ADVERTISEMENT

വെള്ളപ്പൊക്കം (കഥ)

 

സമയം 8 മണി ആകാറായി. 

 

ടിവിയിലെ ചർച്ചകൾ പലതും തുടങ്ങി കഴിഞ്ഞിരിക്കുന്നു. രണ്ടെണ്ണം തുടങ്ങാനും നേരം ആയി. ഇനി താമസിച്ചാൽ ഈ ദിവസം വെറുതെ കളഞ്ഞുപോയി എന്നൊരു തോന്നൽ വരാറുള്ളത് കൊണ്ട് ഞാന്‍ ധൃതിയിൽ സ്വീകരണ മുറിയിലേക്ക് നടന്നു. 

 

സ്റ്റെപ്പ് ഇറങ്ങി വരുന്ന വഴിയാണ് മേശപ്പുറത്തിരുന്ന അവളുടെ ഫോൺ ശബ്‌ദിച്ചത്. പോകുന്ന വഴി ഒന്ന് എത്തിനോക്കി. പരിചയമുള്ള സോണിയുടെ പേര് തെളിഞ്ഞു കണ്ടപ്പോൾ ഞാൻ അതെടുത്ത് അവളുടെ അടുത്തേക്ക് പോയി. അവൾ പാത്രം കഴുകുകയായിരുന്നു. 

 

‘‘ഇന്നാ, സോണി വിളിക്കുന്നു.’’ ഞാൻ ഫോൺ അവളുടെ നേരെ നീട്ടി.

‘‘എന്റെ കൈ മുഴുവനും വെള്ളമാ. പിന്നെ വിളിച്ചോളാം. അവിടെ വെച്ചേക്ക്’’ അവൾ അത്രയും പറഞ്ഞു അന്നത്തെ പണികൾ ഓരോന്നായി അവസാനിപ്പിക്കുന്ന തിരക്കിലായിരുന്നു. പൈപ്പ് കൂടുതൽ ശക്തിയോടെ തുറന്നു. പൂച്ചക്ക് ദേഷ്യം വന്ന മാതിരിയുള്ള ശീല്കാരശബ്‌ദം അടുക്കളയുടെ പിന്നാമ്പുറത്തു നിറയുന്നു എന്ന് തോന്നിയപ്പോൾ പതുക്കെ ഞാൻ അവിടുന്ന് വലിഞ്ഞു. എന്റെ പതിവ് വിനോദത്തിലേക്കു കടക്കാനായി ടിവി ഓൺ ചെയ്തു. അറിയാതെ ആന്റിന സ്കാന്‍ ബട്ടനില്‍  അമർന്നപ്പോൾ അവിടെ നിന്നും മറ്റൊരു ശീല്കാര ശബ്‌ദം.

 

ഞാന്‍ ആദ്യമേ ചെയ്യുന്നത് എല്ലാ ന്യൂസ് ചാനലും ഒന്ന് ഓടിച്ചു വിടുക എന്നതാണ്. എന്താണ് ഇന്നത്തെ ചർച്ച.. ആരാണ് ചർച്ചയിലെ വിളിക്കപ്പെട്ട അതിഥികൾ... സ്ഥിരമായി കാണാറുള്ളതു കൊണ്ട് മിക്കവാറും എല്ലാവരും എനിക്ക് മുഖപരിചയം ഉള്ളവരാണ്. എന്നാലും ചിലരൊക്കെ എനിക്ക് ഹീറോ ആണ . മോഹൻലാലും മമ്മൂട്ടിയും പോലെ ആണ്. ചിലരൊക്കെ ഫഹദും ജയസൂര്യയും. വല്ലപ്പോഴുമേ പാർവതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയുമൊക്കെ വരാറുള്ളൂ. അതുമാത്രമല്ല പ്രശ്‍നം.  ഇവരിൽ ആരെങ്കിലും ഒരാളെ ഒരു ചർച്ചയിൽ കാണു. മെഗാ സിനിമ പോലെ എന്റെ ഇഷ്ടപെട്ട താരങ്ങൾ കൂട്ടത്തോടെ വരാറില്ല. എന്റെ ന്യായം പറയുന്ന ആരെങ്കിലും ഒരാള് കാണും തീർച്ച. അതുകൊണ്ടു തൃപ്തി പെട്ടോണം.

 

പിന്നെ ഒരു പ്രശ്‍നം കൂടെയുണ്ട്. അതും പറയണമല്ലോ. മിക്കവാറും എന്റെ എല്ലാ സുഹൃത്തുക്കളും പറയുന്നത് എല്ലാ ചർച്ചയും ഒരേ പോലിരിക്കും എന്നാണ്. ചാനലുകാർക്ക് പറയാനുള്ളത് അവര് പറയും. എന്നാൽ എനിക്കങ്ങനെ അല്ല. എനിക്ക് ഒരേ ഭിത്തിയിലെ വെട്ടുകല്ല് പോലെ അല്ല കാര്യങ്ങൾ. സൂക്ഷിച്ചു നോക്കിയാൽ കല്ലിലെ കുണ്ടും കുഴിയുമൊക്കെ മാറിയും തിരിഞ്ഞും ഒക്കെ ഇരിക്കും. ദൂരെ നിന്ന് നോക്കിയാൽ ഏതു കഴുതയും കുതിരയായി തോന്നും. അതുകൊണ്ടാണ് ചിലര്‍ പറയുന്നത് എല്ലാം തട്ടിപ്പാണ് എന്ന്. എന്റെ ഭാര്യ താരയും അതെ അഭിപ്രായക്കാരിയാണ്. ഇതിങ്ങനെ ഇരുന്നു സമയം കളയുന്ന രീതി അവൾ എപ്പോഴും നിരുത്സാഹപ്പെടുത്തും. പണിയെല്ലാം കഴിഞ്ഞാൽ ഏതെങ്കിലും പഴയ സിനിമ കാണണമെന്ന് പറഞ്ഞു വരും അവൾ. ഞാൻ ആണെങ്കിൽ ചര്‍ച്ചയുടെ കുണ്ടും കുഴിയും ഒക്കെ അളന്ന് തിട്ടപ്പെടുത്തി പരസ്യം വരുമ്പോൾ വാനരനെ പോലെ ചാടിമറിഞ്ഞു പിടികൊടുക്കാതെ ഓടി നടക്കുകയായിരിക്കും അപ്പോൾ. 

 

രാവിലെ ആറ് മണിക്ക് തുടങ്ങീതാ... ഇനി ഒന്ന് കുത്തി ഇരിക്കട്ടെ... എന്നും പറഞ്ഞു വരുമ്പോൾ എനിക്ക് വരുന്ന ദേഷ്യം കുറച്ചൊന്നുമല്ല. എന്നിരുന്നാലും ന്യായം അവളുടെ പക്ഷത്താണല്ലോ എന്നോർത്ത് റിമോട്ട് കൊടുക്കും. ഒരു ദയയും ഇല്ലാതെ താര തന്റെ താരങ്ങളെ കാണാൻ ചാനൽ മാറ്റും. അതോടെ എന്റെ ചാനൽ ചർച്ചകൾ അകാലത്തിൽ കൊഴിഞ്ഞു വീഴും. അതാണ് പതിവ്.

 

ഇന്ന് പതിവ് തെറ്റിയോ എന്ന് ഒരു സംശയം. റിമോട്ട് വാങ്ങാന്‍ ഇതുവരെയും അവള്‍ എത്തിയിട്ടില്ല.  ദൈവമേ അവളുടെ പണി തീരല്ലേ. ഇന്നാണെങ്ങില്‍ ഒരു ചാനലില്‍ സഭാ പ്രശ്നമാണ് ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നത്. സുരേഷ് ഗോപിയെ പോലെ ഇരിക്കുന്ന സാറാണ് എന്‍റെ വശം പറയാനുള്ളത്. എനിക്ക് ഇഷ്ടമുള്ള ഹീറോ. 

 

“കാര്യം ഒക്കെ ശരിയാ... പക്ഷേ അപ്പൻ ശരിയല്ലായിരുന്നു. ഇപ്പൊ കുറച്ചു മാറ്റം ഒക്കെ ഉണ്ട്. എന്നാലും..’’ അടുക്കളയില്‍ നിന്നും അവളുടെ നേരിയ ശബ്ദം. 

 

ഞാൻ TV യുടെ ശബ്ദം കുറച്ചു. എന്റെ അപ്പനെ കുറിച്ചാണോ ഇവൾ ഈ പറയുന്നത്. ശ്രദ്ധിക്കണമല്ലോ.

 

‘‘പറമ്പോക്കെ ഒരുപാട് ഉണ്ട്. ഒറ്റ പുത്രനാ. ഒരു പെങ്ങളുണ്ട്. ഇളയതാ.’’

ങ്ഹേ .. ഞങ്ങളുടെ കുടുംബം തന്നെ.  ഞാൻ പതുക്കെ TV ശബ്‌ദം കുറച്ചു അടുക്കളയിലേക്ക് നീങ്ങി.

 

‘‘അപ്പൻ മഹാ തെമ്മാടി അയിരുന്നെന്നെ ... എല്ലാ വൃത്തികെട്ട പണിക്കും പോകുമായിരുന്നു. സ്വത്തു ഉള്ളതിന്റെ ഹുങ്കാ .. പണ്ട് SI യെ കേറി തല്ലി. പോലീസുകാര് എടുത്തിട്ട് പെരുമാറി.’’

 

അപ്പുറത്തെ തലക്കൽ ആരാണെന്നു പിടുത്തം കിട്ടിയിട്ടില്ല. അമ്പടി..  ഇവൾ എന്റെ അപ്പനെ കുറിച്ച് ഇങ്ങനെ ഇല്ലാ വചനം പറയുന്നത് ചോദിക്കണമല്ലോ. ഞാൻ അവൾ കാണാതെ ചുറ്റിപറ്റി നിന്നു. 

 

‘‘എന്നാ ശരി ഞാൻ പിന്നെ വിളിക്കാം.’’ അവൾ പെട്ടെന്ന് ഫോൺ വിളി നിര്‍ത്തി മൈക്രോവേവിന്റെ മുകളിൽ വച്ചു. തുണി എടുത്ത് അടുത്തപാതക സ്ലാബ് തുടക്കാൻ തുടങ്ങി.

 

“ നീ എന്നാ എന്റെ അപ്പനെ കുറിച്ച് ങ്ങനെ ഒക്കെ പറയുന്നെ..?” 

‘‘എന്നാ ...?’’ അവൾ സാങ്കേതിക തകരാറു കൊണ്ട് ടി‌വി ചര്‍ച്ചയില്‍ ചോദ്യം കേൾക്കാത്ത ആളെ  പോലെ എന്നെ നോക്കി നിന്നു.

ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു. ‘‘നീ നേരത്തെ ഫോണിൽ എന്റെ അപ്പനെ കുറിച്ച് വൃത്തികേട് പറയുന്ന കേട്ടല്ലോ ... ഇപ്പോൾ അവൾക്കു കാര്യം മനസ്സിലായി .

 

‘‘നിങ്ങളോടാരാ അപ്പനെ കുറിച്ചാണ് എന്ന് പറഞ്ഞത്? ഞാൻ ആ വട്ടായിപറമ്പിലെ സ്റ്റീഫനെ കുറിച്ചാ പറഞ്ഞെ. സോണിയുടെ മോള്‍ക്ക് അവിടുത്തെ മൂത്ത ചെറുക്കന് ഒരു കല്യാണാലോചന വന്നു. അതിന് വിളിച്ചതാ അവൾ. ഞാൻ എന്നാത്തിനാ നിങ്ങടെ അപ്പനെകുറിച്ചു ഇല്ലാത്തതു പറയുന്നേ.. ഉള്ളത് തന്നെ പറഞ്ഞാൽ തീരില്ല.. പിന്നല്ലേ..’’

 

‘‘പിന്നെ .. നിന്റെ അപ്പനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. വലിയ കേമനാ.. ഹും .. അതൊക്കെ പോട്ടെ..’’

സോണിയയുടെ മോള് കാനഡയിൽ അല്ലെ.. അവൾക്കാ..?’’

 

‘‘കാനഡയിൽ അല്ല ജർമ്മിനിയിൽ. ’’

 

“സ്റ്റീഫന്റെ ചെറുക്കനും അവിടെങ്ങാണ്ട് .. അല്ലെ. അപ്പൊ നല്ല ആലോചന ആണല്ലോ. ’’

‘‘എന്ന് വിചാരിച്ച് ... തല്ലും ബഹളവും ആയി നടക്കുന്ന ആ വീട്ടിലേക്കു തന്നെ വേണം പെണ്ണിനെ കെട്ടിച്ചു വിടാൻ.’’

 

അവൾ അടുക്കള സ്ലാബൊക്കെ തുടച്ചു വൃത്തിയാക്കി കഴിഞ്ഞിരുന്നു. ഇനി സ്റ്റൗ കൂടി തുടച്ചാൽ കുളിക്കാൻ പോകും. അതിന് വേറെ തുണിയാണ്. അതും അന്വേഷിച്ചു സ്റ്റോറിലേക്കു പോകുന്ന വഴി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

 

‘‘എടി, അതിനു സ്റ്റീഫൻ ഇപ്പം മര്യാദകാരൻ ആണല്ലോ. അടീം ചട്ടമ്പിത്തരവും ഒക്കെ നിർത്തീട്ടു കാലം എത്രയായി?’’

 

‘‘പിന്നേ ..? എന്ന് വിചാരിച്ച് ? കുടുംബത്തിന്റെ പേര് ദോഷം മാറത്തില്ലല്ലോ ..’’

അവൾ സ്റ്റൗ വൃത്തിയാക്കാൻ തുടങ്ങിയിരുന്നു.

 

‘‘എടി .. അതിന് ആ ചെറുക്കൻ എന്ത് പിഴച്ചു? അവൻ വളരെ ഡീസെന്റായ ഒരു പയ്യനാ .. ’’

 

‘‘അതുകൊണ്ട്..? അത് മാത്രം മതിയോ കുടുംബപശ്ചാത്തലം കൂടെ  നോക്കണ്ടേ?’’

 

‘‘കുടുംബം നല്ലതാണല്ലോ .. തലമുറകളായി നല്ല സാമ്പത്തികസ്ഥിതിയുള്ളതും തറവാടിത്തം ഒക്കെയുള്ള കുടുംബം. ഈ സ്റ്റീഫൻ മാത്രം സ്വല്പം താന്നോന്നി ആയി പോയി. അത് ... പണത്തിന്റെ പൊളപ്പിൽ. ചെറുപ്പകാലത്ത് ’’

 

‘‘ങ്ഹാ ..അത് തന്നെയാ കുഴപ്പം. സോണിയോട് ഒള്ള കാര്യം അങ്ങ് പറഞ്ഞു.’’

‘‘അത് പറഞ്ഞോ.. പക്ഷേ ചെറുക്കൻ നല്ലതാ.. ഒരു സ്ഥലത്തല്ലേ ജോലി. എന്നൊക്കെ പറഞ്ഞു നിനക്ക് ..’’

ഞാന്‍ ഒന്നു നിര്‍ത്തി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. 

 

“നിനക്ക് അതു കൂടി പറയാൻ മേലാരുന്നോ? ഒന്നും അല്ലെങ്കിലും .. ആ പയ്യനെ നിനക്ക് അറിയാവുന്നതല്ലേ ? നമ്മടെ അലീനയുടെ കൂടെ പഠിച്ചതല്ലേ. അവനും അപ്പനെപോലെ കാർന്നോമ്മാര് ഉണ്ടാക്കി വച്ച സ്വത്ത് അടിച്ചു പൊളിച്ച് തെമ്മാടി ആയി ഇതിലെ ഒക്കെ കറങ്ങി നടക്കാമായിരുന്നല്ലോ ? അത് അവൻ ചെയ്തില്ലല്ലോ. അവൻ പഠിച്ച് .. ഇപ്പം എംടെക്കും എടുത്തു ജർമനിയിൽ എത്തി.’’

 

‘‘എന്നാന്ന് പറഞ്ഞാലും ആ വീട്ടിലേക്ക് ഞാൻ ആ പെങ്കൊച്ചിനെ പറഞ്ഞു വിടാൻ കൂട്ട് നിൽക്കത്തില്ല .’’ 

അവൾ കൈയില്‍ ഇരുന്ന തുണി ശക്തമായി ഒന്നു കുടഞ്ഞു.  

 

“നമുക്ക് സ്വന്തം അപ്പനെ തിരഞ്ഞെടുക്കാന്‍ പാറ്റുകേലല്ലോ .. അമ്മായി അപ്പനെ പോലെ അല്ലല്ലോ.. എന്തൊരു കഷ്ടം . ആ ചെറുക്കന് ഇങ്ങനാണേൽ ഇനി പെണ്ണ് കിട്ടുവോ ആവോ..’’

 

അവള്‍ അടുക്കള പണിയും നിര്‍ത്തി കുളിക്കുവാനുള്ള തത്രപ്പാടില്‍ കുളിമുറി ലക്ഷ്യമാക്കി  ബെഡ്റൂമിലേക്ക് നടന്നു. ഞാൻ ആത്മഗതം എന്റെ ലോകത്തേക്ക് വലിഞ്ഞു. 

ടിവിയിൽ ഏതാണ്ട് ചർച്ച ഒക്കെ പൂട്ടി കെട്ടാറായിരിക്കുന്നു.. ഞാൻ ഉന്മേഷരഹിതനായി സോഫയിലേക്ക് ചാരി.

 

ദിവസങ്ങൾ കഴിഞ്ഞു. അവൾ പാതകവും ഗ്യാസ് സ്റ്റവും വേറെ വേറെ തുണികൾ കൊണ്ട് തുടച്ചു വൃത്തിയാക്കി വച്ചുകൊണ്ടിരുന്നു. എന്റെ ടിവി ചർച്ചകൾ പല ദിവസവും അലങ്കോലപ്പെട്ടു. ഞങ്ങൾ രാത്രി കാലങ്ങളിൽ റിമോട്ട് കൈമാറികൊണ്ടിരുന്നു. എന്നാൽ സ്റ്റീഫന്റെ മകന്റെ കല്യാണക്കാര്യം മാത്രം പിന്നീട് ചർച്ചക്ക് വന്നില്ല. 

 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി നവീന്റെ ഫോൺ വന്നു. പൂനയിൽ രണ്ട് മാസം മുൻപ്  സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിക്ക് കയറിയ ഇളയ  കൻ. ബിടെക് പഠിച്ച് ഉടനെ ജോലി കിട്ടിയ,  വീട്ടിലേക്ക് വളരെ കുറച്ചു  മാത്രം വിളിക്കാറുള്ള, മുടി നീട്ടി വളർത്തുന്ന ടെക്കി. അവനും അവന്റെ  ചേച്ചിയും രണ്ട് ദിവസം കഴിഞ്ഞു വരുന്നത്രെ. എന്താണ് രണ്ടു പേരും ഒന്നിച്ചു പെട്ടെന്ന് വരുന്നത്  എന്നുള്ള എന്റെ ആവർത്തിച്ച ചോദ്യത്തിന് അവസാനം അവൻ  ഒരു സൂചന തന്നു. ചേച്ചിക്ക്  ഒരു  കല്യാണാലോചന. അവന്റെ ചിരിയുടെ അല്പാംശങ്ങൾ ഫോണിന്റെ ഇങ്ങേതലക്കൽ ഞാൻ കേട്ടു.

 

ഞാൻ ആടുക്കളയിലേക്ക് ചെന്നു. അവൾ തിരക്കിൽ ആയിരുന്നു. എന്റെ കൈയിൽ നിന്നും റിമോട്ട് അവകാശത്തോടെ വാങ്ങാൻ.

 

കാര്യം  താരയോട്  പറഞ്ഞതും  അവൾ 

‘‘ഹും ... കാര്യങ്ങൾ പോയ പോക്കേ. പണ്ടൊക്കെ കാർന്നോമ്മാര് പറഞ്ഞുറപ്പിച്ച കല്യാണം പിള്ളേര് കെട്ടും അതിപ്പം ആണായാലും പെണ്ണായാലും. ഇപ്പൊ പിള്ളേര് ഇങ്ങോട്ട് കല്യാണാലോചനയും ആയി വരാൻ തുടങ്ങി. രണ്ടെണ്ണത്തിനും സ്വന്തം കാലേല്‍ നില്‍കുന്നതിന്റെ ഹുങ്കാ.’’

 

‘‘അവൾ ആരെയും പ്രേമിച്ചിട്ടില്ലല്ലോ .. വല്ല ഫ്രണ്ട്സും പറഞ്ഞ ബന്ധമായിരിക്കും.’’ ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനിടയിൽ പറഞ്ഞു.

 

‘‘വല്ല നല്ല കുടുംബത്തിലേത് ഒന്നുമല്ലെങ്കിൽ ഞാൻ സമ്മതിക്കേല.” 

 

‘‘എടി നമ്മൾ എത്ര നല്ല ആലോചനകൾ കൊണ്ടുവന്നതാ .. അവൾക്ക് ഒന്നും ഇഷ്ടപെടുന്നില്ലായിരുന്നല്ലോ.. അപ്പോ ഇത് നല്ലതായിരിക്കും. അല്ലേ പിന്നെ രണ്ടെണ്ണവും കൂടി ഓടിപിടിച്ച് ഇങ്ങോട്ട് വരുവോ ഇപ്പൊ.?’’

 

‘‘അവളുടെ പ്രൊജക്റ്റ് ഒക്കെ കഴിഞ്ഞോ പോലും? ഞാൻ ഒന്ന് വിളിക്കട്ടെ അവളെ ..’’

 

‘‘വേണ്ട.. അവൻ പ്രത്യേകം പറഞ്ഞു അവളെ വിളിക്കണ്ട എന്ന് .. വന്നിട്ട്  നേരിട്ട് സംസാരിക്കാം എന്ന്.’’

 

‘‘ഓ .. അങ്ങനേം പറഞ്ഞോ .. എന്നായാലും നല്ല കുടുംബത്തിൽ പിറന്ന ചെറുക്കാനല്ലെങ്കിൽ ഞാൻ സമ്മതിക്കേല.’’ അവൾ തറപ്പിച്ചു പറഞ്ഞു.

 

‘‘അത് നീ പേടിക്കണ്ട... അവസാനം നമ്മൾ പറഞ്ഞ ആ മാട്രിമോണിയലിലെ ചെറുക്കന്റെ.. പേര്  ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു വേണ്ടാന്ന് പറഞ്ഞവൾ അല്ലെ. അവൾ അതൊക്കെ നോക്കിക്കോളും. നീ ചോറുവിളമ്പ് ... വിശക്കുന്നു.’’

 

ഞാൻ പിറ്റേ ദിവസം മുതൽ കടകളിൽ നിന്നും പലതരം ഭക്ഷ്യവസ്തുക്കൾ അടുക്കളയിൽ എത്തിച്ചു. താര  തിരക്കിൽ ആയി. ഞാൻ അത്യാവശ്യം അടുക്കള കാര്യങ്ങൾ ശ്രദ്ധിക്കുന്ന കുടുംബത്തിൽ പിറന്നവൻ  ആയി ഭാവിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞ പോലെ രണ്ടാളും എത്തി. 

ഓടി വന്ന് ഞങ്ങളെ മാറി മാറി കെട്ടിപിടിച്ചു. അവനാണ് ടാക്സി കൂലി കൊടുത്തത്‌. മുടി വീണ്ടും നീണ്ടിട്ടുണ്ട്. അവൾ കുറച്ച് തടിച്ചിട്ടുണ്ട്. കുറച്ചു നേരത്തേക്ക് ആൾ പെരുമാറ്റം കുറവായിരുന്ന  ആ വലിയ വീട്ടിൽ ഒച്ചയും ബഹളവും നിറഞ്ഞു. അത്യാവശ്യം കുശലം പറച്ചിലുകൾ ഒക്കെ കഴിഞ്ഞ് രണ്ടാളും  പെട്ടിയുമായി അവരവരുടെ മുറിയിലേക്ക് നീങ്ങി. 

 

സ്റ്റെപ്പ് കയറുന്നവഴി ഭിത്തിയിൽ പുതിയതായി ഫ്രെയിം ചെയ്തു വച്ച ഫോട്ടോ അലീനയാണ് ആദ്യം കണ്ടത്.

 

‘‘ആഹാ.. അമ്മ പൊളിച്ചല്ലോ .. ഇത് റിട്ടയർമെന്റിന് എടുത്തതാണോ?’’ രണ്ടു പേരും സാകൂതം ഫോട്ടോയിൽ നോക്കി നിന്നു. 

‘‘ഇതാരാ അമ്മേ ... ചീഫ്  ഗസ്റ്റ് ?’’ അവന്റെ ചോദ്യം 

‘‘അത് ഞങ്ങളുടെ കമ്മീഷണറാ .. ഇപ്പൊ ഈറോഡിന്  ട്രാൻസ്ഫർ ആയി.’’ താര മേശപ്പുറം വൃത്തിയാക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും . 

‘‘രണ്ടാളും വേഗം കുളി കഴിഞ്ഞു വാ.. ഫ്ലൈറ്റിൽ ഒന്നും കിട്ടി കാണുകേലല്ലൊ.’’

 

ഞാന്‍ ഒരു ഡ്രിങ്കും എടുത്ത് ആദ്യം തന്നെ മേശക്കരികിൽ സ്ഥാനം പിടിച്ചു. താര ഒരോന്നും ഉൻമേശയിലേക്കു അടുപ്പിച്ചു കൊണ്ടിരുന്നു.

‘‘ഉച്ച ആയപ്പോഴേ തുടങ്ങിയോ ..? റിട്ടയർ ആയതിനു ശേഷം കുറച്ചു കൂടുതലാ .. ഇങ്ങു എണിറ്റു വന്ന് ഓരോന്നും എടുത്തു വച്ചേ...പിള്ളേര്  ഇപ്പൊ വരും.’’ 

 

അവൾ പറഞ്ഞത് ഒരു തരത്തിൽ ശരിയാ .. പണ്ടൊക്കെ ഓഫീസിൽ നിന്ന് വന്നാൽ ടെൻഷൻ മാറ്റാൻ  വല്ലപ്പോഴും രണ്ടെണ്ണം. ഇപ്പോൾ അങ്ങനെ സമയമൊന്നും ഇല്ല. പക്ഷേ കഴിക്കുന്ന അളവിന് നല്ല കണക്കൊക്കെ ഉണ്ട്. അത് അവൾക്കും അറിയാം.

എന്റെ ഗ്ലാസിലെ ഐസ് കഷണങ്ങൾ വിസ്കിയുമായുള്ള നിശബ്ദ യുദ്ധത്തിൽ ഏതാണ്ട് തോൽക്കാറായാപ്പോഴേക്കും രണ്ടു പേരും ഒന്നിച്ചു താഴേക്ക് വന്നു. മൂത്തവൾ അടുക്കളയിലേക്കും ഇളയവൻ എനിക്ക് എതിരായുള്ള ഒരു കസേരയിൽ ഇരിക്കുകയും ചെയ്തു.

 

സമയം പതുക്കെ നീങ്ങി. ചിരിയും ബഹളവുമായി ഞങ്ങളുടെ ലോകം മാറി. ഞാൻ അടുത്ത ഐസ് കട്ടകൾ അന്വേഷിച്ച്  എന്റെ ഗ്ലാസ്സുമായി നീങ്ങി. അപ്പോഴാണ് എനിക്ക് അത് ചോദിക്കാൻ തോന്നിയത്. 

 

‘‘അല്ല, നീ അല്ലേ ഇവൾക്ക് കല്യാണാലോചനയുമായി വന്നിരിക്കുന്നത് ... അതെന്നാ കേസ് ?’’

 

‘‘പപ്പേ .. ഞാൻ ആയിട്ട് കൊണ്ടുവന്നത് ഒന്നും അല്ല...’’ ഒരു ചെറുചിരിയോടെ അവൻ പറഞ്ഞു.

 

‘‘ഏതാ പാർട്ടി.. ചെറുക്കന് എന്നാ ജോലി ... കുടുംബത്തിൽ പിറന്നവൻ ആണോ?’’ ചോദ്യങ്ങൾ ഡാമിന്റെ  ഷട്ടർ തുറക്കുന്ന പോലെ ഒന്നൊന്നായി വന്നു. നിശബ്ദതയും ജിജ്ഞാസയും മുറിയില്‍ തളം കെട്ടി നിന്നു. ഞാൻ കാലി ഗ്ലാസ്സുമായി തിരിച്ചിരുന്നു. 

വേഗതയോടെ വളരെ പതഞ്ഞ വെള്ളം ഷട്ടര്‍ പൊക്കുമ്പോള്‍ വരുന്ന മാതിരിയായിരുന്നു അവളുടെ ഓരോ ചോദ്യങ്ങളും.

 

അനീറ്റ പാത്രത്തിൽ മാത്രം നോക്കി ഓരോന്നും ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നു. അവൻ ഒരു ചെറുപുഞ്ചിരിയോടെ തുടർന്നു...

‘‘ചെറുക്കൻ ജർമനിയിൽ’’

 

‘‘ജർമ്മനിയിലോ ... ഓ അത് കൊള്ളാം ... ഇവൾക്ക്  ഇനി ജർമനിയിൽ പോസ്റ്റ് ഡോക്ടറേറ്റ് നോക്കാം... ഗുഡ്. എവിടാ?’’  താരയുടെ  മറുപടിയും ചോദ്യവും പെട്ടെന്നായിരുന്നു.

 

‘‘ഈ നാട്ടുകാരൻ തന്നാ.’’

 

ഞാൻ ഒരു വറുത്ത മീൻ കഷ്ണം പ്ലേറ്റിലേക്ക് ഇട്ടു. കൂടെ കുറച്ചു പുതിനാ ചമ്മന്തിയും പപ്പടവും . ബിരിയാണിയുടെ സൈഡ് ഡിഷ് ആണ്‌. പ

 

‘‘ഈ നാട്ടുകാരനോ ...? അതാരാ ..?’’ അവന്‍ ഒന്നു ചിരിച്ചു. 

 

“നമ്മുടെ സ്റ്റീഫൻ അങ്കിളിന്റെ ആൽവിൻ ചേട്ടൻ.’’

 

‘‘ഏതു സ്റ്റീഫൻ...?’’ 

ഒരു പപ്പടം പൊള്ളുന്ന വേഗതയുണ്ടായിരുന്നു താരയുടെ ആ ചോദ്യത്തിന്. ഞാൻ എന്റെ പ്ലേറ്റിലെ പപ്പടം പൊട്ടിച്ച് ഓരോ ചെറുകഷണങ്ങൾ ആക്കി.  

 

‘‘നമ്മുടെ വട്ടായിപ്പറമ്പിലെ സ്റ്റീഫൻ ചേട്ടൻ.’’ നവീന്‍ സസ്പെൻസ് പൊളിച്ചതും അലീന ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. 

 

‘‘വട്ടായിപ്പറമ്പിലെ സ്റ്റീഫന്റെ ചെറുക്കനോ .. നിനക്ക് കുടുംബത്തിൽ പിറന്ന വേറെ ഒരുത്തനേം  കിട്ടിയില്ലേ ..?’’

 

അവളുടെ അമർഷം ഇത്തവണ ശരിക്കും അണപൊട്ടി ഒഴുകി. 

 

‘‘ഒരു കല്യാണാലോചനയുമായി വന്നിരിക്കുന്നു.. കഴിച്ചിട്ട് വേഗം എണിറ്റു പോ ..’’ 

 

അലീന എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.

 

‘‘നിനക്ക് അതിന് അവനെ ഇഷ്ടമാണോ?’’ ഞാൻ അവളോട് തന്നെ ചോദിച്ചു. പക്ഷേ ഉത്തരം പറഞ്ഞത് നവീന്‍ ആണ്. 

 

‘‘ചേച്ചിയും ആൽവിൻ ചേട്ടനും കഴിഞ്ഞ 5 വർഷമായി ഇഷ്ടത്തിൽ ആണ്. ഈ അവധിക്ക് കല്യാണം നടത്തി തരുവാൻ ചേച്ചി വിനീതമായി അപേക്ഷിക്കുന്നു.’’ അവന്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു നിര്‍ത്തി. 

 

‘‘5 വർഷമോ... എന്നിട്ട്  ഞങ്ങൾ ആരും ഇത് ഒന്നും അറിഞ്ഞില്ലല്ലോ ..? അവളുടെ ദേഷ്യം കുറച്ചു കൂടി ഉച്ചസ്ഥായില്‍ എത്തി.’’

 

‘‘അമ്മേ .. ഇത് അമ്മേഡെം പപ്പേഡെം കാലമൊന്നുമല്ല .. ബൂമേഴ്സിന്റെ കാലം ഒക്കെ കഴിഞ്ഞു..  ഇത് ജെൻ സെഡിന്റെ കാലമാ .. സോഷ്യൽ മീഡിയയുടെയും.’’

 

അവൻ വളരെ അക്ഷോഭ്യനും ആത്മവിശ്വാസമുളളവനും ആയി കാണപ്പെട്ടു. ചേച്ചിയുടെ ഒരാവശ്യം അവൻ വളരെ നയതന്ത്രജ്ഞതയോടെ അവതരിപ്പിക്കുന്നു. കൂടപ്പിറപ്പ് സ്നേഹം ഉള്ളവൻ. ഏത്  പ്രളയത്തെയും അതിജീവിക്കാം എന്ന ദൃഢവിശ്വാസം ഉള്ളവൻ. അതുകൊണ്ടു തന്നെ അലീനയും.  വെള്ളപ്പൊക്കത്തിൽ ഒഴുകി നടക്കുന്ന പൊങ്ങു തടിയെ പോലെ പൊരുത്തപ്പെട്ട് അങ്ങനെ ഇരുന്നു. 

 

ഞാൻ അവളോടു ചോദിച്ചു . 

‘‘നിനക്ക് അവനോട് ഇഷ്ടം തോന്നാൻ കാരണം?’’

അവൾ ഒന്നു പരുങ്ങി തന്റെ ഇഷ്ടപ്രിയന്റെ ഏത് വിശേഷണമാ ആദ്യം പറയേണ്ടത് എന്ന് ഒന്നു ശങ്കിച്ചു. 

 

‘‘പപ്പാ.. അങ്ങനെ ചോദിക്കരുത് ഒരുപാട് കാരണങ്ങൾ ഉണ്ട്..’’

 

‘‘എന്നാലും ...?’’

 

അവള്‍ എന്നെ നോക്കി ചിരിച്ചു. 

 

വെള്ളപ്പൊക്കത്തിൽ പലതും അടിയിലായി. മറ്റു പലതും  പൊന്തി വന്നു. ചിലത് ഒലിച്ചു പോയി. ചിലത് അവിടെ തന്നെ നിന്നു. 

 

Content Summary: Vellappokkam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com