ADVERTISEMENT

വായനശാലയുടെ മരണം (കഥ)

 

‘വായനശാല മരിച്ചു’. ഓടി കിതച്ചെത്തിയ നാട്ടുകാരിലൊരാൾ ചായക്കടയിലിരിക്കുന്നവരോട് പറഞ്ഞു. ‘എപ്പോ?’. അതിലൊരാൾ ചോദിച്ചു. ഉച്ചക്കാണത്രെ. ചായക്കടയിലെ ഗ്യാസ് അടുപ്പ് പെട്ടെന്ന് നിലച്ചു. ചുമരിൽ തൂക്കിയ ഷർട്ടെടുത്തിട്ട് ചായക്കടകാരൻ അവരോടൊപ്പം നടന്നു തുടങ്ങി. അകലെയുള്ള വായനശാലയുടെ വീട് ലക്ഷ്യമാക്കി ഒരുപാട് സംഘങ്ങൾ അങ്ങനെ നടന്നു തുടങ്ങിയിരുന്നു. ‘‘വായനശാല മരിച്ചപ്പോൾ വായനശാല അനാഥമായല്ലോ. ഇനിയാരാണ് അതിനുള്ളത്’’. ആർക്കും ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ആരുമില്ലെന്ന സത്യം മനസിലാക്കിയാവണം ശവം ഒന്നുമറിയാത്തപോലെ ചത്തു കിടന്നു.

 

മരണവീട്ടിലെ സ്ഥിരം പല്ലവികൾ അവിടെയും കേട്ടു തുടങ്ങിയിരുന്നു. റെയിൽവേയിൽ നിന്നും റിട്ടയർമെന്റ് ആയപ്പോൾ നാട്ടിൽ വന്നു കൂടിയതാണ്. ശവത്തെപ്പോലെ കിടന്ന ഒരു വായനശാലക്ക് അയാൾ പുതുജീവൻ നൽകി. ഇതിനിടയ്ക്കെവിടെയോ വെച്ച് ആരോ അയാളെ ‘മാഷ്’ എന്ന് അഭിസംബോധന ചെയ്തു. എല്ലാവരും ഏറ്റു പിടിച്ചു. ഗോപാലൻ പിന്നീട് ഗോപാലൻ മാഷായി. പിന്നെയത് വായനശാലയിലെ മാഷായി. നാട്ടിലെ തലമൂത്തവർ അതിനെ ചുരുക്കി വായനശാലയാക്കി മാറ്റി. അങ്ങനെ വായനശാലയെ നാടു മുഴുവൻ അറിഞ്ഞു.

 

എല്ലാ വൈകുന്നേരങ്ങളിലും വായനശാലയിൽ കുട്ടികൾ വരുമായിരുന്നു. വായനശാലയിലെ മാഷിന്റെ കഥകൾ കേട്ടിരിക്കാൻ അവർ ഉത്സാഹിച്ചു. നല്ലൊരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. അതിനെക്കാളേറെ രസം ഓരോരുത്തരെകൊണ്ടും കഥ പറയിപ്പിക്കുമായിരുന്നു. വായിച്ച കഥകളിൽ നിന്നും ഓർത്തെടുക്കുന്നവ കുട്ടികൾ എല്ലാവർക്കുമുൻപിലും ഉറക്കെ ഉറക്കെ പറയും. അങ്ങനെ നാട്ടിലെ കുട്ടികളെ വായനശീലമുള്ളവരാക്കി മാറ്റാൻ വായനശാല ഒരുപാട് ഉപകരിച്ചു.

 

കാലങ്ങൾ കടന്നു പോയി. ചിതലുകൾ ലക്ഷ്യസ്ഥാനം നോക്കി നീങ്ങി. അടച്ചിട്ടിരിക്കുന്ന വായനശാലയുടെ വാതിൽ പഴുതിലൂടെ അവ അകത്തേക്ക് നീങ്ങി. പുസ്തകങ്ങളെ കാർന്നു തിന്നുന്ന ഒച്ച ആ നാടിനെ വിറപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ അവസാനത്തെ കാർന്നു തിന്നലിനു ശേഷം അവ എങ്ങോട്ടോ പോയി. അവയും ആ വായനശാലയുടെ തറ നിരപ്പിലൂടെ നീങ്ങുമ്പോൾ മറ്റുള്ളവരോട് പറഞ്ഞു. ‘വായനശാല മരിച്ചു’.

 

Content Summary: Vayanasalayude Maranam, Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com