ADVERTISEMENT

കുറേ തിരഞ്ഞ് നടന്ന് ഒടുവിൽ അയാൾക്ക് ആ പഴയ ഫാക്റ്ററി കണ്ടുപിടിക്കാൻ സാധിച്ചു. ഫാക്റ്ററി അടച്ചതിൽ പിന്നെ ആ സ്ഥലം പുരോഗതിയില്ലാത്ത ഒരു ഗ്രാമമായി മാറിയിരിക്കുന്നു. ഫാക്റ്ററി പരിസരമാണെങ്കിൽ പ്രേതസമാനമായ നിശ്ശബ്ദതയിൽ അലിഞ്ഞുചേർന്നപോലെ. ആ വലിയ ഗേറ്റിനരികെ ചിലർ നിൽക്കുന്നത് കണ്ട് അയാൾ അവിടേയ്ക്ക് നടന്നു.

 

അയാൾ അവിടം വിട്ടുപോയിട്ട് ഇരുപത് കൊല്ലങ്ങളായി. ഫാക്റ്ററി വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സമയമായിരുന്നു അത്. ആ ഗ്രാമത്തിന്റേയും ഗ്രാമവാസികളുടേയും സുവർണകാലമായിരുന്നു എന്ന് വേണം പറയാൻ. ധാരാളം വാഹനങ്ങൾ നിരന്തരം ഓടിയിരുന്ന നിരത്തുകൾ. ആയിരത്തിലധികം സ്ത്രീപുരുഷന്മാർ ജോലിചെയ്തിരുന്ന കമ്പനി. സമീപപ്രദേശത്തെ കുടുംബങ്ങളിലെ ഒരാളെങ്കിലും ആ ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്നു. കുറേപേർ കമ്പനിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിസിനസുമായി ജീവിക്കുന്നവരും.

 

അയാൾ കമ്പനിയിലെ എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഒട്ടുമിക്ക തൊഴിലാളികളായും രമ്യതയിലായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട കോൺട്രാക്റ്റുകളേറ്റെടുത്ത് ചെയ്യുന്നവർക്കും അയാളെ ബഹുമാനമായിരുന്നു.

 

പക്ഷേ, ഒടുവിൽ അതിലൊരാൾ തന്നെയാണ് അയാളുടെ വീഴ്ചയ്ക്ക് കാരണമായത്. ബഹുമാന്യതയിൽ നിന്ന് അവഹേളനത്തിലേയ്ക്ക്.

 

“നമസ്ക്കാരം സർ. ഈ കമ്പനിയിപ്പോൾ പ്രവർത്തിക്കുന്നില്ലേ?” അയാൾ ഗേറ്റിനരികിൽ നിന്നിരുന്ന കണ്ടാൽ സെക്യൂരിറ്റി ഗാർഡാണെന്ന് തോന്നിക്കുന്ന ആളോട് ആരാഞ്ഞു.

 

“താങ്കൾ എവിടെ നിന്ന് വരുന്നു? ഈ കമ്പനി പൂട്ടിയിട്ട് മൂന്ന് കൊല്ലങ്ങളായി. ഇപ്പോൾ ലിക്യുഡേഷനിലാണ്.”

 

“സങ്കടകരമായ അവസ്ഥ തന്നെ. എത്ര നല്ല നിലയിൽ നടന്നുവന്നിരുന്ന സ്ഥാപനമാണ്. ഏതാണ്ട് ഇരുപത് കൊല്ലം മുമ്പ് ഞാനിവിടെ ജോലിചെയ്തിരുന്നതാണ്. ഈ ഗ്രാമം തന്നെ ആൾതാമസമില്ലാത്ത പോലെയുണ്ടല്ലോ.”

 

“അപ്പോൾ തീർച്ചയായും താങ്കൾക്ക് മധുരിക്കുന്ന ധാരാളം ഓർമ്മകളുണ്ടായിരിക്കണം. ഞാൻ പത്ത് കൊല്ലം മുമ്പ് ഇവിടെ ജോലിയ്ക്ക് ചേരുമ്പോൾ സുന്ദരമായ പരിതസ്ഥിതിയും പരിസ്ഥിതിയുമായിരുന്നു. ഇന്നിപ്പോൾ അതേ കമ്പനിയുടെ ഏതാണ്ട് ജീവനില്ലാത്ത ദേഹം നോക്കിനിൽക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു. എന്റെ പേര് ജോൺ.” ജോൺ വാചാലനായി. 

 

“ഫാക്റ്ററി ഒന്ന് കേറി കാണാൻ സാധിക്കുമോ?” ഫാക്റ്ററിയുടെ ഓരോ മുക്കും മൂലയും അയാൾക്കറിയാമായിരുന്നു. എങ്കിലും അതിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കിയാലേ അയാളുടെ മനസ്സിലുള്ള പദ്ധതി കൃത്യമായി നടപ്പാക്കാൻ സാധിക്കുകയുള്ളു.

 

“അതിനെന്താ, സർ. താങ്കളെ അകത്തുകൊണ്ടുപോകുന്നതിൽ എനിയ്ക്കൊരു പ്രയാസവുമില്ല. കമ്പനിയിലെ സാമഗ്രികൾ വാങ്ങുവാൻ തയ്യാറുള്ള പലരും ഇവിടെ വരാറുണ്ട്. ആരെങ്കിലും ചോദിക്കുകയാണെങ്കിൽ കമ്പനി വാങ്ങാൻ ഉദ്ദേശ്യമുള്ള ആളാണെന്ന് പറഞ്ഞാൽ മതി.”

 

“സത്യത്തിൽ ഇത് വാങ്ങാൻ താല്പര്യമുള്ള ഒരാളാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. അയാൾക്ക് വേണ്ടി എന്തായാലും ചുറ്റിനടന്ന് കാണാതെ വയ്യ.” അയാൾ ജോണിനെ നോക്കി പുഞ്ചിരിച്ചു.

 

ജോൺ ഗേറ്റ് തുറന്നുകൊടുത്തു. അയാൾ അകത്തേയ്ക്ക് നടന്നു.

 

“ഞാൻ തന്നെ പൊയ്ക്കൊള്ളാം. എനിയ്ക്കറിയാവുന്ന പരിസരമാണല്ലോ. ജോൺ കൂടെ വരണമെന്നില്ല.” ജോൺ കൂടെവന്നാൽ അയാൾ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നോക്കിക്കാണാൻ പ്രയാസമായിരിക്കും.

 

ജോണിന് അത് സമ്മതമായിരുന്നു. വെയിലത്തിറങ്ങി നടക്കാതെ കഴിക്കാമല്ലോ. അയാൾ അകത്തേയ്ക്ക് പോയതിന് പിറകേ ജോൺ തന്റെ എസി മുറിയിലേയ്ക്ക് കയറി.

 

അയാൾ സാവധാനം ചുറ്റിനുമുള്ള ഫാക്റ്ററി കെട്ടിടങ്ങൾ കണ്ട് നടന്നു. അവയിൽ പലതും പണ്ടത്തെ പ്രതാപമെല്ലാം നശിച്ച് ഇടിഞ്ഞ് വീഴാറായ നിലയിലെത്തിയിരിക്കുന്നു. അയാൾ അവിടെ ജോലിചെയ്യുമ്പോൾ പണിതുയർത്തിയ പ്ലാന്റുകൾ. അതിന്റെ ചുറ്റുപാടുകൾ എത്ര മനോഹരമായിരുന്നു. അറിയാതെ അയാളിൽ നിന്നൊരു ചുടുനിശ്വാസമുയർന്നു.

 

വലതുവശത്ത് കണ്ട കാർപാർക്ക് അയാളിൽ ഗൃഹാതുരത്വമുയർത്തി. രവിയും റസിയയും. രണ്ടിണക്കിളികൾ. അവരെപ്പോഴും കണ്ടുമുട്ടിയിരുന്നയിടം. അയാളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ. പക്ഷേ, അവർ മൂലംതന്നെ അയാൾക്ക് അവിടം വിടേണ്ടിവന്നു. പരാജിതനല്ലെങ്കിലും ദുഃഖിതനായി.

 

ഇടതുഭാഗത്തതാ റോസ്റ്റർ കെട്ടിടവും അതിനോട് ചേർന്ന് ആസിഡ് പ്ലാന്റും. എത്രയധികം കയറിയിറങ്ങിയ കോണിപ്പടികളാണത്. എല്ലാം വെറും ഓർമ്മകൾ മാത്രമായി. പഴയകാലസ്മരണകളിലേയ്ക്ക് ഇറങ്ങാതിരിക്കുന്നതാണ് ഇപ്പോൾ അഭികാമ്യം. തനിയ്ക്ക് മുന്നിൽ നിറവേറ്റാൻ ഒരു കർത്തവ്യം ബാക്കി. അതിൽ മാത്രം മതി ശ്രദ്ധ.

അയാൾ ഇലക്ട്രോലിറ്റിക് പ്ലാന്റിന് മുന്നിലെത്തി. ഇതിലെ സെല്ലുകളിൽ ഇപ്പോഴും ആസിഡ് ഉണ്ടായിരിക്കണം. പ്ലാന്റടച്ച സമയത്ത് അവരത് മാറ്റിയിട്ടില്ലെങ്കിൽ അയാളുടെ പദ്ധതി നിർവിഘ്നം മുന്നോട്ട് കൊണ്ടുപോകാം.

 

കമ്പനിയിലെ ഏറെ നവീകരിച്ച ഭാഗമാണ് ഇലക്ട്രോലിറ്റിക് പ്ലാന്റ്. എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിരുന്നു. ഇപ്പോൾ മിക്കവാറും വൈദ്യുതി വിച്ഛേദിച്ചിരിക്കാനാണ് സാദ്ധ്യത. എങ്കിലും പ്ലാന്റ് വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ പ്രവർത്തനയോഗ്യമാക്കി വയ്ക്കാതെ പറ്റില്ല. വിൽക്കുന്ന സമയത്ത് എല്ലാം വൃത്തിയാക്കി വേണമല്ലോ കൊടുക്കുവാൻ. അപ്പോൾപിന്നെ തലയ്ക്ക് മുകളിലെ ക്രെയിൻ ഇപ്പോഴും പ്രവർത്തനക്ഷമമായിരിക്കും.

 

അയാൾ പടികൾ കയറി സെല്ലുകളുടെ സമീപമെത്തി. പെട്ടെന്നെന്തോ അതിനുള്ളിൽ നിന്നും പറന്നുയർന്ന പോലെ. അയാൾ അല്പനേരം സ്തബ്ധനായി നിന്നു. ഭൂതകാലപിശാചുക്കൾ! അന്നത്തെ ആ സംഭവം നടന്നത് അവിടെ വച്ചായിരുന്നു. ഒരിക്കലും നടക്കാൻ പാടില്ലാത്ത ദാരുണമായ അപകടം. ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ്.

 

രവിയും റസിയയും പല സ്ഥലങ്ങളിൽ വച്ചും കണ്ടുമുട്ടിയിരുന്നു. രവി കമ്പനിയിലെ എഞ്ചിനീയറും റസിയ കോൺട്രാക്റ്ററുടെ ജോലിക്കാരിയും. റസിയയിൽ കണ്ണുള്ള പലർക്കും അസൂയ മൂത്തിരിക്കുന്ന സമയം. രവിയുമായുള്ള ബന്ധം അതിര് കടക്കാതെ നോക്കണമെന്ന് റസിയയുടെ വീട്ടുകാർ ആ കോൺട്രാക്റ്ററോട് പ്രത്യേകം പറഞ്ഞ് ശട്ടം കെട്ടിയിരുന്നു. പക്ഷേ, രവി അതൊന്നും കാര്യമാക്കിയില്ല.

 

അന്നത്തെ ആ ദിവസം അയാൾക്ക് ഇന്നലെയെന്നപോലെ മനസ്സിൽ തെളിഞ്ഞുവന്നു. എല്ലാവരും ഉച്ചയൂണിന് പോയിരിക്കുന്ന സമയം. രവി സെൽപ്ലാന്റിലെ ക്രെയിനിന്റെ അറ്റകുറ്റപണികൾ തീർക്കുകയായിരുന്നു. ചുറ്റിനും വേറെയാരുമുണ്ടായിരുന്നില്ല. അപ്പോഴാണ് അയാൾ രവിയെ ഊണ് കഴിക്കാൻ വിളിക്കാനായി അവിടെയെത്തിയത്. 

മുന്നിൽ കണ്ട കാഴ്ച അയാളെ സ്തംഭിപ്പിച്ചു. കാതോഡ്ഷീറ്റിന്റെ സ്ഥാനത്ത് ദേഹത്തിന്റെ പകുതിയും ആസിഡിൽ മുങ്ങി തൂങ്ങികിടക്കുന്ന രവി. 

 

എന്ത് ചെയ്യണമെന്നറിയാതെ അയാൾ പകച്ചുനിന്നു. ബുദ്ധിഭ്രമം സംഭവിച്ച പ്രതീതിയായിരുന്നു അയാൾക്ക്. സ്ഥലകാലബോധം തിരിച്ചുകിട്ടിയപ്പോൾ അയാൾ ക്രെയിനിന്റെ റിമോട്ടെടുത്ത് രവിയെ മുകളിലേയ്ക്ക് പൊക്കാൻ തുടങ്ങി.

 

ആ സമയത്താണ് കുറേയാളുകൾ എങ്ങുനിന്നെന്നില്ലാതെ അവിടെയെത്തിയത്. അവർക്ക് മുന്നിൽ കാണുന്ന കാഴ്ച വിശ്വസിക്കാനായിരുന്നു താല്പര്യം. അയാൾ പറയുന്നത് കേൾക്കാൻ ആരും തെയ്യാറായില്ല. അടുത്ത ആറ് മാസം രവി അബോധാവസ്ഥയിൽ തുടർന്നു. അയാളുടെ നിരപരാധിത്വം തെളിയിക്കാൻ ആരുമില്ലായിരുന്നു. 

 

പിന്നീട് ഒരു വർഷത്തോളം അയാൾ ജയിലിലായിരുന്നു. രവിയ്ക്ക് ബോധം തെളിഞ്ഞ് അയാളെ ജയിലിൽ നിന്നും വിട്ടയക്കുമ്പോഴേയ്ക്കും കുറ്റവാളിയെന്ന മുദ്ര അയാളിൽ പതിഞ്ഞുപോയിരുന്നു. ആരേയും നേരിടാൻ കഴിയാതെ അയാൾ അപമാനിതനായി അവിടം വിട്ടു.ഇപ്പോളിതാ അയാൾ തിരിച്ചെത്തിയിരിക്കുന്നു.

 

സെല്ലിലെ ആസിഡിന്റേയും അതിന് മുകളിലുള്ള ക്രെയിനിന്റേയും അവസ്ഥ തൃപ്തികരം തന്നെ. ഇനിയിപ്പോൾ അയാളുടെ മനസ്സിലുള്ള പദ്ധതി പ്രാവർത്തികമാക്കുക തന്നെ. 

 

മുന്നിലെ വാതിൽ തുറന്നിരുന്നു. അയാൾ വീട്ടിനകത്തേയ്ക്ക് കയറി. രവി ടിവിയിലെ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുന്നു. അയാൾ രവിയുടെ അടുത്തുള്ള കസേരയിലിരുന്നു.

 

“എങ്ങനെയുണ്ടായിരുന്നു തന്റെ യാത്ര?” രവി ചോദിച്ചു.

 

“പോയത് നന്നായി. നമ്മൾ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കും.”

 

“എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് തീർച്ചയാക്കിയോ?”

 

“ഞാനെല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. എന്തായാലും ഒന്നുകൂടി നമുക്കൊരുമിച്ചിരുന്ന് സംസാരിക്കാം. തെറ്റുകളൊന്നും സംഭവിക്കാൻ പാടില്ല.”

 

“നിങ്ങൾ ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ?” അടുക്കളഭാഗത്ത് നിന്നുമുള്ള ചോദ്യം കേട്ടപ്പോൾ അയാൾ അവിടേയ്ക്ക് നോക്കി.

 

ഒരു മൃദുമന്ദസ്മിതത്തോടെ അവൾ വാതിൽ ചാരി നിൽക്കുന്നു. പണ്ടത്തേതിലും സൗന്ദര്യമുള്ള പോലെ. രവി ഭാഗ്യവാൻ തന്നെ.

 

കഴിഞ്ഞയാഴ്ചയിലാണ് അയാൾ ദുബായിയിൽ നിന്നും എത്തിയത്. അഞ്ച് വർഷത്തിന് ശേഷമുള്ള വരവായിരുന്നു. അവിടെ നിന്നും അപമാനിതനായി പോയതിന് ശേഷം ദുബായിയിൽ ജോലി കിട്ടിയത് അയാളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. കാലുകളുടെ ശേഷി നഷ്ടപ്പെട്ട് കിടക്കയിൽ അഭയം പ്രാപിക്കേണ്ടിവന്ന രവിയുമായി അയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.

 

രാജസ്ഥാനിൽ നിന്നും ഏർപ്പാടാക്കിയ കൃത്രിമക്കാലുകൾ രവിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ദുബായിയിൽ നിന്നുള്ള വരുമാനം അയാൾ രവിയെ സഹായിക്കാൻ ഉപയോഗിച്ചു. രവിയ്ക്കേർപ്പെട്ട ദൗർഭാഗ്യത്തിലും റസിയ രവിയുടെ കൂടെത്തന്നെ നിന്നു. ഒടുവിൽ അവർ വിവാഹിതരാവുകയും ചെയ്തു.

 

അയാൾ കാരണം ആ രണ്ട് കൂട്ടുകാരുടെ പ്രണയം സാഫല്യമടഞ്ഞതിൽ അയാൾ സംതൃപ്തനായി.

 

പക്ഷേ, അവരുടെ ഹൃദയം പ്രതികാരത്തിന് വേണ്ടി വെമ്പൽകൊള്ളുകയായിരുന്നു. അവരുടെ ജീവിതങ്ങളിൽ മറക്കാനാവാത്ത ആഘാതമേല്പിച്ച ആ കശ്മലർക്കുതകുന്ന ശിക്ഷ നൽകിയേ മതിയാകു. രവിയ്ക്ക് പറ്റിയ അപകടത്തിന് പിന്നിൽ കളിച്ച കരങ്ങൾ ആരുടേതെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ശരിയായ കുറ്റവാളികൾ രക്ഷപ്പെടുകയായിരുന്നു. രവിയ്ക്ക് അവരാരായിരുന്നു എന്നറിയാമായിരുന്നെങ്കിലും അവർക്കെതിരെ മതിയായ തെളിവുകളില്ലായിരുന്നു.

 

അതുകൊണ്ട് തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായവർക്ക് തക്കതായ ശിക്ഷ നൽകുന്ന കർത്തവ്യം അവർ തന്നെ ഏറ്റെടുത്തു.

 

“നിങ്ങൾക്ക് കാപ്പി വേണമെന്നുണ്ടോ?” റസിയയുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്നുണർത്തി.

 

“എനിയ്ക്കെന്തായാലും വേണം. തന്റെ രുചിയാർന്ന കാപ്പി കുടിക്കാൻ കിട്ടുന്ന ഒരവസരവും ഞാനായിട്ട് പാഴാക്കുകയില്ല.” അയാൾ പറഞ്ഞു.

 

“എനിയ്ക്കും ഒന്നായിക്കോട്ടെ.” രവി റസിയയുടെ നേരെ തിരിഞ്ഞു.

 

റസിയ അവരെ നോക്കി പുഞ്ചിച്ചിട്ട് അടുക്കളയിലേയ്ക്ക് നടന്നു.

 

“നമ്മുടെ പഴയ കമ്പനി എങ്ങനെയിരിക്കുന്നു?” രവി ചോദിച്ചു. തങ്ങൾക്ക് നല്ലകാലവും കഷ്ടകാലവും ഒരേപോലെ സമ്മാനിച്ച കമ്പനിയെ പറ്റിയുള്ള ഓർമ്മകൾ അവരിൽ സമ്മിശ്രവികാരങ്ങൾ സൃഷ്ടിച്ചു.

 

ഫാക്റ്ററിയിലെ ആ കെട്ടിടങ്ങളുടേയും അയിരിന്റേയും ആസിഡിന്റേയും ലോഹങ്ങളുടേയും ഇടയിലാണ് അവരുടെ കൂട്ടുകെട്ട് തുടങ്ങിയതും പടർന്ന് പന്തലിച്ചതും. എല്ലാ വിഭാഗങ്ങളിലും അവരൊന്നിച്ച് ജോലിചെയ്തിട്ടുമുണ്ട്. ജോലിക്കാരെയെല്ലാം കൂട്ടി നടത്തിയ യാത്രകൾ അവരെ കൂടുതൽ പ്രിയങ്കരരാക്കുകയും ചെയ്തു. 

 

“എത്ര മനോഹരമായിരുന്നു ആ ഗ്രാമം. കമ്പനിയിലെ പഴയകാലജീവിതം -മറക്കാൻ പറ്റാത്ത മധുരിക്കും ഓർമ്മകൾ. ഇപ്പോഴാ ഫാക്റ്ററി വെറും ഇരുമ്പും കോൺക്രീറ്റുമായി തീർന്നിരിക്കുന്നു. ആളൊഴിഞ്ഞ ഗ്രാമം. പൊട്ടിപ്പൊളിഞ്ഞ പാതകൾ. ചില പുതിയ കമ്പനികളൊക്കെ വന്നിട്ടുണ്ട്. പക്ഷേ, അവർക്കാർക്കും ആ നാടിനെ പറ്റിയോ പരിസ്ഥിതിയെ കുറിച്ചോ യാതൊരു ചിന്തയുമില്ല. പലയിടങ്ങളിലും ചപ്പും ചവറും കുന്നുകൂടികിടക്കുന്നു.” അയാൾ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ചു.

 

“നമ്മുടെ ഫാക്റ്ററിയുടെ അന്നത്തെ അധികൃതർ പരിസ്ഥിതിതല്പരരായിരുന്നു. അതുകൊണ്ട് തന്നെ ആ ഗ്രാമം അഭിവൃദ്ധിപ്പെട്ടു. പക്ഷേ, എന്നും എല്ലാം ഒരേപോലെയായിരിക്കണമെന്നില്ലല്ലോ.” രവി ഗദ്ഗദകണ്ഠനായി.

 

“പ്രേതങ്ങളുടെ താഴ്‌വര എന്ന് വിശേഷിപ്പിക്കാവുന്ന പരുവത്തിലായിട്ടുണ്ട് അവിടം. അതുകൊണ്ടുതന്നെ കഴുകന്മാർ വട്ടമിട്ട് പറക്കുന്നുമുണ്ട്. ലിക്യുഡേഷൻ പ്രഖ്യാപിച്ചിട്ടും കമ്പനിയ്ക്കകത്ത് എന്തൊക്കയോ നടക്കുന്നുണ്ട്. പല സാധനങ്ങളും അവിടെ നിന്നും കടത്തുന്നുണ്ടെന്ന് നിശ്ചയം.”

 

“അവിടത്തെ സെക്യൂരിറ്റിക്കാർ അറിഞ്ഞുകൊണ്ട് നടത്തുന്നതായിരിക്കാനെ വഴിയുള്ളു. നാട്ടുകാർ ഇടപെടേണ്ടിവരും.” രവി പറഞ്ഞു.

 

“ഞാൻ കണ്ട സെക്യൂരിറ്റിക്കാരൻ നല്ലവനാണെന്ന് തോന്നുന്നു. രാത്രിയിൽ നിൽക്കുന്നവരായിരിക്കും തരികിട.”

 

“ഇനിയെങ്കിലും ആ കമ്പനിക്കാര്യം പറയുന്നത് നിർത്തി വല്ല നല്ല കാര്യങ്ങളും സംസാരിച്ചു കൂടെ?” റസിയ ഒരു ട്രേയിൽ മൂന്ന് കപ്പ് കാപ്പിയുമായി അവരുടെ അരികിലെത്തി.

 

 

അയാൾ കാറിൽ നിന്നിറങ്ങി കോഫിഷോപ്പിലേയ്ക്ക് കയറി. പഴയ പരിചയക്കാരുടെ കടകളൊന്നും കാണ്മാനില്ല. ബാങ്ക് ഇപ്പോഴുമുണ്ട്. ഭാഗ്യം. 

 

കടയ്ക്കുള്ളിലെ ഒരു മൂലയിൽ കിടന്നിരുന്ന മേശയ്ക്ക് മുന്നിൽ അയാൾ ഇരിപ്പുറപ്പിച്ചു. അവിടെയിരുന്നാൽ കടയിൽ വരുന്നവരെയെല്ലാം കാണാൻ സാധിക്കും. പരിചയമുള്ള മുഖങ്ങളൊന്നും കാണുന്നില്ല. ഇരുപത് കൊല്ലങ്ങൾ വരുത്തിവച്ച വിടവ്.അയാൾ ഒരു കാപ്പി വരുത്തിച്ച് കുടിക്കാൻ തുടങ്ങി.

 

ഫാക്റ്ററി അടച്ചതോടെ പലരും ഗ്രാമം വിട്ട് പുതിയ മേച്ചിൽപുറങ്ങൾ തേടി യാത്രയായിട്ടുണ്ടാകണം. എങ്കിലും അയാൾക്ക് കാണേണ്ടവർ അവിടെ തന്നെയുണ്ടാകാനാണ് സാദ്ധ്യത. കമ്പനിയിൽ നിന്നും സാധനങ്ങൾ കടത്തുന്നവരും അവരൊക്കെ തന്നെയാവും.

 

മുഷിഞ്ഞ വേഷത്തിൽ ഒരാൾ കാപ്പിക്കടയിലേയ്ക്ക് കയറിവന്നു. പുറത്ത് കിടക്കുന്ന കാറ് ചൂണ്ടി അയാൾ കടയിലെ കാഷ് കൗണ്ടറിൽ നിൽക്കുന്നയാളോട് എന്തോ സംസാരിച്ചു. കാഷ്യർ അയാളുടെ നേരെ ചൂണ്ടിക്കാട്ടി. അപരൻ അയാളുടെ അടുത്തേയ്ക്ക് നടന്നടുത്തു.

 

“ഞാനിവിടെ ഇരുന്നോട്ടെ?” ആ മനുഷ്യൻ അയാളോട് ചോദിച്ചു.

 

“അതിനെന്താ, ഇരുന്നോളു.” അയാൾ എതിർവശത്തെ കസേരയിലേയ്ക്ക് ചൂണ്ടി. “ഒരു കാപ്പി നിങ്ങൾക്ക് കൂടി പറയട്ടേ?”

 

“കാപ്പിയൊന്നും വേണ്ട. ഇതിന് മുന്നിൽ കിടക്കുന്ന കാറ് നിങ്ങളുടെയാണോ?”

 

“ആണല്ലോ. എന്താ വല്ല പ്രശ്നവുമുണ്ടോ?” അയാൾ മുഖത്ത് അത്ഭുതഭാവം വരുത്തി.

 

“ഇത്രയും വില കൂടിയ കാറുകൾ ഇവിടെ ഇതിന് മുമ്പ് കണ്ടിട്ടില്ല. നിങ്ങൾ ഇവിടെയാദ്യമായാണെന്ന് തോന്നുന്നു.” ആ മനുഷ്യൻ അയാളെ സംശയഭാവത്തിൽ നോക്കി.

 

“നിങ്ങൾക്ക് ഞാനൊരുപക്ഷേ പുതിയതായിരിക്കാം. നിങ്ങളെയെല്ലാം എനിയ്ക്ക് നന്നായറിയാം. ഇവിടെയുള്ള കുറച്ചുപേരെ കാണാനുണ്ട്. അവരെന്നെ അറിയാതിരിക്കില്ല.” അതും പറഞ്ഞ് അയാൾ എഴുന്നേറ്റു. കസേര പുറകോട്ട് തള്ളിമാറ്റി, എതിരെയിരിക്കുന്നവനെ ഒന്ന് നോക്കുകകൂടി ചെയ്യാതെ, കാഷ്യറുടെ അടുക്കലേയ്ക്ക് നീങ്ങി. കാപ്പിയുടെ കാശ് കൊടുത്ത് അയാൾ പുറത്തിറങ്ങി.

 

അയാൾ നാട്ടിൽ എത്തിയ വിവരം ഇനി വേണ്ടപ്പെട്ട എല്ലാവരും അറിഞ്ഞുകൊള്ളും. അതായിരുന്നു അയാളുടെ ആവശ്യം.

 

“ബുധനാഴ്ച രാത്രി എട്ട് മണി. അയാൾ പീറ്ററോട് സംസാരിക്കുന്നത് ഞാൻ കേട്ടതാണ്. അവർ സെൽ പ്ലാന്റിൽ കാണാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എനിയ്ക്ക് തോന്നുന്നത് അയാൾക്ക് പീറ്ററെ കൊല്ലാനുള്ള പരിപാടിയാണെന്നാണ്.” റസിയ ഫോണിൽ സംസാരിക്കുകയായിരുന്നു.

 

“അയാളെന്തിനാണ് പീറ്ററെ കൊല്ലാൻ നോക്കുന്നത്?” ഫോണിന്റെ മറുതലയ്ക്കൽ നിന്നും ചോദ്യമുയർന്നു.

 

“അയാൾക്കറിയാം പീറ്ററാണ് അയാളെ അന്ന് പ്രതിയാക്കി മാറ്റിയതെന്ന്. അയാൾ രവിയുടെ കൈയിൽനിന്നും പീറ്ററെ കുറിച്ചുള്ള വിവരങ്ങൾ ഫോൺ നമ്പറടക്കം ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, പീറ്ററിന് ഇയാളാണ് അയാളെന്ന് അറിയുകയുമില്ല. ഫാക്റ്ററി വാങ്ങാൻവേണ്ടി വന്നിരിക്കുന്ന ആളാണെന്നാണ് പീറ്ററോട് പറഞ്ഞിരിക്കുന്നത്. നല്ല കമ്മീഷൻ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ പീറ്റർ ചാടിവീഴുകയും ചെയ്തു.”

 

“പീറ്റർക്ക് അയാളെ അറിയില്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഫാക്റ്ററിയ്ക്കകത്ത് വച്ച് തിരിച്ചറിയുന്നത്?” അപ്പുറത്തെ ശബ്ദത്തിൽ സംശയം നിഴലിച്ചിരുന്നു.

 

“അയാൾ ചുമന്ന ഷർട്ടും നീല ജീൻസുമാണ് ധരിക്കുന്നത്. ഇരുട്ടിലും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. റസാക്കിക്ക ഈ അവസരം പാഴാക്കിക്കളയരുത്. അയാൾ പാവം രവിയെ എത്രമാത്രം ഉപദ്രവിച്ചിരിക്കുന്നു! അയാൾക്ക് അതേ വിധി തന്നെ വേണം കൊടുക്കാൻ. അതിന്റെ വിഷമം സ്വയം അനുഭവിച്ചറിയട്ടെ.” റസിയയുടെ ശബ്ദം ഉന്മാദാവസ്ഥയിലെത്തി.

 

“റസിയ, നീ ഒട്ടും വിഷമിക്കണ്ട. അവനുള്ളത് ഞാൻ കൊടുത്തോളാം.” അപ്പുറത്ത് ലൈൻ കട്ടായി.

 

രവി മുൻവശത്തെ മുറിയിൽ ഇരിക്കുമ്പോഴാണ് പീറ്റർ കയറിവന്നത്.

 

“എങ്ങനെയുണ്ട് രവിസാറേ? സുഖം തന്നെയല്ലേ? എന്തിനാണ് ഈ കൂടിക്കാഴ്ച?” രവിയുമായി ഹസ്തദാനം ചെയ്തിട്ട് പീറ്റർ എതിരെയുള്ള കസേരയിലിരുന്നു.

 

“ദുർഭൂതങ്ങളെ ഉച്ഛാടനം ചെയ്യാനുള്ള അവസരം സമാഗതമായി, സുഹൃത്തേ.” രവി അംഗവിക്ഷേപത്തോടെ നാടകീയമായ രീതിയിലാണ് സംസാരിച്ചത്. “അയാൾ നാട്ടിലെത്തിയിട്ടുണ്ട്.”

 

“ശരിയ്ക്കും? എന്നാണ് വന്നത്?” പീറ്ററിന്റെ സ്വരത്തിൽ അത്ഭുതം കൂറിയിരുന്നു.

 

“ഒരാഴ്ചയായിട്ടുണ്ട്. ഫാക്റ്ററിയിലെ ഉപകരണങ്ങൾ ആർക്കോവേണ്ടി വാങ്ങാനുള്ള പുറപ്പാടാണ്. അയാൾക്ക് ഫാക്റ്ററിയ്ക്കകത്ത് പോയി എല്ലാം കാണണമെന്ന് പറയുകയുണ്ടായി.”

 

“എനിയ്ക്കെങ്ങനെ അയാളെ കാണാൻ സാധിക്കും?” പീറ്റർ ചോദിച്ചു.

 

“ഫാക്റ്ററി ചുറ്റിക്കാണാൻ ഒരാളെ കൂട്ടിന് കിട്ടാൻ കാത്തിരിക്കുകയാണയാൾ. പീറ്ററിന് അയാളുടെ കൂടെ പൊയ്ക്കൂടെ? വേണമെങ്കിൽ ഞാനയാളോട് സംസാരിക്കാം.” രവി സഹായസന്നദ്ധനായി.

 

“അതുമതി. ഇതുതന്നെ നല്ല അവസരം. കമ്പനി അടച്ചിട്ടിരിക്കുന്നതുകൊണ്ട് അവിടെയെങ്ങും ആരുമുണ്ടാകുകയില്ല. ആരുമറിയാതെ തട്ടിക്കളയാം.” പീറ്റർ ഉത്സാഹവാനായി.

 

“അതൊക്കെ ശരിതന്നെ. പക്ഷേ, നിങ്ങൾ ഒറ്റയ്ക്കെ പോകാവു. അല്ലെങ്കിൽ അയാൾക്ക് സംശയമാവും.” രവി താക്കീത് നൽകി. “അയാളോട് ബുധനാഴ്ച രാത്രി ഏതാണ്ട് എട്ടുമണിയോടെ ഫാക്റ്ററിയിൽ വരാൻ പറയാം. നിങ്ങൾക്ക് സമ്മതമാണോ?”

 

“എപ്പോഴാണെങ്കിലും എനിയ്ക്ക് സമ്മതം. ഞാൻ കാത്തിരുന്ന സന്ദർഭം. ഇവിടെ നിന്നും പറത്തിവിട്ടിട്ടും അവൻ നമ്മളെ ചൊറിയുകയായിരുന്നു. ഇതോടെ അതിനൊരറുതി വരുത്താം.” പീറ്ററുടെ ചിരി ഉച്ചത്തിൽ മുഴങ്ങി.

 

“ഇലക്ട്രോലിറ്റിക് പ്ലാന്റിനടുത്ത് നിങ്ങളെ കാണുവാൻ ഏർപ്പാടാക്കാം. നിങ്ങൾ പീറ്ററാണെന്ന കാര്യം ഞാനയാളോട് പറയുന്നില്ല. സംശയത്തിനിടവരുത്തണ്ട.” രവി പീറ്ററുടെ മുഖത്തേയ്ക്ക് നോക്കി.

 

“അതുമതി. എനിയ്ക്ക് നൂറുവട്ടം സമ്മതം. അവന് വിധിച്ചത് കിട്ടാതെ പോകരുതല്ലോ. അവന്റെ ഒരു പൊടി പോലും ബാക്കിയുണ്ടാകില്ല. അവൻ ഇവിടെ വന്നതായിപോലും ആരുമറിയില്ല.” പീറ്ററുടെ സ്വരത്തിൽ അഹങ്കാരം കലർന്ന ദൃഢത നിറഞ്ഞുനിന്നു.

 

“നിങ്ങളെ കണ്ടുപിടിക്കാൻ അയാൾ എന്താണ് ചെയ്യേണ്ടത്?”

 

“പ്ലാനെല്ലാം നിങ്ങളുടെയല്ലേ, രവിസാറേ. എന്ത് വേണമെങ്കിലും തീരുമാനിച്ചോളു. എന്നെ അറിയിച്ചിരുന്നാൽ മതി.” പീറ്റർ സംതൃപ്തനായിരുന്നു.

 

“എങ്കിൽ ശരി. ഇരുട്ടത്ത് നിങ്ങളെ കാണാൻ പാകത്തിനെന്തെങ്കിലും കണ്ടുപിടിക്കാം.”

 

“ഒരു പ്രശ്നവുമില്ല, സാറെ. അവനെന്റെ മുഖം കാണാനുള്ള സമയം കിട്ടില്ല. അതിനിടയിൽ തീർന്നിട്ടുണ്ടാകും.”

 

“എന്നാൽപിന്നെ അങ്ങനെയാവട്ടെ. ഞാൻ നിങ്ങളെ വിളിക്കാം.”

 

പീറ്റർ എഴുന്നേറ്റ് രവിയ്ക്ക് നന്ദി പറഞ്ഞ് പുറത്തേയ്ക്ക് നടന്നു.

 

 

അയാൾ എയർപോർട്ടിലെ ലൗഞ്ചിൽ ഇരിക്കുകയാണ്. പത്തരമണിയുടെ എമിറേറ്റ്സ് ഫ്ലൈറ്റിൽ ദുബായിലേയ്ക്ക് യാത്ര. വെള്ളിയാഴ്ച ആയതുകൊണ്ട് പിറ്റേന്ന് ജോലിയ്ക്ക് പോകുകയും ചെയ്യാം.

 

അയാൾ കൈയിലിരുന്ന പത്രം തുറന്ന് വായിക്കാനാരംഭിച്ചു. അഞ്ചാമത്തെ പേജിൽ പ്രാദേശികവാർത്തകളുടെയിടയിൽ ആ വാർത്തയുമുണ്ടായിരുന്നു.

 

‘അടഞ്ഞുകിടക്കുന്ന ഫാക്റ്ററിയിൽ നിന്നും സാധനസാമഗ്രികൾ മോഷ്ടിച്ച് കടത്തുന്നവരെ പൊലീസ് പിടികൂടി.’

 

തദ്ദേശ കോൺട്രാക്റ്ററായ പീറ്ററുടെ ജഡം ഇലക്ട്രോലിറ്റിക് പ്ലാന്റിലെ സെല്ലിൽ നിന്നും കണ്ടെടുത്തതും ആ പ്രദേശത്തെ ഒരു രാഷ്ട്രീയനേതാവായ റസാക്കിനെ കൊലപാതകത്തിനും കള്ളക്കടത്തിനും അറസ്റ്റ് ചെയ്തതും വാർത്തയിൽ വിവരിച്ചിരുന്നു.

 

റസാക്ക് ലിക്യുഡേഷനിലിരുന്നിരുന്ന കമ്പനിയിലെ ഉപകരണങ്ങൾ മോഷ്ടിച്ചിരുന്നത് പീറ്റർ കണ്ടുപിടിച്ചപ്പോൾ റസാക്ക് അയാളെ ഇല്ലാതാക്കുകയായിരുന്നു. പൊലീസ് തക്കസമയത്ത് സ്ഥലത്തെത്തിയതിനാൽ റസാക്കിനെ കൈയോടെ പിടികൂടുവാൻ സാധിച്ചു.

 

വാർത്ത വായിച്ച് അയാൾ മന്ദഹസിച്ചു. അജ്ഞാതന്റെ ഫോൺവിളിയായിട്ടുകൂടി അതിന്റേതായ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ അഭിനന്ദിക്കാതെ തരമില്ല.

 

അയാളുടെ മൊബൈൽ ശബ്ദിച്ചു. ഒരു സ്ത്രീശബ്ദമായിരുന്നു. “വളരെ നന്ദി സുഹൃത്തേ. കാലങ്ങൾക്ക് ശേഷം രവി ഇപ്പോഴാണ് സുഖമായിട്ടുറങ്ങുന്നത്!”

 

Content Summary : Adanja Adhyayam Malayalam Short Story By Santhosh Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com