ADVERTISEMENT

ഇരുട്ട് അതാണ് അയാളെ മറ്റുള്ളവർ വിളിക്കുന്ന പേര്. ബാലന്  ആ പേര്  വീഴാൻ ഒരു  കാരണമുണ്ട്. ഒരുപക്ഷെ പല വൃത്തികെട്ട കാരണങ്ങൾ. ചെറുപ്പം മുതൽ രാത്രി സഞ്ചാരിയാണ് ബാലൻ.  മറ്റാരും കാണാത്ത കാഴ്ചകൾ കാണാൻ ഉള്ള ആഗ്രഹമാണ് അതിനു പിന്നിലെ ചേതോവികാരം എന്നാണ് ബാലൻ തന്നെ പറയുന്ന ഒരു കാരണം... ചെറുപ്പത്തിന്റെ കൗതുകമോ ബലഹീനതയോ ചില രാത്രികളിൽ.. ഇരുട്ടിൽ... ഉറക്കറയിലേക്കും കുളിമുറിയിലേക്കും ആ നോട്ടത്തെ നീട്ടി. ഒരുനാൾ പിടി വീണു... പിന്നീട് പലനാൾ പിടിക്കപ്പെട്ടു. ബാലനത്  നിർത്താൻ കഴിഞ്ഞില്ല. അത് അയാളുടെ സ്വഭാവമായി മാറി. അതിനു പിന്നിൽ വേറെയും കാരണം ഉണ്ടായിരുന്നു. പലകരണങ്ങളാൽ പല ലഹരിയിൽ ആറടി വരുന്ന ആളുകളുടെ മടിയിൽ നിന്നും പൊഴിയുന്ന നിധികൾ അതിരാവിലെയോ അർദ്ധ രാത്രിയിൽ തന്നെ അയാൾ പോയി പെറുക്കിയെടുത്തു.... വിശന്നപ്പോൾ ആഹാരം കട്ടെടുത്തു. ഇഷ്ടം തോന്നിയത് കവർന്നു. അനുവാദം ഇല്ലാതെ കാണാൻ പാടില്ലാത്ത കാഴ്ച്ചകൾ കണ്ടു... കേട്ടു... അനുവാദമില്ലാതെ കാണുന്നതും കേൾക്കുന്നതും കളവ് തന്നെയാണ് എന്നു ബാലൻ വിശ്വസിച്ചിരുന്നു. എങ്കിലും അത് കൊണ്ട് നടന്നു വികൃതമായ അടയാളം പോലെ.

ഇപ്പോൾ ഇരുട്ടിനു 26 വയസ്സ് പ്രായം. കറുത്ത നിറം, ചെറിയ ശരീരം, എപ്പോഴും ഒരു ബീഡി അയാളുടെ ചുണ്ടിലിരുന്നു പുകയും.  ഒരു ചെറിയ പഴയകാല തീവണ്ടിയെ ഓർമ്മ വരും.  കറുത്തു പുക പിടിച്ച ഇരുണ്ടുപോയ ഒരു ചെറിയ ഇരുമ്പു കഷ്ണം പുക ഊതി മെല്ലെ സാവധാനം ചലിക്കുന്ന ഒരു തീവണ്ടി. സ്വന്തം നാട്ടിൽ നിന്നും അയാൾ പണമോ ഉരുപടികളോ മോഷ്ടിക്കില്ല. ആഹാരം കഴിക്കാൻ തോന്നിയാൽ അത് മോഷ്ടിക്കും. സ്വന്തം നാട്ടിൽ ഒളിഞ്ഞു നോക്കാന്നാണ് അയാൾക്കു താൽപ്പര്യം. ഇരുട്ട് പഴയ ഏതോ കാലഘട്ടത്തിൽ നിന്നും വഴി തെറ്റി ദിശ തെറ്റി ഇവിടെ ഈ കാലഘട്ടത്തിൽ പെട്ടു പോയതാരിക്കുമെന്ന് പലർക്കും തോന്നിയിരുന്നു. ഒരു വിചിത്രമായ രൂപവും ഭാവവും ആയിരുന്നു അയാൾക്ക്. ഏകാന്തമായി ഇരുട്ട് അവന്റെ ഒപ്പം ഇരുന്ന നിമിഷത്തിൽ അയാൾക്കും അത് തോന്നിയിട്ടുണ്ട്. ഒരു നിശ്വാസത്തിൽ പൊതിഞ്ഞു അയാൾ അത് എപ്പോഴും വായുവിൽ നിമഞ്ജനം ചെയ്യും. 

 

ഒരുനാൾ ബാലൻ പതിവ് പോലെ രാത്രി സഞ്ചാരത്തിന് പോയി. അയാൾ എല്ല ദിവസവും പോകില്ല. അയാൾക്ക് തോന്നുന്ന ചില ദിവസങ്ങളിൽ മാത്രം... ചില തോന്നലുകൾ അയാൾക്ക് നല്ല രാശി ആയിരുന്നു. ചിലത് വലിയ കെണിയുമായിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചില ഭയാനക നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ആ ഓട്ടങ്ങളുടെ കിതപ്പ് മാറാൻ ഒരുപാട് നാൾ വേണ്ടി വന്നു.  മടി തോന്നുന്ന ദിവസം അയാൾ പോകില്ല, എന്തിനു ഏറെ മുറ്റത്തേക്ക് പോലും ആ രാത്രി ഇറങ്ങില്ല. മനസിന്റെ തോന്നൽ അത് ഏത് യാത്രയ്ക്കും ഒരു കൈ താങ്ങാണ്. മനസ്സാണ് ആദ്യത്തെയും അവസാനത്തെയും വഴികാട്ടി. ഇന്ന് ഇറങ്ങിയപ്പോൾ തന്നെ അയാൾക്ക് തോന്നി, രാത്രി എന്തോ വലിയ കാഴ്ച ഒരുക്കി വച്ചിട്ട് തന്നെ വിളിക്കുകയാണ്..... വിരുന്നുണ്ണാൻ...  

 

അയാൾ വെറുതെ നടന്നു……… “അപ്പനെ മുരുക”…..

വഴികൾ എല്ലാത്തിനും സാക്ഷിയായി നീണ്ടു കിടന്നു. 

ഇടവഴി തിരിഞ്ഞു നടന്നപ്പോൾ വയറിൽ വിശപ്പിന്റെ നിലവിളികേട്ടു. 

എന്നും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയാണ് വിശപ്പ്....അൽപം വെള്ളം എങ്കിലും കുടിക്കണം. വഴിമധ്യേ തെരുവ്‌ വൈദ്യുതി വിളക്കിന്റെ വെളിച്ചം... അത് രാത്രിയുടെ ഭംഗി കുറക്കുന്ന പോലെ അയാൾക്കു തോന്നി. ദൂരെ ഒരു വീട്ടിൽ ദീപങ്ങൾ അണഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥൻ സന്തോഷിന്റെ വീടാണ്. എല്ലാരും കിടന്നു കാണും. വീട്ടിൽ അയാളും ഭാര്യയും കൊച്ചും മാത്രം ഒള്ളു. അടുക്കളയിൽ കയറി എന്തേലും കഴിക്കാം അല്ലതെ ഒന്നും കാണില്ല അവിടെ. അല്ലേലും സ്വന്തം നാട്ടിൽ നിന്നും എന്തു മോഷണം.

 

തൊടിയിൽ കൂടി നടന്നു വീടിന്റെ അടുത്തെത്തി. പെട്ടന്ന് ഒരു വെളിച്ചം ഏതോ മുറിയിൽ തെളിഞ്ഞു. അയാൾ വിശപ്പു മറന്നു. വിശപ്പിനു മുകളിൽ ബലഹീനതയുടെ പിടിമുറുക്കം. അയാൾ ചില്ലു ഗ്ലാസ്സിട്ട ജാലകത്തിൽ കൂടി അകത്തേക്ക് നോക്കി. അരണ്ട വെളിച്ചത്തിൽ ഒരു സ്വർണ മത്സ്യത്തെ പോലെ ഒരു സൗന്ദര്യദാമം വസ്ത്രം മാറുന്നു...... അയാൾ അവിടെ തന്നെ നിന്നു... കണ്ണു ചിമ്മാതെ.... വിശപ്പു മറന്നു...നാട്ടിലെ പലരുടെയും ഉറക്കം കളഞ്ഞ സുന്ദരിയുടെ ഉറക്കറയിലെ വസ്ത്രമാറ്റം കണ്ടപ്പോൾ ബാലൻ ഇന്നത്തെ തോന്നലിന് നന്ദി പറഞ്ഞു.  ആ ഉന്മാദ ലഹരിയുടെ നിർമ്മല പരമാനന്ദത്തിൽ ലയിച്ചു ഒരു ബീഡി കത്തിച്ചു മെല്ലെ ബാലൻ അവിടെ നിന്നും ഇറങ്ങി നടന്നു... 

 

ഇനിയും അലയാം,,, 

സമയം ഒന്നും ആയിട്ടില്ല... 

അയാൾ വീണ്ടും നടന്നു.

 

കാവിന്റെ മുന്നിൽ കൂടി നടന്നപ്പോൾ നാഗദൈവങ്ങളോട് സംസാരിച്ചു.. ഒരു മൂങ്ങ കാവിൽ ഇരുന്ന് ചിലക്കുന്നുണ്ടായിരുന്നു. പിന്നെയും മുന്നോട്ട് നടന്നു. അപ്പോളായിരുന്നു തൊടിയിൽ മേനോൻ സാറിന്റെ വീട്ടിൽ ഒരു അനക്കം കേട്ടത്. ഏയ് അവിടെ മേനോൻ സാറിന്റെ മരണ ശേഷം മകൻ ശബരിനാഥ്‌ ഒറ്റക്കാണ് താമസം. അവന്റെ കല്യാണം നിശ്ചയം കഴിഞ്ഞപ്പോഴായിരുന്നു മേനോൻ സാറിന്റെ മരണം. 

 

“ഹേയ് ചെറുക്കൻ ഇനി രാത്രി ആരേലും വിളിച്ചു കയറ്റിയോ.., വേറെയും കാഴ്ച ഒരുക്കി വെച്ചിട്ടുണ്ടോ പ്രകൃതി എനിക്കു വേണ്ടി” ബാലൻ ഉള്ളിൽ ദൈവത്തോട് ചോദിച്ചു. 

 

മുരുകനാണ് ബാലന്റെ ദൈവം. “അപ്പനെ മുരുകാ....” എന്നു വിളിച്ചു കൊണ്ട് വേഗം ബാലൻ ചുണ്ടിലെ ബീഡി ചെരുപ്പിൽ  കുത്തി കെടുത്തിയിട്ടു ചെവിയിൽ വച്ചു. അടങ്ങാത്ത കൗതുകം ബലഹീനത അയാളെ ജനലിന്റെ അടുത്ത് വേഗത്തിൽ എത്തിച്ചു. 

 

ബാലൻ ആർത്തിയോടെ ആവേശത്തോടെ അകത്തേക്ക് നോക്കി. ബാലന്റെ ആവേശവും ആർത്തിയും ഒരു മിന്നൽ പിളർപ്പിന്റെ ആയുസ്സ് പോലെ അണഞ്ഞു പോയി. അവിടെ രണ്ടു നിഴലുകൾ മാത്രമാണ് കാണുന്നത്. അതും രണ്ടും പുരുഷ നിഴൽ ആണെന്ന് തോന്നുന്നു... ആരെല്ലാമാണെന് പോലും മനസിലാകുന്നില്ല. 

 

“ഒന്നു ശബരി ആയിരിക്കും.”

 

 “തിരികെ പോയാലോ.... ഇവിടെ ഈ നിഴൽ കൂത്ത് എന്ത് കാണാന?..”

 

അയാൾക്കു മടുപ്പ് തോന്നി. എങ്കിലും ഒരു കൗതുകം ആരാരിക്കും. എന്താരിക്കും..... മനുഷ്യനെ നയിക്കുന്ന ഏറ്റവും വലിയ ജിജ്ഞാസയാണ്  അറിയാൻ ഉള്ള ആഗ്രഹം പ്രതേകിച്ചു ഇങ്ങനെ മറച്ചു വൈകുന്ന കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം. ബാലൻ അവിടെ തന്നെ നിന്നു. നിലാവിന്റെ ചെറിയ വെളിച്ചം. ദൂരെ എവിടെ നിന്നോ മൂങ്ങയുടെ ശബ്ദം കേൾക്കാം. മുറിക്കുള്ളിൽ എവിടെയോ ഇരുന്നു ഒരു പല്ലി ചിലച്ചു. അവരിൽ ആരോ ഒരാൾ സത്യം പറഞ്ഞു കാണും എന്നു ഇരുട്ട് മനസ്സിൽ പറഞ്ഞു മനസ്സിൽ ചിരിച്ചു. പകലിന്റെ ശബ്ദത്തേക്കാളും കാഴ്ച്ചയെക്കാളും രാത്രിയുടെ ശബ്ദത്തിനും കാഴ്ചക്കും ഭംഗിയും ആഴവും കൂടും.

 

ആ രണ്ടു നിഴലുകൾ തമ്മിൽ തർക്കിക്കുന്ന പോലെ തോന്നി.  രണ്ടു നിഴലും ഒരുപോലെ ഇരിക്കുന്നു. പണ്ട് അപ്പൂപ്പൻ പറഞ്ഞു തന്നിട്ടുണ്ട് പൂർണ്ണ യോഗിക്ക് നിഴലില്ല വെളിച്ചം ശരീരത്തിന്റെ അകത്തു കൂടി കടന്നുപോകുമത്രേ. അഹങ്കാരം ഉള്ള കൊണ്ടാണ് വെളിച്ചം കടന്നു പോകാതെ ഉള്ളിൽ ഉള്ള അഹങ്കാരത്തിന്റെ രൂപമാണ് നിഴലായിട്ട് കാണുന്നതെന്ന് അപ്പൂപ്പൻ എപ്പോഴും പറയുമായിരുന്നു.  ബാലന് അപ്പൂപ്പനെ വലിയ ഇഷ്ടം ആയിരുന്നു... അപ്പൂപ്പനാണ് ബാലനെ ഒരു മുരുക ഭക്തനാക്കിയത്.  

 

നിഴലുകൾ തമ്മിൽ നോക്കി നിൽക്കുന്നു. 

തർക്കിക്കുന്നു…….

തർക്കം വഴക്കിലേക്കും വഴക്ക് ഒരു വലിയ വാക്കേറ്റത്തിലേക്ക് പോകുന്ന പോലെ. ഒരാൾ തോറ്റിരിക്കുന്നു.... ബാലന്റെ ഉള്ളിൽ ഭയം പല ഭാവങ്ങൾ ഉണ്ടാക്കി... നിനച്ചിരിക്കാതെ ജയിച്ച നിഴൽ തോറ്റ ആളിന്റെ കഴുത്തിൽ കൂടി എന്തോ വരഞ്ഞു വിടുന്നു.....

 രക്തം തെറിച്ചു....

 നിഴലിൽ രക്തവും കറുത്ത നിറത്തിൽ ആയിരുന്നു.... 

ബാലൻ ഞെട്ടി... അയാൾ നിലവിളിച്ചില്ല....

 മിഴികൾ ചിമ്മിയില്ല.. ശ്വാസം അകത്തോ പുറത്തോ എവിടെയാണ് നഷ്ടം ആയതെന്ന് അറിയാത്ത കൊണ്ട് ശ്വാസവും ചലിച്ചില്ല. ശരീരം അനങ്ങി ഇല്ല. കാൽപാദങ്ങൾ അടുത്ത പാത തേടിയില്ല. പെട്ടന്നു ഒരു ബോധോദയം.... അയാൾ പിന്നില്ലേക്ക് നടന്നു... അയാളുടെ സ്വന്തം മുഖം ഒന്നു തൊട്ടു നോക്കി... എവിടെയോ നഷ്ടമായ ശ്വാസത്തെ അയാൾ തപ്പിയെടുത്തു... ശബ്ദമുണ്ടാക്കാതെ വേഗത്തിൽ നീങ്ങുന്ന ഒരു കാറ്റു പോലെ ബാലൻ അവിടെ നിന്നും ചലിച്ചു.... ബാലൻ ഇരുട്ടിൽ ലയിച്ചു...... 

 

                                                                        ......... 

 

‘‘ഡാ, ഇരുട്ടെ നീ അറിഞ്ഞില്ലേ ?,ആ മരിച്ചു പോയ മേനോൻ സാറിന്റെ മകൻ ശബരിയില്ലേ അവൻ ഇന്നലെ രാത്രി ആത്മഹത്യ ചെയ്തു....! ചെക്കൻ പുലിയാ,,, കൊള്ളാം സ്വയം കഴുത്ത് അങ്ങ് കണ്ടിച്ചു’’  നാട്ടുകാരനും കൂട്ടുകാരനുമായ ആനന്ദിന്റെ ചോദ്യം പിറ്റേ ദിവസം ഉമ്മറപടിയിൽ പത്രം നോക്കി കാപ്പിയും മോന്തി ഇരുന്ന ബാലനെ ഒന്നു ഞെട്ടിച്ചു.... 

 

മുഖത്ത് ഒരു ഭാവ വ്യത്യാസം വരുന്നതിനു മുമ്പ് തന്നെ ‘‘ഞാൻ അറിഞ്ഞില്ല’’ എന്ന മറുപടി പറഞ്ഞു ഒപ്പിച്ചു പത്ര പാരായണത്തിലേക്ക് ഇരുട്ട് മടങ്ങി. 

‘‘നീ വരുന്നില്ലേ...?’’ ആനന്ദ് ചോദിച്ചു... 

‘‘ഇല്ല നീ വിട്ടോ ഞാൻ അങ്ങ് വന്നേക്കാം....’’

‘‘ഓ നിനക്കു പകൽ ഉള്ള കാഴ്ച ഒന്നും പിടിക്കില്ലല്ലോ....?’’ ആനന്ദ് ഒരു ചെറിയ കൊട്ടു കൊടുത്തിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ പോയി. 

അതിനു ഒരു മറുപടി ബാലനും ആലോചിച്ചില്ല... അയാൾ അപ്പോഴും ഇന്നലെ അവിടെ കണ്ട നിഴൽ ആരായിരിക്കും... ആ നിഴൽ ശബരിയുടെ കഴുത്ത് അറുക്കുന്നത് താൻ കണ്ടതുമാണ് പിന്നെ എങ്ങനെ അത് ആത്മഹത്യയായി... എന്നൊക്കെ ഉള്ള ഉത്തരമറിയാത്ത ചോദ്യങ്ങൾ സ്വയം ചോദിക്കുകയായിരുന്നു. ബാലന് ഒന്നും മനസിലായില്ല.... അയാൾ പിന്നെയും പിന്നെയും അയാളറിയാതെ ചിന്തയുടെ ആഴങ്ങലിലേക്ക് പൊക്കൊണ്ടേ ഇരുന്നു... 

ബാലൻ വല്ലാതെ അസ്വസ്ഥനായി...

“ഇന്നലെ അവിടെ കണ്ട നിഴൽ അപ്പോൾ അത് ആരായിരിക്കും.... ആ നിഴൽ ഒരാളുടെ കഴുത്ത് അറുക്കുന്നത് കണ്ടതുമാണ്.... തോന്നൽ ആയിരിക്കുമോ... ഹേയ് തോന്നൽ ആവില്ല...” അയാൾ സ്വയം പറഞ്ഞു. 

“ഇക്കണ്ട കാലമത്രയും രാത്രി ദിക്കും ദിശയും നോക്കാതെ നടന്നിട്ടുണ്ട്... അപ്പോൾ എങ്ങും തോന്നാത്ത തോന്നൽ ഇപ്പോൾ... എന്തിനാ.... എങ്ങനെയാ...” 

സമയം തള്ളി നീക്കാൻ അയാൾക്ക് സാധിക്കുന്നില്ല... 

ചിന്തകൾ... സംശയം... ഊഹങ്ങൾ.... 

അയാളുടെ തലയ്ക്കുള്ളിൽ എന്തോ മഹാവിസ്ഫോടനങ്ങൾ നടന്നു... അതിൽ നിന്നും തെറിച്ചു വീഴുന്ന ഓരോരോ കണികകളും ആ കണികകളിൽ പലമടങ്ങു പൊട്ടിത്തെറിക്ക് സാധ്യത ഉള്ള ഊർജ്ജവും നിറഞ്ഞു....  

അയാൾ അപ്പൂപ്പനെ ഓർത്തു ‘‘അഹങ്കാരത്തിന്റെ നിഴൽ ആരിക്കുമോ. അപ്പനെ മുരുക….” അയാൾ ഉമ്മറത്തെ വാതിലിന്റെ മുകളിൽ വച്ചിരിക്കുന്ന ശ്രീ മുരുകന്റെ ചിത്രത്തിൽ നോക്കി നെടുവീർപ്പിട്ടു. 

സൂര്യനെ വേഗം പറഞ്ഞു വിടാൻ അയാൾ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു.....  ഇതെല്ലാം കണ്ടുകൊണ്ടു ഒരു നിഴൽ ബാലനെ നോക്കി ഇരുന്നു. 

 

....................

 

സമയം സന്ധ്യ മയങ്ങി. ഭൂമിയിൽ പ്രകാശം മാറികൊടുത്തു. ഭൂമിയുടെ സ്ഥായി ഭാവം ഇരുട്ടാണെന്ന് ബാലൻ വിശ്വസിച്ചിരുന്നു. ബാലൻ ശബരിയുടെ വീട്ടിൽ ഒന്നു കൂടി ഇന്ന് രാത്രി പോകാൻ തീരുമാനിച്ചു. പതിവ് ഇല്ലാതെ ഇടക്ക് മാത്രം അയാൾ ഉപയോഗിക്കുന്ന ഒരു ടോർച്ച് എടുത്തു അരയിൽ തിരുകി. അത് ഒരു പിതൃ സ്വത്താണ്. ബാലന്റെ അച്ഛന്റെ ആകെയുള്ള സമ്പാദ്യം, അച്ഛനിൽ നിന്നും അച്ഛന്റെ മരണശേഷം കൈ മാറി ബാലന് കിട്ടി. പൂർണ്ണ മനസ്സ് ഇല്ലാതെ ഇറങ്ങുന്ന രാത്രി അയാൾ അത് വെറുതെ അരയിൽ തിരുകും. ഒരു ആത്മബലം. കവലയിൽ പലഭാഗത്തു അയാൾ കറങ്ങി നടന്നു. ദീപാരാധന തൊഴാൻ പോകുന്ന സുന്ദരിയെ കണ്ടപ്പോൾ ബാലന്റെ ഉള്ളിലെ ഇരുട്ടിന് വന്യമായ ഒരു ചിരി വന്നു. ഇന്നലെ രാത്രി തുണി ഇല്ലാതെ കാണുമ്പോൾ മറ്റൊരു സൗന്ദര്യം ആരുന്നല്ലോ ഇവൾക്ക്.. അയാൾ മനസ്സിൽ പറഞ്ഞു. നാട്ടിൽ ആരെല്ലാമോ അവളെ നോക്കി കൊതിക്കുന്നത് കണ്ടപ്പോൾ അയാൾക്കു സ്വയം ഒരു അഹങ്കാരം തോന്നി.  അമ്പല പറമ്പിലും ആല് ചുവട്ടിലും പള്ളി പറമ്പിലും, മദ്യ വില്പന ശാലയിലും എല്ലാം കറങ്ങി നടന്ന ശേഷം അയാൾ ശബരിയുടെ വീട് ലക്ഷ്യമാക്കി നടന്നു.  

 

പരിസരം ഒക്കെ ഒന്നു നോക്കി...

 

“ആരുമില്ല...” 

 

“മരണം കഴിഞ്ഞ വീട്ടിൽ അല്ലേലും രാത്രി ആരും കാണില്ല... എല്ലാ മരണവും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും…..”

 

അയാൾ ഓർത്തു...

 

 അച്ഛന്റെ മരണശേഷം അമ്മയും താനും മാത്രമാണ് അന്ന് രാത്രി വീട്ടിൽ ഉണ്ടായിരുന്നത്. അതിനു ശേഷം അമ്മയുടെ  മരണത്തിന്റെ അന്ന് രാത്രി താൻ ഒറ്റക്ക് ആയിരുന്നു...... 

 

അയാൾ ആ ജനലിന്റെ അടുത്ത് ചെന്നു നോക്കി... 

 

അല്പം പേടി ഉണ്ട്... അകാരണമായ പേടി.... 

 

അയാൾ അകത്തേക്ക് നോക്കി... 

 

“ഇല്ല ഒന്നുമില്ല...”

 

“ഇന്നു ഒരു നിഴലും അവിടെ ഇല്ല.... എല്ലാം ഒരു തോന്നൽ ആയിരിക്കും..” സ്വയം അയാൾ ആശ്വാസ വാദങ്ങൾ നിരത്തി. 

 

അയാൾ തിരികെ നടന്നു... 

 

എന്നാൽ അയാൾ തിരിഞ്ഞ സമയം ഒരു നിഴൽ അവിടെ ഉണ്ടായിരുന്നു എന്നു ബാലന് തോന്നി... ബാലൻ അത് കണ്ടിട്ടും കാണാത്ത പോലെ നടിച്ചു.... 

ഇനി ഇപ്പോൾ ഒരിടത്തും കയറേണ്ട... പോകുന്ന വഴിയോരങ്ങൾ എല്ലാം ഒന്നു ശ്രദ്ധിക്കാം വല്ലതും തടയും എന്നു മനസ്സ് പറയുന്നു... ബാലന്റെ മനസ്സിൽ എന്തോ ഒരു ആശ്വാസം.... ഒരു മനസമാധാനം... അയാൾ ദീർഘമായി  ഒന്നു ശ്വസിച്ചു.... വീടു അടുക്കാറായി കാലിലും കൈയിലും കണ്ണിലും ഒന്നും തടഞ്ഞില്ല. അയാൾക്കു ഒരു നിരാശ തോന്നി. 

 

“ആഹ് സാരമില്ല” 

 

അയാൾ വീട്ടിൽ കയറും മുൻപ് മുറ്റത്ത് കോരി വച്ചിരുന്ന വെള്ളത്തിൽ കൈയും കാലും മുഖവും കഴുകി.... 

 

“അപ്പനെ മുരുക….”

 

ഉറങ്ങിയാൽ തീരാത്ത നിരാശ ഉണ്ടോ... ബാലൻ മനസ്സിൽ വിചാരിച്ചു. 

 

വാതിൽ തുറന്ന് അകത്തു കയറി.

 

തീപ്പെട്ടി ഉരച്ചു ഒരു മെഴുകുതിരി കത്തിച്ചു. അയാൾ മുറിക്ക് അകവശം ഒന്നു മുഴുവനായി വീക്ഷിച്ചു. ബാലൻ അയാളുടെ നിഴൽ കണ്ടപ്പോൾ ചിരി വന്നു... 

 

അയാൾ നോക്കിനിക്കവേ മറ്റൊരു നിഴൽ അവിടെ വന്നു. അയാൾ ഒന്നു ഞെട്ടി ഹേയ് ഇല്ല…. തോന്നലാണ്…… അയാൾ പെട്ടന്നു തന്നെ ആ കാഴ്ചയെ തള്ളി പറഞ്ഞു. 

 

പക്ഷെ ആ നിഴൽ അവിടെ ഉണ്ടായിരുന്നു...

 

 “ഇന്നലെ രാത്രി ശബരിയുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഈ നിഴൽ തന്റെ പിന്നാലെ ഉണ്ടായിരുന്നോ….? എന്റെ ചെയ്തികളെല്ലാം നോക്കി……. എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നോ…..?” ബാലന്റെ ചിന്തകൾ പെട്ടന്ന് കാട് കയറി.. 

 

ആ നിഴൽ ബാലന്റെ നിഴലിൽ ലയിച്ചു.

 

ബാലനും ശബരിയെ പോലെ തന്നെ അസ്വസ്ഥൻ ആയിരുന്നു... ബാലനും ശബരിയെ പോലെ തന്നെ അവസാനം കീഴ്പ്പെട്ടു പോയതാകും... പക്ഷേ ഒരു വാകേറ്റമില്ലാതെ ഒരു തർക്കമോ വഴക്കോ ഇല്ലാതെ...

 

ബാലൻ ആ നിഴലിനെ തിരിച്ചറിഞ്ഞു…..

 

അപ്പൂപ്പൻ പറഞ്ഞ നിഴൽ... അഹങ്കാരത്തിന്റെ രൂപം... എന്റെ പ്രവർത്തികൾ... ദുഷ്കർമ്മങ്ങൾ... ആർത്തി... അനുവാദം ഇല്ലാതെ കണ്ട കാഴ്ച്ചകൾ, കട്ട മുതലുകൾ.... തന്റെ ജീവിതത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങൾ അയാൾ ഓർത്തു.. ഈ ഓർമ്മയാണ് അപ്പൂപ്പൻ പറഞ്ഞ നരകം... സഹിക്കാൻ കഴിയാത്ത അവസ്ഥ....

പെട്ടന്ന് ബാലന്റെ നിഴൽ മാഞ്ഞു തുടങ്ങി….

 

വെളിച്ചം ബാലന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നു. അപ്പൂപ്പൻ പറഞ്ഞ പോലെ ഒരു യോഗിയെ പോലെ…. ആ വെളിച്ചത്തിൽ ബാലൻ അപ്പൂപ്പനെ കണ്ടു... അപ്പനെ മുരുക.. 

 

ആ നിഴൽ നിഷ്ക്രിയമായി ബാലനെ നോക്കി നിന്നു. ആ വെളിച്ചം ആ നിഴലിന്റെ ഉള്ളിൽ കൂടി കടന്നു പോയി… ആ വെളിച്ചം നിഴലിനെയും ഇല്ലാതാക്കി....

 

                                                               .........................

 

അങ്ങ് ദൂരെ ഏതോ മൂങ്ങ അപ്പോഴും കരയുന്നുണ്ടായിരുന്നു. അതിനും ദൂരേ നക്ഷത്രങ്ങൾ കണ്ണു ചിമ്മി നിന്നു.. എല്ലാം കണ്ടുകൊണ്ട് ഒരു പൗർണമി നിലാവും നോക്കി നിന്നു... ബാലൻ പൂർണ്ണനായി.... അയാൾക്കു നിഴൽ ഇല്ലാതെ ആയി... യോഗിയെ പോലെ... പിന്നീട് അയാൾ ഒന്നും തേടി അലഞ്ഞില്ല. അയാളെ ആരും പിന്നീട് കണ്ടിട്ടുമില്ല..

 

                                      

Content Summary : Nizhalillathe Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com