ADVERTISEMENT

ഏകാന്ധതയുടെ 8 വര്‍ഷങ്ങള്‍ (കഥ)

‘‘ഏകാന്ധതയുടെ 8 വര്‍ഷങ്ങള്‍’’. പ്രവര്‍ത്തന രഹിതമായ തന്റെ വലതു കണ്ണടച്ച്, അവന്‍ തമാശ പോലെ പറഞ്ഞെങ്കിലും ഞാന്‍ ചിരിച്ചില്ല.

‘‘ഇന്നലെ ഞാനിതു വേറൊരുത്തനോടും പറഞ്ഞു. അവനു മനസ്സിലായില്ല. നിനക്കെന്താ എകാന്തതയെന്നു ചോദിച്ചു. ഏകാന്തതയല്ല, ഏകാന്ധതയാണെന്നു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു’’.

അവന്‍ തുടര്‍ന്നു.

‘‘സ്വന്തം വൈകല്യം തമാശയാക്കുന്നതിലും പ്രസാസമാണ് അതിലെ തമാശ പറഞ്ഞു മനസ്സിലാക്കിക്കുകയെന്നത്...’’

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

‘‘അവന്‍ ചിരിച്ചു ചിരിച്ചു കരഞ്ഞു. നിനക്കെന്താ ചിരിക്കാനിത്ര മടി. എന്റെ തമാശ കൊള്ളില്ലേ...’’

ഞാനൊന്നും പറഞ്ഞില്ല. എന്റെ മറുപടി പ്രതീക്ഷിക്കുന്നില്ലെന്ന പോലെ അവന്‍ എഴുന്നേറ്റു. ഞാനും.

ഞങ്ങളിപ്പോള്‍ ബാറിനു പുറത്ത്, കോറിഡോറില്‍ നില്‍ക്കുന്നു; അവന്റെ കണ്ണുകള്‍ കൂളിങ് ഗ്ലാസിനു പിന്നിലും.

നഗരം രാത്രിയിലേക്കു നടക്കുന്നതിന്റെ ബഹളങ്ങള്‍ കണ്ടു നിന്ന്, ഒരു സിഗരറ്റ് പുകച്ചു തീര്‍ത്ത്, ഞാന്‍ ചോദിച്ചു 

പോയാലോ...

നീ പൊക്കോ...

നീയോ...

ഞാനില്ല...

ഇനി വേണോ...

നിനക്കു വേണ്ടെങ്കില്‍ വേണ്ട. എനിക്കു വേണം.

ഞാന്‍ കൂടുതലൊന്നും പറഞ്ഞില്ല. നഗരം രാത്രിയുടെ മുറ്റത്തെത്തുമ്പോള്‍,  ഇരുട്ടിലേക്കും അതിനുള്ളില്‍ പതയുന്ന തിരക്കിലേക്കും ഒരു വലിയ ആമയെപ്പോലെ എന്റെ കാറും തിരുകിക്കയറിയിരുന്നു.

 

‘‘ഏകാന്ധതയുടെ 8 വര്‍ഷങ്ങള്‍’’.

ഒന്നും കാണാന്‍ തയാറല്ലാത്ത വലതു കണ്ണിനെ അവനെപ്പോഴും പരിഹസിക്കുമെങ്കിലും അതിനുള്ളിലുള്ള വേദനയും നിരാശയും എനിക്കറിയാം. ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം അവന്‍ പറഞ്ഞിട്ടുണ്ട് -

ഒരു കണ്ണ് പിണങ്ങിയാലും ഒരാള്‍ അന്ധനാണ്, എന്നെപ്പോലെ...

അപ്പോഴവന്റെ ഇടതു കണ്ണില്‍ നനവു പടരും, ഒച്ച വിറയ്ക്കും. അടുത്ത നിമിഷം അവനതിനെയും ഒരു തമാശയാക്കാന്‍ ശ്രമിക്കും.

 

അന്ധനെന്ന വാക്ക് വരേണ്യമാടാ... കുരുടനാണ് നാടന്‍...

പറഞ്ഞു തീരും മുമ്പേ അവന്‍ ചിരിച്ചു തുടങ്ങും - അവന്‍ മാത്രം! 

ഞങ്ങള്‍ പരിചയപ്പെട്ടത് 3 വര്‍ഷം മുമ്പാണ് - അവന്റെ ‘ഏകാന്ധത’ 5 വര്‍ഷം തികച്ച ദിവസം. പീറ്ററിനൊപ്പം ബാറില്‍ അവനും വന്നു. പീറ്ററിന്റെ സുഹൃത്തായിരുന്നു അവന്‍ - കിഷോര്‍. ടെക്കി. എപ്പോഴും കൂളിങ് ഗ്ലാസിനു പിന്നില്‍ സ്വന്തം കണ്ണുകളെ ഒളിപ്പിക്കുന്ന, താടിയും മുടിയും നീട്ടി വളര്‍ത്തിയ മനുഷ്യന്‍.

 

അന്നു രാത്രി മദ്യം ബോധത്തെ ഞെക്കിത്തളര്‍ത്താന്‍ തുടങ്ങിയതും അവന്‍ പറഞ്ഞു തുടങ്ങി. 

 

‘‘ജിനനറിയുമോ എന്റെ വലതു കണ്ണ് പണി നിര്‍ത്തിയതെങ്ങനെയാണെന്ന്... ഇതൊരു വിശുദ്ധ ദാമ്പത്യത്തിന്റെ സ്മാരകമാണ്... ഞങ്ങളുടെ കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം അവളുടെ കാമുകന്‍ തന്ന സമ്മാനം.’’ 

 

പറഞ്ഞു തീര്‍ത്തതും അവന്‍ ഉറക്കെയുറക്കെ ചിരിക്കാന്‍ തുടങ്ങി. ഈ കഥ പല തവണ കേട്ടതിന്റെ നിസ്സംഗതയായിരുന്നു പീറ്ററിന്റെ മുഖത്ത്. 

 

ചിരി നേര്‍പ്പിച്ച് അവന്‍ തുടര്‍ന്നു 

 

‘‘ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ അവനൊടൊപ്പം പോയി. എന്റെ കണ്ണും... കേസായെങ്കിലും അതു ഞാന്‍ പിന്നീട് പിന്‍വലിച്ചു. എന്തിന്... പോയതൊക്കെ പോയി... ഏതൊരു കാമുകനും കാമുകിയുടെ ഭര്‍ത്താവിനോടിങ്ങനെയൊക്കെയാകും പെരുമാറുക. ഒരു ഫ്‌ലവര്‍ ബെയ്‌സ് കൃത്യം ദേ ഇവിടെ, കണ്ണിന് മുകളില്‍... കണ്ണിനുള്ളിലെ സകല വെയിനും തകര്‍ന്നു... കൃഷ്ണ മണിയൊക്കെ പൊട്ടി ചോര ചീറ്റി.... ഇപ്പോഴുള്ളത് ഒറിജിനലിനെ തോല്‍പ്പിക്കുന്ന വ്യാജന്‍... പ്ലാസ്റ്റിക്ക് ഐ... കണ്ടാല്‍ കാണാനാവതില്ലാത്ത കണ്ണാണെന്ന് പറയുകയേയില്ല... അല്ലേ..’’

 

എന്നെ സങ്കടം ഞെരിച്ചു. ഗ്ലാസില്‍ ശേഷിച്ച ബ്രാണ്ടി വായിലേക്കോഴിച്ച് അവന്‍ ഇത്രകൂടി പറഞ്ഞു 

 

‘‘ജിനാ, ഡിയര്‍ ഫ്രണ്ട്... എന്റെ കണ്ണു പോയാലെന്താ... ഒരു പ്രണയം തകര്‍ന്നില്ലല്ലോ. അതിന്റെ സന്തോഷത്തിനും കൂടിയാ ഞാനെല്ലാ വര്‍ഷവും ഈ ദിവസം ആഘോഷമാക്കുന്നത്...’’

 

‘‘സ്വന്തം കണ്ണ് പൊട്ടിയതിന്റെ, ഭാര്യ ഒളിച്ചോടിപ്പോയതിന്റെ വാര്‍ഷികാഘോഷം... കൊള്ളാം... ഒരു കഥയെഴുതിയാലോ...’’

 

അല്‍പ്പം പരിഹാസത്തോടെ ഞാന്‍ ചോദിച്ചു.

 

‘‘യേസ്...യേസ്...എഴുതണം... എനിക്ക് എന്റെ പേര് മതി. അവള്‍ക്കും അവനും മറ്റു പേരുകള്‍ കണ്ടെത്തണം...’’

 

ആ രാത്രി തീരും മുമ്പേ ഞങ്ങള്‍ സുഹൃത്തുക്കളായി. പീറ്റര്‍ നഗരം വിട്ട ശേഷം ഞാനും അവനും മാത്രം പങ്കെടുത്ത രണ്ടു വാര്‍ഷികാഘോഷങ്ങള്‍ - ഇന്നത്തേതുള്‍പ്പടെ!

 

ഇനിയും വൈകരുത്. അവന്റെ കഥയെഴുതണം. ഞാനുറപ്പിച്ചു. വീട്ടിലെത്തിയ ഉടന്‍ ഞാന്‍ ലാപ് ടോപ്പ് പ്രവര്‍ത്തന സജ്ജമാക്കി. ഒരു പുതിയ ഫയല്‍ തുറന്ന് കഥയുടെ പേരെഴുതി - ‘ഏകാന്ധതയുടെ 8 വര്‍ഷങ്ങള്‍!’ ശേഷം രണ്ടു കൈകളിലെയും 10 വിരലുകളെ കീ ബോര്‍ഡില്‍ അതിവേഗം ഓടിക്കാന്‍ തുടങ്ങി. മറ്റൊരു നഗരത്തില്‍, മറ്റോരോരോ പേരുകളില്‍, അവനും അവളും അവളുടെ കാമുകനും....

 

രാത്രി അതിന്റെ പകുതിയിലേറെ പിന്നിട്ടിരിക്കുന്നു. ഉറക്കത്തിന്റെ ഏതോ ഒരു വളവില്‍ വച്ച് എവിടെയോ ഇടിച്ചു നിന്ന പോലെ ഞാനുണര്‍ന്നു.

 

എഴുന്നേറ്റു, കണ്ണുകള്‍ തുറന്ന് കട്ടിലിലിരുന്നു. ഇരുട്ടാണു ചുറ്റും. 

 

സമയമിഴഞ്ഞു പോകുന്നു. ഇപ്പോള്‍ ഇരുട്ടിനെ തുളച്ച് വൂഫ് എന്ന ശബ്ദമുയര്‍ത്തി ഒരു ഫ്‌ലവര്‍ ബെയ്‌സ് എന്റെ വലതു കണ്ണിനു മുകളിലേക്കു പാഞ്ഞു വന്നാലോ... ഞാന്‍ പിടഞ്ഞെഴുന്നേറ്റു. ഭിത്തിയില്‍ ഇരു കൈകളും നിരക്കി നിരക്കി, ബള്‍ബിന്റെ സ്വിച്ച് പരതിക്കണ്ടെത്തി. വലതു കയ്യിലെ ചൂണ്ടുവിരലതിനു മീതേയമര്‍ത്തിയെങ്കിലും മുറിക്കുള്ളില്‍ വെട്ടം പരന്നില്ല. ഭയം കുത്തി. വീണ്ടും വീണ്ടും സ്വിച്ചിനു മേല്‍ വിരലമര്‍ന്നു. ഇല്ല... ഇരുട്ടു മാത്രം....ഞാന്‍ വീണ്ടും ഇരുട്ടില്‍ കൈകള്‍ വീശിത്തുഴഞ്ഞു, കട്ടിലിനോടു ചേര്‍ത്തിട്ട മേശമേലിരുന്ന മൊബൈല്‍ ഫോണെടുത്തു. വെപ്രാളത്തോടെ അതിന്റെ ലോക്ക് ബട്ടണില്‍ ഞെക്കി. സ്‌ക്രീനില്‍ വെട്ടം തെളിഞ്ഞതും ആശ്വാസമൊരു കാറ്റു പോലെ ചങ്കില്‍ തൊട്ടു. 

 

മൂന്ന് മിസ്ഡ് കോള്‍...

 

രാഗിണി!

 

ഞാന്‍ വീണ്ടും സ്വിച്ച് ബോഡിനരുകിലെത്തി. ഓരോരോ സ്വിച്ചുകളായി പ്രവര്‍ത്തിപ്പിച്ചു. വൈദ്യുതി നിലച്ചിരിക്കുന്നു. ഫാനും എപ്പോഴോ കറക്കം നിര്‍ത്തിയിരുന്നു. 

 

കാരണമറിയാത്ത ഒരു ഭീതി മനസ്സില്‍ നിറയുന്നു. അശുഭചിന്തകള്‍ മനസ്സിനുള്ളില്‍ മാന്തുന്നു.

 

ഞാന്‍ വാതില്‍ തുറന്നു. പുറത്തും ഇരുട്ടു മാത്രം. വെളിച്ചത്തിന്റെ ചില തരികള്‍ അങ്ങിങ്ങു കാണാം.

 

സിറ്റൗട്ടിലെ കസേരയിലിരുന്നു, കാലുകള്‍ അരപ്രേസിലേക്കു കയറ്റി വച്ചു. 

 

തിരിച്ചു വിളിക്കണോ ? 

 

ആലോചിച്ചു തീരും മുമ്പേ മൊബൈല്‍ ഫോണ്‍ വിറച്ചു. 

 

രാഗിണി കാളിങ്....

 

ഹലോ...

 

എന്റെ ശബ്ദം ദുര്‍ബലമായിരുന്നു.

 

ഹലോ... ഞാനെത്ര തവണ വിളിച്ചു.... എവിടെയായിരുന്നു...?

 

ഉറങ്ങിപ്പോയി...

 

ങും... എന്തു തീരുമാനിച്ചു ?

 

ഞാനൊന്നും പറഞ്ഞില്ല.

 

ജിനന്‍ പ്ലീസ്....

 

ഞാന്‍ നാളെ രാവിലെ വിളിക്കാം....

 

അവളെന്തോ പറയാനൊരുങ്ങിയതും ഞാന്‍ സംസാരമവസാനിപ്പിച്ചു. കോള്‍ കട്ടാക്കി. 

 

ഏറെക്കഴിയും മുമ്പേ വീണ്ടും ഉറക്കത്തിലേക്കു മറിഞ്ഞു. 

 

സൂര്യന്റെ തുപ്പല്‍ മുഖത്തു വീണപ്പോഴാണ് കണ്ണുകള്‍ തുറന്നത്. കാലുകള്‍ അരപ്രേസില്‍ കയറ്റി വച്ച്്, കിടക്കും പോലെ കസേരയില്‍ ചാഞ്ഞിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തറയില്‍.

 

വേഗമെഴുന്നേറ്റു. തിടുക്കത്തില്‍ തയാറായി ഓഫീസിലേക്കു പാഞ്ഞു. പതിവിലും വൈകിയതിനാല്‍ കാറിന്റെ വേഗം കൂട്ടി.

 

ഉച്ചയോടടുത്ത് രാഗിണി ഓഫീസില്‍ വന്നു. തലേന്നത്തെ പരിഭവങ്ങളൊന്നും പ്രകടിപ്പിക്കാത്ത പ്രസന്നഭാവം. ഞങ്ങള്‍ ഒന്നിച്ച് കോഫീ ഹൗസിലേക്ക് പോയി. ഭക്ഷണം കഴിച്ചു. മറ്റെന്തൊക്കെയോ പറഞ്ഞിരുന്നു. പുറത്തിറങ്ങി കാറിലേക്കു കയറുമ്പോള്‍ അവള്‍ ചോദിച്ചു  

 

എന്തു തീരുമാനിച്ചു ?

 

ഞാന്‍ വരാം. നാളെ.... അദ്ദേഹത്തോടു സംസാരിക്കാം...

 

അവളുടെ മുഖത്തൊരു ചിരി മിന്നി.

 

അവളെ ഹോസ്റ്റലിലാക്കി തിരികെ ഓഫീസിലേക്കു പോകുമ്പോള്‍ ഞാന്‍ ചിന്തിച്ചു - വേണോ....?

 

ആ ചോദ്യം ചിന്തയില്‍ തറഞ്ഞു കയറി വലുതാകാന്‍ തുടങ്ങിയതും വൂഫ് എന്ന ശബ്ദമുയര്‍ത്തി ഒരു ഫ്‌ലവര്‍ ബെയ്‌സ് എന്റെ വലതു കണ്ണിനു മുകളിലേക്കു പാഞ്ഞു വരും പോലെ തോന്നി. 

 

മൂന്നു വര്‍ഷം മുമ്പു കേട്ട ഒരു സംഭവം. ഇത്ര കാലം തൊട്ടിട്ടില്ലാത്ത അതെന്നെ ഇപ്പോഴിങ്ങനെ പിന്തുടരുന്നതെന്തിനാകും ?

 

മനസ്സിലാകുന്നില്ല.

 

വേണ്ട... നാളെ അയാളെ കാണാന്‍ പോകണ്ട... തീരുമാനിച്ചു.

 

ഓഫീസിലേക്കും പോകാതെ കാര്‍ കിഷോറിന്റെ വീട്ടിലേക്കു തിരിച്ചു. അവനവിടെയുണ്ടാകുമെന്നുറപ്പില്ല. എങ്കിലും ഇപ്പോള്‍ അങ്ങോട്ടു പോകാനാണ് തോന്നുന്നത്. ആഗ്രഹിച്ചതു പോലെ അവനവിടെയുണ്ടായിരുന്നു. രാത്രിയിലെപ്പോഴോ വന്നു കയറി ഉറക്കത്തിലേക്കു വീണതിന്റെ ക്ഷീണമുണ്ടായിരുന്നു അവന്റെ മുഖത്തും ചലനങ്ങളിലും. 

 

ഞാനവനോടു പറഞ്ഞു 

 

ഞങ്ങളുടെ കാര്യം അയാളോടു പറയാന്‍ രാഗിണി നിര്‍ബന്ധിക്കുന്നു. 

 

അവന്‍ മൂളി. 

 

പോകെണ്ടെന്നാ എന്റെ തീരുമാനം. 

 

അതെന്താ....

 

ആ....

 

അവന്‍ ഒരു സിഗരറ്റ് ചുണ്ടുകള്‍ക്കിടയില്‍ തിരുകി, ലൈറ്ററിലെ തീ പൊക്കി. 

 

ഞാനവന്റെ വലതു കണ്ണിലേക്കു നോക്കി. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. അതെന്നെ നോക്കും പോലെ... എന്റെയുള്ളിലേക്ക്... മനസ്സിനുള്ളിലേക്ക് തറഞ്ഞു കയറുന്ന നോട്ടം.

 

അവന്‍ പുകയുടെ ചുരുളുകള്‍ ഊതിപ്പറപ്പിച്ച് എന്നെ നോക്കി. അവന്റെ ചുണ്ടുകള്‍ക്കിടയില്‍ സിഗരറ്റില്‍ പിണഞ്ഞു പുറത്തേക്കു വരാന്‍ വെമ്പുന്ന ഒരു ചിരിയുടെ തല കണ്ടു. 

 

ഇപ്പോഴിന്താ ഇങ്ങനെ തോന്നാന്‍.

 

അറിയില്ല.

 

ഭയം!

 

അവനതു പറഞ്ഞതും ഞാനൊന്നു ഞെട്ടി.

 

എന്തു ഭയം ?

 

ഞാന്‍ വിക്കി.

 

എന്തൊക്കെയോ ഭയങ്ങള്‍...

 

അവന്‍ വീണ്ടും പറഞ്ഞു.

 

അപ്പോള്‍  വൂഫ് എന്ന ശബ്ദമുയര്‍ത്തി ഒരു ഫ്‌ലവര്‍ ബെയ്‌സ് എന്റെ വലതു കണ്ണിനു മുകളിലേക്കു പാഞ്ഞു വരും പോലെ തോന്നി. 

 

വിയര്‍പ്പിന്റെ നനവു ശരീരത്തില്‍ പടരുന്നു.

 

ഞാനെന്തോ പറയാനൊരങ്ങിയതും മുറിക്കുള്ളില്‍ ഇരുട്ടു നിറഞ്ഞതും ഒന്നിച്ചായിരുന്നു.

 

വൈദ്യുതി നിലച്ചു. ഫാനും ബള്‍ബും പ്രവര്‍ത്തനം നിര്‍ത്തി. അപ്പോഴേക്കും അവന്റെ ചിരി, ഒച്ചകൂടി, ഒരു അലര്‍ച്ചപോലെ ഉയര്‍ന്നു തുടങ്ങിയിരുന്നു. എന്നെ വീണ്ടും ഭയം മാന്തി. പകലില്‍, ഉച്ചയില്‍, ഒരു വീടിനുള്ളിലേക്കു മാത്രം രാത്രി കയറി വന്നപോലെ... ഇരുട്ടിനുള്ളില്‍ ഇപ്പോള്‍ അവന്റെ വലതു കണ്ണു മാത്രം തിളങ്ങുന്നു. അതെന്നെ നോക്കും പോലെ... എന്റെയുള്ളിലേക്ക്... മനസ്സിനുള്ളിലേക്ക് തറഞ്ഞു കയറുന്ന നോട്ടം.

 

നിനക്കു ഭയമുണ്ടോ....

 

ഇരുട്ടിനുള്ളിലെവിടെയോ നിന്ന് അവന്‍ ചോദിക്കുന്നു.

 

ഇല്ല...

 

എന്റെ ശബ്ദത്തിനിത്രയും കരുത്തെങ്ങിനെ....? ആലോചിച്ചു തീരും മുമ്പേ ശരീരം പ്രവര്‍ത്തിച്ചു തുടങ്ങി. വലതു കൈ ഇരുട്ടുലേക്കു തള്ളിക്കയറ്റി ഞാനെന്തിലോ പിടി മുറുക്കി. ഭാരമുള്ള, ഗദ പോലെ എന്തോ ഒന്നെന്നുറപ്പ് - ഞാനത് ഇരുട്ടിലൊരു വര പോലെ വീശാനൊരുങ്ങിയതും വൂഫ് എന്ന ശബ്ദമുയര്‍ത്തി ഒരു ഫ്‌ലവര്‍ ബെയ്‌സ് എന്റെ വലതു കണ്ണിനു മുകളിലേക്കു പാഞ്ഞു വന്നു...

 

ഇതെന്താണ്... ഞാനെഴുതുന്ന കഥയോ അതോ...

 

Content Summary: Ekandhathayude 8 varshangal, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com