ADVERTISEMENT

അസ്തമയത്തിന്റെ ഭംഗി (കഥ)

 

ഉച്ചച്ചൂടിൽ തിളയ്ക്കുന്ന നഗരഹൃദയത്തിലെ തിരക്കിലേക്ക് അച്ഛനും മകളും ബസ്സിൽനിന്നിറങ്ങി. കേട്ടുമാത്രം പരിചയമുള്ള നഗരം ആദ്യമായികണ്ട അദ്ഭുതത്തോടും അമ്പരപ്പോടും മകൾ ചുറ്റും നോക്കി. നീണ്ട വർഷങ്ങൾക്കുശേഷം നഗരത്തിലെത്തിയ അച്ഛനാകട്ടെ, പുതിയ നഗരത്തിന്റെ ഭയപ്പെടുത്തുന്ന പ്രൗഢിയും ഗാംഭീര്യവും കണ്ടു പകച്ചുനിന്നു. പ്രമുഖ ടിവി ചാനലും ബ്രാണ്ടിക്കമ്പനിയും ചേർന്നു നടത്തുന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പിന്റെ പ്രാരംഭ അഭിമുഖത്തിനു വേണ്ടി ഒരു മുന്തിയ ഹോട്ടലിലേക്ക് ക്ഷണമനുസരിച്ച് വന്നതായിരുന്നു അവർ.

എട്ടിൽ പഠിക്കുന്ന മകൾക്ക് പാട്ടിലും ഡാൻസിലും ചിത്രരചനയിലും മിമിക്രിയിലുമൊക്കെ താത്പര്യമുണ്ട്. 

അച്ഛൻ അവളെ അറിയപ്പെടുന്നൊരു ഗായികയാക്കാനും അമ്മ അവളെ പ്രശസ്തയായൊരു നടിയാക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ്. മകൾക്ക് ഇതിലൊന്നുമായിരുന്നില്ല, നല്ലൊരു കാമുകിയാകാനായിരുന്നു കൂടുതൽ താൽപര്യം. നല്ലതെന്നു പറഞ്ഞാൽ, ഇപ്പോൾത്തന്നെ അവൾ ഒരാളെ വലുതായിട്ടും മറ്റൊരാളെ ചെറുതായിട്ടും പ്രേമിക്കുന്നുണ്ട്. കൈയിലിരിക്കുന്ന മൊബൈലിലൂടെ മാത്രം സംസാരിച്ചുള്ള ചെറിയ പ്രേമം ഇനി വലുതാകുമോയെന്നൊന്നും അവൾക്കറിഞ്ഞുകൂടാ. ആളെയൊന്നു നേരിട്ടുകണ്ടാലേ അതു പറയാൻപറ്റൂ. മറ്റേയാൾ കൂടെ പഠിക്കുന്നൊരു പൊക്കക്കാരൻ പയ്യനാണ്. മൊബൈൽപ്രേമം അവന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അവൾ ഇപ്പോൾത്തന്നെ നന്നായി അഭിനയിക്കുന്നുമുണ്ട്. അങ്ങനെ നോക്കുമ്പോൾ അവൾക്ക് അമ്മയുടെ അഭിനയ പ്രേമത്തോട് താത്പര്യമില്ലാതില്ല. എന്നാൽ അച്ഛന്റെ പാട്ടുപ്രേമം ഇത്തിരി കഠിനമാണെന്നാണ് അവൾ പറയാറ്, കൂട്ടുകാരികളോട്.

ഇതിപ്പോൾ മൽസരവിജയിയായി ഒരു വലിയ കുട്ടകം നിറയെ സ്വർണനാണയങ്ങളും ഈ നഗരത്തിൽത്തന്നെ വലിയൊരു ഫ്ളാറ്റും തമിഴിലെയും മലയാളത്തിലെയും നാലു സൂപ്പർസ്റ്റാറുകൾക്കൊപ്പം അവർ ഒന്നിച്ചഭിനയിക്കുന്ന ആദ്യ സിനിമയിൽതന്നെ നായികയായി അഭിനയിക്കാനുള്ള, തികച്ചും അപൂർവവും ഗംഭീരവുമായ അവസരവും വാഗ്ദാനം ചെയ്തുള്ള പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് വന്നിരിക്കുന്നത്.

 

അച്ഛന്റെ പാട്ടുപ്രേമവും അമ്മയുടെ അഭിനയപ്രേമവും മകൾ ഒന്നിച്ച് സാക്ഷാത്ക്കരിക്കാൻ പോവുകയാണ്. അമ്മ ഇപ്പോൾ അമ്പലങ്ങളും പള്ളികളും കയറിയിറങ്ങി നേർച്ചയിടുകയായിരിക്കും, മകൾക്ക് സിലക്‌ഷൻ കിട്ടാൻ. രാവിലെ നാട്ടിൽനിന്നു പുറപ്പെടുമ്പോൾത്തന്നെ വലിയൊരു ജനക്കൂട്ടം അച്ഛനെയും മകളെയും യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

 

നാട്ടിൽനിന്നു കാറിൽ യാത്ര ചെയ്യാനുള്ള പണം നാട്ടുകാർ പിരിച്ചെടുത്ത് അച്ഛന്റെ കൈയിൽ കൊടുത്തിരുന്നു. അച്ഛന്റെ കൈയിൽ പണമില്ലാഞ്ഞിട്ടല്ല. ഇത് നാട്ടുകാരുടെ സന്തോഷം. നാളത്തെ വലിയ ഗായികയ്ക്ക്, വലിയ നടിക്ക് നാട്ടുകാർ ആദ്യമായി കൊടുക്കുന്ന സമ്മാനം. അച്ഛൻ അത് സന്തോഷത്തോടെ വാങ്ങിയെങ്കിലും അമ്മ അച്ഛനെ ഓർമപ്പെടുത്തി: ‘ഇതെന്തൊരു മറവിയാണ്, ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലേ ട്രയിനിലും ബസിലും മാത്രമേ യാത്രചയ്യാവൂയെന്ന്.’

നഗരത്തിലേക്കു ട്രെയിനിൽ എത്തുക. സ്റ്റേഷനിൽനിന്നു ബസു പിടിച്ച് ഹോട്ടലിൽ എത്തുക. ഓട്ടോയിൽപോലും യാത്ര ചെയ്യരുത്.

ആവശ്യമില്ലാത്ത ഓരോരോ നിബന്ധനകള് എന്ന് അച്ഛൻ ഉള്ളാൽ നിനച്ചു.

അമ്മയാകട്ടെ, നാട്ടുകാർ തന്ന രൂപ അച്ഛന്റെ കൈയിൽനിന്നു വാങ്ങി ദേവാലയങ്ങൾ ചുറ്റാനിറങ്ങി.

 

അച്ഛനും മകളും ട്രെയിനിൽ നഗരത്തിലെ വലിയ സ്റ്റേഷനിൽ വന്നിറങ്ങി., അവിടെനിന്നു പാടുപെട്ട് നഗരഹൃദയത്തിലുമെത്തി. ഇനി മുന്തിയ ഹോട്ടലിലേക്കു നടക്കണം. തിരക്കിൽ കൂട്ടം തെറ്റാതിരിക്കാൻ അച്ഛൻ മകളുടെ കൈ പിടിച്ച് ഫുട്പാത്തിലൂടെ നടന്നു. നഗരം എല്ലാംകൊണ്ടും തിളയ്ക്കുകയാണെന്ന് അച്ഛനു തോന്നി. പെട്ടെന്ന്, ഓർക്കാപ്പുറത്ത് മകളുടെ മറ്റേകൈയിൽ ഒരു പിടുത്തം വീണത് മകളറിഞ്ഞു. കരുത്തുള്ളൊരു പിടുത്തം. മകൾ ഭയന്നു നോക്കി.

 

ഗംഭീരനായൊരു വില്ലൻ മകളെ നോക്കി ചിരിച്ചു. അവൾ ഇത്തിരി മൂത്രമൊഴിച്ചുപോയി, അറിയാതെ.

അയാളുടെ കൈ വിടുവിക്കാൻ ആവുന്നത്ര നോക്കി. വലിയൊരു കരച്ചിൽ അവളുടെ തൊണ്ടയിൽ കുടുങ്ങി. ഭയന്നു വിറച്ചുകൊണ്ട് അവൾ അച്ഛനെനോക്കി.

അച്ഛൻ അപ്പോഴാണ് മകളുടെ മറ്റേകൈയിൽ ആരോ പിടിച്ചിരിക്കുന്നത് അറിയുന്നത്. അച്ഛനാകട്ടെ തലകറങ്ങുന്നതുപോലെ തോന്നി. ഇപ്പോൾ തിരക്കിലൂടെ മകളുടെ ഇരുകൈകളിലും അച്ഛനും മറ്റേയാളും പിടിച്ച് നടക്കുകയാണ്.

 

മകൾക്കും തല ചുറ്റുകയാണ്. മറ്റെയാളുടെ പിടി മുറുകുന്തോറും അച്ഛന്റെ പിടി അയയുകയാണ്.

അച്ഛൻ പെട്ടെന്നുകിട്ടിയ ശക്തി മുഴുവൻ സംഭരിച്ച് മറ്റെയാളെ തള്ളിമാറ്റാൻ ശ്രമിച്ചു. അയാൾ ഒരുന്തുകൊടുത്തു. അച്ഛൻ വേച്ചുവേച്ചുപോയി. അച്ഛൻ ഉള്ള ശബ്ദം മുഴുവനുമെടുത്ത് കരഞ്ഞ് ജനക്കൂട്ടത്തോടു പറഞ്ഞു: “ഞങ്ങളെ രക്ഷിക്കണേ... ദേ... എന്റെ മോളെ അയാൾ....”

ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒന്നും സംഭവിക്കാത്തപോലെ ജനങ്ങൾ ഒഴുകി.

ഇതിനിടയിൽ അയാൾ അച്ഛനെചൂണ്ടി പറഞ്ഞു: “എന്റെ മകളുടെ കൈയിൽ ദേ അയാളാണ് പിടിച്ചിരിക്കുന്നത്” അതുകേട്ടപ്പോൾ അച്ഛന് മരിച്ചാൽമതിയെന്നു തോന്നി. ചിലരെല്ലാം അതുകേട്ട് തിരിഞ്ഞുനോക്കി ചിരിച്ച്, നടന്നകന്നുവോ.

 

ആരും സഹായിക്കാനില്ലെന്ന തിരിച്ചറിവിൽ അച്ഛന്റെ കൈ മകളുടെ കൈയിൽനിന്നും പിടിയയഞ്ഞ് വിട്ടുപോയി.

മകളെയും കൊണ്ട് അയാൾ നടന്നകന്നു.

 

അച്ഛൻ ദൈവങ്ങളെയെല്ലാം വാരിപ്പിടിച്ചുകൊണ്ട് അയാളുടെ പിറകേ ഓടിച്ചെന്ന് തള്ളി മകളെ വിടുവിക്കാനുള്ള ശ്രമം നടത്തി. അയാളാകട്ടെ നിസ്സാരമായി അച്ഛനൊരുന്തുകൊടുത്തു. അച്ഛൻ വാവിട്ടലറി മകളെ രക്ഷിക്കണമെന്നപേക്ഷിച്ചു. ദയവുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഞങ്ങളെ സഹായിക്കണമെന്നപേക്ഷിച്ചു. ആരും തയാറായില്ല. നാട്ടിലായിരുന്നെങ്കിൽ ഈയൊരു ഗതികേടുണ്ടാകുമായിരുന്നില്ലെന്ന് അച്ഛനോർത്തു. ഈ നഗരത്തിൽ ആർക്കും ആരോടും ഒരു ദയയുമില്ലല്ലോ. അവനോനേൽക്കാത്തത് കണ്ടു രസിക്കാനാണല്ലോ താത്പര്യം.

മകളാണെങ്കിൽ കരഞ്ഞു തളർന്ന് അയാളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.

 

ട്രാഫിക് നോക്കിയിരുന്ന പൊലീസുകാരനോട് അവൾ കേണപേക്ഷിച്ച് വിളിച്ചു പറഞ്ഞു. പൊലീസുകാരൻ ഒന്നു നോക്കി, വീണ്ടും തിരിഞ്ഞ് വണ്ടികൾ നേർവഴിക്ക് വിടാൻ ശ്രമിച്ചു. വണ്ടികളിലിരുന്ന ചിലർ ഇതുകണ്ട് തലപുറത്തേക്കിട്ടുനോക്കി.

ചില കാൽനടത്തക്കാർ അച്ഛന്റെ കരച്ചിലും മകളുടെ പരാക്രമവും അയാളുടെ കൂസലില്ലായ്മയും കണ്ട്  രസം പിടിച്ച് ഉത്സാഹത്തോടെ ചുറ്റും കൂടിനിന്നു.

 

ഒടുവിൽ, ഏതോഒരവസരത്തിൽ മകൾക്ക് ഒരുൾബുദ്ധി തോന്നി. ചില സിനിമയിൽകാണുമ്പോലെ, അയാളുടെ കൈയിൽ കടിച്ച് കൈ വിടുവിക്കാൻ പറ്റി. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടവൾ ഓടി, നഗരത്തിലെ തിരക്കിലൂടെ...

ഓടിയോടി, വലിയ രാജവീഥിയിൽ പാഞ്ഞുവരുന്ന വണ്ടികളെ നോക്കാതെ രണ്ടും കല്പിച്ച് റോഡിനു കുറുകേ കടന്നു. വണ്ടികൾ അവളുടെ ഓട്ടം കണ്ട് ബ്രേക്കിട്ടു. അവൾ അപ്പുറം കടന്ന് മൈതാനത്തേക്കോടി.

ഓടുന്നതിനിടയിൽ അവൾ കരഞ്ഞുകൊണ്ട് എന്തൊക്കെയോ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

അവളെ രക്ഷപ്പെടുത്താൻ ആരുമില്ലെന്ന ദുഃഖസത്യം അവളറിഞ്ഞു.

തളർന്നിട്ടും തകർന്നിട്ടും അവളോടി...

 

അവളുടെ പിറകേ അയാളും അയാളുടെ പിറകേ അച്ഛനും അച്ഛനു പിറകേ ജനങ്ങളും ഓടി...

അവൾ തുറന്നിട്ട ഗെയ്റ്റ് കടന്ന് പാർക്കിലേക്കോടി. പാർക്കിൽ കാറ്റുകൊണ്ടിരുന്നവർ അതുകണ്ട് ഒന്നു ഞെട്ടിയെങ്കിലും പിന്നെ അവർ അതേ ഇരിപ്പിൽ ഇരുന്നു. ഏതോ ഒരു പെണ്ണെന്നുള്ള ആശ്വാസത്തിൽ...

അവൾ തളർന്നു വീണു. 

അവൾക്കു പിറകേ അയാൾ പാഞ്ഞെത്തി.

ഇപ്പോൾ പാർക്കിലെ ഗാന്ധിപ്രതിമയുടെ മുമ്പിലാണ് അവൾ കിടക്കുന്നത്. ഗാന്ധിജി ധ്യാനിച്ചിരിക്കുകയാണ്.

അയാൾ അവളുടെ അടുത്തുവന്നുനിന്ന് അണച്ചു.

വലിയൊരു ക്രൂരച്ചിരിയോടെ അയാൾ കമിഴ്ന്നുകിടന്ന അവളെ തിരിച്ചിട്ടു. അവളുടെ ടോപ്പിന്റെ ബട്ടൻസ് പൊട്ടിച്ചു.

അവൾ കിടന്നുകൊണ്ടലറി.

അച്ഛൻ ഇല്ലാത്ത ശക്തിയെടുത്ത് അയാളെ എതിർക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.

ജനങ്ങൾ ഉത്സാഹത്തോടെ കണ്ടുനിന്നു.

കാറ്റുകൊണ്ടിരുന്നവരെല്ലാം പുതിയ കാഴ്ചകണ്ട് ഒത്തുകൂടി. അതിൽ അച്ഛനും മകളും അമ്മയുമുണ്ടായിരുന്നു. ഇത് തങ്ങൾക്കല്ലല്ലോ സംഭവിച്ചതെന്നവർ ആശ്വാസംകൊണ്ടു. തങ്ങൾക്ക് സംഭവിക്കില്ലെന്നും ഉറപ്പിച്ചു.

മകൾ ഉള്ള ശക്തിയെടുത്ത് അയാളെ ചവിട്ടിമാറ്റി എഴുന്നേറ്റോടി.

പാർക്കിന്റെ അരമതിലിനപ്പുറം കായലായിരുന്നു.

അവൾ വലിയൊരു തിരപോലെ ഓടിവന്ന് അരമതിലിൽ കയറി.

ദൂരെ, അതുകണ്ട് തകർന്നു തളർന്ന അച്ഛൻ “മോളേ” യെന്നു  നിലവിളിച്ചു.

മറ്റെയാളാകട്ടെ അവളുടെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും കായലിലേക്ക് അവൾ ചാടുമെന്നുകണ്ട് ഭയന്നു നിന്നു.

അവൾ കായലിലേക്കു ചാടി. അച്ഛൻ ബോധംകെട്ടുവീണു. മറ്റേയാൾ തലയ്ക്കു കൈകൊടുത്തുനിന്നു.

ജനങ്ങൾ ഒറ്റവായിൽ “അയ്യോ”യെന്നു വിളിച്ചു.

 

അച്ഛന്റെ ബോധം തിരിച്ചുകിട്ടിയപ്പോളാകട്ടെ മകൾ അടുത്തിരിപ്പുണ്ട്. അവളുടെ മുടിയിലൂടെ വെള്ളം ഇറ്റിറ്റ് നിലത്തുവീണു.

അവൾ ഉത്സാഹവതിയായി കാണപ്പെട്ടു.

തൊട്ടടുത്ത്, മകളെ ആക്രമിച്ച ആൾ ഒരു സുന്ദരച്ചിരിയോടെ നിൽപ്പുണ്ട്.

ജനങ്ങൾ ആഹ്ളാദത്തോടെയും അതിലേറെ അസൂയയോടെയും നിന്നു.

പാർക്കിനപ്പുറം അപ്പോൾ സൂര്യൻ കായലിൽ ചുവന്ന വെളിച്ചം വിതറി ചിരിക്കുകയായിരുന്നു.

അസ്തമയം കാണാൻ എന്തു ഭംഗിയെന്ന് മകൾ ഉള്ളിൽ പറഞ്ഞു.

അപ്പോൾ അച്ഛനും തോന്നി, ഈ അസ്തമയം ജീവിതത്തിൽ ഒരിക്കലും മറക്കാത്തതാണെന്ന്. അച്ഛന് സന്തോഷം അടക്കാനായില്ല. അച്ഛൻ മകളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. മകളാകട്ടെ സ്വർഗ്ഗം കിട്ടിയപോലെ നിന്നു.

പിടിച്ചുമാറ്റാൻ തുനിയാത്ത ജനങ്ങളാകട്ടെ അസൂയകൊണ്ടു. കിട്ടിയ അവസരം കളഞ്ഞതിൽ നിരാശപൂണ്ടു..

ഇത് റിയാലിറ്റിഷോയുടെ സംഘാടകർ ഒരുക്കിയ ഒരു കെണിയും നാടകവുമായിരുന്നു. വില്ലനൊഴിച്ച് ആരും തന്നെ ഈ നിമിഷംവരെ അത് അറിയാതെ സൂക്ഷിക്കാൻ കഴിഞ്ഞതിൽ അവർ അഭിമാനംകൊണ്ടു.

ഈ മത്സരത്തിൽ മറ്റു മത്സരാർഥികളിൽനിന്നും അച്ഛനും മകളും എന്തുകൊണ്ടും വളരെ മുന്നിലായിരുന്നു. വ്യത്യസ്തരും.

 

ജഡ്ജിങ് കമ്മിറ്റി മകളെയും അച്ഛനെയും വാരിക്കോരി പ്രശംസിച്ചു. മകളും അച്ഛനും പുളകംകൊണ്ടുനിന്നു.

റിയാലിറ്റി ഷോയിലേക്ക് മകൾ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം അച്ഛൻ അമ്മയെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചു.

 

തിരഞ്ഞെടുക്കപ്പെട്ടതുതന്നെ വലിയൊരു ഭാഗ്യമാണെന്നും ഇനി നൂറുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ മകൾതന്നെ ഒന്നാം സ്ഥാനത്തെത്തി കുട്ടകസ്വർണവും മറ്റും കരസ്ഥമാക്കുമെന്നും അച്ഛൻ വിശ്വാസത്തോടെ ചാനൽക്യാമറയ്ക്കു മുന്നിൽനിന്നു പറഞ്ഞു.

 

മകളുടെയും അച്ഛന്റെയും പ്രകടനം വളരെ മികച്ചതായതുകൊണ്ട് നാളത്തെ പ്രൈംടൈമിൽ ഇത് ചാനൽ സംപ്രേഷണം ചെയ്യാൻ പ്രത്യേകം തീരുമാനിച്ച വിവരം പാർക്കിൽവച്ച് ചാനലിന്റെ എംഡി പുറത്തുവിട്ടു.

 

പിറ്റേന്ന്, 

മകളും അച്ഛനും അമ്മയും വീട്ടിലിരുന്ന് പ്രോഗ്രാം കണ്ടു. കണ്ടുകൊണ്ടിരിക്കെ, അമ്മയുടെ കൂട്ടുകാരിയോട് മൊബൈൽഫോണിൽ അത്യാഹ്ളാദത്തോടെ അമ്മ പറഞ്ഞു: “മോളെ ബലാൽസംഗം ചെയ്യാൻ പോകുമ്പോഴുള്ള മുഖത്തെ ഭാവം കാണേണ്ടതുതന്നെ ശ്യാമളേ, ഇവൾക്ക് നല്ലൊരു ഭാവിയുണ്ട്”.

 

Content Summary: Asthamayathinte Bhangi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com