ADVERTISEMENT

പെഴയ്ക്കാത്തവൾ (കഥ) 
 

മാവിൻ ചുവട്ടിൽ വേവിച്ച മാംസം ഇടയ്ക്കിടെ കുഴിച്ചിടുന്നവളെ ഭ്രാന്തി എന്നാരും വിളിച്ചില്ല. വശങ്ങളിൽ വിടർന്നു നിൽക്കുന്ന കൃഷ്ണ തുളസിയ്ക്കും കാട്ട് മുല്ലയ്ക്കുമെല്ലാം മാവിന്റെ അതേ പ്രായമാകുന്നു. ഒരു വർഷത്തിനപ്പുറം ആയുസ്സില്ലെന്ന് പറഞ്ഞിട്ട് തന്നെയാണ് അവൾ അവർക്കായി അന്ന് കുഴിയെടുത്തത്. സത്യത്തിൽ മറ്റൊരാൾക്കായി എടുത്ത കുഴിയിലേക്ക് ഇവരെയും ഇറക്കി വെക്കുകയായിരുന്നു.  അകാലത്തിൽ അണഞ്ഞു പോയ വളർത്തു നായയുടെ നിഴൽ കാന്തിയുടെ കൂടെ കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നാകാൻ പോകുന്നു. കുഴിമാടം മാന്തി ആവന്റെ തലയോട്ടിയെ തലയ്ക്കരികിൽ വെക്കണം. സമനില തെറ്റിയ അവളുടെ ചിന്തകൾ വീട്ടിലുള്ളവരെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും  ആരുമൊന്നും മിണ്ടാൻ നിന്നില്ല. കാരണം അവർക്കും അവൻ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു.  ദാരിദ്ര്യം പച്ച പിടിച്ച പറമ്പായിരുന്നു അവളുടേത്‌. കലാകാരന്മാരുടെ കൂടെപ്പിറപ്പായ പട്ടിണിയും ആ  വീട്ടിലെ ഒരംഗമാകുന്നു. വിശപ്പ് മരിച്ചു പോയവരുടെ കൂട്ടായ്മയിൽ അന്തർമുഖനായ ഭർത്താവ് ബാലനുമുണ്ട്. ചില ജീവിതങ്ങൾ അങ്ങനെയാണ്. വിളക്ക് കെട്ട രാത്രികളെ കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുന്ന കുറെ മനുഷ്യർ...വൃത്തിയുള്ള ഉടുപ്പുമിട്ട് വെളുപ്പിനെ വീട് വീട്ടിറങ്ങുന്ന വൃദ്ധനായ അച്ഛൻ അകലെയെവിടെയോ ഭിക്ഷയാചിക്കുന്ന കാര്യം അമ്മയ്ക്ക് മാത്രമറിയാം. അതു കൊണ്ട് ആറ് വയസ്സുകാരി കുണുങ്ങി കുറവുകളറിയാതെ അവിടെ വളരുന്നു.

 

നീലാകാശം ചിത്രങ്ങളിൽ മാത്രമേ അവൾ കണ്ടിട്ടുള്ളു. ചാര നിറമുള്ള മേഘങ്ങൾ കറുപ്പിക്കുന്നത് തന്റെ കണ്ണുകളെ മാത്രമാണെന്ന് അവൾക്കറിയാഞ്ഞിട്ടല്ല. അസമയമെന്നൊരു സമയമുണ്ടെന്ന് അച്ഛനെപ്പോഴും പറയും. കരിയാതെ ചിരിച്ചു നിൽക്കുന്ന ജമന്തിപ്പൂക്കളായിരുന്നു അവളുടെ വേലിയ്ക്കകം മുഴുവനും. പ്രാരാബ്ധം കൊണ്ടൊന്നുമായിരുന്നില്ല പഠനത്തെ വഴിയിൽ കളഞ്ഞത്.  വലിയൊരു കലാകാരിയാവണം, കടലാസ്സിൽ പടമടിച്ച് വരണം.... പുഷ്ടി വെച്ച് തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹമാണ്. ഇടയ്ക്കിടയ്ക്ക് വിരുന്ന് വരുന്ന ചെറിയമ്മായി കൊതിയോടെ അവളുടെ   നിതബങ്ങളിൽ നോക്കാറുണ്ട്. ചെറുകിട സിനിമകളിലും സീരിയലുകളിലും തലകാണിച്ചിട്ടുള്ള അവർക്ക് കാന്തിയെ ഒന്ന് കൈപിടിച്ചുയർത്തണമെന്നുണ്ട്. കണ്ണുകളിലെ കള്ളത്തിളക്കം കാണുമ്പോൾ അവർ മനസ്സിൽ പറയും, ഒന്ന് നനച്ചു കൊടുത്താൽ മാത്രം മതി ഇവൾ കുളിച്ചു കയറിക്കോളും....മരം കേറി നടന്ന പ്രായത്തിൽ പാവാടയും കീറി വരുമ്പോഴൊക്കെ അമ്മായി മാത്രം ഊറിച്ചിരിക്കുമായിരുന്നു. അല്ലെങ്കിലും ഇളക്കങ്ങൾ അന്നും ഇന്നും മനുഷ്യർക്ക് അടക്കം പറയാനുള്ള വിഷയമാണ്. സ്വന്തം ചോരയാവരുതെന്ന് മാത്രം... മലനിരകൾ അതിര് പണിയുന്ന തന്റെ നാടിനപ്പുറം മറ്റൊരു നാടുണ്ടത്രേ. അതിനെ സ്വർഗ്ഗമെന്നോ നരകമെന്നോ തനിക്ക് പേരിട്ട് വിളിക്കാം.ദക്ഷിണായന കാലമായിരുന്നു അത്.നീളമുള്ള നിലാവുകളാണ് ഇനിയങ്ങോട്ട്...

 

മഞ്ഞ് മാസത്തിലെ അയ്യപ്പൻ തീയാട്ട് ഇക്കുറി കുറച്ച് നേരത്തെയാണ്. തൊലിയെ ഇളക്കിക്കളയുകയാണ് ഉച്ചയ്ക്കത്തെ ഉണക്ക വെയിൽ.....പകുതി വെന്ത പരിപ്പ് വടയ്ക്കും മുളക് ബജിയ്ക്കുമൊക്കെ തമിഴന്റെ വിയർപ്പ് മണമാകുന്നു.തോടിനോട് ചേർന്നുള്ള ചുവന്ന വഴിയിൽ കുറേ മഞ്ഞപ്പൂക്കൾ ചിതറിക്കിടക്കുന്നുണ്ട്. കളമെഴുത്ത് കണ്ട് മടങ്ങുന്നവരിൽ കുണുങ്ങിയ്ക്ക് മാത്രമേ പുത്തനുടുപ്പുള്ളു...ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു ബാലൻ. മിണ്ടുമ്പോൾ വല്ലാതെ വഴുതിപ്പോകുന്ന വാക്കുകൾ അയാളെ സ്വയം ഊമനും ബാധിരനുമാക്കി. അവകാശമായി കിട്ടുമെന്ന് പറഞ്ഞ സ്വത്തിന്റെ കണക്കിലാണ് കാന്തിയുടെ വീട്ടുകാർക്ക് കെണി പറ്റിയത്. പഴകിത്തുടങ്ങിയ അവളുടെ കസവ് മുണ്ടിന്റെ പശമണവും പിടിച്ച് അയാൾ പുറകിൽ തന്നെയുണ്ട്. പൂവരിശിന്റെ ചില്ലകളിൽ വട്ടം കൂടിയിരുന്ന് കുറ്റം പറയുകയാണ് കാക്കക്കൂട്ടം. പൊട്ടന് എങ്ങനെയോ ഒരു കുട്ടിയുണ്ടായി.... പട്ടിണി കിടന്നാലും പണിക്ക് പോവില്ല. എല്ലാം ചുമക്കുകയാവണം പാവം കുട്ടി. ചവിട്ടിക്കയറ്റാൻ ഗോവണിയുമായി നിൽക്കുന്ന അമ്മായിയെ നാട്ടുകാർക്കെല്ലാമറിയാം. കാന്തിയുടെ വിശപ്പിന് അവർ കൊടുക്കുന്ന അർത്ഥം  വേറെയാകുന്നു. മുഴുപ്പുള്ള വലിയ വിഴുപ്പുകളാണ് പലർക്കും പെണ്ണ്. പ്രണയമൊഴുക്കി അതിനെ കൊഴുപ്പിക്കാനായി കുറെ കഴുകന്മാരും........

 

മുപ്പത് വർഷം കൊണ്ട് പുതിയതൊന്നും അവിടെ സംഭവിച്ചിട്ടില്ല. അല്ലെങ്കിലും മാറ്റങ്ങൾ നമ്മൾ അറിയുന്നത് എങ്ങോട്ടെങ്കിലും മാറി നിൽക്കുമ്പോഴാണെല്ലോ....അമ്മ അർബുദം വന്നാണ് മരിച്ചത്. കുറേ നാൾ കിടക്കേണ്ടി വന്നത് കൊണ്ട് അതും അപ്രതീക്ഷിതമായില്ല. അച്ഛൻ ഇപ്പോഴും അകലെയെവിടെയോ പോയി വരും. പണ്ട് കുണുങ്ങിക്ക് കൊണ്ടു വന്ന പലഹാരപ്പൊതി ഇന്നിപ്പോൾ അവളുടെ മകൻ കുഞ്ഞുണ്ണിക്കാണെന്ന് മാത്രം. ഹോട്ടൽ പണിക്കാരനായ അവന്റച്ഛൻ വല്ലപ്പോഴുമൊന്ന് വന്നു പോകും.കാന്തിയുടെ മുടിയിഴകൾ പകുതിയും വെളുത്തിരിക്കുന്നു. ബാലന്റെ കഷണ്ടിത്തലയ്ക്ക് കൂട്ടായി ഒരു കട്ടികണ്ണടയും നെറ്റിയിലുണ്ട്. ഇല്ലായ്മയുടെ ഇരുട്ട് മുറി മുഴുവനും സങ്കടമാണെന്ന് ആരാണ് പറഞ്ഞത്? ശീലങ്ങളാക്കുന്നു മനുഷ്യനെ സമ്പന്നനാക്കുന്നത്. നിലാവുറങ്ങിപ്പോയ ഒരു രാത്രിയിൽ കാന്തിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് കുണുങ്ങി.  സുന്ദരിയായിരുന്നില്ലേ എന്റെ അമ്മ? നല്ലൊരു കലാകാരിയും. അമ്മായി വെച്ച് നീട്ടിയ ആഡംബരങ്ങൾ എന്തിനായിരുന്നു അന്ന് വേണ്ടെന്ന് വെച്ചത്? അന്നൊന്ന് പെഴച്ചിരുന്നെങ്കിൽ നമുക്കീ ഗതി വരുമായിരുന്നോ?

 

നിസ്സഹായരെന്നും നിസ്സാരരെന്നും നമ്മൾ കരുതുന്ന നിരവധി മനുഷ്യരുണ്ട്. ഭ്രാന്തന്റെ ഭാര്യ പരിഹാസ്യയാവുന്നത് മറ്റുള്ളവരുടെ കണ്ണിലാണ്. പെണ്ണ് പിഴയ്ക്കാതിരിക്കാൻ അവൻ  പുരുഷനായാൽ മാത്രം മതി. ഉറങ്ങാൻ തുടങ്ങിയവളെ തറയിലേക്കിറക്കി കിടത്തി, കാന്തി അകത്തേക്ക് നടന്നു. അവിടെ അവളുടെ പുരുഷൻ കാത്തിരിക്കുന്നുണ്ട്.

English Summary : Pezhakathaval Malayalam Short Story Written by Dr Abi Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com