ADVERTISEMENT

കാതോരത്ത് (കഥ)

 

എന്തിനാ വിധു നീ ഇങ്ങനെ എപ്പോഴും വിളിച്ചോണ്ടിരിയ്ക്കുന്നേ... ഇവിടെ എല്ലാവരും സുഖായിരിയിക്കുന്നുണ്ട്. ശിൽപ്പയ്ക്ക് ഫോണിൽ സംസാരിയ്ക്കാനേ നേരമുള്ളൂ... നീ ഒന്ന് വെച്ചീട്ട് പോയേ... അവൾ കുളിക്കുകയാണ്

 

നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം അമ്മേ... കിച്ചൂന് പനിയാണെന്നറിഞ്ഞപ്പോൾ പോയ മനസമാധാനമാണ്... ഇപ്പോഴത്തെ അവസ്ഥയൊക്കെ അറിയുന്നതല്ലേ... നിങ്ങൾ പറയുന്നതു മാത്രം കേട്ട് വിശ്വസിച്ചും ആശ്വസിച്ചും ജീവിയ്ക്കുന്നവരാ ഞങ്ങൾ... ഞാനവിടെയുണ്ടെങ്കിൽ ഞാൻ കൊണ്ടുപോകില്ലേ എന്റെ മോനെ ഹോസ്പിറ്റലിൽ... ഞാൻ മരുന്ന് കൊടുക്കില്ലേ... ഈ നെഞ്ചിൽ കിടത്തി ഉറക്കില്ലേ ഞാനവനെ... വിധുവിന്റെ ശബ്ദം ഇടറി.

 

തുടങ്ങി അവന്റെ... എന്നാ എന്റെ മോൻ അവിടെ എല്ലാം അവസാനിപ്പിച്ച് ഇങ്ങോട്ട് വാ...

 

പറയാനൊക്കെ എളുപ്പമാ... വന്ന് രണ്ടാം പക്കം മുതൽ ഈ പറയുന്നവരുടെ മുഖത്തെ ഇരുട്ട് മുഴുവൻ ഞാൻ തന്നെ കാണണ്ടേ...

 

നീ എന്താന്ന് വച്ചാൽ ചെയ്യ്.. അവൾ കുളിയ്ക്കേണ്.. കിച്ചു ഉറങ്ങി... എനിയ്ക്ക് അടുക്കളേൽ നൂറ് കൂട്ടം പണിയുണ്ട്... കുറച്ച് കഴിഞ്ഞ് വിളിയ്ക്ക്...

 

അമ്മ ഫോൺ കട്ട്‌ ചെയ്ത ശബ്ദം കേൾക്കുമ്പോൾ വിധു താഴെ റോഡിൽ കൂടി വിയർത്തൊലിച്ച് നടന്ന് പോകുന്ന ഒരു മനുഷ്യനെ നോക്കി നിൽക്കുകയായിരുന്നു. അത് വേറെ ആരുമല്ല താൻ തന്നെയാണ്. കുറച്ച് വർഷങ്ങൾ മുൻപത്തെ വിധു.

 

ജീവിത സ്വപ്നങ്ങൾക്ക് മേൽ പച്ചപ്പ് വിരിയ്ക്കാനാണ് ഈ മണൽക്കട്ടിൽ വന്നിറങ്ങിയത്. ഇന്നിപ്പോൾ മണൽക്കാടെന്ന് പറയാമെന്നേയുള്ളൂ.. ഇന്നിത് ഒരു കോൺക്രീറ്റ് വനമാണ്.. അതിനിടയിൽ പച്ചപ്പിന്റെ കുളിർമ്മ പകരാനുള്ള ശ്രമങ്ങളും ധാരാളമായി നടക്കുന്നു.

 

ഇവിടെ വന്നിറങ്ങിയപ്പോൾ കണ്ട കാഴ്ച മനസ്സിനെ മരവിപ്പിച്ചു കളഞ്ഞു... നാടും വീടും കൂട്ടുകാരും അമ്പലവും കുളവും പുഴയും മഴയും പച്ചപ്പുമൊക്കെ നെഞ്ചിൽ ചേർത്ത് വച്ച് നടന്നിരുന്നവൻ വന്നിറങ്ങേണ്ട സ്ഥലം തന്നെ. നോക്കെത്താ ദൂരത്തോളം നീണ്ട് കിടക്കുന്ന ഉണങ്ങി വരണ്ട് ചുട്ടു പൊള്ളുന്ന ഭൂമി.. ഇവിടെ നിന്ന് വേണം ജീവിതത്തിലെ പച്ചപ്പ് തേടാൻ എന്നറിഞ്ഞ നിമിഷം ആഗ്രഹങ്ങളൊക്കെ ചുരുട്ടി മടക്കി വയ്ക്കുകയായിരുന്നു.

 

ജോലി കിട്ടിയെങ്കിലും രണ്ടാമത്തെ മാസം മുതൽ തന്നെ കാര്യങ്ങൾ അവതാളത്തിലായി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നൊരു കമ്പനി ആയിരുന്നു തനിയ്ക്ക് ജോലി നൽകിയതെന്നറിയാൻ അധികം വൈകേണ്ടി വന്നില്ല.

 

ആദ്യത്തെ മാസം കൃത്യമായി ലഭിച്ച ശമ്പളം പിന്നെ ലഭിയ്ക്കുന്നത് മൂന്നാമത്തെ മാസമാണ്. ഓരോ ദിവസവും തള്ളി നീക്കാൻ പാട് പെടുകയായിരുന്നു. കുബ്ബൂസും തൈരും പച്ചവെള്ളവും കൊണ്ട് തള്ളി നീക്കിയ ദിനങ്ങൾ. ഫോൺ ചാർജ് ചെയ്യാൻ പോലും ബുദ്ധിമുട്ടി.

 

ആ സമയത്താണ് കിച്ചുവിന് എമർജൻസി ആയി ഒരു സർജറി പറയുന്നത്. കാലിന്റെ ഒടിയിലുണ്ടായ ഒരു മുഴ. അന്നവന് മൂന്ന് വയസ്സ്. നാട്ടിലേക്കോടിച്ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് വരുന്ന ചിലവോർത്ത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

 

ആ പണം വീട്ടിലേക്കയച്ചാൽ അവിടത്തെ കാര്യങ്ങൾ നന്നായി നടക്കുമല്ലോ. കയ്യിലുണ്ടായിരുന്നതും കൂടെ താമസിക്കുന്നവരോട് വാങ്ങിയതുമെല്ലാം നുള്ളി പെറുക്കി അയച്ചു കൊടുത്തു. ഓപ്പറേഷൻ നടന്നു. വിവരങ്ങളറിയാൻ ഫോൺ ചെയ്യുന്നത് പോലും പിശുക്കി ഒരു മിനിറ്റിൽ ഒതുക്കി. അല്ലെങ്കിൽ ഇടയ്ക്കിടെ വിളിയ്ക്കാൻ പറ്റില്ല. അന്ന് മൊബൈൽ പ്രചാരം നേടി തുടങ്ങിയിട്ടേ ഉള്ളൂ. റൂമിൽ തന്റെ കയ്യിൽ മാത്രമായിരുന്നു മൊബൈൽ. ആഗ്രഹിയ്ക്കുമ്പോൾ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം വീട്ടുകാരുടെ ശബ്ദമെങ്കിലും കേൾക്കാമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും നാട്ടിൽ നിന്നും വരുമ്പോൾ ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ചു കൊണ്ട് വന്നത്.

 

സർജറി കഴിഞ്ഞ് മോനെ റൂമിൽ കൊണ്ട് വന്ന് അവന്റെ ശബ്ദം കേട്ടു കഴിഞ്ഞപ്പോഴാണ് സമാധാനമായത്. മോനോട് സംസാരിച്ചപ്പോൾ കുറച്ചധികം നേരം സംസാരിച്ച് ഫോണിൽ പൈസയും തീർത്താണ് കാൾ അവസാനിച്ചത്. എങ്കിലും മോന് സുഖമായല്ലോ എന്ന ആശ്വാസത്താൽ സമാധാനത്തോടെയാണ് അന്ന് ഉറങ്ങിയത്.

 

രാവിലെ എഴുന്നേൽക്കുമ്പോൾ റൂമിലെ എല്ലാവരും ജോലിയ്ക്ക് പോയിരുന്നു. ഫോൺ നോക്കുമ്പോൾ ശിൽപ്പയുടെ കുറേ മിസ്സ്‌ കാൾ. അങ്ങോട്ട് ശ്രമിയ്ക്കുമ്പോഴാണ് ഓർക്കുന്നത് ഫോണിൽ ബാലൻസ് ഇല്ലല്ലോ എന്ന്. അതോടെ ടെൻഷൻ ഇരട്ടിയായി. കാരണം പഴ്സ് കാലിയായിരുന്നു. എങ്ങനെ നാട്ടിലേയ്ക്കൊന്ന് വിളിയ്ക്കുമെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അടുത്ത റൂമുകളിലും ആരുമില്ല.

 

കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നതു കൊണ്ട് കമ്പനിയിലേക്ക് ഇനി ഇപ്പോഴെങ്ങും ചെല്ലേണ്ടതില്ല എന്ന അറിയിപ്പ് കിട്ടിയതിനാൽ ഓഫീസിൽ പോകുന്നില്ലായിരുന്നു. റൂമിൽ ഉള്ളവർ വരാതെ ഇനി ഒരു വഴിയില്ല. അവരുടെ സ്ഥിതിയും വ്യത്യസ്തമൊന്നുമല്ല. എങ്കിലും ഒരു പത്ത് റിയാൽ ചോദിച്ചാൽ അവർ എങ്ങിനെയും തരും. പക്ഷേ അതുവരെ താനെങ്ങിനെ മനസമാധാനത്തോടെയിരിയ്ക്കും.

 

അവസാനം ഒരു തീരുമാനത്തിലെത്തി. സാധനങ്ങൾ വാങ്ങാൻ പോകാറുള്ള ബക്കാലയിലെ പയ്യനോട് ചോദിച്ച് നോക്കാം ഒരു റീചാർജ് കൂപ്പൺ. സ്ഥിരമായി കാണുന്നതാണല്ലോ പരസ്പരം. വൈകുന്നേരം റൂമിലുള്ളവർ വരുമ്പോൾ വാങ്ങി കൊടുക്കാമല്ലോ. ജൂലൈ മാസത്തിലെ നാൽപ്പത് ഡിഗ്രി ചൂടിൽ ഇറങ്ങിയോടി.

 

മനുഷ്യരുടെ മനസ്സിന് കരിങ്കല്ലിനേക്കാൾ കടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത്. വിവരങ്ങളെല്ലാം പറഞ്ഞീട്ടും അവൻ ഒരു റീചാർജ് കൂപ്പൺ തരാൻ കൂട്ടാക്കിയില്ല. മുദീർ വഴക്ക് പറയുമെന്ന ഒറ്റ കാരണം പറഞ്ഞ് അവൻ ഒഴിഞ്ഞു നിന്നു. അവസാനം പത്ത് റിയാലെങ്കിലും തരാൻ കെഞ്ചി നോക്കി. തൊട്ടപ്പുറത്തുള്ള ഫോൺ ബൂത്തിൽ നിന്നെങ്കിലും വിളിച്ച് കാര്യമെന്താണെന്നൊന്നറിയാമല്ലോ. എത്ര പറഞ്ഞിട്ടും അവൻ തയാറായില്ല.

 

അവസാനം ആ ചൂടിൽ ബൂത്തിന് മുന്നിൽ ചെന്ന് നിന്നു. ആരെങ്കിലും വരുകയാണെങ്കിൽ അവരോട് വാങ്ങി

വിളിയ്ക്കാമെന്ന് കരുതി. എന്നാൽ എല്ലാവരും ജോലിയിലായതിനാലൊ തനിയ്ക്ക് ഭാഗ്യമില്ലാത്തതിനാലോ എന്തോ രണ്ട് മൂന്ന് മണിക്കൂർ നിന്ന് നോക്കിയിട്ടും ആരും വന്നില്ല.

 

അപ്പോഴേക്കും ശിൽപ്പയുടെ മിസ്കാൾ അനവധി ആയിരുന്നു. ഉള്ളിൽ ഒരു ഭയം അരിച്ചു കയറുകയായിരുന്നു. വീണ് പോകും എന്ന് തോന്നിയ നിമിഷം തിരിഞ്ഞു നടന്നു. മുറിയിൽ വന്ന് മതിയാകുവോളം ഉറക്കെ ഉറക്കെ കരഞ്ഞു. അന്ന് താൻ അത്രയ്ക്കും നിസ്സഹായനായി പോയൊരു മനുഷ്യനായി പോയല്ലോ എന്നോർത്ത്.

 

എന്തൊക്കെ സൗകര്യങ്ങളുണ്ടെങ്കിലും എത്രയൊക്കെ സ്നേഹബന്ധം പുലർത്തിയാലും എത്രയൊക്കെ ആഗ്രഹമുണ്ടായാലും ചില നേരം, നമ്മൾ മനുഷ്യർ തീർത്തും നിസ്സഹായർ ആയി പോകും. നിസ്സഹായതയുടെ ചങ്ങലകളാൽ ബന്ധിച്ച്, വിധി നമ്മെ നോക്കി ആർത്തട്ടഹസിയ്ക്കും. നമ്മളനുഭവിയ്ക്കേണ്ടി വരുന്ന ഒരു ദുരന്തം തന്നെയാണത്.

 

ബോധമില്ലാതെ എത്ര നേരം കിടന്നെന്നറിയില്ല. റൂമിലുള്ളവർ വന്ന് തട്ടി വിളിക്കുമ്പോഴാണ് എഴുന്നേൽക്കുന്നത്. വിവരമറിഞ്ഞപ്പോൾ അവർ റീചാർജ് കൂപ്പൺ വാങ്ങി നൽകി. അതിന് ശേഷമാണ് താൻ വീട്ടിലേക്ക് വിളിയ്ക്കുന്നത്. താൻ തിരിച്ചു വിളിയ്ക്കാതായപ്പോൾ അവരും പരിഭ്രാന്തരായിരുന്നു. കിച്ചുവിന് രാവിലെ പനിയും വിറയലുമൊക്കെയുണ്ടായത്രെ. അതുകണ്ട് പേടിച്ച് വിളിച്ചതാണവൾ. ഉച്ചയോടെ പനിയൊക്കെ കുറഞ്ഞ് ഇപ്പോൾ മിടുക്കനായിരിയ്ക്കുന്നു എന്നറിഞ്ഞപ്പോൾ അതുവരെ അനുഭവിച്ച വിഷമതകളെല്ലാം മറന്നു പോയി താൻ.

 

ഇരുളിനപ്പുറമൊരു പ്രകാശ കിരണം കാത്തിരിപ്പുണ്ടായിരിയ്ക്കും എന്നു പറയുന്നതു പോലെ തന്റെ ജീവിതവും മാറി മറഞ്ഞു. കുറേ അലയേണ്ടി വന്നെങ്കിലും നല്ലൊരു ജോലിയിലേക്ക് ചേക്കേറാൻ കഴിഞ്ഞു. ബുദ്ധിമുട്ടുകളൊക്കെ മാറി. ഇപ്പോൾ എല്ലാം നല്ല രീതിയിൽ നടക്കുന്നു.എങ്കിലും കഴിഞ്ഞു പോയതൊന്നും ഈ വിധു ഒരിയ്ക്കലും മറക്കില്ല. ആ കല്ലും മുള്ളും നിറഞ്ഞ വഴികളാണ് തന്റെ ഇന്നത്തെ ജീവിതത്തിന്റെ അടിത്തറയെന്ന് വ്യക്തമായറിയാം.

 

തന്റെ പ്രിയപ്പെട്ടവരുടെ ഒപ്പം നിൽക്കാൻ സാധിയ്ക്കാത്ത ഒരു വിഷമമേ ഇപ്പോഴുള്ളൂ. അവരെല്ലാവരും സുഖമായിരിയ്ക്കുന്നു എന്ന് കേൾക്കുന്നതാണ് ഏറ്റവും സന്തോഷം. അവർക്കറിയില്ലല്ലോ അന്നൊരു ദിവസം താനനുഭവിച്ച വിഷമതകൾ. അകലത്തിരുന്ന് കൊണ്ട് തനിയ്ക്കാകെ ചെയ്യാൻ പറ്റുന്നത് തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ട മാനസീക പിന്തുണ നൽകുക മാത്രമാണ്. അതിനായി താനെപ്പോഴും അവരുടെ കാതോരത്ത് ഉണ്ടാവുക തന്നെ ചെയ്യും.

 

ഇന്നിപ്പോൾ വിളിയ്ക്കാനും കാണാനുമൊക്കെ ആവശ്യത്തിലധികം സൗകര്യങ്ങളുണ്ട്. അതാണ് പ്രശ്നമായതെന്നാണ് അമ്മയുടെ ഭാഷ്യം. തന്നെപ്പോലുള്ള പ്രവാസികൾക്ക് അതൊരനുഗ്രഹമാണെന്ന് അവർക്ക് മനസിലാകുന്നില്ലല്ലോ.

 

ചിലപ്പോൾ കിച്ചു എഴുന്നേറ്റിട്ടുണ്ടാകും. വിളിച്ചു നോക്കാം. അയാൾ ഫോണിൽ വിരലമർത്തി കാതിലേക്ക് ചേർത്തു.

 

Content Summary: Kathorath, Malayalam short story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com