ADVERTISEMENT

ഋതുക്കൾ (കഥ)

 

ഗ്രീഷ്മം ഉന്മേഷമാണ്. നീലയും ഹരിതവർണ്ണവും ചാലിച്ചു ചേർത്ത പ്രകൃതിയുടെ ചടുലത. ചിലപ്പോൾ ഊഷരവുമാണ്. നീണ്ട പ്രഭാത പ്രദോഷങ്ങൾക്കിടയിലെ പ്രസരിപ്പ് മനുഷ്യർ  മാത്രമല്ല സസ്യ ജന്തുജാലങ്ങളും ആവോളം ആസ്വദിക്കുന്നു. ഋതുക്കൾ പ്രകൃതിയിൽ തീർക്കുന്ന നിറവ്യത്യാസങ്ങൾ മനുഷ്യ മനസ്സുകളിലും ആഴ്ന്നിറങ്ങുന്ന പ്രതിഭാസം. വിളവെടുപ്പ് കഴിഞ്ഞതും അതിനു പാകമായി നിൽക്കുന്നതുമായ വിശാലമായ കൃഷിയിടങ്ങൾക്കുമപ്പുറം ഇടതൂർന്നമരങ്ങളെ പേറി നിൽക്കുന്ന മലനിരകളിൽ നിറഭേദങ്ങൾ പ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ശരത്കാലം തുടങ്ങി അൽപനാളുകൾ പിന്നിട്ടിരിക്കുന്നു. ഒരു തയാറെടുപ്പ്. ഹരിതാഭം പീതവർണ്ണത്തിലലിഞ്ഞു ചേരുകയും പിന്നീട് ഓറഞ്ചു നിറത്തിൽ മുങ്ങി കടും ചുവപ്പിലെത്തുന്ന പ്രകൃതിയുടെ വർണ്ണജാലം.

   

വെർമോണ്ടിലെ കൃഷിഭൂമികൾ പോലെ, മലയോരങ്ങൾ പോലെ, വർണാഭമാണ് നിരത്തുകൾ. അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ കൈവരിയോട് ചേർന്നു നിന്ന് അവൾ അവനോടു പറഞ്ഞു. ‘‘എന്തുകൊണ്ട് നമുക്ക് ഇന്നൊരു ഡ്രൈവ് പൊയ്ക്കൂടാ?’’ തീർച്ചയായും വേണം. ജോലിത്തിരക്കുകളിൽ ഇരുവർക്കും ഒഴിവുകിട്ടുന്ന ഒരു വീക്കെൻഡ്. നഗരതിരക്കുകൾ വിട്ട് അങ്ങ് ദൂരെ.. കൃഷിയിടങ്ങൾ കീറി മുറിച്ചു നീണ്ടുകിടക്കുന്ന റോഡിലൂടെ മലയുടെ മടിത്തട്ടിലേക്കുള്ള യാത്ര അവൾക്കിഷ്ടമാണ്. വെറുതെ.. എവിടെയും എത്തിച്ചേരണമെന്ന മോഹമില്ലാതെ സമയബന്ധിതമല്ലാത്ത യാത്ര. വിശാലമായ സമുദ്രത്തിനു മുകളിലൂടെ ദിക്കുകൾ അറിയാതെ പറക്കുന്ന ദേശാടനകിളികളെ പോലെ. 

   

ഉച്ചവെയിലിനു കാഠിന്യമില്ല. അപ്പാർട്ട്മെന്റ് ലോക്ക് ചെയ്ത് അവർ പുറത്തിറങ്ങി. അവരുടെ യാത്രകൾക്ക് ഒരുക്കങ്ങൾ ഇല്ല. ലക്ഷ്യസ്ഥാനമില്ലാത്തതിനാൽ ഒരുക്കങ്ങളുടെ ആവശ്യമില്ലല്ലോ. 

 

ഗരാജിലെ ചുവന്ന നിറമുള്ള അവളുടെ ഡ്രോപ്പ് ടോപ്പ് കാറിന്റെ താക്കോൽ അവനു കൈ മാറി അവൾ മുൻപിലെ പാസഞ്ചർ സീറ്റിൽ ഇരിപ്പുറപ്പിച്ചു. ഔദ്യോഗിക യാത്രകൾ ഇല്ലെങ്കിൽ അവൾ ഡ്രൈവ് ചെയ്യാറില്ല. വീക്കെൻഡ് തീർത്ത തിരക്കുകളുടെ അവസാന സിഗ്നലും കഴിഞ്ഞു നീണ്ട നിരത്തിലൂടെയുള്ള യാത്ര. തണുപ്പുകാലത്തേയ്ക്കു കരുതിവയ്ക്കാൻ കന്നുകാലികൾക്കായി ശേഖരിക്കുന്ന പുല്ലുകൾ യന്ത്രങ്ങളാൽ ചുരുട്ടി വയ്ക്കുന്ന, ഇളം വെയിൽ തട്ടി പ്രതിഫലിക്കുന്ന സ്വർണവർണമുള്ള വിശാലമായ പാടത്തിന് അതിരിടുന്ന പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി അവർ വാഹനം നിർത്തി. പമ്പിലെ കഫെയിൽ നിന്നും ഓരോ കോൾഡ് ബ്രു കോഫീ വാങ്ങി കാറിന്റെ ഡ്രോപ്പ് അപ്പ്  മടക്കിവച്ചുകൊണ്ട് അവർ വീണ്ടും യാത്ര തുടർന്നു. നിറം മങ്ങുന്ന വിശാലമായ പാടങ്ങളിൽ കാലികൾ മേയുന്നു. മഞ്ഞ നിറത്തിലും പിന്നീട് ഓറഞ്ചു നിറത്തിലേക്കും മാറിക്കഴിഞ്ഞിരിക്കുന്ന വൃക്ഷങ്ങളുടെ ഇലകൾ. ചിലതു കടും ചുവപ്പു വർണ്ണത്തിലെത്തി കൊഴിയാൻ കൊതിച്ചു നിൽക്കുന്നു. പാടങ്ങൾ കടന്നു മലയടിവാരത്തിലൂടെ നീങ്ങുമ്പോൾ വിശാലമായ കാൻവാസിൽ വർണ്ണങ്ങൾ വാരി വിതറിയതുപോലെ... കാറ്റിൽ പറക്കുന്ന ബർഗുണ്ടി നിറമുള്ള അവളുടെ മുടിച്ചുരുളുകളിൽ ശരത്കാല വർണ്ണം പടർന്നിറങ്ങിയതുപോലെ... പതിവ് സംസാരങ്ങൾക്കിടയിലും അവൾ നീണ്ട മരങ്ങൾക്കിടയിൽ കൊഴിഞ്ഞു കിടക്കുന്ന നിറഭംഗി ആസ്വദിക്കുന്നുമുണ്ടായിരുന്നു. കടും ചുവപ്പു നിറമുള്ള ഇലത്തലപ്പുകൾക്കു മുകളിൽ മേലാപ്പ് തീർത്തുനിൽക്കുന്ന വെള്ളി മേഘങ്ങൾ. അതെ. വെർമോണ്ടിലെ ശരത്കാലം അതി മനോഹരമാണ്. 

 

പക്ഷേ ശരത്കാലം വിഷാദവുമാണ്. ഒടുവിൽ വന്നുചേരുന്ന തണുപ്പുകാലം. മരങ്ങൾ ചുറ്റിനിൽക്കുന്ന തടാകത്തിലെ നീർപക്ഷികൾക്കു യഥേഷ്ടം നീന്തി തുടിക്കാൻ പറ്റാത്തവിധം ഇലകൾ വെള്ളത്തിൽ കൊഴിഞ്ഞു കിടക്കുന്നു. ഇനി വരുന്ന ശീത കാലത്തിൽ ഇവിടം വിജനമാകും. തണുപ്പുകാലം അതി കഠിനമാണ്. 

 

ശ്രദ്ധയോടെ വാഹനം ഓടിക്കുമ്പോഴും അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി അയാൾ പറഞ്ഞുകൊണ്ടിരുന്നു. പുറത്തുകാണുന്ന നിറഭേദങ്ങൾ പോലെ അവരുടെ ചർച്ചകളും പലവിഷയങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് അയാളുടെ മൊബൈൽ ഫോണിൽ തുടരെ വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങൾ അവളെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. അവൾ പലപ്പോഴും സൂചിപ്പിക്കാറുള്ളതാണ്. ഇങ്ങനെയുള്ള യാത്രകളിൽ മൊബൈൽ നെറ്റ് ഉപയോഗിക്കരുത് എന്ന്. 

 

ചർച്ചകൾ വഴിമാറി സഞ്ചരിച്ചു തുടങ്ങിയ വേളയിൽ യാത്ര തീരുന്നതിനു മുൻപ് തന്നെ അയാൾ എവിടെയോ വച്ച് വാഹനം തിരിച്ചിരുന്നു. ഡ്രോപ്പ്ടോപ്പ് അടയ്ക്കുവാനുള്ള സ്വിച്ചിൽ അയാളുടെ വിരലുകൾ അമർന്നു. അവൾ മൂകയായിരുന്നു. മഞ്ഞുകാലത്തിനു മൂക ഭാവമാണ്. നിറം മങ്ങി ചാര നിറംപൂണ്ട ആകാശം. മൂടിക്കെട്ടിയ അന്തരീക്ഷം. അങ്ങകലെ കാണുന്ന മലകൾക്കു നിറം നഷ്ടമായിരിക്കുന്നു. ഇലകൾ കൊഴിഞ്ഞ മേപ്പിൾ മരക്കൊമ്പുകൾക്കു പ്രേതങ്ങളുടെ ഛായ. റോഡിനു സമാന്തരമായൊഴുകുന്ന നദിയിലെ ജലം തണുത്തു മരവിച്ചിരിക്കുന്നു. വിൻഡ്ഷീൽഡിലൂടെ മുഖത്ത് പതിക്കുന്ന അസ്തമയസൂര്യന്റെ വെളിച്ചം അസ്വസ്ഥത പകരുന്നുണ്ടായിരുന്നു. ഗിറ്റാർ സംഗീതം പൊഴിച്ചുകൊണ്ടിരുന്ന വാഹനത്തിലെ മ്യുസിക്ക് സിസ്റ്റം വയലിന്റെ വിഷാദഭാവത്തിലേയ്ക്ക് ചുവടു മാറി മൂകതയുടെ പശ്ചാത്തല സംഗീതമാകുന്നു. വഴിയരികിലെ മനോഹരമായ കോഫീ ഷോപ്പുകളുടെയും പിസ്സ ഹട്ടുകളുടെയും മേൽക്കൂരകളിൽ ഹിമം കട്ടകെട്ടി നിൽക്കുന്നതുപോലെ. 

 

മനുഷ്യമനസ്സുകൾ അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഋതുക്കൾ പോലെയാണ് സ്നേഹവും പ്രണയവും ദേഷ്യവും ഇണക്കവും പിണക്കവും വഴിമാറി എത്തുന്നത്. മനസ്സ് സ്നേഹാർദ്രമാകുമ്പോൾ മാത്രമേ പ്രകൃതിയുടെ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാനാകൂ. കലഹം നിറം മങ്ങിയ കാഴ്ചകളാൽ മനസ്സിന്റെ ഉള്ളറകൾ നിറയ്ക്കുന്നു.

 

 

Content Summary: Rithukkal, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com