ADVERTISEMENT

പാർവ്വതിയുടെ കഥകൾ (കഥ)

 

നാല്പത്തിയൊന്നാമത്തെ കഥയും അവൾ എഴുതിത്തീർത്തു.. ഒന്നൂടെ വായിച്ചിട്ടു വേണം പുറകുവശത്തെ ചായ്പിലെ മൂലയ്ക്കലിട്ടിരിക്കുന്ന പൂട്ടുള്ള കറുത്ത മരപ്പെട്ടിയിൽ അടുക്കി വയ്ക്കാൻ.. നാല്പത്തിയൊന്നിന്റെ മരണം .. ആ കഥയിലെ കഥാപാത്രങ്ങളുടെ മരണം അത് ഈ വായനയ്ക്കവസാനം നടന്നിരിക്കും.. നാല്പതു കഥകളും ഓരോന്നായി അതിൽ അടക്കം ചെയ്തിട്ടുണ്ട് ..

 

പാർവ്വതി സ്വന്തമായി എഴുതിയ കഥ ജിജ്ഞാസയോടെ വായിക്കാൻ തുടങ്ങി. വീർപ്പൊതുക്കിയും, പൊട്ടിച്ചിരിച്ചും, കണ്ണീരു തുടച്ചും കഥയ്ക്ക് പര്യവസാനമായി.... ശേഷം വീണ്ടും ഒരു നീണ്ട നെടുവീർപ്പുതിർന്നു ..

 

സ്വന്തം അനുവങ്ങളിലൂടെയും കാഴ്ചകളിലൂടെയും സാങ്കല്പികതയുടെയും, ഭാവനകളുടെയും വർണ്ണപ്പൊട്ടുകൾ ചാലിച്ചൊരുക്കിയ കഥകളും കവിതകളുമൊക്കെ മരപ്പെട്ടിയുടെ ഇരുട്ടറയിൽ കിടന്ന് പൊള്ളുന്നുണ്ടാവും... അതെ അവളെഴുതിയ കഥകളൊക്കെയും ആരും തന്നെ വായിച്ചിട്ടില്ല ...

 

വീട്ടുജോലികളുടെ അത്യുഗ്ര വേലിയേറ്റത്തിനു ശേഷം വീണു കിട്ടുന്ന സമയമൊക്കെ പാർവ്വതി ആരും കാണാതെ എഴുത്തിനായി വിനിയോഗിച്ചിരുന്നു....

 

എഴുതിക്കൂട്ടുന്ന ഓരോ കഥകളും, മാസികകളുടെ വിലാസം കണ്ടു പിടിച്ച് അതിലേക്കും, വിവിധ പത്രങ്ങളിലേക്കുമൊക്കെയായി പാർവ്വതി അയച്ചുകൊടുക്കും.. പക്ഷേ ഒരെണ്ണം പോലും ആരും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല..

 

എഴുതുന്ന വിഷയങ്ങൾക്ക് ആർദ്രതയും, ആശയ നൈപുണ്യവും പോരന്നോ, നിലവാരം കുറവാണെന്നോ മറ്റോ പറഞ്ഞ് ഒഴിവാക്കും ..

 

കാണാതിരുന്ന് എഴുതുന്നതു കണ്ടു പിടിച്ച് മക്കൾ കളിയാക്കും... 

 

മൂത്തവൾ ചോദിക്കും..

അമ്മാ.. 

ഉം... എന്തേ...

എന്തിനാമ്മാ ഇതൊക്കെ വെറുതേ എഴുതിക്കൂട്ടണത്...?

എന്തേ ഞാനെഴുതുന്നതിൽ നിങ്ങൾക്ക് എന്താ കുറവ് ...?

ഉണ്ടല്ലോ.. അമ്മ കാണുന്ന വിലാസത്തിലേക്കെല്ലാം അയച്ചുകൊടുത്ത് അതെല്ലാം തിരിച്ചു വരുമ്പം ഞങ്ങൾക്കല്ലേ നാണക്കേട് ... അവൾ പറയുന്നത് കേട്ടിട്ട് ഉള്ളൊന്നു നൊന്തു പോയിട്ടുണ്ട് ...

 

പിന്നീട് എഴുതുന്നതൊക്കെയും ഈ മരപ്പെട്ടിയിലിരുന്ന് വെന്തു നീറുകയാണ് .. ആരും കാണാതെ..

പാടവും, നെല്ലും, പഴേ അമ്പലക്കുളങ്ങളും, ആൽത്തറയുമൊക്കെ മനസ്സിൽ ചാർത്തിത്തന്ന വർണാഭകളൊക്കെയും പകർത്തുന്നതോടൊപ്പം പഴേ മനുഷ്യരുടെ ജീവിത രീതികളും ആചാരങ്ങളും. വേദനകളും, ആഘോഷങ്ങളുമൊക്കെയുംകൂടി മോടിയോടെ വരച്ചു ചേർക്കുമായിരുന്നു ..

 

റേഡിയോയിൽ, പ്രസിദ്ധരായ എഴുത്തുകാരുടെ കഥകൾ വായിക്കുന്നതു കേൾക്കുമ്പോൾ പാർവ്വതിയ്ക്ക് ഏറെ മോഹം തോന്നും.. ഒരിക്കലെങ്കിലും തന്റ‌ കഥ ഒന്നെങ്കിലും ആരെങ്കിലും വായിച്ചിരുന്നെങ്കിലെന്ന് .. അത് വായിക്കാനും അവൾക്ക് വല്യ ആഗ്രഹമായിരുന്നു ..

 

അങ്ങിനെയൊരു ദിവസം അവൾ ആകാശവാണിയിൽ കഥകളും കവിതകളും ഉച്ചാരണ ശുദ്ധിയോടെ വായിക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്ന അറിയിപ്പ് കേട്ടത്.. ഒന്നുമാലോചിച്ചില്ല.. ഉടനടി അവൾ അതിലേക്ക് മണി ഓർഡറായി 300 രൂപ ഫീസടക്കണം എന്ന നിബന്ധന ഉണ്ടായിരുന്നതിനാൽ അത് ചെയ്യുവാനുള്ള അവസരത്തിനു നില്ക്കാതെ പോസ്റ്റായി സ്വന്തമായ ഒരു കഥയും, വിവരങ്ങളും ,ഫോൺ നമ്പറടക്കം അതോടൊപ്പം 300 രൂപയും ചുമ്മാ കവറിൽ വച്ച് പോസ്റ്റ് ചെയ്തു ..

 

കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോണിലേക്ക് വിളി വന്നു... പാർവ്വതി മനോഹരനല്ലേ... അതെ.. ഇത് ആകാശവാണിയിൽ നിന്നുമാണ് .. ആഹാ പറഞ്ഞോളൂ എന്താ മാഡം, ഞാനൊരു ലെറ്റർ പോസ്റ്റ് ചെയ്തിരുന്നു.. കിട്ടിയിട്ടുണ്ടാവും..ല്ലേ... അവൾ ജിജ്ഞാസയോടെ ചോദിച്ചു...

ഉവ്വ്, അപ്പുറത്തുനിന്നും ഗാംഭീരമാർന്ന ശബ്ദത്തിൽ മറുപടി വന്നു.. തനിക്ക് അതിനു പറ്റിയ വിദ്യാഭ്യാസ യോഗ്യതയില്ല.. അടിസ്ഥാന യോഗ്യത ബിരുദമാണ് ..താൻ എട്ടാം ക്ലാസ്സ് പാസ്സായിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് .. അത് പോരാ.. പിന്നെ ഇതിൽ 300 രൂപ വച്ചിട്ടുണ്ടായിരുന്നു.. അങ്ങനെ പോസ്റ്റ് വഴി ഒരിക്കലും പൈസ അയക്കുവാൻ പാടുള്ളതല്ല. അത് ഇവിടെ നേരിട്ടു വന്നാൽ കൈപ്പറ്റാം... ഡിം .. ഫോണിലെ അങ്ങേത്തലയ്ക്കലെ ശബ്ദം നിന്നു.

 

ഒഹ്! വളരെ സങ്കടം തോന്നിപാർവ്വതിയ്ക്ക്.... ഒന്നു വായിച്ചു പോലും നോക്കീട്ടിണ്ടാവില്ല.. എന്നറിയാം... ഉള്ളിലെ സങ്കടം കവിളിലൂടെ ചാലിട്ട് താഴേക്ക് ഉരുണ്ടിറങ്ങി..

 

നെഞ്ചോടടുക്കിയമർത്തി ചുരുട്ടിപ്പിടിച്ച സങ്കടങ്ങളൊക്കെയും തന്നെ വരികളായി പുസ്തകത്താളുകളിലേയ്ക്ക് പകർത്തപ്പെടുമ്പോൾ ഉള്ളിലൊരു തണുപ്പു വീഴാറുണ്ടായിരുന്നു ..

കുടുംബ ജീവിതത്തിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കാതെ സ്വന്തമാഗ്രഹത്തിലൂന്നിയുറച്ചു മുന്നോട്ടു പോവുന്ന ഭർത്താവിന്റെ നിസ്സഹകരണ മനോഭാവത്തിന്റെ  കുറവുകൾ, നൊമ്പരങ്ങളായി പരിണമിക്കുമ്പോൾ, ആ ഭാരമിറക്കി വയ്ക്കാൻ പുസ്തകത്താളുകളെ അഭയകേന്ദ്രമാക്കുമായിരുന്നു ..

 

മക്കളെന്തെങ്കിലും പറഞ്ഞ് സന്തോഷിപ്പിച്ചാലും, ഓർക്കാപ്പുറത്ത് ഊഷ്മളതയോടെയൊരുമ്മ കിട്ടിയാലും അതും ഏറ്റം സന്തോഷത്തോടെ പകർത്തിവയ്ക്കുമായിരുന്നു. അങ്ങനെയെല്ലാമെല്ലാം....

 

ഇനിയതു നിർത്താം, എല്ലാവരുടേയും പരിഹാസങ്ങൾ ഏറ്റുവാങ്ങാതെ എല്ലാം ഈ പെട്ടിയിലിരിക്കട്ടെ... ആരും കാണാതെ ... പാർവ്വതി നാല്പത്തിയൊന്നാമത്തെ കഥയും നിറഞ്ഞ കണ്ണുകളോടെ പെട്ടിയിലടക്കി ...

 

പിറ്റേന്ന് രാവിലെ കിണറ്റീന്ന് വെള്ളം കോരുമ്പോൾ, വടക്കേതിലെ ശാരദാമ്മേടെ വീട്ടിൽ പത്രക്കാരൻ പയ്യൻ വന്ന് സൈക്കിൾബെല്ല് നിർത്താതടിക്കുന്ന കേട്ട് നോക്കിയപ്പോൾ അവൻ ചോദിച്ചു.. പാർവ്വതിയേച്ചിയേ, ഇവിടാരൂല്ലേ? ഇല്ല, അവരൊക്കെ ഗുരുവായൂര് തൊഴാൻ പോയിരിക്കാണ്.. സുമേഷേ, പത്രം ഇങ്ങ്ട് തന്നേരെ... ഓ.. ശരീ.. അവൻ സൈക്കിൾ വീശി വളച്ച് പേപ്പർ കറക്കി മുറ്റത്തേക്കിട്ടു കൊടുത്തു..

 

കോരിയെടുത്ത വെള്ളം വീടിനു പുറകുവശത്ത് കൊണ്ടുവച്ചിട്ട് പാർവ്വതി പേപ്പറെടുത്ത് വായന തുടങ്ങി ... മലയാളിയായ വീരസൈനികൻ കൊല്ലപ്പെട്ടതും, നാട്ടിലേക്ക് ബോഡി കൊണ്ടു വരുന്നതും, റോഡിൽ വച്ച് വയോധികയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ വന്ന യുവാക്കൾ മാല കവർന്നതുമൊക്കെ വായിച്ചു പാർവ്വതി കഷ്ടം പറഞ്ഞു..

 

അപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്ന ടീച്ചറും എഴുത്തുകാരിയുമായ മായാവതി ടീച്ചർക്ക് അവാർഡ് പുരസ്കാരം കൊടുക്കുന്ന ചിത്രം കണ്ണിൽപ്പെട്ടത്.. ഈ വർഷത്തെ ജ്ഞാനപീഠ അവാർഡ് അവർക്കായിരുന്നു .. അവളതു വീണ്ടും വീണ്ടും വായിച്ചു.. ഒത്തിരി സന്തോഷം തോന്നി.. ടീച്ചറുടെ കഥകൾ കുറച്ചൊക്കെ അവൾ വായിച്ചിട്ടുണ്ട് .. നല്ല ജീവിതഗന്ധിയായ കഥകൾ. ഭാഗ്യവതിയാണ് ടീച്ചർ, സ്വന്തമായി എഴുതിയ കഥ, എത്ര പേരാണ് വായിച്ച് ആസ്വദിക്കുന്നത് അവൾ മനസ്സിൽ പറഞ്ഞു..

 

പിന്നീട് ടീച്ചറുടെ കാര്യങ്ങളായിരുന്നു മനസ്സു മുഴുവനും, ടീച്ചറെ ഒന്നു കാണണംന്ന് അവൾക്ക് വല്ലാത്ത ആശ തോന്നി....

 

പിറ്റേന്ന് വീട്ടുജോലികളൊക്കെ കഴിഞ്ഞതിനു ശേഷം, മേൽ കഴുകി ഇട്ടിരുന്ന നൈറ്റി മാറ്റി, ചുവപ്പിൽ മഞ്ഞപ്പൊട്ടുള്ള സാരിയും ചുറ്റി, പെട്ടിയിലടക്കിയ കഥകളിൽ നിന്ന് രണ്ടെണ്ണമെടുത്ത്, പെട്ടിഭദ്രമായി പൂട്ടിയുറപ്പു വരുത്തി അവൾ ടീച്ചറുടെ വീട്ടിലേയ്ക്ക് നടന്നു... പാർവ്വതിയുടെ വീടും ടീച്ചറുടെ വീടുമായി ഏകദേശം ഒരു കിലോമീറ്റർ ദൂരം മാത്രമേയുണ്ടാവൂ.. നടക്കും വഴിയിലുള്ള കുറ്റി പച്ചിലകളിൽ നിന്നും ഇലകൾ പിച്ചിയെടുത്ത്, നുള്ളി ,കീറിക്കളഞ്ഞവൾ നടപ്പിനാക്കം കൂട്ടി...

 

ദൂരെ നിന്നും നോക്കിയാൽക്കാണാവുന്ന കറുപ്പിൽ അവിടവിടെ സ്വർണ്ണ നിറം ഡിസൈൻ ചെയ്ത വലിയ ഗെയ്റ്റ് .. അടുത്തെത്തി ഗെയ്റ്റ് തള്ളിത്തുറന്നു പൂക്കളുള്ളതും ഇല്ലാത്തതുമായ പല തരത്തിലുള്ള ചെടികൾ ഭംഗിയുള്ള ചെടിച്ചെട്ടികളിൽ നിറഞ്ഞു നിൽക്കുന്നു .. നീളൻ വരാന്തയിൽ ഉമ്മറത്ത് ചൂരലിന്റെ ചാരുകസേരയ്ക്കു മുന്നിലായി ഭംഗിയുള്ള ടിപ്പോയ്. അതിൽ ഒത്തിരി ദിനപത്രങ്ങൾ മടക്കു നിവർത്താതെ വച്ചിരിക്കുന്നു .. ഉമ്മറ വാതിൽ അടച്ചിട്ടിരിക്കുന്നു .. വാതിലിന്റെ തൊട്ടു വലതു ഭാഗത്ത് സ്വർണ്ണ നിറത്തിലെ ചതുരത്തിൽ കറുപ്പിൽ പാഥേയം എന്ന് ഭംഗിയായി എഴുതി വച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ആരുമില്ലെന്ന പ്രതീതി തോന്നിപ്പിക്കും വിധം മൂകത അനുഭവപ്പെട്ടു..

 

ഗെയ്റ്റ് തുറന്ന ശബ്ദം കേട്ടിട്ടാവണം പിന്നാമ്പുറത്തൂന്ന് മധ്യവയസ്കരായ രണ്ട് പേർ വന്നു.. ഒരു സ്ത്രീയും, കൂടെ അവരുടെ ഭർത്താവെന്നു തോന്നും വിധമുള്ള ഒരാണും. ആസ്ത്രീ വായിൽ മുറുക്കാനിട്ടത് നീട്ടി ചവച്ചു തുപ്പിയിട്ട് , ആരാ ...അവർ ചോദിച്ചു.. ടീച്ചറില്ലേ.. ഇല്ലാ മകന്റെ വീട്ടിൽ പോയിരിക്കാണ് കുറച്ചീസം കഴിഞ്ഞേ വരൂ ... ഞങ്ങളിവിടത്തെ പണിക്കാരാ.... ഇവിടെയാ താമസം, എന്തേലും പറയാനിണ്ടോവരുമ്പം ....? ആര് വനൂന്ന് പറയണം.....? ഞാനിവിടെ അടുത്തുള്ളതാ... ഞാൻ ടീച്ചറുവരുമ്പോ വന്നോളാം... വളരെ ആശിച്ചു വന്നിട്ട് കാര്യം നടക്കാതെ പോയതിൽ അവൾക്ക് വല്ലാത്ത നിരാശ തോന്നി.. തിരിഞ്ഞു നടക്കാൻ നേരം ആ സ്ത്രീ വീണ്ടും ചോദിച്ചു, ടീച്ചർക്ക് കൊടുക്കാൻ കൊണ്ടോന്നതാണാ കൈയ്യിൽ എങ്കി ,വരുമ്പോ ഞാൻ കൊടുത്തോളാം... ഓ.. അത് ശരിയാണെന്ന് അവൾക്കും തോന്നി .. അവൾ വേഗം തന്നെ  കൊണ്ടുവന്ന തന്റെ പ്രിയപ്പെട്ട കഥകൾ രണ്ടും ആ സ്ത്രീയുടെ കൈയ്യിലേക്ക് കവറുൾപ്പെടെ കൊടുത്തു.. ക്ലാവു നിറഞ്ഞ, ചളുങ്ങിയ പിച്ചള വളകളിട്ട അവർ കൈ നീട്ടിയതു വാങ്ങി. ടീച്ചറു വരുമ്പോൾ മീനാക്ഷിടെ മരുമകൾ തന്നതാണെന്നു പറഞ്ഞാമതി.. ഞാൻ പിന്നീടു വന്നോളാം..

അവൾ തിരികെ വീട്ടിലേയ്ക്ക് പോന്നു..

 

വന്നതിനു ശേഷമുള്ള ചിന്ത ടീച്ചറുടെ കൈയ്യിൽ കിട്ടിയാലതു വായിക്കുമോ... അതോ അതിൽ ശ്രദ്ധ കൊടുക്കാതെ അലസമായി അവഗണിക്കുമോ എന്നതൊക്കെയായിരുന്നു .. വീട്ടുജോലികൾക്കിടയിലും, കുളിക്കുമ്പോഴുമൊക്കെ അവൾടെ മനസ്സു മുഴുവനും, അതു കാണുമ്പോഴുള്ള ടീച്ചറുടെ മനോഭാവത്തെക്കുറിച്ചായിരുന്നു ..

 

ദിവസങ്ങളും, മാസങ്ങളും കൊഴിഞ്ഞടർന്നു പോയി.. ഒരു ദിവസം  പാർവ്വതി, ആട്ടിൻ കുട്ടികൾക്ക് വെള്ളം കൊടുത്തു കൊണ്ടിരിക്കുമ്പോൾ, ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി.. ടീച്ചറുടെ വീട്ടിൽ അന്നു കണ്ട ആണായിരുന്നു .. വീടന്വേഷിച്ചുവലഞ്ഞു വന്നതാ.. പാർവ്വതിയെക്കണ്ടതും, അയാൾ പറഞ്ഞു, ടീച്ചറമ്മ ചെല്ലാൻ പറഞ്ഞ് ,കൊറേ ദിവസായി അന്വേഷിക്കണെ.,... പാർവ്വതിയ്ക്ക് വളരെസന്തോഷം തോന്നി.. ടീച്ചർക്ക് ഇഷ്ടപ്പെട്ടാലും ,ഇല്ലേലും തന്നോട് ചെല്ലാൻ പറഞ്ഞല്ലോ.. അത് മതി ഈയുള്ളവൾക്ക് .... അയാളോട് അല്പനേരം അവിടെ നില്ക്കാൻ പറഞ്ഞിട്ട് അവൾ ഓടി അകത്തേയ്ക്ക് പോയി... പേനയെടുത്ത് പേപ്പറിൽ എന്തോ കുറച്ചു നേരം എഴുതി.. മടക്കി ചുരുട്ടി വേഗം വന്ന് അയാൾടെ കൈയ്യിൽ കൊടുത്തു.. ഇത് ടീച്ചർക്കു കൊടുത്തേര്.. ഇപ്പം എനിക്ക് വരാനുള്ള സമയം ഇല്ല .. ഞാനെല്ലാം ഇതിൽ പറഞ്ഞിട്ടുണ്ട് .. അയാൾ അതുമായി തിരിച്ചു പോയി..

 

മായാവതി ടീച്ചർ അയാൾ കൊടുത്ത മടക്കിയ പേപ്പർ നിവർത്തി വായിച്ചു.. സ്നേഹം നിറഞ്ഞ ടീച്ചർ ..

ഞാൻ കഥാകാരിയോ, കവയിത്രിയോ ആയിട്ടല്ല.. എന്റെ  മനസ്സുനിറച്ചും വരുന്നതൊക്കെ അങ്ങെഴുതിവച്ചൂന്നേയുള്ളൂ ... ടീച്ചർ വായിച്ചു നോക്കുക.. നല്ലതെന്തിങ്കിലും തോന്നിയാൽ, എവിടേലും, കഥ വായിക്കുന്നിടത്ത് വായിക്കാൻ പറ്റുമെങ്കിൽ വായിക്കുക .. എന്റെതാണെന്നു പറയണ്ട... എല്ലാവരും തിരിച്ചയച്ച കഥകളാ. എന്റെ  വല്യ ഒരാഗ്രഹമാണ്.. ടീച്ചറെ എനിക്ക് വല്യഷ്ടാണ്, ടീച്ചറുടെ ഏതെങ്കിലും പഠിപ്പിച്ച ഒരു കുട്ടിയായിക്കണ്ടാൽ മതി.. സ്നേഹത്തോടെ പാർവ്വതി .

 

മായാവതി ടീച്ചർക്ക് പാർവ്വതിയുടെ കഥകൾ വായിച്ചതോടൊപ്പം അവളുടെ മനസ്സിനെയും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.. നല്ല ലളിതമായ രീതിയിലുള്ള എഴുത്ത്.. മനുഷ്യമനസ്സുകളുടെ അകത്തറയിൽക്കയറി ചൂഴ്ന്നെടുത്ത് പേപ്പറിൽ നിരത്തി വച്ചിരിക്കുന്നതുപോലെ തോന്നും വിധമുള്ള എഴുത്തുകൾ .. വായിക്കുമ്പോൾ വായനക്കാരൻ്റെ ഉള്ളുപൊള്ളുംവിധമുള്ള എഴുത്ത് ,വായനക്കാരനെ എഴുത്തിൻ്റെ അവസാനം വരെ മടുപ്പില്ലാതെ കൊണ്ടുപോകാൻ വളരെ വിദഗ്ദമായി ആശയങ്ങൾ മുത്തു പോലെ കോർത്തിണക്കി വച്ചിരിക്കുന്നു .. ഒന്നും നോക്കാനില്ല.. മാസികയ്ക്കും, പത്രങ്ങൾക്കും കൊടുത്തേ പറ്റൂ... മായാവതി ടീച്ചർ നിശ്ചയിച്ചു.. ടീച്ചർ വേണ്ടപ്പെട്ടവരെക്കണ്ട് കാര്യങ്ങൾ ചെയ്തു ..

 

നാളുകൾക്കിപ്പുറം, ടീച്ചർക്ക് വിളി വന്നു.. മായാവതി ടീച്ചറുടെ ബന്ധത്തിലെ ആരോ ഒരാൾളുടെ കഥ തന്നിരുന്നുവല്ലോ, ഈ വർഷത്തെ സാഹിത്യ പുരസ്കാരം അവർക്കാണ് .. പാർവ്വതി മനോഹരൻ അവരുടെ വിലാസത്തിലേക്ക്, ക്ഷണപത്രിക കത്തയച്ചിട്ടുണ്ട് ഈ മാസം 24 ന് ടൗൺ ഹാളിൽ വച്ചാണ് പുരസ്കാര ചടങ്ങ്.. ടീച്ചറും എത്തണം.. ക്ഷണപത്രിക പുറകെ വന്നോളും വയ്ക്കട്ടെ ...

 

ടീച്ചർക്ക് സന്തോഷമായി... അവർ വേഗം തന്നെ വീട്ടുപണിക്കാരിയോട് പാർവ്വതിയോട് ഇവിടെവരെ വന്നിട്ടു പോകാൻ പറഞ്ഞു വിട്ടു...

 

പാർവ്വതിയുടെ വീട്ടിൽച്ചെന്ന് വിവരങ്ങൾ ധരിപ്പിച്ച് അവളുമായി അവർ തിരിച്ചു വന്നു ..പാർവ്വതിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. ടീച്ചറവളെ ചേർത്തു പിടിച്ചു.. അർഹിച്ച അംഗീകാരമാണ് നിനക്ക് വന്നിരിക്കുന്നത് .. സന്തോഷമായില്ലേ.. ഒരുപാടൊരുപാട് സന്തോഷം ടീച്ചറെ ,ഇതിലും വലുതായി എനിക്കൊന്നും കിട്ടാനില്ല.. അവൾ ഉരുണ്ടിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ടു പറഞ്ഞു ... എനിക്ക് പുരസ്കാരം കൈയ്യിൽ വാങ്ങണ്ട.. എന്റെ മനസ്സുകണ്ട ഒരേയൊരാൾ ടീച്ചറാണ്.. ഈ അംഗീകാരം മാത്രം മതി എന്റെ മനസ്സുനിറയാൻ... പാർവ്വതി കണ്ണുനീരോടെ ടീച്ചറുടെ കാൽക്കൽ വീണു....

 

മാസങ്ങളും വർഷങ്ങളും തീവണ്ടിയോട്ടത്തിൽ ഓടി മറഞ്ഞു .. ഇന്നവൾ ആ എട്ടാം ക്ലാസ്സുകാരി ആകാശവാണിയിലും, സാഹിത്യ സദസ്സുകളിലും ക്ഷണിക്കപ്പെട്ട അതിഥിയായി ചെല്ലുമ്പോഴും തന്റെ അഭിലാഷങ്ങളെ പൂവണിയിച്ച മായാവതി ടീച്ചർക്ക് ഹൃദയത്തിൽ നിന്നും ആയിരമായിരം സ്നേഹ പൂച്ചെണ്ടുകൾ അർപ്പിക്കാൻ മറക്കാറില്ല.

 

Content Summary: Parvathiyude Kadhakal, Malayalam short story by Smitha Anil

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com