ADVERTISEMENT

മന്ത്രധ്വനി (കഥ)

‘‘സൂസി, നിന്നോട് ഞാൻ നൂറുവട്ടം പറഞ്ഞിട്ടുണ്ട് എന്റെ കൂടെ എഴുനേറ്റിരുന്ന് നിന്റെ ഉറക്കം കളയരുത്​ന്ന്. എനിക്കോ ഉറക്കമില്ല  പിന്നെ നീയും കൂടിയെന്തിനാ?’’

 

തലയിണയിൽ രണ്ടു തട്ടുതട്ടി പാദങ്ങൾ കൂട്ടിത്തിരുമ്മികൊണ്ട് ഉറക്കെപറഞ്ഞ് അന്തോണിചേട്ടൻ  പതിയെ കിടക്കയിൽ ചെരിഞ്ഞുകിടന്നു.

 

തലയ്ക്കു മീതെ ഫാൻ ഒച്ചയുണ്ടാക്കികൊണ്ടിരുന്നു. 

 

ചില നേരം ഈ ഫാനിന്റെ ഒച്ചയൊരാശ്വാസമാണ്. മുറിയ്ക്കൊരു അനക്കം കിട്ടണേൽ ഇവനൊന്നു മുരളണം . അല്ലേൽ എന്റെയൊച്ച ഉയരണം. അസുഖം വന്നപ്പോൾ മുതൽ സൂസിക്ക് ഒന്നിനും വലിയ ഉഷാറില്ല . 

അയാൾ ഓർത്തു.

 

പണി കഴിഞ്ഞു വരുന്ന നേരം തോട്ടുമുക്കിലിറങ്ങി വീരാൻകുട്ടിടെ ചായക്കടേന്ന് ഓരോ കാലിചായും രണ്ട് സുഖിയനും തട്ടിയിരിക്കുമ്പോഴേയ്ക്കും രവിയും കണാരനുമെത്തും. ടൗണിലെ അന്നത്തെ പുതിയ വിശേഷങ്ങളും നാട്ടിലെ ആണുങ്ങടെ പുത്തൻ ബന്ധങ്ങളുമൊക്കെ ചൂടോടെ എത്തിക്കാൻ രവി തന്നെവേണം. ചൂടൻ വാർത്ത ചായക്കടയിൽ കൊടുത്തില്ലേൽ രവിക്ക് ഉറക്കം വരില്ലെന്നാണ് എല്ലാരും പറയാ.

 

..അവിടുന്നങ്ങട് മൂന്നും കൂടി എഴുന്നേറ്റാൽ പത്തടിപാലവും കേറി കുമാരന്റെ ഷാപ്പിൽ കയറിയിരുന്നാൽ ഒൻപതുമണിവരെ പാട്ടും കൂത്തും..

 

കപ്പയും മീനും മൂക്കോളം വലിച്ചുകേറ്റി ഇച്ചിരി പൊതിഞ്ഞും വാങ്ങി കൃത്യം പത്തിനു താൻ എഴുന്നേൽക്കുമ്പോ രവീടെ ഡയലോഗ്‌ വരും

 

‘‘പെണ്ണുമ്പിളേനെ കെട്ടിപിടിച്ചു കിടന്നില്ലേൽ ഈ മാപ്ളയ്ക്കുറക്കം വരില്ലെന്ന്’’

 

രവീടെ കളിയാക്കൽ കേട്ട് കടയിൽ നിന്നൊരു കൂക്കിവിളി ഉയരും..

 

‘‘അതേടാ എന്റെ പെണ്ണുമ്പിള്ളനല്ലേ അല്ലാൻഡ് കരക്കാരുടെ അല്ലാലോ.. എന്തന്റെ ചൊറിച്ചിലാഡ നിനക്ക്’’

 

‘‘കൂടെ നടന്നിട്ടും അതറിയാൻ മേലെ... അവന്റെ കെട്യോള് കണ്ടവന്റെ കൂടെ പോയതിന്റെ സൂക്കേഡ്.. അല്ലാൻഡ് എന്താ.’’

 

അത് കേട്ട രവി ഒരുനിമിഷം തല കുനിച്ചു മിണ്ടാതിരിക്കും. പിന്നെ  വിഷയം മാറ്റാൻ പാട്ടേൽ കേറിപിടിയ്ക്കും 

 

എന്തായിരുന്നു രവീടെ ആ പാട്ട്..

 

അയാളത് ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ദേഷ്യം വന്നു. കുറെ നേരമായി മൂളിക്കൊണ്ടു ചുറ്റിപറ്റി നടന്ന കൊതുകിനെ മലർന്നു കിടന്ന് രണ്ടുകൈകൊണ്ട് ആഞ്ഞടിച്ചു. പിന്നെ പതിയെ കൈ തുറന്നുനോക്കി.

 

ചത്തു മലച്ച കൊതുക് കൈക്കുള്ളിൽ..

 

ലോകം വെട്ടിപ്പിടിച്ച സന്തോഷം

 

നാളെപോയി രവീനെ കാണണം. പാട്ട് ഏതാന്നു ചോദിക്കണം. 

 

അന്തോണി ഉറപ്പിച്ചു.

 

‘‘എടി സൂസി,നീ ഉറങ്ങിയോടി’’

 

അപ്പുറത്ത് നിന്നും അനക്കമൊന്നുമില്ല...

 

‘‘എടീ പിശാചെ...നീ ചത്താൽ ഞാൻ പിന്നെ ആരെ കെട്ടിപ്പിടിച്ചു ഉറങ്ങുമെടി ’’

 കള്ള് മോന്തി വീട്ടിലെത്തിയാൽ, കിടക്കപ്പായിൽ കിടന്നാൽ പറ്റായാലും ഇല്ലേലും കാലെടുത്തു സൂസിടെ അരയ്ക്ക് കയറ്റിവെച്ച് വട്ടം ചുറ്റിപിടിച്ച് അന്തോണി ചോദിക്കും

 

ആ ചോദ്യം വീണ്ടും അന്തോണി ആവർത്തിച്ചു.

സൂസിക്ക് മിണ്ടാട്ടമില്ല.

 

പണ്ട് അവള് ആ ചോദ്യം കേൾക്കുമ്പോൾ വലിഞൊന്നു മുറുകും. എന്നിട്ട് പറയും

 

‘‘നിങ്ങള് ചത്തിട്ടെ ഞാൻ പൂവള്ളൂ മനുഷ്യാ.... നോക്കിക്കോ ’’

 

ദിവസം മുഴുവൻ അന്തോണി ചേട്ടൻ ഇന്നലെകളിലെ സുന്ദരനിമിഷങ്ങളെ , ചികഞ്ഞു പുറത്തെടുക്കാൻ ശ്രമിക്കും. രവിയും കണാരനും  ഓർമ്മയിൽ വിരുന്നിനെത്തും ചായക്കടയിലും പാടത്തും ഷാപ്പിലും അവരൊന്നിച്ചു നിരങ്ങിനടക്കും.. 

 

ഇടയ്ക്ക് ഷാപ്പില് അപ്പന് കൂട്ടിന് കൈയേൽ തൂങ്ങി ജോണിയും ഓശപ്പനും കൂടെ കൂടും. 

 

‘‘അപ്പന്റെ കുടി മക്കള് പഠിക്കണ്ട ട്ടാ’’ സൂസി പുറകേന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.

 

സൂസി.. ബാലുമ്മൽ തറവാട്ടിലെ വെള്ളയപ്പം പോലത്തെ പെണ്ണ്.. എന്തൊരു ചേലായിരുന്നു അവളെ കാണാൻ. ചട്ടയും മുണ്ടും ഉടുത്ത് കസവുമുണ്ടും ചുറ്റി പള്ളിയിൽ പോകുന്ന സൂസിയെ കാണുമ്പോൾ കലുങ്കിൽ ബീഡി വലിച്ചിരിക്കണ ആണുങ്ങൾ പറയും.

 

‘‘അന്തോണിടെ യോഗം’’

 

പകൽ മുഴുവൻ അന്തോണി ചേട്ടൻ സൂസിടെ അരികിലിരുന്നു പഴങ്കഥ പറഞ്ഞുകൊണ്ടിരിക്കും. 

 

‘‘എടി സൂസി, നീയൊന്നു മൂളെങ്കിലും. ചെയ്യടി.’’

 

കുറെ തവണ ആവശ്യപ്പെടുമ്പോൾ സൂസിയുടെ മൂളുന്ന കുഞ്ഞുശബ്ദം അന്തോണിചേട്ടന്റെ ചെവിയിൽ മുഴങ്ങും.

 

വലിയൊരു നെടുവീർപ്പിട്ടുകൊണ്ട് അന്തോണി വീണ്ടും കിടക്കയിൽ ചായുകയും വായുവിൽ എന്തോ എഴുതുകയും മായ്ക്കുകയും പിന്നെ പതിയെ ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യും.

 

പിറ്റേന്ന് വെളുപ്പിനെ തന്നെ ചാടിപ്പിടിച്ചെഴുന്നേറ്റ് പുറത്തേയ്ക്ക് പോകാൻ ഒരുങ്ങുന്ന അപ്പനെ കണ്ട് ഓശപ്പന്റെ കെട്യോള് നിഷമ്മ അന്തിച്ചു. അടുക്കളയിൽ കേറി മാവ് കലക്കുന്ന  നേരത്തു വെട്ടവും  വെളിച്ചവും വീഴും മുന്നേ കോലായിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിപോകുന്ന  രൂപത്തെ ജനാലയ്ക്കൽക്കൂടിക്കണ്ട് അവളൊന്നു ഭയന്നിരുന്നു.

 

‘‘ഇതെങ്ങടാ വെളുപ്പാൻ കാലത്ത് ? ’’ അവളോടി പുറത്തേയ്ക്ക് വന്നു.

 

‘‘ആ രവീനെ ഒന്നു കാണണം’’

 

‘‘അപ്പാ, എന്തിന്റെ പുറപ്പാടണപ്പാ..? അപ്പനിപ്പോ അകത്തേയ്ക്ക് പോകുന്നുണ്ടോ ഇല്ലയോ?’’ 

 

അവളുടെ സ്വരമുയർന്നിരുന്നു.

 

അനുസരണയുള്ള കുഞ്ഞാടായി അന്തോണി വീണ്ടും അകത്തേയ്ക്ക് കയറി.

 

‘‘നിനക്കറിയോ ആ പാട്ട്. ഞങ്ങള് പാടണ പാട്ട് ’’

 

ഒരു കുഞ്ഞിനെപ്പോലെ അന്തോണി മരുമോളോട് ചോദിച്ചു.

 

രാവിലെന്നെ പണിമുടക്കായി മുന്നിൽ നിൽക്കുന്ന അപ്പനോടുള്ള ഈർഷ്യയിൽ അവൾ അപ്പനെ അകത്തേയ്ക്കു കയറ്റി വാതിലടച്ചു പറഞ്ഞു..

 

‘‘ഇന്നലേം ഉറങ്ങിയില്ല ല്ലേ.. ഇതിനായിരുന്നോ ഇന്നലെ രാത്രി മുഴുവൻ മുറിയിൽ ഒച്ചയും ബഹളവും ഉണ്ടാക്കിയത്. ഓശപ്പൻ എഴുന്നേൽക്കട്ടെ അപ്പനിപ്പോപോയി കിടന്നുറങ്’’

 

അന്തോണി നിരാശയോടെ വീണ്ടും മുറിയിലേക്ക് കയറി. വല്ലാത്ത ശൂന്യത. ഫാനിന്റെ സ്വിച്ചിട്ടു. അത് വീണ്ടും ഞരക്കം തുടങ്ങി.

 

എന്തായാലും രവീനെ കാണണം. അന്തോണി മനസ്സിൽപറഞ്ഞു.

 

അന്ന്, വൈകിട്ട് മരുമോളു കാണാതെ അന്തോണി വീട്ടിൽനിന്നും ചാടി. സൂസി ഒരു വശം ചെരിഞ്ഞു കിടന്നുറക്കമാണ്‌ . 

 

ഉറങ്ങട്ടെ വിളിക്കണ്ട പാവം വയ്യാഞ്ഞിട്ടാണ്. ഒരുപാട് പണിയെടുത്ത പെണ്ണാണ്. 

 

അന്തോണി വാതിൽ പതിയെ ചാരി പുറത്തേക്കിറങ്ങി.

 

ഒരായുസ്സ് നടന്നു തീർത്ത വഴികൾ. എല്ലാം മാറിപോയിരിക്കുന്നു. ആരൊക്കൊയോ എന്തൊക്കെയോ ചോദിച്ചു. അന്തോണി എല്ലാരേം നോക്കി കൈകൾ ഉയർത്തിവീശിപറഞ്ഞു

 

‘‘രവീനെ കാണാൻ പൂവാ.’’

 

തോട്ടുമൂക്ക് കവലയിൽ എത്തിയപ്പോൾ അന്തോണിയൊന്നുനിന്നു. 

 

വഴിയാകെ മാറിപോയിരിക്കുന്നു. വീരാന്റെ കടയെവിടെ? വർഷങ്ങളായി പുറത്തേയ്ക്ക് ഇറങ്ങിയിട്ട്. സൂസിയ്ക്ക് വയ്യാതെയായതിൽ പിന്നെ അവളെ വിട്ട് അധികം പുറത്തു പോയിട്ടില്ല ഓശപ്പൻ ഇടയ്ക്ക് കാറിൽ ആശുപത്രിയിൽ കൊണ്ടുപോകും. അത്രെ ന്നെ!

 

അന്തോണി വീണ്ടും മുന്നോട്ട് നടന്നു. പത്തടിപാലം കയറും മുന്നേ മുന്നിൽ രവി പ്രത്യക്ഷപ്പെട്ടു. പഴയ കൈലിയും വരയൻ ഷർട്ടും ചുണ്ടിലൊരു ബീഡിയും ഒരു ചൂണ്ടയുമായി ദാ ഇരിക്കുന്നു

 

‘‘എന്റെ രവിയെ.. നിന്നെ കണ്ടിട്ട് എത്ര നാളായെടാ. ഒന്നു വന്നൂടെ വീട്ടിലേയ്ക്ക് ഇടയ്ക്ക് ’’

 

‘‘അതാ ഇപ്പൊ കലക്കീത്. നമ്മള് ഇന്നലേം ഇവിടേം വന്നതല്ലേ.. ഓർമ ഇല്ലേ.?.’’ രവി പതിവുപോലെ പൊട്ടിച്ചിരിച്ചുപറഞ്ഞു.

 

രവിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്. 

‘‘നമ്മുടെ കണാരനുണ്ടല്ലോ ഇപ്പോൾ അമേരിക്കയിൽ കള്ള് കിട്ടാതെ മുറിയിൽ ചടഞ്ഞിരിപ്പുണ്ടാവും. വല്ല കാര്യമുണ്ടോ ഈ വയസാം കാലത്ത് അന്യ നാട്ടിൽ പോയി കിടക്കാൻ.. നമ്മുടെ ഈ ഷാപ്പും മീനും കപ്പേം ഹോ.. ഞാൻ പോവില്ല എങ്ങോട്ടും.’’

 

രവി ബീഡി ആഞ്ഞുപുകച്ചു. ചൂണ്ട പെട്ടെന്നൊന്നു വലിഞ്ഞു. രവി സംസാരം നിർത്തി ചൂണ്ടയിൽ ശ്രദ്ധിച്ചു. ചൂണ്ടയിൽ കൊളുത്തിയ മീനെ കാണാൻ അന്തോണി മുന്നോട്ടാഞ്ഞു 

 

‘‘അപ്പാ,’’

 

വിളി കേട്ടതും അന്തോണി തിരിഞ്ഞു നോക്കി. ഓടിക്കിതച്ചു ഓശപ്പൻ അലറിവിളിച്ചു മുന്നോട്ട് വരുന്നു.

 

‘‘എന്താപ്പ ഇത്. ഇങ്ങനെ ഇറങ്ങി പോണത്? ഇപ്പോൾ ഞാനിവിടെ എത്തിയില്ലായെങ്കിൽ’’

 

ഓശപ്പന് സങ്കടം വരുന്നുണ്ടായിരുന്നു.

 

‘‘എടാ രവി. രവീനെ കാണാൻ വന്നതാടാ’’

 

‘‘അപ്പാ, രവിച്ചേട്ടൻ ഈ തോട്ടിലല്ലേ രണ്ടു വർഷം മുന്നെ  കള്ളും കുടിച്ചു ബോധം ഇല്ലാതെ വീണു മരിച്ചത്. അപ്പനല്ലേ ഇറങ്ങി എടുത്തത്?’’ ഓശപ്പൻ അപ്പനെ കാറിൽ പിടിച്ചിരുത്തികൊണ്ട് പറഞ്ഞു.

 

അന്തോണി തല ചെരിച്ചുനോക്കി. കാറു സ്റ്റാർട്ട് ചെയ്യുമ്പോഴും രവി അവിടെത്തന്നെ നിൽപ്പുണ്ട്. 

 

‘‘ചെല്ലു ചെല്ല്, കെട്യോളെ കെട്ടിപ്പിടിച്ചു കിടന്നില്ലേൽ ഉറക്കം വരില്ലല്ലോ പൊയ്ക്കോ പൊയ്ക്കോ.’’ രവി ഉറക്കെ വിളിച്ചു പറയുന്നു.

 

അന്തോണി ചിരിച്ചും കൊണ്ട്‌ രവിനെ നോക്കി കൈകൾ വീശി.

 

കാലത്താറുമണി നേരമാവുമ്പോ 

മിന്നലും ചൂളടി കേൾക്കണ് 

അത് കാലത്ത് നേരത്തെ 

നെല്ലു കമ്പനി കുത്തുന്നരത്ഭുതം കേൾക്കുന്നെ..

പത്തു നൂറായിരം പെണ്ണുങ്ങളുണ്ടതിൽ

പത്തു നൂറായിരം ആണുങ്ങളുണ്ടതിൽ

അങ്ങനെ കമ്പനി പോകുന്നേ...

 

അന്തോണി കാറിലിരുന്നു പാടികൊണ്ടിരുന്നു. അപ്പന്റെ പാട്ടിന് തോട്ടുമുക്കിൽ ഒരിക്കൽ വിളഞ്ഞു നിന്നിരുന്ന മഞ്ഞകതിർമണികളുടെ  പഴുത്ത ഗന്ധമെന്നു ഓശപ്പനോർത്തു.  

 

പാട്ട് കിട്ടിയതും അന്തോണിയ്ക്ക് മനസ്സൊന്ന് കുളിർന്നു. രാത്രി മുഴുവൻ പാട്ടിന്റെ വരികൾ ആലോചിച്ചു കിടപ്പായിരുന്നു ഇനി പോയി കിടന്നൊന്നുറങ്ങണം..സൂസി മരുന്നു കഴിച്ചോ ആവോ? 

 

അന്തോണി സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് കാർ ചവിട്ടിയതും അന്തോണി മോനെയൊന്നു നോക്കി..

 

ഇവിടെ എന്താ..?

 

പുഴയ്ക്ക് അഭിമുഖമായി തലയുയർത്തി നിന്ന പള്ളിയ്ക്ക് മുൻപിലെ ഇടവകപ്പള്ളി..

‘‘അപ്പാ, ബാ ഇറങ്..’’ ഓശപ്പൻ കാറിന്റെ ഡോർ തുറന്നുനിന്നു.

 

പുറത്തിറങ്ങിയ അപ്പന്റെ കൈപിടിച്ചു ഓശപ്പൻ മുന്നിൽ നടന്നു. ഒരിക്കൽ തന്റെ വിരലുകളിൽ മുറുകെപിടിച്ച കൈകൾക്കിന്ന് തണുപ്പ് ബാധിച്ചിരിക്കുന്നു. 

 

പള്ളിയ്ക്ക് പിന്നിൽ വിശാലമായ പറമ്പാണ്‌. കഴിഞ്ഞ മഴക്കാലം ആ പ്രദേശത്തെ പൊന്തക്കാടുകൊണ്ട് നിറച്ചിരിക്കുന്നു. കാട് പിടിച്ചു ആ പ്രദേശത്തെ ആദ്യമായെന്നവണ്ണം അന്തോണി നോക്കിക്കണ്ടു.

 

‘‘അപ്പാ. പ്രാർത്ഥിക്ക്.. അമ്മച്ചിയ്ക്ക് വേണ്ടി ’’

 

ഓശപ്പൻ കണ്ണടച്ചുനിന്നു. അന്തോണി മോനെ നോക്കിനിന്നു. 

‘സൂസി അന്തോണി’ എന്ന് കൊത്തിവെച്ച, മുന്നിലുള്ള കല്ലറയിൽ കത്തിച്ച മെഴുകുതിരി ഉരുകി വീണ് കിടപ്പുണ്ട്.

 

തിരികെ വീടെത്തുവോളം അവർ ഒന്നും മിണ്ടിയില്ല. കാറിൽ നിന്നും ഇറങ്ങി പടികയറും നേരം ഓശപ്പൻ അപ്പന്റെ കൈയിൽപിടിച്ചു

 

‘‘അപ്പാ ഇനിയിങ്ങനെ ഇറങ്ങി പോകല്ലേ.. അപ്പാ.. ഞങ്ങളെയിങ്ങനെ എടങ്ങേറിലാക്കല്ലേ’’

 

അന്തോണി ഒന്നും മിണ്ടാതെ മോന്റെ തലയിൽ തലോടി. പിന്നെ സ്വന്തം  മുറിയിലേയ്ക്ക് നടന്നു. ചാരിയിട്ട  വാതിൽ പതിയെ തുറന്ന് ഉടുപ്പ് മാറ്റി ഫാനിട്ട് കട്ടിലിൽ ചാഞ്ഞു. സൂസി ഇപ്പോഴും ഉറക്കമാണ്.

 

‘‘എടി സൂസമ്മോ’’

 

സൂസി  പതിയെ ഒന്നുമൂളി...

 

ചെരിഞ്ഞുകിടന്ന് സൂസിയെ കെട്ടിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ച്‌ ഉറങ്ങാൻ ശ്രമിച്ച്‌ അന്തോണി പതിയെ ചെവിയിൽ പറഞ്ഞു.

 

‘‘എടി സൂസമ്മോ.. നീയെങ്ങാനും ചത്തുപോയാൽ.. ഞാൻ പിന്നെ ആരെ കെട്ടിപ്പിടിച്ചുറങ്ങുമെടീ’’

 

Content Summary: Manthradwani, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com