ADVERTISEMENT

ചില നേരങ്ങളിലെ മൗനം (കഥ)

മഴ നല്ല പോലെ ചാറി തുടങ്ങിയതിനാൽ സഞ്ജയ്‌ കാറിന്റെ വൈപ്പർ ചലിപ്പിച്ചു. ദ്രുതഗതിയിൽ ഇടത്തോട്ടും വലത്തോട്ടും ചലിച്ചിരുന്ന വൈപ്പറിന് ഇടയിലൂടെ മഴ തുള്ളികൾ തെന്നി മാറികൊണ്ട് അവന്റെ കാഴ്ച്ചക്ക് സുഖമേകും വിധം കാറിന്റെ ചില്ല് വൃത്തിയാക്കി. പെട്ടന്ന് കുറെയേറെ കനത്ത് മഴ ശക്തിയാർജിച്ചു.

 

കനത്ത മഴയിൽ മുന്നിലെ പാത വീണ്ടും മങ്ങി വണ്ടി ഓടിക്കുന്നതിന് തടസ്സമായതും അവൻ കാർ റോഡിന്റെ അരികിലേക്ക് ഒതുക്കി നിർത്തി. മഴ ഒന്ന് ഒതുങ്ങുവാൻ കാത്തിരിക്കെ അവൻ വണ്ടിയിൽ ഇരുന്ന് മൊബൈൽ ഫോൺ കയ്യിൽ എടുത്തു. എട്ടു കോളുകൾ വന്നുപോയതിന്റെ അടയാളം മൊബൈലിന്റെ തലക്കെട്ടായി അവൻ കണ്ടു. തിരികെ അതേ നമ്പറിലേക്ക് അവൻ വിളിച്ചു. ലൈൻ പോയില്ല. മഴയായാൽ ലൈൻ കിട്ടുന്നത് പാടാണ്.. അവൻ ഫോൺ കമ്പനിയെ മനസ്സിൽ പ്രാകി.

 

ഇനിയും അവന് ഏകദേശം അൻപതു കിലോമീറ്റർ സഞ്ചരിക്കാനുണ്ട്.. ഈ ഓഫീസ് യാത്രകൾക്ക് സാധാരണയായി അവൻ സ്വന്തം വണ്ടി എടുക്കാറില്ല.. പലപ്പോഴും മീറ്റിങ്ങുകൾ നീളുമ്പോൾ യാത്രക്കിടയിൽ വണ്ടിയുടെ സീറ്റിൽ ഇരുന്ന് പൂർത്തീകരിക്കേണ്ടി വരും. വണ്ടി ഓടിക്കുമ്പോൾ ഇതൊക്കെ എങ്ങിനെയാ? ഇപ്രാവശ്യം അവന് വേറെ സഞ്ചാരമാർഗങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ അവൻ സ്വയം വണ്ടി ഓടിച്ചു പോയി.

 

പെട്ടെന്ന് എവിടെ നിന്നോ അവന്റെ വണ്ടിക്ക് മുന്നിൽ ഒരു കാർ വന്ന് നിന്നു. ഒരപരിചിതൻ അതിൽ നിന്നും ഇറങ്ങി.. സഞ്ജയ്‌ ന്റെ കാറിന്റെ ചില്ലിൽ മുട്ടി. അവൻ ചില്ല് പതുക്കെ താഴ്ത്തി. കനത്ത മഴയിൽ കുടയും ചൂടി നിൽക്കുന്ന ആൾ അവന്റെ മുഖം കണ്ടതും സംസാരിച്ചു തുടങ്ങി.. ‘‘സർ അത്യാവശ്യമായി തൃശ്ശൂർ വരെ പോകാനുള്ളതാണ്.. നിങ്ങൾ ആ വഴിക്കാണെങ്കിൽ??’’

 

‘‘കേറിക്കോള്ളൂ. ഞാൻ വിട്ടേക്കാം.. തനിച്ചേ ഉള്ളോ?’’ സഞ്ജയ്‌ അയാളോട് പറഞ്ഞു. 

 

‘‘അതെ സർ. എന്റെ വണ്ടി കേടായി. പെട്ടെന്ന് ഇന്നു തന്നെ പോയിട്ട് അത്യാവശ്യമുണ്ട്. ഏടത്തിയും മോളും തനിച്ച് അവിടെയാണ്. ഏടത്തിയുടെ അച്ഛനാണ് അവർക്ക് കൂടെയുള്ളത്. അങ്ങേര് ഇപ്പോൾ ഒരു ടൂറിലാണ്.. പെട്ടെന്ന് അയൽവാസികൾ ശല്യം ചെയ്തു, ബഹളം മൂത്തതിൽ പൊലീസും കേസും എന്നൊക്കെ പറഞ്ഞ് ഒരേ കരച്ചിലായിരുന്നു. ഏട്ടൻ വിദേശത്തായതുകൊണ്ട് എനിക്ക് പോയെ പറ്റൂ.’’

 

അയാൾ വാതോരാതെ സഞ്ജയ് നോട് പറഞ്ഞു. എല്ലാം അവൻ മൂളി കേട്ടു.  

 

സഞ്ജയ് ന്റെ ഫോൺ വീണ്ടും ശബ്‌ദിച്ചു.. അവൻ പെട്ടെന്ന് അതെടുത്ത് ചെവിയിൽ വെച്ചു.

 

‘‘ഹലോ’’ പെട്ടെന്ന് ഒരു ഇടി വെട്ടി.. ഇടി വെട്ടിയ കനത്ത ശബ്ദത്തിൽ അവൻ ഫോൺ വിളിച്ച ആളുടെ ശബ്ദം കേട്ടില്ല. അവന്റെ വീട്ടിലെ ഫോണിൽ നിന്നായിരുന്നു ആ വിളി വന്നത്. 

 

പിന്നീട് അവൻ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചു.. വീണ്ടും ആരും ഫോൺ എടുത്തില്ല.. റിങ് പോയ്കൊണ്ടേയിരുന്നു. അവൻ കുപിതനായി. ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഏതൊരു ഭർത്താവിനും തോന്നാവുന്ന ദേഷ്യം അവനിലും കണ്ടു.

 

മഴ കുറച്ചൊന്നു തോർന്നതിനാൽ അവൻ പുതിയ സഹയാത്രികനേയും കൂട്ടി വീണ്ടും വണ്ടി ഓടിച്ചു. ഒരേ നഗരം ലക്ഷ്യമാക്കി രണ്ടുപേരും കാറിൽ സഞ്ചരിച്ചു.

 

സഹായാത്രികൻ അയാളുടെ ഫോണിൽ തുരു തുരാ വിളിച്ച് അയാളുടെ വണ്ടി നേരെയാക്കിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. മറുപുറം പലരും മാറി മാറി സംസാരിക്കുന്നതായി സഞ്ജയ് മനസ്സിലാക്കി.

 

മൂന്നു കോളുകൾ കഴിഞ്ഞു വേവലാതിയോടെ അയാൾ സഞ്ജയ്‌നോട് തുടർന്നു. ഇപ്പോൾ തന്നെ സർ കണ്ടതല്ലേ.. ഞാൻ മൂന്ന് പ്രാവശ്യം ഫോണെടുത്തു വിളിച്ചതിൽ അവൾ എന്നെ ആറു പ്രാവശ്യം തിരികെ വിളിച്ചില്ലേ.. ഇതാണ് സർ എന്റെ ഭാര്യ. മര്യാദക്ക് ഷെഡ്‌ഡിൽ ഇട്ടിരുന്ന വണ്ടിയെടുത്തു മാർക്കെറ്റിൽ പോകാൻ എന്നു പറഞ്ഞ് ഉള്ള പെട്രോളും തീർത്ത് നിർത്തിയിരുന്നതാണ് സർ എന്റെ വണ്ടിക്ക് ഇന്ന് കേടാകാനുള്ള കാരണം. എന്നാൽ ഇത്ര വാതോരാതെ ചലിക്കുന്ന ആ നാവിനു ഇത് മാത്രം പറയാനും വയ്യ.. ഈ പെണ്ണുങ്ങൾ, അല്ല ഭാര്യമാർ എല്ലാരും ഇങ്ങനെയാ സാറെ.. അല്ല സാർടെ ഭാര്യ? മാഡം ഇത് പോലെയൊക്കെയാണോ?

 

‘‘ഒരിക്കലെങ്കിലും വണ്ടി മര്യാദക്കൊന്നു ഓടിക്കാൻ വിടില്ല..’’ അയാൾ തുടർന്നു ‘‘എപ്പോ നോക്കിയാലും ചലപില ചലപില.. കഴിഞ്ഞ നാൾ തമിഴ് നാട്ടിലെ മധുര വരെ ഒന്ന് പോയതാണ്.. ചല പില ചല പില പറഞ്ഞതിൽ മുന്നിൽ നിന്ന ബസ്സിൽ കൊണ്ട് ഞാൻ ഒന്നുരസി.. ചല പില ശബ്ദത്തിൽ ശ്രദ്ധയും കിട്ടില്ല.. എപ്പോ നോക്കിയാലും ലൊട ലൊട ലൊട..സർ നിശബ്ദനാണല്ലോ?’’

 

ഭാര്യ വാതോരാതെ സംസാരിക്കും എന്ന് പറഞ്ഞൊപ്പിച്ച അയാൾ കാറിൽ കയറിയ മുതൽക്ക് നിർത്താതെ സംസാരിക്കുകയായിരിന്നു.

 

സഞ്ജയ്‌ വീണ്ടും ഫോണിൽ നമ്പർ ഞെക്കി.. റിങ് പോയെങ്കിലും ശബ്ദം കേട്ടില്ല.. അവൻ ചഞ്ചലനായി കാണപ്പെട്ടു.

 

അവൻ രണ്ടു ദിവസം മുൻപ് അവന്റെ വീട്ടിൽ നടന്ന സംഭവത്തെ കുറിച്ച് ഓർത്തു. 

 

‘‘നീ ഒന്ന് എന്റെ അരികിൽ നിന്നു പോകുന്നുണ്ടോ? എനിക്ക് തലവേദന ഒന്ന് കുറഞ്ഞിട്ടു പറയാം പ്ലീസ്’’

 

ശ്വേതയുടെ മുഖത്തെ ഭാവമാറ്റം അവൻ ശ്രദ്ധിച്ചില്ല എന്ന് നടിച്ചു. അവൾ അന്ന് കുറച്ചധികം മ്ലാനതയിലായിരുന്നു.. ഒന്നും മിണ്ടാതെ വേറൊരു മുറിയിൽ അവൾ കയറി വാതിലടച്ചു.

 

പിന്നീടുള്ള രണ്ടു ദിവസങ്ങളും അവന് ജോലി തിരക്കുകൾ ഏറെ ഉള്ളതാൽ അവൾക്കുള്ള സമയമോ വേണ്ട ശ്രദ്ധയോ കൊടുക്കുവാൻ ആയില്ല. പെട്ടെന്നായിരുന്നു ഈ യാത്രയും. 

 

ചിന്തയിലാണ്ട് വണ്ടി ഓടിച്ചു കൊണ്ടിരുന്ന സഞ്ജയ് നെ കാറിലെ റേഡിയോയിലൂടെ വന്ന ആ ഗാനം വീണ്ടും വർത്തമാനത്തിലേക്കു ആനയിച്ചു. അപ്പോഴേക്കും മഴ നന്നേ തോർന്നിരുന്നു. നനഞ്ഞ റോഡിലൂടെയുള്ള കാർ യാത്രകൾ ശ്വേതക്കു ഏറെ ഇഷ്ടമായിരുന്നു.. റേഡിയോയിലെ ഗാനം കേൾക്കാത്തത്ര ഉച്ചത്തിൽ അവളും വണ്ടിയിൽ ഇരുന്ന് പാടുമായിരുന്നു.. അവനെ ഏറെ അരിശം കൊള്ളിച്ചിരുന്നതും അതായിരുന്നു.

 

പെട്ടെന്ന് സഞ്ജയ്‌ നോട് സഹയാത്രികൻ വണ്ടി അരികിലേക്ക് ചേർക്കാൻ ആവശ്യപ്പെട്ടു. ‘‘ആ കറുപ്പിൽ ചുവന്ന പൂവുകൾ ഉള്ള ഗേറ്റിന് മുന്നിൽ നിർത്തിക്കോള്ളൂ. ഇതാണെന്റെ വീട് നിങ്ങളും ഇതേ വഴിയാണല്ലോ?’’ അയാൾ നന്ദി പറഞ്ഞ് ഇറങ്ങി.

 

അയാളോട് വിടവാങ്ങി വണ്ടി ഓടി തുടങ്ങിയതും സഞ്ചയ് ന്റെ ഫോൺ ശബ്‌ദിച്ചു. ശ്വേതയായിരുന്നു ഫോണിൽ.

 

നിനക്ക് മെസ്സേജ് അയച്ചാൽ പോരെ.. അങ്ങോട്ട് വിളിച്ചപ്പോൾ എടുക്കാൻ വയ്യായിരുന്നോ? പെട്ടെന്ന് പറ.. അവൾ പകുതി പറഞ്ഞതും അവന്റെ കണ്ണ് സഹയാത്രികൻ കാറിൽ വിട്ടുപോയ ബാഗിൽ പതിഞ്ഞു.

 

‘‘ഞാൻ ഇപ്പോൾ നിന്നെ വിളിക്കാം അല്ലെങ്കിൽ ഞാൻ ഇതാ അടുത്തെത്തി. ഇനി വീട്ടിൽ കയറിയിട്ട് പറഞ്ഞാൽ പോരെ?’’

 

‘‘രണ്ടു ദിവസങ്ങളായില്ലേ നമ്മൾ ഒന്ന് മിണ്ടിയിട്ട്? എപ്പോഴും ഉള്ള തിരക്കല്ലേ? ഫോണിലെങ്കിലും കിട്ടിയല്ലോ എന്ന് കരുതി..’’

 

ശ്വേത പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവൻ ധൃതിയിൽ ഫോൺ കട്ട്‌ ചെയ്തു..

 

സഞ്ജയ്‌ വണ്ടി തിരിച്ചു. അയാൾ ഇറങ്ങിയ വീടിന്റെ മുന്നിൽ എത്തിയതും അവൻ വണ്ടി ഒതുക്കി നിർത്തി. അവൻ അയാൾ വിട്ടു പോയ ബാഗ് എടുത്തിറങ്ങി.. അന്വേഷിച്ചതിൽ ആ വീട്ടിൽ അങ്ങനെ ആരും ഉള്ളതായി അറിഞ്ഞില്ല.. പെട്ടെന്ന് അവനെതിരെ സൈക്കിളിൽ അത് വഴി പോയ ഒരാൾ അവനെ കണ്ട് സൈക്കിൽ നിർത്തി.

 

‘‘എന്താ സാറെ വേലായുധൻ സാറിനെ തിരയുകയാണോ? ഇപ്പോൾ നിങ്ങൾ കാറിൽ കൊണ്ടിറക്കിയ?’’

 

‘‘അതെ ഇതല്ലേ അങ്ങേരുടെ വീട്? ഇവിടെയാണല്ലോ ഇറങ്ങിയത്.’’

 

‘‘അതെ വീട് ഇത് തന്നെയാ സാർ ’’

 

‘‘ആളില്ല എന്ന് വാച്ച്മാൻ പറഞ്ഞു കാണും അല്ലേ? എന്താ കാര്യം?’’

 

സഞ്ജയ്‌ ബാഗിന്റെ കാര്യം പറഞ്ഞു. അയാൾ സൈക്കിൾ ചാരി നിർത്തി. വാച്ച്മാനെ വിളിച്ച്‌ സഞ്ജയ്‌ ന്റെ കയ്യിലെ ബാഗ് വാങ്ങി വാച്ച്മാന്റെ കയ്യിൽ ഏൽപ്പിച്ചു. എന്നിട്ട് സഞ്ജയിനോടായി തുടർന്നു. 

 

‘‘വേലായുധൻ സർ വണ്ടി കേടായെന്നു പറഞ്ഞ് സാറിന്റെ കാറിൽ വന്നതല്ലേ? ’’

 

‘‘അതെ’’

 

‘‘സർ അങ്ങിനെയാ.. വണ്ടി ഇപ്പോൾ വരും കേടായതാവില്ല ഡ്രൈവർ കൊണ്ട് വരും .. പിന്നെയും ചില കെട്ടുകഥകൾ പറഞ്ഞിട്ടുണ്ടാവാം. ഇപ്പോൾ അങ്ങിനെയാ.. സർ ഇപ്പോൾ ഇവിടെ ഒറ്റക്കാ.. ഭാര്യ മരിച്ചു. തൊണ്ടയിൽ കാൻസർ ആയിട്ടാണ് മരിച്ചത്. ഉള്ള കാലത്ത് ഭാര്യയുമായി സംവദിക്കാൻ സമയം കിട്ടിയിട്ടില്ല. നല്ല പ്രാസംഗികൻ ആയിരുന്നു.. എപ്പോഴും തിരക്കുള്ള വ്യക്തി. വീട്ടിൽ വന്നാൽ മൗനിയായി ജീവിച്ച വ്യക്തി. ഭാര്യക്ക് എന്നും ആവലാതിയായിരുന്നു. സംസാരിക്കുന്നില്ല. അവർ സംസാരിക്കുന്നത് കേൾക്കുന്നില്ല എന്നൊക്കെ. ഇന്നിപ്പോൾ വാച്ച്മാൻ ‘‘അകത്തു ആരുമില്ല’’ എന്ന് നിങ്ങളോട് പറഞ്ഞതിന് കാരണം ഇപ്പോൾ വേലായുധൻ സർ അകത്ത് അലറി കരയുന്നുണ്ടാവും.. എപ്പോഴും അങ്ങിനെയാ സാറെ പതിവ് . പശ്ചാത്താപത്തിന്റെ മനോദുഃഖം അനുഭവിക്കുന്നവർക്കേ അറിയൂ.. 

 

അയാൾ സൈക്കിൾ ചവിട്ടി മുന്നോട്ട് നീങ്ങി.. സഞ്ജയ്‌ കാറിൽ കയറി.

 

വേലായുധൻ സാർ എന്തിന് അവന്റെ കാറിൽ കയറി.. എന്താണ് പറയാതെ പറഞ്ഞ് പോയത് എന്ന് ആർക്കുമറിയില്ല. എന്നാൽ സഞ്ജയ്‌ വീട് എത്താൻ നിൽക്കാതെ ശ്വേതയെ ഫോണിൽ ഉടൻ വിളിച്ചു.. അവൾ മനസ്സ് നിറയെ അവനോടു സംസാരിച്ചു.

 

Content Summary: Chila nerangalile maunam, Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com