകൾ അമ്മയുടെ  വായ പൊത്തി.  അച്ഛൻ കേൾക്കല്ലേ’ അമ്മ അവളെ തുറിച്ചു നോക്കി. ‘അതെന്താ, നീ നിന്റെ സ്വന്തം വീട്ടിൽ ആരെയാണ് ഭയപ്പെടുന്നത്. അച്ഛനെയാണോ’ അവൾ അമ്മയുടെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി.  ഒടുവിൽ മകൾ എല്ലാം പറഞ്ഞു. മകൾ പറഞ്ഞത് എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഭൂമി പിളർന്നു സ്വയം ഇല്ലാതാകുന്നത് പോലെയാണ് ദേവികക്ക് തോന്നിയത്. തൻറെ ഭർത്താവിന്റെ, അതും തന്റെ സ്വന്തം മക്കളുടെ അച്ഛന്റെ യഥാർഥമുഖം ഇതായിരുന്നുവോ.

 

അമ്മ ഒന്നും പറയാതെ സർവം നഷ്ടപ്പെട്ട് ഇറങ്ങിപ്പോയപ്പോൾ ശ്രീകുട്ടി ഈറൻ മുടിയോടെ തന്നെ കട്ടിലിൽ കിടന്നു കണ്ണീർ ഒഴുക്കി. ശ്രീകുട്ടി ഒരിക്കലും ആരോടും ഒന്നും പറയില്ല എന്ന ഉറച്ച വിശ്വാസം ശ്രീധരൻ എന്ന പിതാവിന് ഉണ്ടായിരുന്നു. അയാൾ ഈ നിമിഷങ്ങളിലും ടെലിവിഷനിൽ പതിവു പരിപാടികൾ ആസ്വദിച്ച് ഇരിക്കുകയായിരുന്നു. 

 

അമ്മ നേരെ പോയത് സ്വന്തം മുറിയിലേക്കാണ്. അലമാര തുറന്ന് അത്യാവശ്യമുള്ള വസ്ത്രങ്ങളെല്ലാം പെറുക്കിക്കൂട്ടി ബാഗിൽ തിരുകി കയറ്റി മുറിയിലേക്ക് തിരികെ വന്നു. അത്‌ കണ്ട ശ്രീക്കുട്ടി അവൾക്ക് ആവശ്യമുള്ളതെല്ലാം പെട്ടിയിലേക്ക് കയറ്റി  മുറിവിട്ടു പുറത്തേക്കിറങ്ങി. കയ്യിൽ കരുതി വെച്ചിരുന്ന ഒരു കടലാസുകഷണം അച്ഛന്റെ നേരെ അമ്മ വലിച്ചെറിയുന്നത് ശ്രീക്കുട്ടി കണ്ടു. സ്വന്തം മുഖം ഒളിപ്പിക്കാൻ ടെലിവിഷനിൽ ശരണം പ്രാപിച്ചത് വെറുതെയല്ല. അയാളുടെ അഭിനയം തുടരട്ടെ.  ദേവിക മുറി വിട്ട് പുറത്തിറങ്ങി. ആ കടലാസ്സിൽ എഴുതിയ കാര്യം എന്തെന്ന് മനസ്സിലാക്കാൻ അയാൾക്ക് കഴിയുന്നതിനു മുമ്പേ പുറത്തുവന്നു നിന്ന ഓട്ടോറിക്ഷയിലേക്ക് അമ്മയും മകളും കയറി കഴിഞ്ഞു.

 

സ്വന്തമായി ഒരു വീടുണ്ട്. അവിടെ തന്റെ അമ്മയും അച്ഛനും ഉണ്ട്. അവിടെ ആരും തന്റെ കുഞ്ഞിനെ ഉപദ്രവിക്കുകയില്ല ദേവിക ചിന്തിച്ചു. അമ്മ ചേട്ടനോട് എല്ലാം പിന്നീട് പറയും. സത്യമറിയുമ്പോൾ ഏട്ടനും ഇങ്ങോട്ടേക്ക് വരും. അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ഇതു തന്നെയാണ്. ശ്രീക്കുട്ടിയുടെ ചിന്തകൾ ഇങ്ങനെ ആയിരുന്നു.

 

അയാൾ ആ വലിയ വീട്ടിൽ ഒറ്റക്ക് നീറി നീറി അങ്ങ് ജീവിക്കട്ടെ. സമൂഹത്തിന്റെ മുൻപിൽ ഒന്നും തുറന്നു പറയാൻ കഴിയാതെ നീറി സ്വയം പുകയട്ടെ. സ്വന്തം കുടുംബത്തിനു വേണ്ടി ജീവൻ കളയുന്ന ഒരുപാട് മാതാപിതാക്കൾ ഇവിടെ ഉണ്ട് . അവർക്ക് മുൻപിൽ ഇയാളെ പോലുള്ളവർ സ്വയം ഇല്ലാതെയാകുന്നത് ആണ് നല്ലത്.

 

Content Summary: Inganeyum Chilar, Malayalam short story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com