ADVERTISEMENT

അന്ത്യവിധി (കഥ)

 

ഭൂതം

 

ഭൂതകാലത്തിൽ (കൊറോണയ്ക്കു  മുൻപ്) ദൈവം സ്വർഗ്ഗത്തിൽ വാർഷിക സമ്മേളനം വിളിച്ചു കൂട്ടുകയുണ്ടായി.  

സ്വർഗത്തിലെ പ്രധാനികളും മറ്റു പരിവാരങ്ങളും സന്നിഹിതരായി. പ്രപഞ്ചത്തിലെ അനന്തകോടി ഗ്രഹങ്ങളെയും അവസ്ഥകളെയും കുറിച്ചു ചർച്ച നടക്കുന്നതിനിടയിൽ ഭൂമിയുടെ ഊഴം വന്നെത്തി. ദൈവം തന്റെ ഘനഗംഭീരമായ സ്വരത്തിൽ തന്റെ പേഴ്‌സണൽ സെക്രട്ടറി ചിത്രഗുപ്തനോടായി ആരാഞ്ഞു.

‘‘ചിത്ര ഗുപ്ത, നമ്മുടെ ഈ മഹാപ്രപഞ്ചത്തിലെ കുഞ്ഞനും എനിക്കു ഏറ്റവും പ്രിയപ്പെട്ട  ഗ്രഹവുമായ  ഭൂമിയിൽ എന്തൊക്കെയാണ് വിശേഷങ്ങൾ’’

ചിത്രഗുപ്തൻ ദൈവത്തിന്റെ മുമ്പിലെത്തി വണങ്ങിയതിനു ശേഷം പറയുവാൻ തുടങ്ങി

 

‘‘പ്രഭോ, അങ്ങേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗ്രഹം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വളരെ വേദനയോടെ ഞാൻ ഉണർത്തിക്കട്ടെ,

ഭൂമിയുടെ അവസ്ഥ വളരെ ദയനീയം ആയിരിക്കുന്നു പ്രഭോ, ഈ അടുത്ത കാലത്തായി വളരെപെട്ടെന്ന് ഭൂമിയുടെയും അതിലെ സകല ജീവജലങ്ങളുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുവാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രധാനകാരണം അങ്ങു വളരെ ഇഷ്ടത്തോടെ സൃഷ്ടിച്ച അങ്ങയുടെ ആ പ്രിയപ്പെട്ട മനുഷ്യൻ തന്നെ ആണ്.’’   

‘‘അതെന്താ ചിത്രഗുപ്ത മനുഷ്യനു എന്തു പറ്റി’’ ദൈവം ആകാംഷയോടെ തിരക്കി

‘‘അതു പ്രഭോ അങ്ങ് എല്ലാം അറിയുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആണല്ലോ. മനുഷ്യൻ എന്താണ് ചെയ്തു കൂട്ടുന്നതെന്നും അങ്ങേയ്ക്കറിയാം. എന്നിട്ടും അവരോടുള്ള സ്നേഹം നിമിത്തം  മനുഷ്യന് എന്തു പറ്റി എന്നാണ് ആദ്യം അങ്ങു  ഉദ്ദ്വേഗപ്പെടുന്നത്. എങ്കിലും മറ്റു സഭാവാസികളുടെയും കൂടി അറിവിനായി അവിടുത്തോടായി ഞാൻ ഉണർത്തിക്കട്ടെ.

 

‘‘മനുഷ്യൻ ഭൂമിയെയും അതിലുള്ള സകല ജീവജാലങ്ങളെയും തന്റെ കാൽകീഴിൽ ചവിട്ടി മെതിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ സുഖസൗകര്യങ്ങൾക്കു വേണ്ടി മൃഗങ്ങളെയും സസ്യങ്ങളെയും മറ്റു ജീവജാലങ്ങളെയും മാത്രമല്ല മനുഷ്യൻ തമ്മിൽ തമ്മിലും  ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവൻ ഭൂമിയിലെ ഓരോ ഇഞ്ചും കയ്യേറി അതിന്റെ തനതായ ആവാസ വ്യവസ്ഥ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഭൂമിയിൽ ഒരിഞ്ചു സ്ഥലം പോലും ഭൂമിയുടേതായി ബാക്കിയില്ല. എങ്ങനെ ‘ജി’യുടെ അളവ് കൂട്ടാം എന്നാണു അവന്റെ ചിന്ത!... ഭൂമി നശിച്ചാലും വേണ്ടില്ല തങ്ങൾക്കു ചൊവ്വയിലോ മറ്റോ പോയി താമസിക്കുവാൻ പറ്റുമെന്നാണ് സഹസ്ര കോടീശ്വരന്മാർ ചിന്തിക്കുന്നത്! പ്രഭോ മനുഷ്യരുടെ ഇടയിൽ അഹന്ത, അത്യാഗ്രഹം, സ്പർദ, വൈരാഗ്യം, അധർമ്മം, അജ്ഞത മുതലായ സർവ്വ തിന്മകളും നിറഞ്ഞാടുകയാണ്..’’

 

‘‘എല്ലാ മനുഷ്യരും ഇങ്ങനെ തന്നെ ആണെന്നാണോ ചിത്രഗുപ്ത താങ്കൾ  പറഞ്ഞു വരുന്നത്? 

പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലേ?’’

‘‘അതു പ്രഭോ തീർച്ചയായും നല്ല മനുഷ്യരുമുണ്ട്. അല്ലെങ്കിൽ നല്ല  മനുഷ്യരാണു കൂടുതലും. പക്ഷേ അവരും തിന്മയുടെ സ്വാധീനശക്തിയാൽ ഒന്നും ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.’’

‘‘അതെന്താണു ചിത്രഗുപ്ത അങ്ങനെ?’’

‘‘പ്രഭോ അതിനു ഉദാഹരണമായി ഞാൻ അങ്ങയെ ഒരു ഭൂവാസിയുടെ സമക്ഷത്തിലേക്കു ക്ഷണിക്കട്ടെ!’’

 

ചിത്രഗുപ്തൻ സദസ്സിനു മുൻപിലെ എൽ ഇ ഡി സ്ക്രീൻ ഓണാക്കി. പ്രൊജക്ടർ അതിലേക്കു പ്രകാശിപ്പിച്ചു. അപ്പോൾ ഭൂമിയിലെ ഒരു രംഗം തെളിഞ്ഞു. ആ രംഗം ഭൂമിയിൽ ഇങ്ങനെ ആയിരുന്നു.

 

ഭൂമിയിൽ ഇന്ത്യ മഹാരാജ്യത്ത് കേരളം എന്ന സംസ്ഥാനത്ത് പാലക്കുളം എന്ന ഗ്രാമത്തിൽ ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന മധ്യവയസ്കനായ ഒരു മനുഷ്യൻ. സൗകര്യത്തിനു വേണ്ടി നമുക്ക് അയാളെ ഷാജി എന്ന് വിളിക്കാം

ഷാജിയെക്കുറിച്ചു പറയുകയാണെങ്കിൽ തനി നാട്ടിൻപുറത്തുകാരനായ ഒരു സാധാരണ കർഷകൻ. നാട്ടിൽ സാങ്കേതിക വിപ്ലവം വന്നപ്പോഴും എല്ലാവരും അതിന്റെ പിന്നാലെ ഓടിയപ്പോഴൊന്നും അതിനു പിടി കൊടുക്കാതെ വളരെ ലളിതമായ ജീവിതം ഷാജി നയിച്ചു കൊണ്ടിരുന്നു. ഷാജിയുടെ വീട്ടിലെ ആഡംബര വസ്തുക്കൾ എന്നു പറയാവുന്നത് വൈദ്യുതിയും ഒരു ലാൻഡ് ലൈൻ ഫോണും മാത്രമാണ്. നാട്ടിൽ കമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ മുതലായ സാമഗ്രികൾ പട്ടിയുടെ വാലിൽ വരെ ആയപ്പോഴും ഷാജി അതൊന്നും തന്നെ വാങ്ങാൻ  കൂട്ടാക്കിയില്ല.

‘‘ഇതെല്ലാം മനുഷ്യരെയും ഭൂമിയെയും നശിപ്പിക്കുകയെ ഉള്ളു’’എന്ന അഭിപ്രായം ആയിരുന്നു  ഷാജിക്കുണ്ടായിരുന്നത്.

 

ഇപ്പോൾ ഷാജി നിൽക്കുന്നത് എട്ടരയ്ക്ക് ടൗണിലേക്കുള്ള ‘സാഗർ’ ബസ് പ്രതീക്ഷിച്ചുകൊണ്ടാണ്. അൽപ സമയത്തിനു ശേഷം ‘സാഗർ’ വരികയും ഷാജി അതിൽ കയറി പോകുകയും ചെയ്തു. റേഷൻ കാർഡ്‌പുതുക്കുന്നതിന് വേണ്ടി സിവിൽ സ്റ്റേഷൻ വരെ പോകേണ്ട അവശ്യത്തിനാണ് ഷാജി ടൗണിലേക്ക് പോകുന്നത്

 

ഷാജി സിവിൽ സ്റ്റേഷനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ ഉച്ച തിരിഞ്ഞിരുന്നു. തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിലേക്ക് ഷാജി വച്ചു പിടിപ്പിച്ചു. നാലു മണിക്കുള്ള ‘അലങ്കാർ’ കിട്ടിയെങ്കിലെ സമയത്ത് നാട്ടിൽ എത്തു.

 

ബസ് സ്റ്റാന്റിൽ എത്തിയ ഷാജി ഞെട്ടിപോയി. അവിടെങ്ങും വിജനമായിരുന്നു. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു  വാഹനത്തിന്റെ പൊടി പോലും കാണാനുണ്ടായിരുന്നില്ല. അങ്ങിങ്ങായി ഒന്നു രണ്ട് ആളുകൾ മാത്രം കൂടി നിൽക്കുന്നുണ്ട്. ഷാജി അവരുടെ അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോൾ ആണ് ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. നഗരത്തിൽ ഒരു  രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുന്നു അതിന്റെ പേരിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നെങ്ങും ഇനിയൊരു വാഹനവും കിട്ടാൻ ഒരു സാധ്യതയുമില്ലെന്നാണ് അവിടെ ഉണ്ടായിരുന്നവർ അഭിപ്രായപ്പെട്ടത്.എന്തു ചെയ്യണമെന്ന് അറിയാതെ  ഇതികർത്തവ്യ മൂഢനായി ഷാജി ഒരിടത്ത് തളർന്ന് ഇരുന്നു. ഏതെങ്കിലും ഒരു വാഹനം കിട്ടാതിരിക്കില്ല എന്നു ഷാജിയുടെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.

 

സമയം സന്ധ്യയോടടുത്തു. ചുറ്റും ഇരുൾ പരക്കുവാൻ തുടങ്ങി. ഷാജി തലയുയർത്തി നോക്കി. ബസ്‌സ്റ്റാന്റിൽ തീർത്തും വിജനമായിരുന്നു. അവിടെ നേരത്തെ ഉണ്ടായിരുന്നവർ കൂടി. സ്‌ഥലം വിട്ടിരുന്നു അവിടവിടെയായി ഒന്നു രണ്ടു പേർ മാത്രം  തന്നെ പോലെ തന്നെ വന്നു കുടുങ്ങി നിൽപ്പുണ്ട്. എതായാലും വീട്ടിൽ അറിയിച്ചേക്കാം.

ഷാജി ഒരു കോയിൻ ബോക്സ് അന്വേഷിച്ചു നടക്കുവാൻ തുടങ്ങി. ഷാജിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവിടെങ്ങും കോയിൻ ബോക്സ് എന്നു പറയുന്ന ഒരു സാധനമേ  ഉണ്ടായിരുന്നില്ല. എല്ലാം എടുത്തു മാറ്റപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ കൂടി  താൻ  ഇവിടെ വന്നപ്പോൾ കോയിൻ ബോക്സിൽ നിന്നും വിളിച്ചതാണ്. കാലത്തിന്റെ പോക്കിനെ കുറിച്ച് ഓർത്തപ്പോൾ ഷാജിക്ക് അത്ഭുതം തോന്നി. കുറച്ചപ്പുറത്തായി മൊബൈൽ  ഫോണിൽ തല പൂഴ്ത്തിയിരിക്കുന്ന ഒരു യൂത്തനെ ഷാജി കണ്ടു. ഷാജി യൂത്തന്റെ അരികിലെത്തി. മുരടനക്കി

യൂത്തൻ തല ഉയർത്തി നോക്കി.

 

‘‘മോനെങ്ങോട്ടാ’’

‘‘ഞാൻ........................ ടേക്ക് ആണ്’’

‘‘എങ്ങനെ പോകും വണ്ടി വല്ലതും കിട്ടുമോ?’’

‘‘എന്നെ കൂട്ടുവാൻ ഒരു വണ്ടി വരുന്നുണ്ട്. ചേട്ടൻ എങ്ങോട്ടാണ്?’’

‘‘ഞാൻ ................. ടേക്ക് ആണ്’’

‘‘ചേട്ടന് വണ്ടി വല്ലതും ഉണ്ടോ’’

‘‘ഇതു വരെ ഒന്നും കിട്ടിയിട്ടില്ല’’

‘‘ചേട്ടനു വേണമെങ്കിൽ എന്റെ കൂടെ...............ടം വരെ വരാം. അവിടെ നിന്നും ...................ടേക്ക് വണ്ടി കിട്ടാതിരികില്ല’’

‘‘ശരി മോനെ വളരെ ഉപകാരം.. എത്തുന്നിടം വരെ എങ്കിലും പോകാ ല്ലോ’’

‘‘ശരി വണ്ടി വരുമ്പോൾ ഞാൻ പറയാം ചേട്ടാ’’

യൂത്തൻ ഫോണിലേക്കു വീണ്ടും മുങ്ങാം കുഴിയിട്ടു. ഷാജി യൂത്തന്റെ അടുക്കൽ നിലയുറപ്പിച്ചു. ഷാജി യൂത്തനെയും ഫോണിനെയും മാറി മാറി നോക്കി. പിന്നെ രണ്ടും കല്പിച്ചു യൂത്തനോടായി ചോദിച്ചു.

‘‘..മോന്റെ ഫോണിൽ ഒരു നമ്പരിൽ ഒന്നു വിളിക്കാമോ? ഫോൺ എടുക്കുവാൻ മറന്നു........!?’’

‘‘അതിനെന്താ ചേട്ടാ നമ്പർ പറഞ്ഞോളൂ..........’’ യൂത്തൻ സന്തോഷത്തോടെ നമ്പരുകൾ ഞെക്കി......

 

ഈ സംഭവത്തിനു അടുത്ത ദിവസം തന്നെ വീണ്ടും ഷാജിക് ടൗണിൽ വരേണ്ടി വന്നു. ടൗണിൽ കാൽ കുത്തിയപ്പോൾ ആണ് ഷാജി താൻ പാടത്ത് വെള്ളം കയറ്റുന്ന മോട്ടോർ ഓഫ്‌ ആക്കിയില്ലെന്ന കാര്യം ഓർമ്മിച്ചത്‌. വീട്ടുകാരിയോട് ആ വിവരം പറഞ്ഞിരുന്നുമില്ല. താൻ തിരിച്ചവിടെ എത്തുമ്പോഴേയ്ക്കും മോട്ടോർ വെള്ളം തീർന്ന് കത്തിപോയിട്ടുണ്ടാവും.

ഷാജി ഒരു പരിചയക്കാരന്റെ മൊബൈലിൽ നിന്നു വീട്ടിലേക്കു വിളിച്ചു.

അന്ന് ഷാജി ടൗണിൽ നിന്നും മടങ്ങുമ്പോൾ മടിയിൽ ഒരു പുത്തൻ സാംസങ്  മൊബൈൽ ഫോണിന്റെ പൊതിയുമുണ്ടായിരുന്നു...................

   ............................................... 

‘‘ഇതാണ് പ്രഭോ ഞാൻ പറഞ്ഞതു മനുഷ്യൻ സ്വാധീനത്തിന് അടിമപ്പെടുന്നു എന്ന്.... പിന്നെ പ്രഭോ പുതിയ ഒരു വാർത്ത ഭൂമിയിൽ നിന്നും വന്നതെന്താണെന്നു വച്ചാൽ മനുഷ്യൻ ഭൂമിയെ നെടുകെ മുറിക്കുവാനുള്ള ഗവേഷണത്തിലാണത്രെ. അങ്ങനെ മുറിച്ചാൽ ഈ തണ്ണി മത്തങ്ങ ഒക്കെ മുറിച്ച് അതിനകത്തെ കാമ്പ് എടുത്തു തിന്നും പോലെ ഭൂമിയുടെ ഉള്ളിലുള്ള ധാതുക്കളും മറ്റു വിഭവങ്ങളും യഥേഷ്ടം സൗകര്യമായി എടുത്തുപയോഗിക്കാമെന്നും അവൻ കണക്കു കൂട്ടുന്നു! ഇനിയും മനുഷ്യന്റെ ചെയ്തികൾ വിവരിക്കേണ്ടതുണ്ടോ പ്രഭോ. ആയതിനാൽ മനുഷ്യന് മതിയായ  ശിക്ഷ നൽകണമെന്നാണ് അവസാനമായി അടിയനു ഉണർത്തിക്കുവാനുള്ളത്’’

‘‘മനുഷ്യനെ ഇങ്ങനെ വിട്ടാൽ പറ്റില്ല  അവനു  മതിയായ ശിക്ഷ ഉടൻതന്നെ നൽകണം’’

സഭാവാസികൾ ഒന്നടങ്കം മുറവിളി കൂട്ടി. അവരുടെ ബഹളം മുറുകിയപ്പോൾ ദൈവം അറിയിച്ചു.

‘‘ശരി ശരി മനുഷ്യന് തക്കതായ ശിക്ഷ നൽകുവാൻ സമയമായിരിക്കുന്നു’’

ദൈവം തന്റെ കണ്ണുകൾ അടച്ചു ധ്യാനനിമഗ്നനായി. അനന്തരം തന്റെ കരങ്ങൾ ശൂന്യതയിലേക്ക് ഉയർത്തി

പിന്നീട് ചുരുട്ടി പിടിച്ച കരങ്ങൾ ചിത്രഗുപ്തന് നേരെ നീട്ടി. തന്റെ കണ്ണുകൾ തുറന്നു ദൈവം ചിത്രഗുപ്തനോടായി പറഞ്ഞു

‘‘ചിത്രഗുപ്താ ഇതാ ഇതൊരു വൈറസ് ആണ്. ഭൂമിയിൽ ഇത്‌ കൊറോണ വൈറസ് എന്നറിയപ്പെടും. ഭൂമിയും സ്വർഗ്ഗവും ഏറ്റവും അടുത്തു വരുന്ന സംക്രാന്തി ദിനത്തിൽ ഈ വൈറസിനെ താങ്കൾ ഭൂമിയിലേക്ക് കടത്തി വിടൂ. ഈ വൈറസ് ചെന്നു മനുഷ്യനിൽ പ്രവേശിച്ച് അവന് തക്കതായ ശിക്ഷ കൊടുക്കുന്നതാണ്’’

ചിത്രഗുപ്തൻ ആ വൈറസിനെ ഏറ്റുവാങ്ങി ദൈവത്തെ വണങ്ങി പിൻവാങ്ങി....

 

അങ്ങനെ ഭൂമിയും സ്വർഗ്ഗവും ഏറ്റവും അടുത്തു വന്ന നാളിൽ ചിത്രഗുപ്തൻ വൈറസിനെ ഭൂമിയിലേക്ക് നിക്ഷേപിച്ചു.  വൈറസ് നേരെ പോയി വീണത് ചൈനയിൽ കശാപ്പു ചെയ്ത് വിൽപ്പനക്ക് വച്ചിരുന്ന ഒരു പന്നിയുടെ കുടലിലേക്കായിരുന്നു.

   

**********     **********     ***********

 

വർത്തമാനം                     

 

വർത്തമാനകാലത്തിൽ(കൊറോണക്കാലം) ദൈവം സ്വർഗ്ഗത്തിൽ വാർഷിക സമ്മേളനം വിളിച്ചു കൂട്ടി. എല്ലാവരും സന്നിഹിതരായി. ഭൂമിയുടെ ഊഴം വന്നപ്പോൾ ദൈവം ചിത്രഗുപ്തനോടായി ആരാഞ്ഞു.

‘‘ചിത്രഗുപ്താ  എന്താണിപ്പോൾ ഭൂമിയിൽ മനുഷ്യന്റെ അവസ്‌ഥ? കൊറോണ അവനെ എങ്ങനെ ബാധിക്കുന്നു?’’

ചിത്രഗുപ്തൻ ഒരക്ഷരം മിണ്ടാതെ സദസ്സിനു മുമ്പിൽ ഉള്ള എൽഇഡി സ്ക്രീൻ ഓണാക്കി. കൊറോണ മനുഷ്യരിൽ താണ്ഡവമാടുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ തെളിയുവാൻ തുടങ്ങി. അതു കണ്ട് സദസ്യരെല്ലാവരും സ്തബ്ധരായി  തരിച്ചിരുന്നു പോയി. ആ ദൃശ്യങ്ങൾ കണ്ടു ദൈവത്തിന്റെ മുഖവും മ്ലാനമായി. കാണ കാണേ ആ മുഖത്ത് ദുഃഖം ഘനീഭവിച്ചു. മനുഷ്യന്റെ അന്തമില്ലാത്ത ദുരിതങ്ങൾ കണ്ട് അവിടുത്തെ ഹൃദയം പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ തുള്ളികളായി അടർന്നു വീണു. ദൈവം ചിത്രഗുപ്തനോടായി പറഞ്ഞു

 

‘‘ചിത്രഗുപ്താ മതി. ആ കൊറോണ വൈറസിനെ ഞാൻ പിൻവലിക്കുവാൻ പോവുകയാണ്. ഇതാ ഇതു കൊറോണയെ നശിപ്പിക്കുവാനുള്ള പൊടിയാണ്. ഇതു ഭൂമിയിൽ വിതറുക. ഇത്രയും ദുരിതാനുഭവങ്ങളിൽ നിന്നും മനുഷ്യൻ എന്തായാലും ഒരു പാഠം പഠിച്ചിട്ടുണ്ടാവും...! എനിക്കുറപ്പുണ്ട് മനുഷ്യൻ നന്നാകും!...’’

 

**********     **********     **********      ********

 

ഭാവി

 

ഭാവികാലത്തിൽ (കോറോണയ്ക്കു ശേഷം)ദൈവം സ്വർഗ്ഗത്തിൽ വാർഷിക സമ്മേളനം വിളിച്ചു കൂട്ടി. എല്ലാവരും സന്നിഹിതരായി. ഭൂമിയുടെ ഊഴം വന്നപ്പോൾ ദൈവം ചിത്രഗുപ്തനോടായി ആരാഞ്ഞു.

‘‘ചിത്രഗുപ്താ  എന്താണിപ്പോൾ ഭൂമിയിൽ മനുഷ്യന്റെ അവസ്‌ഥ? മനുഷ്യൻ തീർച്ചയായും നന്നായിട്ടുണ്ടാവുമല്ലോ അല്ലേ?’’

ചിത്രഗുപ്തൻ ദൈവത്തിന്റെ മുന്നിൽ വന്നു വണങ്ങി കൊണ്ട് പറഞ്ഞു

‘‘പ്രഭോ ഞാൻ പറയാതെ തന്നെ അങ്ങേയ്ക്കു അറിയാമല്ലോ മനുഷ്യന്റെ സ്ഥിതി..…! സഭാവാസികൾക്കു

വേണ്ടി ഞാൻ പറയാം’’

‘‘മനുഷ്യൻ നന്നായിട്ടില്ല എന്നു മാത്രമല്ല അവന്റെ സ്വഭാവ സവിശേഷതകൾ കൂടുകയാണ് ഉണ്ടായത്‌. അവൻ ചൊവ്വ. ശുക്രൻ ഇത്യാദി ഗ്രഹങ്ങളെ വരുതിയിലാക്കി അവിടെ താമസം ആക്കിയിരിക്കുന്നു. ബഹിരാകാശം അവന്റെ തറവാട് മുറ്റം പോലെ ആക്കിയിരിക്കുന്നു. വന്നു വന്ന് അവൻ നമ്മുടെ സ്വർഗം തന്നെ കയ്യേറുമോ എന്നു ഞാൻ ഭയപ്പെടുന്നു’’

ചിത്രഗുപ്തൻ പറഞ്ഞു നിർത്തി.

 

ദൈവം പക്ഷേ മന്ദഹസിക്കുകയാണ് ഉണ്ടായത്. ദൈവം പറയുവാൻ തുടങ്ങി

‘‘മനുഷ്യൻ ഒരിക്കലും പിന്നിലേക്ക്‌ പോകില്ല എന്നു നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ഞാൻ ഇതെല്ലാം ചെയ്തത്. മനുഷ്യൻ അവൻ നേടിയെന്ന് അഹങ്കരിക്കുന്ന നേട്ടങ്ങളെല്ലാം വെറും നിസ്സാരമായ സംഗതികൾ മാത്രമാണ്. ഈ അനന്തമായ ശക്തിയുടെ ഒരറ്റത്ത് വെറുതെ ഒന്ന് തോണ്ടുക മാത്രമാണ് മനുഷ്യൻ ചെയ്തിരിക്കുന്നത്. മനുഷ്യനു പ്രകൃതിയെ ഒന്നും ചെയ്യുവാൻ സാധിക്കില്ല. എന്നാൽ പ്രകൃതി വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് മനുഷ്യനെയും അവന്റെ ചെയ്തികളെയും ഇല്ലാതാക്കാൻ സാധിക്കും. പിന്നെ നന്മതിന്മകൾ മനുഷ്യൻ ഉണ്ടായ കാലം മുതൽ ഉള്ളതാണ്. ഇന്നുള്ളതിനെക്കാൾ വലിയ തിന്മകളാണ് മനുഷ്യൻ മുൻകാലങ്ങളിൽ ചെയ്തു കൊണ്ടിരുന്നത് മനുഷ്യജന്മങ്ങളിലെ ഏറ്റവും ഹീനനായ ഹിറ്റ്ലർ  ചെയ്തു കൂട്ടിയതെല്ലാം കഴിഞ്ഞ കാലങ്ങളിൽ ആയിരുന്നല്ലോ!’’.

‘‘അല്ല പ്രഭോ ഈ ഹിറ്റ്ലറുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്’’

‘‘നിത്യ നരകത്തിലേക്ക് സാത്താന്മാർ കൂട്ടിക്കൊണ്ടു പോയ അയാളുടെ അവസ്‌ഥ ഞാനെങ്ങനെ അറിയാൻ??...’’

 

Content Summary: Anthyavidhi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com