ADVERTISEMENT

പ്രണയലേഖനങ്ങൾ (കഥ)

 

നെഞ്ചിനകത്ത് തുളച്ചു കയറിയ ഒരു പ്രണയം എന്നിലൂടെ കടന്നു പോയത് ഒരു ഡിസംബർ മാസത്തിലാണ്. ഒരു ക്രിസ്തുമസ് കരോൾ ദിനം ...

 

ആ കരോൾ കൂട്ടത്തിൽ അവൻ ഉണ്ടായിരുന്നു. എന്റെ ഹൃദയം കവർന്ന കഥാനായകൻ എന്ന് ഞാൻ അവനെ പരിചയപ്പെടുത്തുന്നു. നല്ല ചന്തമുള്ള പുഞ്ചിരി.. നല്ല മിനുസമുള്ള മുഖം.. കട്ടി മീശ. അല്പം തടിച്ച ശരീരം. ആവശ്യത്തിന് ഉയരം. ആർക്കും കണ്ടാൽ ഇഷ്ടം തോന്നും.  ഇടയ്ക്കു ഞാൻ അയാളെ എവിടെയൊക്കെയോ കാണാറുണ്ട്. പ്രത്യേകിച്ച് ഒരു അടുപ്പവും അപ്പോൾ തോന്നിയില്ല. അതുമല്ല  എന്തോ പ്രണയത്തിനോട് അന്ന് എനിക്ക് ഭയം ആയിരുന്നു .... 

 

ആ രാത്രി എനിക്ക് മറക്കാൻ കഴിയാത്ത ഒരു ക്രിസ്മസ് തലേന്ന്.. മുറ്റം നിറയെ കുട്ടികൾ. അതിൽ മുതിർന്നത് നമ്മുടെ കഥാ നായകൻ ആണ്. കരോൾ കഴിഞ്ഞു പോകും നേരം അവന്റെ  കൈവശം എന്റെ അമ്മ പത്തു രൂപ വച്ചു കൊടുത്തു. ആ മുഖം നിറയെ സന്തോഷം.. അവൻ പുഞ്ചിരിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു... ആ പത്തു രൂപ അവന്റെ ആദ്യത്തെ കൈ നീട്ടം ആണെന്ന്. അവൻ ആദ്യം ചെന്ന രണ്ടു വീട്ടിലും ആളുണ്ടായില്ല പോലും., പിന്നീട് പോയ വീടുകളിൽ നിന്നൊന്നും തന്നെ കിട്ടിയതുമില്ല. 

 

എന്തുമാകട്ടെ ആ നിഷ്കളങ്ക പുഞ്ചിരി എന്റെ ഉള്ളിൽ വല്ലാതെ തട്ടി. ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരിക്കവേ ആ ഓർമകൾ പതിയെ മറഞ്ഞു തുടങ്ങി. എങ്കിലും അവനെ ഞാൻ വഴിയോരങ്ങളിൽ എല്ലാം ഇടയ്ക്കു വച്ചു കാണും. വെറുതെ എന്തിനോ അവന്റെ പേര് ഞാൻ എന്റെ പ്രിയ സുഹൃത്തിനോട് ചോദിച്ചറിഞ്ഞു . ഈയിടെയായി അവൻ എന്നെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിക്കും. ഇപ്പോൾ  ഞാനും... 

 

ഒരു ദിവസം പതിവില്ലാതെ അവൻ എന്റെ അടുത്ത് വന്നു കൊണ്ട് ഇങ്ങനെ ചോദിച്ചു. സത്യം പറ, തനിക്ക് എന്നെ ഇഷ്ടം ആണോ, ആണെങ്കിൽ എന്നോട് 

എന്തേ ഒന്നും മിണ്ടാത്തെ?, .

 

‘‘അതിനു ഞാൻ തന്നോട് പണ്ടേ മിണ്ടാറില്ലല്ലോ.’’  ഇഷ്ടം ആണെന്ന് ആര് പറഞ്ഞു. ഞാൻ അവനോട് ചോദിച്ചു. 

 

നിനക്ക്‌ ഞാൻ തന്ന കത്തിന് എനിക്കൊരു മറുപടിയെങ്കിലും തരാമായിരുന്നു.

 

ഏതു കത്ത്,? അന്തം വിട്ടു നിന്ന എന്നെ നോക്കി കൊണ്ട് അവൻ ഒന്നും മിണ്ടാതെ  സൈക്കിൾ ചവുട്ടി മുന്പോട്ട് പോയി. ഞാൻ എന്റെ വീട്ടിലേക്ക് നടന്നു. പിന്നീട് കുറച്ചു ദിവസം അവനെ ഞാൻ കണ്ടില്ല. 

 

എന്റെ കണ്ണുകൾ പതിവ് വഴികളിൽ പതിയാറുണ്ട്. അപ്പച്ചൻ ആയും കൂടപ്പിറപ്പ് ആയും എനിക്ക് ആകെ ഉള്ളത്  അമ്മ മാത്രം ആണ്.. അമ്മക്ക് ഒരു അനിയത്തി കൂടെ ഉണ്ട്.  അമ്മയുടെ അനിയത്തിയുടെ മകൻ  എന്നും എന്റെ വീട്ടിൽ വരും. ഞങ്ങൾ സഹോദരങ്ങൾ എന്നതിലുപരി നല്ല സുഹൃത്തുക്കൾ കൂടിയാണ്. പക്ഷേ ഒരു ദിവസം  പതിവില്ലാതെ എന്നെ കാണുമ്പോൾ അവന്  വല്ലാത്ത ഒരു പരുങ്ങൽ ഞാൻ തിരിച്ചറിഞ്ഞു.

 

ഞാൻ കൈയോടെ അവനെ പിടിച്ചു. എന്താടാ ഒരു മാതിരി പരുങ്ങൽ.  അവൻ ആകെ പരിഭ്രമിച്ചു. അത്... ചേച്ചി. പിന്നെ.... ദേ, .അവൻ വീണ്ടും പരുങ്ങുന്നു എന്തായാലും നീ പറ കൊച്ചേ..

 

ഒടുവിൽ അവൻ വാ തുറന്നു. ‘എന്റെ പൊന്നു ചേച്ചി, ഒരു ചേട്ടൻ ചേച്ചിക്ക് തരാൻ ഒരു കത്ത് തന്നു. ഞാൻ അത് നേരെ കൊണ്ട് പോയി ചേച്ചിയുടെ അമ്മക്ക് കൊടുത്തു.’ പക്ഷേ ഇപ്പോൾ ആ ചേട്ടൻ എന്നോട് മറുപടി ചോദിക്കുന്നു. ഞാൻ എന്ത് പറയും.

 

അവന് ആ സംഭവം എത്ര നിസാരം...  എന്റെ മനസ്സിൽ ഒരു ഇടിവാൾ മിന്നി. അമ്മയുടെ കൈയിൽ കൊണ്ട് പോയി പ്രണയ ലേഖനം കൊടുത്തിട്ട് വലിയ ഒരു കാര്യം ചെയ്ത പോലെ അനുജൻ നിൽക്കുന്നു.. മനസ്സിൽ ഇടക്ക് ഊറിക്കൂടിയ പ്രണയം  മഴ തുള്ളി പോലെ ഒഴുകി പോയി. 

 

എന്നിട്ടും അമ്മ യാതൊന്നും അറിയാത്ത പോലെ നടക്കുന്നു. വെറുതെയല്ല  ഈയിടെയായി അവനെ എന്നും കാണുന്നത്. മനഃപൂർവം  കാണാൻ അവസരം ഉണ്ടാക്കുന്നത് തന്നെയാണ്. എന്റെ ദൈവമേ, ഞാൻ ഇനി ഒന്നിനും ഇല്ല. 

 

 പിന്നീട് എന്തോ അവനെ കാണുമ്പോൾ ഭയം ആയി.  ഞാൻ മുഖം തിരിച്ചു തുടങ്ങി.  എങ്കിലും ഇടയ്ക്കു ഞാൻ  ആരും കാണാതെ ഡയറിയിൽ എന്റെ ഇഷ്ടങ്ങൾ ഒരു കവിത പോലെ കോറിയിട്ടു തുടങ്ങി. അതിൽ എന്റെ പ്രിയപ്പെട്ട ഓർമ്മകൾ ഉണ്ടായിരുന്നു. എന്റെ ഇഷ്ടനായകന്റെ പുഞ്ചിരി ഉണ്ടായിരുന്നു, ഒളിച്ചു വച്ച എന്റെ പ്രണയവും അതിൽ ഉണ്ടായിരുന്നു . പിന്നീട് ഞാൻ അവയെല്ലാം ആരും അറിയാതെ ഓരോന്നായി കീറി തുടങ്ങി.

 

ഒരിക്കലും നടക്കാത്ത മോഹങ്ങൾ അങ്ങനെ വല്ലാതെ വളരണ്ട എന്ന് ഞാൻ കരുതി. നനുത്ത ഒരു പുഞ്ചിരി എന്നും സമ്മാനം നൽകിയിരുന്ന എന്റെ ചുണ്ടുകൾ പിന്നെ അവനെ കാണുമ്പോൾ ഒരു അകൽച്ച ഉണ്ടാക്കുവാൻ വേണ്ടി മാത്രം ഒരു   പുച്ഛഭാവം പൂണ്ടു.ഇഷ്ടം ഉണ്ടായിട്ടും എന്തിനാണ് അങ്ങനെയെല്ലാം ചെയ്തത് എന്ന് പിന്നീട് പലവട്ടം ചിന്തിച്ചു. ഒരിക്കൽ പോലും ആ കത്തിനെ ക്കുറിച്ച് അമ്മ ഒന്നും പറയാഞ്ഞത് എനിക്ക് വലിയൊരു കടം കഥ പോലെ ആയി. 

 

പിന്നീട് പഠിത്തം കഴിഞ്ഞയുടനെ എന്റെ വിവാഹം നടന്നു. നാളുകൾ ഒരുപാട് മുൻപോട്ട് നീങ്ങി. സത്യത്തിൽ ഇന്ന് ഞാൻ അവനെ മറന്നുവോ? അറിയില്ല. ഞാൻ പറയുന്നത് കള്ളം ആണ്. എനിക്ക് അറിയാം. അല്ലെങ്കിലും ഇവിടെ എന്റെ ഉത്തരത്തിന് ഇനി എന്ത് പ്രസക്തി...  എന്റെ കഥാ നായകനും വിവാഹിതൻ ആയെന്ന് പിന്നീട് ഞാൻ അറിഞ്ഞു.. എവിടെ ആണ് ആ കൂട്ടുകാരൻ എന്ന് ഞാൻ പിന്നെ തിരക്കിയിട്ടില്ല. നഷ്ടങ്ങളുടെ മുഖഛായ ഒളിപ്പിക്കാൻ കാലം എനിക്ക് നല്ലൊരു മുഖം മൂടി പണിയിച്ചു തന്നു. ആ മുഖം മൂടിയിൽ ഞാൻ എന്റെ നിർവികാരത നിറച്ചു. ആരോടും ഒന്നും പറയാതെ എന്റെ ജീവിതത്തെ ഒരു സാരി പോലെ  ഞാൻ നെഞ്ചോട് വാരി ചുറ്റി.എന്നാലും ആ മുഖം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ പുഞ്ചിരിയും.... 

 

Content Summary: Prenayalekhanangal malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com