ADVERTISEMENT

വീട്ടില്‍നിന്നുള്ള വഴി (കഥ)

 

തലേ ദിവസം വാര്‍പ്പ് കഴിഞ്ഞ തന്റെ വീടിന്റെ മുകള്‍ഭാഗത്ത് വെള്ളം നനയ്ക്കാന്‍ മരക്കോണിയിലൂടെ കയറുകയായിരുന്നു അയാള്‍. ആണി അടിക്കുകയും കയറിട്ടു കെട്ടുകയും ചെയ്ത ആ കോണിയിലെ ചില മരക്കഷണങ്ങളെല്ലാം ഇളകി വീഴാറായിരുന്നു. മുകളിലെത്തി താഴെ സിമന്റ് തൊടിയിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെള്ളം ബക്കറ്റും കയറും കൊണ്ട് മുകളിലേക്ക് കോരിയെടുത്തു ഓരോ വശത്തും നനച്ചു തുടങ്ങി. വീട് പണി തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞു. 

 

കഴിഞ്ഞ ആഴ്ചയാണ് ഒരു മാസത്തെ അവധിക്ക് ദോഹയില്‍ നിന്നും അയാളെത്തിയത്. വന്ന ദിവസം മുതല്‍ മേസ്തിരിയോടു പറഞ്ഞ്, അയാളും ജോലിക്ക് കൂടിത്തുടങ്ങി. പത്തു പന്ത്രണ്ട് ദിവസം വെള്ളം നനച്ചാല്‍ നല്ല ഉറപ്പ് കിട്ടും. ഭാവിയിലെങ്ങാനും മുകളില്‍ ഒരു നില കൂടി പണിതു വാടകയ്ക്ക് കൊടുക്കണമെങ്കില്‍ ഒന്നാം നിലയ്ക്ക് നല്ല ഉറപ്പു വേണം.

 

ചാല മാര്‍ക്കറ്റില്‍ ഇരുപതാമത്തെ വയസ്സ് മുതല്‍ പച്ചക്കറി ചുമടെടുക്കുകയായിരുന്നു അയാള്‍. രാവിലെയും വൈകുന്നേരവും പിടിപ്പത് ജോലിയുണ്ടാവും. എല്ലാ ദിവസവും പത്തുമുപ്പത് ചെറു കിട പച്ചക്കറി കച്ചവടക്കാര്‍ ഇത്തിരിയിത്തിരി മലക്കറികളുമായി നിരന്നിരിക്കും. അവരെയും തൊട്ടപ്പുറത്തെ കടകളെയും ചുറ്റിപ്പറ്റിയാണ്, ചുമട്ടുകാരുടെ ജീവിതം. 

 

ആ ദിവസങ്ങളിലൊന്നിലാണ് അമ്മാവന്റെ കൂടെ പച്ചക്കറികളുമായി ഇരിക്കുന്ന അവളെ ശ്രദ്ധിച്ചത്. ഇരുണ്ട നിറമാണ്. ഇടത്തെ നെറ്റിയില്‍ വെള്ളപ്പാണ്ട് പിടിച്ച അടയാളമുണ്ട്. ഇരുട്ടുവോളം വില്‍പന നടത്തിയ അവളുടെ അടുത്ത് ഒരു ദിവസം മലക്കറികള്‍ വാങ്ങാനെന്ന ഭാവത്തില്‍ച്ചെന്നു. 

 

‘പേരെന്താ’ അവളോട് ചോദിച്ചു. അവൾ ആദ്യമൊന്നു മടിച്ചെങ്കിലും പേര് പറഞ്ഞു. വീണ്ടും വീണ്ടുമുള്ള അയാളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ അവൾ പറഞ്ഞു :

‘ഒരു പ്രാവശ്യം മുഖത്തു നോക്കിയവര്‍ക്കാര്‍ക്കും പിന്നെ എന്നെ നോക്കാന്‍ തോന്നാറില്ല.’ ആ ഉത്തരത്തിൽ അയാളുടെ മനസ്സൊന്നു നീറി .

‘ജീവിത കാലം മുഴുവന്‍ ഞാൻ നോക്കി കൊള്ളാം. എന്റെ കൂടെപ്പോരുന്നോ.’ 

 

വീട്ടില്‍ അറിയിച്ചപ്പോള്‍ അമ്മ ഉറഞ്ഞു തുള്ളി. ‘അച്ഛനും അമ്മയും ഇല്ലാത്തത് സഹിക്കാന്നു വെക്കാം, വെള്ളപ്പാണ്ട് പിടിച്ചോളെ ഇവിടെ കേറ്റാൻ പറ്റില്ലാ’

 

അന്ന് ഇറങ്ങിയതാണ് വീട്ടില്‍നിന്ന്. 

 

പട്ടണത്തില്‍ നിന്നും വളരെ അകലെ കൂട്ടുകാരന്‍ താമസിക്കുന്ന വീടിനോട് ചേർന്ന് ഒരു വാടക വീട്ടിൽ താമസം തുടങ്ങി. അടുത്തുള്ള മറ്റു വീടുകളിൽ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. മകളുണ്ടായി രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞാണ് വീടു വെക്കാനുള്ള ആഗ്രഹം തുടങ്ങിയത്. അന്ന് കയറിയതാണ്, ദോഹക്ക് വിമാനം. 

 

ഓണത്തിനു മുമ്പ് വീട്ടില്‍ പാല് കാച്ചണം, അയാള് വിചാരിച്ചു. കുറച്ചു പരിചയക്കാരെ ക്ഷണിക്കണം. നനച്ചു കഴിഞ്ഞ്, മരക്കോണിയില്‍ മുറുകെ പിടിച്ച് അയാള്‍ താഴെയിറങ്ങി വീടിനു ചുറ്റുമുള്ള സിമന്റ് ചാക്കിന്റെ അവശിഷ്ടങ്ങളും ചപ്പു ചവറുകളുമെല്ലാം അടിച്ചു വാരിക്കൂട്ടി തീയിട്ടു.

 

അവസാന ബസ് പോയെന്നു തോന്നിയ അയാള്‍, തൊട്ടയല്‍വാസിയും കൂട്ടുകാരനുമായ മഹേഷിന്റെ ഓട്ടോ വിളിച്ചു.

 

‘ഓണത്തിന് മുമ്പ് കേറി കൂടണമെടാ.’ അയാള്‍ പറഞ്ഞു. 

‘കടം പെട്ടെന്ന് വീട്ടി ഗള്‍ഫില്‍ നിന്നും വേഗം തിരിച്ചു പോരണം ട്ടോ.’ മഹേഷ് പിറകിലേക്ക് തിരിഞ്ഞു നോക്കാതെ പറഞ്ഞു.

 

അയാളുടെ മകള്‍ക്ക് രണ്ടു മൂന്നു പ്രാവശ്യം പനിയും ചുമയും കൂടി ആശുപത്രിയില്‍ കൊണ്ട് പോയതും സമീപത്തുള്ള ചില സദാചാര പൊലീസുകാര്‍ ഓട്ടോ നിര്‍ത്തിച്ചു പാതി രാത്രി എന്താ കച്ചവടം എന്നു അസഭ്യം പറഞ്ഞതും മഹേഷ് ഇതിനിടെ പറഞ്ഞു. ‘നിന്റെ മോള്‍ ആ സമയം നന്നായി പേടിച്ചിട്ടുണ്ട്..’

 

അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞ് അവളന്ന് ഓട്ടോയിലിരുന്ന് കരഞ്ഞകാര്യം മഹേഷ് പറഞ്ഞപ്പോള്‍ ഉള്ളിലൂടെ ഒരു തീ പുകഞ്ഞിറങ്ങുന്നതായി അയാള്‍ക്ക് തോന്നി. 

 

വീടിനു മുന്നിലെത്തിയപ്പോൾ ഓട്ടോ നിര്‍ത്തി. അതിന്റെ മുന്‍വശത്ത് നഗരത്തിലെ പ്രധാന മാലിന്യങ്ങളെല്ലാം കൊണ്ട് വന്നു തള്ളുന്ന സ്ഥലമാണ്. കൊതുകുകളും ഈച്ചകളും നിറഞ്ഞിട്ടുണ്ട്. സമീപത്തെ വീടുകളിലെ പല കുഞ്ഞുങ്ങളും അസുഖങ്ങളുടെ പിടിയിലാണ്. കുറഞ്ഞ വാടകയ്ക്ക് കിട്ടുന്ന എല്ലാ വീടുകളുടെയും അവസ്ഥ ഇത് തന്നെയാണ്. തന്റെ മകളുടെയും വിട്ടു മാറാത്ത ചുമക്കുള്ള പ്രധാന കാരണം ആ മാലിന്യ കൂമ്പാരം തന്നെയാണെന്ന് അയാള്‍ക്കറിയാം.

 

സമീപത്തെ ബീഹാറികള്‍ അവരുടെ വരാന്തകളില്‍ കൂട്ടമായിരുന്നു ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു. ഒരാള് പരത്തി മറ്റൊരാള്‍ ചുട്ടെടുത്ത് പരസ്പരം സഹകരിച്ചുള്ള അവരുടെ പാചകം കണ്ടപ്പോള്‍ ദോഹയിലെ തന്റെ റൂമിലെ കൂട്ടുകാരെ അയാൾക്ക് ഓര്‍മ്മ വന്നു. 

 

ഭാര്യ ഓരോ സാധനങ്ങളായി കടലാസ് പെട്ടിയിലും ചാക്കുകളിലും നിറച്ചു തുടങ്ങിയിരുന്നു. 

‘സമയം ഉണ്ടല്ലോ ഇനിയും. ഇപ്പോഴേ തുടങ്ങിയോ പാക്കിംഗ്’ അയാള്‍ ചോദിച്ചു. അവള്‍ അത് കേട്ട് ചിരിച്ചുകൊണ്ട് ഭക്ഷണമെടുക്കാനായി പോയി. 

നിലത്തിരുന്ന് അടുത്ത ദിവസത്തെ കണക്കു പരീക്ഷക്കായി പഠിക്കുകയായിരുന്ന മകള്‍ ഓടി വന്നു ചോദിച്ചു. 

‘അച്ഛാ ഇനി എത്ര ദിവസമുണ്ട്പുതിയ വീട്ടില്‍ താമസം തുടങ്ങാൻ?’

‘മക്കളെ ഓണ പരീക്ഷ കഴിയട്ടെ, കൂട്ടുകാരെയൊക്കെ വിളിച്ചോ ട്ടോ’

 

അയാള്‍ കുളിക്കാനായി പോയി.

 

ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കുന്നതിനിടെ അയാള്‍ ഭാര്യയോടു പറഞ്ഞു. 

‘നമുക്ക് ഒരു കട്ടിലും കിടക്കയും വാങ്ങണം, പുതിയ വീട്ടിലേക്ക്’

മകള്‍ അയാള് പറഞ്ഞത് ശ്രദ്ധിക്കാതെ കഞ്ഞി കുടിച്ചു. 

‘മോള്‍ക്ക് പഠിക്കാന്‍ അച്ഛന്‍ ഒരു കുഞ്ഞി മേശയും കസേരയും വാങ്ങുന്നുണ്ട്’

മകളെ നോക്കി അയാള്‍ പറഞ്ഞു. 

‘ഞാന്‍ നിലത്തിരുന്നു പഠിച്ചോളാം അച്ഛാ, വീട് ആയില്ലേ, അച്ഛനിനി പോവാതിരുന്നൂടെ’

അവള്‍ നിഷ്കളങ്കമായി കരഞ്ഞു. കണ്ണുനീര് കഞ്ഞി പാത്രത്തില്‍ വീണു

 

അയാള്‍ പകുതി കഞ്ഞി ബാക്കി വെച്ച് എഴുന്നേറ്റു. ബാഗിനുള്ളിലെ മുഷിഞ്ഞു തുടങ്ങിയ ഡയറിയിലെ കടം വാങ്ങിയവരുടെ പേരുള്ളാരു പേജ് അയാളുടെ മനസ്സില്‍ ആരോ തുറന്നുവെച്ചു. അലവിക്ക മുതലാണ് പേരുകള്‍. മകളുടെ കോളജ് അഡ്മിഷന് പണം തിരിച്ചു കൊടുക്കാമെന്ന ഉറപ്പിലാണ് അലവിക്ക അന്ന് കടം തന്നത്. പിന്നെയുമുണ്ട് പേരുകള്‍. അക്കങ്ങള്‍. 

 

‘ഇല്ല മോളെ. അച്ഛന് പോവണം. ഇനിയിപ്പോ വീടിന്റെ കടം കൂടിയുണ്ട്. അതൊന്നും മോള്‍ക്ക് പറഞ്ഞാല്‍, മനസ്സിലാവില്ല. അച്ഛനിങ്ങനെ ഇടയ്ക്ക് വരും.’

 

അയാള്‍ മനസ്സിലെ ഡയറി അടച്ചുവെച്ചു. മകള്‍ക്ക് ബാക്കി കഞ്ഞി കോരിക്കൊടുത്തു. ഭാര്യ സങ്കടം ഉള്ളിലൊതുക്കി  ഒന്നും മിണ്ടാനാവാതെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു നോക്കിയിരുന്നു..

 

Content Summary: Veettil Ninnulla Vazhi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com