ADVERTISEMENT

വല്യമ്മ (കഥ)

 

‘‘എന്റെ മോനൊരു ജോല്യായ് കണ്ട് മരിക്കാൻ..’’ 

 

മാള ഗവൺമെന്റ് ആശുപത്രിയുടെ വാർഡിലെ കട്ടിലിൽ ചുവരിനോട് ചാരിയിരുന്ന് ക്ഷീണിച്ച ശബ്ദത്തിൽ വല്യമ്മ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഉള്ളിൽ നിറഞ്ഞ സങ്കടത്തോടെ അടുത്തിരുന്ന് ഞാൻ വല്യമ്മയുടെ കൈയ്യിൽ പിടിച്ചു.. മരുന്നിന്റെ ക്ഷീണത്തിലാവണം വല്യമ്മക്ക് ചെറുതായി മയക്കം വരുന്നുണ്ട്. പതുക്കെ ഞാൻ വല്യമ്മയെ ചെരിച്ചു കിടത്തി. ഉറക്കം മെല്ലെ വല്യമ്മയുടെ കണ്ണുകളിൽ തലോടുന്നതു കണ്ട് ഞാനിരുന്നു. 

 

അമ്മയുടെ അമ്മ അമ്മൂമ്മ ആണേലും ഞാനും എന്റെ ചേച്ചിമാരും വിളിക്കുന്നത്

വല്യമ്മ എന്നാണ്. ‘‘വല്യ അമ്മ’’ എന്നർത്ഥം.

എന്റെ ബാല്യവും കൗമാരവും ഏറെക്കുറെ ഞാൻ ചിലവഴിച്ചത് മടത്തുംപടി എന്ന ഗ്രാമത്തിലെ അമ്മയുടെ തറവാട്ടിലായിരുന്നു. 

 

തറവാട്ടിലെ പേരകുട്ടികളിൽ മൂത്ത ആൺകുട്ടി ഞാനായതു കൊണ്ട് അച്ഛിച്ചയുടെയും വല്യമ്മയുടെയും കുറച്ചു കൂടുതൽ വാത്സല്യം എനിക്കനുഭവിക്കാൻ കഴിഞ്ഞിരുന്നു. അവധിദിവസങ്ങളിൽ എന്നെ തറവാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛിച്ച വരും. അച്ഛിച്ച എന്നെ സൈക്കിളിൽ ഇരുത്തി അങ്ങാടിയിൽ കൊണ്ടുപോകും. പപ്പടവടയും ഇഷ്ടമുള്ള മിട്ടായിയും ബിസ്കറ്റുമൊക്കെ വാങ്ങിച്ചു തരും. 

 

അച്ഛിച്ചയുടെ വിരൽത്തുമ്പിൽ തൂങ്ങി തറവാട്ടിലേക്കുള്ള നടവഴിയിലൂടെ ഞാൻ വരുന്നത് കാണുമ്പോൾ  കശുമാവിൻതോപ്പിലെ കിളികൾ സന്തോഷംകൊണ്ട് ചിലച്ചുകൊണ്ടിരിക്കും. തറവാടിന് തുണയായി പറമ്പിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഭഗവതിയുടെയും രക്ഷസ്സിന്റെയും നീചന്റേയുമെല്ലാം വാത്സല്യം കാറ്റായ് വന്ന് എന്റെ മുടിയിഴകളെ തലോടും.. പറമ്പിൽ പണിയെടുക്കുന്ന അയ്യപ്പൻ ‘കുഞ്ഞാശാനേ’ എന്ന് നീട്ടിവിളിക്കും. 

 

പത്തായത്തിൽ വൈക്കോലിട്ട് മൂടിവച്ചിരിക്കുന്ന പഴുത്ത പഴക്കുലകൾ കൊതിയൂറുന്ന മണംകൊണ്ട് എന്നെ സ്വീകരിക്കും. പറമ്പിലെ അതിരിൽ നിൽക്കുന്ന മുള്ളൻപഴങ്ങൾ മുഴുവൻ തിന്ന് തീർക്കാതെ ചെറുകിളികൾ എനിക്കായി ബാക്കിവെക്കും. മുറ്റത്തിന് താഴെയുള്ള ചാമ്പക്കമരം എനിക്കായി പഴുത്തു ചുവന്ന ചാമ്പക്കകൾ കരുതിവെക്കും. 

 

വല്യമ്മയുടെ ഉമ്മകളും മേമ്മമാരുടെ ലാളനങ്ങളുമേറ്റ് ഞാനാ സ്നേഹവീട് എന്റെ സാമ്രാജ്യമാക്കും. സന്ധ്യക്ക് ഭഗവതിക്കും രക്ഷസ്സിനും നീചനുമെല്ലാം ദീപം കൊളുത്താൻ വല്യമ്മ പോകുമ്പോൾ ഞാൻ കൂടെപോകും. വിളക്ക് വച്ച്കഴിഞ്ഞു മുറ്റത്തു കസേരയിട്ട് വല്യമ്മ നാമം ചൊല്ലും. ഒപ്പം ഉമ്മറത്തു ചമ്രം പടിഞ്ഞിരുന്നു ഞാനും.. വിശാലമായ ആ പറമ്പിൽ ഓടിനടന്ന് പണിയെടുത്തും പണിക്കാരെക്കൊണ്ട് പണിയെടുപ്പിച്ചും വല്യമ്മ ജീവിച്ചു. 

 

കാലം കടന്നുപോകവേ ഒട്ടും പ്രതീക്ഷിക്കാതൊരുനാൾ അച്ഛിച്ച ഞങ്ങളെ വിട്ടുപോയപ്പോൾ ആ സ്നേഹംകൂടി വല്യമ്മ എനിക്ക് നൽകിക്കൊണ്ടിരുന്നു. രാവിലെ ഏഴുമണിയുടെ ഹിരണ്യബസ് സ്റ്റോപ്പിൽ വന്നു നിൽക്കുമ്പോൾ മുറിയിലെ ജനാലയിലൂടെ ഞാൻ നോക്കും. ബസിറങ്ങി മുണ്ടും നേര്യതുമുടുത്തു കൈയ്യിലൊരു സഞ്ചിയുമായി വല്യമ്മ നടന്ന് വരുന്നത് കാണുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും. വീട്ടിലെത്തി കൊണ്ടു വന്ന സഞ്ചിയിൽനിന്ന്  പലഹാരങ്ങളെടുത്ത് ‘ഇതെന്റെ മോന്’ എന്ന് പറഞ്ഞു വല്യമ്മ കൈയ്യിൽ തരും. കെട്ടിപ്പിടിച്ചു എന്നെ ഉമ്മകൾകൊണ്ട് മൂടും. എന്റെ ബാല്യം പിന്നീട് കൗമാരത്തിനും യൗവ്വനത്തിനും വഴിമാറിയിട്ടും മിക്കവാറും അവധിദിവസങ്ങളെല്ലാം ഞാൻ തറവാട്ടിലായിരുന്നു ചിലവഴിച്ചത്. 

 

അങ്ങനെയിരിക്കെ കുഞ്ഞേച്ചിയുടെ  കല്യാണം കഴിഞ്ഞ് ഒരു ദിവസം അളിയനും കുഞ്ഞേച്ചിയും കൂടി വല്യമ്മയെ കാണുവാൻ പോയെന്നും അവിടെ വച്ച് വല്യമ്മക്ക് പെട്ടെന്ന് നെഞ്ചുവേദന വന്നെന്നും അറിഞ്ഞ് അമ്മയും അച്ഛയും കൂടി വല്യമ്മയെ കാണാൻ പോയി. വല്യമ്മക്ക് ഒന്നും വരുത്തല്ലേ എന്ന്  തറവാട്ടിലെ ഭഗവതിയെയും രക്ഷസ്സിനെയും നീചനെയുമൊക്കെ വിളിച്ചു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നിട്ടും എന്റെ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കി അന്ന് രാത്രി വല്യമ്മ പോയി. 

 

കൂടിനിൽക്കുന്ന ആളുകൾക്കിടയിലോടെ ഞാൻ തറവാട്ടിലേക്ക് ചെല്ലുമ്പോൾ  വെള്ളമുണ്ട് പുതച്ചു വല്യമ്മ ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു. അമ്മയുടെയും മേമ്മമാരുടെയുമൊക്കെ കരച്ചിൽ എന്റെ കാതുകളിൽ വന്നലച്ചു. 

‘‘എന്റെ മോൻ വന്നോ’’ എന്ന് വല്യമ്മ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി. ഒരു പൊട്ടിക്കരച്ചിലോടെ വല്യമ്മയുടെ തണുത്തുമരവിച്ച നെറ്റിയിൽ ഉമ്മ കൊടുത്തു ഞാൻ പുറത്തേക്കിറങ്ങി. 

 

ആളുകൾ വന്നുകൊണ്ടിരിക്കുന്നു..

എന്റെ ബാല്യം ഓടിക്കളിച്ചുനടന്ന തറവാട്

മറ്റേതോ ലോകമായി എനിക്കു തോന്നി.

ഉള്ളിൽ നിറഞ്ഞ സങ്കടം കണ്ണീരായി പ്രവഹിച്ചുകൊണ്ടിരുന്നു.. ആരൊക്കെയോ വന്ന് എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. എന്നെ തഴുകിത്തലോടി ഒഴുകിക്കൊണ്ടിരുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പുഴയാണ് ഇന്ന് വറ്റിപ്പോയത്. 

 

ഞാൻ പറമ്പിലേക്ക് നോക്കി. തറവാടിന് തുണയായിരുന്ന ദൈവങ്ങളുടെ ഗദ്ഗദം കേൾക്കുന്നുണ്ടോ.. ശൂന്യമായ മനസ്സോടെ അവിടെ ഇരിക്കുമ്പോൾ പെട്ടെന്ന് പറമ്പിൽനിന്ന് ആരോ വിളിച്ചുവെന്ന് എനിക്കു തോന്നി.. ഞാനെഴുന്നേറ്റ് പറമ്പിലേക്ക് നടന്നു. നീചനെ പ്രതിഷ്ഠിച്ച ആ വലിയ പ്ലാവിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ എനിക്ക് നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു. എത്രയോ തവണ വല്യമ്മയുടെ കൂടെ ഞാനവിടെ വിളക്ക് വെക്കാൻ വന്നിരിക്കുന്നു. ‘‘ന്റെ മക്കളെ കാത്തുരക്ഷിക്കണേ’’ എന്ന് പറഞ്ഞു പ്രാർത്ഥിച്ചുകൊണ്ട് വല്യമ്മ അവിടെ തൊഴുതുനിൽക്കുന്നതോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. 

 

നിങ്ങളെന്തിന് എന്റെ വല്യമ്മയെ കൊണ്ടുപോയി എന്ന എന്റെ ചോദ്യത്തിന് ഭഗവതിയും രക്ഷസ്സും നീചനുമൊന്നും മറുപടി പറഞ്ഞില്ല. അവരുടെ വിഷാദം നിറഞ്ഞ മൗനം ഒരു നേർത്ത കാറ്റായി എന്നെ തഴുകി കടന്നുപോയി.. നഷ്ടമായത് എനിക്ക് മാത്രമല്ല.. 

 

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു പോകാനായി തിരിയുമ്പോൾ ഇരുട്ട് മൂടികിടക്കുന്ന പറമ്പിലെവിടെയോനിന്ന് വല്യമ്മ നാമം ചൊല്ലുന്നത് ഞാൻ കേട്ടു. 

 

‘‘ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ

തിങ്കള്‍ കലാഞ്ചിതം കോടീര ബന്ധനം..

ഗംഗാഭുജംഗവും നെറ്റിത്തടം തന്നി

ലംഗജന്മാവിനെച്ചുട്ടോരു നേത്രവും..

അർക്കചന്ദ്രന്മാര്‍ക്കിരിപ്പിടമാകിയ

തൃക്കണ്ണു രണ്ടും തിരുനാസികാഭയും..’’

 

Content Summary: Vallyamma, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com