ADVERTISEMENT

കോവിഡ് വാർഡിലെ പ്രാർത്ഥന (കഥ)

ഒരു ചിരി കണ്ടാൽ, ഒരു മൊഴി കേട്ടാൽ അതു മതി. രഘുവിന്റെ ശബ്ദം കോവിഡ് വാർഡിൽ മുഴങ്ങി. നഗരത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു ഹോസ്പിറ്റൽ കാന്റീനിലെ സപ്ലയർ ആണ് രഘു. പിപിഇ കിറ്റ് ധരിച്ച് രോഗികൾക്ക് വേണ്ടിയുള്ള ഭക്ഷണം പാക്കറ്റിലാക്കി വാർഡിലെത്തുമ്പോൾ വാർഡ് പൊതുവേ ഒന്നുണരും. വിശപ്പുള്ളവർ കട്ടിലിൽ തനിയെ എഴുന്നേറ്റ് ഇരുന്നു കഴിഞ്ഞിരിക്കും. ഏതെങ്കിലും പരിചയമുള്ള നഴ്സിനെ കണ്ടാൻ രഘുവിന് പിന്നെ ഈ പാട്ട് പാടാതിരിക്കാൻ കഴിയില്ല. അതും വാർഡ് മുഴുവനും കേൾക്കുന്ന വിധത്തിൽ. നഴ്സുമാരോട് രണ്ട് കിന്നാരം പറഞ്ഞ് രഘു തന്റെ ജോലിയിൽ വ്യാപൃതനാവും.

 

ഗിരി തന്റെ ഭക്ഷണമെടുത്ത് ബെഡിൽ പേപ്പർ വിരിച്ച് കഴിക്കാനിരുന്നു.

 

ഗിരി ഓർക്കുകയായിരുന്നു. ഇത് രണ്ടാമത്തെ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയപ്പോൾ, വീട്ടിൽ മരുന്ന് കഴിച്ച് ക്വാറന്റീനിൽ ഇരുന്നു. പുതിയ വീടിന്റെ തൊട്ടപ്പുറത്തുള്ള പഴയ വീട്ടിലേക്ക് മാറുമ്പോൾ വേറെ ആർക്കും വരരുത് എന്നാണ് മനസ്സിലുണ്ടായിരുന്നത്. അതു കൊണ്ടാണ് കഷ്ടപ്പാട് മറന്ന് അധികം വൃത്തിയില്ലാത്ത ആ വീട്ടിലേക്ക് മാറിയത്.

 

 

Be +ve എന്നതിനെക്കാൾ നല്ല അർത്ഥം നെഗറ്റീവിനുണ്ടെന്ന് തെളിയിക്കാൻ കഴിവുള്ള, ആന്റിജൻ, ആർടിപിസിആർ ടെസ്റ്റ് റിസൾട്ടുകളിലേക്ക് നോക്കി അയാൾ നെടുവീർപ്പിട്ടു. പനിയും തലവേദനയുമായി വന്ന കൊറോണ തൊണ്ടവേദനയായും ചുമയുമായി രൂപാന്തരപ്പെട്ടപ്പോൾ, ഭക്ഷണം കഴിക്കുന്നത് ചടങ്ങായി മാറിയപ്പോൾ, ആശുപത്രിയിൽ പോകാൻ ഇഷ്ടമില്ലാത്ത താൻ പോകാൻ തീരുമാനമെടുക്കുകയായിരുന്നു.

അങ്ങനെയാണ് ഇവിടെ, ഈ ആശുപത്രിയിൽ എത്തിയത്. ഭാര്യയാണ് ആശുപത്രിയിൻ വിളിച്ചതും ആംബുലൻസ് ഏർപ്പാട് ചെയ്തതും.

 

ശബ്ദമുണ്ടാക്കാതെ ആ വലിയ ആംബുലൻസ് വരുന്നത് ജനാലയിലൂടെ ഗിരി നോക്കി നിന്നപ്പോൾ, ഇതു വരെ അനുഭവിച്ചിട്ടാല്ലാത്ത പല വികാരങ്ങളും ഉള്ളിൽ ചെറിയ ഉറവകളായി രൂപാന്തരപ്പെടുന്നത് ഗിരി അറിഞ്ഞു. ആശുപത്രിയിലേക്ക് പോകാനുള്ള ബാഗുകളുമെടുത്ത് ഗേറ്റിലെത്തിയപ്പോൾ പിപിഇ കിറ്റ് ധരിച്ച ആംബുലൻസ് ൈഡ്രവർ ചാടിയിറങ്ങി വന്ന് ബാഗ് കയറ്റാൻ സഹായിച്ചു. ആരേയും നോക്കാതെ ആംബുലൻസിൽ കയറി സീറ്റിൽ തല കുമ്പിട്ടിരുന്നു. അതിനിടക്ക് ഡ്രൈവർ ഓക്സിമീറ്റർ കൊണ്ടുവന്ന് ഓക്സിജന്റെ അളവ് നോക്കി. മുറ്റത്ത് ജീവച്ഛവമായി നിൽക്കുന്ന ഭാര്യയോട് പറഞ്ഞു.

 

….‘റീഡിംഗ് 88 ഉള്ളൂ. കുറവാണ് ’…..

 

അവിടെ തന്നെ ഇരുന്ന് ഒരു ബോഡി മാത്രമായ് തീരുമെന്ന് ഗിരിക്ക് തോന്നി. ഭാര്യ നിൽക്കുന്ന വശത്തേക്ക് നോക്കണമെന്ന ആഗ്രഹത്തെ മുന്നോട്ടെടുത്ത ആംബുലൻസ് രക്ഷപ്പെടുത്തി.

 

മെയിൻ റോഡിലേക്ക് കയറിയപ്പോൾ ആംബുലൻസിന്റെ സൈറണുകൾ മുഴങ്ങാൻ തുടങ്ങി. ഹൃദയത്തിന്റെ താളങ്ങൾ സൈറന്റെ ഗതിവിഗതിക്കൊപ്പം സഞ്ചരിക്കുന്നതായി ഗിരിക്ക് തോന്നി. അപ്പുറത്തെ സ്ട്രച്ചർ നീണ്ട് നിവർന്ന് പ്രതീക്ഷയോടെ ആരെയോ കാത്ത് കിടക്കുന്നതായി തോന്നി. സൈറന്റെ ശബ്ദത്തോടൊപ്പം താളത്തിൽ കത്തുന്ന പല കളറിലുള്ള ബൾബുകൾ മിന്നുന്നത് ഗിരിക്ക് കാണാമായിരുന്നു. കത്തുന്ന ബൾബുകൾക്കൊപ്പം ഭാര്യയുടെയും, മകന്റെയും മകളുടെയും രൂപങ്ങൾ തെളിഞ്ഞു വന്ന്കൊണ്ടിരുന്നു. വികാരങ്ങളെ നിയന്ത്രിക്കാനാവാതെ ഗിരി കണ്ണുകൾ തുടച്ചു.

ആംബുലൻസിന്റെ പ്രയാണ പാരവശ്യത്തിൽ അയാൾ കണ്ണുകളടച്ചു.

 

ആശുപത്രിയിലെ വാർഡിലേക്ക് ഡ്രൈവറോടൊപ്പം നടക്കുമ്പോൾ പിപിഇ കിറ്റ് ധരിച്ച നഴ്സുമാർ അയാളുടെ ബാഗ് എടുത്ത് സഹായിച്ചിരുന്നു. ഒൻപതാം നിലയിലെ വാർഡിൽ എത്തുമ്പോൾ അവിടെ രണ്ടോ മൂന്നോ ബെഡുകൾ ഒഴിഞ്ഞ് കിടന്നിരുന്നു.

ആംബുലൻസിൻ്റെ ഡ്രൈവർ മുരടനക്കി

 

ആംബുലൻസിൻ്റെ വാടക കൊടുക്കണമായിരുന്നു.

 

... "എത്രയാ വാടക"..

 

രണ്ടായിരം രൂപ ഗിരി കൈയ്യിൽ എടുത്ത് വെച്ചിരുന്നു.

 

.. "അയ്യായിരം."

 

അവൻ്റെ മറുപടി കേട്ട് ,അയാൾ അവൻ്റെ കണ്ണു കളിലേക്ക് നോക്കി.അതിനുള്ളിൽ മോർച്ചറിയിലേക്ക് മാറ്റപ്പെടുന്ന ഒരു ബോഡി മാത്രമായ് തന്നെ കാണാൻ അയാൾക്ക് കഴിഞ്ഞു

 

ആശുപത്രിയിലെ പിപിഇ കിറ്റ് ധരിച്ച നഴ്സുമാരെ, പഞ്ചരത്ന ഹോട്ടലുകളിലെ പരിചാരികമാരെ പോലെ അയാൾക്ക് തോന്നി. കഴുത്തറക്കാൻ വിധിക്കപ്പെട്ട ബലിമൃഗങ്ങളുടെ ദൈന്യത നിറഞ്ഞ വാർഡിലെ ഒരു കിടക്കയിലേക്ക് അയാൾ ആനയിക്കപ്പെട്ടു.

 

‘‘ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ…’’ നഴ്സ് ചോദിച്ചു

 

‘‘ചെറുതായി’’  ഗിരി പറഞ്ഞു.

 

ഉടൻ തന്നെ നഴ്സ് ഓകസിജൻ മാസ്ക്ക് എടുത്ത് അയാളുടെ മുഖത്ത് ഫിറ്റ് ചെയ്തു.

മാസ്ക് അയാളുടെ മുഖത്ത് ഒരു അട്ടയെ പോലെ പറ്റിപ്പിടിച്ചിരുന്നു.

ആശുപത്രിയിലെ ഒൻപതാം നിലയിലെ ഒരു വലിയ ഹാൾ, 20 ബെഡ് ഇടാവുന്ന ഒരു കോവിഡ് വാർഡാക്കി മാറ്റിയിരുന്നു. ഒരു കുഞ്ഞു വൈറസിനാൽ ഭീതിയുടെ അനിശ്ചതത്തിൽ അകപ്പെട്ട ഒറ്റപ്പെട്ട മനസ്സുകളുടെ ചിന്തകൾ ശുഭപ്രതീക്ഷകളോടെ മറ്റു ബെഡുകളിലേക്ക് സഞ്ചരിച്ചു.

 

ചിലർ മൊബൈൽ ഫോണിൽ വളരെ ശബ്ദം കുറച്ച് സംസാരിച്ച് കൊണ്ടിരുന്നു. മറ്റു ചിലർ കണ്ണടച്ച് കിടക്കുകയായിരുന്നു. ചിലരുടെ ചുമകൾ വൈറസിനെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഗിരി കട്ടിലിൽ കയറി മുകളിലേക്ക് നോക്കി കിടന്നു. ഓകസിജന്റെ മണം എന്തെന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി നോക്കി.

 

മൊബൈൽ ഫോൺ ശബ്ദിച്ചു. വീട്ടിൽ നിന്ന് ഭാര്യയാണ്. ഇതുവരെയുള്ള കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു.

 

‘എന്താണ് നിങ്ങളുടെ ശബ്ദത്തിന് ഒരു വ്യത്യാസം.’

 

‘ഓക്സിജൻ മാസ്ക്ക് മുഖത്തുണ്ട്, അതുകൊണ്ടാണ്.’

 

ഒരു നിമിഷത്തേക്ക് ഫോണിന്റെ അങ്ങേത്തല നിശ്​ബദമായി. ശബ്ദതരംഗങ്ങൾ ദൃശ്യങ്ങളായി മാറിയതിന്റെ സൂചനകൾ.

 

‘‘എന്നാൽ ഞാൻ പിന്നെ വിളിക്കാം’’

 

‘‘ശരി’’

 

 

ഗിരി വീണ്ടും കണ്ണടച്ചു കിടന്നു. മയക്കം കണ്ണുകളിൽ നിർവികാരത നിറക്കുന്നത് ഗിരി അറിഞ്ഞു.

 

‘റൂം വേണമെന്ന് പറഞ്ഞിരുന്നുവോ...’ എന്ന നഴ്സിന്റെ ചോദ്യം അയാളെ മയക്കത്തിൽ നിന്നുണർത്തി.

 

‘പറഞ്ഞിരുന്നു’

 

‘എന്നാൽ വരൂ. ഫോർത്ത് ഫളോറിൽ റൂം ശരിയായിട്ടുണ്ട്.’

 

വീൽച്ചെയറിൽ രണ്ട് ബാഗുമെടുത്ത് കയറുമ്പോൾ ഗിരിക്ക് ആശ്വാസം തോന്നി. അസുഖം വരുമ്പോൾ ഒറ്റക്ക് ഇരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് റൂമിലേക്ക് കയറുമ്പോൾ അയാൾ ഓർത്തു. റൂമിലെ വലിയ ജനാലകൾ തുറന്ന് കിടന്നിരുന്നു. ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അയാൾ കട്ടിലിൽ കിടന്ന് കൊണ്ട് തന്നെ ജനലിലൂടെ പുറത്തേക്ക് നോക്കി. അടുത്ത് തന്നെയുള്ള രണ്ട് ഫ്ലാറ്റുകൾ അയാൾക്ക് കാണാമായിരുന്നു. അതിന് മേലെ നീലാകാശം കുട പിടിച്ച് നിൽപ്പുണ്ടായിരുന്നു. താഴെ നിന്ന് ഇടയ്ക്കിടെ ആംബുലൻസിന്റെ സൈറൺ മുഴങ്ങുന്നത് അയാൾ അസ്വസ്ഥതയോട് കൂടി കേട്ടു. താരതമ്യേന ശാന്തമായ ഒരു പകലിൽ അശുഭ സൂചനയെന്നോണം അവ മുഴങ്ങി.

ആകാശത്തിലൂടെ കാക്കകൾ പറക്കുന്നത് ഗിരി കണ്ടു. അയാൾ കണ്ണുകളടച്ചു. അയാളുടെ മനസ്സ് അടുക്കും ചിട്ടയുമില്ലാതെ എങ്ങോട്ടോ സഞ്ചരിച്ചു കൊണ്ടിരുന്നു.

 

‘ഉച്ചക്ക് കഴിക്കാൻ എന്താണ് വേണ്ടത്’

 

കാന്റീനിൽ നിന്ന് വന്നയാളുടെ ശബ്ദം ഗിരിയെ ചിന്തകളിൽ നിന്ന് ഉണർത്തി.

 

‘എന്താണ് കഴിക്കാൻ ഉള്ളത്’ ഗിരി ചോദിച്ചു

 

‘ഊണുണ്ട്, ചപ്പാത്തിയുണ്ട്, ഫ്രൈഡ് റൈസ് ഉണ്ട്, മീൻ കറിയുണ്ട്’

 

ചപ്പാത്തി ഓർഡർ ചെയത് അയാൾ വീണ്ടും കിടന്നു. അടുത്ത് വെച്ചിരുന്ന മൊബൈൽ ഫോൺ റിംഗ് ചെയ്തു.11 വയസ്സുകാരി മകളാണ്.

 

‘അച്ഛാ ,അച്ഛൻ അവിടെ എന്താ ചെയ്യണേ. അച്ഛന് ഇനി എന്നാ വരാൻ പറ്റാ.. നമ്മുടെ ഇത്തവണത്തെ വിഷുവും കൊളമായി’’

 

 

‘‘ ഞാൻ ഇവിടെ കിടക്കുവാണ്. ഒരാഴ്ച കഴിഞ്ഞിട്ടേ അച്ഛന് വരാൻ പറ്റുള്ളൂ.’’

 

‘‘അച്ഛാ. ഞാൻ അച്ഛന്റെ ബാഗിൽ രണ്ട് ലെറ്റർ വെച്ചിട്ടുണ്ട്. അത് വായിച്ചു നോക്കണേ’’

 

‘‘ശരി.. .അച്ഛൻ രാത്രി വിളിക്കാം.’’

 

ഗിരി ഫോൺ കട്ട് ചെയത് ബാഗിൽ തപ്പി നോക്കി. ഒരു കവറിലിട്ടിരുന്ന ലെറ്ററുകൾ അയാൾ എടുത്ത് വായിച്ച് നോക്കി.

 

…. അച്ഛാ, അച്ഛന് അവിടെ സുഖമല്ലേ. അച്ഛൻ മരുന്നൊക്കെ കഴിച്ച് പെട്ടെന്ന് വീട്ടിലോട്ട് വരണം. എന്നിട്ട് വേണം നമുക്ക് അടിച്ചുപൊളിക്കാൻ. അച്ഛന് കത്തിക്കാനായി രണ്ട് പെട്ടി കമ്പിത്തിരി ഞാൻ മാറ്റി വെച്ചിട്ടുണ്ട്. അച്ഛന് പ്രാർത്ഥിക്കാൻ വിളക്ക് വയ്ക്കുമ്പോൾ ഞാൻ വീഡിയോ കോൾ വിളിക്കാം.

love you…. Umma…

 

അടുത്ത ലെറ്ററിൽ ധന്വന്തരി മന്ത്രത്തിന്റെ നാലു വരി എഴുതിയിരുന്നു… ‘‘ഇത് അച്ഛൻ എല്ലാ ദിവസവും വായിക്കണം.’’ എന്ന് എഴുതിയിരുന്നു

 

ഗിരി ലെറ്ററുകൾ ഭദ്രമായി ബാഗിൽ തിരിച്ചു വെച്ചു.

 

മകൾ ,അവൾ എപ്പോഴും അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. എപ്പോഴാണ് അവൾ ഈ ലെറ്റർ എഴുതിയത് എന്ന് അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

അയാൾ ഓർക്കുകയായിരുന്നു. കഴിഞ്ഞ വിഷുവിന് കൊറോണ ആയതു കൊണ്ട് തറവാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. അത് പോലെ തന്നെ വിഷുവിന് പടക്കവും കമ്പിത്തിരിയും മറ്റു വിവിധ തരത്തിലുള്ള ഐറ്റങ്ങളുമായി വീട്ടിൽ ഒരു ഉത്സവമാണ്. അതും കഴിഞ്ഞ വർഷം നടന്നില്ല. ഇത്തവണ കഴിഞ്ഞവർഷത്തിന്റെ കുറവ് പരിഹരിച്ച് കൊണ്ട് വിഷു ഗംഭീരമാക്കണമെന്ന് അയാളും മോളും നേരത്തെ പ്ലാൻ ചെയ്ത് വെച്ചിരുന്നു. എല്ലാം ഒരു നിമിഷം കൊണ്ടാണ് തകിടം മറിഞ്ഞത്.

 

ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്ന് വെച്ച് കാന്റീൻ ജോലിക്കാരൻ പോയി. ഗിരി എഴുന്നേറ്റ് കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു. നാല് ചപ്പാത്തിയും വെജിറ്റബിൾ കറുമയുമായിരുന്നു അയാൾ ഓർഡർ ചെയ്തിരുന്നത്. ഒരു ചപ്പാത്തി ഗിരി എങ്ങനെയോ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നിട്ടും അയാൾക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ഒന്നിനും ഒരു രുചിയും അയാൾക്ക് തോന്നിയില്ല. അയാൾ ബാക്കിയുള്ള ഭക്ഷണം അടച്ചു വെച്ച് ,താടിക്ക് കൈ കൊടുത്ത് വെറുതെ ഇരുന്നു. ആദ്യമായി ഒറ്റക്കിരിക്കാൻ അയാൾക്ക് വല്ലാത്ത വിഷമം തോന്നി. ആരെങ്കിലുമൊക്കെ മിണ്ടാനും പറയാനും അടുത്തുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് അയാൾക്ക് തോന്നി.

 

അയാൾ കൈ കഴുകി കട്ടിലിൽ വന്നിരുന്നു. ഓക്സിജൻ മാസ്ക് എടുത്ത് വെച്ച് കട്ടിലിൽ കിടന്നു. തന്റെ രോഗത്തെ കുറിച്ച് അയാൾ അപ്പോഴും ബോധവാനായിരുന്നില്ല. ഉറക്കത്തിലേക്ക് വഴുതിവീണത് അയാൾ അറിഞ്ഞതേയില്ല. ഇടക്ക് ഇൻജക്ഷൻ എടുക്കാൻ വന്ന നഴ്സാണ് അയാളെ ഉണർത്തിയത്. അയാൾ മൊബൈൽ ഫോണിൽ സമയം നോക്കി. സമയം നാലര മണി. വല്ലാത്തൊരു ഏകാന്തത അയാൾക്ക് അനുഭവപ്പെട്ടു. ഫോണിൽ അയാൾ വെറുതെ ഓരോന്ന് നോക്കി കൊണ്ടിരുന്നു. നെറ്റ് വർക്ക് പോകുമ്പോൾ അയാൾ പുതിയ ശാപവാക്കുകൾക്കായി മനസ്സിൽ പരതി കൊണ്ടിരുന്നു. ഒരു വിധം ഉന്തി തള്ളി അയാൾ സമയത്തെ സന്ധ്യയിലേക്കടുപ്പിച്ചു.

 

തുറന്ന് കിടന്നിരുന്ന ജനലിലൂടെ അയാൾ പുറത്തേക്ക് നോക്കി. പക്ഷികൾ കൂടണയാൻ വേണ്ടി തിടുക്കത്തിൽ പറന്നു പോകുന്നത് അയാൾ കണ്ടു. സൂര്യനും കൂടണയാൻ വെമ്പൽ കൊള്ളുകയായിരുന്നു. രാത്രിയുടെ കരിമ്പടത്തിനുള്ളിലേക്ക് അർക്കൻ ചുരുണ്ട് കൂടുമ്പോൾ, നിശാ പക്ഷികളുടെ സംഗീതത്തിനായി രാത്രി കാതോർക്കുകയായിരുന്നു. 

 

അകലെ നിന്ന് കേട്ട ബാങ്കുവിളിയുടെ ശബ്ദം ആംബുലൻസിന്റെ സൈറന്റെ ശബ്ദത്തിൽ മുങ്ങി പോയി. കുറച്ചകലെ കണ്ട ഫ്ളാറ്റ് സമുച്ചയത്തിലെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി.

 

കുറച്ച് നേരം അയാൾ. കാഴ്ചകൾ കണ്ട് കിടന്നു.

ഇരുട്ട് പുറത്തെ കാഴ്ചകളെ മറച്ചു തുടങ്ങിയപ്പോൾ അയാൾ ജനലുകൾ അടച്ചു.നേരം പോകാനായി വീട്ടിൽ നിന്ന് കൊണ്ടു വന്ന നോവൽ വായിക്കാനാരംഭിച്ചു. കുറച്ചു നേരം വായിച്ചപ്പോഴേക്കും രാത്രിയിലെ ഭക്ഷണം എത്തിച്ചേർന്നു. ചൂട് പോകുന്നതിനു മുമ്പ് അയാൾ എങ്ങിനെയോ ഭക്ഷണം കഴിച്ചെന്ന് വരുത്തി. മരുന്നൊക്കെ കഴിച്ച് അയാൾ കട്ടിലിൽ നീണ്ട് നിവർന്ന് കിടന്നു. വായിക്കാനുള്ള ത്വര അയാൾക്ക് നഷ്ടമായിരുന്നു. അയാൾ സമയം നോക്കി. 8.30 .അയാൾ ലൈറ്റ് ഓഫാക്കി. കണ്ണടച്ച് കിടന്നു.

 

ആരോ വിളിക്കുന്നത് കേട്ടാണ് അയാൾ ഉണർന്നത്. നോക്കിയപ്പോൾ രണ്ട് നഴ്സുമാരുണ്ട്.

 

 

‘ബാഗ് എടുത്തോ. നമുക്ക് താഴെയുള്ള വാർഡിലേക്ക് മാറണം…’’ നഴ്സുമാരിൽ ഒരാൾ പറഞ്ഞു.

 

അയാൾ ബാഗ് എടുത്ത് വെച്ചു. വീൽചെയറിൽ കയറി ഇരുന്നു. സമയം എത്രയായിന്ന് അയാൾക്ക് ഒരു പിടിയും കിട്ടിയില്ല. വീൽചെയർ ആശുപത്രിയുടെ ഇടനാഴിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ ചോദിച്ചു.

 

‘‘എന്നെ ഇപ്പോൾ അങ്ങോട്ട് മാറ്റാൻ കാരണമെന്താണ്.’’

 

‘‘അത് Step down I C U വാർഡാണ്. അവിടെയാകുമ്പോൾ കോവിഡ് രോഗികൾക്ക് കൂടുതൽ കെയർ കിട്ടും.’’ നഴ്സ് പറഞ്ഞു

 

വീൽച്ചെയർ ലിഫറ്റിന് മുമ്പിൽ ചെന്ന് നിന്നു. ലിഫ്റ്റിൽ താഴേക്ക് പോകുമ്പോൾ അയാളുടെ മനസ്സാകെ പതറിയിരുന്നു. I C U എന്ന വാക്ക് അയാളുടെ തലക്കകത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചിരുന്നു. ആംബുലൻസിന്റെ ശബ്ദം ഒരിക്കൽ കൂടി അയാളുടെ തലക്കകത്ത് മുഴങ്ങി. ആംബുലൻസിലെ സ്ട്രച്ചെറിൽ കിടക്കുന്ന തന്നെ ഒരു മിന്നായം പോലെ അയാൾ കണ്ടു.

 

ലിഫ്റ്റ് താഴെ ചെന്ന് നിന്നു. 

 

…‘‘നമുക്ക് അപ്പുറത്തെ ബ്ലോക്കിലേക്ക് പോകണം അവിടെയാണ് I C U വാർഡ്’’…. നഴ്സ് പറയുന്നത് അയാൾ ഒരു അശരീരി പോലെ കേട്ടു.

 

അടുത്ത ബ്ലോക്കിലേക്ക് പോകണമെങ്കിൽ, ചുറ്റും ഗ്ലാസിട്ട ഒരു ഇടനാഴിയിൽ കൂടെ പോകണമായിരുന്നു. അവിടെ ലൈറ്റ് ഉണ്ടായിരുന്നില്ല. പുറത്ത് നല്ല നിലാവുണ്ടായിരുന്നു. നിലാവിന്റെ വെളിച്ചം ചില്ലിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഇടനാഴി വൈതരണി പോലെ അയാൾക്ക് തോന്നിച്ചു. അക്കരെ കടത്തുവാൻ പിപിഇ കിറ്റ് ധരിച്ച രണ്ട് നഴ്സുമാരും. ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങൾ ഒരിക്കലും കൂടി ആ അരണ്ട നിലാവെളിച്ചത്തിൽ അയാൾ കണ്ടു. അവർ കരയുകയാണോ. ഇടനാഴിക്ക് അവസാനമില്ലാത്തതായി അയാൾക്ക് തോന്നി.

 

വീൽച്ചെയർ ഒരു വലിയ വാതിലിന്റെ മുമ്പിൽ ഞരക്കത്തോടെ നിന്നു.ICU Stepdown വാർഡിന്റെ വാതായനങ്ങൾ മലർക്കെ അയാൾക്ക് വേണ്ടി തുറക്കപ്പെട്ടു. ഒരു വെളളി വെളിച്ചം ഒരു നിമിഷം അയാളുടെ കാഴ്ചയെ മറക്കുന്നതായി അയാൾക്ക് തോന്നി. ചിത്രഗുപ്തനെ അയാളുടെ കണ്ണുകൾ തിരഞ്ഞു. അകത്ത് മാലാഖമാർ അർധ വൃത്താകൃതിയിലുള്ള വീതി കുറഞ്ഞ മേശയ്ക്ക് ചുറ്റും തങ്ങളുടെ പണികളിൽ വ്യാപൃതരായിരിക്കുന്നത് അയാൾ കണ്ടു. അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ ഒഴുകി അയാളുടെ ചുണ്ടുകളെ നനച്ചു. കണ്ണീരിന്റെ ഉപ്പുരസം അയാളുടെ നാവിൽ പടർന്നപ്പോൾ, മഴയിൽ പുതുമണ്ണിന്റെ ഗന്ധം എവിടെ നിന്നോ വന്ന് നാസാരന്ധ്രങ്ങളെ തഴുകുന്നതായി അയാൾക്ക് തോന്നി. അയാൾ ഓർക്കുകയായിരുന്നു എന്നാണ് താൻ അവസാനമായി കരഞ്ഞത്.ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ കരയാൻ അയാൾ എപ്പഴോ അയാൾ മറന്നു പോയിരുന്നു.

 

‘‘പേരെന്താണ് അപ്പച്ചാ’’ പിപിഇ കിറ്റ് ധരിച്ച ഒരു നഴ്സ് വന്ന് ചോദിച്ചപ്പോൾ അയാൾ ചുറ്റിലും നോക്കി. അപ്പോഴാണ് അയാൾ യഥാർഥ ലോകത്തിലേക്ക് തിരിച്ചു വന്നത്.

 

‘അപ്പച്ചനോടാ ചോദിച്ചത്, പേരെന്താണ്’ നഴ്സ്

 

പേര് പറഞ്ഞു കൊടുക്കുമ്പോൾ തന്നെ ആദ്യമായ് അപ്പച്ചാ എന്ന് വിളിച്ച നഴ്സിനോടുള്ള നീരസം അയാൾ ഉള്ളിലൊതുക്കി. ഇതുവരെ തന്നെ എല്ലാവരും ചേട്ടാ ,അങ്കിൾ എന്നെക്കെയെ വിളിച്ച് കേട്ടിട്ടുള്ളൂ.

 

‘ഗിരി’ അയാൾ പേര് പറഞ്ഞു. വീൽച്ചെയർ അകത്തേക്ക് ഉരുണ്ടു. ഏകദേശം 15 കിടക്കകൾ ഉള്ള ഒരു ശീതികരിച്ച വാർഡായിരുന്നു അത്. എല്ലാ ബെഡിലും കോവിഡ് രോഗികൾ ഉണ്ടായിരുന്നു.

 

ഗിരി ഒരു ദീർഘനിശ്വാസം വിട്ടു. ICU എന്ന് കേട്ടപ്പോൾ അയാൾ വിചാരിച്ചത് മറ്റൊന്നാണ്. മറ്റാർക്കും പ്രവേശനമില്ലാത്ത, നിശബ്ദത നിറഞ്ഞ, മരണത്തിന്റെ കാലൊച്ച മാത്രം നിശബ്ദതയെ ഭജ്ഞിക്കുന്ന ഒരിടം. ഗിരി തനിക്കായ് ഒരുക്കിയിരുന്ന കട്ടിലിൽ കിടന്നു. കിടന്ന് അധികം താമസിയാതെ അയാൾ ഉറങ്ങി പോയി.

 

രാവിലെ രഘുവിന്റെ പാട്ടാണ് അയാളെ ഉണർത്തിയത്. ഗിരി സമയം നോക്കി. 7.30.am. അയാൾ ചുറ്റുപാടും നോക്കി. ചെറുപ്പക്കാരും മധ്യവയസ്കരും അങ്ങനെ എല്ലാത്തരക്കാരും അവിടെയുണ്ട്. ആരുടെ മുഖത്തും പ്രസന്നതയില്ല. ഗിരി എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ നിർവഹിച്ച് കിടക്കയിൽ വന്നിരുന്നു. അപ്പഴേക്കും പ്രഭാത ഭക്ഷണം രഘു ബെഡിൽ കൊണ്ടു വച്ചിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടനെ തന്നെ വീട്ടിൽ നിന്നുള്ള വിളി വന്നു. മറുപടി പറഞ്ഞ ശേഷം അയാൾ ഓകസിജൻ മാസ്ക് വെച്ച ശേഷം വീണ്ടും കിടന്നു.

 

നഴ്സുമാർ ഇൻജക്ഷൻ, ബ്ലഡ്‌ ടെസ്റ്റിനുള്ള ബ്ലഡ്‌, സ്റ്റീറോയിഡ് ഡ്രിപ് തുടങ്ങിയ അവരുടെ ജോലികൾ ഓരോന്നായി തീർത്തു കൊണ്ടിരുന്നു. രാത്രി ഷിഫ്റ്റുകാർ എങ്ങിനെയെങ്കിലും ജോലി തീർത്ത് വീട്ടിൽ പോകാനുള്ള തിരക്കിലായിരുന്നു

 

രഘു എല്ലാവരോടും കുശലം പറഞ്ഞ് അടുത്ത വാർഡിലേക്ക് യാത്രയായി.

11 മണിയോടെ ഡോക്ടർ നഴ്സിന്റെ കൈയ്യിലിരിക്കുന്ന ടാബിൽ വിളിച്ച് രോഗവിവരങ്ങൾ അന്വേഷിച്ച്‌ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.

തന്റെ എതിരെ ഉള്ള ബെഡിലുള്ളവർ അന്ന് ആശുപത്രിവാസം കഴിഞ്ഞ് പോകാനുള്ള തിരക്കിലായിരുന്നു. ഭാര്യയും ഭർത്താവുമായിരുന്നു അവർ. രണ്ട് പേരും കോവിഡ് ബാധിച്ച് 17 ദിവസത്തോളം ചികിത്സയിലായിരുന്നു.. അവർ നഴ്സുമാർ എല്ലാവരോടും അവർ ചെയ്ത സേവനങ്ങൾക്ക് നന്ദി പറയുന്ന തിരക്കിലായിരുന്നു.പലരോടും ഫോണിലൂടെ അവർ ജീവൻ തിരിച്ചു കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയുന്നതും കേൾക്കാമായിരുന്നു. ഗിരിയുടെ മനസ്സ് പിന്നെയും അസ്വസ്ഥമായി. ഇവിടെയുള്ളവരുടെ എല്ലാവരുടെയും ജീവൻ അപകടത്തിലാണോ.

 

വൈകുന്നേരമായപ്പോഴേക്കും ആളൊഴിഞ്ഞ ഒരു ബെഡിൽ ഒരു 60 വയസ്സിനു മേലുള്ള ഒരു അമ്മച്ചിയെ കൊണ്ടു കിടത്തി. അവർ ശ്വാസം എടുക്കുവാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവർ സംസാരിക്കുന്നത് പോലും വളരെ വിഷമിച്ചായിരുന്നു. ഏലിയാമ്മ എന്നായിരുന്നു അവരുടെ പേര്. അവർക്ക് ഒരാളുടെ സഹായം അത്യാവശ്യമായിരുന്നു. തന്റെ മക്കൾ ആരെങ്കിലും അടുത്ത് ഉണ്ടാകണമെന്ന് അവർ തീവ്രമായി ആഗ്രഹിച്ചിരിക്കാം.

 

ഈ മഹാമാരിയുടെ ഏറ്റവും ബീഭത്സമായ മുഖം ഇതാണെന്ന് ഗിരിക്ക് തോന്നി. ഉറ്റവരും ഉടയവരും അടുത്തില്ലാതെ, മരിക്കുമ്പോൾ ഒരു തുള്ളി തരാൻ ആരുമില്ലാതെ. അവിടം ശ്മശാനം പോലെ ഗിരിക്ക് തോന്നി.

 

അപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത് ഡോക്ടറായിരുന്നു

 

‘‘ബ്ലഡ് ടെസ്റ്റ് ചെയ്തതിൻ്റെ റിസൽട്ട് കിട്ടി. ന്യൂമോണിയ ചെറുതായിട്ടുണ്ട്. പേടിക്കേണ്ട കാര്യമൊന്നുമില്ല. മെഡിസിൻസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.’’

 

‘‘വീട്ടിലെ നമ്പർ തന്നത് ആരുടേതാണ്.’’

 

‘‘ഭാര്യയുടെ...’’ ഗിരി പറഞ്ഞു

 

‘‘അവർ വല്ലാതെ പേടിച്ചിരിക്കുകയാണെന്നന്ന് തോന്നുന്നു. ഞാൻ കാര്യങ്ങളൊക്ക പറഞ്ഞിട്ടുണ്ട് ശ്വസിക്കാൻ  ഇപ്പോൾ ബുദ്ധിമുട്ടുണ്ടോ’’

 

‘‘ചെറുതായിട്ടുണ്ട്. പക്ഷേ ചുമ മാറിയിട്ടില്ല’’

 

‘‘അത് സാരമില്ല. എല്ലാത്തിനും മെഡിസിൻ തരുന്നുണ്ട്. ശ്വസിക്കാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ പറയണം’’

 

‘‘ശരി ഡോക്ടർ’’

 

ഗിരി ഫോൺ വെച്ചു. ഉടനെ തന്നെ ഭാര്യയുടെ മൊബൈലിൽ നിന്നും ഒരു വീഡിയോ കോൾ വന്നു. അയാൾ ഫോണെടുത്തു. മകളുടെ മുഖം ഫോണിൽ തെളിഞ്ഞു വന്നു.

 

‘‘അച്ഛന് എങ്ങനെയുണ്ട്’’

 

‘‘കുറവുണ്ട്’’

 

‘‘അച്ഛൻ അവിടുത്തെ ഉൾഭാഗം ഒന്ന് കാണിച്ചേ’’

 

ഗിരി വാർഡിന്റെ അകത്തേ ദൃശ്യം മകൾക്ക് കാണിച്ചു കൊടുത്തു:

 

‘‘അവിടെ നല്ല സെറ്റപ്പ് ആണല്ലോ’’

 

അയാൾക്ക് ചിരി വന്നു.

 

ഭാര്യ മകളെ ശാസിക്കുന്നതിൻ്റെ ശബ്ദം അയാൾ കേട്ടു. ഭാര്യയുടെ മുഖം ഫോണിൽ തെളിഞ്ഞു വന്നു.

 

‘‘എങ്ങിനെയുണ്ട് ഇപ്പോൾ’’ ഭാര്യ ചോദിച്ചു

 

‘‘കുഴപ്പമില്ല’’

 

‘‘എന്ത് കുഴപ്പമില്ല. ഡോക്ടർ വിളിച്ചപ്പോൾ ന്യൂമോണിയ, ഉണ്ടെന്ന് പറഞ്ഞല്ലോ’’

പിന്നെ അടക്കിപ്പിടിച്ച കരച്ചിലിന്റെ ശബ്ദം അയാൾ കേട്ടു.

 

‘‘എന്റെ അച്ഛൻ എനിക്ക് 17, വയസ്സുള്ളപ്പോൾ മരിച്ചതാ. നമ്മുടെ മകൾക്ക് ഇപ്പോൾ 11 വയസ്സ് ആയതേയുള്ളൂ’’   

 

ബാക്കി വാചകങ്ങൾ കരച്ചിൽ വിഴുങ്ങിക്കളഞ്ഞു. ഫോൺ ഡിസ്കണക്റ്റായി. ഗിരി കട്ടിലിൽ എന്ത് ചെയ്യണമെന്നറിയാതെ ചാരിയിരുന്നു.

 

‘‘വെള്ളം. വെള്ളം’’ എതിർവശത്തെ കട്ടിലിലെ ഏലിയാമ്മ ചേച്ചിയുടെ പതിഞ്ഞ ശബ്ദം അയാൾ കേട്ടു. രണ്ട് മൂന്ന് പ്രാവശ്യം ഏലിയാമ്മ ചേച്ചി വിളിച്ചിട്ടും നഴ്സുമാർ ആരും വന്നില്ല. തിരക്കാണോ, അതോ ഇല്ലാത്ത തിരക്ക് ഭാവിച്ചതാണോ എന്നറിയില്ല. അവസാനം ഗിരി എഴുന്നേറ്റ് ചെന്ന് ഒരു നഴ്സിനോട് പറയേണ്ടി വന്നു.

 

രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ ഗിരിക്ക് ചുമയൊക്കെ മാറി, കുറച്ചൊക്കെ ഒരു ശരീരസുഖം തോന്നി. അന്ന് രാത്രി ഒരു 1 മണിക്ക് ഗിരി ഒരു ചെറിയ ബഹളം കേട്ടു ഉണർന്നു. നഴ്സുമാർ മൂന്ന് നാല് പേർ ഏലിയാമ്മാ ചേച്ചിയുടെ ബെഡിന് ചുറ്റും വട്ടം കൂടി നില്പുണ്ടായിരുന്നു. ഏലിയാമ്മ ചേച്ചി ശ്വാസം വലിക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഉടനെ തന്നെ ഏലിയാമ്മ ചേച്ചിയെ ICU വിലേക്ക് മാറ്റി. വാർഡിലുള്ള മറ്റ് രോഗികൾ തല കുമ്പിട്ട് ബെഡിൽ ഇരിക്കുന്നത് കാണാമായിരുന്നു.

 

പിറ്റേ ദിവസം ഏലിയാമ്മ ചേച്ചിയുടെ മരണവാർത്ത വാർഡിൽ ശ്മശാന മൂകത സൃഷ്ടിച്ചു. ഇനിയും നിറവേറ്റാത്ത ആഗ്രഹങ്ങളും ആശകളും പ്രതീക്ഷകളും, ആശങ്കകളും, കുറ്റബോധങ്ങളും കൊണ്ട് ഒരു നിമിഷം വാർഡ് വീർപ്പുമുട്ടുകയായിരുന്നു.

 

ഏലിയാമ്മ ചേച്ചിയുടെ ബെഡ് അന്ന് ഉച്ചവരെ ഒഴിഞ്ഞ് കിടന്നു. തന്റെ എതിർവശത്തെ ആ ബെഡിലേക്ക് നോക്കി ഗിരി ഏലിയാമ്മ ചേച്ചിയുടെ മുഖം ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി. തന്റെ ബെഡിലും ആരെങ്കിലും കിടന്ന് മരിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത അയാളിൽ ഒരു ഞെട്ടലുളവാക്കി.

 

അധികം താമസിയാതെ ഏലിയാമ്മ ചേച്ചിയുടെ ബെഡിൽ പുതിയ രോഗിയെത്തി. ഓമന ചേച്ചി. അന്ന് വാർഡിൽ നഴ്സുമാരുടെ എണ്ണം പതിവിലും കുറവായിരുന്നു. പലരേയും ICU വിൽ ഡ്യൂട്ടിക്ക് ഇട്ടിരുന്നു. വെന്റിലേറ്ററുകളിൽ ജീവന് വേണ്ടി അവസാനം ശ്വാസം വലിക്കുന്നവരുടെ എണ്ണം കൂടിവരികയായിരുന്നു. രണ്ടാമത്തെ വരവിൽ കൊറോണ വിശ്വരൂപം പുറത്തെടുത്ത് കഴിഞ്ഞിരുന്നു .ആശുപത്രിയുടെ പുറത്ത് ജനങ്ങൾ ഭീതിയുടെ മുൾമുനയിലാരുന്നു. രാജ്യം മുഴുവനും കൊറോണയുടെ നീരാളി കരങ്ങളിൽ 

കിടന്ന് ശ്വാസം മുട്ടി പിടയുകയായിരുന്നു. നിറഞ്ഞു കവിഞ്ഞ ആശുപത്രികൾ അശരണരായ രോഗികൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. പ്രാണവായുവിന് നെട്ടോട്ടമോടിയ മനുഷ്യ ജീവനുകൾ കൊറോണക്ക് മുമ്പിൽ അടിയറവ് പറയുകയായിരുന്നു. സംസ്ക്കരിക്കാത്ത ജഡങ്ങൾ പുഴയിലൂടെ ഒഴുകി നടന്നു.

 

ഗിരി തന്റെ മൊബൈൽ ഫോണിൽ ഒരിക്കലും കോവിഡിനെ കുറിച്ചുള്ള വാർത്തകൾ കാണാറില്ല. IPL ഉള്ള ദിവസങ്ങളിൽ ക്രിക്കറ്റ് ആസ്വദിച്ചും അല്ലെങ്കിൽ സിനിമകളിലെ കോമഡി രംഗങ്ങൾ കണ്ടും സമയം കഴിച്ചു. അങ്ങനെ ഒരു ദിവസം IPL കണ്ടിരിക്കുമ്പോൾ നഴ്സുമാരിലൊരാൾ വന്ന് ഓമന ചേച്ചിയെ അന്വേഷിക്കുന്നത് കേട്ടു.

 

‘‘ഈ ബെഡിലെ പേഷ്യന്റ് എവിടെ’’

 

‘‘ബാത്ത് റൂമിൽ പോയതായിരിക്കും’’ ആരോ പറഞ്ഞു. നഴ്സ് തിരിച്ചു പോയി.

 

കുറച്ചു കഴിഞ്ഞപ്പോൾ ബാത്ത് റൂമിൽ പോയ രണ്ട് ബെഡ് അപ്പുറം കിടക്കുന്ന പ്രസന്ന ചേച്ചി നഴ്സുമാരോട് പറഞ്ഞു.

 

‘‘സ്ത്രീകളുടെ ബാത്ത് റൂം അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി’’

 

നേരത്തെ, ഓമന ചേച്ചിയെ അന്വേഷിച്ച്, ചെന്ന നഴ്സ് ഉടനെ ബാത്ത് റൂമിലേക്ക് ഓടി. കൂടെ മറ്റ് രണ്ട് നഴ്സുമാരും. അവർ ബാത്ത് റൂമിന്റെ വാതിലിൽ തട്ടി വിളിച്ചു. വാതിൽ തുറക്കാതായപ്പോൾ അവർ വാതിൽ തള്ളി തുറന്നു. ക്ലോസറ്റിന്റെയും ചുമരിന്റെയും ഇടയിൽ ഓമനചേച്ചി ശ്വാസമില്ലാതെ കിടക്കുന്നുണ്ടായിരുന്നു.

 

ആശുപത്രിയിൽ വന്നിട്ട് ആറാമത്തെ ദിവസമാണ്. ഒരു ഉണർവൊക്കെ ഗിരിക്ക് തോന്നി തുടങ്ങി. ഡോക്ടറോട് സംസാരിച്ചതിൽ നിന്ന് ന്യൂമോണിയ നന്നായി കുറഞ്ഞിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലായി. വൈകിട്ടായിപ്പോൾ ആ വാർഡിന് തൊട്ടപ്പുറത്തുള്ള, അഞ്ച് പേർക്ക് കിടക്കാവുന്ന വാർഡിലേക്ക് ഗിരിയെ മാറ്റി. ഒരു വിധം അസുഖം ഭേദമായവരാണ് ആ വാർഡിലുള്ളത്. അവിടെയെത്തിയപ്പോൾ പഴയ വാർഡിലെ പ്രസന്ന ചേച്ചി പ്രസന്നവദനയായി അവിടെ ഇരിപ്പുണ്ടായിരുന്നു. ഡിസ്ചാർജായി വീട്ടിൽ പോകാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. മുട്ടക്കറി കിട്ടാതെ ഭക്ഷണം കഴിക്കില്ല എന്ന് വാശി പിടിച്ച പ്രസന്ന ചേച്ചിയെ എല്ലാവരും ഓർക്കും.

 

വാതോരാതെ സംസാരിക്കുന്ന പ്രസന്ന ചേച്ചി പറഞ്ഞു... ‘കൊച്ചുമോളെ ഒന്നു കാണണം. അവളെ ഒന്ന് എടുക്കണം. മോള് പ്രസവിച്ചപ്പോൾ ഞാൻ ഇവിടെ ആശുപത്രിയിൽ ആയിരുന്നു’

 

അത് പറയുമ്പോൾ പ്രസന്ന ചേച്ചിയുടെ കണ്ണ് നിറഞ്ഞിരുന്നു.

ഗിരി തന്റെ അടുത്ത ബെഡിലെ ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു. സുരേഷ് എന്നായിരുന്നു അയാളുടെ പേര്. ബിസിനസ് ആണ്. കുറച്ചു വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി. സുരേഷ് വന്നിട്ട് ഇപ്പോൾ 17 ദിവസമായി. രണ്ട് ദിവസം വെന്റിലേറ്ററിൽ കിടന്നു. ഇപ്പോൾ രോഗത്തിന് നല്ല ശമനമുണ്ട്.

 

അപ്പാഴേക്കും മൊബൈൽ ഫോൺ റിംഗ് ചെയ്തു. ഭാര്യയായിരുന്നു.

 

‘അക്കൌണ്ട്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിളിച്ചിരുന്നു. ഒരു ലക്ഷം രൂപ ഉടനെ അടക്കണം എന്ന് പറഞ്ഞു’’

അക്കൗണ്ടിൽ കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയ പൈസയുണ്ട്. ബാക്കി പൈസ ഭാര്യ അയച്ചു തന്നു. തന്റെ ഇൻഷുറൻസ് കമ്പനിക്ക് ഈ ആശുപത്രിയുമായി ഇടപാടില്ലത്രേ. ഇനിയും ഒരാഴ്ച കിടന്നാൽ ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കടം വാങ്ങിക്കേണ്ട അവസ്ഥ വരും. ഒരു ദിവസം ആശുപത്രിയിലെ തന്റെ ജീവന്റെ വില പതിനെട്ടായിരം രൂപ.മീൻ വില്പനക്കാരന്റെ മീൻ കുട്ടയിൽ കിടക്കുന്ന പലതരം മീനുകളിൽ ഒന്നായി ഗിരി തന്നെത്തന്നെ ഒന്ന് സങ്കല്പിച്ചു നോക്കി.

 

ഗിരി സുരേഷിനോട് ചോദിച്ചു.

 

‘‘ഇതു വരെ എത്ര പൈസ അടച്ചു’’

 

‘‘ഒന്നും പറയണ്ട മുന്നരലക്ഷത്തോളം രൂപ ഞാൻ അടച്ചു കഴിഞ്ഞു’’

 

ഗിരിക്ക് ഒരു ഉൾക്കിടിലമുണ്ടായി.

 

വൈകുന്നേരത്തോട് കൂടി പ്രസന്ന ചേച്ചി ഡിസ്ചാർജായി പോയി. ഇപ്പോൾ വാർഡിൽ  മൂന്നു പേരായി ചുരുങ്ങി. ഗിരിയും, സുരേഷും പിന്നെ എതിർവശത്തെ ബെഡിൽ കിടക്കുന്ന താടി വെച്ച ചെറുപ്പക്കാരനും. താടി വെച്ച ചെറുപ്പക്കാരൻ എപ്പോഴും മൊബെൽ ഫോണിലായിരുന്നു. അയാളോട് ഒന്ന് ചിരിക്കാനുള്ള ഗിരിയുടെ ശ്രമം പോലും വിഫലമായപ്പോൾ, അയാളെ പരിചയപ്പെടാനുള്ള ഉദ്യമം ഗിരി ഉപേക്ഷിച്ചു.

 

ഗിരിയോട് കുറേശ്ശെയായി നടക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. വാർഡിനു മുന്നിലെ ഇടനാഴിയിൽ ഗിരി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുറച്ചു നടന്നപ്പോൾ തന്നെ ക്ഷീണവും കിതപ്പും അനുഭവപ്പെട്ടു. കുറച്ചു കൂടെ നടന്നിട്ട് കിടക്കാം എന്ന് വിചാരിച്ച് നടന്നു കൊണ്ടിരിക്കുമ്പോൾ ഇടനാഴിയിൽ നഴ്സുമാർ ഒരു സ്ട്രച്ചറിൽ ദേഹം മുഴുവൻ ഒരു പ്ലാസ്റ്റിക്ക് കവർ കൊണ്ട് മൂടിയ ഒരാളെ കൊന്ന് വന്ന് കിടത്തി. ഒരു മൃതദേഹം ആയിരുന്നു അത്. ഒര് നഴ്സ് വന്ന് സുതാര്യമായ ബോഡി കവറിന്റെ സിപ്പ് (zip) വലിച്ചിട്ട് തലവരെ മൂടി. പാതിയടഞ്ഞ ആ മൃതദേഹത്തിന്റെ കണ്ണുകളിലേക്ക് ഗിരി അറിയാതെ ഒന്ന് നോക്കി പോയി. ആ നാലു ചക്രവണ്ടി തള്ളിക്കൊണ്ട് പോകുന്നത് നോക്കി ഇടനാഴിയിലെ ചുവരും ചാരി ഗിരി നിന്നു. അതിന്റെ കട കട ശബ്ദം നേർത്ത് നേർത്ത് ഇല്ലാതായപ്പോൾ തന്റെ ഹൃദയത്തിന്റെ ടക് ടക് ശബ്ദം ഇടനാഴിയിൽ നിറയുന്നതായി ഗിരി അറിഞ്ഞു.

 

നാലു അറകളുള്ള ഹൃദയത്തിന്റെ ടക് ടക് ശബ്ദം നിലക്കുമ്പോൾ കൊണ്ടു പോകാനായി  നാല് ചക്രമുള്ള കട കട ശബ്ദമുള്ള വണ്ടി. ശബ്ദം ഒരിക്കലും നിലക്കാൻ ആഗ്രഹിക്കാത്ത ഹൃദയത്തിൻ്റെ രോദനം.നാലു ദിക്കുകളുള്ള പ്രപഞ്ചത്തിന്റെ അഖണ്ഡതയിൽ ലയിക്കും വരെ ആരെങ്കിലുമൊക്കെ അത് കേട്ടുകൊണ്ടിരിക്കും.

 

ഗിരി നടത്തം മതിയാക്കി ബെഡിൽ ചെന്ന് കണ്ണടച്ച് കിടന്നു. കണ്ണിനു മുമ്പിൽ രണ്ട് പാതിയടഞ്ഞ കണ്ണുകൾ. ആരോ സിപ് വലിച്ചിടുന്ന ശബ്ദം കാതുകളിൽ .ഗിരി നടക്കാൻ പോയ സമയത്തെ പഴിച്ചു കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.

 

‘‘ആരും വിശന്നിരിക്കണ്ട. ഭക്ഷണം എത്തിയിട്ടുണ്ട്. നല്ലൻ ചൂടൻ ശാപ്പാട്. വേഗം കഴിച്ചോ’’ രഘുവിന്റെ ശബ്ദം വിശപ്പിന്റെ വിളിയെ ഉണർത്തി .

 

രാത്രി 10 മണിക്ക് വീട്ടിൽ നിന്നുള്ള പതിവ് ഫോൺ വിളി കഴിഞ്ഞ് ഗിരി വേഗം കിടന്നു. മനസ്സിന്റെ ടെൻഷൻ കുറഞ്ഞതു കൊണ്ടായിരിക്കാം ഉറങ്ങി പോയത് അറിഞ്ഞില്ല. രാത്രിയുടെ ഏതോ യാമത്തിൽ ഗിരി ഞെട്ടിയുണർന്നു.ഏതോ ജീവി എന്തോ കടിച്ചു പറിക്കുന്ന ശബ്ദം. ഗിരി കണ്ണു തുറക്കാൻ ഭയപ്പെട്ടു. തന്റെ ഇടത് ഭാഗത്ത് നിന്നാണ് ശബ്ദം കേൾക്കുന്നത്. അവിടെയാണ് സുരേഷ് കടക്കുന്നത്. ധൈര്യം സംഭരിച്ച് ഗിരി കണ്ണ് തുറന്ന് അവിടേക്ക് നോക്കി. നീല ട്രൗസറും കറുത്ത ടീ ഷർട്ടും ധരിച്ച് സുരേഷ് അവിടെ കിടക്കുന്നുണ്ടായിരുന്നു. സുരേഷിന്റെ കൂർക്കംവലിയുടെ ശബ്ദമാണ് കേട്ട് കൊണ്ടിരുന്നത്.ഗിരിക്ക് അറിയാതെ ചിരി വന്നു പോയി. പുതപ്പ് തലവഴി മുടിയിട്ട് ഗിരി പിന്നെയും ഉറങ്ങാൻ കിടന്നു.

 

പിറ്റേ ദിവസം ഉച്ചയാകുമ്പോഴേക്കും ഗിരിയുടെ വലതുവശത്ത് കാലിയായി കിടന്ന കട്ടിലിന് അവകാശിയായി. നാസർ അതായിരുന്നു പുതിയ ആളുടെ പേര്.പ്രായം ഏകദേശം 55 കാണും. ലുങ്കിയും ഒരു പഴയ ടീ ഷർട്ടുമായിരുന്നു നാസറിക്കയുടെ വേഷം. നാസറിക്ക ഇടക്കിടെ നന്നായി ചുമക്കുന്നുണ്ടായിരുന്നു.

 

ഉച്ചക്ക് ഭക്ഷണം കൊണ്ടുവന്ന രഘു നാസറിക്കയെ കണ്ടപ്പോൾ ചോദിച്ചു.

 

‘‘എവിടെയാ വീട്. നല്ല കണ്ടു പരിചയം തോന്നുന്നു’’

 

‘‘എന്റെ വീട് പെരുമ്പാവൂർ അടുത്താ’’

 

‘‘ഞാൻ അവിടെ പല പല ഹോട്ടലിലും ജോലി ചെയ്തിട്ടുണ്ട്…. എന്താ ഇക്കക്ക് ജോലി’’

 

‘‘എനിക്കും ഹോട്ടലിലാ ജോലി’’

 

‘‘ഓ അതായിരിക്കും കണ്ടു പരിചയം’’

 

രഘുവിന്റെ കുശലാന്വഷണങ്ങൾ. മൂളിപ്പാട്ട്. 

 

ആകെ ഒന്ന് വാർഡിനെ ഉണർത്തി രഘു തിരിച്ചുപോയി. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ രഘു സന്തോഷത്തിലായിരുന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം. ഒരു നിമിഷം കണ്ണടച്ചു ഗിരി പ്രാർത്ഥനയിൽ മുഴുകി. അപ്പോൾ നാസറിക്കയുടെ പ്രാർത്ഥന അയാൾ കേട്ടു.

 

‘‘അള്ളാഹുവേ ഈ രോഗം ഭേദമാക്കണേ.ഈ രാജ്യത്ത് നിന്ന് ഈ രോഗം മാറ്റേണമേ’’

 

ഒരു നിമിഷം അവിശ്വസനീയതയോടെ ഗിരി നാസറിക്കയെ നോക്കി. തന്റെ പ്രാർത്ഥനയുടെ കൊച്ചു പ്രപഞ്ചത്തിൽ സഹധർമ്മിണിയും, മക്കളും മാത്രമേ സാധാരണ ഉണ്ടാകാറുള്ളൂ. ഇത് എന്താണ് താൻ കേട്ടത്. 

 

‘‘ഈ രാജ്യത്ത് നിന്ന് രോഗം മാറ്റേണമേ’’

 

ഒരു സാധാരണ ഹോട്ടൽ ജീവനക്കാരനായ നാസറിക്കയുടെ പ്രപഞ്ചം എത്ര വലുതാണ്. ഗിരിക്ക് തന്നെ കുറിച്ചോർത്ത് ജാള്യത തോന്നി. 

 

ഗിരി നാസറിക്കയെ നോക്കി. നാസറിക്ക കിടന്നു കഴിഞ്ഞിരുന്നു. ഗിരിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. നാസറിക്കയോട് അയാൾക്ക് വല്ലാത്ത ഒരു ബഹുമാനം തോന്നി.

 

ഗിരി കണ്ണടച്ചു. തന്റെ കൊച്ചു പ്രപഞ്ചം പതുക്കെ പതുക്കെ വളരുകയാണെന്ന് ഗിരിക്ക് തോന്നി- അന്ന് ഉറങ്ങുന്നതിന് മുൻപ് അവിടെയുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ അയാൾ മറന്നില്ല. അടുത്ത ദിവസം ഉച്ചയോട് കൂടി സുരേഷിന്  ശ്വസിക്കാൻ ചെറിയ പ്രയാസം നേരിട്ടു. കാര്യം നഴ്സുമാരോട് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് നഴ്സുമാർ ഒരു വീൽച്ചെയറുമായി എത്തി സുരേഷിനെ കൊണ്ടുപോയി. കാണാം എന്ന് പറഞ്ഞ് സുരേഷ് പോകുമ്പോൾ ഗിരിക്ക് വല്ലാത്ത വിഷമം അനുഭവപ്പെട്ടു. മൂന്ന് ദിവസത്തെ പരിചയമേ ഉള്ളങ്കിലും വല്ലാത്ത ഒരു അടുപ്പം സുരേഷിനോട് തോന്നിയിരുന്നു. നഴ്സുമാരോട് പിന്നീട് അന്വേഷിച്ചപ്പോൾ സുരേഷിനെ ICU വിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയാൻ കഴിഞ്ഞു.

 

നാസറിക്കയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്ത് കൊണ്ടോ ഗിരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നാസറിക്കയുടെ കണ്ണുകളിൽ പ്രപഞ്ചത്തിലെ മുഴുവൻ നക്ഷത്രങ്ങളെയും ഗിരിക്ക് കാണാമായിരുന്നു.

 

കാറ് ആശുപത്രിയുടെ ഗേറ്റ് കടന്നപ്പോൾ ഗിരി തിരിഞ്ഞു നോക്കി. ഇരുട്ടിലും ഒരു പുതിയ ആശുപത്രി ബ്ലോക്കിൻ്റെ കെട്ടിടം അവിടെ ഉയർന്നു വരുന്നുത് അയാൾക്ക് കാണാൻ കഴിഞ്ഞു. പെട്ടെന്ന് ആരോ എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞ് കാറിന്റെ പുറകെ ഓടി വരുന്നതായി ഗിരിക്ക് തോന്നി. ഗിരി കണ്ണുകളടച്ചു കറുത്ത ടീ ഷർട്ടും നീല ട്രൗസറുമിട്ട സുരേഷിന്റെ അവ്യക്തമായ രൂപം അയാൾ മനസ്സിൽ കണ്ടു.

 

നാസറിക്കയുടെ പ്രാർത്ഥന അറിയാതെ ഗിരിയുടെ ഉള്ളിൽ നിന്ന് പുറത്ത് വന്നു.

 

.. ഈശ്വരാ ഈ രോഗത്തെ രാജ്യത്ത് നിന്ന് മാറ്റേണമേ..

 

Content Summary: Covid wardile prarthana, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com