പ്രാണവായുവിനായി കേഴുന്നവരുടെ വിലാപം ആംബുലൻസ് സൈറണിനെ നിശ്ശബ്ദമാക്കി, ഒരു നഗരത്തിൽ മഹാമാരി ബാക്കിവച്ചത്...

നിസ്സഹായവിലാപങ്ങൾ (കഥ)
പ്രതീകാത്മക ചിത്രം
SHARE

നിസ്സഹായവിലാപങ്ങൾ (കഥ)

ഫ്ലാറ്റിന്റെ ഡോർ തുറന്ന് ഞാൻ അകത്തേക്ക് കയറിയപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ തൊട്ടുപിറകെ വീട്ടിലേക്ക് കയറിയ പപ്പ അകത്തുകയറി വസ്ത്രങ്ങൾ കഴുകാനിട്ട് കുളിമുറിയിൽ കയറി വിസ്തരിച്ചുകുളിച്ചു.  പപ്പയുടെ കുളികഴിഞ്ഞ് വന്നപ്പോൾ എന്നോടും പോയി കുളിക്കാൻ പറഞ്ഞു, ഇളം ചൂടുവെള്ളത്തിൽ ഡെറ്റോൾ ഇടണമെന്ന പ്രത്യേക നിർദ്ദേശവും.

“ആ ബെഡ്റൂമിന്റെ  ജനാലകൾ അടച്ചിട്ടോളൂ”   പപ്പ പറഞ്ഞു.  

ദിവസങ്ങളായി തുറന്നുകിടന്നിരുന്ന മാസ്റ്റർ ബെഡ്‌റൂമിന്റെ ജനലുകൾ അടക്കുമ്പോൾ പടിഞ്ഞാറേ ചക്രവാളത്തിൽ പകലിന്റെ അവസാനം സൂര്യൻ അസ്തമയത്തിന് മുമ്പ് വാരിവിതറിയ കുങ്കുമച്ചായം  രാത്രിയുടെ കിങ്കരന്മാർ അന്ധകാരം കൊണ്ട്  തുടച്ചുനീക്കാൻ തുടങ്ങിയിരുന്നു. തന്റെ ജീവിതത്തിലെ പകലിന്റെ അവസാനം കൂടിയാണല്ലോ ഇതെന്ന് ഒരു നിമിഷം ഓർത്തു.

ഓർമ്മവെച്ച നാൾ മുതൽ കഴിഞ്ഞ ഇരുപതിനാല് വർഷങ്ങളായി മമ്മയുടെയും പപ്പയുടെയും വഴക്കിനുള്ളിൽ കിടന്ന് സ്വയം വെന്തുരുകിയിട്ടുണ്ട്.  ആ വീട്ടിൽ ഇന്ന് മൗനം വിളയാടുന്നു.  ഇടയ്ക്കിടെ റോഡിലൂടെ അലമുറയിട്ടുപായുന്ന ആംബുലൻസുകളുടെ ആരവമൊഴിച്ചാൽ ആകെ മൗനം. ചുറ്റും പറക്കുന്ന കൊതുകുകൾ പോലും മൂളാൻ മറന്നിരിക്കുന്നതുപോലെ.

ഈ വർഷമത്രയും പകൽമുഴുവൻ മമ്മയും ഞാനും മാത്രമുള്ള ഒരു ലോകമായിരുന്നു ഈ വീട്.  സ്‌കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് സ്കൂളിൽ നിന്നും ഞാനെത്തിയാൽ മമ്മയുമായി അന്നത്തെ സംഭവങ്ങൾ എല്ലാം പങ്കിടും  ഹോം വർക്ക്‌ ചെയ്യും.  വൈകീട്ട് പപ്പാ വരുന്നതോടെ വീട്ടിലെ അന്തരീക്ഷം മാറിമറയും.  അതുവരെകണ്ട മമ്മയുടെ രൂപം മാറും. പിന്നെ വാക്കുകളുടെ യുദ്ധമായിരിക്കും. ജയിക്കാനുള്ള വാശിയിൽ അവരിൽ നിന്നുമുയരുന്ന വാക്കുകളുടെ മൂർച്ച കൂടിക്കൊണ്ടിരിക്കും.  ഇതെല്ലാം കേട്ട് എപ്പോഴെങ്കിലും ഞാൻ ഉറങ്ങും.  തെറ്റ് ആരുടെ പക്ഷത്താണെന്ന് ഇന്നും അറിയില്ല, അത് അവർക്കും അറിയില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  

വർഷങ്ങൾ കഴിഞ്ഞു. കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ക്യാമ്പസ് സെലക്ഷനിൽ ബാംഗ്ലൂരിൽ കിട്ടിയ ജോലിക്ക് പോയില്ല, വീട്ടിലെ അന്തരീക്ഷത്തിൽ മമ്മയെ ഒറ്റയ്ക്കാക്കാൻ തോന്നിയില്ല.  നോയിഡയിൽ കിട്ടിയ ഒരു ജോലിയിൽ സംതൃപ്തി പൂണ്ടു.  കാലത്തും വൈകീട്ടും രണ്ടുമണിക്കൂർ നീളുന്ന മെട്രോ യാത്ര ഒരു  ദിനചര്യയാക്കി, എത്ര വൈകിയാണെങ്കിലും വീട്ടിൽ എത്തണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.

രണ്ടുദിവസം മുൻപ് കൂട്ടുകാരൊത്ത് പുറത്തുപോയി വന്നപ്പോളാണ് മമ്മയ്ക്ക് എന്തോ അസ്വസ്ഥതയുള്ളതുപോലെ തോന്നിയത്.   ചോദിച്ചപ്പോൾ ശ്വാസം എടുക്കാൻ എന്തോ ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നു എന്ന് പറഞ്ഞു.  കാലത്ത് ഞാൻ പോകുമ്പോൾ യാതൊരു പ്രശ്നവുമില്ലായിരുന്നു.  കോവിഡിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിലും ഓക്സിമീറ്റർ എടുത്ത് ഓക്സിജൻ ലെവൽ പരിശോധിച്ചപ്പോൾ 90ന് താഴെ.  ഉടനെ ഫാമിലി ഡോക്ടറെ വിളിച്ചു,  ഹോസ്പിറ്റലുകളിലെ സ്ഥിതി വളരെ മോശമാണെന്നും പെട്ടെന്ന് ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാനും പറഞ്ഞു. പപ്പയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു

ഓക്സിജൻ സിലിണ്ടർ തപ്പിയുള്ള നെട്ടോട്ടം അപ്പോൾ തുടങ്ങി.  ഏതെങ്കിലും ആശുപത്രിയിൽ അഡ്മിഷൻ കിട്ടാൻ  പപ്പ തന്റെ സകല  സ്വാധീനവും ഉപയോഗിച്ചുനോക്കി. പക്ഷേ എല്ലാം വിഫലം. സന്ധ്യയായപ്പോഴേക്കും ഒരു സിലിണ്ടർ കിട്ടി അതുമായി വീട്ടിൽ എത്തിയപ്പോഴേക്കും മമ്മയുടെ ഓക്സിജൻ ലെവൽ 85 ന് താഴെ എത്തി.  കൂടിയത് എട്ടോ ഒൻപതോ മണിക്കൂർ മാത്രമേ ഈ ഓക്സിജൻ നടക്കുകയുള്ളൂ, അതിനുള്ളിൽ പുതിയത് സംഘടിപ്പിക്കണം.  എന്തുവിലകൊടുത്തും ഡൽഹിയുടെ ഏത് മുക്കിലായാലും നോക്കാം എന്ന് പറഞ്ഞ് കൂട്ടുകാരും നാലുവഴിക്ക് ഇറങ്ങി.

അടുത്ത ദിവസം വെളുപ്പിന് ഒരു സുഹൃത്ത് മുഖേന  ഒരു ആംബുലൻസ് കിട്ടി,  ഉടനെ മമ്മയെ ബിൽഡിങ്ങിനു താഴെ എത്തിച്ച് ആംബുലൻസിലെ ഓക്സിജൻ ഘടിപ്പിച്ചു.  അപ്പോൾ തന്നെ ഡ്രൈവർ പറഞ്ഞു, പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണം, ആറോ ഏഴോ മണിക്കൂർ മാത്രമേ ഇതിലെ ഓക്സിജൻ ഉപകരിക്കൂ. 

അവിടെ അഡ്മിഷൻ ഉണ്ട് ഇവിടെ അഡ്മിഷൻ ഉണ്ട് എന്ന വാട്സാപ്പിൽ വന്ന സ്ഥലങ്ങളിൽ എല്ലാം പോയി. പക്ഷേ ഫലം നിരാശ മാത്രം.   ആംബുലൻസിൽ ഡൽഹി മുഴുവൻ കറങ്ങി, എവിടെയും ബെഡ് ഇല്ല, ഓക്സിജൻ ഇല്ല,  പലയിടത്തും ആംബുലൻസുകളുടെ നീണ്ട നിര.  അതിനിടയില്‍ൽ ഒരിക്കൽ മമ്മയുടെ ബോധം നഷ്ടപ്പെട്ടു.  ആംബുലൻസിലെ ഓക്സിജൻ കുറയാൻ തുടങ്ങിയിരിക്കുന്നു.  അപ്പോഴാണ് സുഹൃത്തിന്റെ ഫോൺ വരുന്നത്, അവന്റെ അച്ഛനെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു, അവരുടെ വീട്ടിൽ ഒരു സിലിണ്ടർ  ഉണ്ട്, അന്നത്തെ രാത്രി അത് പര്യാപ്തമാകും. 25000 രൂപ കൊടുത്ത് ആംബുലൻസ് ഡ്രൈവറെ തിരിച്ചയച്ചു.  ഓക്സിജൻ കിട്ടിയാൽ അവൻ വിളിക്കാമെന്ന് പറഞ്ഞുപോയി. 

പക്ഷേ വെളുപ്പിന് നാലുമണിയാവുമ്പോഴേക്കും മമ്മയുടെ ഓക്സിജൻ ലെവൽ കുറയാൻ  തുടങ്ങി. വീണ്ടും ആംബുലൻസ് ഡ്രൈവറെ വിളിച്ചു.  അയാൾ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി കൊണ്ടുപോയി. അത്യാഹിതവിഭാഗത്തിൽ ഇറക്കി. ബെഡ്‌ ഉണ്ടോ ഓക്സിജൻ ഉണ്ടോ എന്നൊന്നും അന്വേഷിച്ചില്ല.  അവർ മമ്മയെ വാർഡിലേക്ക് മാറ്റി.  

രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടറുടെ ഫോൺ വന്നു, മമ്മ  ക്രിട്ടിക്കൽ ആണ് വെന്റിലേറ്റർ കിട്ടിയാൽ ഉടൻ അങ്ങോട്ട് മാറ്റുമെന്ന് പറഞ്ഞു. ഉച്ചയായപ്പോഴേക്കും വെന്റിലേറ്ററിലേക്ക് മാറ്റിയതായി അറിയിച്ചു. രാത്രി വീണ്ടും ഡോക്ടറുടെ ഫോൺ വന്നു. വിലപിടിപ്പുള്ള ആന്റിവൈറൽ ഇൻജെക്ഷൻ പെട്ടെന്ന് ശരിയാക്കണം ഹോസ്പിറ്റൽ സ്റ്റോക്ക് കഴിഞ്ഞു. വരാന്‍ അടുത്ത ദിവസം കാലത്താവണം അതുവരെ താമസിക്കാൻ പറ്റില്ല.  പെട്ടെന്ന് കൂട്ടുകാരെയെല്ലാം വിവരമറിയിച്ചു.  കുറെ പരിശ്രമങ്ങൾക്ക് ശേഷം ഒരു സുഹൃത്ത് മരുന്ന് സംഘടിപ്പിക്കുന്നതിൽ വിജയിച്ചു.  എന്നോട് അടുത്തുള്ളൊരു  ഫാർമസിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. മമ്മയെ തിരിച്ചുകിട്ടി എന്ന വ്യാമോഹത്തിൽ ഫാർമസിയിൽ ഇരിക്കുമ്പോൾ നാലുമണിക്ക്   ഡോക്ടറുടെ ഫോൺ വന്നു, മമ്മ  പോയി എന്ന്.

കാലത്ത് ഏഴുമണിയാവുമ്പോഴേക്കും മമ്മയുടെ ശരീരം പ്ലാസ്റ്റിക്ക് ബാഗിൽ  കെട്ടിപ്പൊതിഞ്ഞ് ഞങ്ങൾക്ക് കൈമാറി. പപ്പയെ ബന്ധുക്കൾ വന്ന് കൊണ്ടുപോയി. നിഗംബോദ് ഘട്ട് ശ്മശാനത്തിൽ നൂറുകണക്കിന് മൃതശരീരങ്ങൾ വരിവരിയായി  വെച്ച് ബന്ധുക്കൾ അവരുടെ ഊഴം  കാത്തുനിൽക്കുന്നു.  മമ്മയുടെ ശരീരവുമായി ഞാനും കാത്തുനിന്നു. സുഹൃത്ത് മുഖേന ഒരു ഏജന്റിനെ കിട്ടി.  അയാൾ സഹായിച്ച് അധികം കാത്തുനിൽക്കാതെ മമ്മയെ ദഹിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചു. തിരിച്ചുവരുമ്പോൾ പപ്പയെയും വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു.

അങ്ങനെ വെറും നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ജീവിതം തകിടം മറഞ്ഞു.  ബണ്ടി എന്നുവിളിക്കാൻ ഇനി മമ്മയില്ല. കുളിമുറിയിലെ ബക്കറ്റിലേക്ക് വെള്ളം തുറന്നുവെച്ച് ഞാൻ ഉറക്കെ കരഞ്ഞു.  അച്ഛനെയും അമ്മയെയും മക്കളെയും സഹോദരങ്ങളെയും ഭർത്താവിനെയും ഭാര്യയെയും നഷ്ടപ്പെട്ട ആയിരങ്ങളുടെ നിലവിളികൾ  ലയിച്ചുചേർന്ന ഡൽഹിയുടെ അന്തരീക്ഷത്തിൽ എന്റെ നിലവിളിയും ലയിച്ചുചേർന്നു.

അപ്പോഴും ഡൽഹിയിലെ നിരത്തുകളിലൂടെ ഇടതും വലതും പായുന്ന ആംബുലൻസുകളിൽ നിന്നും പ്രാണവായുവിനായി കേഴുന്നവരുടെ വിലാപം സൈറണിന്റെ അലർച്ചയെ നിശബ്ദമാക്കുന്നുണ്ടായിരുന്നു.  

Content Summary : Nishabdha Vilapangal Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
;