കയറിയ പടവുകളെല്ലാം ഇറങ്ങിയേ തീരൂ…

lonely-man
Representative Image. Photo Credit: Esin Deniz / Shutter Stock
SHARE

ഓർമ്മകളുടെ ഇറയത്ത് (കഥ)

അയാൾ നീണ്ട കരിങ്കൽപ്പടവുകൾ ചവുട്ടികയറി, നടപ്പാത. പാതയ്ക്കിരുവശമുള്ള തൊടികളിൽ തലപോയതെങ്ങും കവുങ്ങും കുറേ പടുമരങ്ങളും അവയിൽ ചുറ്റിപ്പടർന്നു കിടക്കുന്ന വള്ളികളും. തൊടി കാടാവുന്നു. നടപ്പാതയിലാവട്ടെ മുട്ടറ്റം പുല്ലും കൊടുത്തുവയും. 

ആ തൊടികളിൽ വീണുകിട്ടണ തേങ്ങ വിറ്റാൽ ഒരു കുടുംബം കഴിയും. പാതയ്ക്കിരുവശം വിവിധങ്ങളായ ചെടികൾ, തൊടിയിൽ നിറയെ കൃഷ്ണകിരീടം. തൊടിയ്ക്കറ്റത്ത് മുറ്റത്തിനോടു ചേർന്നുള്ള ഇടത്തെ മൂലയിൽ ഒരു വലിയ ചെമ്പരത്തി നിറയെ ചുവന്ന പൂക്കളോടെ ചിരിച്ചു നിൽക്കും. ഓണക്കാലത്ത് എത്ര പൂവാണെന്നോ അതിൽ കയറി പറിച്ചിട്ടുള്ളത്..! അവിടുത്തെ അമ്മൂമ്മ ആ ചെമ്പരത്തിയിൽ നിന്ന് പൂമൊട്ടു പറിച്ചാണ് എണ്ണ കാച്ചുന്നത്. ഇപ്പോഴാ ചെമ്പരത്തി പുഴു തിന്നുതീർത്ത മനുഷ്യ ശരീരത്തിലെ അസ്ഥികൂടം പോലെ ഇല കൊഴിഞ്ഞ് ഉണങ്ങി ശുഷ്കിച്ച് അസ്ഥികൾ മാത്രമായി നിൽക്കുന്നു.

വലത്തെ മൂലയിൽ ഒരു വലിയ കയ്പ്പൻവേപ്പുണ്ടായിരുന്നത് അയാൾ ഓർത്തു. അതിനടുത്തുള്ള വഴിയിലൂടെ ചെന്നാൽ പാമ്പിൻ കാവിലെത്തും. അവിടെ വലിയൊരു കാഞ്ഞിരമരം, അതിൽ നിറയെ വള്ളിപ്പടർപ്പുകൾ. അതിനടുത്ത് വെട്ടുകല്ലിൽ തീർത്ത ചുറ്റുമതിലുള്ള പാമ്പിൻ കാവ്. കാവിൽ കരിങ്കല്ലിൽ കൊത്തിവച്ച നാഗപടങ്ങൾ…!

മുറ്റത്ത് വലതുവശത്തായി ഒരു വലിയ തുളസ്സിത്തറ, അതിൽ തുളസ്സിയോടൊപ്പം വളരുന്ന റോസും മറ്റു ചെടികളും. ആ തുളസ്സിത്തറയ്ക്കടുത്താണ് ടിവിയുടെ കുട ഇരിക്കുന്നത്. 

അയാൾ പൂമുഖത്തേക്ക് നോക്കി. സദാ, ‘‘ന്റെ ഗുരുവായൂരപ്പാ’’ എന്ന് വിളിച്ച് നടക്കുകയാണ് അമ്മൂമ്മ. റേഡിയോ, കാതിനോടടുപ്പിച്ച് പിടിച്ച് മരക്കസേരയിലിരുന്ന് ക്രിക്കറ്റ് കമന്ററി കേൾക്കുന്ന അമ്മച്ഛൻ. രണ്ടുചേച്ചിമാരും അവരുടെ അമ്മയും. അവർ രണ്ടുപേരും വിളിക്കുന്നതു കേട്ടാണ് ആ വൃദ്ധർ അയാൾക്ക് അമ്മച്ഛനും അമ്മൂമ്മയും ആയത്.

മുറ്റത്ത് നിന്ന് നേരെ ഉമ്മറത്തേക്ക് കയറി. ചോർന്നൊലിച്ച് നിലമാകെ ചളി പടർന്നിരിക്കുന്നു. അമ്മച്ഛന്റെ ഓർമ്മ പുതുക്കാനെന്നോണം അനാഥമായി ആ മരക്കസേര ഇപ്പോഴും ഉമ്മറത്തിരിക്കുന്നു. മുൻപ് അവിടെ ചെല്ലുമ്പോൾ ആ ഉമ്മറം ഇങ്ങനെയായിരുന്നില്ല…

കയറി ചെല്ലുന്നിടത്ത് ലോഹത്തകിടുകൾ പോലെ ചിലത് തൂക്കിയിട്ടിരുന്നു. ഇളംകാറ്റിൽ അവ പരസ്പരം കൂട്ടിമുട്ടി ശബ്ദമുണ്ടാക്കാറുണ്ട്. കാവി വിരിച്ച് ചെറിയ ചതുരക്കള്ളികൾ വരച്ച നിലം സദാ വെട്ടിത്തിളങ്ങും. ഉത്തരത്തെ താങ്ങി നിർത്തുന്ന തൂണുകൾ രാജാവിന് അംഗരക്ഷകരെന്നപോലെ കരുത്തുറ്റതായി കാണപ്പെട്ടു. എന്നാൽ ഇന്ന്, ചുമരുകൾ വിണ്ടുകീറുകയും തൂണുകൾ ചിതൽ തിന്ന് തീരുകയും ചെയ്തിരിക്കുന്നു. വലത്തേ ചുമരിൽ ഹനുമാൻ ചിത്രമുണ്ടായിരുന്നിടത്ത് വേട്ടാളൻ കൂടുകൂട്ടിയിരിക്കുന്നു. ആ ചുമരിലെ ദ്രവിച്ചവാതിൽ തള്ളിത്തുറന്ന് അയാൾ അകത്തു കടന്നു.

പണ്ടൊക്കെ ആ തറവാട്ടിൽ പോയി എത്ര സിനിമകൾ കണ്ടിട്ടുണ്ടെന്നോ…! ഈ മുറിയിലിരുന്നാണ് സിനിമകൾ കണ്ടിരുന്നത്. ഇരുട്ട് കട്ടപിടിച്ച ഒരു മുറി, ഒരുപക്ഷേ കണ്ണിന്റെ കാഴ്ച്ചയറ്റതാകുമോ? ഓഫീസ് മുറി എന്നാണ് വിളിക്കപ്പെടുന്നത്. തറവാട്ടിലെ ഒരു കാരണവർ സിലോണിൽ നിന്ന് ജോലി നിർത്തി പോരുമ്പോൾ ഒരു ബാങ്ക് തുടങ്ങുവാൻ പദ്ധതി ഇട്ടിരുന്നുവത്രെ...! അതിനായി നിർമ്മിച്ചതുകൊണ്ടാണത്രെ ആ മുറിക്ക് ഓഫീസ്മുറിയെന്ന് പേര് വീണത്. ചിലപ്പോൾ അതൊരു കെട്ടുകഥ മാത്രമാവാം…

ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് അയാളിലേക്ക് ഭൂതകാലത്തിന്റെ നേർത്ത വെളിച്ചം പടർന്നു. വലിയ ചുമരിൽ ഒരു ചിത്രം, അതാ! കൃഷ്ണൻ കുരുക്ഷേത്രത്തിൽ വെളുത്ത കുതിരകളെ പൂട്ടിയ രഥം തെളിക്കുന്നു. സാരഥിക്കു പിറകിൽ കുലച്ച വില്ലുമായി പാർത്ഥൻ. തെക്കുപടിഞ്ഞാറേ മൂലയിൽ ടി.വി. അതിൽ തനിക്കിഷ്ടപ്പെട്ട സിനിമകൾ, നടീനടന്മാരുടെ വേഷപകർച്ചകൾ. മുറിയുടെ നടുവിൽ ഒരു വലിയ തൂണ്, അതിൽ ചിരിക്കുന്ന സായിബാബയുടെ ചിത്രം. തൂണിനോടു ചേർന്ന് സോഫ. സോഫയ്ക്കടുത്ത് നിലത്ത് അയാൾ സ്ഥിരം സ്ഥാനം പിടിക്കുന്ന കള്ളികൾ...

അങ്ങോട്ട് നടക്കുന്നതിനിടയിൽ കട്ടപിടിച്ച ഒരു ദ്രാവകം കാലിൽ ഒട്ടുന്നതുപോലെ തോന്നി. വർഷങ്ങൾക്കു മുമ്പ് ഒരു നട്ടുച്ചയിൽ കളിക്കുന്നതിനിടയിൽ മുറിഞ്ഞ കാലുമായി അയാൾ ആ മുറിയിൽ വന്നിരുന്നു. ചേച്ചിമാരും അമ്മൂമ്മയും പുറത്തുപോയിരുന്നു. അമ്മച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന്, മുറിഞ്ഞ കാലിൽ നിന്ന് ഒഴുകിയ ചോരകൊണ്ട് ആ നിലംതുടച്ചു. 

പിറ്റേന്ന് അവിടുത്തെ ചേച്ചിമാരിലൊരാൾ വീട്ടിൽ വന്നപ്പോൾ അയാളുടെ കാലിൽ കെട്ടുണ്ടായിരുന്നു. അവർ അമ്മയോട് പറഞ്ഞു,

‘‘ഞങ്ങളാരോ, നെലത്ത് ചാന്തോ, കുങ്കുമോ കളഞ്ഞിരിക്ക്യാന്നാ അമ്മച്ഛൻ വിചാരിച്ചിരിക്കണത്’’

അത് കേട്ട് അയാൾ അമ്മയെ നോക്കി ചിരിച്ചു.

വർഷങ്ങൾക്കിപ്പുറം വീണ്ടും ഓഫീസ്മുറിയിൽ നിൽക്കുമ്പോൾ കാൽമുട്ട് മുറിഞ്ഞതായി, ചോരയൊഴുകുന്നതായി, രക്തം നിലത്ത് കട്ടപിടിച്ച് കിടക്കുന്നതായി അയാൾക്കു തോന്നി.

ഓഫീസ്മുറിക്കടുത്തുള്ള കൊച്ചുമുറിയിൽ നിന്നും മുകളിലേക്ക് ഗോവണിപ്പടികൾ. പുറത്തേക്കുള്ള ഭാഗം കമ്പിവല കൊണ്ട് അടച്ചിരിക്കുന്നു. അതിലൂടെ പുറത്തേക്കു നോക്കിയാൽ ഗ്രാമത്തിന്റെ വടക്കേയറ്റം മുഴുവൻ കാണാം. ആ വലയിലൂടെ നോക്കുമ്പോൾ താഴെപ്പുരയുടെ ഓട്ടിൻപുറത്തിലൂടെ മഴത്തുള്ളികൾ അരിച്ചിറങ്ങുന്നത് കാണാൻ എന്ത് രസാണെന്നോ?

മുകളിൽ നിന്ന് മറ്റൊരു ഗോവണി ഇറങ്ങിയാൽ നേരെ ഇടനാഴിയിലെത്തും. ഇടനാഴിക്കറ്റത്ത് ശീവോതിക്കൂട്. അമ്മൂമ്മ എപ്പോഴും വിളിക്കണ ഗുരുവായൂരപ്പനു തന്നെയാണവിടെ പ്രാധാന്യം…

അവിടെ നിന്ന് ഊണുമുറിയിലേക്കെത്തും. ഒരു വലിയ വട്ടമേശയിൽ നാക്കില അയാളെ മാടി വിളിക്കുന്നു. തന്റെ വീട്ടിലെ പുകയെരിയുന്ന വീതനതിണ്ണയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിഭവങ്ങൾ. മതിവരുവോളം ഭക്ഷണം, ദാഹം ശമിക്കുവോളം ജലം. 

അവിടെ നിന്നും അയാൾ അടുക്കളയിലേക്ക് കടന്നു. അയാൾ കണ്ട ആദ്യത്തെ സാത്താൻ വിശപ്പും, ദൈവം ഭക്ഷണവും ആയിരുന്നു. സാത്താനെ കണ്ടത് ഒട്ടിയ തന്റെ വയറിലാണെങ്കിൽ ദൈവത്തെ കണ്ടത് സെറ്റുമുണ്ടുടുത്ത് ഭക്ഷണം ഉണ്ടാക്കുന്ന അമ്മൂമ്മയിലും വിളമ്പുന്ന ചേച്ചിയിലും ആണ്. അടുക്കളയോട് ചേർന്നുതന്നെ ഒരു കിണറുണ്ട്. നെല്ലിപ്പലകയിട്ട കിണറായാതിനാൽ ഏത് കൊടുംവേനലിലും വെള്ളത്തിന് നല്ല തണുപ്പായിരിക്കും. 

ബാല ടി.ബി. പിടിച്ച് കിടപ്പിലായിരുന്ന അയാൾക്ക് ക്ഷയിക്കാത്ത ഭക്ഷണപാത്രമായിരുന്നു ആ അടുക്കള. എല്ലുംതോലും മാത്രമായിരുന്ന ബാല്യത്തിൽ അസ്ഥികളിൽ ഇറച്ചിമുളപ്പിച്ചത്, ആ അടുക്കളയുടെ വീതനപ്പുറമായിരുന്നു. 

അടുക്കളയുടെ ജനലിലൂടെ അയാൾ പുറത്തേക്കു നോക്കി. പണ്ട് അവിടെ കാലിത്തൊഴുത്തായിരുന്നു. അച്ഛനാണ് രാവിലെ വന്ന് പശുവിനെ കറക്കുന്നത്. ചില ദിവസങ്ങളിൽ അയാളും കൂടെയുണ്ടാവും. മുറ്റത്തെത്തിയാൽ അച്ഛൻ നീട്ടി വിളിക്കും,

‘തറവാട്ടമ്മേ...’

വിളികേട്ട് അമ്മൂമ്മ വരുമ്പോൾ നേരത്തെ എഴുന്നേറ്റ് കുളിച്ച് നെറ്റിയിൽ കുറി വരച്ച് സെറ്റുമുണ്ടുടുത്താണ്. അച്ഛന്റെ അടുത്ത് നിൽക്കുന്ന അയാളോട്

‘ആഹാ…! ന്ന് ഉണ്ണിക്കുട്ടനൂണ്ടോ?’

എന്ന് ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് ചിരി വിടരും…

പുറകിൽ എന്തോ വീഴുന്ന ശബ്ദം. അയാൾ ഓർമ്മകളെ വകഞ്ഞു മാറ്റി. വീതനപ്പുറത്ത് ഒരു പട്ടിക മുറിഞ്ഞ് വീണ ശബ്ദാണ് കേട്ടത്. ഇന്ന് അടുക്കളയും കൂപ്പുകുത്തിയിരിക്കുന്നു…

ഇനി തിരിച്ചു പോകാം. പഴമയുടെ മൺക്കൂടിൽ നിന്ന്, തന്നെ താനാക്കിയ ഓർമ്മകളുടെ ഇറയത്തുനിന്ന്, ഇനി തിരിച്ചു പോകാം…

മിഴികളിൽ നിന്ന് ഊർന്നുവീഴുന്ന ഓർമ്മകളുടെ വറ്റാത്ത ഉറവകളെ നെഞ്ചിലിട്ട് അയാൾ നീളൻ കരിങ്കൽപ്പടവുകൾ നടന്നിറങ്ങി… കയറിയ പടവുകൾ ഇറങ്ങിയേ തീരൂ…

Content Summaryy : Ormakalude Irayath, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA
;