മരക്കാരെ കാണാൻ വരുമോ ഗാമ?

marakkar-movie
SHARE

മോഹൻലാൽ മരക്കാരാവുന്ന സിനിമയുടെ റിലീസ് അനിശ്ചിതത്തിലായിരുന്ന കൊറോണ കാലത്താണ് ഗയ്‌സ്, പോർച്ചുഗീസുകാരനായ മൗറിസ്യോ എന്റെ മുറ്റത്തേക്ക് ആദ്യമായി വരുന്നത്. വാസ്കോ ഡ ഗാമ കപ്പലിലാണ് വന്നിറങ്ങിയതെങ്കിൽ, മുറ്റത്തിന് താഴെയുള്ള റോഡരികിൽ പിക്കപ്പ് വാൻ ഒതുക്കിയിട്ടാണ്, ഗാമയുടെ നാട്ടുകാരനായ മൗറിസ്യോ ഞങ്ങളുടെ തൊടിയിലേക്ക് വന്നത്.

ഗാമ ആദ്യമായി ഇന്ത്യയിൽ എന്ന് കപ്പലിറങ്ങിയത് 1498 എന്ന്, പണ്ടെങ്ങൊ ചരിത്ര പരീക്ഷയുടെ ഉത്തരമായി എഴുതിയത് ഇപ്പോഴും ഓർമയിലുണ്ട്. സാമൂതിരിയുടെ നാട്ടിൽ വാസ്കോ ഡ ഗാമ വന്നതിനും, എന്റെ മുറ്റത്ത് മൗറിസ്യോ ഇറങ്ങുന്നതിനുമിടയിൽ 523 വർഷങ്ങളാണ് കടന്നുപോയത്. സഹ്യപർവ്വതത്തിലെ സിംഹത്തിന് പകരം, അറബിക്കടലിലെ കൊമ്പൻ സ്രാവിനെയല്ലേ മരക്കാരുടെ പേരിനൊപ്പം തലക്കെട്ടിനായി പ്രിയദർശൻ ചേർത്ത് വെക്കേണ്ടിയിരുന്നത് എന്നൊരു ശങ്ക എന്നെ ബാധിച്ചിരുന്നു.

50 ന് മുകളിൽ പ്രായം തോന്നിച്ച മൗറിസിയോയ്ക്ക് സിംഹം, കൊമ്പൻ എന്നിങ്ങനെ ആ ജനുസ്സിലുള്ള ഏതു വിശേഷണവും ചേരും. പൊക്കം ആറടിയോ, അതിന്റെ ചുറ്റുവട്ടങ്ങളിലൊ. അതിനൊത്ത ശരീരം. ‘വെട്ട്’ പ്രായം കഴിഞ്ഞും നീണ്ട ചുരുളൻ മുടി, ഏതോ കാട്ടുരാജാവിന്റെ കിരീടത്തെ ഓർമിപ്പിച്ചു. വേഷം ഗാർഡൻ പണിക്ക് എത്തുന്നവരിടുന്ന കട്ടിയുള്ള പാന്റ്സും, ബനിയനും. കഴുത്തിലെ കനത്ത സ്റ്റീൽ മലയുടെ അറ്റത്തു തൂങ്ങിക്കിടന്ന വലിയ കുരിശ്, വിശ്വാസത്തെക്കാൾ കൂടുതൽ ഒരു സ്റ്റൈലിന് ധരിച്ചതാണെന്നേ തോന്നിയുള്ളൂ. പോർച്ചുഗലിൽ ആഫ്രിക്കൻ വംശജരുണ്ടെങ്കിലും, മൗറിസ്യോ ആ കൂട്ടരല്ല.

വാസ്കോ ഡ ഗാമയുടെ നാട്ടുകാരനായ മൗറിസ്യോയും, ഗാമ വന്നിറങ്ങിയ കോഴിക്കോട്ടെ നാട്ടുകാരനായ ഞാനും കണ്ടുമുട്ടുന്നത്, കടലില്ലാത്ത സ്വിറ്റസർലന്റിൽ വെച്ചാണ്. ഇവിടെ കടലില്ലെങ്കിലും പർവ്വതങ്ങളും, കുന്നുകളും, കാടും, തടാകങ്ങളും, താഴ്​വാരങ്ങളും, കൃഷിയിടങ്ങളും ആവോളമുണ്ട്. സ്വിറ്റസർലന്റിലെ വലിയ മൂന്നാമത്തെ കുടിയേറ്റ ജനത പോർച്ചുഗീസുകാരാണ്. കൃഷി, ഗാർഡനിങ്, റോഡ് നിർമ്മാണ മേഖലകളിലാണ് ഇവരധികവും തൊഴിലെടുക്കുന്നത്. ആഫ്രിക്കയുടെ തെക്കേ മുനമ്പ് ചുറ്റി ദേശങ്ങൾ താണ്ടിയാണ് ഗാമ ഭാരതത്തിൽ എത്തിയതെങ്കിൽ, മൗറിസ്യോയ്ക്കും മുന്നേ ഞങ്ങളുടെ മുറ്റത്തേക്ക് വന്നത് വേറെ രണ്ട് രാജ്യക്കാരാണ്.

വളരെക്കാലം മനസ്സിലിട്ട് കൊണ്ട് നടന്ന ഡ്രീം പ്രോജക്ടാണ് ‘മരക്കാർ’ എന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. അതുപോലെ വളരെ മോഹിച്ചാണ് അടുത്തിടെ ഒരു വീട് സ്വന്തമാക്കിയത്. ആ വീടിന്റെ മുറ്റത്തിന്റെ വികസനമാണ് മൗറിസിയോയുമായുള്ള കണ്ടുമുട്ടലിന് നിമിത്തമായത്. സ്വന്തം മുറ്റത്തിന് വീതി കൂട്ടാനുള്ള സാധ്യത കണ്ടാൽ, അത് വേണ്ടെന്നുവെക്കുന്നൊരു മലയാളിയുണ്ടാവുമോ! മുറ്റത്തിന് മുന്നിൽ ചെരിഞ്ഞു താഴ്ചയിൽ കിടന്നിരുന്ന ഭാഗം പൊക്കിയെടുത്തു മതിലുകെട്ടി, ഇപ്പോഴുള്ള മുറ്റത്തിന്റെ ഭാഗമാക്കുകയായിരുന്നു ആ വികസന പദ്ധതി. അതിനായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദ്യം സമീപിച്ചത്, നാട്ടുകാരനായ ഗാർഡൻ കമ്പനിക്കാരനെയാണ്.

ഒട്ടേറെ സന്നാഹങ്ങളും, ലാപ്ടോപ്പും ഒക്കെയായി വന്ന് തലങ്ങും, വിലങ്ങും മുറ്റത്തിന്റെ അളവുകൾ എടുത്ത സ്വിസ്സ് സായ്‌വ്, ഒത്തുതീർപ്പുകളോട് അധികം ആഭിമുഖ്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരനായ കരാറുകാരനിൽ നിന്നും ലഭിച്ച ഓഫറും വെച്ചു പിന്നീട് സമീപിച്ചത്, ഇതേ മേഖലയിലെ ‘അതിഥി’ കരാറുകാരനെയാണ്. സ്വിറ്റസർലന്റിൽ അഭയാർഥിയായി അൽബേനിയയിൽ നിന്ന് വന്ന്, പടിപടിയായി ഗാർഡൻ കരാറുകാരനായി ഉയർന്ന നെയിമിന്, ഇതൊക്കെ എന്ത് എന്ന മട്ടായിരുന്നു. ആകെ കയ്യിൽ ഉണ്ടായിരുന്നത് അളക്കാനുള്ള ഒരു മീറ്റർ മാത്രം. എന്നാൽ എന്തൊക്കെയോ മനകണക്കുകൾ ഉറക്കെകൂട്ടി, താനൊരു സംഭവം ആണെന്ന് വരുത്താനായിരുന്നു അയാളുടെ ശ്രമം. അതിന് പൂരകമായി ഏറ്റവും കുറച്ചുള്ള കൊട്ടേഷൻ കിട്ടാൻ, അയൽവാസികളും കൂടിയേക്കും എന്ന് മോഹിപ്പിച്ച് ഞാനും. 

എന്തായാലും അൽബേനിയയിൽ നിന്നുള്ള വരത്തനായ നെയിമിന്റെ ഓഫർ, നാട്ടു സായ്പായ പാസ്‌കലിന്റെതിലും മെച്ചമായിരുന്നു. നെയിമിന്റെ കൊട്ടേഷനിലെ വിശദാംശങ്ങൾ പാസ്‌കലിനെ അപേക്ഷിച്ചു കുറവായിരുന്നെങ്കിലും, പിന്നെയും റേറ്റ് കുറപ്പിക്കാനുള്ള എന്റെ ശ്രമങ്ങളിൽ വിട്ടുവീഴ്ചകൾക്ക് അയാൾ വീണ്ടും തയാറായി. മെയിലിലോ, ഒരു കോളിലോ തീർക്കാവുന്ന സംശയങ്ങൾക്ക്, നേരിട്ട് വരികയാണെന്നായിരുന്നു നെയിമിന്റെ എപ്പോഴത്തെയും മറുപടി. വന്നപ്പോഴൊക്കെ തന്റെ സാന്നിധ്യം അയൽവാസികളിലും എത്തിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. പാസ്‌കലാവട്ടെ പ്രോത്സാഹജനമല്ലാത്ത എന്റെ നിലപാട് കണ്ട് പിന്നീട് ഫോണിലോ, മെയിലിലോ ബന്ധപ്പെടാനും മെനക്കെട്ടില്ല.

നെയിമിന്റെ ഇടയ്ക്കിടെയുള്ള സാന്നിധ്യം പാഴായില്ല. അടുത്ത മൂന്ന് വീട്ടുകാർക്ക് കൂടി മുറ്റത്തിന് വീതി കൂട്ടാൻ പൂതിയുണ്ടാവുകയും, ആ പണി നെയിം കരാറാക്കുകയും ചെയ്‌തു. പുതിയ കരാറുകൾ നേടുന്നതിനനുസരിച്ചു ഞങ്ങളുടെ മുറ്റം പണി നീണ്ട് പോയിട്ടും, കൊട്ടേഷനിൽ ഇളവുകളൊന്നും അയാൾ തന്നതുമില്ല. പണി തുടങ്ങും എന്ന് നെയിം പറഞ്ഞ ദിവസ്സം സമയം കഴിഞ്ഞിട്ടും ആരെയും കാണാതെ നെയിമിനെ വിളിച്ചപ്പോൾ, ജോലിക്കാർ പ്രതീക്ഷിക്കാതെ ക്വാറന്റൈനിൽ പോയെന്നും, ഒരാഴ്ച കൂടി കഴിഞ്ഞേ പണി തുടങ്ങു എന്നും മറുപടി. വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച തദ്ദേശീയ കരാറുകാരനെ ഒഴിവാക്കിയത് അബദ്ധമായോ എന്ന് അതിനും മുമ്പേ തോന്നിത്തുടങ്ങിയിരുന്നു.

അങ്ങനെ ഒരാഴ്ച്ച കൂടി പോയപ്പോഴാണ് മൗറിസ്യോയുടെ എൻട്രി. കൂടെ സന്തത സഹചാരിയായി വേറെ ഒരാളും. അൽബേനിയക്കാരനായ നെയിമിന്റെ നാട്ടുകാരായിരിക്കും ഇരുവരും എന്ന് ഞാൻ കരുതി. ചെയ്യേണ്ട ജോലികൾ എന്തൊക്കെയെന്ന് നെയിം ഇരുവർക്കും വിശദീകരിച്ചു കൊടുത്തത്, സ്വിറ്റസർലന്റിലെ സംസാരഭാഷയായ ജെർമ്മന്റെ സ്വിസ്സ് വകഭേദത്തിലാണ്. അതെന്താണ് അങ്ങനെ? മുതലാളി പോയപ്പോൾ കൂട്ടത്തിൽ ഒരുമാതിരി കുഴപ്പമില്ലാതെ ജർമ്മൻ സംസാരിക്കുന്ന മൗറിസ്യോയോട് തന്നെ ചോദിച്ചു, ഏതാ രാജ്യം? പോർച്ചുഗൽ എന്ന് മറുപടി വന്നപ്പോൾ, കാപ്പാട് ബീച്ചിൽ വന്നിറങ്ങിയ വാസ്കോ ഡ ഗാമയെ ആദ്യമായി കാണുന്ന നാട്ടുകാരനെപ്പോലെ, എന്റെ മുറ്റത്തെത്തിയ ഗാമയെ ഒന്നുകൂടെ നോക്കി നിക്കാതിരിക്കാനായില്ല ഗയ്‌സ്. 

short-story-illustration
വര: ശ്രീകാന്ത് ടി.വി.

1497 ൽ സെന്റ് ഗബ്രിയേൽ എന്ന കപ്പലിൽ ഗാമ പോർച്ചുഗലിൽ നിന്ന് പുറപ്പെട്ടെന്നും, തൊട്ടുപിന്നാലെ അകമ്പടിയായി സെന്റ് റാഫേൽ എന്ന കപ്പലിൽ ഗാമയുടെ ഇളയ സഹോദരൻ പാവ്ലോയുമുണ്ടായിരുന്നു എന്നാണ് ചരിത്രം. മൗറിസ്യോയുടെ കൂടെ അയാളുടെ പൊക്കവും, വണ്ണവും ഇല്ലെങ്കിലും, രൂപത്തിൽ ഏതാണ്ട് അയാളുടെ മിനി പതിപ്പായ സഹായി, സഹോദരനായിരിക്കുമെന്നായിരുന്നു എന്റെ ധാരണ. എന്നാൽ കൂടെയുള്ള അർലിൻഡോ തന്റെ നാട്ടുകാരനാണെന്നല്ലാതെ, മറ്റൊരു ബന്ധവും ഇല്ലെന്ന് മൗറിസ്യോ വ്യക്തമാക്കി. കാപ്പാടിറങ്ങിയ ഗാമ, സാമൂതിരിയായ മാനവിക്രമന് കാഴ്ചവെപ്പ് നൽകിയെങ്കിൽ, നമ്മുടെ മുറ്റത്തിറങ്ങിയ പോർച്ചുഗീസുകാർക്ക്, പണിക്കിറങ്ങുന്നതിനു മുമ്പ് കടുപ്പത്തിൽ ഒരു കാപ്പി കൊടുക്കാനായിരുന്നു എനിക്ക് താൽപര്യം. സ്നേഹപൂർവ്വം മൗറിസ്യോ അത് നിരസിച്ചു. അർലിൻഡോയും.

നാല് വീടുകളുടെ മുറ്റം വികസിപ്പിക്കുന്ന കരാർ ഒരു മാസത്തോളം നീളുമെന്നാണ് നെയിം പറഞ്ഞത്. പലയിടത്തും പണി പിടിച്ചിട്ട്, ആവശ്യക്കാരന്റെ സമ്മർദം പോലെ പണിക്കാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതായിരുന്നു അയാളുടെ രീതിയെന്ന് പിന്നീടാണ് മനസ്സിലായത്. നെയിം രാവിലെ വന്ന് അന്നന്നത്തെ പണി പറഞ്ഞു കൊടുത്തിട്ട്, വേറെ വഴിക്ക് പോകുന്നത് കാണാം. നെയിം പറയുന്നതിനേക്കാൾ വൃത്തിയിലും, വേഗത്തിലും ആ പണി എങ്ങനെ തീർക്കാമെന്ന് മൗറിസ്യോ തിരുത്തിക്കൊടുക്കുന്നതും കേൾക്കാം. നെയിമിനെക്കാൾ പണികളെ കുറിച്ച് ധാരണയുണ്ടായിരുന്ന മൗറിസ്യോ, ഒരു തൊഴിലാളിയിൽ നിന്നും കരാറുകാരനിലേക്ക് വളരാത്തത്, അയാളുടെ ജീവിത കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് തോന്നിയത്.  

മുറ്റത്തിന്റെ തറ നിരപ്പാക്കാൻ മണ്ണുമാന്തി ഓടിച്ചു വന്ന മൗറിസ്യോയിൽ, പടക്കപ്പലിൽ വന്ന വാസ്കോഡഗാമയുടെ രൂപഭാവങ്ങളാണ് ദർശിച്ചത്. കടലാഴങ്ങൾ കീഴടക്കിയ കപ്പിത്താനെപ്പോലെ, തൊടിയിലെ ചെറിയ പാറകളെയും, മരങ്ങളെയും അയാൾ മണ്ണുമാന്തികൊണ്ട്  മെരുക്കി. അർമാൻഡോയെ മണ്ണുമാന്തിക്ക് മുകളിൽ ഒരിക്കലും കണ്ടിട്ടില്ല. എന്തെങ്കിലും പണിയായുധവുമായി അയാൾ എപ്പോഴും മണ്ണുമാന്തിക്ക് അകമ്പടിയായി നടന്നു. ആയതിനാൽ അയാളെ ഞാൻ പോർച്ചുഗീസ് കാലാൾപ്പടയുടെ കമാൻഡറാക്കി. മോഹൻലാലിന്റെ മരക്കാരെയും, നെടുമുടി വേണുവിന്റെ സാമൂതിരിയേയും ഞാനവരോട് ചേർത്തും വെച്ചു. 

കൊറോണകാലത്തെ നിർബന്ധിത വർക് ഫ്രം ഹോമിന്റെ ഇടവേളകളിൽ, മുറ്റത്തെ വാസ്കോഡഗാമകളെ നിരീക്ഷിക്കാനാവശ്യമായ സമയം എനിക്ക് കിട്ടിയിരുന്നു. ചില ദിവസങ്ങളിൽ പണിക്കാർ ആരും വന്നില്ല. അവരെ വേറെ പണിസ്ഥലത്തേക്ക് നെയിം മാറ്റിയെന്ന് വ്യക്തമാണെങ്കിലും ‘ഇപ്പ ശരിയാക്കിത്തരാം’ ശൈലിയിലായിരുന്നു അയാളുടെ മറുപടികൾ.  

രാവിലെ വന്നാൽ വൈകിട്ട് പണി നിർത്തി പോവുന്നതുവരെ മൗറിസ്യോയ്ക്ക് ജോലിയിൽ മാത്രമാണ് ശ്രദ്ധ. ആകെ ജോലി നിർത്തുന്നത് ഉച്ചയ്ക്കുള്ള ഭക്ഷണത്തിനും, പിന്നെ ഇടയ്ക്ക് വരുന്ന ഫോൺകോളിനുമാണ്. ഫോൺകോൾ നീളുന്നതിനനുസരിച്ചു മൗറിസ്യോ അസ്വസ്ഥനാവുന്നതും, ഫോണിന്റെ മറ്റേ അറ്റത്തുള്ള ആളോട് പോർച്ചുഗീസിൽ വേഗം സംസാരം നിർത്താൻ മുഷിഞ്ഞു പറയുന്നതും, നമുക്ക് പോർച്ചുഗീസ് അറിയില്ലെങ്കിലും പിടികിട്ടും. മൗറിസ്യോ പണിയെടുക്കുമ്പോൾ അതിനൊപ്പം പണിയെടുക്കുകയും, ഫോൺ വരുന്നതുപോലെയുള്ള ഇടവേളകളിൽ പണി ഒന്ന് നിർത്തുമ്പോൾ, അതിനൊപ്പം വെറുതെ നിൽക്കുകയുമാണ് അർമാൻഡോയുടെ രീതി. അയാൾക്ക്‌ ഒരിക്കലും ഒരു കോളുപോലും വന്ന് കണ്ടിട്ടില്ല. മൗറിസിയോയുടെ ചലനത്തിനൊത്തു മാത്രം ചലിക്കുന്ന ഒരു റോബോട്ടിനെയാണ് അർമാൻഡോ ഓർമിപ്പിച്ചത്. 

ആഴ്‌ചകൾ നീളുന്ന കരാറായിരുന്നതിനാൽ, സ്വിറ്റസർലന്റിൽ പണിക്കെത്തിയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കരാർ തൊഴിലാളികളും, നെയിമിന്റെ ജോലിക്കാരായെത്തിയിരുന്നു. അവരെക്കാളൊക്കെ പോർച്ചുഗീസുകാരായ മൗറിസിയോയെയും, അർമാൻഡോയെയുമായിരുന്നു എനിക്കിഷ്ടം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ ആസ്വദിച്ചു പുക വലിച്ചും, ഫോൺ വിളിച്ചും തരക്കേടില്ലാതെ ഉഴപ്പിയപ്പോൾ, ഗാമയുടെ നാട്ടുകാർ പണിയിൽ വെള്ളം ചേർക്കാത്ത അധ്വാനികളായിരുന്നു. ആ ഇഷ്ടത്തിന് പുറമെ തൊഴിലിന്റെ ഇടവേളകളിൽ അവരോട് അടുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്, പോർച്ചുഗലും, ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ വൈകാരിക ബന്ധംകൊണ്ട് കൂടിയായിരുന്നു.

വാസ്കോഡഗാമയും, കോഴിക്കോട്ട് കപ്പലിറങ്ങിയതും ഒക്കെ പറഞ്ഞു ചെന്നിട്ടും, മൗറിസ്യോ അത് കേൾക്കാനായി ഒരിക്കലും പണി നിർത്തിയില്ല. മൗറിസ്യോ നിർത്താത്തതുകൊണ്ടു തന്നെ അർമാൻഡോയും പണി തുടർന്നു. എന്നാൽ മുറ്റം വികസനത്തിന്റെ ഭാഗമായ സംശയങ്ങൾ ഉന്നയിച്ചപ്പോഴൊക്കെ, മൗറിസ്യോ പണി നിർത്തിവെച്ചാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഒന്നും പറയാനില്ലെങ്കിലും, അർമാൻഡോയും ആ സമയമത്രയും വെറുതെ നിന്നു.

ചുരുക്കത്തിൽ ഗാമയും, അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള കപ്പലോട്ടവും ഒന്നും തന്നെ തുടക്കത്തിൽ  മൗറിസ്യോയ്ക്കും, അർമാൻഡോയ്ക്കും ഒരു വിഷയമേ ആയിരുന്നില്ല. ചരിത്രത്തെ കുറിച്ച് വലിയ പിടിപാട് ഉണ്ടെന്ന് തോന്നിപ്പിക്കാത്ത ഇരുവർക്കും, ഒരുകാലത്തു പോർച്ചുഗീസുകാർ ഭരിച്ച ഇന്ത്യയിൽ നിന്ന് വന്നവനോട്, ഇനി മറ്റെന്തെങ്കിലും പ്രശ്നമാണോ?

അല്ലെന്ന് വരും ദിവസങ്ങളിൽ ബോധ്യമായി. രണ്ട് രാജ്യങ്ങളിൽ നിന്നും സ്വിറ്റസർലന്റിൽ എത്തിയ മൗറിസ്യോയും, ഞാനും ആശയ വിനിമയത്തിനായി സംസാരിക്കേണ്ടിയിരുന്നത് ജർമനിലാണ്. ഏറെ നാളായി ഇവിടെയുണ്ടെങ്കിലും, മൗറിസ്യോയുടെ ജെർമ്മന് അത്ര ഒഴുക്കില്ല. അർമാൻഡോയ്ക്കാകട്ടെ പോർചുഗീസല്ലാതെ വേറെ ഒരു ഭാഷയും അറിയില്ല. ഭാഷാ പ്രശ്‌നം കഴിഞ്ഞാൽ പിന്നെ ഇന്ത്യയോടും, ഇന്ത്യക്കാരോടുമുള്ള അപരിചിതത്വമായിരുന്നു അയാളെ അകറ്റിയത്. പതിയെ പതിയെ എന്നോടൊപ്പം ഗാർഡനിലെ കസേരകളിൽ ഒരുമിച്ചിരുന്ന് അവർ കാപ്പി കുടിച്ചു. വിശേഷങ്ങളും മൗറിസ്യോ കുറച്ചൊക്കെ പറഞ്ഞു. അർമാൻഡോയ്ക്ക് മാത്രം പറയാൻ ഒന്നുമില്ലായിരുന്നു.  

പോർചുഗലിലെ പോർട്ടോയ്ക്ക് അപ്പുറത്തുള്ള ഏതോ മലയോര ഗ്രാമക്കാരാണ് ഇരുവരും. സ്വിറ്റസർലന്റിൽ കൂലി കൂടുതൽ കിട്ടുമെന്നതു കൊണ്ടാണ് ഇങ്ങോട്ട് പോന്നത്. വിന്റർമാസങ്ങളിൽ പുറംപണിക്ക് അവസരങ്ങൾ ഇല്ലാതാകുമ്പോൾ നാട്ടിലേക്ക് തിരിച്ചുപോകും. ഇരുവരുടെയും കുടുംബങ്ങൾ നാട്ടിലാണ്. ഇടയ്ക്കിടയ്ക്ക് ഫോൺ വിളിച്ചു ശല്യം ചെയ്യുന്നത് മകനാണെന്ന് മാത്രം മൗറിസ്യോ പറഞ്ഞു. കുടുംബത്തെ കുറിച്ച് കൂടുതലൊന്നും അയാൾ പറഞ്ഞില്ല. ലോകത്ത്‌ എവിടെയാണെങ്കിലും അതിഥി തൊഴിലാളികളുടെ സാമൂഹിക പശ്ചാത്തലമെല്ലാം ഒന്നുതന്നെ. 

വാസ്കോ ഡ ഗാമ ഒരു പോർച്ചുഗീസ് യുഗപുരുഷൻ എന്നതിൽ കവിഞ്ഞുള്ള വിവരമൊന്നും മൗറിസ്യോയ്‌ക്കോ, അർമാൻഡോയ്‌ക്കോ ഇല്ലായിരുന്നു. ഗാമയുടെ ചരിതങ്ങൾക്ക് പുറമെ, സുഗന്ധദ്രവ്യങ്ങളും, പട്ടുതുണികളുമായാണ് സമ്പന്നമായ ഇന്ത്യയിൽ നിന്നും ഗാമ മടങ്ങിയതെന്നും, എന്നെക്കൊണ്ടാവുന്നവിധം ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു. ഇരുവരും സ്വിറ്റസർലന്റിൽ നിന്നും നാട്ടിലേക്ക് പോകുമ്പോൾ ഒന്നും തന്നെ ഇവിടെ നിന്ന് വാങ്ങികൊണ്ടുപോകാറില്ലെന്നും, എല്ലാറ്റിനും ഇവിടെ ഭയങ്കര വിലയാണെന്നും അവർ നടപ്പുകാലത്തെകുറിച്ചു പറഞ്ഞു.

ഒരു ദിവസ്സം മൗറിസ്യോയോട് കോവിഡ് കാലം കഴിഞ്ഞാൽ റിലീസ് ചെയ്യാനിരിക്കുന്ന പ്രിയദർശന്റെ ‘മരക്കാർ’ സിനിമയേക്കുറിച്ചു ഞാൻ പറഞ്ഞു. അവധി ദിവസ്സമായ ഞായറാഴ്ചകളിൽ ലേശം മദ്യം കഴിച്ച് ഏതെങ്കിലും സിനിമ കാണുന്നതാണ് അയാളുടെ ഹോബി എന്നറിയുന്നത് അപ്പോഴാണ്. പോർച്ചുഗീസുകാരോട് പടപൊരുതുന്ന മരയ്ക്കാരുടെ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ, മൗറിസ്യോയിൽ ഉയർത്തിയ താൽപര്യം, ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. കപ്പലോട്ടങ്ങളിൽ വീരചരിതം എഴുതിയ ഗാമ, കൊച്ചിയിൽ അന്തരിച്ചു അവിടെ അടക്കപ്പെട്ടെന്നും, ഭൗതിക ശരീരം പിന്നീട് പുറത്തെടുത്തു ലിസ്ബോണിൽ കൊണ്ടുവന്ന് പുനരടക്കം ചെയ്യുകയായിരുന്നെന്നും, ഞാനയാൾക്ക് വിശദീകരിച്ചു കൊടുത്തു.

മൗറിസ്യോ ലിസ്ബോൺ കണ്ടിട്ടില്ല. അയാൾക്ക്‌ അവിടെ പോവേണ്ട കാര്യങ്ങൾ ഒന്നും അന്നേവരെ  ഉണ്ടായിട്ടില്ല. ഇനി നാട്ടിൽ പോവുമ്പോൾ തലസ്ഥാനമായ ലിസ്ബോണിലും, ഗാമയുടെ ശവകുടീരത്തിലും പോവുമെന്ന് മൗറിസ്യോ ഒരാവേശത്തിൽ പറഞ്ഞു. പോർച്ചുഗീസ് യുഗപുരുഷന്റെ ശവകുടീരം ദർശിക്കാൻ, ഒരു പോർച്ചുഗീസുകാരന് പ്രചോദനമായതിൽ, ഇന്ത്യക്കാരനായ ഞാനും ആ നിമിഷം അഭിമാനം കൊണ്ടു.

ഗാമയിലും, മരക്കാരിലും ഞങ്ങളുടെ സംഭാഷണങ്ങൾ തുടരവേ, മൗറിസ്യോ വേറൊരു കാര്യം പറഞ്ഞു. പോർച്ചുഗീസുകാരുടെ ആധുനികകാലത്തെ വാസ്കോഡ ഗാമ ആണത്രേ, ഫുട്‌ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോ. മൗറിസ്യോ സ്റ്റേഡിയത്തിൽ പോയി റൊണാൾഡോ കളിക്കുന്നത് കണ്ടിട്ടുണ്ട്. റൊണാൾഡോയുടെ നേട്ടങ്ങളിൽ അയാൾ അഭിമാനം കൊണ്ടപ്പോൾ, ഫുട്‌ബോൾ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നും, ക്രിക്കറ്റിനെക്കുറിച്ചാണെങ്കിൽ പറയാനുണ്ടെന്ന് ഞാനും പറഞ്ഞു. ക്രിക്കറ്റ് എന്ത് കളിയാണെന്ന മൗറിസ്യോയുടെ ചോദ്യത്തിൽ ആ ചർച്ച വഴിമുട്ടി നിന്നു.

വീതികൂട്ടൽ പണി തീരാറായപ്പോഴേക്കും മൗറിസിയോയും, ഞാനും കൂടുതൽ പരിചയക്കാരായി. അയാളുടെ ഫോൺ നമ്പർ മേടിച്ചത്, ഗാർഡനിൽ എന്തെങ്കിലും പണികൾ ഇനിയും വന്നാൽ നെയിമിനെ ഒഴിവാക്കി മൗറിസിയോയെ നേരിട്ട് വിളിച്ചാൽ മതിയല്ലോ എന്ന് ഉദ്ദേശിച്ചാണ്. പറഞ്ഞതിലും ആഴ്‌ചകൾ താമസിച്ചു പണി തീർന്ന ദിവസ്സം, ഞങ്ങൾ നാല് വീട്ടുകാർ ചേർന്ന് നെയിമിന്റെ പണിക്കാർക്കെല്ലാമായി ചെറിയൊരു പാർട്ടിയും നടത്തി. അത് തീർന്ന് പോകാൻ നേരം മൗറിസ്യോ എന്റെ അടുത്ത് വന്ന് പറഞ്ഞു, നിങ്ങൾ പറഞ്ഞ ആ ഇന്ത്യ - പോർച്ചുഗീസ് സിനിമ റിലീസായാൽ ഒന്ന് പറയണേ, അതൊന്ന് കാണാൻ നല്ല ആഗ്രഹമുണ്ട്.

അങ്ങനെ ഒരു ആഗ്രഹം മൗറിസിയോയിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. പ്രിയദർശന്റെ സിനിമ എന്ന് റിലീസാവുമെന്ന് ഒരു അന്തവും ഇല്ലാതിരുന്ന ആ കൊറോണകാലത്ത്, ഒരിന്ത്യൻ സിനിമയിൽ ആ പോർച്ചുഗീസുകാരനുണ്ടായ താൽപര്യം, എനിക്ക് അത്ഭുതമായി. അതിന്റെ ഞെട്ടലിൽ മൗറിസിയോയ്ക്ക് വാക്ക് കൊടുത്തു ഒടിടിയിലോ, തിയറ്ററിലോ എവിടെയുമാകട്ടെ ‘മരക്കാർ’ ഇറങ്ങിയാൽ അത് മൗറിസ്യോ അറിഞ്ഞിരിക്കും. വാക്കാണല്ലോ എന്ന് അയാളുടെ ചോദ്യം. അതെ എന്ന് എന്റെ മറുപടി. അർമാൻഡോ മാത്രം അപ്പോഴും എവിടെയോ നോക്കി വെറുതെ നിന്നു. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച.  

മുറ്റത്തെ നികത്തിയെടുത്ത ഭാഗത്തു പുല്ലുകൾ പച്ചപിടിച്ചു. പുതുതായി നട്ട ഫലവൃക്ഷങ്ങളിൽ ഫലങ്ങളും. കൊറോണയ്ക്കെതിരെ വാക്‌സിൻ വരുകയും, രണ്ട് ഡോസും ഞങ്ങൾക്ക് പണ്ടേ കിട്ടുകയും ചെയ്‌തു. മൗറിസ്യോയെ പതുക്കെ മറന്ന് തുടങ്ങവേയാണ്, ഒരിക്കൽ വാട്സാപ്പിൽ അയാളുടെ മെസേജ് വരുന്നത്. നോക്കിയപ്പോൾ ലിസ്ബോണിലെ വാസ്കോ ഡ ഗാമ ശവകുടിരത്തിൽ നിന്നുള്ള മൗറിസ്യോയുടെ സെൽഫി. കാര്യം ഒരിക്കൽ അവിടെ പോകുമെന്ന് മൗറിസ്യോ പറഞ്ഞിരുന്നെങ്കിലും, അതത്ര കാര്യമായിട്ട് ഞാനെടുത്തിരുന്നില്ല. ചിത്രത്തിൽ മൗറിസ്യോ വേറൊരാളായിരുന്നു. മുടിയൊക്കെ വെട്ടി മോടിയിൽ വസ്ത്രം ധരിച്ച സുമുഖൻ ഒരു പോർച്ചുഗീസ് സായ്പ്.

മൗറിസ്യോയുടെ സന്ദേശത്തിന് പകരമായി ഞാനയാൾക്ക് തംസ്അപ്പും, കയ്യടിയും ഐക്കണായി വിട്ടു. വീണ്ടും വന്ന അയാളുടെ സന്ദേശത്തിൽ ഇന്ത്യൻ - പോർച്ചുഗീസ് സിനിമ റിലീസായാൽ അതറിയിക്കാൻ മറക്കരുതെന്നും, കാണാൻ ഉറപ്പായിട്ടും വരുമെന്നും പിന്നെയും ഓർമ്മപ്പെടുത്തൽ. ഒരിക്കലും മറക്കില്ലെന്ന് മൗറിസിയോയ്ക്ക് വീണ്ടും ഐക്കണാൽ വാക്കുകൊടുത്തു. 

ഇയാൾക്കെന്താണപ്പാ, മരക്കാർ കാണാൻ ഇത്ര പൂതി? മൗറിസ്യോ ഇനി ഗാമയുടെ ബന്ധുവോ, അതോ മരക്കാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഏതെങ്കിലും പോർച്ചുഗീസുകാരൻ അയാളുടെ പിതാമഹനോ?  

ഋതുക്കൾ വീണ്ടും വന്നു, പോയി. മൗറിസ്യോ നിരപ്പാക്കിയ ഗാർഡനിലെ ചെടികൾ മൊട്ടിടുകയും, വളർന്ന ചില്ലകളിൽ കിളികൾ വരികയും, ശൈത്യത്തിന് മുന്നോടിയായി ശിശിരത്തിലെ കൊഴിഞ്ഞ ഇലകൾ കാറ്റിനൊപ്പം പറന്നു നടക്കുകയും ചെയ്‌തു. കോവിഡിന് ബൂസ്റ്റർ ഡോസ് വരികയും, ചിലേടങ്ങളിൽ അത് കൊടുത്തു തുടങ്ങിയതും ഈ കാലയളവിൽ തന്നെ.

അങ്ങനെയിരിക്കെയാണ് ആ വാർത്ത വരുന്നത്. ‘മരക്കാർ’ ഡിസംബർ രണ്ടിന് റിലീസാവുന്നു! അതും ഒടിടിയിൽ അല്ല തിയറ്ററിൽ! കോവിഡിന് വാക്‌സിൻ കണ്ടുപിടിച്ചതുപോലുള്ള ഒരു ബ്രെക്കിങ് ന്യുസായിരുന്നു അതെനിക്ക്. ലാലേട്ടൻ, സുചിത്രേച്ചി, പ്രിയേട്ടൻ, പെരുമ്പാവൂർ ബ്രോ, മന്ത്രിസഖാവ്... അങ്ങനെ ആ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും ഒരു കടലോളം നന്ദിയുണ്ട്.  

കേട്ടപാടെ നമ്മള് താമസിക്കുന്ന സ്യൂറിക്കിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകൾ കൊണ്ടുവരുന്ന ചെങ്ങായിനെ വിളിച്ചു. ഡിസംബർ രണ്ടിന് വ്യാഴാഴ്ച്ച റിലീസാണെങ്കിലും, ഡിസംബർ നാല്, അഞ്ച് ശനി, ഞായർ ദിവസ്സങ്ങളിലാവും ഇവിടെ പ്രദർശനം എന്നാണ് ഇപ്പോഴത്തെ ഒരു ധാരണ. കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല, ഒരാഴ്ച്ച കഴിഞ്ഞ് ഒന്നുകൂടെ വിളിക്കാൻ നിർദേശം. ഡേറ്റ് ഫിക്‌സായാൽ ഞങ്ങൾക്കും പിന്നെ മൗറിസിയോയ്ക്കും, ഞായറാഴ്ചത്തെ ഷോയ്ക്ക് സീറ്റുകൾ ഉറപ്പിച്ചാണ് ഫോൺ വെച്ചത്.

അത് കഴിഞ്ഞു നേരെ വിളിച്ചത് മൗറിസിയോയെയാണ്. അയാളെ ഞാൻ ആദ്യമായിട്ട് വിളിക്കുകയായിരുന്നു. മഞ്ഞുകാലം റിലീസിനായി മുട്ടി നിൽക്കുന്നതിനാൽ, പണിയില്ലാതെ പോർചുഗലിലേക്ക് മടങ്ങിയോ എന്ന് സംശയിച്ചെങ്കിലും, മരക്കാരുടെ റിലീസ് അറിയിച്ചിരിക്കുമെന്നു രണ്ട് തവണയാണ് അയാൾക്ക്‌ ഞാൻ വാക്ക് കൊടുത്തിട്ടുള്ളത്. മൂന്ന് തവണ ശ്രമിച്ചിട്ടും, അയാളുടെ നമ്പർ നിലവിൽ ഇല്ലെന്നായിരുന്നു മറുപടി.

നേരത്തെ എനിക്ക് മൗറിസ്യോ സന്ദേശം അയച്ചിട്ടുള്ളത് വാട്സ്ആപ്പിൽ ആയിരുന്നല്ലോ. അന്നത്തെ ഡിപി തന്നെ ഇപ്പോഴും. വിളിക്കാൻ ശ്രമിച്ചപ്പോൾ, ആ വ്യക്തിയുടെ നമ്പർ ചെയ്ഞ്ച് ആയെന്ന് വാട്സാപ്പിന്റെ അറിയിപ്പ്. ആ പോർച്ചുഗൽ നമ്പറിൽ വാട്സാപ്പിൽ പലകുറി വിളിച്ചിട്ടും പ്രതികരണമില്ല. മരക്കാർ റിലീസ് വിവരം അറിയിച്ചു ടെക്സ്റ്റ് അയച്ചിട്ടും, ഓൺലൈനിൽ ഒരിക്കലും വരാത്തതുകൊണ്ട്, ആ മെസേജ് ഡെലിവറിയും ആയില്ല. ആ പോർച്ചുഗൽ നമ്പറിലേക്ക് നേരിട്ടും വിളിച്ചു നോക്കി. ഇല്ല, സ്വിച്ച്ഡ് ഓഫ് ആണ്. പല തവണ അവർത്തിച്ചിട്ടും ഒരു അനക്കവുമില്ല.

നെയിമിനെ വിളിച്ചു നോക്കിയാലോ? മൗറിസ്യോയെ തപ്പിയെടുക്കാൻ വേറൊരു മാർഗ്ഗവും ഇനി മുന്നിലില്ല. നെയിമിനോട് അത്യാവശ്യം ഔപചാരിക വിവരങ്ങൾ തിരക്കി മൗറിസ്യോയെ കുറിച്ച് അന്വേഷിച്ചപ്പോൾ, അയാൾക്കും മൗറിസ്യോയെ കുറിച്ച് ഒരു വിവരവുമില്ല. നോക്കിയിരിക്കുമ്പോൾ അസുഖമാണെന്ന് പറഞ്ഞു പോർചുഗലിലേക്ക് മുങ്ങുകയും, പിന്നീട് പൊങ്ങുകയും ചെയ്യുന്ന സ്വഭാവം അയാൾക്കുണ്ടത്രേ. നല്ലൊരു പണിക്കാരനായിരുന്നത് കൊണ്ട്, ഓരോ തവണ മുങ്ങിയിട്ടും തിരിച്ചുവന്നപ്പോഴൊക്കെ നെയിം അയാളെ തിരിച്ചെടുത്തിരുന്നു. മൗറിസ്യോ എന്ന് വന്നാലും തിരിച്ചെടുക്കാൻ ഇനിയും തയാറുമാണ്. അർമാൻഡോ എന്നും മൗറിസ്യോക്കൊപ്പമായിരുന്നതിനാൽ, അർമാൻഡോയുടെ നമ്പർ നെയിമിന് ഇന്നേവരെ ആവശ്യവും വന്നിട്ടില്ല.

എന്തെങ്കിലും വർക്കുണ്ടെങ്കിൽ മറക്കാതെ വിളിക്കണേ എന്നുകൂടി ഓർമ്മിപ്പിച്ചു ഫോൺ വെക്കുന്നതിനു മുമ്പ് നെയിം പറഞ്ഞു, ഇനി കൊറോണയുടെ കൂടെയെങ്ങാനും മൗറിസ്യോ പോയിട്ടുണ്ടാവുമോ? കടലാഴങ്ങൾ കീഴടക്കിയ കപ്പിത്താനെപ്പോലെ, ഞങ്ങളുടെ തൊടി നിരത്തി വെടിപ്പാക്കിയ മൗറിസ്യോയെ കൊറോണ കൊണ്ടുപോകാനോ!

ഇല്ല, അതുണ്ടാവില്ല. ‘മരക്കാർ’ തിയറ്ററിൽ റിലീസാവുന്നതിന് മുമ്പ്, എന്റെ ഫോണിന്റെ മറു തീരത്തു ഒരു മെസേജായോ, കോളായോ ഗാമ കപ്പലേറുമെന്ന് തന്നെയാണ് വിശ്വാസം. 

Content Summary : Malayalam short story written by Tigy Mattam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
;