ADVERTISEMENT

വിശ്വാസം (കഥ)

 

‘‘തിരുമേനി വീട്ടിലേക്കു എളുപ്പവഴി ആണല്ലോ എന്നു കരുതി ഇന്ന് കാട്ടിലൂടെ പോകണ്ട ട്ടോ ഇന്നലെ പോലീസും മാവോയിസ്റ്റുകളും ആയി വെടിവെപ്പ് ഉണ്ടായത്രെ. അഞ്ചു ആളുകൾ മരിച്ചൂത്രേ. ഇനി ആരെങ്കിലും yeക്കി ഉണ്ടോ എന്നാർക്കറിയാം. കൂടാതെ കാട്ടിൽ ഒക്കെ പോലീസ് തിരയുന്നും ഉണ്ട്’’

 

അമ്പലം അടച്ചതിനു ശേഷം വീട്ടിലേക്കു നടക്കുന്ന ഷിബു നമ്പൂതിരിയോട് സുധാകരൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു. അമ്പലത്തിലെ ക്ലർക്ക് ആണ് സുധാകരൻ.

 

ഷിബു നമ്പൂതിരി ആ അമ്പലത്തിൽ എത്തിയിട്ട് അധികം ദിവസം ആയിട്ടില്ല. ഷിബുവിന്റെ അമ്മാവന്റെ മകൻ ശങ്കരേട്ടൻ ആയിരുന്നു അവിടുത്തെ ശാന്തിക്കാരൻ. അദ്ദേഹത്തിന് പി എസ് സി വഴി  ജോലി കിട്ടിയപ്പോൾ പകരം വന്നതാണ് ഷിബു.

അമ്പലത്തിൽ നിന്ന് ഒരു രണ്ടു കിലോമീറ്റർ പഞ്ചായത്തു റോഡിലൂടെ നടന്നാലെ നമ്പൂതിരി താമസിക്കുന്ന വീട്ടിൽ എത്തൂ.

അല്ലെങ്കിൽ കാട്ടിനുള്ളിലൂടെ ഒരു പതിനഞ്ചു മിനുട്ട് നടന്നാൽ എളുപ്പ വഴിയിലൂടെ എത്താം. ആന ഇറങ്ങുന്ന വഴി ആണ് അതെന്നു കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹം കുറുക്കനെയും, കാട്ടുപന്നിയെയും, മാനിനെയും, മയിലിനെയും ഒക്കേ കണ്ടിട്ടുണ്ടെങ്കിലും ആനയുടെ മുന്നിൽ പെട്ടിട്ടില്ല.

 

വഴി കാട്ടിലൂടെ തിരിയുന്ന സ്ഥലത്തു എത്തിയപ്പോൾ ഷിബു ഒന്നു ശങ്കിച്ചു. സുധാകരൻ പറഞ്ഞതു പോലെ കാട്ടിലൂടെ പോയാൽ പ്രശ്നം ആവുമോ. പിന്നെ ഏതായാലും നടത്തം കുറക്കാലോ എന്നു കരുതി കാട്ടിലൂടെ തന്നെ പോകാൻ തീരുമാനിച്ചു.

 

അർജ്ജുനൻ ഫൽഗുനൻ എന്നു നാമവും ചൊല്ലി കാട്ടിനുള്ളിലേക്ക് പ്രവേശിച്ചു. സാധാരണ ആ വഴിക്ക് പോകുമ്പോൾ അർജുനപത്തും ചൊല്ലിക്കൊണ്ടാണ് അദ്ദേഹം നടക്കാറ്. പേടിയുണ്ടോ എന്നു ചോദിച്ചൽ ചെറിയ ഒരു ഉൾഭയം അത്രേ ഉള്ളൂ.ടോർച്ചടിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ പെട്ടന്ന് തന്റെ പുറത്തു തണുത്ത എന്തോ തട്ടിയതുപോലെ തോന്നി. ഞെട്ടി വിറച്ച ഷിബുവിന്റെ കയ്യിൽ നിന്നും ടോർച്ചു തെറിച്ചു വീണു. ഈശ്വര പാമ്പ് വല്ലതും ആവുമോ എന്നു ഭയന്നു തിരിഞ്ഞു നോക്കിയ ഷിബുനമ്പൂതിരി ഞെട്ടിപ്പോയി.

പിറകിൽ തോക്കു തന്റെ തലയുടെ നേരെ ചൂണ്ടി ഒരാൾ.

 

ഇരുട്ടത്ത്  മുഖം വ്യക്തമായില്ല. ഒച്ച വെക്കരുത് ബഹളം വെച്ചാൽ തന്റെ തല ഞാൻ തകർക്കും. മുന്നോട്ടു നടക്കു എനിക്ക് ഭക്ഷണവും ഇന്ന് രാത്രി താമസസൗകര്യവും വേണം. പിറകിൽ നിന്നും കേട്ടത് ഒരു സ്ത്രീയുടെ ശബ്ദം ആണോ അതോ തനിക്കു ഭയംകൊണ്ട് അങ്ങിനെ തോന്നിയത് ആവുമോ.

 

സുധാകരന്റെ വാക്കു കേൾക്കാതെ കാട്ടിൽ കയറിയ നിമിഷത്തെ ശപിച്ചു കൊണ്ട് നമ്പൂതിരി മുന്നോട്ടു ചുവടുകൾ വെച്ചു.

ഇടക്ക് എപ്പോഴോ നടത്തത്തിന്റെ വേഗത കൂടിയപ്പോൾ മെല്ലെ നടക്കു എന്ന ശബ്ദം പിറകിൽ നിന്ന് കേട്ടപ്പോൾ അതൊരു സ്ത്രീ തന്നെ ആണെന്ന് അദ്ദേഹത്തിന് ഉറപ്പായി.

 

നടന്നു വീടിന്റെ ഉമ്മറത്ത് കയറി ലൈറ്റ് ഇടാൻ തുടങ്ങിയ ഷിബുവിനെ പിറകിലെ രൂപം തടഞ്ഞു. ലൈറ്റ് ഇടേണ്ട. അകത്തു കയറി വാതിൽ അടച്ചതിനു ശേഷം മാത്രമെ ഉള്ളിലെ ലൈറ്റും ഇടാവു. ഷിബു അനുസരിച്ചു.

 

വീടിനുള്ളിൽ കയറി ലൈറ്റ് ഇടുന്നതിനു മുൻപു പിറകെ വന്ന രൂപം തന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു. ലൈറ്റ്‌ ഇട്ടപ്പോൾ ആണ് കൂടെ വന്ന ആളെ ഷിബു ശരിക്കും കാണുന്നത്. മെലിഞ്ഞു നീണ്ട ഒരു സ്ത്രീ രൂപം വെളുത്തിട്ടാണോ കറുത്തിട്ടാണോ എന്നു പറയാൻ പറ്റില്ലെങ്കിലും ചന്തമുള്ള മുഖം.

മുഷിഞ്ഞ ഷർട്ടും  ജീൻസും ആണ് വേഷം. കാലിൽ ഷൂവോ ചെരിപ്പോ ഒന്നും ഇട്ടിട്ടില്ല. ഒരു കാല് നിലത്തു ശരിക്കും അമർത്തി ചവിട്ടാതെ തോക്ക് ഇപ്പോഴും തന്റെ നേരെ ചൂണ്ടി നിൽക്കുക ആണ്.

‘‘നിങ്ങൾ ആരാ’’ വിറച്ചു വിറച്ചു ഷിബു ചോദിച്ചു.

‘‘ഈ വേഷം കണ്ടിട്ടു നിങ്ങൾക്ക് മനസ്സിലായില്ലേ’’

‘‘കുട്ടി മാവോയിസ്റ്റ് ആണോ’’

‘‘നിങ്ങൾ അങ്ങിനെ ആണല്ലോ ഞങ്ങളെ വിളിക്കാറ്’’

‘‘നിങ്ങൾക്ക് എന്താ വേണ്ടത്.’’

‘‘എനിക്ക് എന്തെങ്കിലും കഴിക്കാൻ വേണം. ഇന്ന് രാത്രി ഇവിടെ ഒളിച്ചിരിക്കണം. കാട്ടിൽ മുഴുവൻ പോലീസ് ആണ്.’’

‘‘താൻ ആ തോക്ക് അങ്ങോട്ടു മാറ്റി വെക്കു. അതു കാണുന്നത് തന്നെ എനിക്ക് പേടി ആണ്’’

ഒന്നു മടിച്ചിട്ടാണെങ്കിലും അവൾ തോക്കു താഴ്ത്തി.

 

പെട്ടന്ന് തന്നെ ഒരു  കപ്പിൽ വെള്ളം എടുത്തു ഷിബു അവളുടെ നേരെ നീട്ടി. ആർത്തിയോടെ അവൾ അതു മുഴുവൻ കുടിച്ചു തീർത്തു.

 

‘‘താൻ ഇരിക്ക്. ഉച്ചക്ക് അമ്പലത്തിൽ നിന്നും കൊണ്ടുവന്ന നിവേദ്യ ചോറു പാത്രത്തിൽ ഉണ്ട്,  ഉച്ചക്ക് വെച്ച കറി ഞാൻ ഒന്നു ചൂടാക്കാം. അത് ആകെ തണുത്തു കാണും. അപ്പോഴേക്കും ആ കൊട്ടതളത്തിന് അപ്പുറത്തു കുളിമുറി ഉണ്ട് താൻ കയ്യും മുഖവും ഒക്കെ കഴുകി വാ.’’

അവൾ തന്നെ വിശ്വാസം ഇല്ലാത്ത പോലെ ഒന്നു നോക്കി.

‘‘താൻ മടിക്കേണ്ട ഈ രാത്രി  ഭക്ഷണം ചോദിച്ചു വന്ന തന്നെ ഞാൻ ഒറ്റില്ല.അങ്ങിനെ ചെയ്താൽ ഭഗവാൻ എന്നോട് പൊറുക്കോ?’’

മടിച്ചു മടിച്ചു അവൾ കുളിമുറിയിലേക്ക് കയറി.

‘‘സോപ്പും തോർത്തും അവിടെ ഉണ്ടാവും ട്ടോ.‘’’

കറി ചൂടാക്കി കഴിഞ്ഞപ്പോഴക്കും അവൾ കയ്യും കാലും മുഖവും കഴുകി വന്നു. അവളുടെ മുന്നിലേക്ക് പാത്രത്തിലെ മുഴുവൻ ചോറും ഒരു പ്ലെയിറ്റിൽ വെച്ചു കൊടുത്തു

‘‘അപ്പൊ നിങ്ങൾക്കോ’’

‘‘ഞാൻ അമ്പലത്തിൽ നിന്ന് ഇറങ്ങിയപ്പോൾ പായസം കഴിച്ചിരുന്നു. അതുകൊണ്ടു വിശപ്പില്ല.’’

‘‘അതു വേണ്ട ഉള്ളത് നമുക്ക് രണ്ടാൾക്കും കഴിക്കാം’’

‘‘കുട്ടി ഒന്നും കഴിക്കാത്തതല്ലേ കുട്ടി കഴിക്കു.’’ ഷിബു നിർബന്ധിച്ചു.

‘‘നിങ്ങളും കൂടെ കഴിക്കുമെങ്കിൽ മാത്രമേ ഞാനും കഴിക്കു’’ അവൾ തീർത്തു പറഞ്ഞു.

അതോടെ അല്പം ചോറു നമ്പൂതിരിയും എടുത്തു.

 

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷിബു ചോദിച്ചു ‘‘ ഞാൻ ഷിബു നമ്പൂതിരി ആ വളവിന് താഴെ ഉള്ള കൃഷ്ണന്റെ അമ്പലത്തിലെ ശാന്തിക്കാരൻ ആണ്. എന്താ കുട്ടിയുടെ പേര്’’

‘‘മിത്രവിന്ദ’’ അവൾ പറഞ്ഞു.

‘‘ആഹാ ഭഗവാന്റെ ഭാര്യയുടെ പേരാണല്ലോ.’’

‘‘പക്ഷേ ഞാൻ ജാതിയിൽ ക്രിസ്ത്യൻ ആണ്.’’

‘‘ക്രിസ്ത്യാനിക്കു മിത്രവിന്ദ എന്ന പേരോ’’

‘‘ഞങ്ങൾ  ക്രിസ്ത്യൻ നാടാറുമാർ ആണ്. ഞങ്ങൾക്ക് കൂടുതലും പേര് ഹിന്ദു നാമങ്ങൾ ആയിരിക്കും. പക്ഷേ ഞാൻ ഒരു മത വിശ്വാസിയും അല്ല .’’

‘‘നിങ്ങളുടെ നാട് എവിടെയാ’’

‘‘പാറശാല’’

അപ്പോഴേക്കും അവൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. പാത്രം എടുത്തു കൈ കഴുകാൻ നടക്കുമ്പോൾ ആണ് അവളുടെ മുടന്തി ഉള്ള നടത്തം ശ്രദ്ധിച്ചത്.

‘‘കുട്ടിയുടെ കാലിനു എന്തു പറ്റി’’

‘‘അത് കാട്ടിൽ നിന്നും മുള്ളോ കമ്പോ എന്തോ കുത്തി കയറിയത് ആണെന്ന് തോന്നുന്നു.‘’’

‘‘അപ്പൊ നിങ്ങൾ ചെരിപ്പും ഷൂവും ഒന്നും ഇടാതെ ആണോ കാട്ടിൽ നടക്കുന്നത്.’’

‘‘രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഷൂ അഴിച്ചു വെച്ചതായിരുന്നു.ഇടക്ക് ശബ്ദം കേട്ടു ഉണർന്നപ്പോൾ കാണുന്നത് ചീറി വരുന്ന വെടിയുണ്ടകളും വെടിയേറ്റു വീഴുന്ന സഖാക്കളെയും ആണ്. അപ്പൊ പിന്നെ ഷൂ ഇടനൊന്നും സമയം കിട്ടിയില്ല. കയ്യിൽ കിട്ടിയ തോക്കും എടുത്തു കാടിനുള്ളിലേക്ക് ഓടി.’’

‘‘നിങ്ങൾ എത്ര ആളുകൾ ഉണ്ടായിരുന്നു’’

‘‘ഞാനടക്കം ആറു ആളുകൾ’’

‘‘അപ്പൊ കുട്ടി ഒഴികെ ബാക്കി എല്ലാരും മരിച്ചു അല്ലെ’’

‘‘ആരു പറഞ്ഞു’’

‘‘അങ്ങാടിയിൽ ആളുകൾ പറയുന്നത് കേട്ടു. കാട്ടിൽ മുഴുവൻ പോലീസ് തിരയുന്നുണ്ടെന്നും’’

പെട്ടന്ന് അവൾ മുഖം പൊത്തി തല താഴ്തി ഇരുന്നു. കരയുന്നത് താൻ അറിയാതിരിക്കാൻ ആണെന്ന് തോന്നിയ ഷിബു റൂമിലേക്ക് പോയി കട്ടിലിൽ നിന്നും ഒരു പായയും തലയിണയും പുറത്തു കൊണ്ടു വന്നിട്ട് പറഞ്ഞു.

‘‘താൻ ആ റൂമിൽ പോയി കിടന്നോ. ഞാൻ ഇവിടെ കിടന്നോളാം’’

‘‘വേണ്ട ഞാൻ ഇവിടെ കിടന്നോളാം’’

അവൾ സംശയം മാറാത്ത ഭാവത്തിൽ പറഞ്ഞു.

‘‘പേടിക്കണ്ട സഹായം ചോദിച്ചു വന്ന തന്നെ ഞാൻ ഒറ്റി കൊടുക്കില്ല.’’

‘‘അതല്ല നിങ്ങൾ റൂമിൽ തന്നെ കിടന്നോളൂ എനിക്ക് എവിടെ ആയാലും കുഴപ്പം ഇല്ല കാട്ടിൽ ഒക്കെ കിടന്നു നല്ല ശീലം ആണ്’’

‘‘അതല്ല കുട്ടി. എനിക്ക് രാവിലെ മൂന്നു മണിക്ക് എണീറ്റു റെഡി അയാലെ സമയത്തിന് അമ്പലത്തിൽ എത്താൻ കഴിയൂ. അതു കൊണ്ടു താൻ റൂമിൽ കിടക്കുന്നതാണ് എനിക്ക്‌ സൗകര്യം’’

അവൾ മനസില്ല മനസ്സോടെ റൂമിലേക്ക് കയറി.

‘‘ആ പിന്നെ ഞാൻ രാവിലെ പോകുമ്പോൾ വാതിൽ പുറത്തു നിന്നു പൂട്ടും. താൻ എപ്പോഴാ എന്നു വെച്ചാൽ അടുക്കള ഭാഗത്തെ വാതിൽ തുറന്നു പൊയ്ക്കോളൂ. അടുത്തൊന്നും വീടുകൾ ഇല്ലാത്തതു കൊണ്ട് ആരും കാണും എന്നു പേടിക്കണ്ട. പിന്നെ ചായയോ എന്തെങ്കിലും ഉണ്ടാക്കി കഴിക്കണമെങ്കിൽ ചായപ്പൊടി, പഞ്ചസാര ഒക്കെ അടുക്കളയിൽ ഉണ്ട്. റവയും ഉണ്ട്. എന്താണ് എന്നു വെച്ചാൽ ഉണ്ടാക്കി കഴിച്ചോളൂ’’

‘‘താൻ റൂമിന്റെ വാതിൽ ഉള്ളിൽ നിന്നും കുറ്റി ഇട്ടേക്കു ട്ടോ. കൃഷ്ണ ഗുരുവായൂരപ്പ അരുതാത്തത് ഒന്നും മനസ്സിൽ തോന്നിക്കല്ലേ ഭഗവാനെ’’ എന്നും പ്രാർത്ഥിച്ചുകൊണ്ട് 

‘‘ ഉഗ്രവീര്യം മഹാവിഷ്ണും ജ്വലന്തം സർവതോ മുഖം,നൃസ്സിഹം ഭീക്ഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം’’എന്ന നരസിംഹ മന്ത്രവും ചൊല്ലി ഷിബു നമ്പൂതിരി ഉറങ്ങാൻ കിടന്നു. 

 

രാവിലെ ഉറക്കമുണർന്ന നമ്പൂതിരി തുറന്നു കിടക്കുന്ന വാതിലിലൂടെ നോക്കുമ്പോൾ ആ യുവതി നല്ല ഉറക്കം ആണ്. ഉറങ്ങുമ്പോഴും ഒരുകൈകൊണ്ടു തോക്കു മുറുകെ പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ നമ്പൂതിരിക്ക് ചിരി വന്നു. പ്രഭാത കൃത്യങ്ങൾ കഴിച്ചു വാതിൽ പൂട്ടി ഇറങ്ങുമ്പോഴും അവൾ നല്ല ഉറക്കം ആയിരുന്നു.

 

അന്ന് അമ്പലത്തിൽ നല്ല തിരക്ക് ഉള്ള ദിവസം ആയിരുന്നു. നട അടച്ചു പുറത്തിറങ്ങുമ്പോൾ മിത്രവിന്ദ പോയിരിക്കുമോ എന്നായിരുന്നു സംശയം. ഏതായാലും പതിവിലും അല്പം കൂടുതൽ പടച്ചോറ് പാത്രത്തിലാക്കി. ബാക്കി ഉണ്ടായിരുന്ന പാൽപായസത്തിൽ അല്പം ഒരു കവറിൽ എടുത്തു സഞ്ചിയിൽ വെച്ചു ധൃതിയിൽ വീട്ടിലേക്കു നടന്നു.

വീടിനു മുന്നിൽ എത്തിയപ്പോൾ അകത്തുനിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല. പോയിരിക്കും എന്നു തോന്നുന്നു. വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയപ്പോൾ റൂമിൽ അവളുണ്ട് വാതിൽക്കലെക്കു തോക്കു ഉന്നം പിടിച്ചു ഇരിക്കുന്നു.

‘‘ I am sorry,കുളിച്ചപ്പോൾ മാറാൻ ഡ്രസ് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ഒരു മുണ്ടും ഷർട്ടും എടുത്തു.’’

‘‘അതു സാരമില്ല’’. അയാൾ പറഞ്ഞു.‘‘നിങ്ങൾ പോയിരിക്കും എന്നാണ് ഞാൻ കരുതിയത്’’

‘‘ഞാൻ പോകണം എന്നു കരുതിയതാണ്. പക്ഷേ കാലു നിലത്തു വെക്കാൻ പറ്റുന്നില്ല. ഭയങ്കര വേദന’’

‘‘തോക്കു ഉപയോഗിച്ചു നാടിനെയും പോലീസിനെയും ഒക്കെ ഭയപ്പെടുത്തുന്ന മാവോയിസ്റ്റ് ഒരു മുള്ളു കൊണ്ട വേദനയിൽ കരഞ്ഞ് ഇരിക്കുന്നു’’ എന്നു പറഞ്ഞപ്പോഴേക്കും ചിരിച്ചു പോയി.

അതിന്റെ തമാശ ഉൾക്കൊണ്ടിട്ടോ എന്തോ അവളുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.

‘‘സാരമില്ല ഞാൻ ഇപ്പൊ തന്നേ പോയേക്കാം’’ അവൾ പറഞ്ഞു.

‘‘അയ്യോ അതൊന്നും വേണ്ട നിങ്ങൾ നടക്കാൻ ആയിട്ടു പോയാൽ മതി’’

‘‘രാവിലെ എന്തെങ്കിലും കഴിച്ചുവോ’’

‘‘ഞാൻ ഒരു ചായ ഉണ്ടാക്കി കുടിച്ചു’’

‘‘ഇതാ ഞാൻ അമ്പലത്തിൽ നിന്നും പായസം കൊണ്ടുവന്നിട്ടുണ്ട്. അതു കഴിച്ചോളൂ’’ അയാൾ പായസം ഒരു ഗ്ലാസ്സിലേക്കു പകർന്നു അവൾക്കു കൊടുത്തു.

 

അവൾ അതു കഴിക്കുമ്പോഴേക്കും അയാൾ ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കി അതിൽ കുറച്ചു ഉപ്പ് ഇട്ടു അവളുടെ മുന്നിൽ വെച്ചു കൊടുത്തു.‘‘കാലു കുറച്ചു നേരം ഈ വെള്ളത്തിൽ ഇറക്കി വെച്ചോളൂ വേദനക്ക് അല്പം കുറവുണ്ടാവും’’. അവൾ മടിച്ചിരുന്നപ്പോൾ അയാൾ തന്നെ അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു അവളുടെ കാലു പിടിച്ചു വെള്ളത്തിലേക്ക് വെച്ചു . ചൂടുകാരണമാണെന്നു തോന്നുന്നു അവൾ പെട്ടന്ന് കാലു പിറകിലേക്ക് വലിച്ചു. അയാൾ വെള്ളം തൊട്ടുനോക്കി ‘‘അധികം ചൂടൊന്നും ഇല്ല.’’

വീണ്ടും അയാൾ കാലു പിടിച്ചു മടമ്പിൽ നോക്കി. എന്തോ ആഴത്തിൽ കുത്തികയറിയ പാട് കാണുന്നുണ്ട്.അവിടെ മെല്ലെ ഒന്നു തൊട്ടു നോക്കി.‘‘ആഹ്’’ എന്നു ഒച്ച വെച്ചു അവൾ കാൽ ശക്തിയിൽ വലിച്ചു.

‘‘അതു  പഴുക്കാൻ തുടങ്ങിയിരിക്കുന്നു കുട്ടി.ഇനി ഒന്നുകിൽ ഡോക്ടറുടെ അടുത്തു പോയി കീറേണ്ടി വരും.അല്ലെങ്കിൽ പഴുത്തു സ്വയം പൊട്ടി പോകും.ഏതായാലും തനിക്കു രണ്ടുമൂന്നു ദിവസം നടക്കാൻ കഴിയും എന്നു തോന്നുന്നില്ല.’’

‘‘മൂന്നു ദിവസമോ’’ എന്നു പറഞ്ഞു അവൾ കാലിന്റെ അടിഭാഗത്തെക്കു ഒന്നു കൂടി നോക്കി.

അപ്പോഴേക്കും അവൾ പായസം കുടിച്ചു വെച്ച ഗ്ലാസ് അയാൾ കയ്യിലെടുത്തു.‘‘അയ്യോ അതു ഞാൻ കഴുകാം’’. അവൾ പറഞ്ഞു.

‘‘താൻ ഇപ്പൊ കാലു ആ വെള്ളത്തിൽ മുക്കി വെക്കു. ഇതൊന്നു ഞാൻ കഴുകിയാലും ഒന്നും സംഭവിക്കില്ല’’. അയാൾ ഗ്ലാസ് എടുത്തു പോയി. അവൾ കാൽ ഉപ്പുവെള്ളത്തിൽ മുക്കി വെച്ചു.

 

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ ചോദിച്ചു ‘‘താൻ എങ്ങിനെയാ മാവോയിസ്റ്റ് ആയതു. വീട്ടുകാരെയും നാടിനെയും ഒക്കെ ഉപേക്ഷിച്ചു ഈ കാട് കയറി നടക്കേണ്ട ആവശ്യം ഉണ്ടോ’’

കുറച്ചു സമയം അവൾ ഒന്നും പറഞ്ഞില്ല. പിന്നീട് പറയാൻ തുടങ്ങി ‘‘ഞാൻ മാവോയിസ്റ്റ് ആശയത്തിൽ ആകൃഷ്ടയായി മാവോയിസ്റ്റ് ആയl`ന്നും അല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ അവർ എന്നെ രക്ഷിച്ചു കൂടെ കൂട്ടിയതാ.’’

 

‘‘എന്റെ അച്ഛനും അമ്മയും അനിയനും പിന്നെ ഞാനും. അച്ഛന് വീടിനു അടുത്തു തന്നെ ഒരു കട ആയിരുന്നു. സന്തുഷ്ട ജീവിതം. ആറു വർഷം മുൻപ് ഞാൻ എംഎസ്ഡബ്ള്യൂവിനു പഠിക്കുന്ന സമയം. സാമൂഹ്യ സേവനത്തിനു തിരഞ്ഞെടുത്തത് അട്ടപ്പാടിയിലെ ആദിവാസി കോളനികളെ ആയിരുന്നു. അവിടെ അച്ഛന്റെ ഒരു അകന്ന ബന്ധുവും ഭാര്യയും ഉണ്ടായിരുന്നു. താമസം അവരുടെ കൂടെ ആയിരുന്നു. അവരുടെ ഇടയിൽ പ്രവർത്തിച്ചു വരുമ്പോൾ ആണ് അവരുടെ പ്രശ്‌നങ്ങൾ ശരിക്കും മനസ്സിലാക്കാൻ തുടങ്ങിയത്. അവരിൽ നന്നായി പഠിക്കുന്ന പലകുട്ടികളും ഉണ്ടായിരുന്നു. അവരിൽ ചിലർക്കൊക്കെ ഞാൻ ട്യൂഷൻ എടുത്തിരുന്നു. അതിൽ ഒരു കുട്ടിയായിരുന്നു ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്ന കേശവൻകുട്ടി. വളരെ നന്നായി പഠിച്ചിരുന്ന അവനെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവന്റെ ജീവിതത്തിനു ഒരു ലക്ഷ്യബോധം ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു അൽപ സമയം കൊണ്ടു തന്നെ. ആ സമയത്താണ് എനിക്ക് മനസ്സിലായത് ആദിവാസികൾക്ക് വേണ്ടി സർക്കാറുകൾ ഒരു പാടു പണം ചിലവഴിക്കുന്നുണ്ട്. പക്ഷേ അതൊന്നും അവരിലേക്ക്‌ എത്തുന്നില്ല. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ചേർന്ന് അതൊക്കെ തട്ടി എടുക്കുക ആണെന്ന്.

അത്തരത്തിൽ ഉള്ള ഒരാൾ ആയിരുന്നു ചാണ്ടി കോശി. അന്നത്തെ ഒരു ഭരണകക്ഷി നേതാവ്. അവർക്കെതിരെ ഞാൻ ആദിവാസികളെ സംഘടിപ്പിക്കാൻ ശ്രമിച്ചു. ചിലർക്കൊക്കെ കാര്യങ്ങൾ മനസ്സിലായി. അവർ അയാൾക്കെതിരെ പോലീസിൽ പരാതി കൊടുത്തു. പക്ഷേ നടപടികൾ ഒന്നും ഉണ്ടായില്ല. എന്നാൽ അൽപദിവസങ്ങൾക്കു ശേഷം എനിക്കെതിരെ ഒരു കേസുണ്ടായി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടിയെ ഞാൻ പീഡിപ്പിച്ചു എന്ന്. കേശവൻകുട്ടി ആയിരുന്നു പരാതിക്കാരൻ. എന്റെ പേരിൽ പോക്സോ കുറ്റം ചാർത്തി. എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പോലീസ് ജീപ്പ് മാവോയിസ്റ്റുകൾ ആക്രമിച്ചു എന്നെ മോചിപ്പിച്ചു. നിങ്ങളൊക്കെ ഈ വാർത്ത കേട്ടിട്ടുണ്ടാകും. അന്ന് അതു വലിയ ചർച്ചകൾ ആയിരുന്നു.’’ പറഞ്ഞു നിർത്തിയ അവൾ കിതച്ചു കൊണ്ട് അല്പം വെള്ളം കുടിച്ചു.

 

‘‘കാമാർത്തി പൂണ്ട് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആദിവാസി കുട്ടിയെ ട്യൂഷൻ എടുക്കാൻ എന്നപേരിൽ വിളിച്ചു വരുത്തി പല പ്രാവശ്യം പീഡിപ്പിച്ച കുലടയെ പറ്റി ആഴ്ചകളോളം അന്തിച്ചർച്ച നടന്നിരുന്നതൊക്കെ എല്ലാവരും വിശ്വസിച്ചു. കഴിഞ്ഞ വർഷം ഐ എ എസ് സെലക്ഷൻ കിട്ടിയ കേശവൻ കുട്ടി അവന്റെ ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഉണ്ടാക്കി തന്ന ട്യൂഷൻ ടീച്ചറെ കുറിച്ചും അവർക്കെതിരെ രാഷ്ട്രീയക്കാരനും പോലീസും ചേർന്ന് ഭീക്ഷണിപ്പെടുത്തി കള്ളപരാതി കൊടുപ്പിച്ചതിനെ കുറിച്ചും ഒക്കെ  പറയുന്നത് വരെ.’’

 

‘‘അതിനെ കുറിച്ചും ചാനലുകൾ ചർച്ച നടത്തിയിരുന്നല്ലോ.അന്ന് കള്ളപരാതി കൊടുപ്പിച്ചവർക്കെതിനെ ഇപ്പോഴത്തെ സർക്കാർ കേസും എടുത്തല്ലോ’’

‘‘അതുകൊണ്ടു എന്തു കാര്യം എനിക്ക് നഷ്ടപ്പെടുവാൻ ഉള്ളതെല്ലാം അപ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. മകളുണ്ടാക്കിയ അപമാനം താങ്ങാൻ കഴിയാതെ എന്റെ അച്ഛനും അമ്മയും അനിയനും ആത്മഹത്യ ചെയ്തു. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു മാവോയിസ്റ്റ് എന്നു മുദ്രകുത്തപ്പെട്ടു ഒരു വെടിയുണ്ടയിലോ, അല്ലെങ്കിൽ ഒരു ജയിലറയിൽ ക്രൂര പീഡനങ്ങൾ ഏറ്റോ തീരണം’’

പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുൻപ് ഗദ്ഗദങ്ങൾ അവളുടെ വാക്കുകളെ മുറിച്ചു.

 

അവളുടെ ദുഃഖം കണ്ടപ്പോൾ അവളോട്‌ ചോദിച്ചതൊക്കെ അബദ്ധം ആയി എന്നു ഷിബു നമ്പൂതിരിക്ക് തോന്നി. അൽപസമയം വേണ്ടി വന്നു മിത്രവിന്ദ സമനില വീണ്ടെടുക്കുന്നതിന്. ഭക്ഷണം കഴിച്ച പാത്രങ്ങളും അവളുടെ എതിർപ്പ് വകവെക്കാതെ അയാൾ തന്നെ കഴുകി വെച്ചു.‘‘കുട്ടി കുറച്ചു സമയം ഉറങ്ങിക്കോളു. എനിക്ക് അൽപസമയം ഉറങ്ങണം അമ്പലത്തിലേക്ക് പോകുന്നതിനു മുൻപേ’’

 

അന്ന് രാത്രി പൂജ കഴിഞ്ഞ ഉടനെ അടുത്തുള്ള കടയിൽനിന്നും പതിവില്ലാതെ ഒരുപാക്കറ്റ് പാലും രണ്ടു കിലോ പഴവും വാങ്ങി ആണ് ഷിബു വീട്ടിലേക്കു തിരിച്ചത്.

വീട്ടിൽ എത്തിയപ്പോൾ മിത്രവിന്ദ കിടക്കുക തന്നെ ആയിരുന്നു.‘‘വേദന കൂടുതൽ ഉണ്ടോ’ അയാൾ ചോദിച്ചു.

‘‘നല്ല വേദന ഉണ്ട്.എന്നാലും ഞാൻ നന്നായി ഒന്നു ഉറങ്ങി. തോക്കിൽ നിന്നും കൈ മാറ്റിവെച്ചു  എത്രയോ കാലത്തിനു ശേഷമാണ് ഒന്നു ഉറങ്ങുന്നത്.’’ അവളുടെ മുഖത്ത് അല്പം ഉന്മേഷം തോന്നി.

 

പിറ്റേന്ന് അമ്പലത്തിൽ നിന്നും ഇറങ്ങി ഷിബു നമ്പൂതിരി അങ്ങാടിയിലേക്കു ബസ്സ് കയറി. ഒരു തുണിക്കടയിൽ കയറി മിത്രവിന്ദക്കു ഒന്നു രണ്ടു ഡ്രസ് വാങ്ങുന്നതിനു വേണ്ടി. പക്ഷേ സ്ത്രീകൾക്ക് ഡ്രസ് എടുത്തു പരിചയം ഇല്ലാത്ത നമ്പൂതിരി പരുങ്ങി നിന്നു. അയാളുടെ പരുങ്ങൽ കണ്ടിട്ടു അവിടുത്തെ ഒരു പെണ്കുട്ടി ചോദിച്ചു ‘‘എന്താ വേണ്ടത്.’’

‘‘ഒരു പെണ്കുട്ടിക്ക് വേണ്ട വസ്ത്രങ്ങൾ വേണം ‘‘ചെറിയ കുട്ടി ആണോ, നിങ്ങളുടെ മോൾക്കണോ’’

 ‘‘അയ്യോ അത്ര ചെറിയ കുട്ടി ഒന്നും അല്ല ഒരു യുവതി ആണ്’’

 ‘‘ആർക്കാ ഭാര്യക്കണോ’’

 എന്തൊക്കെ അറിയണം എന്ന ഭാവത്തിൽ ഒന്നു നോക്കിയിട്ട് തലയാട്ടി.

 ‘‘ആ കല്യാണം കഴിഞ്ഞിട്ടു ഭാര്യക്ക് ആദ്യമായി ഡ്രസ് എടുക്കുക ആണല്ലേ.സർപ്രൈസ് കൊടുക്കാനാണോ’’

 നമ്പൂതിരി വീണ്ടും തലയാട്ടി.

 ‘‘ആട്ടെ സൈസ് എത്രയാ’’

 ‘‘സൈസ് അങ്ങിനെ ഒക്കെ ഉണ്ടോ’’

 ‘‘അയ്യോ അബദ്ധം ആയല്ലോ ഇനി ഇപ്പൊ എന്തു ചെയ്യും’’

 അപ്പോഴാണ് ഏകദേശം മിത്രവിന്ദയുടെ ഉയരവും തടിയും ഉള്ള ഒരു കുട്ടിയെ അവിടെ കണ്ടത്.‘‘ആ കുട്ടിയുടെ അത്ര വലിപ്പം ഉണ്ടാവും’’

 രണ്ടു മാക്സികൾ. ഒരു ചുരിദാർ,മൂന്നു നാലു അടിവസ്ത്രങ്ങൾ. ഒക്കെ വാങ്ങി ബില്ലടിക്കാൻ തുടങ്ങുന്നതിനിടക്കു ചോദിച്ചു ‘‘ഇവിടെ പട്ടു പാവാട ഉണ്ടാവുമോ’’

 ‘‘തുണി വേണോ അതോ റെഡി മൈഡ് വേണോ’’

 ‘‘റെഡി മൈഡ് ഉണ്ടാവുമോ’’

 ‘‘നോക്കാം’’

 ഏതായാലും ഷിബു ഒരു മഞ്ഞ കളർ പാവാടയും ജംബറും കൂടെ വാങ്ങിയിട്ടാണ് കടയിൽ നിന്നും ഇറങ്ങിയത്.

 അടുത്ത ചെരിപ്പു കടയിൽ കയറി ഏകദേശം പകമാവും എന്നു തോന്നിയ ഒരു ഹവായി ചെരുപ്പും,

 അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും രണ്ടു ചോറും പാർസൽ വാങ്ങി.

 

വീട്ടിൽ എത്തി കതകു തുറന്ന നമ്പൂതിരി ആകെ അത്ഭുതപ്പെട്ടു പോയി. വീടൊക്കെ അടിച്ചു തുടച്ചു വൃത്തി ആക്കിയിരുന്നു. മേശയും കസേരയും കട്ടിലും ഒക്കെ സ്ഥാനം മാറ്റി ഇട്ടിരിക്കുന്നു. ഇപ്പോൾ റൂമിൽ സ്ഥലം വർദ്ധിച്ചത് പോലെ തോന്നുന്നു. താൻ അലക്കി കൂട്ടി വെച്ചിരിന്ന ഡ്രസ്സുകൾ ഒക്കെ ഇസ്തിരി ഇട്ടു അടുക്കി വെച്ചിരിക്കുന്നു.

 ‘‘താൻ എന്തിനാടോ  ഈ വയ്യാത്ത കാലും വെച്ചു ഈ പണി ഒക്കെ ചെയ്തത്.’’

 ‘‘എത്ര നേരം എന്നു വെച്ചാണ് ഉറങ്ങിയും വെറുതെ ഇരുന്നും നേരം കഴിക്കുന്നത്  ’’

 കവറുകൾ അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ഇതു തനിക്കു വാങ്ങിയതാണ്.

 ‘‘എനിക്കോ രണ്ടു ദിവസം കഴിഞ്ഞാൽ കാടു കയറാനുള്ള എനിക്കെന്തിനാ ഡ്രസ്സ്.’’

 ‘‘ഏതായാലും അതുവരെ ഇടാലോ. എനിക്കാണെങ്കിൽ അധികം ഷർട്ടും മുണ്ടും ഒന്നും ഇല്ല. അതു കുട്ടി ഇട്ടിരിക്കുന്നത് ബുദ്ധിമുട്ടാവും.’’

‘‘ഇതെന്തൊക്കെ ആണ് മാക്സി, ചുരിദാർ. ഇതെന്താ പട്ടു പാവാടയോ. എനിക്ക് ഇപ്പോ പാവാട പ്രായം തന്നെ’’ അവൾ പൊട്ടിച്ചിരിച്ചു. പക്ഷേ പാവാടയിൽ തന്നെ അൽപസമയം കൂടെ നോക്കി നിന്ന് അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.

‘‘ ഏതു പറ്റിഡോ’’ അയാൾ ചോദിച്ചു.

‘‘എന്റെ പപ്പയെ ഓർമ്മ വന്നു. പപ്പക്കു ഞാൻ പട്ടുപാവാട ധരിക്കുന്നത് ആയിരുന്നു ഏറ്റവും ഇഷ്ടം.’’

‘‘ആ ചെരിപ്പു തനിക്ക് പാകമാണോ എന്നു നോക്കു’’

അയാൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.

അവൾ ഒരു കാലിൽ ചെരിപ്പ് ഇട്ടു നോക്കി.‘‘പാകം’’

‘‘കാല് എങ്ങിനെ ഉണ്ട് പഴുത്തു പൊട്ടാൻ ആയോ’’

‘‘എനിക്കറിയില്ല നോക്കു’’ എന്നു പറഞ്ഞു

അവൾ ഒരു മടിയും കൂടാതെ അയാളുടെ തോളിൽ പിടിച്ചു നിന്നു കാലു പൊക്കി കാണിച്ചു.

‘‘ഇല്ല രണ്ടു ദിവസം കൂടെ പിടിക്കും എന്നു തോന്നുന്നു.ആവുമ്പോൾ അതു പുറത്തോട്ടു കൂർത്തു തള്ളി വരും .’’

അന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.‘‘താൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ’’

‘‘ഇല്ല. പക്ഷേ രണ്ടു വർഷം മുൻപ് ഒരു പീഡന വീരന്റെ ആയുധം ഛേദിച്ചു  കളഞ്ഞിട്ടുണ്ട്. എത്ര സ്കൂൾ കുട്ടികൾ ആയിരുന്നു അവന്റെ ഇരകൾ എന്നറിയാമോ. കേസ് പോലീസ് അന്വേഷിച്ചു എത്തുന്നതിനു മുൻപ് ഞങ്ങൾ സംഗതി നടപ്പിലാക്കി.’’

‘‘ഇങ്ങനെ വീടും കുടുംബവും ഉപേക്ഷിച്ചു ആളുകളെ കൊന്നു നടന്നിട്ട് ആർക്കു കാര്യം’’

 

‘‘കേരളത്തിൽ മാവോയിസ്റ്റുകൾ ആരെയെങ്കിലും കൊന്നു എന്നു കേട്ടിട്ടുണ്ടോ അടുത്ത കാലത്തു എപ്പോഴെങ്കിലും. ഉത്തരേന്ത്യയിൽ ഒക്കെ സംഭവിക്കുന്നുണ്ട് ശരിതന്നെ. ആശയത്തിൽ ആകൃഷ്ടരായി വരുന്നവർ ഉള്ള പോലെ തന്നെ എന്നെയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശങ്കരേട്ടനെയും പോലെ ചിലർ വേറെ മാർഗം ഒന്നും ഇല്ലാതെ ഇവരുടെ കൂടെ കൂടിയിട്ടും ഉണ്ട്. ശങ്കരേട്ടന്റെ മകളെ സ്ത്രീധനം പോര എന്നു പറഞ്ഞു മരുമകനും അവന്റെ അനിയനും കൂടി അരുംകൊല ചെയ്തു. കേസ് തെളിവില്ല എന്നു പറഞ്ഞു തള്ളി പോയി. പക്ഷേ അവരെ രണ്ടു പേരെയും വെട്ടിക്കൊന്നു ആത്മഹത്യ ചെയ്യാൻ കാട്ടിൽ കയറിയ ശങ്കരേട്ടനെ ഞങ്ങൾ കൂടെ കൂട്ടുക ആയിരുന്നു.’’

 

കൂട്ടത്തിൽ മരിച്ച കനകമ്മ ആന്ധ്രാകാരി ആയിരുന്നു. വക്കീൽ. നല്ല പണം ഉള്ള കുടുംബം എല്ലാം ഉപേക്ഷിച്ചു ഗ്രൂപ്പിൽ ചേർന്നവരായിരുന്നു. അതേ പോലെ അമീർ അലി എം ബി ബി എസ് നു പടിക്കുന്നതിനിടെ മാവോയിസ്റ്റ് ആയതാണ്. ബാലൻ ആദിവാസി ആയിരുന്നു. അവരുടെ ആളുകളെ ചൂഷണത്തിൽ നിന്നും രക്ഷിക്കാൻ ആയുധം എടുത്ത ആളാണ്. പിന്നെ ദിവാകരേട്ടൻ  മാത്രം ഒരുപാട് ഓപ്പറേഷനുകളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. ബീഹാറിലും അസാമിലും ഒക്കെ പ്രവർത്തിച്ച ആളാണ്. മൂപ്പരുടെ തലക്ക് ഗവർമെന്റ് വില ഇടുക ഒക്കെ ചെയ്തിട്ടുണ്ട്.’’

‘‘ഇനി താൻ എങ്ങോട്ട് പോകും’’

‘‘അറിയില്ല’’

‘‘ഗ്രൂപ്പിൽ ഉള്ള മറ്റ് ആരെയെങ്കിലും ആയി ബന്ധം ഉണ്ടോ’’

‘‘ഇല്ല’’

‘‘പൊലീസിൽ കീഴടങ്ങിയാൽ’’

‘‘അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ പുറംലോകം കാണിക്കില്ല’’

‘‘പിന്നെ കാട്ടിൽ ഒറ്റക്ക്  കഴിയാനോ’’

‘‘എന്തായാലും തൽക്കാലം കാട്ടിൽ കഴിയണം. എന്നെ ഇവിടെ നിന്നു എങ്ങാനും പിടിച്ചാൽ പിന്നെ നിങ്ങളും പുറംലോകം കാണില്ല.’’

‘‘എന്റെ കാര്യം പോട്ടെ അതിനൊക്കെ ദൈവം എന്തെങ്കിലും വഴികാണിക്കും’’

‘‘ദൈവം’’ അവൾ പുച്ഛഭാവത്തിൽ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

അന്ന് അമ്പലത്തിൽ എത്തിയ ഷിബു നമ്പൂതിരിയോട് സുധാകരൻ ചോദിച്ചു ‘‘തിരുമേനി ആർക്കോ ഡ്രസ്സ് എടുത്തിരുന്നു എന്നു കേട്ടല്ലോ’’

ഇതെങ്ങിനെ സുധാകരൻ അറിഞ്ഞു എന്നു ഓർത്തു ഷിബു ഞെട്ടി.

‘‘അതു പിന്നെ ഭാര്യ വന്നിട്ടുണ്ട്’’ കൃഷ്ണ മാപ്പാക്കണെ  നുണ പറഞ്ഞപ്പോൾ മനസ്സിൽ ഭഗവാനെ ഓർത്തു .

‘‘തിരുമേനിയുടെ കല്യാണം കഴിഞ്ഞതായിരുന്നോ പറഞ്ഞിരുന്നില്ലല്ലോ’’

‘‘അത് ആരും ചോദിച്ചിരുന്നില്ലല്ലോ’’

‘‘അതു ശരിയാ. തിരുമേനി തുണിക്കടയിൽ നിന്നു തുണി വാങ്ങുന്ന സമയത്തു എന്റെ അനിയത്തിയും അവിടെ ഉണ്ടായിരുന്നു. തിരുമേനി ഭാര്യയുടെ സൈസിന് അവളെ ആണ് കാണിച്ചത് എന്നു പറഞ്ഞു അവൾ ഭയങ്കര ചിരി ആയിരുന്നു.’’

ഓ ഭഗവാൻ കാത്തു നമ്പൂതിരി മനസിൽ ഭഗവാന് നന്ദി പറഞ്ഞു.

‘‘അവൾ മദ്രാസിൽ പഠിക്കുക ആണ് ഇന്നലെ ആണ് വന്നത്.’’ വീണ്ടും നാവിൽ വന്ന നുണ പറഞ്ഞു.

‘‘തിരുമേനി എന്നിട്ടു ആ കുട്ടിയെ അവിടെ തനിയെ നിർത്തി ആണോ അമ്പലത്തിൽ വരുന്നത്. പരിസരത്തൊന്നും വേറെ വീടുകൾ പോലും ഇല്ല. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലം. മാത്രമോ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഒക്കെ ഉണ്ട്

ആ കുട്ടി പോകുന്നതു വരെ ആ പഴയ കലവറയുടെ മുകളിൽ ഉള്ള റൂമിൽ താമസിച്ചുടെ‘’’

‘‘അതു ചെയ്യാം പക്ഷേ ഇപ്പൊ അവൾ പറ്റാതെ ഇരിക്കുക ആണ്.’’ ‘‘ഏതായാലും ആ സമയം കഴിഞ്ഞാൽ ഇങ്ങോട്ടു മാറിക്കോളു ശങ്കിക്കണ്ട’’

 

അന്ന് അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന സമയത്തു വഴിയിൽ നിറയെ പോലീസ്കാരുണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോൾ മിത്രവിന്ദ പറഞ്ഞു ‘‘കാലിലെ പഴുപ്പു പോയി കൂടെ വലിയ ഒരു മുള്ളും. ഞാൻ ഒരു മൊട്ടുസൂചി എടുത്ത് ഒരു കുത്തു കൊടുത്തു. കുറെ സമയം വലിയ നീറ്റൽ ആയിരുന്നു. ഇപ്പൊ നല്ല കുറവുണ്ട്. നാളെ നേരെ നടക്കാൻ കഴിയും എന്നു തോന്നുന്നു’’

‘‘അതു നന്നായി വേദന കുറഞ്ഞല്ലോ’’

‘‘ നാളെ ഞാൻ പോകും’’

‘‘എടുത്തു ചാടി ഒരു നീക്കം വേണ്ട നാട്ടിൽ മുഴുവൻ പോലീസ് ആണ്. ഞാൻ വരുന്ന സമയത്തു വഴിയിൽ നിറയെ പൊലീസുകാർ ചുറ്റുന്നുണ്ടായിരുന്നു’’

‘‘അപ്പൊ ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്ക് അപകടം ആണ്’’

‘‘അതൊക്കെ നമുക്ക് വരുന്ന പോലെ നോക്കാം’’

 

പിറ്റേന്ന് രാവിലെ ഇറങ്ങുമ്പോൾ ഉറങ്ങുകയായിരുന്ന അവൾ മൂലയിൽ വെച്ചിരുന്ന അവളുടെ തോക്കും പഴയ ഡ്രസ്സും അയാൾ കയ്യിൽ എടുത്തു പതിവിനു വിപരീതമായി അയാൾ പുലർച്ചെ കാട്ടുവഴിയിൽ കൂടെ പോയി. കാടിനുള്ളിലേക്കു അല്പം കയറിയാൽ കുത്തി ഒലിച്ചു ഒഴുകുന്ന കാട്ടാറിലേക്ക് തോക്കും ഡ്രസ്സും വലിച്ചെറിഞ്ഞു.

അന്ന് അമ്പലത്തിൽ നിന്നും വരുന്ന സമയത്തു സുധാകരൻ പറഞ്ഞു ‘‘നാളെ മുതൽ ഓരോ വീടും കയറി തണ്ടർബോൾട് പരിശോധന തുടങ്ങും. ഒന്നു രണ്ടു പേരെ കൂടെ കിട്ടാനുണ്ടത്രേ’’ അയാൾ പറഞ്ഞു. ‘‘ഉച്ചക്ക് ഞങ്ങൾ കലവറയിലേക്ക് താമസം മറ്റും. ഭാര്യക്ക് നാളെ മുതൽ ഒരാഴ്ച്ച അമ്പലത്തിൽ ഭജന ഇരിക്കണം.

 

ഉച്ചക്ക് വീട്ടിൽ എത്തിയപ്പോൾ മിത്രവിന്ദ ആകെ പരിഭ്രാന്ത ആയിരുന്നു.അവളുടെ തോക്കു കാണാനില്ല എന്നു പറഞ്ഞു.

‘‘അതും ഡ്രെസ്സും ഞാൻ ആറ്റിൽ എറിഞ്ഞു’’

അതു കേട്ടു അവൾ ആദ്യം ക്രുദ്ധയായി ‘‘നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു അല്ലേ’’

അവൾ ചതിക്കപ്പെട്ടു എന്ന വ്ഷമം ആയിരുന്നു അവൾക്ക്.

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു .‘‘നിങ്ങളിൽ നിന്നും ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല’’ അവൾ വിതുമ്പി.

‘‘കുട്ടി അയാൾ പതുക്കെ വിളിച്ചു പോലീസ് എല്ലാ വീടുകളിലും കയറി അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. തോക്ക് അവർ കണ്ടാൽ വലിയ പ്രശ്നം ആവും’’

‘‘നമുക്ക് ഉച്ചക്ക് തന്നെ അമ്പലത്തിലേക്ക് മാറണം തൽക്കാലം അവിടെ സേഫ് ആണ്.’’

‘‘നിങ്ങൾ നിങ്ങളുടെ ജീവൻ വെച്ചു കളിക്കുക ആണ്. ഒരു മാവോയിസ്റ്റിനെ സഹായിക്കുന്നത് തന്നെ വലിയ കുറ്റം . അതിന്റെ കൂടെ ഒരു അഹിന്ദുവിനെ അമ്പലത്തിൽ കയറ്റിയാലോ’’

‘‘അതൊക്കെ ഭഗവാൻ തീരുമാനിച്ചു കൊള്ളൂം. താൻ അമ്പലത്തിൽ കയറുന്നതു ഭഗവാന് ഇഷ്ടം അല്ലെങ്കിൽ അതിനു മുൻപ് അദ്ദേഹം തടഞ്ഞോളും’’

‘‘സത്യം പറഞ്ഞാൽ നിങ്ങൾക്ക് ഭ്രാന്തുണ്ടോ നിങ്ങൾക്ക് ഈ നാടിനെ കുറിച്ചും നിയമങ്ങളെ കുറിച്ചും അറിയാഞ്ഞിട്ടാണ്’’

‘‘എനിക്ക് നാടിനെ കുറിച്ചും നിയമത്തെ കുറിച്ചും അറിയില്ല , പക്ഷേ എന്റെ ഭഗവാനെ നല്ലവണ്ണം അറിയാം’’

‘‘പിന്നെ താൻ ഒരു കാര്യം ചെയ്യണം മദ്രാസിൽ പഠിക്കുന്ന എന്റെ ഭാര്യ വന്നിട്ടുണ്ടെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. നമ്മൾ പുറത്തിറങ്ങുമ്പോൾ താൻ ആ പാവാടയും ജമ്പറും ധരിച്ചാൽ മതി. പിന്നെ ഈ ഡപ്പിയിൽ സിന്ദൂരം ഉണ്ട് അതു നെറ്റിയിൽ ചാർത്തണം. പിന്നെ ഈ മഞ്ഞ ചരട് അതു കഴുത്തിൽ കെട്ടണം അതിന്റെ ഒരറ്റം ഡ്രസ്സിന്റെ ഉള്ളിലേക്ക് ഇട്ടാൽ മതി താലി ഉണ്ടോ എന്നൊന്നും ആരും നോക്കാൻ പോകുന്നില്ല.’’

 

ഏതായാലും അയാളുടെ നിർബന്ധത്തിനു അവൾ മനസ്സില്ല മനസ്സോടെ അനുസരിച്ചു. മഞ്ഞ പട്ടുപാവാടയും ധരിച്ചു സിന്ദൂരം അണിഞ്ഞു ഹവായ് ചെരിപ്പും ഇട്ടു പുറത്തുവന്ന അവളെ ഷിബു ഒന്നുകൂടെ നോക്കി. ഇപ്പൊ ഇവളുടെ കൂടെ ഉണ്ടായിരുന്ന മാവോയിസ്റ്റുകൾക്ക് പോലും ആളെ കണ്ടാൽ മനസ്സിലാവില്ല ഉറപ്പ്. രണ്ടുപേരും അമ്പലത്തിലേക്ക് നടന്നു.

കവലയിൽ എത്തുന്നത് വരെ ആരെയും കണ്ടില്ല. എന്നാൽ കവലയിൽ എത്തിയപ്പോൾ അവിടെ രണ്ടു പൊലീസുകാർ റോഡിന്റെ മറുവശത്തു നിൽക്കുന്നുണ്ട്. അവരിൽ ഒരാൾ വിളിച്ചു പറഞ്ഞു ‘‘ഷിബു നമ്പൂതിരി അവിടെ ഒന്നു നിന്നെ.’’

പെട്ടന്ന് മിത്രവിന്ദ അയാളുടെ കയ്യിൽ പിടിച്ചു ചെവിയിൽ മന്ത്രിച്ചു.‘‘അവർ എന്നെ തിരിച്ചറിഞ്ഞാൽ ഞാൻ നിങ്ങളെ ചവിട്ടി വീഴ്ത്തും എന്നിട്ടു അലറും നീ എന്നെ ചതിച്ചു പോലീസിനെ കൊണ്ട് പിടിപ്പിച്ചു അല്ലെടാ, നിന്നെ ഞാൻ കൊല്ലും എന്നു ഒക്കെ പറഞ്ഞു കൊണ്ടു നിങ്ങളെ ആക്രമിക്കും അതു നിങ്ങളുടെ രക്ഷക്ക് വേണ്ടി ആണ്’’

അപ്പോഴേക്കും പൊലീസുകാർ അടുത്തു എത്തിയിരുന്നു.

 

‘‘എന്താ തിരുമേനി ഭാര്യ എത്തിയ കാര്യം ആരോടും പറയാതെ ഇരിക്കുക ആയിരുന്നു അല്ലെ. ഞാൻ ഇന്നലെ സുധാകരൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. ആട്ടെ കുട്ടി എന്തു ചെയ്യുന്നു’’

അമ്പലത്തിൽ ഇടക്ക് വരുന്ന മാധവൻ എ എസ് ഐ ആയിരുന്നു അതു.

‘‘പഠിക്കുക ആണ്’’

അവൾ മറുപടി പറഞ്ഞു.‘‘എന്താ കുട്ടിയുടെ പേര്’’

‘‘ഷീബ ‘‘അവൾ മറുപടി പറയുന്നതിന് മുൻപ് ഷിബു ചാടി പറഞ്ഞു.

‘‘ഷീബ ഷിബു നല്ല മാച്ചിങ്’’ എ എസ് ഐ ചിരിച്ചു.

‘‘ഏതായാലും പോകുന്നതിനു മുൻപ് ഒരു പാർട്ടി തരണം ട്ടോ.’’

‘‘അതിനെന്താ സാർ’’. അയാൾ ചിരിച്ചു.

‘‘എന്നാൽ നിങ്ങൾ പൊയ്ക്കോളൂ’’

മുന്നോട്ടു നടക്കുമ്പോൾ അയാൾ മനസ്സിൽ കൃഷ്ണന് നന്ദി പറഞ്ഞു.

അമ്പലത്തിൽ എത്തി അന്ന് ഉച്ച മുതൽ അവളെ അയാൾ ശ്രീകോവിലിനു മുന്നിൽ ഭജനക്ക് എന്ന രീതിയിൽ ഇരുത്തി.ഒരു നാരായണീയം  എടുത്തു കയ്യിൽ കൊടുത്തു.‘‘ഇതു വേണമെങ്കിൽ വായിക്കാം അല്ലെങ്കിൽ വായിക്കുന്ന മാതിരി ഇരുന്നോളൂ.’’

‘‘വായന അറിവ് തരുന്നതല്ലേ ഞാൻ വായിച്ചോളാം’’ അവൾ പറഞ്ഞു.

പിറ്റേന്ന് മുതൽ ഒരാഴ്ച്ച തണ്ടർബോൾട്ട് അവിടെ ഓരോ വീട്ടിലും കയറി മുക്കും മൂലയും പരിശോധിച്ചു. കാടിന്റെ എല്ലാ ഭാഗവും ഡ്രോൺ ഉപയോഗിച്ചു പരിശോധിച്ചു. എന്നാൽ സംശയിക്കുന്ന തരത്തിൽ ആരെയും കണ്ടില്ല. ഏതായാലും ആരാധനാലയങ്ങൾ അവരുടെ  അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ല. ഒരാഴ്ച്ചക്കു ശേഷം അവർ മടങ്ങിപ്പോയി.

തനിക്കു പോകണം എന്നു പറഞ്ഞു അവൾ തിരക്ക് കൂട്ടാൻ തുടങ്ങി. ഒടുവിൽ പിറ്റേന്ന് പോകാൻ തയാറായി ഇരിക്കാൻ അയാൾ അവളോട്‌ പറഞ്ഞു. പിറ്റേന്ന് സുധാകരന്റെ ബൈക്ക് ഒന്നു വേണം എന്നു പറഞ്ഞു വാങ്ങി വെച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് അയാൾ ചോദിച്ചു ‘‘താൻ എങ്ങോട്ടാണ് പോകുന്നത്’’ ‘‘ഏതെങ്കിലും ആദിവാസി കോളനികളിൽ ഒളിച്ചു താമസിക്കാൻ നോക്കണം’’ എന്നു പറഞ്ഞു. പെട്ടന്ന് അയാൾ ചെന്നൈയിലേക്കുള്ള ഒരു ബസ് ടിക്കറ്റ് തന്റെ പോക്കറ്റിൽനിന്നും എടുത്തു അവൾക്കു കൊടുത്തിട്ട് പറഞ്ഞു

 

‘‘അത് വേണ്ട എന്റെ ഒരു ക്ലാസ് മേറ്റ് അരുന്ധതി തമിഴ്നാട്ടിൽ ഇതേ പോലെ ഒരു ആദിവാസി കോളനിയിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അവളോട്‌ ഞാൻ തന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്. തനിക്കു താൻ ആഗ്രഹിക്കുന്ന രീതിയിൽ അവിടെ അവളുടെ കൂടെ പ്രവർത്തിക്കാം. അവളും തന്റെ പോലെ തന്നെ ലെഫ്റ്റിസ്റ്റ് ആണ്. ബസ് അവിടെ എത്തുമ്പോൾ അവൾ വന്നു തന്നെ കൂട്ടും.’’

‘‘ഇനി ഇതായിരിക്കും തന്റെ അഡ്രസ്സ്’’ എന്നു പറഞ്ഞു ഒരു വോട്ടർ ഐഡി അവളുടെ കയ്യിൽ കൊടുത്തു.

അതു നോക്കിയ അവൾക്ക് അത്ഭുതം തോന്നി. അതിലെ ഫോട്ടോയിൽ കാണുന്ന കുട്ടിക്ക് തന്റെ ചെറിയ സാദൃശ്യം ഉണ്ടായിരുന്നു.

‘‘ഇത് ആരാണ് എന്നറിയാമോ’’

അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.

‘‘ഷീബ എന്റെ നിയത്തി ആയിരുന്നു. ഏകദേശം തന്റെ പ്രായം വരും.ആറു വർഷം മുൻപ് അവളെ കാണാതായി. പിന്നെ ഇതുവരെ അവളെ കുറിച്ച് ഒരു വിവരവും ഇല്ല.ഞങ്ങൾ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല.’’

അയാൾ അവളെ ബൈക്കിൽ കയറ്റി ബസിന്റെ അടുത്തേക്ക് കൊണ്ടുപോയി. ബസ്സിന്റെ സീറ്റിൽ  ഇരുത്തി അയാൾ  തിരിച്ചു പോരാൻ തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് അയാളുടെ കൈ പിടിച്ചു അതിൽ തന്റെ ചുണ്ടുകൾ അമർത്തി നിറകണ്ണുകളോടെ പറഞ്ഞു ‘‘ഷിബുവേട്ടാ ദൈവം നിങ്ങളെ എപ്പോഴും കാത്തു രക്ഷിക്കട്ടെ’’

അതിനു മറുപടി ആയി അയാൾ പറഞ്ഞു 

‘‘ലാൽ സലാം സഖാവേ....’’

 

Content Summary: Writers Blog - Viswasam, Malayalam short story by Rajesh V. R.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com