ADVERTISEMENT

വൃദ്ധവൃക്ഷം (കഥ)

നിഷ്‌ക്രിയത്വത്തിന്റെ സന്താനങ്ങളായി അടിവയറ്റിൽ തുള്ളികളിച്ച കൊഴുപ്പിനെ എരിച്ചു കളയുന്നതിന്റെ കിതപ്പ് മാറാതെ അയാൾ നിന്നു. രാത്രിയുടെ സംഹാരദൂതനെ തടയാനിട്ടിരുന്ന ഇരുമ്പ് ഓടാമ്പലുകൾ തുറന്ന് പുറത്തേക്കിറങ്ങിയ അയാളുടെ നെഞ്ചിലേക്ക് പുലരിയുടെ തണുത്ത കാറ്റ് രോമങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങി. തലേന്ന് കിടപ്പറയുടെ നാല് ചുവരുകൾക്കുള്ളിൽ വെച്ച് അവളുടെ മുടിച്ചുരുളുകൾ നെഞ്ചിൽ ഉരഞ്ഞത് അയാളുടെ ഓർമകളിൽ മിന്നി. സന്ധ്യയെന്ന് തോന്നിപ്പിക്കും വിധം അങ്ങിങ്ങ് ഇരുട്ട് പരത്തിയിരുന്നു കാർമേഘങ്ങൾ. സമയത്തിനും കാലത്തിനും പ്രസക്തി നഷ്ടപ്പെട്ട ദിവസങ്ങളിലൂടെ കടന്ന് പോകുന്ന അയാളുടെ മരവിക്കാറായ മനസ്സിൽ അത് വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. “യെല്ലോ അലെർട് ആരിക്കും.” പുറംലോകത്തിലേക്കുള്ള എകജാലകമായി മാറിയ ചില്ലുകഷ്ണത്തിൽ കണ്ട് പലവുരു മനസ്സിൽ വായിച്ച വാക്കുകൾ ആരോ കേൾക്കാനുണ്ടെന്ന മട്ടിൽ ഒന്നുറക്കെ പറഞ്ഞിട്ട്, കട്ടളപടിക്ക് മീതെ ഇരുന്ന കാൽ പിൻവലിച്ച് അയാൾ മാളത്തിലേക്ക് വലിഞ്ഞു. നെറ്റിയിൽ പൊടിഞ്ഞ് മീശയ്ക്കു മേലേ ഊർന്നിറങ്ങിയ വിയർപ്പുകണങ്ങൾ ഊതിത്തെറിപ്പിച്ചപ്പോൾ ഓർമയുടെ കൂടാരത്തിൽ തെളിഞ്ഞത് വായിൽ വെള്ളം നിറച്ച് പരസ്പരം ചീറ്റിതെറിപ്പിച്ച് കളിച്ച കുട്ടികാലമായിരുന്നു. ‘കാലം പോണ പോക്കേ.’ മനഃപൂർവം തെല്ല് വിരസത പ്രകടമാക്കാതെ ആ വരികൾ മന്ത്രിച്ച് അയാളും ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങളായി മാത്രം ജീവിക്കുന്ന ഒരു പറ്റം മനുഷ്യജീവിതങ്ങളുടെ ഇടയിൽ സ്ഥാനമുറപ്പിച്ചു.

 

ജീവിതത്തിന്റെ പാതിയിൽ വന്നു ചേർന്ന് ജീവന്റെ പാതിയായവൾ അടുക്കളയിലെ യുദ്ധം രാവിലെ തന്നെ ആരംഭിച്ചിരുന്നു. ഭാര്യയെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നോർത്ത് ആറിതണുത്ത ചായയിൽ വീണു ചത്ത ഉറുമ്പിനെ നുള്ളിക്കളഞ്ഞ് ചൂടാക്കാൻ വച്ചു. ‘ഓഹ്, എന്തോ വല്യ ത്യാഗം ചെയ്യുന്ന പോലെ!’ പണ്ടെങ്ങോ ഉള്ളിൽ കൂടുകൂട്ടിയ പുരോഗമനവാദി പിറുപിറുത്തു. “ഉറുമ്പ് പൊടി തീർന്നു.” ഉറക്കത്തിന്റെ ചടപ്പ് മാറാത്ത ശബ്ദത്തിൽ അവൾ പറഞ്ഞു. ഒരുപക്ഷേ അവളുടെ വായിൽ നിന്ന് വന്ന ഇന്നത്തെ ആദ്യവാചകവും അതാവാമെന്ന് അയാൾ ചിന്തിച്ചു. “ഇനീപ്പോ ഏഴ് ദിവസം കൂടി തികയാതെ അത് കിട്ടൂന്ന് പ്രതീഷിക്കണ്ട.” സംഭാഷണങ്ങൾ തന്നിലേക്ക് തന്നെ ചുരുങ്ങിയെന്ന പോലെ അവൾ തന്നെ മറുപടിയും പറഞ്ഞു. ഒന്നും കൂട്ടി ചേർക്കാൻ മെനക്കെടാതെ തന്റെ ചിന്തകളേക്കാൾ ഭാരമേറിയ ചായക്കപ്പും വഹിച്ച് അയാൾ തിരികെ കട്ടളപ്പടിക്ക് പിന്നിൽ ചെന്ന് പതുങ്ങി നിന്നു. 

 

“ദേ! ശീതാനമടിച്ച് കേറാതെ ആ കതകടയ്ക്കു.” അടുക്കളയിൽ നിന്നും ഭാര്യ വിളിച്ചു പറഞ്ഞപ്പോഴാണ് ഇരുൾ പരത്തിയ മേഘങ്ങൾ അവയുടെ ഭാണ്ഡകെട്ടഴിച്ചത് അയാൾ ശ്രദ്ധിച്ചത്. ഉള്ളിൽ നിന്നോ പിന്നിൽ നിന്നോ എന്ന് വ്യക്തമല്ലാത്ത ഒരു തള്ളൽ ഏറ്റ് അയാൾ ഇറയത്തേക്കിറങ്ങി. എന്തോ നിഗൂഢലക്ഷ്യം ഉള്ളിൽ ഒളിപ്പിച്ചത് പോലെയുള്ള കാറ്റ് മഴയുടെ നനുത്ത കണങ്ങൾ അയാളുടെ കാൽ വിരലുകളിൽ വീഴ്ത്തി. കാലങ്ങൾക്കു ശേഷം തിരികെ കിട്ടിയ ഉപഭോക്താവിന് അപരിചിതത്വം ഒഴിവാക്കാൻ നൽകുന്ന ട്യൂട്ടോറിയൽ പോലെ അയാളുടെ തുടയിലും വയറ്റിലും നെഞ്ചത്തും മഴയുടെ കൈയ്യൊപ്പ് പതിഞ്ഞു. മതിലിനു മുന്നിലെ ഓടയിലെ വെള്ളം പോലെ ചായക്കോപ്പയിൽ നിന്ന് ഒരു കവിൾ ചായ അയാളുടെ അണ്ണാക്കിലൂടെ വയറ്റിലേക്ക് ഒഴുകി. ചൂട് പാകമായിരുന്നു. നൂലുപോലെ പെയ്യുന്ന മഴത്തുള്ളികൾക്കിടയിലൂടെ നീണ്ട അയാളുടെ കണ്ണുകൾ ചെന്ന് നിന്നത് വാർദ്ധക്യം മുറ്റിയ ഒരു വൃക്ഷത്തിന്റെ നെറുകയിലായിരുന്നു. ചെളിവെള്ളം തെറിപ്പിച്ച് നടന്ന കാലം മുതൽ കണ്ടു തുടങ്ങിയതാണെങ്കിലും ഇന്ന് എന്തോ പ്രത്യേകത ഉള്ളതായി തോന്നി. ചുറ്റുമുള്ളതെല്ലാം കടപുഴകിയിട്ടും ആ മരം മാത്രം ഉയർന്നു നിന്നു. തന്റെ ഉള്ളറകളിൽ എവിടെയോ, ഇതുപോലെ പണ്ടേക്ക് പണ്ടേ വേരുറപ്പിച്ചെങ്കിലും വളരാതെ നിൽക്കുന്ന ഒരു വൃക്ഷമുണ്ടെന്ന് അയാൾ അപ്പോഴും തിരിച്ചറിഞ്ഞില്ല. യൗവനത്തിൽ അറുത്തുമുറിച്ച വിശ്വാസചങ്ങലയുടെ ശേഷിച്ച തുരുമ്പെടുത്ത കാൽത്തളകളുടെ ഭാരവും പേറി അയാൾ മുന്നോട്ടാഞ്ഞു.  

 

മഴതുള്ളികൾ മുന്നിൽ നെയ്ത തിരശീലയ്ക്ക് കട്ടികൂടി വന്നതും അയാളുടെ നേർരേഖയിൽ നിന്ന മരം കാലചക്രത്തിൽ പിന്നിലേക്ക് നടക്കുന്ന പോലെ തോന്നി. വേരുകൾ തിടം വെച്ച് പൊക്കിൾ കൊടി പോലെ അയാളിലേക്ക് നീണ്ടു. ശക്തമായ കാറ്റിൽ കൺപോളകളിൽ വന്നുവീണ് കാഴ്ച മറച്ച വെള്ളത്തുള്ളികൾ തുടച്ചു മാറ്റിയപ്പോൾ ദൂരെ കണ്ട വൃക്ഷം അതിന്റെ യുവത്വം വീണ്ടെടുത്ത് അയാളുടെ തൊട്ടുമുന്നിൽ നിൽക്കുന്നു. അത്ഭുതംകൊണ്ട് അയാളുടെ കണ്ണുകൾ വിടർന്നതും വലിയ വെള്ള തുള്ളികൾ അയാളുടെ ദേഹമാസകലം ശക്തിയായി പതിക്കുന്നുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞതും ഒരുമിച്ചായിരുന്നു. കണ്ണുകൾ മുകളിലേക്ക് ഉയർത്തിയപ്പോൾ അയാൾ കണ്ടത് തോരാതെ പെയ്യുന്ന മഴയ്ക്ക് തന്നിലേക്ക് വഴിയൊരുക്കാൻ എന്നോണം വകഞ്ഞു മാറി നിൽക്കുന്ന പച്ച പൂത്ത വൃക്ഷത്തലപ്പുകളെയായിരുന്നു. മരത്തിന്റെ പാത പിന്തുടർന്ന് കാലചക്രത്തിൽ പിന്നിലേക്ക് നടന്ന് അയാൾ മതിമറന്ന് ചിരിച്ചു. പുറത്തേക്ക് ചാടാൻ വെമ്പികൊണ്ട് രക്തം അയാളുടെ സിരകളിലൂടെ പാഞ്ഞ് ഒഴുകി. നക്ഷത്രങ്ങളെ പോലെ തിളങ്ങി ഉതിർന്നു വീണുകൊണ്ടിരുന്ന ജലകണങ്ങളെ പുൽകാനായി അയാൾ കൈകൾ വിരിച്ച് മുഖം മുകളിലേക്ക് ഉയർത്തി “എലോഹിം എലോഹിം” എന്ന് നിലവിളിച്ചു. ഉറഞ്ഞു പെയ്യുന്ന മഴയുടെ ചിലമ്പലിൽ അയാളുടെ ശബ്ദവും അലിഞ്ഞു ചേർന്നു. അനന്തതയിൽ നിന്ന് പൊട്ടി വീഴുമെന്ന് കരുതിയ സത്യ മന്നയ്ക്കു വേണ്ടി ആർത്തിയോടെ നീട്ടിയ അയാളുടെ നാക്കിന് രുചിയില്ലാത്ത മഴവെള്ളം നുണഞ്ഞ് തൃപ്തിയടയേണ്ടി വന്നു. 

 

കണ്ണ് തുറന്നപ്പോൾ മഴയും മരവും പിൻവാങ്ങിയിരിന്നു. ആറിത്തണുത്ത ചായക്ക്‌ മീതെ പാട പരന്നിരുന്നു. മീശയ്ക്കുമേൽ തങ്ങിനിന്നിരുന്ന മഴവെള്ളം ചീറ്റിതെറിപ്പിച്ച് അർദ്ധനഗ്നനായി അയാൾ ചുറ്റിലും നോക്കി. വലതുവശത്തെ ഷീറ്റിട്ട ചായിപ്പിന്റെ കൂരയ്ക്ക് കീഴെ മഴയിൽനിന്നും അഭയം തേടി ഒരു കാക്ക ചേക്കേറിയിരുന്നു. അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. താൻകൂടി ഭാഗഭാക്കായ പ്രകൃതിയുടെ വിരോധാഭാസം തിരിച്ചറിഞ്ഞ് അയാളുടെ രോമകൂപങ്ങൾ എഴുന്നേറ്റു. ദൂരെനിന്ന ജരാനരകൾ ബാധിച്ച മരത്തിൽ അയാളുടെ കണ്ണുകൾ കൂടു കൂട്ടിയപ്പോൾ ചായിപ്പിലെ കാക്കയും പറന്നകന്നു. “ഒരുമാതിരി മഴ കാണാത്ത കാക്കകളെ പോലെ.” എല്ലാം കണ്ടുകൊണ്ടിരുന്ന കാക്ക പരിഹസിച്ചിട്ടുണ്ടാവണം.     

 

Content Summary: Vridhavriksham, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com