ADVERTISEMENT

എന്റെ കല്യാണിക്ക്... (കഥ)

 

‘‘എന്താ എന്നെ പരിചയം ഉണ്ടോ. കുറെ നേരമായല്ലോ എത്തിയും ചരിഞ്ഞും നോക്കുന്നു.’’ അയാളുടെ ചോദ്യം കേട്ട് ഞാൻ ആകെ വല്ലാതെയായി.

‘‘ഏയ്‌ അങ്ങനെയൊന്നൂല്ല്യ, പെട്ടെന്ന് ആരെയോ ഓർത്ത്‌ പോയി. പക്ഷേ എത്ര ഓർത്തിട്ടും ആളെ പിടി കിട്ടുന്നില്ല’’ ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി.

 

അത് കണ്ടപ്പോൾ അയാൾ ഒന്ന് കൂടെ ചിരിച്ചു കൊണ്ട് എന്നെ കടന്നു പോയി. എതിരെ വന്ന ആളെ ഇങ്ങനെ നോക്കേണ്ട കാര്യം ഉണ്ടോ. അയാൾ അയാളുടെ വഴിക്ക് പൊക്കോട്ടെ. ഞാൻ എന്റെ നടത്തത്തിന് അല്പം വേഗം കൂട്ടി. എങ്കിലും എന്തോ ഒരു വല്ലായ്മ പോലെ തോന്നി. നടപ്പ് തുടരുമ്പോഴും മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു. ആ മുഖം വല്ലാതെ മനസ്സിൽ  തെളിയുന്നു. മിന്നി മറയുന്ന മുഖങ്ങൾ എല്ലാം തന്നെ ദിവസവും കാണുന്നതാണ്. പക്ഷേ ഇത്.....

 

കൂട്ടിയും കിഴിച്ചും, തിരിച്ചും മറിച്ചും ഞാൻ ആളെ വർഷങ്ങൾക്ക് പുറകിലേക്ക് ആവാഹിച്ചു തിരഞ്ഞു . അതിന് ഒടുവിൽ ഫലം ഉണ്ടായി. എനിക്ക് ഏറെ വൈകാതെ ആളെ  ഓർമ വന്നു. അത് തെക്കേ വീട്ടിലെ ശങ്കരൻ വൈദ്യർ തന്നെ.  ആ നോട്ടവും നിൽപ്പും എല്ലാം അയാളെ പറിച്ചു വച്ചത് പോലെ തന്നെയുണ്ട്. ആ സ്വരവും, സംസാരവും എല്ലാം അത് പോലെ തന്നെ. അയാളിൽ ഇപ്പോൾ വന്നു ചേർന്ന മാറ്റം ആയിരിക്കാം ആ ഓർമകളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാതെ പോയത്.

 

തനിക്ക് അയാളെ മനസ്സിലായത് പോലെ തന്നെ അയാൾക്കും തന്നെ മനസിലായി കാണില്ല്യേ. അതോ മറന്നു കാണുമോ, ഏയ്‌ ഒരിക്കലും  മറക്കാൻ വഴിയില്ല. ആ മുഖത്തു നിന്നുതിർന്ന ചിരിയിൽ എന്തോ നിഗൂഢത ഉണ്ടായിരുന്നു.

 

പത്തു പന്ത്രണ്ടു കൊല്ലം മുൻപ് ഇവിടം വിട്ട് പോയ വൈദ്യർ ഇപ്പോൾ എന്താ ഇങ്ങോട്ട് വീണ്ടും വന്നത്?. ചിന്തകൾ മനസ്സിൽ നിറഞ്ഞു തൂവി. നടന്നു നടന്നു വീടെത്തി. വാതിൽക്കൽ തന്റെ ഏക സഹോദരി കല്യാണി കാത്തു നിൽപ്പുണ്ടായിരുന്നു. തല വെട്ടം കണ്ട ഉടനെ അകത്തു പോയി ഒരു പാത്രം സംഭാരവുമായി അവൾ എത്തി. അത് അവളുടെ ശീലങ്ങളിൽ ഒന്നാണ്.

 

‘‘പാവം കല്യാണി, ഇവളോട് ശങ്കരന്റെ കാര്യം പറയണോ, ഒരുപാട് ഇഷ്ടം ആയിരുന്നല്ലോ രണ്ടാൾക്കും’’. തന്റെ ഒരാളുടെ വാശി കാരണം അവർ മനസ്സു കൊണ്ട് ഒരുപാട് അകന്നു പോയി. രണ്ടാളുടെയും മനസ്സ് വായിക്കാൻ കഴിഞ്ഞിട്ടും ആ ഇഷ്ടത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. 

 

വൈദ്യർ അന്ന് നാട്ടിൽ പ്രശസ്തനാണ്. രോഗികൾ ആ വീട്ടു പടിക്കൽ എന്നും രാവിലെ മുതൽ കാണും. പക്ഷേ എവിടെ നിന്നോ കുറെ നാളായി വൈദ്യൻ വന്നു താമസിക്കുന്നു. സ്വന്തം ആയി ആരും തന്നെ അയാൾക്കില്ല. നാട് മുഴുവൻ ചുറ്റി നടക്കുന്ന ഒരു വൈദ്യർക്ക് അതും സ്വന്തം എന്ന് പറയാൻ ആകെയുള്ള കൂടപ്പിറപ്പിനെ എങ്ങനെ കെട്ടിച്ചുകൊടുക്കും. സാമ്പത്തികമായി ക്ഷയിച്ചു പോയെങ്കിലും തന്റെ തറവാട് മഹിമ നോക്കിയേ പറ്റൂ. അങ്ങനെ രാമന്റെ ആലോചനയെ അന്ന് നിരസിച്ചു കളഞ്ഞു. 

 

‘‘എന്താ ഏട്ടന് ഒരു ആലോചന, വയ്യായ്ക വല്ലതും ഉണ്ടോ. എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ. വേറെ ആരോടാ പറയ്ക. ഞാൻ അല്ലേ ഉള്ളു. ഈയിടെയായി എന്നോടുള്ള സംസാരവും കുറഞ്ഞു തുടങ്ങി. ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും’’ ഞാൻ അവളെ നോക്കി വെറുതെ മന്ദഹാസം പൊഴിച്ചു. പക്ഷേ അത് ലക്ഷ്യത്തിൽ എത്താതെ പോയി. കടയിൽ നിന്നും വന്നു കഴിഞ്ഞാൽ ആദ്യം കുളി, പിന്നെയാണ് ചായ കുടി പോലും. ഇന്ന് എല്ലാം തകിടം മറഞ്ഞു. ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു. 

    

കല്യാണി വേറെ ഒരു വിവാഹം വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ അന്ന് താനും  അത് വേണ്ടെന്ന് ഉറപ്പിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങാതെ വിവാഹം വേണ്ടെന്നു വച്ച്  ഞങ്ങൾ രണ്ടുപേരും ഈ വലിയ വീട്ടിൽ ഒറ്റപ്പെട്ടു ജീവിച്ചു. പക്ഷേ പിന്നീട് അത് ഓർത്തു ഞാൻ ഒരുപാട് വേദനിച്ചിരുന്നു .അറിയാലോ, വേറെ ആരും ഒരു തുണ ഇല്ല എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കല്യാണി ഒറ്റക്കാകും. അവൾക്ക് എന്തായാലും ഒരു തുണ എന്നെങ്കിലും വേണം. തന്റെ പിടി വാശികൊണ്ട് ഇങ്ങനെ എല്ലാം സംഭവിച്ചു.

 

നാട് വിട്ട് എങ്ങോട്ടോ പോയ ആ ശങ്കരൻ ഒന്ന് ഇത്രേടം വന്നെങ്കിൽ ആ കൈകളിൽ കല്യാണിയെ ഏൽപ്പിച്ചു കൊടുക്കാമായിരുന്നു. രാമനെ ഒന്നു കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് മാപ്പ് പറയാമായിരുന്നു. പ്രായം ചെല്ലുന്തോറും കുറഞ്ഞു വന്ന അന്തസ്സും ആഭിജാത്യവും അങ്ങനെ ഒരു ചിന്ത എന്നിൽ വളർത്തിയിരുന്നു. പല തവണ ഈ ആഗ്രഹം പിന്നീട് മുള പൊട്ടിക്കൊണ്ടേയിരുന്നു .

 

പക്ഷേ ആഗ്രഹങ്ങൾ ഒന്നും കല്യാണിയെ അറിയിക്കാറില്ല. അവൾക്ക് ചിലപ്പോൾ തന്നോട് പുച്ഛം തോന്നിയാലോ. നല്ലൊരു ജീവിതം ഇല്ലാതാക്കിയ ഏട്ടനെ അവൾ ഇന്നും മരിച്ചു പോയ അച്ഛന്റെ പ്രതിരൂപം ആയി കാണുന്നു. അത് അങ്ങനെ തന്നെ തുടരട്ടെ. കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയി. അന്നൊന്നും ഈ വൈദ്യരെ കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ല. പക്ഷേ ഇന്ന് ആൾ മുൻപിൽ വന്നു പെട്ടിരിക്കുന്നു. എന്നിട്ടും ഒന്നിനും കഴിയാതെ പോയല്ലോ. ഓർമകൾ അയവിറക്കി ഞാൻ ഇറയത്തു തറയിൽ ഇരുന്നു. 

 

‘‘ചന്ദ്രാ, നിനക്ക് സുഖം ആണൊ.’’ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അതാ നിൽക്കുന്നു താൻ കുറച്ചു മുൻപ് തിരിച്ചറിഞ്ഞ ശങ്കരന്റെ മുഖം. ഓഹോ, അപ്പോൾ അറിഞ്ഞിട്ടും അറിയാത്ത പോലെ ആൾ അഭിനയിച്ചതാണ്. എന്താണാവോ വരവിന്റെ ലക്ഷ്യം. ആളെ കണ്ടപ്പോൾ തന്നെ എന്റെ അടുത്ത് നിന്നിരുന്ന കല്യാണി തിരിച്ചറിഞ്ഞു. അവൾ ആങ്ങളയെ സൂക്ഷിച്ചു നോക്കി.. അണ പൊട്ടിയ പോലെ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. അവൾ അവിടെ തന്നെ തറഞ്ഞു നിന്നു.

 

 

എന്റെ ശങ്കരാ, നീ ഇത് വരെ എവിടെ ആയിരുന്നു. ഞാൻ എവിടെയെല്ലാം നിന്നെ തിരക്കി. നിന്നെ ഒന്നു കാണാൻ എത്ര നാൾ ആയി ഞാൻ തേടുന്നു എന്നറിയോ. 

‘‘നീ എന്തിനാ എന്നെ തിരക്കിയത്. എനിക്ക് മനസിലാകുന്നില്ല. നിങ്ങൾ രണ്ടു പേരുടെയും ആഗ്രഹം പോലെ ഞാൻ ഇവിടെ നിന്ന് മാറി. പറ, നിങ്ങള് ആഗ്രഹിച്ചത് പോലെ ഞാൻ നാട് വിട്ടതോ ഇപ്പോൾ തെറ്റായത്. കല്യാണിക്ക് അത് കൊണ്ട് നല്ലൊരു ബന്ധവും ഒത്തു കിട്ടി കാണുമല്ലോ.’’ എല്ലാം നല്ലതിനായിരുന്നു എന്ന് ചിന്തിക്ക്യാലോ ചന്ദ്രാ. പിന്നെന്താ പ്രശ്നം. 

 

‘‘കല്യാണിയുടെ കാര്യം നടന്നത് പോലെ വൈദ്യർക്കും നല്ല ബന്ധം ഒത്തു കിട്ടിയിട്ടുണ്ടാവും അപ്പോൾ പിന്നെ ഈ ചോദ്യം എന്തിനാ.’’ എന്റെ ചോദ്യത്തിന് മറുപടി വൈദ്യരുടെ നിർത്താത്ത ചിരി ആയിരുന്നു. ‘‘താൻ മനസ്സറിഞ്ഞ് ഒരു പെണ്ണിനെ പ്രേമിച്ചിട്ടുണ്ടോ എന്റെ കവി.’’ ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോൾ പിന്നെ ഒന്നും പറയാൻ ഇല്ല.

 

അങ്ങനെ ഞാൻ കല്യാണിയെ ഒരു കാലത്ത് എന്റെ ഭാര്യ ആയി പ്രണയിച്ചു പോയി. ആ സ്ഥാനത്ത് വേറെ ആർക്കും കയറാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. പക്ഷേ കല്യാണി ഭയക്കണ്ട, ഞാൻ ഇപ്പോൾ വന്നത് ഓർമകൾ അയവിറക്കി ആരെയും ബുദ്ധിമുട്ടിക്കാൻ അല്ലാട്ടോ. എന്റെ വീടും സ്ഥലവും കുറെ നാൾ ആയി വെറുതെ കിടക്കുന്നു. നല്ലൊരു സ്ഥല കച്ചവടം ഒത്തു വന്നിട്ടുണ്ട്. അതിന്റെ വിൽപ്പന സംബന്ധിച്ച് ഒന്നൂടെ വന്നതാണ്. ഉടനെ തന്നെ തിരിച്ചു പോകും. ഇനി ഈ പ്രായത്തിൽ വേറെ ചിന്ത ഒന്നും ഇല്ല്യ. കല്യാണി കുടുംബത്തോടൊപ്പം ഒന്നിച്ചു സുഖമായി ജീവിച്ചോളൂട്ടോ., ഇത്രേടം വന്നപ്പോൾ ഒന്ന് കാണാന്ന് തോന്നി.

 

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് കല്യാണി മൗനം പൂണ്ടു. ഇനിയും ഒരു അബദ്ധം സംഭവിച്ചു പോകാതിരിക്കാൻ എന്റെ മനസ് പെട്ടെന്ന് ഉണർന്നു. വീണ്ടും ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ എഴുന്നേറ്റു. പിന്നീട് കല്യാണിയുടെ കരങ്ങൾ മുറുകെ പിടിച്ചു കൊണ്ട് രാമന്റെ അരികിലേക്ക് ചെന്നു.

 

‘‘എന്റെ കല്യാണിക്ക് തന്നെ മാത്രം മതിയാരുന്നു. നിങ്ങൾ രണ്ടാളും ഒന്നിക്കാൻ വിധിക്കപ്പെട്ടവരാ, അല്ലെങ്കിൽ ഇങ്ങനെ വീണ്ടും ഒരു കൂടിക്കാഴ്ചക്ക് സാധ്യത ഉണ്ടാകുമോ. ദയവായി നിങ്ങൾ പോകുമ്പോൾ എന്റെ കല്യാണിയെ കൂടെ കൂട്ടിക്കോ. എന്നോട് അല്പം എങ്കിലും സ്നേഹം  അവശേഷിക്കുന്നുവെങ്കിൽ നീ ഇവളെ സ്വീകരിക്കു ശങ്കരാ.’’

 

ശങ്കരൻ  കല്യാണിയെ അത്ഭുതത്തോടെ നോക്കി. അവൾ അയാളെ നോക്കി കരഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ചെറുതായി ഒന്ന് മന്ദഹസിച്ചു. വൈകി പോയെങ്കിലും ഒരു നന്മ ചെയ്ത ആനന്ദത്തിൽ ഞാൻ അവർക്ക് വേണ്ടി മനസ് നിറയെ ആശംസകൾ നേർന്നു. ശങ്കരൻ ആ കൈകളിൽ മുറുകെ പിടിച്ചു.

 

ഞാൻ അവരെ തനിച്ചാക്കിയിട്ട് അകത്തേക്കു കയറി. ഇരുൾ വെളിച്ചത്തിൽ അവർ അൽപ്പനേരം എല്ലാം മറക്കട്ടെ. പറയാൻ ഉള്ളതെല്ലാം പറഞ്ഞു തീർക്കട്ടെ. ജീവിതത്തിന്റെ ശേഷിക്കുന്ന അധ്യായം തുടങ്ങാൻ നേരത്ത് സന്തോഷം മാത്രം നിറയട്ടെ. ഇപ്പോൾ എന്റെ മനസ് ഒരുപാട് ശാന്തമാണ്. ഇനി എനിക്ക് ഒന്നുറങ്ങണം... ഒരുപാട് നാളത്തെ രാത്രി ഉറക്കങ്ങൾ ഉറങ്ങി തീർക്കാനുണ്ട്.

 

Content Summary: Ente Kalyanikku, Malayalam short story written by Smitha Stanley

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com