ADVERTISEMENT

മീശക്കുരുസാമി (കഥ)

 

എന്തോ ശബ്ദം കേട്ടാണു രാവിലെ കിടക്കയിൽ നിന്ന് എണീറ്റത്. വാച്ചിൽ നോക്കി. ഒഫീസിൽ പോവാനുള്ള നേരം വൈകിയിരിക്കുന്നു. ഇന്നലത്തെ ഉറക്കം ശരിയായില്ല. ഏതെങ്കിലും ഒരു സ്വപ്നമോ മറ്റോകണ്ട് ഇടയ്ക്കുണർന്നാൽ പിന്നെ ഇങ്ങനെയാണ്. ടൈം ടേബിൾ എല്ലാം താളം തെറ്റും.

 

ഓടിപ്പിടിച്ച് ബസ് സ്റ്റോപ്പെത്തി. ഭാഗ്യം എട്ടരയുടെ സുപ്രിയ ബസ് വന്നിട്ടില്ല. ബസിൽ കയറിയിരുന്നാൽ പിന്നെ ആശ്വാസമാണ്. ടൗണെത്താൻ മുക്കാൽ മണിക്കൂറെടുക്കും. കണ്ണടച്ചിരുന്ന് മനസിനെ സ്വതന്ത്രമായി മേയാൻ വിടും. സത്യം പറഞ്ഞാൽ രാവിലെയും വൈകിട്ടുമുള്ള ഈ മേയാൻ വിടൽ മനസിനും ഒരു സുഖമുള്ള കാര്യമാണ്. എന്റെ ഉറക്കം കളയാൻ രാത്രി കയറിവന്ന സ്വപ്നം ഏതാണ് എന്ന ആലോചനയാണ് മനസിലോടിക്കയറിയത്. 

 

ഓ മീശക്കുരുസ്വാമി. ഇയാൾ ഈയിടെയായി സ്വപ്നത്തിൽ അസമയത്ത് വന്ന് എന്നെ വിരട്ടിയിട്ടു പോവാറുണ്ട്. അപ്പോ നിങ്ങൾ ചോദിക്കും ആരാണ് ഈ കക്ഷിയെന്ന്. പറയാം. പത്തമ്പതു വർഷം മുമ്പത്തെ കഥയാണ്. സ്ഥലം ഇടുക്കി പൈനാവ്. ഇടുക്കി പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്കളും ഓഫീസുകളും മാത്രമുള്ള ഒരു കോളനിയായിരുന്നു അന്നത്തെ പൈനാവ്. ഒരു ഡിസ്പെൻസറി, പോസ്റ്റാഫീസ്, ബാങ്ക്, പലചരക്കു സാധനങ്ങൾ കിട്ടുന്ന ഒരു സഹകരണസംഘം വക സ്റ്റോറും റേഷൻ കടയും പിന്നെ ഞങ്ങൾ പഠിക്കുന്ന എൽ പി സ്കൂളും. കഴിഞ്ഞു അവിടത്തെ സ്ഥാപനങ്ങൾ. ഉന്നത വിദ്യാഭ്യാസത്തിന് അക്കാലത്ത് കോളജ് തൊടുപുഴയിൽ മാത്രം. യു പി ഹൈസ്കൂൾ എന്നിവ 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത്.

 

ഞാൻ മൂന്നാം ക്ലാസിലാണ് പ്രസ്തുത എൽപി സ്കൂളിൽ എത്തുന്നത്. ജൂണിലെ പെരുമഴയത്ത് ആദ്യദിനം. ക്ലാസിൽ 20 കുട്ടികൾ. ഏറെയും ബോർഡ് ജീവനക്കാരുടെ മക്കൾ. പിന്നെ കുറച്ചു പേർ 5 കി.മീ ഒക്കെ കാട്ടിലൂടെ നടന്നg വന്നിരുന്ന ആദിവാസി കുട്ടികളും, കുടിയേറ്റ കർഷകരുടെ മക്കളും.

ആദ്യദിനം തന്നെ കൂട്ടുകാരെ ഒക്കെ പരിചയപ്പെട്ടു. വല്യ രമേശും കൊച്ചു രമേശും ഗോപനും വിജയൻ പിള്ളയും ഒക്കെ അവിടgത്തെ പഴയ വിദ്യാർഥികൾ. അവരിലൂടെ അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കി. നല്ല നുള്ളു തരുന്ന വാസുദേവൻ സാറും. സ്ഥിരമായി റോസാപ്പൂ പോക്കറ്റിൽ വയ്ക്കുന്ന സത്യൻ സാറും, കുട്ടികൾ ഇല്ലാതിരുന്ന മേരി ടീച്ചറും ഒക്കെയായിരുന്നു അധ്യാപകർ.

 

നാട്ടിലെ ഭീകരന്മാരെപ്പറ്റിയും അവർ പറഞ്ഞു തന്നു. അറവുകാരൻ റഹീമിക്ക, കള്ളുകുടിയൻ മത്തായി, പിന്നെ മീശക്കുരുസ്വാമി. അവരെല്ലാം ഈ പിള്ളേരെ അവരുടെതായ രീതിയിൽ ഭയപ്പെടുത്തിയവർ ആയിരുന്നു.

 

ഗോപനും രമേശിനും വിജയൻ പിള്ളക്കുമൊപ്പമായിരുന്നു സ്കൂളിലേക്കുള്ള പോക്കും വരവും.

അവർ ആനവാർഡ് എന്ന സ്ഥലത്തു നിന്നും  പുറപ്പെട്ട് ഓരോ വീട്ടിലെയും കുട്ടികൾ ചേർന്ന് എന്റെ വീടിനരികെ എത്തുമ്പോഴേക്കും ഒരു സംഘമായിക്കഴിയും. പുതിയതായി സ്കൂളിൽ ചേർന്ന എന്നെയും അവരോടൊപ്പം കൂട്ടി.

 

അങ്ങനെയിരിക്കെ ഒരു ദിവസം. നാലു മണിക്ക് സ്കൂൾ വിട്ട് മടങ്ങും വഴി, പുന്നമരച്ചുവട്ടിൽ എത്തിയപ്പോൾ ഒരാരവം. അയ്യോ മീശക്കുരുസാമി വരുന്നേ ഓടിക്കോ. കുട്ടികൾ ചിതറിയോടി.

ഞാനൊന്നു തിരിഞ്ഞു നോക്കി. അതാ ആറടി പൊക്കമുള്ള ഇരുണ്ടു തടിച്ച ഒരു കൊമ്പൻ മീശക്കാരൻ. ചുവന്ന കണ്ണുകൾ. ഭയപ്പാടോടെ ഞാനും ഓടി. കല്ലിൽ തട്ടി അതാ കിടക്കുന്നു താഴെ.. കൈയും കാലുമെല്ലാം പൊട്ടി ചോരയൊലിച്ചു. പെട്ടന്നാരോ അടുത്തെത്തി എന്നെ എടുത്തതു ഞാനറിഞ്ഞു. 

 

അയ്യയ്യോ കണ്ണാ അഴുകാതുങ്കെ. നീ നമ്മ പുതു ഓഫീസർ പുള്ളതാനെ. വാ നാനെ ഉന്നെ വീട്ടുക്കുകൊണ്ടു വിടറെൻ. ഞാൻ കരഞ്ഞുകൊണ്ട് പതിയെ കണ്ണു തുറന്നു. അതാ കുരുസ്വാമി. അയാളാണെന്നെ എടുത്തിരിക്കുന്നത്. അയാളുടെ തോളിലേറി ഞാൻ വീട്ടിലെത്തി. ഭയന്നോടിയ കൂട്ടുകാർ പലരും കാട്ടു പൊന്തയ്ക്കിടയിൽ നിന്നും മരക്കൊമ്പിൽ ഇരുന്നുമൊക്കെ ആ കാഴ്ച കണ്ടു.

അന്നു മുതൽ എനിക്കൊരു വീരപരിവേഷവും കിട്ടി. മീശക്കുരുസാമിയെക്കൊണ്ട് തോളിലേറ്റിയവനല്ലേ, എങ്ങനെ ഹീറോയാവാതിരിക്കും.

 

പിന്നീട് അച്ഛൻ പറഞ്ഞാണറിഞ്ഞത് ഓഫീസിലെ വാച്ച്മാനാണയാളെന്നും, വളരെ സാധുവാണെന്നും ഒക്കെ. വൈദ്യുത ബോർഡിൽ അക്കാലത്ത് ധാരാളം തമിഴ് നാട്ടുകാർ പണിയെടുത്തിരുന്നു. അവരിൽ ഒരാളായിരുന്നു മീശക്കുരുസാമി എന്ന ഗുരുസ്വാമി.

 

സാറെ സ്റ്റാന്റെത്തി ഇറങ്ങുന്നില്ലേ എന്ന കണ്ടക്ടറുടെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി.

മീശക്കുരുസാമിക്കു മനസാ ഒരു സലാം പറഞ്ഞ് ബസിൽ നിന്നിറങ്ങി. 

 

Content Summary: Meesakkuruswami, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com