ADVERTISEMENT

കഥയുടെ വഴികൾ (കഥ)

                                                                                            കഥാകൃത്ത് അസ്വസ്ഥതയോടെ മേശപ്പുറത്ത് കിടക്കുന്ന കത്തുകൾ തിരിച്ചും മറിച്ചും നോക്കി. ഓണപ്പതിപ്പിലേക്ക് കഥകൾ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രാധിപൻമാരുടെ കത്തുകളാണ്. രാവിലെ മുതൽ പേനയും പേപ്പറുമായി കുത്തിയിരിപ്പാണ്. പേപ്പറും പേനയുമായതു കൊണ്ടാണ് കഥ വരാത്തതെന്ന് സംശയിച്ച് ഇടയ്ക്ക് കമ്പ്യൂട്ടറിന്റെ മുന്നിലും പോയിരുന്നു നോക്കി. കഥ മാത്രം വന്നില്ല. കഥാകൃത്തിന് പിടി കൊടുക്കാതെ ഭാവന ഒളിച്ചു കളിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് അയാൾക്ക് പിടി കിട്ടിയത് കമ്പ്യൂട്ടറിന്റെയോ പേപ്പറിന്റെയോ പേനയുടേയോ കുഴപ്പമല്ല, ഭാവന വരാത്തതിന്റെ കുഴപ്പമാണ്. 

 

അപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. പുറത്ത് മഞ്ഞ് വീഴാൻ തുടങ്ങി. എല്ലാവരും സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഈ രാത്രി കഥാ ബീജവും തേടി കുത്തിയിരിക്കുന്ന ഭർത്താവിനെ ഒട്ടൊരു സങ്കടത്തോടെ ഒന്ന് നോക്കിയിട്ട് ഭാര്യയും ഉറങ്ങാൻ പോയി. കഥാകൃത്തിന്റെ അസ്വസ്ഥത കൂടി വന്നു. ആശയങ്ങളുടെ സമ്മർദ്ദം അയാളെ ഭ്രാന്തനാക്കുമെന്ന് തോന്നി. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്. കോളിംഗ് ബെല്ലടിക്കാതെ ഈ രാത്രി കതകിൽ തട്ടുന്നത് ആരാണെന്ന അനിഷ്ടത്തോടെയും സംശയത്തോടെയും കഥാകൃത്ത് എഴുന്നേറ്റു.

 

രാത്രി ആരോ വിളിക്കുന്നത് കേട്ട് കതകു തുറന്നപ്പോൾ ചുറ്റികയ്ക്ക് തലക്കടിച്ച് വീഴ്ത്തിയ റിപ്പർ മോഡൽ ആക്രമണത്തെ കുറിച്ച് രാവിലെ പത്രത്തിൽ വായിച്ചതേയുള്ളു. അതുകൊണ്ട് ഭാര്യയെകൂടി വിളിച്ചുണർത്തിയിട്ട് കതകു തുറന്നാലോ എന്ന് അയാൾ ആലോചിച്ചു. രാത്രിയുടെ നിശബ്ദത ഭേദിച്ചുയരുന്ന കൂർക്കം വലി കേട്ടപ്പോൾ അത് വേണ്ടെന്ന് വെച്ചു.അവളെ വിളിച്ചുണർത്തുമ്പോഴുണ്ടാകുന്ന ബഹളത്തിൽ പുറത്തു നിൽക്കുന്നയാൾ മാത്രമല്ല ,ചിലപ്പോൾ വരാൻ തുടങ്ങിയ ഭാവനയും സ്ഥലം വിട്ടുകളയും. അല്ലെങ്കിൽ തന്നെ ഭാര്യയുടെയും കുട്ടികളുടെയും മുമ്പിലെങ്കിലും താനൊരു ധൈര്യശാലിയാണെന്നാണല്ലോ വെപ്പ്.

 

കഥയെഴുതാനുള്ള കഴിവ് മാത്രമേയുള്ളൂ, ബാക്കി കാര്യത്തിലെല്ലാം താൻ വട്ടപ്പൂജ്യമാണെന്നാണ് അല്ലെങ്കിൽ തന്നെ പ്രിയതമയുടെ അഭിപ്രായം. കഥാകൃത്തിന്റെ ആലോചനകൾക്ക്  മീതെ വീണ്ടും കതകിൽ മുട്ടുന്ന ശബ്ദം. എന്തും വരട്ടെയെന്ന് വിചാരിച്ച് അയാൾ പതിയെ കതകു തുറന്നു. ഒരു നിമിഷം അയാൾ സ്തബ്ധനായി നിന്നു. കാലിന്റെ അടിയിൽ നിന്നും കയറിയ തരിപ്പ് ശരീരമാകെ പടർന്നു കയറി. തൂ വെള്ള സാരിയണിഞ്ഞ് മുടി വിടർത്തിയിട്ട് ഒരു സുന്ദരിയെ ആ നേരത്തു കണ്ടാൽ ആരായാലും ബോധം കെട്ടു പോകും. അവളുടെ കാലുകൾ നിലത്തു മുട്ടുന്നുണ്ടോ, പാലപ്പൂ മണം പരന്നൊഴുകുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കാൻ തിരക്കിനിടയിൽ കഥാകൃത്തിന് കഴിഞ്ഞുമില്ല. പേടി കൊണ്ട് സ്വന്തം കാലുകൾ നിലത്തുറച്ചിട്ട് വെണ്ടേ മറ്റുളവരുടെ കാല് ശ്രദ്ധിക്കാൻ..

 

അയാളുടെ അമ്പരപ്പിനിടയിലൂടെ അവൾ അകത്തേക്ക് കയറി. പതിയെ വാതിലടച്ചു. അവൾ തന്നെ മുന്നിൽ നടന്നു. സ്വപ്നാടനക്കാരനെപ്പോലെ പുറകെ അയാളും. കഥാകൃത്തിന്റെ എഴുത്തു മുറിയിലെത്തിയപ്പോൾ കസേര വലിച്ചിട്ട് അവളിരുന്നു. ‘‘ഇരിക്കൂ..’’  ..അവൾ പറഞ്ഞു തീരും മുമ്പ് കസേരയിലേക്ക് അയാൾ ഇരിക്കുകയല്ല, വീഴുകയായിരുന്നു.

‘‘പിന്നെ എന്തൊക്കെയുണ്ട്  കഥാകാരാ,വിശേഷം..?’’….അവൾ ചിരിച്ചു കൊണ്ട് സംഭാഷണത്തിന് തുടക്കമിട്ടു.

 

‘‘എനിക്ക് മനസ്സിലായില്ല..’’ അയാളുടെ വരണ്ട തൊണ്ടയിൽ നിന്നും അടഞ്ഞ ശബ്ദം പുറത്തേക്കു ശ്രമെപ്പെട്ടു വന്നു. ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി. തീരെ പ്രതീക്ഷിക്കാതെ അവളുടെ ശബ്ദവും ഭാവവും മാറി. മാസ്മരിക സൗന്ദര്യത്തിന് ഒരിക്കലും ചേരാത്ത ദേഷ്യം അവളുടെ മുഖത്തേക്ക് ഇരച്ചു വന്നു.

 

‘‘അറിയില്ല പോലും..നിങ്ങൾക്ക് എന്നെ തീരെ അറിയില്ല.. എന്നെ ഈ അവസ്ഥയിലാക്കിയതിന് ഒരേയൊരു കാരണക്കാരൻ നിങ്ങളാണ്. അന്നു തന്നെ ഞാൻ തീരുമാനിച്ചിരുന്നു എവിടെയാണെങ്കിലും നിങ്ങളെ ഒന്നു വന്ന് കാണണമെന്ന്..’’ അവളുടെ ഭാവമാറ്റത്തിലും രോഷത്തിലും അയാളുടെ ഓർമ്മകൾ തെളിഞ്ഞില്ല.        

 

‘‘ഇതു വരെ നിങ്ങൾക്കെന്നെ ഓർമ്മ വന്നില്ല അല്ലേ.. കുറെ നാൾ മുമ്പ്, ‘ഇനിയും വരാത്ത വണ്ടി’ എന്നൊരു കഥ എഴുതിയത് കഥാകൃത്തിന്റെ ഓർമയിലുണ്ടോ ആവോ..’’ പുച്ഛ ഭാവത്തിൽ അവൾ ചോദിച്ചു .. ‘‘അതിലെ നായിക ജെസ്നിയാണ് ഞാൻ.

 

അയാൾക്ക് പതിയെ എല്ലാം ഓർമ വരാൻ തുടങ്ങി. കോളജിൽ പഠിക്കുമ്പോൾ അന്യജാതിക്കാരനെ പ്രേമിച്ച് വീടും നാടും ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ നായിക. അതങ്ങനെ മറക്കാൻ പറ്റുന്ന ഒരു കഥയല്ല. വളരെ വിവാദമുണ്ടാക്കിയ ഒരു കഥ..

 

‘‘നിങ്ങളുടെ ആ കഥ വായിച്ച് എന്റെ ഭർത്താവിന്റെ മനസ്സു വരെ മാറി. അയാൾ എന്നെ എന്റെ വീട്ടിൽ കൊണ്ടു വിട്ട് അവരോട് മാപ്പും ചോദിച്ച് തിരിച്ചു പോയി. വീട്ടിലും നാട്ടിലും ഒറ്റപ്പെട്ടു പോയ എനിക്ക് ആത്മഹത്യയല്ലാതെ മറ്റു വഴിയൊന്നുമില്ലായിരുന്നു. അന്നു മുതൽ ഞാൻ നിങ്ങളെ തിരക്കി നടക്കുകയാണ്. ഒരു ഉപദേശി നടക്കുന്നു. നാട്ടുകാരെ മുഴുവൻ നന്നാക്കാനുള്ള കോൺ‍ട്രാക്റ്റ് നിങ്ങളെടുത്തിട്ടുണ്ടോ..’’ പറഞ്ഞു തീരും മുമ്പ് അവളുടെ കൈകൾ അയാളുടെ കഴുത്തിനു നേരെ നീണ്ടു വന്നു. കാരിരുമ്പിന്റെ കരുത്തുള്ള ആ കൈകൾ വിടുവിക്കാൻ ശ്രമിച്ച് .. ഒടുവിൽ വിയർത്തു കുളിച്ച് ചാടിയെഴുന്നേൽക്കുമ്പോൾ ബോധത്തിനും അബോധത്തിനുമിടയിലെ ഒരു അമ്പരപ്പിലായിരുന്നു അയാൾ.. അപ്പോഴും ഭാര്യയുടെ  കൂർക്കം വലി  അന്തമില്ലാത്ത ഒരു തീവണ്ടിയുടെ ഓട്ടം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. അതിനിടയിലും ഓണപ്പതിപ്പിലെ കഥയ്ക്ക് വിഷയം കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ..

 

Content Summary: Kadhayude Vazhikal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com