ADVERTISEMENT

ആത്മാവിന്റെ പ്രണയം (കഥ)

ആകാശം പരന്നു പരന്ന് ഒരറ്റം മുതൽ മറ്റെ അറ്റം വരെ നേരിയ ചുവന്ന തിരശ്ശീല ഇട്ടിരിക്കുന്നു. മഴ പെയ്തു തോർന്നു. പിന്നേം പെയ്യാനായി മേഘക്കൂട്ടങ്ങൾ ഘനീഭവിച്ചു കഴിഞ്ഞു. 

“മാഷ്.. വരൂ അല്പം കഞ്ഞി കുടിക്കാം”

ഹരി അപരിചതന്റെ  ശബ്ദം കേൾക്കുന്ന പോലെ തിരിഞ്ഞു നോക്കി. 

വസു പിന്നേം വിളിച്ചു . 

“വാ മാഷെ എത്രെന്നു വച്ചാ ഈ ഇരിപ്പ് ടീച്ചർ എവിടേം പോയിട്ടില്ല. നമ്മുടെ കൂടെ തന്നെ ഉണ്ട്. രണ്ട് ദിവസായി ഈ ഇരിപ്പ്. ഇന്ന് എന്തെങ്കിലും കഴിക്കണം”

 

വസു, അല്ല വസുദേവ് അങ്ങനെയല്ലെ രാധ ടീച്ചർ അവന് ഇട്ട പേര്. രണ്ടു വയസുള്ളപ്പോളാണ് അവനെ അവർക്കു കിട്ടുന്നത്. അച്ഛൻ അമ്മ എന്ന് വിളിപ്പിക്കുന്നില്ല എന്നെ ഉള്ളൂ. വസു മാത്രേ അവർക്കുള്ളൂ . 

 

“രാധേ, രാധേ ആ പാട്ട് ഒന്നു ഉറക്കെ പാടൂ” ഹരി ഉറക്കെ പറഞ്ഞു . 

നനഞ്ഞ തെങ്ങോലകൾ തമ്മിൽ ഉരസി ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. 

അയാളുടെ ചെവിയിൽ അത് രാധയുടെ ശബ്ദമായി .. പാട്ടായി .. 

“എൻ പ്രാണനിൽ നിറയുവാൻ ....

ഹൃദയത്തിൻ ശലഭമേ 

എവിടെ നീ..”

ഹരിയുടെ ശബ്ദം പാട്ടിനൊപ്പം അലിഞ്ഞു. 

“എന്റെ ഹൃദയത്തിൻ ശലഭമേ..”

“മാഷെ എന്താ കാണിക്കുന്നേ, ഉറക്കെ പാടല്ലെ .. ടീച്ചർ പോയിട്ട് അത്രേ നേരമായില്ല, ഇങ്ങോട്ട് വരാ, ആളുകൾ എന്തു കരുതും ..”

 

മുറ്റത്തും, വരാന്തയിലും ടീച്ചറുടെ പരിചയക്കാർ, വിദ്യാർഥികൾ, വേണ്ടപ്പെട്ടവർ .. ആരും എവിടേം പോയില്ല. പോകാൻ കഴിയുന്നില്ല .

വസു മാഷെ ഉമ്മറത്തുന്നു മുറിയിലാക്കി. കുറച്ചു കഞ്ഞി കൊടുത്തു.

“ഇവിടെ കിടന്നോളു”

വസു മാത്രേ ഹരിക്കും രാധയ്ക്കും ഉള്ളൂ.

രണ്ടുപേരുടേം എൺപതുകളിൽ, പെറ്റമ്മ ആരെന്നെന്ന് അറിയാത്ത അയാൾ, തന്നെ വളർത്തിയ ഇരുവരെയും നന്നായി ശുശ്രൂഷിച്ചു.

ഹാളിൽ രണ്ടു ദിവസം മുൻപ് കത്തിച്ചു വച്ച ചന്ദനത്തിരിയുടെ മണം ഹരിയുടെ മൂക്കിലൂടെ ശ്വസനേന്ദ്രിയങ്ങളിൽ തറച്ചു നിന്നു . 

“വല്ലാത്തൊരു മണം” ഹരി മടുപ്പോടെ പറഞ്ഞു. 

ജീവവായു ഇല്ലാത്ത മനുഷ്യന് വേണ്ടി കത്തി എരിയുന്ന ചന്ദനത്തിരിക്ക് ഒരു ചേതനയറ്റ മണമാണ്.

രാധ എന്നും ദൈവത്തിന്നു മുമ്പിൽ കത്തിക്കുന്ന സുഗന്ധവാഹിനിയുടെ ഗന്ധം ഈ കാറ്റിൽ ഇല്ല, എന്നയാൾ ഓർത്തു. 

 

“ടീച്ചർടെ ഫോട്ടോ നല്ലത് എവിടെയാ”

വസു അലമാരി തുറന്നു, ഒരു നീല സാരിയിൽ ചുവന്ന പൂക്കൾ ഉള്ള ഫോട്ടോ എടുത്തു. 

“ഇത് മതി” അലക്ഷ്യമായി വാതിൽ അടയ്ക്കാതെ അയാൾ പോയി .

 

ഹരി പതുക്കെ അലമാരിയുടെ അടുത്തേക്ക് നടന്നു. എല്ലാ സാരികളും അടുക്കി ഭംഗിയായി വച്ചിരിക്കുന്നു. 

“ഞാൻ ഇത് വരെ ഈ അലമാര തുറന്നിട്ടെ ഇല്ല, ആകെ പത്തു സാരികൾ, ഇത്രേ ഉള്ളൂ .. രാധേ നീ എന്നോടു എന്തേ ഒന്നും ആവശ്യപ്പെടാഞ്ഞേ”

 

അയാൾ അവളുടെ പാട്ടിനെ പ്രണയിച്ചിരുന്നു, ഗന്ധത്തെ, സാമീപ്യത്തെ. അവൾ അറിയാതെ .. 

“രാധേ.. നിന്റെ ചെമ്പകപ്പൂ മണം ഇന്നെവിടെ”

കാറ്റ് പിന്നേം ജീവിനില്ലാത്ത ചന്ദനത്തിരിയുടെ മണവുമായി അയാളെ ചുറ്റി എങ്ങോട്ടെന്നില്ലാതെ പോയി . 

 

“ചന്ദനത്തിരി മണമുള്ള മേഘക്കെട്ടിലൂടെ അവളും യാത്രചെയ്യുന്നുണ്ടാകാം” ഹരി മേഘങ്ങളെ നോക്കി കണ്ണിമക്കാതെ നിശ്ചലമായി ഇരുന്നു .

 

Content Summary: Athmavinte Prenayam, Malayalam short story

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com