ADVERTISEMENT

ബന്ധു (കഥ)

 

രാത്രി ഡ്യൂട്ടിക്ക് വന്നു ഹാജർ പുസ്തകത്തിൽ ഒപ്പിട്ടു തീരുന്നതിൻ മുൻപേ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. 

പ്രസവ മുറിയില്‍ നിന്നും സിസ്റ്ററാണ്. സാറേ ലേബര്‍ റൂമിലേക്ക്  വരുമോ ഒരു ഡെലിവറിയുണ്ട്.

പ്രസവ മുറിയുടെ മുന്നിലെ വരാന്തയിലെത്തുമ്പോൾ ആകാംഷയോടെ കാത്തു  നിൽക്കുന്ന  രണ്ടു മുഖങ്ങള്‍  ശ്രദ്ധയിൽ പെട്ടു.

ഒരു മധ്യവയസ്കയായ സ്ത്രീയും ഒരു യുവാവും. അവരുടെ മുന്നിലൂടെ പരിഭ്രമമൊന്നും പ്രകടിപ്പിക്കാതെ പ്രസവമുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചതും മൊബൈല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. വാർഡ് രണ്ടിൽ നിന്നാണ്. 

 

‘‘സാറേ ഒന്ന് വേഗം വരുമോ. ഒരു പേഷ്യന്റ് സീരിയസാ.’’

 

പ്രസവമുറിയിലേക്ക് എത്തി നോക്കിയപ്പോൾ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ഭാഗ്യം കുഞ്ഞ് കരഞ്ഞിരിക്കുന്നു.

എല്ലാവരുടെയും മുഖത്ത് ആശ്വാസമായി.  മനുഷ്യന്റെ കരച്ചില്‍ കേട്ടാൽ മനുഷ്യർ സന്തോഷിക്കുന്ന ഒരേ ഒരു സ്ഥലമാണ് പ്രസവമുറി എന്നു പറയുന്നത് എത്ര ശരിയാണ്. 

 

‘‘സിസ്റ്ററേ കുഴപ്പമൊന്നുമില്ലല്ലോ. എനിക്ക് വാർഡിൽ നിന്നും എമർജൻസി കോളുണ്ട് ഞാനങ്ങോട്ട് പോകട്ടെ.’’

 

‘‘ഇപ്പോള്‍ കുഴപ്പമില്ല സർ പോയിട്ട് വരൂ’’ സിസ്റ്ററുടെ മറുപടി കേൾക്കാത്ത താമസം ഒരോട്ടമായിരുന്നു. രാത്രി വൈകീട്ടും

കോണിപ്പടിയിലും വഴിയിലും കൂട്ടം കൂടി നിൽക്കുന്നവർക്കിടയിലൂടെ മുകളിലെ വാർഡിൽ ചെല്ലുമ്പോളേക്കും വിയർത്തിരുന്നു.

 

വാർഡിൽ സീരീസ് രോഗിയെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പതിനേഴാം നമ്പര്‍ ബെഡ്ഡിനു ചുറ്റും ആളുകള്‍ കൂട്ടം കൂടി  നിൽക്കുന്നു.

 

‘‘ഒന്ന് മാറിയേ സാർ നോക്കട്ടെ.’’

സിസ്റ്ററുടെ ആക്രോശം ആളുകള്‍ക്ക് തീരെ പിടിച്ച മട്ടില്ല. പലരും മടിച്ചു മടിച്ചു സ്വന്തം രോഗികളുടെ കിടക്കയ്ക്കരികിലേയ്ക്ക് മാറി.

സെക്യൂരിറ്റി വന്ന് ആളുകളെ മാറ്റി നിർത്താൻ ശ്രമം നടത്തുന്നുണ്ടായിരുന്നു.

 

‘‘പോകുക തന്നെയാടോ. ഇവിടെ താമസിക്കാൻ വന്നതൊന്നുമല്ല.’’ ഒരു കൂട്ടം ചെറുപ്പക്കാർ സെക്യൂരിറ്റി ജീവനക്കാരനോട്  തട്ടിക്കയറുന്നതു കണ്ടു. 

 

രോഗിയുടെ ശ്വാസം നിലയ്ക്കുന്നു. സിസറ്റർ ഓക്സിജൻ വച്ചിട്ടുണ്ട്. ചുറ്റും കൂടി നിൽക്കുന്നവർ ഓരോ ചലനവും സൂക്ഷ്മം

നിരീക്ഷിക്കുന്നു. വാർഡിലെ മറ(screen) കൊണ്ട് വന്നു വച്ച് എമർജൻസി ട്രീറ്റ്മെന്റ്റിനു ശേഷവും അയാള്‍ക്ക് അനക്കമില്ലായിരുന്നു.

 

കൂട്ടത്തിൽ നിന്നൊരാൾ ഒക്കത്ത് ഒരു അഞ്ചു വയസ്സുകാരി കുഞ്ഞിനെയും എടുത്തു കർട്ടന്റെ വിടവിലൂടെ എത്തിച്ചു നോക്കാന്‍  പാടുപെടുന്നുണ്ടായിരുന്നു. കട്ടിലിന്റെ ഒരറ്റത്തു നിന്ന ചെറുപ്പക്കാരനെ പിന്നോട്ട് മാറ്റി അയാള്‍ സൗകര്യമുളള സ്ഥലം കണ്ടെത്തിയിരിക്കുന്നു..

 

സെക്യൂരിറ്റി വാർഡിൽ നിന്നും പുറത്തു പോകാന്‍ പറഞ്ഞപ്പോൾ അയാള്‍ തട്ടിക്കയറുന്നതു കേൾക്കാമായിരുന്നു.

 

‘‘തന്റെ തറവാട് വീടൊന്നുമല്ലല്ലോ. സർക്കാരാശുപത്രിയല്ലേ. ഞങ്ങളുടെ കാശാ.’’ ടെൻഷൻ കൊണ്ടായിരിക്കും. മകനും പേരക്കുട്ടിയുമായിരിക്കും. മരണവിവരം പറയണ്ടേ. 

 

‘‘തീർന്നൂലേ?’’

 

അയാളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് അവിടെ വച്ചു മറുപടി പറഞ്ഞില്ല. 

‘‘വരൂ’’ അയാളെയും കൂടെ വിളിച്ചു നഴ്സിങ് സ്റ്റേഷനിലേയ്ക്ക് നടന്നു. 

ഇരുത്തിയ ശേഷം മുഖവുര കൂടാതെ കാര്യം പറയാന്നു വച്ചു. കുറച്ചു നാളായി സീരിയസ്സായി കിടക്കുന്ന  രോഗിയാണല്ലോ.

 

‘‘അച്ഛന് ക്യാൻസറായിരുന്നെന്നറിയാലോ. അദ്ദേഹം പോയി.’’

 

അയാളുടെ മുഖത്ത് യാതൊരുവിധ ഭാവമാറ്റവുമില്ലായിരുന്നു.

 

‘‘സാറേ എന്റെ അച്ചന് കുഴപ്പമൊന്നുമില്ലല്ലോ. ദാ ഇരുപത്തഞ്ചില് കിടക്കുന്നു. മരിച്ചാളുടെ മകന്‍ ദാ നിക്കുന്നു’’

 

വാർഡിന്റെ മൂലയില്‍ നിന്നും വിതുമ്പുന്ന ചെറുപ്പക്കാരനെ അപ്പോഴാണ് ശ്രദ്ധിച്ചത്.

 

‘‘അപ്പോള്‍ പിന്നെ താനെന്തിനാടോ പതിനേഴാം ബെഡ്ഡിനു ചുറ്റും കൂടി നിൽക്കുന്നുണ്ടായിരുന്നത്.’’

 

‘‘അത് ഞാന്‍ നിങ്ങൾ എന്താ ചെയ്യണേ എന്നറിയാൻ നിന്നതല്ലേ. ഒരു മരണമല്ലേ. ഞാൻ ഇതുവരെ കണ്ടിട്ടില്ല.’’

അയാളുടെ മറുപടി പെട്ടെന്നായിരുന്നു. ഒക്കത്തിരുന്ന അഞ്ച് വയസ്സുകാരി കുട്ടിയുടെ മുഖത്ത് ആകെ പരിഭ്രമം

 

ലേബര്‍ റൂമിലെ സിസ്റ്ററുടെ വിളി വന്നതിനാൽ പെട്ടെന്ന് എഴുന്നേറ്റ് പോന്നു. 

 

‘‘പേഷ്യന്റിന് ബ്ലീഡിംഗുണ്ട്. അത്യാവശ്യമായി രക്തബാങ്കിൽ പോയി രക്തം കൊണ്ടു വരണം. ഇതാ ചീട്ട്’’

 

ലേബര്‍ റൂമിന് പുറത്തു നിന്ന ചെറുപ്പക്കാരൻ സിസ്റ്റര്‍ തന്ന കുറിപ്പുമായി ഓടുന്നതു കണ്ടു.

 

സാറേ കുഞ്ഞ്? ലേബര്‍ റൂമിലേക്ക് കയറുമ്പോൾ മധ്യവയസ്ക തടഞ്ഞു കൊണ്ടു ചോദിച്ചു. ‘‘കണ്ടില്ലേ? സുഖമായിരിക്കുന്നു. ഇപ്പോൾ തരും ’’ പെട്ടെന്ന് പറഞ്ഞു ലേബര്‍ മുറിയില്‍ കയറി. 

 

‘‘സിസ്റ്റര്‍ കുഞ്ഞിനെ ബന്ധുക്കളെ കാണിച്ചില്ലേ?’’

 

‘‘ഇല്ല സർ, അപ്പോഴേക്കും ബ്ലീഡിംഗ് കൂടുതലായി. അതാ സാറിനെ വിളിച്ചത്. പിന്നെ അവരുടെ കൂടെ ആ സ്ത്രീ  മാത്രമേയുളളൂ. പേഷ്യന്റ് ഇപ്പോള്‍ സ്റ്റേബിളാ.. ബ്ലഡ് അറേഞ്ച് ചെയ്യാൻ ആളെ വിട്ടിട്ടുണ്ട്’’

 

അപ്പോള്‍ ആ ഓടിയ ചെറുപ്പക്കാരൻ?

 

‘‘അത് ഇന്നലെ പ്രസവിച്ച സ്ത്രീയുടെ കൂടെയുള്ള ബൈസ്റ്റാൻറ്ററാ. ഇവരുടെ കൂടെ ആണുങ്ങള്‍ ഇല്ലാത്തതിനാൽ

പറഞ്ഞു വിട്ടതാ.’’

 

*********    ********     *********    ********

 

മുതിര്‍ന്നവരുടെ വാർഡിൽ ഒരാൾ പരലോകത്തേയ്ക്ക് പോയപ്പോള്‍ കരഞ്ഞു കൊണ്ട് മറ്റൊരു ജീവൻ ലേബര്‍ റൂമിൽ പിറവിയെടുത്തിരിക്കുന്നു. വാർഡിൽ നിന്നും കൊണ്ടുവന്ന രജിസ്റ്ററിൽ മരണം സർട്ടിഫൈ ചെയ്തു. ഇപ്പോള്‍ ജനിച്ചു വീണ പൈതലിനെ കണ്ടു. ഇവിടേക്ക് വന്നതിന്റെ വിഷമം കൊണ്ടാണോ എന്നറിയില്ല അത് വലിയ വായിൽ കരയുന്നുണ്ടായിരുന്നു.

 

Content Summary: Bandhu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com