ADVERTISEMENT

കൊട്ടന്നൂരിലെ കൊലയാളി (കഥ)

 

കൊട്ടന്നൂർ സെന്ററിൽ ബസുകൾ പാഞ്ഞു വന്നു നിൽക്കുന്നത് പതിവുള്ളതു കൊണ്ട്, സഫാരി മിനിബസിന്റെ ഉറക്കെ പാട്ടും പാടി പാഞ്ഞു വന്നുള്ള നിൽപ്പ് കൊട്ടന്നൂർക്കാരുടെ മഹനീയമായ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്ന ഒന്നല്ലയെന്നത് സഫാരി മിനിബസിനും കൊട്ടന്നൂർക്കാർക്കും ഒരു പോലെ അറിയാം. പക്ഷേ, നാലഞ്ച് വർഷങ്ങളായി കൊട്ടന്നൂരിൽ നിന്നും അപ്രത്യക്ഷമായൊരു വസ്തുവിനെ സെന്ററിൽ പ്രത്യക്ഷമാക്കിക്കൊണ്ടുള്ളൊരു മായാജാലത്തിലൂടെ സഫാരി മിനിബസ് അന്നൊരു നിമിഷത്തേക്ക് കൊട്ടന്നൂർക്കാരുടെ ശ്രദ്ധ മുഴുവനും പിടിച്ചു പറ്റി. എങ്കിലും, സഫാരി മിനിബസ് അതിന്റെ അടുത്ത ലക്ഷ്യത്തിലേക്ക് പാട്ടും മൂളി പാഞ്ഞതേയുള്ളൂ... കൊട്ടന്നൂർക്കാരുടെ മുഴുവൻ കണ്ണുകളും ആ വസ്തുവിലേക്കാണ് പിന്നെ പാഞ്ഞു വന്നത്, പാഞ്ഞെത്തിയ കണ്ണുകൾ ഒന്നാകെ അലറിവിളിച്ചു ‘‘കള്ളൻ കാദർ’’.

 

നാലഞ്ച് വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നതാണ് കള്ളൻ കാദർ. നാട്ടുകാരായ കൊട്ടന്നൂർക്കാരിലൊരാൾ പോലും പരിചയം കാണിച്ച് അടുത്തേക്ക് വന്നില്ലെങ്കിലും, നാട്ടുകാരുടെ ഓരോരുത്തരുടെയും പ്രതിനിധികളായി കുറേ മുറുമുറുപ്പും, കുറേ പിറുപിറുപ്പും അൽപാൽപമായി കള്ളൻ കാദറിന്റെ അടുത്തേക്ക് പാഞ്ഞെത്തി വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും, നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ‘വല്ല്യ മാറ്റൊന്നുല്ല്യ... ല്ലേ... കൊറ്ച്ച് മെല്ഞ്ഞ്ക്ക്ണ്, അത്രൊള്ളൂ...’ ഒരുവൻ മുറുമുറുത്തു. ‘യിനി ഞമ്മളെ പോക്കാരിനെ ബല്ലതും കാട്ടാമ്പന്നതാകോ?...’ മറ്റൊരുവൻ പിറുപിറുത്തു. 

 

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച മട്ടിലാണ് നാട്ടിലേക്ക് തിരിച്ചു വന്നതെന്ന് മെലിഞ്ഞ ശരീരം കൊണ്ടുള്ള കള്ളൻ കാദറിന്റെ എടുപ്പോട് കൂടിയ നടത്തം കണ്ടാൽ തന്നെ തോന്നിപ്പോകും. ഉച്ചത്തിൽ ഹോൺ മുഴക്കി തന്റെ ചാരത്തൂടെ കടന്നു പോയ ബൈക്കിനെ കൈ ചെവിയിലേക്കടുപ്പിച്ചു പിടിച്ച്, തല ചെരിച്ച് അമർഷത്തോടെയൊന്ന് നോക്കിയ ശേഷം, കള്ളൻ കാദർ ആരെയുമൊന്നും ഗൗനിക്കാതെ കൈയിലെ കവർ മുറുക്കിപ്പിടിച്ച്, കണ്ണുകളെ ചുരുക്കി, തന്റെ ഊക്കോടെയുള്ള നടത്തം പോക്കരിന്റെ വീട്ടിലേക്കുള്ള പാതയിലേക്ക് നേരെ തിരിച്ചു വിട്ടു. 

 

കൊട്ടന്നൂരിലെ പ്രധാനികളുടെ പട്ടികയിൽ വലിയ ഇടം കിട്ടാത്തൊരു പ്രധാനിയായിരുന്നു പോക്കർ. പോക്കർ ഒരു നല്ലത് പറയുകയാണെങ്കിൽ അത് വലിയൊരു നന്മയായിരിക്കും, ഒരു ചീത്തത് പറയുകയാണെങ്കിലോ... അത് വലിയൊരു തിന്മയുമായിരിക്കും. ഇതിന്റെ ഇടയിലായുള്ളൊരു അവസ്ഥ പോക്കരിന് അറിയുമായിരുന്നില്ല. അറിയാത്തതിനാൽ പറയാനും സാധിക്കുമായിരുന്നില്ല. അൽപസ്വൽപം കച്ചവടവുമൊക്കെയായി എപ്പോഴും സാമാന്യം സാമ്പത്തിക സ്ഥിതിയുള്ള ഒരുത്തനുമായിരുന്നു ഈ പോക്കർ. ആയിടയ്ക്കാണ്, കാദർ എന്ന് പേരുള്ള ശരീരത്തിൽ ജീവൻ നിറഞ്ഞ് തുളുമ്പിയിരുന്നൊരു യുവാവ് തന്റെ ബിസിനസാവിശ്യങ്ങൾക്കായി പോക്കരിന്റെ പക്കലിൽ നിന്നും കഷ്ടിച്ച് കുറച്ച് പണം കടമായിട്ട് വാങ്ങിയത്. കടം വാങ്ങിയവരുടെ കൂട്ടത്തിൽ വെച്ച് കാദർ ഏറ്റവും കുറഞ്ഞ പണം കടം വാങ്ങിയിരുന്നത് പോക്കരിൽ നിന്നുമാണ് എന്ന യാഥാർഥ്യം പോക്കരിനറിയുമായിരുന്നില്ല എന്നത് മറ്റൊരു രഹസ്യമായ യാഥാർഥ്യമായിരുന്നു.

 

ഏതായാലും, കാലം കറങ്ങി. നിർഭാഗ്യകരമെന്ന് പറയട്ടെ, കാദറിന്റെ ബിസിനസ് പൊട്ടി. കടം താങ്ങാവുന്നതിനുമപ്പുറമായപ്പോൾ കാദർ നാടും വിട്ട് മുങ്ങി. കാദർ മുങ്ങിയെന്നറിഞ്ഞെതും പോക്കാരിന്റെ വലിയ വായ നാട്ടുക്കാർക്കിടയിലൂടെ ശരവേഗം ചുറ്റി സഞ്ചരിച്ചു. ‘കാദർ... ന്റെ കയ്യീന്ന് കാശും മാങ്ങി മുങ്ങി... ഓന് കാദറല്ല കള്ളനാണ്... പെരും കള്ളൻ...’ പിന്നീടങ്ങോട്ട് പോക്കരിന്റെ ഉച്ചഭാഷിണിയിലൂടെ കൊട്ടന്നൂരിൽ സ്ഥിരമായി മുഴങ്ങി കേൾക്കുന്ന ഭാഷണമായി മാറി ഈ വാക്കുകൾ. പോക്കരിന്റെ വാക്കുകളുടെ ബലത്തിൽ നാട്ടിലെ പിടികിട്ടാത്ത പല കളവ് കേസുകളും കാദറിന് മേൽ നാട്ടുകാർ ചാർത്തിതുടങ്ങി. അങ്ങനെ ചുറുചുറുക്കാർന്ന യുവാവായ കാദർ പെരും കള്ളനായി. കൊട്ടന്നൂരിലെ കള്ളൻ കാദറായി.

 

പോക്കരിന്റെ വീട്ടിലേക്കുള്ള വഴിയൊന്നും കള്ളൻ കാദർ മറന്നിരുന്നില്ല. വീടിന്റെ മുൻവശം എത്തിയപ്പോൾ ‘താൻ കടം വാങ്ങാൻ വന്ന അന്ന് കണ്ട അതേ വീട് തന്നെ, ഒരു മാറ്റവും ഇല്ല. അതേ കോലായി, അതേ നിറം, അതേ ഓട്, അന്ന് കണ്ട അതേ തറവാട് വീട് തന്നെ...’ കള്ളൻ കാദർ മനസ്സിൽ ഉരുവിട്ടു, പിന്നെ ഉറപ്പിച്ചു.

 

‘ആരുല്ല്യേ?...’ കള്ളൻ കാദർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. ഉത്തരമായിട്ട് അകത്ത് നിന്നും ഒന്നും വന്നില്ല. ഒരാളനക്കവുമില്ല. വീണ്ടും വീണ്ടും തന്റെ ഉച്ചത്തിലുള്ള ചോദ്യം ആവർത്തിച്ചു കൊണ്ടിരിക്കെയാണ് കോലായിൽ നിന്നും അകത്തേക്കുള്ള വാതിൽ ചെറുതായി തുറന്നു വെച്ചിട്ടുള്ളതായി കള്ളൻ കാദറിന്റെ ശ്രദ്ധയിൽപെട്ടത്, ആരോ മനപ്പൂർവം തുറന്ന് ചാരി വെച്ചതു പോലെ. കള്ളൻ കാദർ ചാരി വെച്ച വാതിലിലൂടെ അകത്തേക്ക് ഒരു കള്ളനെ പോലെ പതിയെ നുഴഞ്ഞ് കയറി. അകത്ത് നിന്നും ഒരു മുറിയിലേക്കുള്ള വാതിൽ മാത്രം മലർക്കെ തുറന്ന് കിടക്കുന്നു. കള്ളൻ കാദർ തന്നെ സ്വാഗതം ചെയ്യുന്ന മുറിയിലേക്ക് മെല്ലെ കടന്ന് ചെന്നപ്പോൾ, കട്ടിലിൽ പോക്കർ കൈപ്പള്ള കൊണ്ട് നെഞ്ചമർത്തിപ്പിടിച്ച് വിറങ്ങലിച്ച് കിടക്കുന്ന രംഗമാണ് കള്ളൻ കാദറിന്റെ കണ്ണുകൾ ഒപ്പിയെടുത്തത്. പോക്കർ അലറാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നും പുറത്തേക്ക് വരുന്നില്ല. എന്താണെന്ന് മനസ്സിലാവാതെ, എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നിന്ന കള്ളൻ കാദർ പൊടുന്നനെ എന്തോ ബോധോദയം കിട്ടിയ പോലെ വീട്ടിൽ നിന്നും പുറത്തേക്ക് ഒരറ്റ ഓട്ടം. റോഡിലൂടെ കടന്നു പോകുന്ന ഓട്ടോറിക്ഷയെ കണ്ട് വിളിച്ചു നിറുത്തിയ കള്ളൻ കാദർ, ശേഷം പോക്കരിന്റെ വീട്ടിലേക്ക് തന്നെ ഓടിക്കയറി, പോക്കരിനെ താങ്ങിപ്പിടിച്ച് കൊണ്ട് വന്ന് ഓട്ടോറിക്ഷയിൽ കയറ്റിയിരുത്തി. അനക്കമറ്റ പോക്കരിനെ മാറോട് ചേർത്തുപ്പിടിച്ച് കള്ളൻ കാദർ ഓട്ടോറിക്ഷയിൽ കയറിയിരുന്ന് കിതച്ചു. ‘അട്ത്ത്ള്ളൊര് ഓസ്പിറ്റൽക്ക് വിട്’ ഉച്ചത്തിൽ ഉച്ഛാശ്വാസം നടത്തുന്നതിനിടെ കള്ളൻ കാദർ ഓട്ടോറിക്ഷക്കാരനോട് പറഞ്ഞൊപ്പിക്കാൻ മറന്നില്ല. ഓട്ടോറിക്ഷക്കാരൻ മറുത്തൊന്നും ഉരുവിടാതെ കൊട്ടന്നൂരിൽനിന്നും പടിഞ്ഞാറോട്ട് മാറി പത്ത് കിലോമീറ്റർ അകലെയുള്ള ഇമ്രാൻ ഹോസ്പിറ്റലിലേക്ക് ഓട്ടോറിക്ഷയെ പായിച്ചു വിട്ടു. 

 

കുറഞ്ഞ സമയം കൊണ്ട് തന്നെ ഓട്ടോറിക്ഷ ബഹുനിലകളാൽ കൊട്ടാരം പോൽ തോന്നിപ്പിക്കും വിധം ആകാരമ്മുള്ള ഇമ്രാൻ ഹോസ്പിറ്റലിൽ എത്തി. കള്ളൻ കാദർ ഓട്ടോറിക്ഷയിൽ നിന്നും ചാടിയിറങ്ങി തന്റെ കവർ ഹോസ്പിറ്റൽ ചുമരിൽ ചാരി വെച്ചു. പിന്നെ പോക്കരിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ വ്യഗ്രത കാട്ടി ഓട്ടോറിക്ഷയിലേക്ക് തന്നെ ചാടിക്കയറി. ഓട്ടോറിക്ഷയിൽ നിന്നും കള്ളൻ കാദർ ഇമ്രാൻ ഹോസ്പിറ്റലിലേക്ക് പോക്കരിനെയും താങ്ങി പ്രവേശിച്ചപ്പോൾ, അവിടെ തങ്ങി നിൽപ്പുണ്ടായിരുന്ന വായു വെള്ളം പോലെ സാന്ദ്രത പ്രാപിച്ചതായി കള്ളൻ കാദറിനനുഭവപ്പെട്ടു. അന്തരീക്ഷത്തിൽ തിരമാലകളെ പോലെ അലതല്ലുന്ന ജനബഹളങ്ങൾക്കിടയിലൂടെ കള്ളൻ കാദർ പോക്കരിനെയും താങ്ങി അത്യാഹിത വിഭാഗത്തിലേക്ക് കിതച്ചു നീന്തി. പോക്കരിനെയും താങ്ങി ഹോസ്പിറ്റൽ വരാന്തയിലൂടെ കള്ളൻ കാദർ വലിഞ്ഞോടുന്നതിനിടയിൽ പെട്ടന്ന് എവിടെ നിന്നെല്ലാമോ കുറച്ച് നഴ്സുമാർ ഒത്തുകൂടി, സ്ട്രക്ചർ നിവർത്തി, കള്ളൻ കാദറിൽ നിന്നും പോക്കരിനെ പറിച്ചെടുത്ത് സ്ട്രക്ചറിൽ കിടത്തി, കള്ളൻ കാദറിനോട് എന്തെല്ലാമോ ഉരുവിട്ട് ഓപറേഷൻ തിയേറ്ററിലേക്ക് പോക്കരിനെ സ്ട്രക്ചറിൽ ഉരുട്ടി കൊണ്ടു പോയി. കൂടെ ഓടിയ കള്ളൻ കാദറിനെ തടഞ്ഞു നിറുത്തി വീണ്ടും എന്തെല്ലാമോ നഴ്സുമാർ ഉരുവിട്ടപ്പോൾ, കള്ളൻ കാദർ ഓട്ടത്തിൽ നിന്നും പിന്തിരിഞ്ഞ് തിയേറ്ററിലേക്ക് പോക്കർ അപ്രത്യക്ഷനാകും വരെ അവിടെ നോക്കി നിന്നു. 

 

ഹോസ്പിറ്റൽ വരാന്തയിൽ തനിച്ചായതായി കള്ളൻ കാദറിന് അപ്പോൾ തോന്നി. ചുറ്റിലുമൊന്ന് കണ്ണോടിച്ചപ്പോൾ, വരാന്തയുടെ അറ്റത്തൊരു മൂലയിൽ പ്രസരിപ്പും ഉതിപ്പും നഷ്ടപ്പെട്ടൊരു കസേര ഒറ്റപ്പെട്ട് നിൽക്കുന്നത് കള്ളൻ കാദറിന്റെ കാഴ്ചയിൽ പെട്ടു. വരാന്തയിൽ നിരനിരയായി നിരത്തിയിട്ടിരിക്കുന്ന കസേരകളെയെല്ലാം മറികടന്നു നടന്ന്, കൂട്ടത്തിൽ നിന്നും മാറി തനിച്ചിരിക്കുന്ന കസേരയിൽ ചെന്ന് കള്ളൻ കാദർ ഉപവിഷ്ടനായി. രണ്ട് ഏകാകികൾ തമ്മിൽ ഒത്തു ചേർന്ന് തങ്ങളുടെ ഏകാന്തതയെ പരസ്പരം ദൂരീകരിച്ചപ്പോൾ, അവരുടെ ചുറ്റിലുമുള്ള അന്തരീക്ഷം അതിൽ സന്തോഷിച്ചിട്ടെന്നോണം തണുപ്പ് പ്രസരിപ്പിച്ചു. കള്ളൻ കാദർ വിശാലമായൊന്ന് നിശ്വസിച്ചു. 

 

നാട്ടിൽ നിന്നും മുങ്ങിയ ശേഷം കാദറിന്റെ ജീവിതം തീർത്തും ദുഃസ്സഹമായിരുന്നു. മകൾ മരിച്ചു. ഭാര്യ മരിച്ചു. ശരിക്കും ഏകാന്തനായി. സന്തോഷമെന്നത് വെറുമൊരു മരീചിക മാത്രമായൊതുങ്ങി. പണിയെടുത്ത് സമ്പാദിച്ച് കൂട്ടുന്ന സമ്പത്തിന് ഉതകുന്നൊരു അർഥം കണ്ടെത്താൻ കാദർ പാട്പ്പെട്ടു. അതിയായ ദുഃഖ ഭാരത്തിൽ തന്റെ സാമ്പത്തിക ഭാരം കാദർ പാടെ മറന്ന് പോവുകയും ചെയ്തു. അങ്ങനെയിരിക്കെയാണ്, ഒരു ദിവസം ശമ്പളമായി കിട്ടിയ അഞ്ഞൂറിന്റെ നോട്ടിൽ ചിരിക്കുന്ന ഗാന്ധിജിയ്ക്കു പകരം കടം വാങ്ങിയ ആളുകളുടെ കരയുന്ന മുഖങ്ങൾ മാറിമറിയുന്നതായി കാദർ കണ്ടത്. അന്നേരം കാദറിന്റഎ മനസ്സൊന്ന് കിടുങ്ങി. തനിക്ക് മുമ്പിൽ പാറ പോലെ മുഴച്ച് നിൽക്കേണ്ട വലിയ ബാധ്യത തന്റെ ഓർമകളുടെ അന്തർപാളിയിൽ ഇത്ര നാളും മറഞ്ഞ് കിടക്കാൻ അനുവാദം കൊടുത്തതിൽ തന്റെ ഓർമകളുടെ സൂക്ഷിപ്പുകാരനായ പ്രജ്ഞയെ കാദർ കണക്കറ്റം ശകാരിച്ചു. കടം വാങ്ങി തിരിച്ച് കൊടുക്കാത്തതിന്റെ ശാപമായിരിക്കും തന്റെ ഈ പ്രയാസങ്ങളെല്ലാമെന്ന് ഊഹിച്ചെടുക്കാൻ കാദറിന് പ്രയാസമുണ്ടായില്ല. കടം വാങ്ങിയവരുടെ മുഴുവൻ കടവും എത്രയും വേഗം വീട്ടണമെന്ന് ദൃഢപ്രതിജ്ഞയെടുക്കാനും കാദറിന് പീന്നീടധികം സമയം വേണ്ടി വന്നില്ല. മുഴുവൻ കടവും വീട്ടണമെങ്കിൽ ഇനിയും പണം വേണമെന്നേ ഉള്ളൂ. കാത്തിരുന്നു, സമ്പാദിച്ചു. ഒടുക്കം പണം തയാറായി. കടം വാങ്ങിയ ഓരോരുത്തരെയും കണ്ട് കാദർ കടം വീട്ടി. തനിക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ കിട്ടിയതിൽ അവരോരുത്തരുടെയും മുഖങ്ങൾ സന്തോഷ പുഞ്ചിരികൾ പൊഴിച്ചു വിടുമ്പോൾ, കാദറിന് നഷ്ടപ്പെട്ടു എന്ന് കരുതിയ സന്തോഷം അവന് തിരികെ ലഭിച്ചിരുന്നു, അതുവരെ വെറും മരീചിക മാത്രമായൊതുങ്ങിയിരുന്ന അവന്റെ സന്തോഷം മഹാസമുദ്രമായി കാദറിന്റെ മനസ്സിൽ അലതല്ലുന്നുണ്ടായിരുന്നു. അവന് മേലുള്ള ശാപങ്ങളരോന്നായി പൊഴിഞ്ഞ് പോകുന്നതായി കാദറിന് തോന്നിയിരുന്നു. ഇതുവരെ ആരും തന്നെ കണ്ടെത്താത്ത സന്തോഷത്തിന്റെ നവലോകം കണ്ടെത്തിയതായി കാദറിനനഭവപ്പെട്ടിരുന്നു. 

 

കാദർ കടം വാങ്ങിയവരുടെ പട്ടികയിൽ അവസാനത്തെ കണ്ണി പോക്കരായിരുന്നു. കടം വീട്ടാനായി പോക്കരിന്റെ വീട്ടിൽ ചെന്നപ്പോഴാണ്, പോക്കർ മരണവുമായി മല്ലിടുന്നത് കാദർ കണ്ടത്. ‘പോക്കർ ജീവിക്കണം, മരിച്ചാൽ അതുമതി തന്റെ ഇനിയുള്ള ജീവിതം മുഴുവനും സങ്കടക്കടലിൽ ശ്വാസം മുട്ടി മരിക്കാതെ മുങ്ങിക്കിടക്കാൻ, ഇനിയും ശാപം പേറാൻ’ കള്ളൻ കാദർ ഒരു മാത്ര തന്റെ മനസ്സിനോട് മന്ത്രിച്ചു.

 

വൃത്തിയുള്ള വെള്ള വസ്ത്രം ധരിച്ച, നീല മാസ്ക്കിട്ട, മുടിയെല്ലാം ചീകി ഒതുക്കിവെച്ച പൊക്കം കൂടിയ ഒരുവൻ ഓപറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. ഒറ്റ നോട്ടത്തിൽ കള്ളൻ കാദറിനത് ഡോക്ടറാണെന്ന് മനസ്സിലായി. തൊട്ടുടനെത്തന്നെ, പൊത്തിൽ നിന്നുമൊരു പറവ പുറത്തേക്ക് വരും പോലെ ഒരു നഴ്സും കൂടി വാതിൽ തുറന്ന് പതിയെ പുറത്തേക്ക് വന്നു. കള്ളൻ കാദറിനു നേരെ വിരൽ ചൂണ്ടി നഴ്സ് ഡോക്ടറിനോട് സംസാരിച്ചു തുടങ്ങിയതും, കള്ളൻ കാദർ ഡോക്ടറിനു തൊട്ടു മുന്നിലായി പ്രത്യക്ഷ്യനായി. 

മാസ്ക് താഴ്ത്തി ഡോക്ടർ ചോദിച്ചു ‘താനാണോ പേഷെന്റിനെ കൊണ്ട് വന്നത്?’ കാദർ തലയാട്ടി സമ്മതിച്ചു. 

‘പേര്?’ ഡോക്ടർ ചോദിച്ചു.

‘കാദർ’ കള്ളൻ കാദർ പറഞ്ഞു.

‘കൂടെ ആരെങ്കിലും?’ സഗൗരവം തന്നെ ഡോക്ടർ തന്റെ ചോദ്യം ഉന്നയിച്ചു. 

‘ഇല്യാ..’ കള്ളൻ കാദർ മറുപടിയായി പറഞ്ഞു.

‘ഓ... ദെൻ, താൻ പേഷൻ്റിൻ്റെ ആരാ?’ ‘പ്രത്രേകിച്ചാരൊല്ല ഡോട്ടറേ... പണ്ട് കൊറച്ച് പൈസ പോക്കരീന്ന് കടം വാങ്ങീര്ന്ന്. അത് ബീട്ടാൻ വീട്ട്ക്ക് ചെന്നപ്പളാണ് സംബവം കണ്ടത്...’ നിസ്സംഗമായി കള്ളൻ കാദർ പറഞ്ഞു.

 

‘അപ്പോ മിസ്റ്റർ കാദർ’ ഡോക്ടർ കള്ളൻ കാദറിനെ കുറച്ച് മുന്നോട്ട് കൊണ്ട് പോയ ശേഷം ഒന്ന് നിന്ന് കള്ളൻ കാദറിന്റെ മുഖത്തേക്ക് നോക്കി വീണ്ടും മുന്നോട്ട് മെല്ലെ നടന്നു, കൂടെ കള്ളൻ കാദറും നടന്നു. നടത്തത്തിൽ താൻ തുടങ്ങി വെച്ച വാക്യസമൂഹം ഡോക്ടർ പൂർത്തീകരിച്ചു ‘കാര്യം കൊറച്ച് സീരിയസാണ്. ഹാർട്ട് ഫൈലറാ. പിന്നെ, ഒരു ചെറിയ ചാൻസുണ്ട്...’ ഒന്ന് നിന്ന ശേഷം ഡോക്ടർ കള്ളൻ കാദറിനെ രൂക്ഷമായൊന്ന് നോക്കി. ‘ഡോട്ടറേ... പോക്കരിനെ എങ്ങനേങ്കിലും രശ്ശിക്കണം. മരിക്കാൻ ബിടര്ത്... അല്ലെങ്കീ...’ കള്ളൻ കാദർ ഡോക്ടറോട് കെഞ്ചി. കൈകൾ കൊണ്ട് കൂപ്പിയില്ലെന്നേയുള്ളൂ, ശരീരം കൊണ്ട് കള്ളൻ കാദർ ആവും വിധം കൂപ്പുന്നുണ്ടായിരുന്നു.

‘സർജറി വേണ്ടിവരും... അതും എത്രേം വേഗം നടത്തണം, എത്രേം പെട്ടന്ന്... പിന്നെ, രണ്ടര ലക്ഷത്തോളം ചെലവും വരും...’ ഡോക്ടർ പറഞ്ഞു നിറുത്തി.

‘കാശ് പ്രശ്നല്ല്യ ഡോട്ടറേ, കാശ് ഞാനൊപ്പിക്കും, ന്റെ കയ്യിലും കൊറച്ച് കാശ്ണ്ട്. ഡോട്ടർ എന്ത് ചെയ്തെങ്കിലും പോക്കരിനെ രശ്ശിക്കണം...’ കള്ളൻ കാദറിന്റെ സംസാരത്തിൽ പലയിടങ്ങളിലായി ഇടർച്ചകൾ സംഭവിക്കുന്ന സമയം, ഡോക്ടർ കള്ളൻ കാദറിന്റെ ഇടർച്ചയാർന്ന സംസാരത്തിൽ സ്വൽപം ആശ്വാസം കണ്ടെത്തി കഴിഞ്ഞിരുന്നു. 

 

‘എന്നാ വേഗം കാശുമായി പോര്. വൈകിയാൽ സർജറികൊണ്ട് കാര്യമുണ്ടാവില്ല. അതോല്ല, ഇന്ന് വേറെയും സർജറി ഉള്ളതാ...’ ഡോക്ടറിൽ നിന്നും ഇതു കേൾക്കേണ്ട താമസം കള്ളൻ കാദർ തുണിയും കുത്തിപ്പിടിച്ച് വേഗത്തിൽ ഓട്ടത്തിന്റെയും നടത്തത്തിന്റെയും ഇടയിലായുള്ളൊരു അവസ്ഥയിൽ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് നീങ്ങി. തിയേറ്റർ വാതിൽ തുറന്ന് പുറത്തേക്ക് വന്നൊരു ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി പൊക്കനായ ഡോക്ടർ കണ്ണിറുക്കി മന്ദഹസിച്ച് വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച് അപ്രത്യക്ഷനായെങ്കിലും, കള്ളൻ കാദറിന്റെ പോക്കും നോക്കി നഴ്സപ്പോഴും അവിടെ തന്നെ നിസ്സംഗമായി നിൽക്കുകയായിരുന്നു.

 

പുറത്തെത്തിയ കള്ളൻ കാദർ ഹോസ്പിറ്റൽ ചുമരിൽ ചാരി വെച്ചിരുന്ന തന്റെ കവർ കയ്യിലെടുത്ത് ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ചാടിക്കയറി കൊട്ടന്നൂരെന്നും പറഞ്ഞ് ഇരുന്ന് കിതച്ചു. കേട്ടതും, ഓട്ടോക്കാരൻ ഓട്ടോറിക്ഷയെ വിറളി പിടിച്ച് പായിപ്പിച്ചു, കള്ളൻ കാദറിന്റെ വിറളി അയാൾക്കും ബാധിച്ചപ്പോലെ. ഒരു മൃഗത്തെ പോലെ മെരുക്കി നിയന്ത്രിച്ച് ഓട്ടോക്കാരൻ ഓട്ടോറിക്ഷയെ ഓടിച്ച് വിട്ടപ്പോൾ, വായു കണികകൾ ആർത്തട്ടഹസിച്ച് ഓട്ടോറിക്ഷയെ പാഞ്ഞു വന്ന് തല്ലികൊണ്ടേയിരുന്നു. കള്ളൻ കാദറിന്റെ അകം ശൂന്യമായിരുന്നു. ചിന്തകളുടെ ആർത്തട്ടഹസ്സിച്ച്ക്കൊണ്ടുള്ള പാച്ചിൽ നിലച്ചിരുന്നു. ചിന്ത മരവിച്ചിരുന്നു. വെറും പോക്കരിന്റെ ഒരു ചിത്രം മാത്രം മനസ്സിൽ വെട്ടിത്തിളങ്ങിക്കൊണ്ടേയിരുന്നു.

 

കൊട്ടന്നൂരിലെത്തിയ ഉടൻ അകം കാലിയായ കൂജ പോലുള്ള മനസ്സുമായി കള്ളൻ കാദർ തനിക്ക് അത്യാവശ്യം പരിചയമുണ്ടായിരുന്ന സുലൈമാന്റെ പലചരക്ക് കടയിലേക്ക് കയറി ചെന്നു. ഇടറുന്ന കാലുകളെ ഇണക്കി നിറുത്തി, പിടക്കുന്ന നാവിനെ ഒതുക്കി പിടിച്ച് സുലൈമാനോട് കള്ളൻ കാദർ ചോദിച്ചു ‘ഒരു രണ്ട് ലക്ഷം കടം തരാന്ണ്ടാവോ?... ഒര് കൊല്ലങ്കൊണ്ട് തിരിച്ചരാം..’ ആയാസം നിറഞ്ഞ ശബ്ദത്തിൽ ഇത്രയും കാശ് ചോദിക്കുന്ന ആളെ സുലൈമാന്റെ കണ്ണുകൾ ഒരു നിമിഷം കൊണ്ട് മൊത്തമായൊന്നുഴുഞ്ഞെടുത്ത് തീർന്നതോടെ, സുലൈമാന്റെ മുഖം അമ്പരപ്പും അന്ധാളിപ്പും കൂട്ടിച്ചേർത്ത് വിചിത്രമായൊരു ഭാവം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. സുലൈമാൻ ഒന്നും മിണ്ടിയില്ല. സാധനങ്ങൾ അടുക്കി വെക്കുന്ന തന്റെ പണിയിലേക്ക് തന്നെ സുലൈമാൻ ഊളിയിട്ടു. ‘ഇന്ക്കല്ല പോക്കര്നാണ്... ഓസ്പിറ്റലില് സർജറിക്കാണ്, പെട്ടന്ന് നടത്തണം അല്ലങ്കീ, കാര്യണ്ടാവൂല്ലാ... രണ്ട് ലഷ്യം തന്നെ വേണേന്നില്ല പറ്റാവ്ന്നത് തന്നാലും മതി...’ കള്ളൻ കാദറിന്റെ സംസാരത്തിന് ഒരു തേങ്ങലിന്റെ എല്ലാ വശങ്ങളിലേക്കും വശം ചേരുന്നുണ്ടായിരുന്നു. തന്റെ സംസാരത്തിലേക്ക് സുലൈമാൻ ഒരു ശ്രദ്ധയും ചെലുത്തുന്നില്ലെന്ന് കണ്ടപ്പോൾ, അവിടെ നിന്നിറങ്ങി, അടുത്തുള്ള ജാസിറാക്കാന്റെ ബേക്കറയിലേക്ക് നടന്നു. വർഷങ്ങൾക്കു ശേഷമാണെങ്കിലും സുലൈമാനിൽ നിന്നും ഇങ്ങനെയൊരു അപ്രതീക്ഷിതമായ, വിചിത്രമായ പെരുമാറ്റം കണ്ടപ്പോൾ, പ്രജ്ഞയിൽ ഒരു മരവിപ്പ് മുളപൊട്ടുന്നതായി കള്ളൻ കാദറിനനുഭവപ്പെട്ടു. കൂടെ കാലുകളിൽ ഒരുതരം മന്ദത ബാധിക്കുന്നതായും കള്ളൻ കാദറിന് തോന്നി. ബേക്കറിയിലെത്തി. കള്ളൻ കാദർ ഭാഗികമായി മന്ദത ബാധിച്ച കാലുകളെ ഒതുക്കി ഭവ്യതയോടെ പലഹാരക്കൂടാരത്തിന്റെ പിന്നിലായി ഉയർന്നൊരു കസേരയിൽ ഗംഭീരമായി ആസനസ്ഥനായ ജാസിറാക്കാനോട് ചോദിച്ചു

 

‘ഒരു രണ്ട് ലക്ഷം കടം തരാന്ണ്ടാവോ?... ഒര് കൊല്ലങ്കൊണ്ട് തിരിച്ചരാം... പോക്കരിന്റെ സർജറിക്കാ... രണ്ട് ലഷമില്ലെങ്കീ, പറ്റാവ്ന്നത് തന്നാലും മതി’ ഇടറുന്ന ശബ്ദമാണെങ്കിലും ചോദ്യത്തിലുള്ള ആയാസം കണ്ട് ജാസിറാക്ക ശബ്ദയുടമയെ ഒന്ന് നോക്കി. കള്ളൻ കാദറിനെ കണ്ടപാടെ, ക്രൂരവും ക്രോധവും കൂട്ടിച്ചേർത്ത് വിചിത്രമായൊരു ഭാവം കള്ളൻ കാദറിലേക്ക് ജാസിറാക്ക ഉണ്ടാക്കി വിട്ടു. ‘ഇത് കണ്ടീലജ്ജ്?... വല്ല സാധനം വാണങ്കി പറഞ്ഞോ... അല്ലാതെ കടൊന്നും തരൂല്ല...’ കടയുടെ ചുമരിൽ ‘‘കടം പറയരുത്’’ എന്ന് എഴുതി ഒട്ടിച്ചു വെച്ച കടലാസിലേക്ക് ചൂണ്ടിക്കാട്ടി ജാസിറാക്ക ഒന്ന് അമറി. കേട്ടപ്പോൾ, കള്ളൻ കാദറിന് അൽപം സങ്കടം വന്നെങ്കിലും, അതിന്റെ ഇരട്ടിയായി ദേഷ്യമാണ് കള്ളൻ കാദറിന്റെ ഉള്ളിൽ തിങ്ങി വന്നത്.

 

അകം കാലിയായ കള്ളൻ കാദറിന്റെ മനസ്സിലേക്ക് കൊട്ടന്നൂർ മനുഷ്യരോടുള്ള ദേഷ്യം ചാലിച്ച ചിന്തകൾ എവിടെ നിന്നെല്ലാമോ വന്ന് നിറയാൻ തുടങ്ങി. മനം കനത്ത് വരാനും തുടങ്ങി. കുട്ടന്റെ ഫ്രൂട്ട്സ് കടയിലേക്കായി പിന്നീട് കള്ളൻ കാദറിന്റെ ഇഴഞ്ഞു കൊണ്ടുള്ള നടത്തം. കള്ളൻ കാദർ കുട്ടന്റെ കടയിലെത്തും മുമ്പ് തന്നെ കള്ളൻ കാദർ രണ്ട് ലക്ഷം രൂപ കടം ചോദിക്കുന്നതായുള്ള വാർത്ത സുലൈമാന്റെ കടയിൽ നിന്നും, ജാസിറാക്കാന്റെ കടയിൽ നിന്നും ആകെ പരന്ന് കൊട്ടന്നൂരിലെ വായു മുഴുവനും മലീമസമാക്കിയിരുന്നു. കള്ളൻ കാദർ ഫ്രൂട്ട്സ് കടയിലേക്ക് കയറി കുട്ടനോട് താനറിയാതെ വാർത്തയായി കൊണ്ടിരിക്കുന്ന തന്റെ ചോദ്യം ചോദിച്ചു. ചോദ്യം കേട്ട് കുട്ടൻ കൊടുത്തു, പരിഹാസവും പുച്ഛവും സമം ചേർത്തെടുത്ത വിചിത്രമായൊരു ഭാവം.

 

കള്ളൻ കാദർ തന്റെ ചോദ്യവും കൊണ്ട് കൊട്ടന്നൂരിൽ കറങ്ങി തിരിഞ്ഞു, കടകളിൽ കയറിയിറങ്ങി. കുറേ പുതിയ വിചിത്രമായ ഭാവങ്ങൾ കിട്ടിയതല്ലാതെ, വേറെ ഒന്നും തന്നെ കള്ളൻ കാദറിന് കിട്ടിയില്ല. ചിലർ കണ്ടതായേ ഭാവിച്ചില്ല. മലയാള അക്ഷരമാലയിൽ നിന്നും കള്ളൻ കാദർ ഭവ്യതയോടെ നൽകിയ അക്ഷരങ്ങളിൽ നിന്ന് ഒന്ന് പോലും അവന് തിരികെ ലഭിച്ചില്ല. ജാസിറാക്കാന്റെ സംസാരമൊഴിച്ച്. അതാണെങ്കിൽ കള്ളൻ കാദിറിന് ഭീകരമായിരുന്നു... സർവ്വ മൗനങ്ങളേക്കാളും അതിഭീകരമായിരുന്നു. 

 

മനുഷ്യരെല്ലാം തന്നെ പോലെയാകുമെന്ന് നിഷ്കളങ്കമായി പ്രതീക്ഷിച്ചിരുന്ന കള്ളൻ കാദറിന്റെ മനസ്സിനെ കൊട്ടന്നൂർക്കാരുടെ വിചിത്രമായ, ബാലിശമായ പെരുമാറ്റം ആകെയൊന്ന് ഉഴുതു മറിച്ചിട്ടു. കൊട്ടന്നൂർക്കാരുടെ അസ്സഹനീയമായ, മരവിച്ച സ്വഭാവം കള്ളൻ കാദറിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അതോട്കൂടി, കൊട്ടന്നൂർ മനുഷ്യരോടുള്ള ദേഷ്യത്തിൽ മുങ്ങിയ ചിന്തകളും കള്ളൻ കാദറിന്റെ മനസ്സിൽ നിറഞ്ഞു കവിഞ്ഞു. ദേഷ്യച്ചിന്തകൾ അയാളുടെ മനസ്സിനെ പാഞ്ഞു വന്ന് അതിശക്തിയോടെ പ്രഹരിച്ചു, കലഹിച്ചു, ഗർജ്ജിച്ചു. 

 

കള്ളൻ കാദർ കൊട്ടന്നൂർ സെന്ററിലൂടെ ഉഴറി നടന്നു. നാട്ടുകാർ മുഴുവനായും അവരുടെ മരവിച്ച പെരുമാറ്റം പുറത്തെടുത്ത് കള്ളൻ കാദറിന് മുമ്പിൽ കാഴ്ച വെച്ചപ്പോൾ, കള്ളൻ കാദറിന്റെ പ്രജ്ഞയിൽ മരവിപ്പ് സർവ്വം വ്യാപിച്ച് കഴിഞ്ഞിരുന്നു. റോഡിന്റെ മറുവശം കടക്കാനായി റോഡ് മുറിച്ച് കടക്കവെ കാലുകളിൽ പൂർണ്ണമായും മന്ദത ബാധിക്കുന്നതായി കള്ളൻ കാദറിന് തോന്നി. കള്ളൻ കാദർ റോഡിന്റെ നടുവിൽ നിശ്ചലനായി നിന്നു. റോഡിന്റെ മുക്കാൽ ഭാഗവും കൈയടക്കികൊണ്ട് വലിയൊരു ലോറി കള്ളൻ കാദറിന്റെ രംഗത്തിലേക്ക് കടന്നു വന്നതോടെ, വാഹനങ്ങളുടെ പോക്ക് വരവ് സതംഭനാവസ്ഥയിലായി. വാഹനങ്ങൾ ഹോണുകൾ മുഴക്കി തെറി വിളിക്കാൻ തുടങ്ങി. ആളുകൾ ചുറ്റിലും കൂടി. ഹോണുകളുടെ മുഴക്കങ്ങൾ കള്ളൻ കാദറിൻ്റെ ചെവിയിൽ ചെന്ന് ചടപട അടിച്ചപ്പോൾ, കള്ളൻ കാദറിന്റെ മനസ്സിൽ കൊട്ടന്നൂർ മനുഷ്യരോടുള്ള ക്രൂരമായ ചിന്തകൾ വന്ന് കൂട്ടത്തോടെ ചടപട അടിച്ചു. അതിനനുസൃതമായി, കള്ളൻ കാദറിന്റെ നാക്കും പിന്നെ ചടപട അടിച്ചുക്കൂട്ടാൻ തുടങ്ങി ‘ങ്ങ്ണ്ട്... നെഞ്ച്ക്ക് കേറ്റീനെടാ... ഇങ്ങളൊക്കെ എന്ത് മൻഷ്യരാ!!... മന്ഷ്യരെ പറേപ്പിക്കാൻ കൊറേ മൻസമ്മാര് ബന്ന്ക്ക്ണ്...’ 

 

ഹോൺ മുഴക്കങ്ങൾക്കിടയിൽ കള്ളൻ കാദറിന്റെ ശബ്ദം റോഡിന്റെ പുറത്തേക്കെത്താൻ സാധിക്കാതെ മറഞ്ഞ് കിടന്നെങ്കിലും, കള്ളൻ കാദർ അലർച്ച തുടർന്നു ‘ഇന്നാട്ടിലെ മൻഷ്യര് മൃഗങ്ങളാ... ശരിക്കും മൃഗങ്ങളാ... അനക്ക് കാണണോ, അനക്ക് കാണണോ... ഓരോട് പൈസ ചോയ്ച്ചാ മതി, അപ്പൊ കാണാം...’ പറഞ്ഞ് തീർന്ന് റോഡിന്റെ നടുവിൽ കള്ളൻ കാദർ എടുപ്പോടെ നിന്നതും, റോഡിന്റെ ഓരത്തേക്ക് തെറിച്ച് വീണതും ഒരേ സമയമായിരുന്നു. കള്ളൻ കാദർ നോക്കിയപ്പോൾ, മുന്നിൽ ഒരു തടിമാടൻ നിൽക്കുന്നു. വീണു കിടക്കുന്ന കള്ളൻ കാദറിന്റെ മുഖത്തേക്ക് നോക്കി തടിമാടൻ ഭീഷണിപ്പെടുത്തി ‘ഇനി താൻ റോഡിലേക്ക് നിന്നാ... തന്റെ ശവായിരിക്കും പിന്നെണ്ടാവാ...’ തടിമാടൻ നടന്ന് കാറിൽ കയറി അന്തഃസ്സായി കാറും ഓടിച്ച് പോയി. വാഹനങ്ങൾ റോഡിൽ അൽപ സമയം നിലച്ചു പോയ ശേഷം പോക്കും വരവും വീണ്ടും തുടർന്നു. കള്ളൻ കാദർ നിലത്ത് നിന്നും പിടഞ്ഞെണീറ്റു. കാലിൽ മന്ദത പ്രത്യക്ഷപ്പെട്ടില്ല. നാക്ക് നിലച്ചതുമില്ല. വീണ്ടും ചടപട അടിച്ചു ‘ഒരാള്ടെ ജീവൻ രശ്ശിക്കാനായി പൈസ ചോയിച്ചപ്പോ, ഒരുത്തൻ പോലും ഒര് നയാ പൈസ തന്നീല്ലാ. മൻഷ്യമ്മാരാണേലോ മൻഷ്യമ്മാര്!!!... ഉളുപ്പ്ണ്ടാ?... ഒരാളെ രശ്ശിക്കാമ്പറ്റീട്ടും മരിക്കാമ്പിടാൻ, ഉള്പ്പ്ണ്ടാ... ഉള്പ്പ്?..’ കള്ളൻ കാദറിന്റെ ശബ്ദം കൊട്ടന്നൂരിനെയൊന്ന് കുലുക്കി. ‘പൈസന്റെ പേരില് ങ്ങളിങ്ങനെ ചെയ്യാണങ്കീ, പടച്ചോൻ ബെർദെ ബിടൂലങ്ങളെ... യിപ്പൊ ങ്ങളും ഇക്കാണ്ന്ന പട്ടീം പൂച്ചേം തമ്മില് വെത്യാസെന്താ?... മൃഗങ്ങളത്രിം ഭോതല്ല്യാത്ത കൊറേ മൻഷ്യര് ബന്ന്ക്ക്ണ്... കൊറേ മന്ഷ്യര്!!!..’ കള്ളൻ കാദറിന്റെ ഓരോ കൊടൂരമായ വാക്കുകളും കൊട്ടന്നൂരിലൂടെ പ്രകമ്പനം കൊള്ളിച്ച് അലഞ്ഞ് നടന്നു. കൊട്ടന്നൂരൊന്നാകെ ഒരു നിമിഷം കനത്തൊരു മൂകതയിൽ മുങ്ങി കിടന്നപ്പോൾ, മനസ്സിന്റെ ഓരോ കോണുകളിലും വിജയ ഭേരികൾ മുഴങ്ങുന്നതായി കള്ളൻ കാദറിന് തോന്നി. 

 

‘അല്ലാ... പോക്കര്ന്റെ പൈസ മാങ്ങി മുങ്ങ്യപ്പോ അന്റെ ഉള്പ്പ് എവ്ടേനൂ? കള്ളാ... ജ്ജന്നെല്ലേ... ഇബ്ട്ത്തെ പൈസ കക്ക്ണ ആ കള്ളൻ കാദർ?..’ ജാസിറാക്ക കള്ളൻ കാദറിന്റെ മുന്നിലേക്ക് ചാടി വീണ് ഗർജ്ജിച്ചു. ജാസിറക്കാന്റെ കള്ളനെന്ന അലറിവിളി കള്ളൻ കാദറിനെ ഒന്നാകെ പിടുങ്ങി കളഞ്ഞു. കൊട്ടന്നൂർക്കാരുടെ ഉള്ളിൽ അമർന്ന് കിടക്കുന്നുണ്ടായിരുന്ന കള്ളൻ കാദറിനോടുള്ള മുഴുവൻ ദേഷ്യവും ജാസിറാക്കയിലൂടെ ചാലിട്ടൊഴുകിയപ്പോൾ, കള്ളൻ കാദറിന്റെ നാവ് ആദ്യം അക്ഷരക്കൂട്ടങ്ങളിൽ തപ്പിത്തടഞ്ഞു. പിന്നെ പരമ നിശ്ശബ്ദതയിലേക്ക് വീണു പോയി. ‘പോക്കര്നാണേലോ... പോക്കരിന്... പോക്കരിബ്ടണ്ടേകില് കാണേനീ... ഇബ്ടെ, അന്നെ തീരേം ബിശ്ശാസ്സല്ലാത്തത് പോക്കര്നാണ്... ങ്ങട്ടാണല്ലാ, പോക്കര് അന്നെ താങ്ങി നിക്കണ്?... നല്ല പുകിലായി...’ ജാസിറാക്ക ഗർജ്ജിച്ചു തീർത്തു. ഇങ്ങനെയൊരു വാക്കുപ്രഹരം കള്ളൻ കാദർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അന്നേരം, കള്ളൻ കാദറിന്റെ ഉള്ളിലൊരു ആളലുണ്ടായി. കൊട്ടന്നൂർക്കാരെ നോക്കുമ്പോളൊരു ഉൾഭയം കള്ളൻ കാദറിന്റെ ഉള്ളിൽ പാഞ്ഞ് കളിച്ചു. അതോടെ, കള്ളൻ കാദറിന്റെ നാക്കിന്റെ പിടച്ചിലും നിലച്ചു. മനസ്സിൽ മുഴങ്ങിയിരുന്ന വിജയ ഭേരികളും നിലച്ചതോടെ, ശ്വാസ്സാച്ഛോസം മന്ദഗതിയിലായി. കള്ളൻ കാദറിന്റെ മിണ്ടാട്ടം നിലച്ച നേരം, കൊട്ടന്നൂർക്കാരുടെ ദേഷ്യം മുഴുവനും ആവേശത്തോടെ നാനാഭാഗങ്ങളിൽ നിന്നും ഒലിച്ചു വന്ന് കള്ളൻ കാദറിനെ വളയം വെച്ച് തുടങ്ങി. വളയം പ്രാപിച്ച് വരുന്ന ആൾക്കൂട്ടത്തിൽ നിന്നും പലപല ശബ്ദങ്ങളും ആരവങ്ങളും ഉയർന്നു. അവക്കിടയിൽ നിന്നും കള്ളനെന്ന പദം മാത്രമേ കള്ളൻ കദറിന് കേൾക്കുന്നുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം വ്യർത്ഥങ്ങളായി മാറിയിരുന്നു. നാട്ടുകാരുടെ കള്ളനെന്ന വിളികൾ സ്വയം ഒരിക്കൽ പോലും ഒരു കള്ളനായി സങ്കല്പിച്ചിട്ടില്ലാത്ത കള്ളൻ കാദറിനെ കുത്തി നോവിച്ചതോടപ്പം, തന്നെ ഒരു കള്ളനായി തന്റെ മനസ്സ് ചിത്രീകരിക്കുമ്പോൾ തെളിയുന്ന ദൃശ്യങ്ങൾ കള്ളൻ കാദറിനെ ഭ്രാന്ത് പിടിപ്പിക്കുകയും ചെയ്തു. 

 

ആൾക്കൂട്ടത്തിന്റെ വളയം വലുതായപ്പോൾ ഒരു പദം കൂടി കള്ളൻ കാദർ സ്പഷ്ടമായി കേട്ടു ‘കൊലയാളി’. അന്നേരം, മുഷ്ടികൾ ചുരുട്ടി രണ്ട് കൈയും ആഞ്ഞു വീശി വായ കൊണ്ട് ആവും വിധം കഷ്ട്ടപ്പെട്ട് കള്ളൻ കാദർ അട്ടഹസ്സിച്ചു ‘ആരടാ കൊലയാളി, ആരാടാ കൊന്നത്?...’ കള്ളൻ കാദറിന്റെ ശ്വാസ്സാച്ഛോസം ദ്രുതഗതിയിലായി. പേശികൾ മുറുകി. ശബ്ദം ഉയർന്നു. ആൾക്കൂട്ടത്തിലെ ഒരുവൻ അടിമുടി ഇളകി മറിയുന്ന കള്ളൻ കാദറിനോട് ചോദിച്ചു ‘സഞ്ചീം കവറൂം കൊണ്ട് പോക്കര്ന്റെ ബീട്ട്ക്ക് പോണ കണ്ടീനല്ലാ... ആ സഞ്ചീലെന്തേര്ന്ന്ന്ന് ആർക്കറ്യാ?..’

‘പോക്കര്ന്റെക്ക്ന്ന് കൊറേ കടം മാങ്ങീനല്ലാ ജ്ജ്... അത് കൊടുക്കാന്ള്ള ത്രാണി അനക്കില്ലാന്ന് കണ്ടാ അറ്ഞ്ഞൂടെ കള്ളാ..’ മറ്റൊരുവൻ പറഞ്ഞു.

‘പിന്നെന്തിനാ യിപ്പൊ ജ്ജ് നാട്ട്ക്ക് ബന്നത്... പോക്കര്നീം തട്ടി, അയിന്റെ പേര്​ല് ഹോസ്പിറ്റലൂന്നും പറഞ്ഞ് ഞമ്മളേക്കന്ന് കാശും മുക്കി അനക്ക് മുങ്ങാനല്ലേ... ജ്ജ് പ്പൊ ബന്നത്, അല്ലേ കള്ളാ?... അല്ലാതെപ്പെന്തിനാ?...’ വേറൊരുത്തൻ നിന്ന് മുരണ്ടു. ‘അല്ലെങ്കിലും അനക്ക് പൈസ മതി... വേറൊന്നും മാണ്ടല്ലാ... അതന്നെല്ലെ... ജ്ജ് എപ്പളും ചെയ്യ്ണ്..’ അമർച്ചകളും മുരൾച്ചകളും അലർച്ചകളും പൂർവ്വാധികം ശക്തിയോടെ നാനാഭാഗങ്ങളിൽ നിന്നും ഇടതടവില്ലാതെ ഉയർന്നുക്കൊണ്ടിരുന്നു. 

 

കള്ളൻ കാദർ പൂർണ്ണമായും അവശനായി, അസ്വസ്ഥനായി. കാഴ്ചകൾ മങ്ങി തുടങ്ങി. തല പെരുത്ത് കനത്ത് വന്നു. ‘ദേ... ഇല്ലാത്തത് പറേര്ത്...’ ക്ഷീണം പിടിച്ച വാക്കുകൾ കള്ളൻ കാദറിന്റെ വിറയാർന്ന ചുണ്ടുകളിലൂടെ പുറത്തേക്ക് ഇഴഞ്ഞ് വന്നു. ‘ഓ പിന്നേ... അനക്ക് ഇബ്ടെ ഇല്ലാത്തെ പറ്യാം, എന്തും കാട്ടിക്കൂട്ടാം, ഞങ്ങക്കൊന്നൂം പറ്റൂല്ല, ല്ലേ... അതോല്ല... ഒര് കള്ളൻ പറേണത് ഞങ്ങള് ബിശ്ശസ്സിക്കണം, കേൾക്കേം മാണം... ഒര് കള്ളൻ ബന്ന്ക്ക്ണ് നാട്ടേരെ പടിപ്പിക്യാൻ’. ഓരോരുത്തരുടെ ശബ്ദങ്ങളിൽ കള്ളനെന്നും, കൊലയാളിയെന്നുമുള്ള പദങ്ങൾ ആവർത്തിക്കുമ്പോൾ, കള്ളൻ കാദറിന്റെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. വെന്ത് നീറുകയായിരുന്നു. തീർത്തും അസ്സഹനീയമായ വേദനയിൽ പുളയുകയായിരുന്നു. ‘ഞാമ്പറേണത് സത്യാണ്, പോക്കരിപ്പോ ഇമ്രാൻ ഓസ്പിറ്റലില്ണ്ട്, ആരെങ്കിലും പോയൊന്ന് ര... രശ്ശിക്ക്..’ വിക്കി വിറച്ച് ഒരു വിധം പറഞ്ഞൊപ്പിച്ച് തീർന്നതും, കള്ളൻ കാദർ പൊട്ടി കരഞ്ഞു. കള്ളൻ കാദറിന്റെ പൊട്ടിക്കരച്ചിലിൽ എന്ത് കൊണ്ടോ കൊട്ടന്നൂർ നിശ്ശബ്ദമായി. ശേഷം, വഴിയിൽ വീണ് പോയിരുന്ന തന്റെ കവറെടുത്ത് കൂനികൂനി നടന്ന് സെന്റെറിന്റെ ഓരത്തായി നില കൊള്ളുന്ന വിശാലമായ, വലിയ പാറയുടെ പള്ളമ്മേൽ പോയി കള്ളൻ കാദർ ശാന്തമായി ഇരുന്നു. തദവസരം, നാട്ടിൽ നിന്നും പ്രതിനിധികളായി നാലഞ്ച് പേർ വണ്ടി പിടിച്ച് ഇമ്രാൻ ഹോസ്പിറ്റലിലേക്കും പോയി. നാട്ടിലെ പ്രമാണിമാർ തന്നെ...

 

സമയം സഞ്ചരിച്ചു. പ്രമാണിമാർ തിരിച്ചെത്തിയില്ല. കള്ളൻ കാദർ കണ്ണ് മിഴിച്ച് കാത്തിരുന്നു. വൈകുന്നേരമായി. ഹോസ്പിറ്റലിലേക്ക് പോയ പ്രമാണിമാരിൽ പെട്ട രണ്ട് പ്രമാണിമാർ കൊട്ടന്നൂരിൽ തിരിച്ചെത്തി. വിശേഷമറിയാൻ ആളുകൾ അവർക്ക് ചുറ്റും കൂടി. കള്ളൻ കാദർ പാറമ്മേൽ തന്നെ ഇരുന്നു. അനങ്ങിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, ആ കൂട്ടമങ്ങനെ ഒന്നാകെ ഇളകി മറഞ്ഞ് നേരെ കള്ളൻ കാദറിന്റെ അടുത്തേക്ക് കുത്തിയൊലിച്ചു. നാട്ടിലെ പ്രമാണി, കൂട്ടനേതാവ് മൂസ ഉശിരൻ മട്ടിൽ കള്ളൻ കാദറോട് ചോദിച്ചു ‘ഒരുള്പ്പൂല്ല്യേ... ഒരാള് മര്ച്ചിട്ടും മര്ച്ചീലാന്ന് പറ്യാൻ, ഇങ്ങട്ട് അയിന്റെ പേരില് നാട്ടേരേക്കന്ന് കാശും മാങ്ങി മുങ്ങാനോക്കാൻ?...’ കള്ളൻ കാദർ ഒന്നും മറുപടിയായി പറഞ്ഞില്ല. ആ സമയം, കള്ളൻ കാദറിന് സ്വന്തം മാതൃഭാഷ തന്നെ മറന്നു പോകുന്നതായി തോന്നിയിരുന്നു. മൗനമെന്ന ഭാഷ മാത്രമേ ഓർമയിൽ തെളിഞ്ഞൊള്ളൂ. ആ പൊക്കനായ ഡോക്ടറുടെ ചിരിക്കുന്ന സുന്ദരമായ മുഖം ഒരു മാത്ര കള്ളൻ കാദറിന്റെ മനസ്സിൽ ആടിക്കളിക്കുകയും ചെയ്തു. പിന്നെ, കള്ളൻ കാദറിന്റെ അകം പതിയെ ശ്യൂന്യമാവാൻ തുടങ്ങി. മനസ്സിൽ വല്ലാത്തൊരു ഇരുട്ട് കുമിഞ്ഞ് കൂടി. ‘ഞങ്ങളൊക്കെ പൊട്ടമ്മാരാന്ന് ബിജാരിച്ചാ?... ആ ഡോട്ടറിനീം ഇല്ലാണ്ടാക്കീല്ലേ ജ്ജ്... പാവം ഡോട്ടറ്, ആകെ പേടിച്ചോയി... ഒക്കെ ചെയ്തിട്ട് ഓന്റെ ഇരിപ്പണ്ടീല്ലപ്പോ!!!... എന്ത്യേനി തത്ത്വംപറച്ചില്... ഒന്നാണ്ട് തന്നാണ്ടല്ലാ... പോക്കര്ന്റെറെ മോന്, ഒന്നും കാട്ടണ്ടാന്ന് പറഞ്ഞോണ്ട് മാത്രാ, ബെർദെ ബിട്ണ്... അതോർത്താ..’ മൂസ പറഞ്ഞ് തീർത്തു.

‘അപ്പോ, കേസൊന്നുല്ല്യേ?...’ ‘ഇബനൊന്നും ബെർദെ ബിഡാൻ പാടില്ലാ...’ മുറുമുറത്തും പിറുപിറുത്തും കൂട്ടം സാവകാശം പിരിഞ്ഞു. 

 

മെല്ലെ മഴ ചാറി. പിന്നെ പരക്കെ പെയ്തു. കള്ളൻ കാദർ പാറമ്മേൽ നിന്നും എണീറ്റില്ല. അങ്ങനെ ഇരുന്നു. പോക്കരിന് ഗിഫ്റ്റായി കൊടുക്കാനുദ്ദേശിച്ചിരുന്ന കൂടോട് കൂടിയ വാച്ചും, കടം വീട്ടാനുള്ള കാശും വെച്ചിരുന്ന കവർ ഇടയ്ക്ക് അവിടെയുണ്ടോയെന്ന് തൊട്ട് ഉറപ്പ് വരുത്തുക മാത്രം ചെയ്തു. ഉറച്ച പാറമ്മേൽ ഉള്ള് പൊള്ളയായ മറ്റൊരു പാറ മഴയും കൊണ്ട് അങ്ങനെ ഇരിക്കുന്നതിനിടയിൽ, പോക്കരിന്റെ മയ്യിത്ത് ആംബുലൻസിൽ കൊട്ടന്നൂർ സെന്റെറിലൂടെ കടന്ന് പോക്കരിന്റെ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ്, ഖബറടക്കാൻ കൊട്ടന്നൂർ സെന്റെറിലൂടെ നാട്ടുക്കാർ മയ്യിത്ത് കട്ടിലിൽ മയ്യിത്തിനെ പള്ളിയിലേക്കും കൊണ്ടു പോയി. കള്ളൻ കാദർ ഇതെല്ലാം സ്തംഭനായി മഴയും കൊണ്ട് നോക്കിയിരുന്നു. മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും ഖബറടക്കവും തീർന്ന് ആളുകൾ പിരിഞ്ഞു. മഴ തോർന്നു. കുറച്ചാളുകൾ പോക്കരിന്റെ മകനായ താജുവിന്റെ കൂടെ വീട്ടിലേക്കും പോയി. ആ തക്കം കള്ളൻ കാദർ കവറെടുത്ത് പോക്കരിന്റെ വീട്ടിലേക്ക് ആലസ്യത്തോടെ, ഉദാസീനനായി നടന്നു. കള്ളൻ കാദറിന്റെ അകത്ത് ഒരു ചിന്തനക്കങ്ങളുമുണ്ടായിരുന്നില്ല. വെറും ഒരു മരവിപ്പ് മാത്രം. പിന്നെ പോക്കരിന്റെ മകൻ താജുവിന്റെ തെളിഞ്ഞൊരു ചിത്രവും. 

 

വീടെത്തിയപ്പോൾ, ഒരു കൂട്ടമുണ്ട് കോലായിൽ. നനഞ്ഞ് കുളിച്ച കള്ളൻ കാദർ കവറുമായി കോലായിൽ കയറി താജുവിന്റെ അടുത്തേക്ക് വന്ന്, കവർ നീട്ടിക്കൊണ്ട് പറഞ്ഞു ‘ഈ കാശ് നീ വാങ്ങണം, അനക്കവകാശപ്പെട്ടതാ... മാണ്ടാന്ന് പറ്യേര്ത്..’ കള്ളൻ കാദറിന്റെ സംസാരം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. താജു ആ കവർ വാങ്ങി, അത് കൊണ്ട് കള്ളൻ കാദറിന്റെ മുഖത്തേക്ക് ഒരേറ് കൊടുത്തു. കാശവടിമാകെ ചിതറി വീണു. വാച്ച്പെട്ടി തെറിച്ച് പോയി. കള്ളൻ കാദർ നിലത്ത് നിന്നും കാശും, വാച്ചും തന്റെ വിറ കൈയാൽ പെറുക്കിയെടുത്ത് കവറിലാക്കി വീണ്ടും താജുവിന് നേരെ നീട്ടി. ‘അൻ്റെ വാപ്പാനെ ഓർത്തേങ്കിലുമൊന്ന് വാങ്ങടാ...’ കള്ളൻ കാദർ തേങ്ങി. താജു ആ കവർ വാങ്ങി, കള്ളൻ കാദറെ അത് വെച്ച് ഊക്കോടെ അടിച്ചു. എന്നിട്ടാർത്തട്ടഹസ്സിച്ചു ‘എന്റെപ്പാനെ കൊന്നതും പോരാ... ആളെ കള്യാക്കാൻ മാണ്ടി പൈസേറ്റ് വന്ന്ക്കാ... ഒരു പൈസേറ്റ്!!... പൊക്കോണം... അന്നെ ബെർതെ ബിട്ടത് ന്റെ പരേക്ക് ബരാനല്ല... ഈ നാട്ട്ന്ന് പോവാനാണ്... അന്നെ ഒന്നും കാട്ടാമ്പറ്റാത്തോണ്ടാണ് ബെർദെ ബിട്ടതന്ന് തോന്നണ്ടാ അനക്ക്?... യെല്ലം ഒതിക്കി അന്നെ ഒന്നും കാട്ടണ്ടാന്ന് ബിജാരിച്ചത്, ന്റെപ്പാക്ക് ഞാങ്കാരണം ആഖിറത്ത് ഒരു കൊയപ്പണ്ടാകാതിരിക്കാനാണ്... ഞ്ഞിബടെ ഈ കഞ്ഞിപ്പൈസോണ്ടെങ്ങാനും ബന്നാ... ജ്ജ് ഇന്റെപ്പാന്റെ മയ്യത്തെട്ത്തെ പോലെ അന്റെ മയ്യത്ത് ഞാനും യെടുക്കും... കള്ളാ...’ താജു പല്ലിറുമ്മി. മുഖം വിവർണ്ണമായി, വികൃതമായി. മുടികൾ വിറച്ചു. പൈസക്കവർ കള്ളൻ കാദറിന്റെ നെഞ്ചെത്തേക്ക് എറിഞ്ഞു കൊടുത്ത് കോലായിൽ നിന്നും താജു കള്ളൻ കാദറിനെ പുറത്തേക്ക് ഉന്തി തള്ളിയിട്ടു. വീഴുന്നതിനിടയിൽ നെഞ്ചിലേക്ക് വന്ന് പതിച്ച പൈസക്കവർ കൈ കൊണ്ട് പിടിക്കാൻ ശ്രമം നടത്തിയെങ്കിലും, പൈസക്കവർ കള്ളൻ കാദറിന്റെ കൈയിൽ നിന്നും വഴുതി കോലായിൽ വീണിരുന്നു. കോലായിൽ വീണ പൈസക്കവർ ജാസിറാക്ക മെല്ലെ എടുത്ത് കൈയിൽ പിടിച്ച് ഒന്നും സംഭവിക്കാത്ത പോലെ കുന്തം പോലെ നിന്നു. കള്ളൻ കാദർ പാട്പ്പെട്ടെണീറ്റു. എല്ലാവരും നോക്കി നിൽക്കുന്നു. അന്തരീക്ഷം മൗനത്താൽ കനത്ത് വിറങ്ങലിച്ചും നിൽക്കുന്നു. കള്ളൻ കാദർ കൊട്ടന്നൂർ സെന്റെറിലേക്ക് സാവധാനം തിരിഞ്ഞ് നടന്നു. ‘എന്തോണ്ടാടാ... ജ്ജ് ന്റെപ്പാന്റെ മയ്യെത്തെട്ത്തത്?..’ നിശ്ശബ്ദമായ വേളയെ താജുവിന്റെ തേങ്ങലിൽ കലങ്ങിയ വാക്കുകൾ അലോസരപ്പെടുത്തി. കള്ളൻ കാദർ മൗനിയായി തല താഴ്ത്തിപ്പിടിച്ച് തന്റെ നടപ്പ് തുടർന്നു. കള്ളൻ കാദറിന് സ്വയം ഭാരം തോന്നിയില്ല... ആത്മാവ് ശരീരം വിട്ട് എങ്ങോ പോയ പോലെ. കാലുകൾ ഭൂമിയിൽ പതിക്കുന്നതായി തോന്നുന്നുണ്ടായില്ല, നടക്കുന്നുണ്ട്... വായുവിലെന്ന പോലെ. കൊട്ടന്നൂർ സെന്റെറിലെത്തി. സഫാരി മിനിബസും കൃത്യ സമയത്ത് തന്നെ പാട്ടും മൂളി സെന്റെറിൽ പാഞ്ഞെത്തി. കള്ളൻ കാദർ സഫാരി മിനിബസിന്റെ പിറകിലെ വാതിലിലൂടെ അകത്തേക്ക് കയറി. സ്വർഗ വാതിൽ കടക്കുന്നതായാണ് കള്ളൻ കാദിറിന് തോന്നിയത്. അടുത്ത നിമിഷം കള്ളൻ കാദിറിനെയും കൊണ്ട് സഫാരി മിനിബസ് ചീറിപ്പാഞ്ഞു. പിന്നെ വിദൂരതയിലേക്ക് അലിഞ്ഞ് ചേർന്നു. 

 

കൊട്ടന്നൂരിലെ ഓരോ ഇലകളും, ചെടികളും, മരങ്ങളും, ചരലുകളും, കല്ലുകളും, കെട്ടിടങ്ങളും, ജലകണങ്ങളും, വായുകണികകളും ഒരേ സമയം ഒരേ പോലെ ഒരേ സ്വരത്തിൽ അലറിവിളിച്ചു ‘കൊലയാളി കാദർ... കൊലയാളി കാദർ..’

 

Content Summary: Kottannoorile Kolayali, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com