ADVERTISEMENT

ഡമോക്ലിസിന്റെ തേങ്ങ (കഥ)

 

 

‘‘ഹെർമീസെ, ഒരു കുപ്പീം കൂടി, കുറച്ചു ചാറും’’  ഡമോക്ലിസ് വിളിച്ചു പറഞ്ഞത് കേട്ട് ഹെർമീസിന് ദേഷ്യമാണ് വന്നത് 

‘‘നിനക്ക് വേണെങ്കി ഒരു മോദ തല വാങ്ങ്‌, ചാറിനി തരാൻ പറ്റില്ല.’’ 

 

ഷാപ്പില് നല്ല തിരക്കുള്ള സമയമാണ്. ഡമോക്ലിസ് രാവിലെ തന്നെ തെക്കു പടിഞ്ഞാറ് മൂലയിലുള്ള മുറിയിൽ കയറി മോന്തി തുടങ്ങിയതാണ്. സ്ഥലത്തെ പ്രധാന തെങ്ങു കയറ്റക്കാരനാണ്. മുണ്ടും തലേക്കെട്ടും മാത്രമാണ് വേഷം. മേശപ്പുറത്തു നാലഞ്ച് ഒഴിഞ്ഞ കുപ്പികൾ നിരന്നിരിപ്പുണ്ട്. ഫിറ്റാകുമ്പോൽ  മാത്രം ഡമോക്ലിസ് അയാളുടെ കട്ടി മീശ പിരിച്ചു വെയ്ക്കും. ‘‘എടാ നീ പറ്റിലെഴുതിക്കോ, തെങ്ങ് ചതിക്കത്തില്ല. ഞാൻ തന്നേക്കാം’’ ഡമോ മീശ പിരിച്ചോണ്ടു വിളിച്ചു പറഞ്ഞു. 

കുപ്പിയും എരിവ് മീൻചാറും കാത്തിരിന്ന ഡമോയുടെ മുറിയിലേക്ക് പക്ഷേ കയറിച്ചെന്നത് പാന്റും ഷർട്ടും ധരിച്ചൊരു മധ്യവയസ്കനാണ്. ചുറ്റും നോക്കി മടിച്ചുനിന്ന അയാൾക്ക്‌ ഡമോക്ലിസ് ബെഞ്ച് ചൂണ്ടി കാണിച്ച് കൊടുത്തു. ‘‘ഇരിക്ക് സാറേ. ഈ ഷാപ്പിലെ ഏറ്റവും നല്ല മുറിയാണ്. പിന്നെ കൂട്ടിനു ഞാനുണ്ടല്ല’’. 

 

അത് പ്രതീക്ഷിച്ചിട്ടെന്നപോലെ അയാൾ ബെഞ്ചിലിരുന്നിട്ട് പരിചയപ്പെടുത്തി ‘‘ഞാൻ സോ.ഡയോനിഷ്യസ്. ഇവിടിരിക്കുന്നതിൽ വിരോധമില്ലല്ലോ?’’ ഹെർമീസപ്പോൾ ഒരു കുപ്പീം കറിയുമായി മുറിയിലേക്ക് എത്തി. 

‘‘തെങ്ങു ചതിക്കൊന്നെനിക്കറിയില്ല, പക്ഷെ എന്റെ കാശ് കിട്ടിയില്ലെങ്കിൽ നീ വിവരം അറിയും’’ഹെർമീസ് നിലപാട് വ്യക്തമാക്കി. മറുപടിയായി ഡമോ ഈണത്തിൽ പാടി, 

‘‘തെങ്ങ് ചതിക്കില്ല, തേങ്ങാ ചതിക്കില്ല,

തേങ്ങാവീണാരും മരിച്ചട്ടില്ല’’.

ഡോ.ഡയോനിഷ്യസിന് കക്ഷിയെ ഇഷ്ടപ്പെട്ടു. 

‘‘ഇവിടെന്താവേണ്ടേ?’’ പാട്ട് വകവയ്ക്കാതെ ഹെർമീസ് ഡോക്ടറോട് ചോദിച്ചു. 

‘‘ഒരു കുപ്പി എളേതും കഴിക്കാനെന്തെങ്കിലും കൂടി’’ ഡോക്ടർ ബെഞ്ചിൽ അമർന്നിരുന്നു. കോളടിച്ചതിൽ ഹെർമീസിന് സന്തോഷായി.

‘‘കപ്പയും മോദ കറിയുമുണ്ട്, സ്‌പെഷ്യൽ കക്കയിറച്ചിയുണ്ട് എടുക്കട്ടെ’’

ഡോക്ടർ തലയാട്ടിയതും അയാൾ പോയി.  

‘‘സാറേ, എളേതൊന്നും ഇവിടെ കിട്ടത്തില്ല കേട്ടാ. നല്ല മൂത്തതാ - ആനമയക്കി’’. ഡെമോക്ലിസ് അതും പറഞ്ഞൊന്നിരുത്തിമൂളി. ഡോക്ടർ അത് ഗൗനിച്ചില്ല ‘‘തെങ്ങു കയറ്റമാണെന്നു മനസ്സിലായി, എന്താ നിങ്ങളുടെ പേര്’’. അയാൾ  മുന്നോട്ടാഞ്ഞു, എന്നിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു ‘‘ഡമോക്ലിസ്. സാറെന്താ ഇവിടെ?’’ 

‘‘മെഡിക്കൽ കോളേജില് ന്യൂറോളജി വിഭാഗത്തിൽ ഡോക്ടറാണ്. പകുതി ദിവസം ലീവാക്കിയിട്ടറങ്ങിയതാ, വന്നെത്തിയതിവിടെയായി’’

ഡോക്ടർ മനസ്സില്ലാമനസ്സോടെ ആണ് പറഞ്ഞത്. രാവിലെ സർജറി കഴിഞ്ഞതും ആരോടും ഒന്നും പറയാതെ ഹോസ്പിറ്റൽ വിട്ടറങ്ങിയതാണ്. പുറത്തിറങ്ങി കാറെടുത്ത് എവിടേക്കെന്നില്ലാതെ ഓടിച്ചു. കടപ്പുറം എത്തിയപ്പോൾ നിർത്തി. ഷാപ്പിന്റെ ബോർഡ് കണ്ടപ്പോൾ രണ്ട് കുപ്പി കഴിച്ചാലോന്ന് തോന്നി കയറിയതാണ്.

‘‘സാറിനെ കണ്ടാലേ അറിയാം ഒരു ഡോക്ടറാണെന്ന്’’

 

ഡമോ കള്ള് ഗ്ലാസ്സില് പകർന്നൊണ്ട് പറഞ്ഞു. ആറടിയുടെ അടുത്ത് പൊക്കമുണ്ട് ഡോക്ടറിന്. ബലിഷ്ഠമായ ശരീരം. മൂക്കിലേയും കാതിലെയും വളർന്നു നിൽക്കുന്ന രോമവും, രോമാവൃതമായ കൈയും, അയാൾക്ക് കൂടുതൽ ഗൗരവ്വം പകർന്നു. നിരന്നിരുന്ന കുപ്പികൾ കണ്ട ഡോക്ടർ ഡമോക്ലിസിനെ അടിമുടിയൊന്നു നോക്കി. 

 

‘‘നിങ്ങൾ നല്ല വെള്ളമടിയാണെല്ലോ, സ്ഥിരമായി ഇങ്ങനെ തട്ടിയാൽ ഓർമ്മശക്തി പോകും കേട്ടോ’’ 

‘‘അതിനല്ലേ സാറേ നമ്മൾ വെള്ളമടിക്കുന്നത്. ഈ ഓർമകളെന്നു പറയുന്നതൊരുതരം പിന്നോട്ടടിയാ, മുൻപോട്ടു പോകാൻ പറ്റില്ല’’ ഡമോക്ലിസിന്റെ ശബ്ദത്തിലെ ഇടർച്ച ഡോക്ടർ അറിഞ്ഞു. 

‘‘അത് പറഞ്ഞപ്പോഴാ, കാറിന്റെ താക്കോൽ എടുക്കാൻ മറന്നു’’

ഡോക്ടർ പോക്കറ്റ് തപ്പിക്കൊണ്ട് ചുറ്റും നോക്കി. ഹെർമീസപ്പോൾ കുപ്പിയും ഭക്ഷണവുമായി എത്തി. 

‘‘താക്കോലാരും എടുക്കില്ല സാറേ’’ ഡെമോ സമാധാനപ്പെടുത്തി. ഇനിയെഴുന്നേറ്റു പോകാനുള്ള മടികാരണം ഡോക്ടർ താക്കോലിന്റെ കാര്യം തത്ക്കാലം മറന്നു. കുപ്പി വാങ്ങി വേഗം ഗ്ലാസിൽ കള്ള് പകർന്നു, എന്നിട്ട് ഒറ്റ വലിക്കു കുടിച്ച് തീർത്തു. അപ്പൊ തന്നെ ഒരു ഗ്ലാസുംകൂടി പകർന്നു വച്ചു. 

‘‘രണ്ട് കുപ്പീം കൂടി കൊണ്ടുവന്നേര്’’ ഡോക്ടർ ഹെർമീസിനോട് പറഞ്ഞു. അയാള് അതുകേട്ടതും കുപ്പിയെടുക്കാൻ പോയി.

 

‘‘സാറും നല്ല തട്ടാണല്ലേ. ഓർമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ എല്ലേ? ഓർമ്മയില്ലാതിരിക്കുന്നതാ നല്ലത്’’ മീശ കൈപ്പുറം കൊണ്ട് തൂത്തോണ്ടു ഡെമോ പറഞ്ഞു. ഡോക്ടർ അത് ഗൗനിക്കാതെ രണ്ടാമത്തെ ഗ്ലാസ്സും ഒറ്റവലിക്ക് കുടിച്ച് തീർത്തു. 

 

‘‘ഓർമ്മയില്ലെങ്കിൽ എന്താ സംഭവിക്കാന്ന് തനിക്ക് വല്ല ബോധവും ഉണ്ടോ?’’ ഡോക്ടർ അല്പം ഈർഷ്യയോടെയാണ് പറഞ്ഞത്. എന്നിട്ട് ഒരുപിടി കക്കയിറച്ചിയെടുത്തു വായിലിട്ടു. രുചിയിഷ്ടപ്പെട്ടതുകൊണ്ട് കുറച്ചു കപ്പയും മീനും കൂട്ടി വീണ്ടും കഴിച്ചു. ഡമോക്ലിസ് ഫിറ്റായതുകൊണ്ട് അപരിചിതത്വം കൂടാതെ തന്റെ മനസ്സ് തുറന്നു. 

 

‘‘സാറേ ഓർമ്മയുണ്ടെങ്കിൽ ജീവിതം കട്ടപുകയാ. കഴിഞ്ഞതെല്ലാം ഫ്ലാഷ്ബാക്ക് ആയി മനസ്സില് ഫുൾ സ്‌ക്രീനിൽ തെളിഞ്ഞു വരും. സാറിനറിയോ, നന്നായൊന്നുറങ്ങിയിട്ട് ഒരു വർഷമായി. ഇന്നായിരുന്നു ആണ്ട്’’

ഡെമോ ബാക്കിയുള്ള കള്ളും അകത്താക്കി. 

“എന്റെ ഭാര്യയും കൊച്ചും, രണ്ടുപേരും ഒരേ ദിവസം പോയി’’. 

‘‘അതെന്ത് പറ്റിയടോ?’’ ഡോക്ടർക്ക് ജിജ്ഞാസ കൂടി. ഡോക്ടർ ബാക്കിയുള്ള കള്ളും വേഗം തീർത്തിട്ട് ചോദിച്ചു.

 

‘‘നമ്മുക്കൊരു കാര്യം ചെയ്യാം. പുറത്തേക്കിരുന്നാലോ? പടിഞ്ഞാറ് കാറ്റും കൊണ്ട് തെങ്ങുംതോപ്പിലിരിക്കാം. അതാകുമ്പൊൾ കടലും കാണാം.’’ 

ഡമോക്ലിസിന് ഇത് പണ്ടേ പതിവുള്ളതാണ്. കള്ള് കഴിച്ച് കഴിഞ്ഞാൽ നേരെ തെങ്ങിന്തോപ്പിൽ പോയിരിക്കും. ചിലപ്പോൾ അവിടെത്തന്നെ കിടക്കും. പിന്നെ സന്ധ്യ കഴിയും വീടെത്താൻ. 

‘‘എടാ ഹെർമീസെ, കുപ്പി നീ പുറത്തേക്കെടുത്തേര്. ഞങ്ങള് തെങ്ങിൻചോട്ടിൽ കാണും’’ ഡെമോ വിളിച്ചു പറഞ്ഞിട്ട് പുറത്തേക്കിറങ്ങി, പുറകെ ഡോക്ടറും.

 

നല്ല ഉച്ച കഴിഞ്ഞ നേരമാണെങ്കിലും തെങ്ങിൻ ചോട്ടിൽ തീരെ വെയിലില്ല. മണലിൽ പടിഞ്ഞാറൻ കാറ്റും കൊണ്ടിരിക്കാൻ ഒരു സുഖമാണ്. തെങ്ങുകൾക്കിടയിലൂടെ നീല കടലും കാണാം. കുറച്ച് കള്ളും അകത്തു ചെന്നാൽ പരമസുഖം. ഡമോ നേരെ നടന്നൊരു തെങ്ങിൻ ചോട്ടിൽ ചാരി ഇരിപ്പായി. ഡോക്ടർ നോക്കിയത് നേരെ മുകളിലേക്കാണ്. നാലഞ്ച് തേങ്ങ മൂത്ത് നിൽപ്പൊണ്ട്. 

 

‘‘എടൊ താൻ അതിന് താഴെനിന്ന് മാറി ഇരിക്കുന്നതാണ് നല്ലത്. തലയിൽ വീണാൽ തന്റെ ഗതി മാറും’’ ഡോക്ടർ അടുത്ത് കണ്ട ഒരു ചില്ലി തെങ്ങിന്റെ ചോട്ടിൽ മാറി ഇരുന്നു. ഹെർമീസപ്പോൾ മൂന്ന് കുപ്പിയുമായി എത്തി. 

 

‘‘എടാ ഡമോ, തേങ്ങ വീണ് ചാവണ്ട, മാറിയിരുന്നോ.’’ കുപ്പി ഡോക്ടറെ ഏൽപ്പിച്ചു ഹെർമീസ് പോയി. ഡമോ വീണ്ടും ഈണത്തിൽ പാടിയതേയുള്ളു,

‘‘തെങ്ങ് ചതിക്കില്ല, തേങ്ങാ ചതിക്കില്ല,

തേങ്ങാവീണാരും മരിച്ചട്ടില്ല’’

“വല്ലതും വരുത്തി വച്ചിട്ട് പിന്നീട് മോങ്ങിയിട്ടു കാര്യമില്ല” ഡോക്ടർ ഒരു ഗ്ലാസ് കള്ള് പകർന്നു മണലിൽ ഉറപ്പിച്ചു വച്ചു. 

“തെങ്ങ് ചതിക്കില്ല സാറെ. പക്ഷേ ആള് ചതിക്കും” ഡമോ നിവർന്നിരുന്നിട്ടു പറഞ്ഞു, 

“ഡോക്ടറെ, ഒരു കുപ്പി കടം തരണം. ഞാൻ കാശ് പിന്നെ തരാം’’. 

ഇനിയിവിടെ വീണ്ടും വന്നാലല്ലെ ഇയാളുടെ കാശ് വാങ്ങുന്നത്. ഇത് ഓർമപോലുമുണ്ടാവുമോന്നറിയില്ല ഡോക്ടർക്ക്. 

‘‘താൻ കാശൊന്നും തരേണ്ട. തന്റെ കഥ പറഞ്ഞാൽ മതി’’

ഡമോക്ലിസ് വീണ്ടും തെങ്ങിലേക്കു ചാരി കിടന്നു.

 

‘‘ഓ കഥ! അതങ്ങനെ പറയാനും മറ്റുമൊന്നുമില്ല. ചെക്കൻ എന്നോട് വഴക്കുണ്ടാക്കി പോയി വിഷം കഴിച്ചു. പിറ്റേന്ന് മരിച്ചു. അന്നുതന്നെ ഭാര്യയും പോയി. എന്താ പറ്റിയെന്നറിയില്ല. ഒരു ചെറിയ തലവേദന മാത്രേ ഉണ്ടായിരുന്നുള്ളു. മൈഗ്രേയ്ൻ എന്നാ ഡോക്ടർമാര് പറഞ്ഞെ. വ്യസനപ്പെട്ടിട്ടാണെന്ന് ആദ്യം കരുതി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അവള് പോയി’’. 

ഡോക്ടർ ഒരു കുപ്പിയെടുത്ത് ഡമോയ്ക്ക് നീട്ടി.

 

‘‘താനൊന്നു തെളിച്ച് പറയടോ. കേട്ടിട്ട് നിങ്ങളുടെ ഭാര്യക്ക് സ്ട്രോക്ക് വന്നതാണെന്ന് തോന്നുന്നു. ചെറുപ്പക്കാരിൽ ഡോക്ടർമാർ സംശയിക്കില്ല. രോഗ നിർണ്ണയം തെറ്റിയതാകും’’. 

ഡെമോക്ലിസ് കുപ്പി വാങ്ങി രണ്ടു കവിളകത്താക്കി.

 

‘‘വിധി! അല്ലാതെന്തു പറയാൻ. മകനെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കണമെന്നുണ്ടായിരുന്നു. അവനൊരു ദിവസം പഠിപ്പു നിർത്തി കടലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ അല്പം കുടിച്ചിട്ടുമുണ്ടായിരുന്നു. ദേഷ്യത്തിന് ഞാൻ അവന്റെ കരണകുറ്റിക്ക് ഒരെണ്ണം കൊടുത്തു. ഒന്നും മിണ്ടിയില്ല അവൻ. ഒന്നും മറുത്ത് പറഞ്ഞില്ല. തെങ്ങിന് അടിക്കാൻ വച്ചിരുന്ന വിഷമെടുത്ത് കഴിച്ച്. അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. കടലിൽ വിട്ടിരുന്നെങ്കിൽ വിഷമില്ലാത്ത മീനെങ്കിലും കഴിക്കാരുന്ന്’’. 

“തന്നെ കുറ്റം പറയാൻ ഒക്കുകേല. മക്കളെ കൂടുതൽ സ്നേഹിച്ചാലും കുഴപ്പമാ” ഡോക്ടർ ഒരു ഗ്ലാസ്സ് കള്ളും കൂടി അകത്താക്കി.

 

ഹെർമീസപ്പോൾ ഡോക്ടറുടെ മൊബൈലുമായി ഓടിയെത്തി.

‘‘ബെല്ല് അടിക്കുന്ന കേട്ടാ ഞാൻ മുറിയിലേക്ക് ചെന്നത്. ചെന്നത് നന്നായി. ഇല്ലെങ്കിൽ ആൺപിള്ളേര് കൊണ്ടുപോയേനെ. ഏതോ ഒരു പ്ലേറ്റോ ആണ് വിളിച്ചത്’’. മൊബൈൽ തിരികെ ഏൽപ്പിച്ച് ഹെർമീസ് ധൃതിപിടിച്ചു തിരിച്ചു നടന്നു.

 

‘‘വാർത്ത പോയി കാണട്ടെ. മെഡിക്കൽ കോളേജിലെന്തോ വിഷയമുണ്ട്.’’ ഹെർമീസ്  അതും പറഞ്ഞു തിരിച്ച് ഷാപ്പിലേക്കു കയറി. ഡോക്ടർ മൊബൈൽ നോക്കിയിട്ട് പോക്കറ്റിൽ തിരുകി, എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.  

“ആ സൂപ്രണ്ടാണ്. എവിടെ പോയെന്നു തിരക്കി വിളിക്കുന്നതാവും.” 

ഡെമോക്ലിസ് കുപ്പി മുഴുവനായി വായിലേക്ക് കമഴ്ത്തി.

‘‘ഡോക്ടർക്ക് ചെറിയ ഓർമ പിശകുള്ള പോലെ. മൊബൈലാരും കക്കാതിരുന്നത് നന്നായി!’’ ഡമോ കുപ്പി കാലിയാക്കി, മണലിലേക്ക് നിവർന്നു. കാറ്റിൽ ഓല ഇളകുന്നത് നോക്കി കുറച്ചു നേരം അങ്ങനെ കിടന്നു. എന്നിട്ട് ഒരു ഉത്തരം പ്രതീക്ഷിക്കാത്ത പോലെ ചോദിച്ചു.  

‘‘ഓർമകളില്ലാതാകാൻ എന്തെങ്കിലും മരുന്നുണ്ടോ ഡോക്ടറെ?’’. 

 

ഡോക്ടർ അത് കേട്ടതായി നടിച്ചില്ല. കള്ളിന്റെ ആലസ്യത്തിൽ ഡമോക്ലിസിന്റെ കണ്ണുകൾ പതിയെ അടഞ്ഞു പോയി. ഡോക്ടർ എന്തോ ആലോചനയിലെന്ന പോലെ കുറച്ചു നേരം ഇരുന്നു, പിന്നെ ഒരു ഗ്ലാസ്സൊഴിച്ച് ഒറ്റവലിക്ക് തീർത്തു. വീണ്ടും ആലോചിച്ചിരിപ്പായി.

 

ഡോക്ടർ കുപ്പിയിലെ കള്ള് വീണ്ടും ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ടിരിക്കുന്നതിനിടക്ക് പ്രതീക്ഷിക്കാതെയാണ് ഒരു ശബ്ദവും നിലവിളിയും ഒരുമിച്ചു കേട്ടത്. ക്രിക്കറ്റ് ബാറ്റ് ആയത്തിൽ നിലത്തടിച്ച പോലെയൊരു ഉഗ്ര ശബ്ദം, അതിനോടൊപ്പം ‘‘ഹെന്റമ്മോ....’’ എന്ന് നീട്ടി ഒരു നിലവിളിയും. തിരിഞ്ഞ് നോക്കിയതും കണ്ടത് ചിതറി കിടക്കുന്ന തേങ്ങയും, വേദനയിൽ പുളയുന്ന ഡമോക്ലിസിനെയും ആണ്. തലയിൽ വീണിട്ടുണ്ടെന്ന് വ്യക്തം. തല ശക്തിയായി തടവുന്നുണ്ട്. ബോധം പോകാതിരുന്നത് ഒരു വല്യ അത്ഭുതം തന്നെ. ചാടിയെഴുന്നേറ്റ് ഡമോക്ലിസിന്റെ അടുത്തെത്തി പരിശോധിച്ചപ്പോൾ പുറത്തൊരു മുറിവുമില്ല. കണ്ണ് തള്ളി ഡോക്ടറെ തുറിച്ചു നോക്കിയിരിപ്പാണ് ഡമോ. ഡോക്ടർക്ക് എന്ത് ചെയ്യണമെന്ന് ഒരു സെക്കൻഡ് ഒരെത്തും പിടിയും കിട്ടിയില്ല. കുറച്ച് നേരമെടുത്തു ഒന്ന് സ്ഥലകാല ബോധം വരാൻ. 

 

‘‘എടൊ തന്നോട് പലവട്ടം പറഞ്ഞതല്ലേ ഇതിന്റടിയിൽ വന്നു ഇരിക്കരുതെന്ന്. ഒന്നും പറ്റാതിരുന്നത് തൻറെ ഭാഗ്യം’’

ഡെമോക്ലിസ് കുറച്ചു നേരത്തേക്കൊന്നും മിണ്ടിയില്ല. പിന്നെ ചാടി എഴുന്നേറ്റിട്ട് ചോദിച്ചു.

‘‘താനാരാ?’’

അന്തം വിട്ടു നിന്ന ഡോക്ടറോട് വീണ്ടും അയാൾ അലറി .

‘‘ ഞാനാരാ?’’ 

 

ഡോക്ടറെന്തെങ്കിലും പറയുന്നതിന് മുൻപ് ഡെമോക്ലിസ് വെട്ടി തിരിഞ്ഞു കടപ്പുറത്തുകൂടി ആഞ്ഞു ദൂരേക്ക് നടന്നു പോയി.

 

Content Summary: Damoclesinte Val, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com