‘വയസ്സായില്യോ, എന്നാലും പഴേ കാര്യങ്ങള് ഓർത്തെടുത്താല് മേലാകെ ഒരു കുളിരാ...’

walking-difficulties-aged-bearded-man-leaning
Representative Image. Photo Credit: Dmytro Zinkevych / Shutter Stock
SHARE

കുമ്പസാരം (കഥ) 

“തന്തക്കൊരണ്ടി വടീംകുത്തി നടന്നുതുടങ്ങീട്ട് കുറച്ചുനാളായി”.

അപശകുനം പോലെയേതോ സ്വരം അയലോത്തുന്നു കേൾക്കാം. ആ വറീത് മാപ്പ്‌ളേനെ പിള്ളേര് പ്രാകുന്നതാണല്ലോ എന്റെ കർത്താവേ!

പണ്ടെങ്ങാണ്ടോ കെട്ടിക്കൊണ്ടുവന്ന പെണ്ണ് അഞ്ചാറുപെറ്റിട്ട് അവളുടെ പാട്ടിനുപോയി, മേളിലോട്ട്. പിന്നെ തക്കിടിമുണ്ടനായി നടന്നാർന്നു, അത്യാവശ്യം തല്ല്കിട്ടിയപ്പോ നിർത്തി. പാവം.

ഒന്നൂടെ കെട്ടാംന്ന് വച്ച് കാർന്നോമാരടടുത്തൊന്നു മുട്ടീതാ, പണ്ട് ആവതൊള്ളകാലത്ത്!

“മര്യാതയ്ക്ക് ജോലിക്ക് പോയി രണ്ടു ചക്രോം കൊണ്ടുവന്നു പിള്ളേരേം നോക്കി കെടന്നോ. വെള്ളം അനത്തിത്തരാനക്കൊണ്ട് നെന്റെ അമ്മായീണ്ട്. പൊക്കോ, മിണ്ടാണ്ടെ...’’, എന്നായി അമ്മാച്ചന്മാര്.

ദീർഘശ്വാസമെടുത്തു ഔസേപ്പിമൂപ്പൻ. പറേമ്പോ രണ്ടുവശവും പറേണം. വറീതാണെങ്കി മുന്നംപിന്നം നോക്കാതെ നടന്നോനല്ലിയോ. ആറാംപ്രമാണം ലംഘിച്ചോനല്ലിയോ. വേറേം ചെല പ്രമാണങ്ങളും വെട്ടിച്ചിട്ടൊണ്ടെന്നാ കേൾവി. ആർക്കറിയാമെന്റെ കർത്താവേ.

ദാണ്ടേ, എന്നെ നോക്കിയേ, പത്തിലെട്ടെങ്കിലും തെറ്റാതെ ഇത്രേം ആയില്ലേ. എന്റെ പുണ്യം. സാറാമ്മയെ കെട്ടിക്കൊണ്ട് വന്നേപ്പിന്നെ പ്രമാണങ്ങളൊന്നും തെറ്റിക്കാതെ നോക്കാൻ മുട്ടിപ്പായി പ്രാർത്ഥിക്കുമായിരുന്നു. എന്നാലും ചെറിയ തരികിടയൊക്കെ ഒണ്ടാർന്നൂന്നു കണ്ടോ. അതുപിന്നെ മനുഷ്യമ്മാരല്യോ കർത്താവേ... തെറ്റ് പറ്റത്തില്ല്യോ? 

“ഇനീപ്പം പറഞ്ഞിട്ടെന്താ, ഓർത്തിട്ടെന്താ. അതൊക്കെ പഴേകഥകള്.  പിള്ളേരൊക്കെ വല്തായപ്പോ പെണ്ണും പെടക്കോഴീമായി. അവര് വേറെ വീടും വച്ച് സുഖായി കഴിഞ്ഞുകൂടി, പക്ഷേങ്കില്, എപ്പോ വിളിച്ചാലും വിളിപ്പുറത്താ.

തന്തേനെ കാണാൻ വരുമ്പം കുശാലാണ് കേട്ടാ. തലേന്ന് വരട്ടിവച്ച കാളേനേം കൊടംപുളിയിട്ട് വറ്റിച്ച നല്ല വരാലും കൊണ്ട് വരും. വന്നാല് അവനോന്റെ പെമ്പിളമാര് തന്നെ അടുക്കളേല് കേറി ചമ്പാവരിയരി നല്ല മങ്കലത്തിലിട്ട് വേവിച്ചെടുത്ത ചോറും ആ മീൻചാറും, എന്റെ പാറേപ്പള്ളി മാതാവേ, അതുപോലൊരു മീൻകറി പണ്ട് ഓശാനപെരുന്നാളിന്റെ തലേന്ന്, ചന്തമുക്കിലെ കള്ളുഷാപ്പിലെ അന്നമ്മേടെ കയ്യീന്ന് കഴിച്ചേന്റെ സ്വാദ്! ഇപ്പോഴും ഓർക്കുമ്പം, ഹോ! അന്നമ്മേടെ ആ മുത്തുവീഴണകൂട്ടൊള്ള ചിരീം മുട്ടിക്കൂടിയൊള്ള ആ കള്ളൊഴിക്കലും ഒക്കെ ഓർത്താല്... ന്റെ കർത്താവേ, നീ പറഞ്ഞത് പോലെ, ചോദിച്ചു. പുലയാട്ട് കിട്ടീന്ന് പതുക്കെ പറയണാ. വേണേൽ നക്കിയേച്ച് പോടാന്നായി അവസാനം. 

ങ്ഹാ, ഇനി അതൊക്ക ഓർത്തിട്ടെന്നാ കാട്ടാനാ. വയസ്സായില്യോ, എന്നാലും പഴേ കാര്യങ്ങള് ഓർത്തെടുത്താല് മേലാകെ ഒരു കുളിരാ...”.

ഔസേപ്പി മൂപ്പൻ ഒരു സ്വകാര്യം പറയുംവണ്ണം തുടർന്നു. 

“എല്ലാർക്കും അപ്പനെ വലിയ കാര്യാണ് കേട്ടാ. അതുപിന്നെ അവുത്തുങ്ങളെ നോക്കാൻ എന്റെ വേർപ്പ് എത്ര ഒഴുക്കീതാ. അതിന്റെ കൃപതന്നെ. അല്ലേലും മിശിഹായേ നീ പണ്ടേ പറഞ്ഞുവച്ചതല്ലേ, നെറ്റിയിലെ വേര്‍പ്പുകൊണ്ടേ ഭക്ഷണം സമ്പാദിക്കാവൂന്ന്. നിന്റെ നാമം വാഴ്ത്തപ്പെടട്ടെ.

എന്നാലും വയ്യിട്ടാവുമ്പം ഒന്നു നടു ചായ്ക്കണ്ടായോ?  അന്നേ ഒള്ള ശീലമാ, എളേതോ മൂത്തതോ എന്താന്ന് വച്ചാലത്. 

ഇപ്പോഴായതീപിന്നെ വയ്യിട്ടാവുമ്പം നല്ല സൊയമ്പൻ സാധനോം വരുത്തിക്കും ആമ്പിള്ളേര്.

അവരിക്കടെ പെമ്പറൊന്നോത്തികളും കൂടും. തൊട്ട്നക്കാൻ നല്ല കടുമാങ്ങ, കരിമീൻ പൊള്ളിച്ചത്, വറുത്ത അണ്ടി, എന്റീശോയേ ഇങ്ങനെ അങ്ങു ജീവിച്ചാൽ മതിയാർന്നു”. 

ഔസേപ്പിമൂപ്പൻ വീണ്ടും പ്രാർത്ഥനാപുസ്തകം തിരഞ്ഞു. വേദപുസ്തകത്തിലെ പ്രാർത്ഥനകൾ ഓർത്തെടുത്തു. 

“എന്റെ ദാസനായ മോശെ കല്പിച്ച എല്ലാ ന്യായപ്രമാണവും അനുസരിച്ചു പ്രവർത്തിക്കേണ്ടതിന്നു നീ ശക്തനും ധൈര്യവുമുള്ളവനായിരിക്കേണം. പോകുന്നിടത്തൊക്കെയും നീ അഭിവൃദ്ധി പ്രാപിക്കത്തക്കവണ്ണം അതിൽനിന്നു എങ്ങോട്ടും ചഞ്ചലപ്പെടരുത് എന്നും ഞാൻ കല്പിക്കുന്നു”.

ഔസേപ്പിമൂപ്പൻ വിറയ്ക്കുന്ന കൈകൊണ്ട് നെഞ്ചത്തു കുരിശുവരച്ചു. ജപമാല തപ്പിയെടുത്തു നാലഞ്ചു മുത്തുകളിൽ പ്രാർത്ഥനയും ചൊല്ലി. പിന്നെ തഞ്ചത്തിൽ വീണ്ടും പയ്യാരവും പറഞ്ഞു തുടങ്ങി. 

“ഓ, നീ പറഞ്ഞത്പോലെ അല്ലിയോ കർത്താവേ ഞാൻ സഞ്ചരിച്ചത്! പിന്നെന്താ, ഇടയ്ക്കൊന്നു എടത്തോട്ട് ചരിഞ്ഞാർന്നു കേട്ടാ. ഒത്തില്ല. പിന്നെപ്പിന്നെ, മലയാറ്റൂര് വലിയപെരുന്നാളിന് പോകുമ്പം മാത്രം, അങ്കമാലീലൊരുത്തി ഒണ്ടാർന്നു. നല്ല വൃത്തീം വെടിപ്പും ഒള്ളവൾ തന്നെ. എന്നാ വെളുപ്പാ, ഒമ്പതാം പ്രമാണം ചെറുതായി ഒന്നു തെറ്റിച്ചെന്റെ കർത്താവേ. 

പ്രായം അതല്ലായിരുന്നോ. എത്രനാളെന്നു വച്ചാ അടക്കിവയ്ക്കുന്നെ! പെരിയാറിന്റെ കൂട്ട് മഴക്കാലത്തങ്ങു ഒലിച്ചുവരും പരീക്ഷകള്. പിടിച്ചുനിൽക്കാൻ പറ്റത്തില്ല. പിന്നെയെന്നതാ, അവക്ക് നല്ല തൊക എണ്ണികൊടുത്താലേ കാര്യം നടക്കത്തൊള്ളൂന്നേ. എന്നാലും അതിനൊള്ള മൊതലൊണ്ടാർന്നല്ലോ. കൂട്ടികൊണ്ടുവരാൻ ആശേണ്ടാർന്നു. പക്ഷെ, പാപികൾ ചുറ്റിലും കല്ലുമായി കൂടും എന്നറിയാർന്നു. തോമാശ്ലീഹായുടെ കാലം തൊട്ടേയുള്ള സത്യക്രിസ്ത്യാനികളുടെ പാരമ്പര്യമല്ലിയോ, ഞാനായിട്ട് കളഞ്ഞുകുളിക്കണ്ടാന്നും നിരൂപിച്ചു. 

പിന്നെ ആ ആശയൊക്കെ വിട്ടു. മക്കടേം നാട്ടുകാരുടേം കാര്യങ്ങൾ നോക്കി നടന്നു. പ്രായോം ആയില്ല്യോ. എന്നാലും അകതാരിൽ ഒരു മോഹം ഉണ്ട്, ഒന്നും മതിവന്നില്ലെന്റെ കർത്താവേ. ആരേലും കയ്യും കാലും തടവാനൊണ്ടേൽ, മേലോട്ടുപോണേയ്ക്കും മുൻപേ ഒരു തൃപ്തി ആയേനെ”. 

“ഔസേപ്പിമാപ്പിള ആരോടാ രാവിലെ തന്നെ പയ്യാരം പറയണേ”, മുതുക്കൻകാളേനേ പുല്ലുതീറ്റിക്കാൻ പോണവഴി ഔതക്കുഞ്ഞു വിശേഷം ചോദിച്ചു.

“ഓ, ഞാൻ ഓരോ പൊഴത്തോം ഓർത്തോണ്ടിരുന്നുപോയി. ഇന്നലെ മൂത്ത ചെക്കൻ പാപ്പിക്കുഞ്ഞും പിള്ളാരും വന്നാർന്നു. അവര് വെളുപ്പിനെ പോയി. അവന്റെ എളേ ചെക്കന് ഒരാലോചന, എങ്ങാണ്ട് വടക്കൂന്നാ, അമേരിക്കേല്. ഓരോ കാര്യങ്ങളു പറഞ്ഞു കാലം പോണപോക്കേയ്... എന്നാലും ഞാനോർക്കേയിരുന്നു, എന്തൊക്കെ ഉണ്ടായാലും ഈ വയസ്സാംകാലത്ത് മിണ്ടീം പറഞ്ഞും ഇരിക്കാൻ ആരേലും വേണ്ടായോ. പിള്ളേരൊക്കെ കിളിക്കുഞ്ഞുങ്ങള് പോകുമ്പോലെ ഓരോ കൂട്ടിലായി. അവരടെ പിള്ളാരും വലുതായി”.

“അതിനെന്നാ വേണം, നല്ലതല്ല്യോ ഇച്ചായോ. ഇതിനൊക്കെ ഒരു ഭാഗ്യം വേണ്ടായോ. കൊച്ചുമക്കടെ വരെ കല്യാണം കൂടാമല്ലോ”, ഔത ഉന്മേഷത്തിൽ പറഞ്ഞു. 

“അതേ, അതേ. എന്നാലും ഓരോന്നോർത്തിരുന്നങ്ങു പോകും”, മൂപ്പൻ ഉള്ളിലെന്തോ ഓർത്തോണ്ട് പറഞ്ഞു. 

ഔത ഉത്സാഹത്തോടെ തുടർന്നു, “വൈകിട്ട് ഇങ്ങുപോരാം ഇച്ചായോ. മൂത്തസന്തതീടെ ചെക്കൻ സണ്ണിക്കുട്ടി ദുബായീന്ന് വന്നപ്പം ഒരു കോച്ചു കൊണ്ടന്നാർന്നു. നമുക്കൊന്നിരിക്കാം. തെക്കേലെ വാസൂനേം കൂട്ടാം. ഒരുതരം പച്ച നെറത്തിലൊള്ള അണ്ടീമൊണ്ട്, എന്നാ സാദനം ആണെന്നോ”, ഔത വിസ്തരിച്ചങ്ങഭിനയിച്ചു കാണിച്ചപ്പോൾ രണ്ടുപേരും കൂടി പണ്ട് പള്ളിപ്പെരുന്നാളിനു പോയപ്പൊ കേറിയ കള്ളുഷാപ്പിലെ കാര്യങ്ങൾ ഓർത്ത്, ഔസേപ്പിമൂപ്പൻ ഒന്നമർന്നിരുന്നു. 

അവിടത്തെ അന്തിക്കള്ളിന്റെ കൂട്ടത്തിലു ചുട്ടെടുത്ത കശുവണ്ടിയും കിട്ടുമായിരുന്നു. അതുമായിവരുന്ന പെണ്ണിന്റെ വളകളു കിലുങ്ങുമ്പം, എന്റെ കർത്താവേ, കള്ളെന്തിനു കുടിക്കണം എന്നു തോന്നിയ കാലം!

ഇളകിച്ചിരിച്ചുകൊണ്ട് പോകുന്ന ഔതയെ നോക്കി അയാളും ഒന്ന് അമർത്തിചിരിച്ചു. കാഴ്‌ച മങ്ങിയപ്പം വടികുത്തിയെഴുന്നേറ്റു.

“പെണ്ണേ...”, നീട്ടി വിളിച്ചു. ഹോം നേഴ്സാണ്. കാലം പോയ പോക്കേ. പിള്ളേരെല്ലാം കൂടി എടുത്ത തീരുമാനം. അപ്പാപ്പനെ നോക്കാൻ ഒരാള് വേണം. പണ്ടാർന്നെങ്കിൽ അടിച്ചുതളിക്കാൻ വരണ മറിയേണ്ടാർന്നു. അവള് കെടപ്പിലായപ്പം അവക്കടെ മോള് ഒരു മാസം നിന്ന്. അതോടെ അവക്ക് മതിയായി. 

“അപ്പാപ്പൻ ആള് ശരിയല്ല, നാഴികയ്ക്ക് നാപ്പത് വട്ടോം വിളിക്കും, എന്നാലു വല്ലോം കാര്യോള്ള കാര്യത്തിനോറ്റെ ആണോ, അല്ലാന്നെ... എനിക്ക് മേലാ അപ്പാപ്പന്റെ തഞ്ചോം തരോം നോക്കി നടക്കാൻ. ഇപ്പമാണെങ്കിൽ നല്ല ഹോം നഴ്‌സ്മാരൊണ്ടന്നെ... ’’, എന്നെല്ലാം തഞ്ചത്തിന് പിള്ളേരോട് പറഞ്ഞേച്ചു അവളു പോയി, അവക്കടെ പാട്ടിന്.

മൂപ്പൻ ഓർത്തോർത്തു ഒന്നൂറിച്ചിരിച്ചു. ചുളിഞ്ഞ തൊലിക്കുള്ളിൽ കിടന്നു ഞരമ്പുകൾ ഇക്കിളി കൂടി ഞെരിപിരി കൊണ്ടു.

“അവക്കടെ അമ്മേടെ കൂട്ടുതന്നെ, മുറ്റമടിക്കുമ്പം കാണണം, എങ്ങോട്ട് നോക്കണമെന്നറിയാതെ സ്തംഭിച്ചിരിക്കും എന്റെ കർത്താവേ, കുമ്പസാരക്കൂട്ടിലുകേറി ഇതൊക്കെ പറയാൻ പറ്റുവോ? നാണക്കേടല്ല്യോ? എന്റെ പൊന്നിൻകുരിശു മുത്തപ്പാ, നേർവഴി കാട്ടണേ, ഇനിയെങ്കിലും. 

കേട്ടോ കർത്താവേ, പിന്നെയാ ലീനമോള് വന്നത്. പിള്ളാര് എങ്ങാണ്ടുന്നോ കൊണ്ടുവന്ന പെങ്കൊച്ചാ. ഓ, പറഞ്ഞ പണിയൊക്കെ ചെയ്യും. പക്ഷേങ്കില് കണ്ടും കേട്ടും ഒന്നും ചെയ്യത്തില്ലന്നേ, എന്നാലും തഞ്ചത്തിന് നിക്കും. കാണാനും ഒരു വർക്കത്തൊണ്ടുകേട്ടോ, അതാ ഒരു പിടിവള്ളി...”.

“എടികൊച്ചേ, കൊരട്ടിമുത്തീടെ പെരുന്നാളടുത്തില്ല്യോ... മുട്ടേലെഴയാനൊരു നേർച്ചയിട്ടേരെ, നിനക്കു പൂവൻപഴം പോലൊരു ചെക്കൻ വരും”.

ഔസേപ്പി മൂപ്പൻ ആരോടെന്നില്ലാതെ അങ്ങനെ പിറുപിറുത്തു. 

ഇതുകേട്ടാണ് ലീന വന്നത്. അങ്ങേരുടെ പടുതികണ്ട് അവൾ ചിരിച്ചു. അപ്പാപ്പന് ഓർമ്മ ഇച്ചിരെ പുറകിലാ. എന്താ ഏതാ പറയണേന്ന് പിടികിട്ടുകേലാ. പണ്ട്, മദിച്ചുനടന്ന ആനേനെകുട്ടാർന്നൂന്ന് കഥകളുണ്ട്. 

നല്ല ഏനത്തിലാണ് ഇന്ന്. കരുതലോടെ അപ്പാപ്പന്റെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു. “വന്നാട്ടെ, പത്തുമണി ആയില്ല്യോ, പൊടിയരിക്കഞ്ഞി കാലമായി. പപ്പടം ചുട്ടതും ഒണ്ട്. ഒരു കടുമാങ്ങായും കൂട്ടി കഴിച്ചേരെ. മരുന്നു കഴിക്കണ്ടായോ? ഉച്ചയ്ക്ക് അപ്പാപ്പന് എന്നാ വേണ്ടിയെ? പറഞ്ഞേച്ചാ മതീട്ടോ, എന്ത് വേണേലും ഒണ്ടാക്കാം”, ലീന സ്നേഹത്തോടെ പറഞ്ഞു.

ഔസേപ്പിമൂപ്പൻ ഉദാസീനനായി. 

“ഓ, എന്നാറ്റിനാന്നാ, ഉച്ചയ്ക്കും കഞ്ഞി മതി. വയ്യിട്ട് എളേമോൻ ജോസൂട്ടി വരുന്നൊണ്ട്, അവൻ വരുമ്പം ഏതാണ്ടൊക്കെ കൊണ്ടുവരും. പിള്ളേര്ടെ ആശയല്ല്യോ, അവര് കൊണ്ടുവരണതൊക്കെ തൊട്ടും നക്കീം ഇരിക്കുമ്പഴാ അവർക്ക് സന്തോഷം. പിന്നെ, ഔതയും വരണാണ്ട്. കുശാലാന്നേ”, ഔസേപ്പിമൂപ്പൻ മനസ്സ് നെറഞ്ഞു ചിരിച്ചു. ഒരു ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് തുടർന്നു, “നീ വേണേൽ നേരത്തേ പൊയ്ക്കോ പെണ്ണേ, അങ്ങെത്തണ്ടായോ...”.

ലീനയ്ക്ക് ആശ്വാസമായി. ആളും അനക്കോം ഉണ്ടാവുന്നതാ മൂപ്പിലാനും സന്തോഷം. അടിച്ചുപൊളിച്ചു ജീവിച്ച ആളല്ലേ. നാട്ടുകാർക്കും വീട്ടുകാർക്കും സന്തോഷം, സ്നേഹം, ബഹുമാനം. 

എടയ്ക്കൊന്ന് തളർന്നപ്പം എല്ലാരും കൂടി താങ്ങി സഹായവുമായി ഓടിയെത്തി. പിന്നെന്താ, എപ്പോഴും ആള് വേണം, ചുറ്റിലും. 

തഞ്ചോം തരോം നോക്കി നിന്നാല‌് അപ്പാപ്പൻ പൊന്നുപോലെ നോക്കും ഇവിടെ വന്നേപിന്നെ വീട്ടിലും മുട്ടില്ല. ഇടയ്ക്ക് പാടുംപടുതീം പറഞ്ഞാല് പത്തോ ആയിരമോ തരികേം ചെയ്യും. 

ഓരോന്നോർത്ത്, അപ്പാപ്പൻ കഞ്ഞി കുടിക്കുന്നതും നോക്കി ലീനയിരുന്നു. പുണ്യം ചെയ്ത ജൻമം. 

ഔസേപ്പിമൂപ്പൻ സ്വാദോടെ കഞ്ഞി കുടിച്ചു. മൂപ്പന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു, സംതൃപ്തിയുടെ, സുഭിക്ഷമായ ചിരി. 

“കഞ്ഞികുടി കഴിഞ്ഞാലൊന്നു മയങ്ങണം, അതുകഴിഞ്ഞിട്ട് പിന്നേം വരാം കർത്താവേ. 

കർത്താവിനോട് തോനെ പറയാനുണ്ട്. പിള്ളാര് വന്നാലു കഥ പറച്ചില് നടക്കത്തില്ല. അപ്പന്റെ ജല്പനങ്ങൾക്കറുതിയില്ലാന്നാ പിള്ളേര്ടെ ഒരിത്, ഏത്...!

Content Summary: Writers Blog - Kumbasaram, Malayalam Short Story by Dr/ Ajay Narayanan 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;