ADVERTISEMENT

ഈറന്‍ മഴ (കഥ)

 

ഒരു വിളിപാടകലെ നിന്റെ ഓര്‍മ്മകള്‍പെയ്തു തുടങ്ങി. മനസ്സ് എന്നോട് പറഞ്ഞതെല്ലാം നിന്നെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. മൗനം നിന്നിലൂടെ നിറഞ്ഞു തൂകി. ഒരു  സന്ധ്യപോലെ... സമയം തെറ്റിയ നേരങ്ങളില്‍, ഇരുള്‍ പടരുന്ന പാടവരമ്പുകളില്‍കൂടി നീ വീട്ടിലേക്കു ഓടിമറയുന്ന ചിത്രം ഒരു വിഷുക്കണി പോലെ കണ്ണുകളില്‍ ഉണ്ട്. ജീവിതം ഒരു കടലാസ് തോണി പോലെ ഒഴുകി കൊണ്ടിരുന്നു.... അതിനൊപ്പം കാലവും അതിന്‍റെ ജൈത്രയാത്ര തുടര്‍ന്നു. മഴമേഘങ്ങള്‍മാനത്ത് നിറയുമ്പോൾ പടിഞ്ഞാറൻ കാറ്റ് വീശിതുടങ്ങി. ഇപ്പോഴും നീ എന്‍റെ ചെവിയിൽ പറയാറുള്ള പതിവ് കിന്നാരങ്ങള്‍ ഒരു സ്വപ്നം പോലെ കടന്നു പോകുന്നു... ആര്‍ക്കോ വേണ്ടി ഒരു ജീവിതം ജീവിച്ചു തീര്‍ക്കുകയാണോ ഈ കാലവും ആയിരിക്കാം....എന്നാലും ഇഷ്ടങ്ങള്‍ നഷ്ടപെടുത്തുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ദുഃഖം തോന്നിയിരുന്നു എന്നത് സ്വാഭാവികം. എന്നാല്‍ ഈ നഷ്ടങ്ങൾ ആരുമറിയാതെ മനസ് കവിയട്ടെ.. ഇടയ്ക്ക് ചില ഗന്ധങ്ങള്‍ ചില സ്ഥലങ്ങള്‍, ചില പാട്ടുകള്‍ എന്നെ നിന്നിലേക്ക്‌ അടുപ്പിക്കുന്നു. .ജീവിത പ്രാരാബ്ധങ്ങള്‍ എന്നെ പടുവൃദ്ധനാക്കിയ പോലെ തോന്നുന്നു. ഇനി ഒരു യൗവനം വരാനില്ല. എനിക്കും നിനക്കും ഇനി ഒരുമിച്ചൊരു ജീവിതവും.....

 

ഈ മഹാനഗരത്തിൽ ഇന്ന് ഞാൻ ഏകനാണ്. ജോലിക്ക് പോയി വന്ന ശേഷം ഹോസ്റ്റൽ റൂമിൽ എന്‍റെ ജീവിതം ഒതുങ്ങും. കൂടെ ഒരു സഹമുറിയന്‍ ഉണ്ട്. ഒരുപാട് ദുഖങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ. മനസ്‌ തുറന്നു സംസാരിക്കാതെ എല്ലാം കടലാസില്‍ എഴുതി വയ്ക്കുന്ന ഒരു സ്വപ്ന ജീവി . എന്‍റെ സായന്തനങ്ങളിൽ സവാരി കുറവാണ് ഈ നഗരത്തില്‍ എന്ത് കാണുവാൻ !. യാതൊന്നുമില്ല , ആകെ ഒരു യാന്ത്രികതയുടെ ഇരമ്പം മാത്രം. എന്നാല്‍ പെണ്ണേ , ഇന്നും നീ എന്‍റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നു. അതിന്‍റെ മായാ പ്രപഞ്ചം ഒരിക്കലും എന്നെ വിട്ടു പോകുമെന്ന് തോന്നുന്നില്ല. രണ്ടിടവഴികളിലൂടെ രണ്ടായ് കടന്നുപോകുന്നു ഞാനും നീയും എന്തിനോ വേണ്ടി തേങ്ങുന്ന പകലുകള്‍. രാത്രിയുടെ ഇരുളിമയിൽ  അലിഞ്ഞു പോകുന്നു. നര ബാധിച്ചത് ശരീരം മാത്രമല്ല എന്‍റെ മനസ്സിനെയും കൂടിയല്ലേ ,... എന്തിനു വേണ്ടി ഇത്രയും വലിയൊരു ഇഷ്ടമായ നിന്നെ ഞാന്‍ ഒഴിവാക്കി ? പലവട്ടം മനസ് ചോദിച്ചു . ഉത്തരമില്ലാത്ത ചോദ്യം പോലെ അത് തൊണ്ടയില്‍ കുടുങ്ങി. കടബാധ്യതകള്‍ എന്ന് ഉള്ളിലെ നൊമ്പരം മന്ത്രിക്കുമ്പോള്‍ ഒരു ആവര്‍ത്തന വിരസത എവിടെയോ നിറയുന്നു. നിശാ ശലഭങ്ങൾ പാറി പറക്കുന്നുണ്ട് നഗര വീഥികളിലെ തെരുവിൽ, നടത്തത്തിനു വേഗത കൂടി, നായ ഓരിയിടുന്നു.

 

യാത്രയിലെ വിരസത ഒഴിവാക്കുന്ന സിഗരറ്റ് കുറ്റികൾ മാത്രമായിരുന്നു എന്‍റെ നഗരത്തിലെ കൂട്ടുകാര്‍. ശീലമാക്കാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഇന്ന് അത് സന്തത സഹചാരിയായി മാറിയിരിക്കുന്നു . എന്‍റെ സ്വന്തം ഗ്രാമവും അവിടെ കാണുന്ന പാതിരാ ദൃശ്യങ്ങളും ഇടക്ക് ഓര്‍ത്തു പോകാറുണ്ട്. മുനിഞ്ഞു കത്തുന്ന നിലവിളക്ക്  എല്ലാ വീടുകളുടെയും ഉമ്മറത്തിണ്ണയില്‍ കാണാം .അതിനു മുന്പിലിരുന്നു നാമം ജപിക്കുന്ന സ്ത്രീകള്‍, കുട്ടികള്‍ .വീട്ടു മുറ്റത്തെ തുളസിത്തറ, ഇടവഴിയിലെ ചായക്കട , വഴിവരമ്പിലെ മുക്കുറ്റി പൂക്കള്‍. ആകെ എത്ര മനോഹരമാണ് . 

 

ഇനിയും ജീവിച്ചു തീര്‍ക്കാത്ത എന്‍റെ ജീവിതം ഈ നഗരത്തിൽ എരിഞ്ഞു തീരാന്‍ മാത്രം ബാക്കി നില്‍ക്കുന്നു. പ്രാരാബ്ധങ്ങളും. ഹോസ്റ്റല്‍ മുറിയിലെ സുഹൃത്ത് ഇപ്പോൾ എഴുതി തുടങ്ങിയിരിക്കും,. പതിവ് പോലെ  സ്വപ്നങ്ങളും ,സ്വപ്ന ഭംഗങ്ങളും. അന്‍പതാം വയസ്സിലും വിവാഹിതനാകാതെ കുടുംബത്തിനു വേണ്ടി ജീവിച്ച എന്നെക്കുറിച്ച് എഴുതിക്കൂടെ എന്ന് ഇടയ്ക്കു ഞാന്‍ അയാളോട് ചോദിച്ചു. ഒരു ചിരിയില്‍ ഉത്തരം തന്നിട്ട് അയാള്‍ വീണ്ടും എഴുത്ത് തുടങ്ങി... എഴുതട്ടെ മതി വരുവോളം .... അക്ഷരങ്ങള്‍ ആണ് ഏറ്റവും നല്ല ഔഷധം. മനസ്സ് നിറയുവോളം എഴുതട്ടെ ... മഴയുടെ ശബ്ദം ഇപ്പോഴും മുറ്റത്ത് ഒരു താരാട്ട് പാട്ടായ് നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു... ഉറങ്ങാന്‍ എന്‍റെ മനസ്സൊരുങ്ങി തുടങ്ങി. ഉണരാത്ത ഒരു ഉറക്കം.

 

Content Summary: Eeran Mazha, Malayalam short story by Smitha Stanly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com