ADVERTISEMENT

പ്രണയമേ നിനക്കായി  (കഥ)

 

നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. കഴിഞ്ഞ 13 വര്‍ഷമായി ഈ ശീലങ്ങൾ... ചിലപ്പോൾ ഓര്‍മകളില്‍... ചിന്തകളില്‍ നമ്മളൊന്നിച്ചുണ്ടായിരുന്ന ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ കടന്നു വരും. അപ്പോള്‍ നിന്നെ കാണണമെന്നും നിന്റെ അടുത്ത് ഓടി വരണമെന്നും നിന്നോട് പറ്റിച്ചേർന്നിരിക്കണമെന്നും വല്ലാതെ ആഗ്രഹിക്കും. അപ്പോൾ നിന്നെ എന്നില്‍ നിന്നകറ്റിയ മനുഷ്യരോട് മുഴുവന്‍ വല്ലാത്ത ദേഷ്യം തോന്നും. 

ചിലപ്പോൾ നിന്നെപറ്റി ഓർക്കുമ്പോൾ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ ആകെ തളര്‍ത്തും..

 

എന്നോട് പറഞ്ഞ വാക്കുകൾ.. ചെയ്ത ദ്രോഹങ്ങൾ..വേദനിപ്പിച്ച പ്രവര്‍ത്തികൾ.. ഒക്കെ... അപ്പോൾ ആരോടെന്നില്ലാതെ എന്നോട് തന്നെ ഞാൻ ഉച്ചത്തില്‍ പുലമ്പും... വാവിട്ടു കരയും... തളരുമ്പോൾ പുതപ്പിനടിയിൽ ചുരുണ്ടുകൂടി മുഖം മൂടി കിടക്കും... ആ നിമിഷം ഈ ലോകത്തിൽ നിന്നു തന്നെ ഞാൻ ഒറ്റപ്പെട്ടതായി എനിക്കു തോന്നും..

 

ജീവിതം മുന്നോട്ടു പോകുന്നു... നമ്മൾ ആർക്കൊക്കെയോ വേണ്ടി നഷ്ടപ്പെടുത്തിയ നമ്മുടെ ജീവിതം. മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകൾ കാരണം അല്ലെങ്കിൽ നമ്മെക്കാളും മറ്റുള്ളവരുടെ വാക്കുകൾക്ക് കൊടുത്ത അമിത പ്രാധാന്യം കാരണം തകര്‍ന്നതാണു നമ്മുടെ ജീവിതം... പക്ഷേ കുഞ്ഞുങ്ങൾ അവരെന്തു പിഴച്ചു.. നമ്മുക്കും കുഞ്ഞുങ്ങള്‍ക്കും ഒഴിച്ചു മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല എന്ന തിരിച്ചറിവിലേക്ക് നീ എന്നെങ്കിലും എത്തിച്ചേരും എന്നും ഞാൻ വിശ്വസിക്കുന്നു..

കഴിഞ്ഞ ആറു മാസമായി നീയും ഞാനും മാത്രം അനുഭവിച്ച വേദനകൾ... സങ്കടങ്ങൾ.. അത്... മറ്റാര്‍ക്കും അറിയില്ല. നിന്റെയും എന്റെയും പെട്ടെന്ന് നരച്ച തലമുടി അതിന് ഒരുദാഹരണം മാത്രം...

 

നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെല്ലാം നിന്റെ ശത്രുക്കൾ ആണ്...ചോദ്യം ചെയ്യുന്നവരെ വാഗ്വാദങ്ങളാലും ന്യായവാദങ്ങളാലും സ്വയം ന്യായീകരണങ്ങളാലും നീ മറുതലിച്ചു..

പക്ഷേ നിന്നെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല... കാരണം എന്നോളം നിന്നെ മനസ്സിലാക്കാൻ ലോകത്തിൽ ആർക്കും കഴിഞ്ഞിട്ടില്ല.. പക്ഷേ എന്നെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ലല്ലോ എന്ന ഒറ്റ സങ്കടം മാത്രമേ എനിക്കുള്ളൂ...

 

നമ്മുടെ സ്നേഹം... അത് പ്രണയം ആയിരുന്നോ? അറിയില്ല.. നമ്മൾ ഒന്നിച്ചു യാത്ര ചെയ്ത വഴികള്‍..സ്ഥലങ്ങൾ... കഴിച്ച ഭക്ഷണങ്ങൾ... പറഞ്ഞ തമാശകൾ... അങ്ങനെ എന്തെല്ലാം ...

ഞാൻ ഇല്ലാത്ത ഒരു യാത്രയും നീ ആസ്വദിച്ചിട്ടില്ല എന്നെനിക്കറിയാം... നിന്റെ കൂടെയല്ലാത്ത ഒരു ഭക്ഷണവും എനിക്ക് രുചി തോന്നിയിട്ടില്ല.. പിന്നെ എന്താണ് നമ്മുടെയിടയിലെ പ്രശ്നം...

എപ്പോഴും ഉള്ള എന്റെ സ്ഥിരം ചോദ്യം നിന്നെ പല പ്രാവശ്യം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് എന്നെനിക്കറിയാം.. ‘‘എന്നോട് ശരിക്കും സ്നേഹമുണ്ടോ?’’ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഞാൻ ചോദിക്കുന്നതാണ്.

‘‘നിന്നെ അല്ലാതെ ആരെയും ഞാൻ സ്നേഹിക്കുന്നില്ല’’ എന്ന മറുപടി വീണ്ടും വീണ്ടും കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ട്  ചോദിക്കുന്നതാണ്...

‘‘നിനക്ക് ഭ്രാന്താണ്’’ എന്ന് പല  പ്രാവശ്യം നീ പറഞ്ഞിട്ടുണ്ട്.. അതേ... എനിക്കു ഭ്രാന്താണ്... നീയാണ് എന്റെ ഭ്രാന്ത്.. എന്റെ മരണം കൊണ്ട് മാത്രം ഇല്ലാതാകുന്ന ഭ്രാന്ത്...

‘‘രണ്ടില്‍ ഒരാളുടെ ഭ്രാന്ത് ഭേദമാകുമ്പോൾ പ്രണയം മരിക്കുന്നു....’’

എന്ന് പറയുന്നത് എത്ര സത്യം..

 

Content Summary: Prenayame Ninakkayi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com