ADVERTISEMENT

കരളേ, ഇത് കണക്കാണ്, പിണങ്ങല്ലേ (കഥ) 

പിങ്കി പിണങ്ങില്ല. ആരെയും വക വക്കില്ല. അവർ വലിയ വാശിക്കാരിയാണ്. കണക്കിൽ അവർ മിടുക്കി ആണ്. ഇടക്ക് വീട്ടിൽ വരുമ്പോൾ അമ്മ തരുന്ന വിശേഷണങ്ങൾ നിരവധി ആണ്. പക്ഷേ, ഇന്നലെ മുതൽ അവർ മൂഡ്ഔട്ട് ആണ്‌. പെട്ടെന്ന് മൂഡ് മാറിയത് വീട്ടിൽ പലരും അറിഞ്ഞു. ആ വിവരം കാട്ടു തീ പോലെ പടരുന്നു. ആർക്കും അവരോട് ചോദിക്കാൻ ധൈര്യം ഇല്ല. പിങ്കിയുടെ ചോദ്യം അത്ര മാത്രം മറു ചോദ്യങ്ങൾ ഉണ്ടാക്കാൻ കെൽപ്പുള്ളതായിരുന്നു. പിങ്കി ചോദിച്ചു. എന്തിനാണ് ഇത്രയും പണം ചിലവാക്കുന്നത്? ഈ പണം ചിലവായാൽ പല കണക്കുകളും തെറ്റുമെന്ന് പിങ്കി കണക്കാക്കുന്നു. കുടുംബത്തിലെ എല്ലാവരും പിങ്കിയുടെ ചോദ്യത്തെ വെറുക്കാൻ തുടങ്ങി. അവർ ഒരേ സ്വരത്തിൽ പറഞ്ഞു.പിങ്കി എല്ലാം മറക്കണം.

 

കുറച്ചു കാലം കൂടി കൂടെ പൊറുക്കാൻ, ഇത്രയും പണം ചിലവാക്കാണോ എന്നതാണ് പിങ്കിയെ അലട്ടുന്ന ചോദ്യം. ഭർത്താവിനോടൊപ്പം ഒരു പാട് ഓണങ്ങൾ ഒരുമിച്ച് ഉണ്ടതാണ്. അടിച്ചു പൊളിച്ചാണ് ജീവിതം. ഇത്ര കാലവും പണച്ചിലവിനെക്കുറിച്ച് അവർ ചിന്തിച്ചില്ല. രണ്ടു പേർക്കും നല്ല ശമ്പളമുള്ള അവധിയുള്ള ജോലി. പഠിക്കാൻ മിടുക്കുള്ള രണ്ടു പെൺകുട്ടികൾ. മൂന്നാമത്തേത് ആൺകുട്ടിയാകും എന്ന് പലരും അവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവർ കൂട്ടാക്കിയില്ല. പകരം കൂടുതൽ നേരം കൂട്ട് കൂടി നടന്നു. രണ്ടു പേർക്കും നല്ല കൂട്ടുകെട്ടുകൾ ഉണ്ട്.      

 

നാട്ടുകാർ പറഞ്ഞു. അവിടെ എപ്പോഴും സന്തോഷം ആണ്. മഴ വഴി തെറ്റി വന്നാലും വെയിൽ കനത്താലും അവരുടെ എല്ലാവരുടെയും മുഖത്ത് ചിരി മാത്രം. വാരിക്കോരി കൊടുക്കാൻ മാത്രം അറിയുന്നവർ. ബന്ധുക്കളും അവരെ ആശ്രയിച്ചു. അസുഖം വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല. പൈസ ഷെയർ ചെയ്യാൻ പലരും മുന്നോട്ട് വന്നു. ചിലർ പറഞ്ഞു: പ്രതീക്ഷിക്കാത്ത പണച്ചിലവ് താങ്ങാൻ വയ്യ. ഈ അസുഖം ചിലർ മുൻകൂട്ടി കണ്ടു. പക്ഷേ, ഒട്ടും ആഗ്രഹിച്ചതല്ല ഇന്നത്തെ അവസ്ഥ. ആരോഗ്യം ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകും. ഏട്ടന് സന്തോഷം ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് പിങ്കിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. വീട്ടിലെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാൻ അവർ ശ്രദ്ധിച്ചു. ചേട്ടൻ റോഡിൽ ബോധം കെട്ട് വീണ് കിടന്നു എന്ന അവസ്ഥയിൽ എത്തിയപ്പോളും പിങ്കിയും അവരുടെ അമ്മയും മുഖം മൂടി വച്ചു. ചിരി മായാതെ കാത്തു.    

 

ചേട്ടന് അമ്മയുണ്ട്. അനിയത്തി ഉണ്ട്. അനിയൻ ഉണ്ട്. ഫുൾ സപ്പോർട്ട് ആണ്. അവരാണ് 50 ലക്ഷം ചിലവാക്കണം എന്ന് അറിയിച്ചത്. ഈ ആശുപത്രി ചിലവ് ഒഴിവാക്കാൻ പറ്റുമായിരുന്നു. ഇത്രയും ചിലവ് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെയും ഒന്ന് അറിയിക്കാമായിരുന്നു എന്നും ചിന്തിച്ചു. പണം എല്ലാവരും കൂടി പങ്കിടും. പക്ഷെ, പലിശ കൊടുത്തു മുടിയും. കടം ആയാൽ ഉത്തരവാദിത്വം കൂടും. മൂത്ത മകളെ പെട്ടെന്ന്  കെട്ടിക്കണം. രണ്ടാമത്തെ കുട്ടിയുടെ കല്യാണത്തിനും അധികം താമസം ഉണ്ടാകില്ല.        

 

40 വയസുള്ള പിങ്കിക്ക് ഇപ്പോഴേ വിധവ ആകാൻ ഒട്ടും താൽപര്യം ഇല്ല. ഭർത്താവ് നന്നായി ആരോഗ്യത്തോടെ ഇരിക്കുകയും വേണം. ആ നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവർ ആണ്. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം എങ്ങനെ വേണമെങ്കിലും ചിലവഴിക്കാം. പക്ഷേ, ഇങ്ങനെ ഒരു കാര്യത്തിന്? ഗുണം കിട്ടുമോ എന്നറിയില്ല. കരൾ മാറ്റിയാൽ രക്ഷപെടും എന്ന ചിന്ത വീട്ടിൽ ചർച്ച വന്നപ്പോൾ എതിർക്കാൻ പറ്റിയില്ല. ജീവിതം അല്ലേ?. നീണ്ടു കിട്ടിയാലോ.      

 

പിങ്കിയുടെ ഭർത്താവിന് ഈ അവസ്ഥ വരാൻ എന്തായിരിക്കും കാരണം എന്ന് തേടുന്ന തന്റെ അമ്മയും അയാളുടെ കട്ട സപ്പോർട്ട് ആണ്. പിങ്കി നഖശിഖാന്തം എതിർത്ത ആ നിർദേശം ആദ്യം ഹൃദയത്താൽ സപ്പോർട്ട് ചെയ്തത് തന്റെ അമ്മയാണ്. അവരുടെ പ്രാർത്ഥനയിൽ ആണ്‌ അവരുടെ മോളുടെ കുടുംബം പച്ച പിടിച്ചത് എന്ന് കരുതാനും മടിക്കാത്ത അമ്മ.

 

കേടു വന്ന കരൾ നന്നാക്കാൻ അധികം സമയം വേണ്ട എന്ന് അവർ എവിടെയോ വായിച്ചിരുന്നു. ഇത്തിരി ശ്രദ്ധിച്ചാൽ  ഇതെല്ലാം ഒഴിവാക്കാമായിരുന്നു. കൂട്ട് കൂടിയുള്ള ജീവിതം ഉപേക്ഷിക്കാൻ പറ്റണമായിരുന്നു. ഇന്ന് അവരുടെ വിങ്ങൽ കേൾക്കാൻ ആരുമില്ല. രണ്ടു പെൺമക്കളും അയാളെ ഉപദേശിച്ചതാണ്. ഇപ്പോൾ വിഷമം കൂടി വരുന്നു. ചിലവ് ചെയ്താൽ ചിലപ്പോൾ എല്ലാം റെഡിയാകും. ഡോക്ടർ പറഞ്ഞു. പിങ്കിക്ക് ചിലപ്പോൾ എന്ന വാക്ക് പറ്റില്ല. എല്ലാം 99 ശതമാനം ശരി ആകണം.        

 

ചികിത്സ നടക്കുന്നത് തന്റെ കാരുണ്യത്തിൽ ആണെന്ന് എല്ലാവർക്കും അറിയാം. ചികിത്സക്ക് പണം മാത്രം പോര. ഒപ്പം കുറെ ആൾക്കാരും വേണം. പിങ്കി ലീവ് എടുത്തു. ഒപ്പം യാത്ര ചെയ്യാനും ആശുപത്രിയിൽ കൂട്ടിരിക്കാനും ഒരാൾ ആയി.എല്ലാവരും പിങ്കിയെ പ്രശംസിച്ചു. 50 ലക്ഷം വലിയ തുക ആയതിനാൽ എല്ലാവരും ചിലവ് കുറയ്ക്കാനുള്ള വ്യത്യസ്ത വഴികൾ അന്വേഷിച്ചു. ചിലർ ഫോണിൽ വിളിച്ചു ആരാഞ്ഞു. ചിലർ പഴയ കഥകൾ പങ്കു വച്ചു. ചിലർ ഗൂഗിൾ സെർച്ച് ചെയ്തു. ഒരു ഡോക്ടർ പറഞ്ഞു. കരൾ നൽകാൻ ആരെങ്കിലും റെഡി ആയാൽ ചിലവ് പകുതി ആകും. 

 

രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പ് മാച്ച് ആണ്. പിങ്കിക്ക് കരൾ പകുതി നൽകാം. പിങ്കിക്ക് പുതിയ ഒരു മെസ്സേജ് ഫോണിൽ വന്നു. പിങ്കിയുടെ കരൾ തുടിക്കാൻ തുടങ്ങി. ഇനി എന്താ പറയാ?. പിങ്കി ആലോചിച്ചു. I LOVE YOU. ഒരു മെസ്സേജ് കൂടി ഫോണിൽ തെളിഞ്ഞു. പിങ്കി ആ മെസ്സേജിൽ വീണില്ല. പിങ്കി ഉത്തരം നൽകി.  ഞാൻ കരൾ നൽകാൻ റെഡി അല്ല. എന്റെ കരൾ എന്റെ കരളിന് നൽകാൻ എനിക്ക് പറ്റില്ല. നാട്ടുകാർ പറഞ്ഞു. ഇങ്ങനെ പാടുണ്ടോ?. ഭർത്താവും ഒരു വളിഞ്ഞ ചിരി  നൽകി. പിങ്കി ഉറപ്പിച്ചു. എന്റെ കരൾ എനിക്ക് മാത്രം. 

 

Content Summary : Karale Ithu Kanakkanu Pinangalle Malayalam Short Story By Baburajan Kizhakedathu    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com